Monday, September 9, 2024

ad

Homeസിനിമആഗ്ര: പുരുഷകാമനകളുടെയും അടിച്ചമർത്തപ്പെട്ട രതിയുടെയും ഇന്ത്യൻ വർത്തമാനങ്ങൾ

ആഗ്ര: പുരുഷകാമനകളുടെയും അടിച്ചമർത്തപ്പെട്ട രതിയുടെയും ഇന്ത്യൻ വർത്തമാനങ്ങൾ

രാധാകൃഷ്‌ണൻ ചെറുവല്ലി

രു ജീവി എന്ന നിലയിൽ പലതരം ആവശ്യങ്ങൾ ജീവശാസ്‌ത്രപരമായി മനുഷ്യന്‌ നൈസർഗികമായിത്തന്നെ കൈവന്നിട്ടുണ്ട്‌. ആഗ്രഹങ്ങൾ ഒരാൾക്കു മാത്രമായി പൂർത്തീകരിക്കാനാവില്ല എന്നതും അതിനവൻ അശക്തനാണ്‌ എന്നതും ഒരു ജീവിതസമസ്യയാണ്‌. അവിടെയാണ്‌ സമൂഹജീവി എന്ന സവിശേഷ പദവിയിലേക്ക്‌ അവന്‌ ഉയരേണ്ടിവരുന്നത്‌. കുട്ടിക്കാലം മുതൽതന്നെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി മനുഷ്യജീവി മുതിർന്നവരെ ആശ്രയിക്കാൻ തുടങ്ങുന്നു. ഈ ആശ്രിതത്വസ്വഭാവം പലയളവിൽ അവനെ വേട്ടയാടിക്കൊണ്ടിരിക്കും. ഭൗതിക ചോദനകൾ പോലെ ആന്തരിക ചോദനകളും തൃപ്‌തിപ്പെടുത്തപ്പെടണം. ലൈംഗിക ചോദന ജീവിവർഗങ്ങളിൽ നൈസർഗികമാണ്‌. എന്നാൽ മനുഷ്യരിൽ അത്‌ സർഗാത്മകവും അധികാരവ്യവഹാരങ്ങളുടെ ആവിഷ്‌കാര സവിശേഷതയുമാണ്‌. രതിചോദനയുടെ നൈസർഗിക പൂർത്തീകരണം സാധ്യമല്ലാതെ വരുമ്പോൾ മനുഷ്യൻ അസ്വസ്ഥനാകും. ഒരു ജനതയെന്ന നിലയിൽ നമ്മുടെ രാജ്യത്ത്‌ ലൈംഗിക ചോദനകളുടെ നൈസർഗികവും സർഗാത്മകവുമായ ആവിഷ്‌കാരം അടക്കിനിർത്തപ്പെടുകയോ (re-pression) അടിച്ചമർത്തപ്പെടുകയോ (suppression) ചെയ്യപ്പെടുന്നു. രാധാ‐കൃഷ്‌ണ സങ്കൽപവും ശിവശക്തി സങ്കൽപവും പൊതു പൈതൃകമായി ഇന്ത്യക്കാർക്കു പകർന്നുകിട്ടപ്പെട്ടിട്ടുണ്ടെങ്കിലും മധ്യകാലത്ത്‌ പലതരം വിലക്കുകളുടെ രൂപത്തിൽ രതിചോദന നിയന്ത്രിക്കപ്പെട്ടു.

അടക്കിനിർത്തപ്പെടുന്ന രതിയെന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ച്‌ തന്റെ ലൈംഗികത ആവിഷ്‌കരിക്കുന്നതിനെ തടയുക എന്നതാണ്‌. ലൈംഗികചോദനയെത്തന്നെ പാപബോധവും അവമതിയുമായും ബന്ധപ്പെടുത്തപ്പെടുന്നു.

