Monday, May 6, 2024

ad

Homeപുസ്തകംകെട്ടുകഥകളുടെ മറനീക്കിയ കൊറിയൻ യാത്ര

കെട്ടുകഥകളുടെ മറനീക്കിയ കൊറിയൻ യാത്ര

ജി വിജയകുമാർ

ഒരു വടക്കൻ കൊറിയൻ യാത്ര
ഡോ. എൻ ജെ നടരാജൻ
ചിന്ത പബ്ലിഷേഴ്‌സ്‌
വില‐ 250/‐

ടക്കൻ കൊറിയയെ സംബന്ധിച്ച്‌ ഏറെ ഇരുളടഞ്ഞതുമായ ഒരു ചിത്രമാണ്‌ നമുക്ക്‌, ലോകത്തിനാകെതന്നെ, മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇന്ന്‌ ലഭ്യമാകുന്നത്‌. ഡെമോക്രാറ്റിക്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ ഓഫ്‌ കൊറിയ (DPRK) എന്ന വടക്കൻ കൊറിയയെക്കുറിച്ച്‌ പ്രചരിപ്പിക്കപ്പെടുന്നത്‌ എല്ലാംതന്നെ അമേരിക്കൻ വിദേശകാര്യവകുപ്പ്‌ പടച്ചുവിടുന്ന പ്രചാരണ സാഹിത്യങ്ങളാണ്‌. ബ്രൂസ്‌ കുമിങ്‌സിനെ പോലെയുള്ള ചില ചരിത്രപണ്ഡിതരും സാമൂഹ്യ‐രാഷ്‌ട്രീയ നിരീക്ഷകരും വസ്‌തുതാപരമായ പഠനങ്ങൾ നടത്തി നിരവധി കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും അവയെയെല്ലാം ബോധപൂർവ്വം ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്‌. വടക്കൻ കൊറിയയെക്കുറിച്ച്‌, ആഗോള സാമ്രാജ്യത്വത്തിനുനേരെ വെല്ലുവിളി ഉയർത്തി പിടിച്ചുനിൽക്കുന്ന ആ കൊച്ചു രാജ്യത്തെക്കുറിച്ച്‌ മലയാളത്തിൽ ആദ്യമായി ഒരു യാത്രാവിവരണ കൃതി പുറത്തിറങ്ങിയെന്നത്‌ ഏറെ ആഹ്ലാദകരമാണ്‌. ‘‘ഒരു വടക്കൻ കൊറിയൻ യാത്ര’’ എന്ന കൃതി രചിച്ച ഡോ. എൻ ജെ നടരാജനും അതിന്റെ പ്രസാധകരായ ചിന്ത പബ്ലിഷേഴ്‌സും അതുകൊണ്ടുതന്നെ അഭിനന്ദനമർഹിക്കുന്നു.

2018 സെപ്‌തംബറിലാണ്‌ ഡോ. നടരാജൻ വിനോദസഞ്ചാരിയെന്ന നിലയിൽ വടക്കൻ കൊറിയയിലെത്തുന്നത്‌. വടക്കൻ കൊറിയയ്‌ക്കെതിരായ പ്രചാരണ സാഹിത്യങ്ങളുമായിമാത്രം പരിചിതമായിരുന്ന, 5 ഭൂഖണ്ഡങ്ങളിലായി 75 രാജ്യങ്ങൾ സന്ദർശിച്ച ഡോ. നടരാജൻ തെല്ലൊരു ആശങ്കയോടെയാണ്‌ ബെയ്‌ജിങ്ങിൽ നിന്ന്‌ ഉത്തര കൊറിയയിലേക്കുള്ള യാത്ര ആരംഭിച്ചത്‌. എന്നാൽ യാത്രകഴിഞ്ഞ്‌ മടങ്ങിയ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്ന വരികൾ ഏറെ ശ്രദ്ധേയമാണ്‌‐ ‘‘ഒരു സഞ്ചാരിയുടെ സാധാരണ കാഴ്‌ചകൾക്കപ്പുറം കാണാനും അറിയാനും എനിക്കായിട്ടുണ്ട്‌… ഞാൻ വായിച്ചതിൽനിന്നും അറിഞ്ഞതിൽനിന്നും തികച്ചും വ്യത്യസ്‌തമായൊരു ലോകമാണ്‌ ഞാനവിടെ കണ്ടത്‌, അനുഭവിച്ചത്‌’’. (പേജ്‌ 14)

