അവിഭക്ത കണ്ണൂർ ജില്ലയിലും കാസർകോട് ജില്ല രൂപീകരണത്തിനുശേഷം കാസർകോട്ടും സിപിഐ എമ്മിനും വർഗ‐ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കാൻ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച നേതാവാണ് കെ കുഞ്ഞിരാമൻ. സൗമ്യമായ പെരുമാറ്റവും ധീരമായ നിലപാടുകളുംകൊണ്ട് പൊതുപ്രവർത്തന രംഗത്തെ ചലനാത്മകമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പാർട്ടി ഏൽപിക്കുന്ന ഏതൊരു ചുമതലയും സന്തോഷത്തോടെ ഏറ്റെടുത്ത അദ്ദേഹം എല്ലായിടത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
പാരമ്പര്യ വൈദ്യകുടുംബത്തിലാണ് കുഞ്ഞിരാമൻ ജനിച്ചത്. 1943 നവംബർ 10ന് തുരുത്തി വപ്പിലമാട് കെ വി കുഞ്ഞു വൈദ്യരുടെയും കുഞ്ഞിമാണിക്യത്തിന്റെയും മകനായാണ് ജനിച്ചത്. കുട്ടിക്കാലം മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തിയ കുഞ്ഞിരാമൻ രാഷ്‌ട്രീയ മുന്നേറ്റങ്ങളെ ആവേശത്തോടെയാണ് വീക്ഷിച്ചത്. എ കെ ജിയോടുള്ള ആരാധന 1952ൽ ഒമ്പതാം വയസ്സിൽ കുഞ്ഞിരാമന് തുടങ്ങിയതാണ്. ഇന്ത്യയിൽ ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എ കെ ജിയായിരുന്നല്ലോ. എതിർസ്ഥാനാർഥിക്കുവേണ്ടി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നേരിട്ട് പ്രചാരണത്തിനെത്തിയിട്ടും വൻ ഭൂരിപക്ഷത്തോടെ എ കെ ജി വിജയിച്ചു.
സ്‌കൂൾ വിദ്യാർഥിയായിരിക്കെതന്നെ കെഎസ്‌എഫിലേക്ക് കുഞ്ഞിരാമനെ ആകർഷിച്ചത് എ കെ ജിയാണ്. മകനെ നല്ല വൈദ്യനാക്കി വളർത്താനാണ് കുഞ്ഞുവൈദ്യർ ആഗ്രഹിച്ചത്. അതിനായി ആദ്യം അദ്ദേഹം വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം പഠിക്കാനായി കുഞ്ഞിരാമനെ ചേർത്തു. ആയുർവേദത്തിലെ മൂലഗ്രന്ഥങ്ങൾ പഠിക്കാൻ സംസ്‌കൃതം പഠിക്കേണ്ടത് അനിവാര്യമായതിനാലാണ് അങ്ങനെ ചെയ്‌തത്. ആയുർവേദവും വൈദ്യവിദ്യയും പഠിക്കുന്നതിനൊപ്പം രാഷ്‌ട്രീയകാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അദ്ദേഹം അതീവ താൽപര്യം കാട്ടി. 1957ൽ ഇ എം എസ് സർക്കാർ അധികാരമേറ്റത് കുഞ്ഞിരാമന്റെ കൗമാരപ്രായത്തിലാണ്. പ്രഥമ കമ്യൂണിസ്റ്റ് സർക്കാർ ചെയ്‌ത പുരോഗമന നടപടികൾ കുഞ്ഞിരാമനെ ഏറെ ആവേശംകൊള്ളിച്ചു. പാവപ്പെട്ട ജനവിഭാഗങ്ങളോട് ആ സർക്കാർ കാണിച്ച കരുതലും പക്ഷപാതിത്വവും കുഞ്ഞിരാമനിലെ പാർട്ടിയോടുള്ള മതിപ്പ് വലിയതോതിൽ വർധിപ്പിച്ചു.
തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാൻ കുഞ്ഞിരാമൻ ചേർന്നു. വൈദ്യവൃത്തിയോടുള്ള ആ കുട്ടിയുടെ താൽപര്യം വലുതായിരുന്നു. എന്നാൽ അതിനേക്കാൾ ആവേശവും താൽപര്യവും കെഎസ്‌എഫിന്റെ പ്രവർത്തനങ്ങളോട് അദ്ദേഹം കാണിച്ചു. അങ്ങനെ കെഎസ്‌എഫിന്റെ സജീവ പ്രവർത്തകനായി അദ്ദേഹം മാറി. എറണാകുളം ജില്ലയിലെ കെഎസ്‌എഫിന്റെ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വം നൽകുന്ന തലത്തിലേക്ക് കുഞ്ഞിരാമൻ ഉയർന്നു. 1967‐70 കാലത്ത് അദ്ദേഹം കെഎസ്‌എഫിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളായായും ഈ കാലയളവിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയനും വൈക്കം വിശ്വനും മറ്റും ഉൾപ്പെട്ട നേതൃത്വമായിരുന്നു അന്ന് കെഎസ്‌എഫിന്റേത്.
സൗമ്യമായ പെരുമാറ്റം കൊണ്ടും ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും വിദ്യാർഥികളുടെയാകെ സ്‌നേഹം ആർജിക്കാൻ കുഞ്ഞിരാമന് കഴിഞ്ഞു. തൃപ്പൂണിത്തുറയിൽ ഉണ്ടായിരുന്ന നാലുവർഷക്കാലവും അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി എറണാകുളം ജില്ലയിലുടനീളം പ്രവർത്തിച്ചു. ആയുർവേദ കോളേജിൽനിന്ന് ഡിപ്ലോമ ഇൻ ആയുർവേദ മെഡിസിൻ ഇതിനകം അദ്ദേഹം പൂർത്തിയാക്കി.
കുഞ്ഞിരാമനിലെ സംഘടനാപാടവം ശ്രദ്ധിച്ച പാർട്ടി നേതൃത്വം അദ്ദേഹത്തെ നാട്ടിൽ മുഴുവൻസമയ പ്രവർത്തനത്തിനാണ് നിയോഗിച്ചത്. അങ്ങനെ അദ്ദേഹം സിപിഐ എമ്മിന്റെ കാരയിൽ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു. കെഎസ്‌വൈഎഫിന്റെ യൂണിറ്റ് സെക്രട്ടറിയായും അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ഹോസ്‌ദുർഗ് താലൂക്ക് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സിഐടിയു, കർഷകസംഘം എന്നിവയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിയുടെ ചെറുവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും നീലേശ്വരം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. മുഴുനീള പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ വൈദ്യവൃത്തിക്ക് അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല. എങ്കിലും വൈദ്യവൃത്തിയെ അദ്ദേഹം പാടേ ഉപേക്ഷിച്ചിരുന്നില്ല. ഒടിവ്, ചതവ് പോലുള്ള പ്രശ്‌നങ്ങളുമായി തന്നെ സമീപിച്ചവരെ അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് അത് അദ്ദേഹത്തിന് വിനയാവുകയും ചെയ്‌തു. ഒളിവിൽ പാർട്ടി പ്രവർത്തനം നടത്തിവന്ന കുഞ്ഞിരാമനോട് ഒരു പൊലീസ് ഓഫീസറുടെ കൈയ്‌ക്ക് ക്ഷതമേറ്റു, അദ്ദേഹത്തെ ചികിത്സിക്കണമെന്ന് പരിചയക്കാരനായ ഒരു പൊലീസുകാരൻ വന്നു പറഞ്ഞു. മനുഷ്യത്വത്തിന് വലിയ വിലകൽപിച്ചിരുന്ന കുഞ്ഞിരാമൻ അത് സത്യമെന്നു കരുതി പൊലീസ് ഓഫീസറെ ചികിത്സിക്കാൻ ചെന്നു. എന്നാൽ അത് വലിയ കെണിയായിരുന്നു. അടിയന്തരാവസ്ഥയുടെ മറവിൽ പൊലീസുകാർ കുഞ്ഞിരാമനെ ലോക്കപ്പിലാക്കി.