കാനുബെൽ സംവിധാനം ചെയ്‌ത ‘ആഗ്ര’ യഥാർഥത്തിൽ ഇന്ത്യൻ രതിയുടെ മൃതികുടീരത്തെ പ്രതീകവൽക്കരിക്കുന്നുണ്ട്‌, ഒരു രംഗത്തുപോലും താജ്‌മഹൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും. ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ തിരഞ്ഞെടുത്തത്‌ ഒരു രാഷ്‌ട്രീയ തിരഞ്ഞെടുപ്പു തന്നെയാണ്‌. ഇന്ത്യൻ കുടുംബവ്യവസ്ഥയുടെ ആന്തരികഘടനയിലേക്ക്‌ ശസ്‌ത്രക്രിയാ കത്തി കടത്തുകയാണ്‌ കാനുബെൽ ‘ആഗ്ര’യെന്ന സിനിമയിലൂടെ ചെയ്യുന്നത്‌.

‘ഗുരു’ അസ്വസ്ഥനായ ഒരു യുവാവാണ്‌. അയാൾക്ക്‌ ഇരുപത്തിമൂന്ന്‌ വയസ്സുണ്ട്‌. അയാൾ അസ്വസ്ഥനാകുന്നത്‌ എന്തുകൊണ്ട്‌ എന്ന അന്വേഷണം ചെന്നെത്തുന്നത്‌ അയാളുടെ കുടുംബത്തിലേക്കാണ്‌. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന വീട്‌. താഴെ ഒരു മുറി, മുകളിൽ ഒരു മുറി. താഴത്തെ മുറിയിൽ അമ്മ, അമ്മയുടെ സഹോദരീപുത്രി ചാവി. മുകളിൽ പിതാവ്‌ രണ്ടാംഭാര്യയുമായി താമസം. നിരന്തര ശണ്‌ഠകളാലും ചീത്തവിളികളാലും തട്ടുമുട്ടുകളാലും ആത്മനിന്ദാപ്രകടനങ്ങളാലും മുഖരിതം.

ഗുരു കോൾ സെന്റർ ജീവനക്കാരനാണ്‌. സഹപ്രവർത്തകയോട്‌ തോന്നുന്ന താൽപര്യം വെളിപ്പെടുത്താനാകാതെ അയാൾ വീർപ്പുമുട്ടുന്നു. അടക്കിവയ്‌ക്കപ്പെട്ട രതി അയാളുടെ വ്യക്തിത്വത്തെ ശിഥിലമാക്കുന്നുണ്ട്‌. മിഥ്യാഭ്രമത്തിന്‌ (hallucination) അടിപ്പെട്ടുപോകുന്നുണ്ട്‌, പലപ്പോഴും. നാം ഗുരുവിനെ കാണുമ്പോൾ അയാൾ ഒരു കഫേയിൽ ഇരിക്കുകയാണ്‌, ഒരു കോൾഡ്‌ കോഫിയും നുണഞ്ഞ്‌. നിറംമങ്ങിയ ടീഷർട്ടാണ്‌ വേഷം. ആത്മവിശ്വാസക്കുറവ്‌ പ്രകടമായിത്തന്നെ കാണാം. സെക്‌സ്‌ ചാറ്റ്‌റൂമിൽ സന്ദേശങ്ങൾ കൈമാറിയ ഒരുവളാണ്‌ ലക്ഷ്യം. എന്നാൽ അവൾ എത്തിച്ചേരുന്നില്ല. തിരസ്‌കരിക്കപ്പെടുന്നത്‌ അയാൾക്ക്‌ പുതിയ കാര്യമല്ല. അപ്പോൾ ഗുരു ഹലൂസിനേഷനിലേക്ക്‌ വീഴുന്നു. അവിടെ അവളുമായി രതിക്രീഡകളിൽ ഏർപ്പെടുന്നു. ഓരോ തിരസ്‌കാരവും ഓരോ ഹാലൂസിനേഷനിലേക്കോ സ്വയംഭോഗത്തിലേക്കോ ആണയാളെ നയിക്കുന്നത്‌. സ്ഥലപരിമിതികളാൽ പരശല്യം കൂടാതെ അയാൾക്കത്‌ നിർവഹിക്കാനുമാകുന്നില്ല. ഭ്രാന്തമായ അവസ്ഥയിൽ അയാൾ സ്വമാതാവുമായി പിടിവലിനടത്തി അവരുടെ മേൽവസ്‌ത്രം വലിച്ചുകീറുന്നു. സഹോദരിക്കു തുല്യമായി ബന്ധമുള്ള, ഒപ്പം പാർക്കുന്ന ചാവിയെ ബലാൽക്കാരം ചെയ്യാൻ മുതിരുന്നു. ചികിത്സിക്കുന്ന മനഃശാസ്‌ത്രജ്ഞനെ തൊഴിക്കുന്നു.