കേരളത്തിന്റെ മൂന്നിരട്ടി വലിപ്പവും കേരളത്തിന്റെ മൂന്നിൽ രണ്ടോളം മാത്രം ജനസംഖ്യയുമുള്ള രാജ്യമാണ്‌ ഉത്തരകൊറിയ. ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിൽനിന്നും ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലേക്ക്‌ തീവണ്ടിയിൽ യാത്രചെയ്യാൻ 24 മണിക്കൂറിലധികം സമയം വേണം. 1920കളിൽ ജാപ്പനീസ്‌ അധിനിവേശകാലത്ത്‌ നിർമിക്കപ്പെട്ട പ്യോങ്‌യാങ്‌ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ രാജ്യത്തിന്റെ നാനാഭാഗത്തേക്കും ഒപ്പം ചൈനയിലേക്കും റഷ്യയിലേക്കും ട്രെയിൻ സർവീസുണ്ട്‌.

പ്യൊങ്‌യാങ്‌ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴുള്ള ഡോ. നടരാജന്റെ പ്രതികരണം ഇങ്ങനെയാണ്‌: ‘‘ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളുമായുള്ള ആദ്യത്തെ അഭിമുഖമായിരുന്നു അത്‌. ചിരിക്കാത്ത, ലവലേശം സൗഹൃദഭാവമില്ലാത്ത, യന്ത്രസമാനമായ, മരപ്പാവകളായ മനുഷ്യരാണ്‌ ഇവിടെയുള്ളത്‌ എന്നാണല്ലോ കേട്ടിരുന്നത്‌. ആദ്യ അനുഭവംതന്നെ ആ അറിവുമായി ഒട്ടും യോജിച്ചുപോകുന്നതായിരുന്നില്ല എന്നത്‌ ഏതുതരം വികാരമാണ്‌ ഉണർത്തിയതെന്ന്‌ തീർത്തു പറയാനാവുന്നില്ല.

‘‘റെയിൽവേ സ്‌റ്റേഷനു പുറത്ത്‌ ഞങ്ങളെ കൊണ്ടുപോകാനുള്ള വാഹനവുമായി ഞങ്ങളുടെ ഗൈഡുകളായ ചോയ്‌യും പാർക്കും കാത്തുനിന്നിരുന്നു. സുന്ദരിയാണ്‌ ചോയ്‌. തനി പാശ്ചാത്യരീതിയിലെ വസ്‌ത്രധാരണം. മുട്ടൊപ്പംമാത്രം ഇറക്കമുള്ള കറുത്ത ഫ്രോക്ക്‌. ലൂസായ ആധുനിക സ്‌റ്റൈലിലുള്ള ബ്ലൗസ്‌, മുകളിൽ വിലയേറിയ ജാക്കറ്റ്‌. കൈയിൽ ബ്രാൻഡഡ്‌ വാലറ്റും വാച്ചും. പരന്ന വായനയിലുടെ മനസ്സിൽ പ്രതിഷ്‌ഠിച്ചുവച്ചിരുന്ന ഉത്തരകൊറിയൻ വിഗ്രഹങ്ങൾ ഓരോന്നായി അൽപം ശബ്ദത്തോടുകൂടിത്തന്നെ താഴെ വീണുടയുകയാണ്‌. അതിത്ര പെട്ടെന്ന്‌ സംഭവിക്കുമെന്ന്‌ കരുതിയതല്ല’’ (പേജ്‌ 34)

