Monday, September 9, 2024

ad

Homeചിത്രകലഭാരതീയ ചിത്രകലയും രാജാരവിവർമയും

ഭാരതീയ ചിത്രകലയും രാജാരവിവർമയും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ധുനിക ഭാരതീയ ചിത്രകലയിലെ പ്രഥമഗണനീയനായ രാജാരവിവർമയുടെ കല ഒരു നൂറ്റാണ്ടിലധികമായി ആസ്വാദകർക്കിടയിൽ ചർച്ചചെയ്യപ്പെടുകയും വിശ്വോത്തര ചിത്രകാരരുടെ പട്ടികയിൽ ഇടംനേടുകയും ചെയ്‌തതിലൂടെ കേരളീയരുടെ അഭിമാനമാവുകയാണ്‌ അദ്ദേഹം, എക്കാലവും. നമ്മുടെ സംസ്‌കാരത്തനിമയിൽ ഊന്നിനിന്ന്‌ വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ സ്വന്തം ശൈലീകൃതമായ ചിത്രഭാഷയാണ്‌ അദ്ദേഹം വരച്ചുകാട്ടിയത്‌. എന്നാൽ രവിവർമ ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹം വരച്ച നിരവധി ചിത്രങ്ങൾ, പാശ്ചാത്യ ചിത്രണരീതിയിലെ സ്വാധീനം ഇവയൊക്കെ എല്ലാക്കാലത്തും സജീവമായി ചർച്ചചെയ്യപ്പെടുന്നു എന്നതും അദ്ദേഹത്തിന്റെ കലയിലെ പ്രസക്തിയെയാണ്‌ പ്രകടമാക്കുന്നത്‌. സൂക്ഷ്‌മവും സർഗാത്മകവും യഥാതഥവുമായ ചിത്രങ്ങളിലൂടെ വിശ്വോത്തര ചിത്രകാരനായ രാജാരവിവർമയുടെ കലയുടെ പ്രത്യേകതകൾ തെളിയിക്കുന്നു. എണ്ണച്ചായാ രചനാസങ്കേതങ്ങളിലൂടെ യൂറോപ്യൻ ചിത്രകലാ സമ്പ്രദായത്തെ ഇന്ത്യയിൽ സവിശേഷമായി പ്രയോഗിച്ച്‌ വിജയിപ്പിക്കാൻ കഴിഞ്ഞു എന്ന പ്രസ്‌താവനയ്‌ക്കു പിന്നിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാലോ?

ചാണകം മെഴുകിയ വിശാലമായ തറയിൽ ഗുരുനാഥൻ വരച്ചുനൽകിയ രൂപങ്ങൾ നോക്കി വരച്ചുകൊണ്ടാണ്‌ രവിവർമ ചിത്രകലാപഠനം തുടങ്ങുന്നത്‌. അദ്ദേഹത്തിന്റെ അമ്മാവൻ രാജരാജവർമയായിരുന്നു ചിത്രകലയിലെ ഗുരുനാഥൻ. ഇലകളും പൂക്കളും മരങ്ങളും പക്ഷികളും പിന്നീട്‌ മനുഷ്യരൂപങ്ങളുമൊക്കെ വരച്ച്‌ പരിശീലനം നേടിയ ശേഷമാണ്‌ ജലച്ചായത്തിലുള്ള കലാപഠനം തുടങ്ങുന്നയ്‌. പൂക്കൾ, ഇലകൾ, മരത്തൊലി ഇവ പിഴിഞ്ഞെടുത്ത്‌ വിവിധ നിറങ്ങളിലുള്ള കല്ലുകൾ പൊടിച്ച്‌ പലതരത്തിൽ പാകപ്പെടുത്തിയ ജലച്ചായത്തിലായിരുന്നു പിന്നീടുള്ള ചിത്രരചന. പരിശീലനത്തിനും അല്ലാതെയും വരയ്‌ക്കുന്ന വസ്‌തുക്കളുടെ ശരിയായ രൂപഘടന പകർത്തുന്നതിലും അവയിൽ നിഴലും വെളിച്ചവും പതിക്കുന്ന രീതി യഥാതഥമായി പകർത്തുന്നതിലുമുള്ള കലാചാതുരിയാണ്‌ രവിവർമയെ വ്യത്യസ്‌തനാക്കുന്നത്‌.