ഇന്ത്യക്കാരുടെ രതി അന്വേഷണങ്ങൾ പ്രത്യേക അന്വേഷണം അർഹിക്കുന്നു. അടക്കിവയ്‌ക്കപ്പെട്ട രതികാമനകൾ അണപൊട്ടിയൊഴുകുന്നത്‌ സെർച്ച്‌ എഞ്ചിനുകളിലെ സെക്‌സ്‌ ക്വറികളിലും നവമാധ്യമങ്ങളിലെ ചാറ്റുകളിലുമാണ്‌. അപ്പുറത്തുനിന്നുള്ള ചില ഉത്തരങ്ങൾ മതി അയാളെ രതിമൂർച്ചയിലെത്തിക്കാൻ. അയാളുടെ മനോനില തകർക്കുന്നതിൽ ശിഥിലമായ കുടുംബബന്ധങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. പിതാവ്‌ രണ്ടാം ഭാര്യയുമായി എത്തുമ്പോൾ ഗുരുവിന്‌ പതിനൊന്നു വയസ്സുമാത്രം. അവർ രതിക്രീഡകളിൽ ഏർപ്പെടുമ്പോൾ അവനെ മണിക്കൂറുകളോളം ടോയ്‌ലറ്റിൽ അടച്ചിടും. കുട്ടിക്കാലത്ത്‌ ലൈംഗിക ദുരുപയോഗത്തിന്‌ അവൻ ഇരയാക്കപ്പെട്ടിട്ടുണ്ടാവാമെന്ന്‌ സംവിധായകൻ സൂചന നൽകുന്നുമുണ്ട്‌.

എല്ലാ സാമൂഹ്യബന്ധങ്ങളുടെയും അടിയിൽ സാമ്പത്തികമായ ഘടകങ്ങൾ വർത്തിക്കുന്നുണ്ട്‌. ഗുരുവിന്റെ വീട്‌ സമ്പദ്‌വ്യവസ്ഥയുടെ പ്രതീകമാണ്‌. രണ്ടു നിലകളിലായി നിലകൊള്ളുന്ന മുറികൾക്കു മുന്നിൽ ആകാശത്തേക്ക്‌ തുറക്കുന്ന ടെറസ്സുണ്ട്‌. ഗുരുവിന്‌ തന്റെ മതികൽപനകളിൽ മാത്രം ജീവിക്കുന്ന പങ്കാളിയുമായി കഴിയാൻ അവിടെ മുറി പണിയണം. രണ്ടാനമ്മയ്‌ക്ക്‌ അവിടെ പൂച്ചെടികൾ വച്ചുപിടിപ്പിക്കണം. അമ്മയ്‌ക്കവിടെ മുറിപണിത്‌ ദന്തിസ്റ്റായ ചാവിക്ക്‌ കൺസൾട്ടൻസി റൂം പണിയണം. ഒരിക്കലും സമീകരിക്കാനാവാത്ത ആവശ്യങ്ങൾ!