യാത്രികർക്ക്‌ താമസസൗകര്യം ഏർപ്പെടുത്താനുള്ള ഹോട്ടലിൽ മറ്റെന്തോ അസൗകര്യമുണ്ടായിരുന്നതിനാൽ ഡോ. നടരാജനും ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികൾക്കും പ്യോങ്‌യാങ്ങിനു നടുവിലെ സൂക്‌ ദ്വീപിലുള്ള സയന്റിസ്റ്റ്‌ ക്വാർട്ടേഴ്‌സിലാണ്‌ താമസത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെതന്നെ, ഇതൊരു ഹോട്ടലല്ല, തൊട്ടടുത്തുള്ള ടെക്‌നോളജി സിറ്റിയിൽ വരുന്ന ശാസ്‌ത്രജ്ഞർക്ക്‌ താമസിക്കാനുള്ള ക്വാർട്ടേഴ്‌സാണ്‌. 23 നിലകളുള്ള, പഞ്ചനക്ഷത്ര ഹോട്ടൽ മുറിയുടെ സൗകര്യങ്ങളുള്ള ഈ കെട്ടിടത്തിലെ 21‐ാം നിലയിൽ ഡോ. നടരാജന്‌ ലഭിച്ച മുറിയിലിരുന്നാൽ, ‘‘നഗരത്തിന്റെ മുഗ്‌ധസൗന്ദര്യം പൂർണമായി’’ കാണാനാവും.

പ്യോങ്‌യാങ്‌ നഗരത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌: ‘‘സോഷ്യലിസ്റ്റ്‌ ശൈലിയിൽ വിഭാവനംചെയ്‌ത്‌ നിർമിച്ച ആധുനിക നഗരമാണ്‌ പ്യോങ്‌യാങ്‌. ഇവിടുത്തെ ഒരു മൺതരിക്കുപോലും കൃത്യമായൊരിടമുണ്ട്‌. നഗരാസൂത്രണം ഒരു കലയാണെങ്കിൽ ആ കലയുടെ ഉത്തുംഗ മാതൃകയാണ്‌ ഈ നഗരം… നഗരമാകെ പച്ചയുടെ മഹാസാഗരമാണ്‌. ആ സാന്നിധ്യത്തിലേക്ക്‌ അലിഞ്ഞില്ലാതാകുന്നതുപോലെയാണ്‌ മണിമന്ദിരങ്ങളുടെ രൂപകൽപന. നഗരചത്വരങ്ങൾ, പൂന്തോട്ടങ്ങൾ, നദികൾ, അവയുടെ മുകളിലെ പാലങ്ങൾ ഒക്കെ കൃത്യമായി വിന്യസിക്കപ്പെട്ട ഒരു പതക്കത്തിലെന്നപോലെ സംയോജിക്കപ്പെട്ടിരിക്കുന്നു. വില്ലോ മരങ്ങളുടെ പച്ചയുടെ മഹാപ്രചഞ്ചത്തിന്‌ പുറമെയാണ്‌ നഗരത്തിലെന്പാടുമുള്ള പൂന്തോട്ടങ്ങൾ. ഐക്യരാഷ്‌ട്രസഭ പറയുന്നത്‌ ഒരു മനുഷ്യന്‌ 58 ചതുരശ്ര മീറ്റർ Green Space (പച്ചത്തുരുത്ത്‌) അനിവാര്യമാണെന്നാണ്‌. എന്നാൽ അതിന്റെ നാലിരട്ടിയാണ്‌ പ്യോങ്‌യാങ്ങിലെ പച്ചയുടെ സാന്നിധ്യം.