തിരുവിതാംകൂറിൽ ജനിച്ചുവളർന്ന രവിവർമ കണ്ടുശീലിച്ച അനുഷ്ഠാനകലാരൂപങ്ങൾ (കളമെഴുത്ത്‌, മുഖത്തെഴുത്ത്‌), ചുവർചിത്രങ്ങൾ എന്നിവയുടെ സ്വാധീനം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തെളിഞ്ഞിരുന്നു. അക്കാലത്ത്‌ കൊട്ടാരം സന്ദർശിച്ചിരുന്ന പാശ്ചാത്യ ചിത്രകാരരുടെ എണ്ണച്ചായാ രചനാസമ്പ്രദായവും യഥാതഥമായ ചിത്രണരീതിയുമാണ്‌ രവിവർമയെ ആകർഷിച്ചത്‌. എണ്ണച്ചായാ രചനാസങ്കേതത്തിന്റെ പ്രാഥമികപഠനം വിദേശ ചിത്രകാരരുടെ രചനകളിൽനിന്ന്‌ കണ്ടു മനസ്സിലാക്കാൻ രവിവർമയ്‌ക്ക്‌ അവസരമുണ്ടായി. തുടർന്നുള്ള നിരന്തരമായ പരിശീലനം പാശ്ചാത്യരചനാ ശൈലിയിലുള്ള രൂപസംവിധാനം, പേഴ്‌സ്‌പെക്ടീവ്‌, സാധ്യതകൾ, നിഴലും വെളിച്ചത്തിന്റെയും പ്രയോഗരീതി, പശ്ചാത്തല ദൃശ്യവിന്യാസം എന്നിവയിലൊക്കെ പാശ്ചാത്യ ചിത്രകാരരോടൊപ്പമോ അതിന്‌ മുന്നിലോ രവിവർമയ്‌ക്ക്‌ എത്താൻ കഴിഞ്ഞു. എങ്കിലും ഭാരതീയ സംസ്‌കാരസങ്കൽപം, തത്വചിന്ത, പുരാണേതിഹാസങ്ങൾ, കാവ്യങ്ങൾ എന്നിവയിലൂടെ വളർന്നുവന്ന സർഗാത്മകത രവിവർമയുടെ ചിത്രങ്ങൾക്ക്‌ പിൻബലമേകി എന്നത്‌ വാസ്‌തവമാകുന്നു.

രവിവർമ, തന്റെ ചുറ്റുപാടുമുള്ള മനുഷ്യരൂപങ്ങളിലൂടെ ദേവീദേവന്മാരെയും ആരാധനാരൂപങ്ങളെയുമൊക്കെ സൃഷ്ടിച്ചപ്പോൾ ആസ്വാദകരുമത്‌ സവീകരിച്ചു. അക്കാല സാഹിത്യാദി കലകളിൽ ദൃശ്യമാകുന്ന യഥാതഥമായ കാഴ്‌ചപ്പാട്‌ രവിവർമയുടെ കലയിലും പ്രകടമായിരുന്നതും അതിനു കാരണമായിരുന്നു.