കഥാഗതിയിൽ മാറ്റംവരുന്നത്‌ പ്രീതിയുടെ വരവോടെയാണ്‌. അവൾ ഡിടിപി കം ഇന്റർനെറ്റ്‌ കഫേ നടത്തിപ്പുകാരിയാണ്‌. രണ്ടുവട്ടം വിവാഹിതയായി. ഒരാൾ മരിച്ചു. മറ്റെയാൾ ഒഴിഞ്ഞു. കഫേയോടനുബന്ധിച്ചുള്ള മുറിയിൽ ഒറ്റയ്‌ക്ക്‌ താമസം. മുപ്പതിനോടടുത്ത പ്രായം. ഗുരു അവളെ പിന്തുടർന്നത്‌ എന്തുകൊണ്ടാവാം. ഒരുപക്ഷേ അവൾക്ക്‌ ഇടതുകാലിൽ മുടന്തുള്ള കാരണം തന്നെ ബഹിഷ്‌കരിക്കാൻ സാധ്യത കുറവാണെന്നു കരുതുകമൂലമാവാം. ഇരുവരുടെയും ആദ്യസമാഗമം തന്നെ രതിയിൽ ചെന്നെത്തി. ആവേളം ആസ്വദിക്കുകയാൽ ഇരുവരും തൃപ്‌തരും മഴപെയ്‌തൊഴിഞ്ഞ ആകാശംപോലെ പ്രസന്നവദനരുമാകുന്നു.

അടക്കിനിർത്തപ്പെട്ട രതിഭാവത്തിൽ നിന്നും തുറക്കപ്പെടുന്ന ആകാശം ഇന്ത്യൻ സന്ദർഭത്തിൽ ഏറെ പ്രധാനമാണ്‌. വ്യക്തിത്വങ്ങളുടെ പൂർണ വളർച്ചയില്ലായ്‌മയ്‌ക്ക്‌ രതിനിരാസം വകയൊരുക്കും. ആൺ‐പെൺ അനുപാതം സമാസമമെങ്കിലും രതി ക്ഷിപ്രസാധ്യമെന്നു തോന്നുകിലും ഇന്ത്യൻ അവസ്ഥയിൽ അത്‌ പലർക്കും മരീചികപോലെയാണ്‌. ലൈംഗികതയുടെ അടിച്ചമർത്തലാണ്‌ അധികാരസംസ്ഥാപനത്തിന്റെ ആദ്യപടിയെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അധികാരവ്യവസ്ഥയുടെ ആദ്യചുവട്‌ സ്‌ത്രീയുടെ ലൈംഗിക കാമനയെ നിയന്ത്രിക്കൽ വഴി ഉടലെടുത്തതാകാം. ക്രമേണ പുരുഷാധിപത്യവ്യവസ്ഥ നാട്ടുനടപ്പായി പൊതുബോധങ്ങളിൽ നിറഞ്ഞിട്ടുണ്ടാവണം.

ഗുരുവിന്റെ കരുത്തായി പ്രീതി വന്നുചേരുന്നതോടെ കുഴഞ്ഞുമറിഞ്ഞു കിടന്ന കാര്യങ്ങളിൽ തീരുമാനമാകുന്നു. ഗുരുവിന്റെ പിതാവ്‌ മറ്റൊരു ബന്ധത്തിന്‌ തുടക്കംകുറിച്ചതറിഞ്ഞ്‌ മുൻ ഭാര്യമാർ ഐക്യമുന്നണിയുണ്ടാക്കുന്നു. പ്രീതിയുടെ മുൻകൈയിൽ അവരുടെ കിടപ്പാടം റിയൽ എസ്‌റ്റേറ്റ്‌ കം ബിൽഡർക്ക്‌ കൈമാറി തിരിച്ച്‌ മൂന്നുനില കെട്ടിടം സ്വന്തമാക്കി, എല്ലവരുടെയും താൽപര്യങ്ങൾക്ക്‌ പൂർത്തീകരണമുണ്ടാക്കുന്നു. പ്രീതി ഗുരുവിനൊപ്പം പുതിയ വീട്ടിലേക്ക്‌ താമസം മാറുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിൽ രതിപൂർത്തീകരണശേഷം ഗുരു നോക്കുമ്പോൾ സങ്കൽപത്തിൽ മാത്രമുള്ളവൾ പ്രത്യക്ഷമാകുന്നു.