‘‘സൂര്യപ്രകാശത്തിൽ പൊടിയുടെയും പുകയുടെയും നേരിയൊരു ലഞ്ചനപോലുമില്ലാത്ത നഗരം വെട്ടിത്തിളങ്ങും. ഒരു സംശയവുമില്ല. നമുക്ക്‌ അത്ഭുതാദരങ്ങളോടെമാത്രം നോക്കിനിൽക്കാനാവുന്ന നഗരമാണ്‌ ഉത്തരകൊറിയയുടെ തലസ്ഥാനം. ഇത്രയും Unique ആയ മറ്റൊരു നഗരം മുപ്പതുവർഷം നീണ്ട ലോകയാത്രയിൽ ഞാൻ മറ്റൊരിടത്തും കണ്ടിട്ടില്ല’’. (പേജ്‌ 41, 42)

വല്ലാത്തൊരു ആശങ്കയോടെ പ്യോങ്‌യാങ്ങിൽ തീവണ്ടിയിറങ്ങിയ ഗ്രന്ഥകാരന്റെ ആശങ്കകൾ അകന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം: ‘‘ഗൈഡ്‌ ചോയ്‌യെ അടുത്തറിഞ്ഞതിനുശേഷമാണ്‌ കുറെയെങ്കിലും ആശങ്കകൾ വിട്ടൊഴിഞ്ഞത്‌. ആശങ്കകൾക്കൊന്നും യാതൊരടിസ്ഥാനവുമില്ലായെന്ന്‌ സാവധാനത്തിൽ മനസ്സിലായിത്തുടങ്ങി. കൊറിയൻ സംസ്‌കാരത്തിന്റെ എല്ലാ തനിമയോടും കൂടിയ സ്‌നേഹോഷ്‌മളമായ വരവേൽപായിരുന്നു എനിക്ക്‌ ലഭിച്ചത്‌. പത്തുദിവസത്തെ യാത്രയിൽ ഒരിക്കൽപോലും അതിനൊരപവാദം ഉണ്ടായിട്ടുമില്ല’’. (പേജ്‌ 48)

പ്യോങ്‌യാങ്ങിലെ കാഴ്‌ചകൾ അദ്ദേഹം അത്ഭുതാദരങ്ങളോടെയാണ്‌ അവതരിപ്പിക്കുന്നത്‌: ‘‘പ്യോങ്‌യാങ്ങിൽ കണ്ട അത്ഭുതകരമായ മറ്റൊരും കാര്യം, അർധരാത്രിയിൽപോലും സ്‌ത്രീകളും കുട്ടികളും റോഡിലിറങ്ങി നടക്കുന്നതും ഉലാത്തുന്നതും എന്തിന്‌, കുളിക്കുന്നതുപോലും കാണാം എന്നുള്ളതാണ്‌. നഗരം അത്ര സുരക്ഷിതമാണെന്ന്‌ ചുരുക്കം… അത്യപൂർവം സ്ഥലങ്ങളിൽ മാത്രമേ അസമയത്ത്‌ ഇത്രയധികം ധൈര്യത്തോടെ ഒറ്റയ്‌ക്ക്‌ സ്‌ത്രീകൾ പുറത്തിറങ്ങി നടക്കുന്നത്‌ കണ്ടിട്ടുള്ളൂ’’. (പേജ്‌ 50)

ഉത്തരകൊറിയയിൽ നിലനിൽക്കുന്ന കിം കൾട്ടിനെക്കുറിച്ച്‌ വളരെ സരസമായി ഈ കൃതിയിൽ അവതരിപ്പിക്കുന്നുണ്ട്‌: ‘‘വടക്കൻ കൊറിയയിൽ എവിടെയും എല്ലായിടത്തും സഖാവ്‌ കിം ഉൽ സുങ്ങിന്റെയും മകന്റെയും പ്രതിമകളോ ഛായാചിത്രങ്ങളോ കാണാം. ജനങ്ങൾ അതിനുമുന്നിൽ പൂക്കൾ അർപ്പിക്കുന്നതും താണു വണങ്ങുന്നതുമൊക്കെ നിരന്തരം കാണുന്ന കാഴ്‌ചകളാണ്‌. കിം കുടുംബത്തെ ദൈവസമാനമായി ചിത്രീകരിച്ച്‌ ജനങ്ങളെ ബ്രെയിൻ വാഷ്‌ ചെയ്‌തുവച്ചിരിക്കുകയാണെന്നും, ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാൻ നിർബന്ധിതരായിത്തീർന്നിരിക്കുകയാണെന്നുമുള്ള ആരോപണം നിലനിൽക്കെതന്നെ, ജനങ്ങൾ ഇതൊക്കെ ഒരു ലൈറ്റർ സെൻസിലെടുത്ത്‌ സ്വമേധയാ ചെയ്യുന്നതാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. നമ്മൾ അന്പലത്തിനു മുന്നിലെത്തുമ്പോൾ കൈകൂപ്പി തൊഴുന്നതും പള്ളിക്കു മുന്നിൽ കുരിശു വരയ്‌ക്കുന്നതും ഉത്തരകൊറിയക്കാരുടെ കിം വിധേയത്വത്തിന്റെ മറ്റു രൂപങ്ങൾ തന്നെയല്ലേ! നമ്മുടെ ഇത്തരം ആചാരങ്ങളെ, അനാചാരങ്ങളായി ആരെങ്കിലും കണ്ട്‌ വിമർശിച്ചാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം.