നവോത്ഥാനകാല കലയിൽ പാശ്ചാത്യ ചിത്രകലാരംഗത്ത്‌ വിഖ്യാതരായ റംബ്രാണ്ട്‌, വെർമീർ, വലസ്‌കസ്‌, കരവാജിയോ എന്നീ ചിത്രകാരർ വെളിച്ചത്തിനും നിഴലിനും പ്രയോഗിച്ച നാടകീയാന്തരീക്ഷത്തിന്‌ രവിവർമ പുതിയൊരു കാഴ്‌ചാനുഭവമാണ്‌ സമ്മാനിച്ചത്‌. വായനാനുഭവമായി ആസ്വാദകർ സ്വീകരിച്ചിരുന്ന കാവ്യങ്ങളിലും സാഹിത്യകൃതികളിലുമൊക്കെയുള്ള ദൃശ്യങ്ങളെ, നവീനമായ ദൃശ്യഭംഗിയോടെ (രൂപങ്ങളെയും പ്രകൃതിയെയും) അവതരിപ്പിച്ചതിലൂടെയാണ്‌ ആസ്വാദകർ രവിവർമ ചിത്രങ്ങൾ നെഞ്ചേറ്റിയത്‌. യഥാർഥ വീക്ഷണബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പൂർണത അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തെളിഞ്ഞുനിന്നു. വെളിച്ചത്തിന്റെയും നിഴലിന്റെയും സ്വഭാവമറിയിക്കുന്ന പ്രഭാതം, നിലാവുള്ള രാത്രി, സൂര്യപ്രകാശം, മഞ്ഞുള്ള പകൽ ഇത്തരം കാഴ്‌ചകളിലെ വെളിച്ചത്തിന്റെ സാധ്യതകളെ സൂക്ഷ്‌മമായി അദ്ദേഹം അവതരിപ്പിച്ചു. നിലാവിലെ സ്‌ത്രീ, രാധയും മാധവനും, കൊയ്‌ത്തുകാരി എന്നീ ചിത്രങ്ങൾ ഉദാഹരണമായി കാണാം.

രവിവർമ ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത ദേവീദേവന്മാരുടെ രൂപഘടനയും വസ്‌ത്രസങ്കൽപവുമാണ്‌. സ്ത്രീ‐പുരുഷന്മാരുടെ ശരീരഘടനയും വസ്‌ത്ര രൂപകൽപനയും അദ്ദേഹം സ്വരൂപിച്ചത്‌ ഭാരതപര്യടനത്തിലൂടെയാണ്‌. ഇന്ത്യ മുഴുവൻ സഞ്ചരിച്ച്‌ ഇന്ത്യയിലെ ജനങ്ങളുടെ ശരീരപ്രകൃതി/നിറം/ഘടന/വസ്‌ത്രരീതികൾ ഒക്കെ മനസ്സിലാക്കിയാണ്‌ അദ്ദേഹം സ്‌ത്രീകളുടെ മുഖ്യവേഷമായി മാറിയ ‘സാരി’ രൂപകൽപന ചെയ്‌തത്‌. ക്രിയാത്മകമായ innography ഇക്കാര്യത്തിൽ അദ്ദേഹം സ്വരൂപിച്ചു എന്നു പറയുന്നതാവും ശരി.

ഭാരതീയ കലാചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമാണ്‌ ചിത്രകല ജനകീയമാക്കുന്നതിനുവേണ്ടി കലാസൃഷ്ടികൾ പ്രിന്റുകളാക്കി രവിവർമ പ്രചരിപ്പിച്ചത്‌. തിരുവിതാംകൂറിലെ ദിവാനായിരുന്ന മാധവറാവുവിന്റെ സഹായത്തോടെയാണ്‌ ബോംബെയിലും പിന്നീട്‌ പുനെയിൽനിന്നും ഓലിയോഗ്രാഫ്‌ പ്രിന്റുകൾ അച്ചടിച്ചത്‌. രവിവർമയുടെ ദേവീദേവന്മാർ ഇന്ത്യയിലെങ്ങും വിദേശരാജ്യങ്ങളിലും പ്രചാരത്തിലായി. ലോക ചിത്രകലയിൽതന്നെ വിപ്ലവകരമായ വഴിത്തിരിവായിരുന്നു ലക്ഷക്കണക്കിന്‌ പ്രിന്റുകൾ (ചിത്രങ്ങൾ) ജനങ്ങൾക്കിടയിൽ എത്തിക്കാനായത്‌. ഇതിഹാസ‐പുരാണ കഥാപാത്രങ്ങളെ സാധാരണ മനുഷ്യരായി അവതരിപ്പിച്ചതുവഴി പിൽക്കാലത്ത്‌ സാഹിത്യം, നാടകം, സിനിമ, വ്യവസായം തുടങ്ങിയ മേഖലകളിലൊക്കെ രവിവർമയുടെ കല ഉപയോഗപ്പെടുത്താനായിട്ടുണ്ടെന്നതിനും ഉദാഹരണങ്ങളേറെയുണ്ട്‌.