വളരെ അസ്വസ്ഥമായ കാഴ്‌ചയാണ്‌ ആഗ്ര മുന്നോട്ടുവയ്‌ക്കുന്നത്‌. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും നിർമാണപ്രവർത്തനങ്ങളുടെയും ശബ്ദം പശ്ചാത്തലത്തിലുണ്ട്‌. യഥാർഥ രതി നിഷേധിക്കപ്പെടുന്ന മനുഷ്യർ ചെന്നെത്തുന്ന പ്രതീതിയാൽ രതി എത്രമേൽ ശക്തമായ ഇന്ത്യൻ യാഥാർഥ്യമാണെന്ന്‌ ബോധ്യമാകും. നഗരങ്ങളിൽ പാർശ്വവൽകൃത സമൂഹം ജീവിതം മുന്നോട്ടുനീക്കുന്ന ഇടങ്ങൾ എത്ര ഇടുങ്ങിയതും മനുഷ്യത്വരഹിതവുമാണെന്ന്‌ നമ്മെ ഓർമപ്പെടുത്തുന്നു. തികച്ചും വർഗപരമാണ്‌ ഈ സിനിമയിലെ ഊന്നലുകൾ. പാർശ്വവൽകൃത സമൂഹം ചവറ്റുകൂനകളിലേക്ക്‌ പതിക്കുമ്പോൾ റിയൽ എസ്‌റ്റേറ്റ്‌ താൽപര്യങ്ങൾ ധാർഷ്ട്യത്തോടെ സകലതും വിഴുങ്ങുന്നു. ഇന്ത്യൻ രാഷ്‌ട്രീയ കാലാവസ്ഥയെ ഭംഗ്യന്തരേണ ദ്യോതിപ്പിക്കുന്നു.

ആദ്യപകുതിയിൽ പുലർത്തിയ സൂക്ഷ്‌മത രണ്ടാംപകുതിയിൽ ചോർന്നുപോകുന്നു. ചമൽക്കാരങ്ങളോ കെട്ടിയേൽപ്പിച്ച സൗന്ദര്യ വൽക്കരണമോ ലേശംപോലും കലരാത്ത ഈ സിനിമയെ കൂടുതൽ ദുരൂഹമാക്കിക്കൊണ്ട്‌ കഥാഗതി നീങ്ങുന്നു. ആദ്യഭാഗത്ത്‌ നിഷ്‌കർഷയോടെ നിർവഹിക്കപ്പെട്ട വിശദാംശങ്ങളുടെ ദൃശ്യപ്പെടൽ രണ്ടാംപകുതിയിൽ പരിമിതപ്പെട്ടു. ഗുരു‐പ്രീതി ബന്ധം സുദൃഢമാകുന്നതോടെ എല്ലാ തടസ്സങ്ങളും മാറിക്കിട്ടുന്നതെങ്ങനെയെന്ന കാര്യം പ്രേക്ഷകരുടെ ഊഹത്തിന്‌ വിട്ടുകൊടുക്കുന്നു. ആണധികാരത്തിന്റെ പ്രയോഗങ്ങളാണ്‌ ഗുരുവിന്റെ കൈമുതൽ. അധികാരം കൈയിലിരിക്കുന്ന അയാൾ തികച്ചും ഒരു പാട്രിയാർക്കാണ്‌. പാട്രിയാർക്കിയിൽ എല്ലാ ആണുങ്ങളും അധികാരിയല്ല. കുലപതിക്കാണ്‌ ആ റോൾ വന്നുചേരുന്നത്‌. ഈ സിനിമയിൽ ആണായിരുന്നിട്ടും ഗുരുവിന്‌ ആ പദവി വന്നുചേരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.