‘‘ഒരു സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങളെ ആ രീതിയിൽതന്നെ കാണുകയും അംഗീകരിക്കുകയും വേണ്ടിവരികയാണെങ്കിൽ അനുസരിക്കുകയും ചെയ്യുകയെന്നത്‌ നമ്മുടെ സംസ്‌കാരംകൂടി വെളിവാക്കുന്ന ഒന്നാണ്‌’’. (പേജ്‌ 51, 52)

ഉത്തരകൊറിയയിലെ ആധുനിക സോഷ്യലിസ്റ്റ്‌ വികസനങ്ങളിലേക്കും അവിടത്തെ കുറഞ്ഞ നിരക്കിലുള്ള യാത്രാസംവിധാനങ്ങളിലേക്കും ഗ്രന്ഥകാരൻ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. ഇതാ ഒരു നിരീക്ഷണം: ‘‘സോവിയറ്റ്‌ യൂണിയനിലെ മെട്രോകളുടെ തനിപ്പകർപ്പാണ്‌ ഇവിടത്തെ മെട്രോയും. പക്ഷേ, ഇവിടത്തേത്‌ പതിന്മടങ്ങ്‌ വർണശബളമാണ്‌. പ്യോങ്‌യാങ്ങിലെ ഓരോ മെട്രോ സ്‌റ്റേഷനും ഭൂമിക്കടിയിലുള്ള സോഷ്യലിസത്തിന്റെ കത്തീഡ്രലാണ്‌’’ (പേജ്‌ 74). ഓരോ മെട്രോ സ്‌റ്റേഷനും രാജ്യത്ത്‌ ഏതെങ്കിലും ശത്രുരാജ്യത്തിന്റെ ബോംബാക്രമണമുണ്ടായാൽ ജനങ്ങൾക്ക്‌ സുരക്ഷിതമായി അധിവസിക്കാനുള്ള ഇടംകൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുഗതാഗതസംവിധാനത്തിലൂടെ 50 പൈസയ്‌ക്ക്‌ നഗരത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നും ഗ്രന്ഥകാരൻ വായനക്കാരെ അറിയിക്കുന്നു.

ഉത്തരകൊറിയയുടെ ശത്രുരാജ്യങ്ങളെന്നാൽ മുഖ്യമായും അമേരിക്കൻ സാമ്രാജ്യത്വവും അവർക്കൊപ്പം നിൽക്കുന്ന ദക്ഷിണ കൊറിയയും ജപ്പാനുമാണ്‌. എന്തുചെയ്‌തും ഈ കൊച്ചുരാജ്യത്തെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാൻ അല്ലെങ്കിൽ അവിടെ ഭരണമാറ്റമുണ്ടാക്കാൻ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്‌ട്രമായ, ഏറ്റവും വലിയ സൈനിക‐സാന്പത്തികശക്തിയായ അമേരിക്ക കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോൾ അതിനെ ചെറുക്കാൻ ഉത്തരകൊറിയയ്‌ക്ക്‌ സദാ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. ചെറുത്തുനിൽക്കാനും തിരിച്ചടിക്കാനും വേണ്ട സജ്ജീകരണങ്ങൾക്കൊപ്പം ജനസാമാന്യത്തെ അത്തരം ആക്രമണവേളകളിൽ സുരക്ഷിതമായി സംരക്ഷിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ആ രാജ്യത്ത്‌ ഏർപ്പെടുത്തുന്നതിനെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ഉത്തരകൊറിയയിലെ സൈനിക പരേഡുകളെക്കുറിച്ചും സൈനിക മ്യൂസിയം സന്ദർശനത്തെക്കുറിച്ചും ഈ കൃതിയിൽ വിവരിക്കുന്നുണ്ട്‌.