ഛായാചിത്രങ്ങളാണ്‌ രാജാരവിവർമയുടെ പ്രത്യേകതയാർന്ന മറ്റൊരു കലാവിഭാഗം. ശരീരത്തിന്റെ നിറം, വസ്‌ത്രം, ആഭരണം, പശ്ചാത്തലം, വെളിച്ചത്തിന്റെ സാധ്യതയും പ്രയോഗരീതിയും ഇവയൊക്കെ രവിവർമയുടെ ഛായാചിത്രരചനയിലെ പുതിയ അനുഭവമായിരുന്നു. ഛായാചിത്രങ്ങളിലെ മനുഷ്യരൂപങ്ങൾക്ക്‌ നൽകിയ കാൽപനിക ഭാവതലങ്ങൾ വ്യക്തിയുടെ സ്വഭാവസവിശേഷതകളുടെ ലാവണ്യപ്പൊലിമ കൂടിയായിരുന്നു. യഥാതഥമായ രൂപത്തിനും സ്വഭാവനത്തിനും അപ്പുറമുള്ള രൂപകാന്തി ചിത്രതലങ്ങളിൽ രാജാരവിവർമ ആവാഹിച്ചവതരിപ്പിച്ചു.

പുരാണേതിഹാസ ചിത്രങ്ങളിൽനിന്ന്‌ മാറി മറ്റ്‌ വിഷയചിത്രങ്ങളിൽ ചിത്രകലയുടെ ഭാഷ, ഉള്ളടക്കത്തിലെ വൈവിധ്യം എന്നിവകളാൽ രവിവർമ ചിത്രങ്ങൾ ശ്രദ്ധേയമായി. നമ്മുടെ നാടിനെയും സാധാരണ ജനജീവിതത്തെയും എടുത്തു കാട്ടുന്ന സോഷ്യൽ റിയലിസത്തിന്റെ സഞ്ചാരവഴിയിലേക്കുള്ള ചിത്രങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ജിപ്സികൾ, കൊയ്ത്തുകാരി, നാട്ടുചാരായക്കട, പച്ചക്കറി വിൽപ്പനക്കാരി എന്നീ ചിത്രങ്ങളൊക്കെ ഉദാഹരണമായി കാണാം. അക്കാല പാരമ്പര്യശൈലികളിൽ നിന്ന് നവീനമായ കലാശൈലി സ്വീകരിച്ച ചിത്രകാരരിൽ രാജാ രവിവർമ്മ, ..ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും, സഹോദരൻ രാജരാജവർമ്മയും മംഗളാഭായി തമ്പുരാട്ടിയും രാജാരവിവർമയുടെ കലാശൈലി സ്വീകരിച്ചവരാണ്. പാശ്ചാത്യ ചിത്രകലയിലെ റിയലി സത്തെ രാജാരവിവർമ പുനരാവിഷ്കരിച്ചെന്ന വിമർശനം ഒരു വിഭാഗം കലാനിരൂപകർ ഉയർത്തിക്കൊണ്ടു വരുമ്പോഴും രവിവർമയുടെ കലയിലെ മഹത്വവും പെരുമയും ഇത്തരം വിമർശനങ്ങളുടെ മുനയൊടിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വരുംതലമുറകളിലൂടെ സജീവമായ നിറക്കാഴ്ച സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു, എക്കാലവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + four =

Most Popular