സങ്കൽപത്തിലെ ‘ഭാര്യ’ വീണ്ടും പ്രത്യക്ഷമാകുന്നതുവഴി ഗുരുവിന്റെ ഹലൂസിനേഷൻ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാവാം. അടക്കിവയ്‌ക്കപ്പെട്ട രതിയുടെ പൂർത്തീകരണത്തിനുശേഷവും കണ്ടീഷൻ ചെയ്യപ്പെട്ട മനസ്സ്‌ പഴയ ഉഴവുചാലിലൂടെ കടക്കുന്നതിന്റെ സൂചനയാവാം. അത്‌ വിശകലനം ചെയ്യാൻ മനോവിശ്ലേഷണത്തിന്റെ ടൂളുകൾ തന്നെ ഉപയോഗിക്കേണ്ടിവരും.

ലൈംഗികത ഒരു ഗോപ്യവ്യവഹാരമണ്ഡലമായാണ്‌ ഇന്ത്യൻ സിനിമകളിൽ പ്രതീകവൽക്കപ്പെട്ടുപോരുന്നത്‌. ഇന്ത്യൻ മനോഘടനപോലെയാണ്‌ ഇന്ത്യൻ സിനിമകളും. ലൈംഗികതൃഷ്‌ണയെ കമ്പോളവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോണോഗ്രാഫിക്‌ ചിത്രങ്ങളെപ്പറ്റിയല്ല. മുഖ്യധാരയ്‌ക്ക്‌ അകത്തോ പുറത്തോ ഉള്ള ‘മാന്യ’ സിനിമകളെപ്പറ്റിയാണ്‌ സൂചിപ്പിക്കുന്നത്‌. മനുഷ്യന്റെ രതീക്രീഡ അശ്ലീലമാകുന്നത്‌ അത്‌ വീക്ഷിക്കുന്ന മനോഘടനയിൽ അപ്രകാരം അന്തർലീനമായതുകൊണ്ടാണ്‌. സ്വയംഭോഗമായാലും ആൺപെൺ വേഴ്‌ചയായാലും കലാത്മകവും വെട്ടിത്തുറന്നതുമായാണ്‌ ആഗ്രയിൽ ചിത്രീകരിച്ചിരിക്കുന്നത്‌. പൂവിന്റെയും ശലഭത്തിന്റെയും ‘ഓഞ്ഞ’ പ്രതീകങ്ങൾ ഇക്കാലത്ത്‌ നിലനിൽക്കുന്നതേയില്ല. മനുഷ്യൻ തന്റെ കേവല ശരീരത്തിനപ്പുറത്തേക്ക്‌ വികസിക്കാൻ തുടങ്ങിയ ഇക്കാലത്ത്‌ പ്രത്യേകിച്ച്‌. ഇത്തരം ഒരു വിഷയത്തിന്‌ ഇണങ്ങുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും സംഭാഷണവുമാണ്‌ സിനിമയുടെ ജീവൻ. മുന്പ്‌ സിനിമയിൽ അഭിനയിച്ചിട്ടുള്ളവരും പുതുമുഖങ്ങളും അടങ്ങുന്ന ടീം കാര്യമായ പരിശീലനത്തിലൂടെയാണ്‌ ജീവനുള്ള കഥാപാത്രങ്ങളായി മാറിയിട്ടുള്ളത്‌. തദ്ദേശീയവും അന്തർദേശീയവുമായ നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ‘ആഗ്ര’ അത്‌ പ്രതിനിധാനം ചെയ്യുന്ന സോഷ്യോ ഇക്കണോമിക്കൽ കാലാവസ്ഥയുടെ പൊള്ളുന്ന യാഥാർഥ്യമാകയാലാവണം ഇത്രമേൽ സ്വീകാര്യമായത്‌. ഐഎഫ്‌എഫ്‌കെയിലും ഈ സിനിമ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 12 =

Most Popular