സൈനിക മ്യൂസിയത്തിലെ ഏറ്റവും കൗതുകകരമായ കാഴ്‌ച, ‘‘തയ്‌ദോങ്‌ നദിയുടെ കൈവഴിയായ പൊട്ടോങ്‌ നദിയിൽ നങ്കൂരമിട്ട്‌ കിടക്കുന്ന അമേരിക്കൻ നേവിയുടെ കപ്പലായ USS Pueblo സന്ദർശിക്കുന്നതാണ്‌’’. 1968 ജനുവരി 23ന്‌ 83 നാവികരോടുകൂടി വടക്കൻ കൊറിയയുടെ സമുദ്രാതിർത്തി ലംഘിച്ച്‌ ചാരപ്രവർത്തനം നടത്തുന്നതിനിടയിൽ കൊറിയൻ നേവിയുടെ കമാൻഡോകൾ പിടികൂടിയതാണ്‌ ഈ അമേരിക്കൻ കപ്പൽ. അന്ന്‌ ഉത്തരകൊറിയൻ സർക്കാരിനോട്‌ മാപ്പപേക്ഷിക്കാൻ അമേരിക്കയെന്ന സാമ്രാജ്യത്വ ഭീമൻ നിർബന്ധിതമായി. ഒരുവർഷത്തോളം നീണ്ട വാക്‌പോരിനുശേഷം കപ്പലിലുണ്ടായിരുന്ന നാവികരെ മരണപ്പെട്ട ഒരാളുടെ മൃതദേഹം ഉൾപ്പെടെ ഒരുതരത്തിലും ഉപദ്രവിക്കാതെ വിട്ടുകൊടുക്കുകയും കപ്പൽ അവിടെത്തന്നെ സ്‌മാരകമായി നിലനിർത്തുകയും ചെയ്‌തു. 1990 വരെ കൊറിയയുടെ കിഴക്കൻ തുറമുഖമായ വൊൺസാനിലായിരുന്ന യുഎസ്‌എസ്‌ പ്യൂബ്ലോയെ ആഘോഷപൂർവം കെട്ടിവലിച്ച്‌ പ്യോങ്‌യാങ്ങിലെ പൊട്ടോങ്‌ നദിക്കരയിൽ കൊണ്ടുവരികയായിരുന്നു. എന്നാൽ രസകരമായ കാര്യം അതിപ്പോഴും തങ്ങളുടെ കൈവശമാണെന്നാണ്‌ അമേരിക്കയുടെ ഔദ്യോഗിക കണക്ക്‌.

പാരിസ്ഥിതിക ഗവേഷണ കപ്പൽ (Environmental Research Ship) എന്ന പേരിൽ ചാരപ്രവർത്തനം നടത്തിയിരുന്ന ഈ കപ്പൽ ഉത്തരകൊറിയ പിടിച്ചെടുത്തതിനെക്കുറിച്ച്‌ ഡോ. നടരാജൻ പറയുന്നു‐ ‘‘വടക്കൻ കൊറിയ ഈ കപ്പൽ പിടിച്ചെടുത്തത്‌ ചാരപ്പണിയുടെ സംശയം ഉണ്ടായിരുന്നതുകൊണ്ടോ ചാരപ്രവർത്തനം നടത്തിയതുകൊണ്ടോ ആയിരുന്നില്ല. ആരാണ്‌, എന്താണ്‌, ഏതാണ്‌ എന്നൊന്നും നോക്കാതെ എവിടെയും വലിഞ്ഞുകയറിച്ചെന്ന്‌ വിളയാടുന്ന അമേരിക്കൻ സായ്‌വിന്റെ ധാർഷ്ട്യമായിരുന്നു പ്രശ്‌നം’’. (പേജ്‌ 87)