1984ൽ കാസർകോട് ജില്ല രൂപീകിരക്കപ്പെട്ടതു മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമായി കുഞ്ഞിരാമൻ പ്രവർത്തിച്ചു. കർഷകത്തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ സെക്രട്ടറി, തോട്ടംതൊഴിലാളി യുണിയൻ നീലേശ്വരം താലൂക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ബാലസംഘം രക്ഷാധികാരി സമിതി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും കുഞ്ഞിരാമൻ പ്രവർത്തനമികവ് പ്രദർശിപ്പിച്ചു.
1979 മുതൽ 1984 വരെ അദ്ദേഹം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്നു പ്രവർത്തിച്ച കുഞ്ഞിരാമന്റെ ശ്രമഫലമായി നിരവധി വികസനപ്രവർത്തനങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. 1988‐91 കാലയളവിൽ അദ്ദേഹം നീലേശ്വരം ബ്ലോക്ക് വികസനസമിതി ചെയർമാനായിരുന്നു.
1994ൽ സിപിഐ എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞിരാമൻ ഒരു പതിറ്റാണ്ടോളം ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായി പ്രവർത്തിച്ചു. പാർട്ടിയെയും ബഹുജനസംഘടനകളെയും ശക്തവും ചലനാത്മകവുമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1994ൽ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം ആസ്ഥാനത്ത് തുടർന്നു. 2006 മുതൽ പത്തുവർഷക്കാലം‐ 2016 വരെ‐ തൃക്കരിപ്പൂർ എംഎൽഎയായി പ്രവർത്തിച്ചു. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വലിയ കുതിപ്പുണ്ടായ സമയമാണ് ഈ പതിറ്റാണ്ട്. അദ്ദേഹം മുൻകൈയെടുത്തതിന്റെ ഫലമായി നിരവധി നിർമാണപ്രവർത്തനങ്ങൾ മണ്ഡലത്തിലുടനീളമുണ്ടായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും അണിനിരത്തി വികസനപ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ അദ്ദേഹത്തിന് സാധിച്ചു.
സാമാജികനെന്ന നിലയിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളെക്കുറിച്ച് പഠിച്ച് സഭയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേക സാമർഥ്യം പ്രകടിപ്പിച്ചു. അഞ്ചുവർഷം ഭരണപക്ഷത്തും അഞ്ചുവർഷം പ്രതിപക്ഷത്തും ഇരുന്നപ്പോഴും ഇതേ മികവ് അദ്ദേഹം പ്രദർശിപ്പിച്ചു. സൗമ്യമായ പെരുമാറ്റം കൊണ്ടും ആർജവമുള്ള പ്രവൃത്തികൊണ്ടും ആദർശശുദ്ധികൊണ്ടും ജീവിത ലാളിത്യംകൊണ്ടും രാഷ്‌ട്രീയ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ നേതാവാണ് കെ കുഞ്ഞിരാമൻ. എല്ലാവരും സ്‌നേഹബഹുമാനങ്ങളോടെ കുഞ്ഞിരാമേട്ടൻ എന്നു വിളിച്ചിരുന്ന ഈ നേതാവിന്റെ വേർപാട് കാസർകോട് ജില്ലയ്‌ക്ക് മാത്രമല്ല കേരളത്തിനൊട്ടാകെയാണ്.
2023 ഡിസംബർ 13ന് അർധരാത്രിക്ക് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം പഠിക്കാൻ ചേർന്ന സമയത്ത് പരിചയപ്പെട്ട പാനൂർ സ്വദേശി എൻ ടി കെ സരോജിനിയാണ് ജീവിതപങ്കാളി. സിന്ധു, ഷീന, ഷീജ, അനിൽ, സുനിൽ എന്നിവർ മക്കൾ. ♦