‘‘അനധികൃതമായി ഉത്തരകൊറിയ വിട്ടവർ കൂറുമാറിയവർ ഈ രാജ്യത്തിന്റെ ജനതയുടെ യഥാർഥ പ്രതിനിധികളല്ല;’’ എന്നും ഗ്രന്ഥകാരൻ പറയുന്നുണ്ട്‌. ‘‘ദക്ഷിണകൊറിയയിലേക്ക്‌ കുടിയേറിപ്പാർത്തവർക്ക്‌ ആ മുതലാളിത്ത വ്യവസ്ഥിതി താങ്ങാനാവുന്നില്ല’’. എന്നും അദ്ദേഹം പറഞ്ഞുവെയ്‌ക്കുന്നു. (പേജ്‌ 116). അങ്ങനെ രണ്ട്‌ രാജ്യങ്ങൾ തമ്മിലുള്ള, രണ്ട്‌ വ്യവസ്ഥിതികൾ തമ്മിലുള്ള അന്തരത്തിലേക്ക്‌ ഗ്രന്ഥകാരൻ വിരൽചൂണ്ടുന്നു.

ഗ്രന്ഥത്തിന്റെ അവസാനതാളുകളിലൊന്നിൽ, ഉത്തരകൊറിയയിൽനിന്ന്‌ വിടവാങ്ങുന്ന വേളയിൽ ഡോ. നടരാജൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘ഉത്തരകൊറിയയിൽനിന്നും കൂറുമാറിയവർപോലും തങ്ങൾക്ക്‌ ജന്മംനൽകിയ നാടിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും തങ്ങൾ അനുഭവിച്ചിരുന്ന സ്‌നേഹം, വാത്സല്യം, കൂട്ടായ്‌മ എന്നിവയെക്കുറിച്ചുമൊക്കെ വല്ലാതെ നഷ്ടബോധം അനുഭവിക്കുന്നവരാണ്‌. അവരുടെ എഴുത്തുകളിലും സംസാരത്തിലുമൊക്കെ ഇത്‌ സ്‌പഷ്‌ടമാണ്‌.

‘‘എനിക്ക്‌ ഹൃദയത്തിൽ കൈവെച്ച്‌ പറയാനാവും പാശ്ചാത്യലോകം കരുതുകയും പറഞ്ഞുണ്ടാക്കുകയും ചെയ്യുന്ന ഭീകരതയൊന്നും ഉത്തരകൊറിയയിലെ സാധാരണ ജനജീവിതത്തിൽ കണ്ടില്ല. സാമ്രാജ്യത്വശക്തികൾ ആ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങളിൽനിന്ന്‌ കരകയറാനുള്ള പോരാട്ടത്തിലാണ്‌ ഉത്തരകൊറിയൻ ജനത. 1950ൽ അമേരിക്ക പ്രഖ്യാപിച്ച യുദ്ധം ഇന്നും പിൻവലിച്ചിട്ടില്ലെന്നും നാം ഓർക്കണം.

ഉത്തരകൊറിയയുടെ സന്പന്നമായ പ്രകൃതിസൗന്ദര്യവും ഭാഷയും സാഹിത്യവും സംസ്‌കാരവും ജനജീവിതത്തിന്റെ സവിശേഷതകളുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഉത്തരകൊറിയയെക്കുറിച്ച്‌ ഒരേകദേശരൂപം വായനക്കാർക്ക്‌ നൽകുന്നുണ്ട്‌. തീർച്ചയായും വിപുലമായി വായിക്കപ്പെടേണ്ട ഒരു കൃതിതന്നെയാണിത്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular