നരേന്ദ്രമോദി ഗവൺമെന്റിന്റെ രണ്ടാമൂഴം അതിന്റെ അവസാനത്തോടടുക്കുമ്പോഴാണ് 2023 അവസാനിക്കുന്നത്. 2024ൽ ഇന്ത്യൻ ജനത സുപ്രധാനമായ ഒരു വിധിയെഴുതുകയാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ജനാധിപത്യഘടനയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം മർമ്മപ്രധാനമായ വിലയിരുത്തലായിരിക്കും അത്. കഴിഞ്ഞ വർഷത്തിലെ സംഭവവികാസങ്ങളുടെ ഗതി സൂചിപ്പിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെയാണ്.
വലതുപക്ഷത്തേക്കുള്ള
ചുവടുവെയ്പ് പൂർണ്ണമാകുന്നു
നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ വലതുപക്ഷ വ്യതിയാനം പൂർത്തിയായിരിക്കുന്നു എന്നാണ് കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ പുതിയ വികസന മുന്നേറ്റത്തെക്കുറിച്ചും ഇന്ത്യ കെട്ടിപ്പടുക്കലിനെക്കുറിച്ചുമാണ് സംസാരിച്ചിരുന്നത്. ഇപ്പോൾ ഈ വികസനം ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാത്ത കോർപറേറ്റ് മുതലാളിത്ത വികസനമായിരിക്കുമെന്നും, കെട്ടിപ്പടുക്കുന്ന ഇന്ത്യ വിരലിലെണ്ണാവുന്ന ഒരു അതീവസമ്പന്ന വർഗത്തെ സൃഷ്ടിക്കാനുള്ളതാകുമെന്നും പകൽ പോലെ വ്യക്തമാണ്. മോദി ഭരണത്തിന്റെ ആരംഭത്തിൽ താഴെ തട്ടിൽ കിടന്നിരുന്ന ഗൗതം അദാനി ‘ഫോർബ്സ്’ മാഗസിന്റെ അതിസമ്പന്നരുടെ നെറുകയിലേക്ക് നടത്തിയ കുതിച്ചുചാട്ടം കോർപറേറ്റ് മുതലാളിത്തത്തെ അതിശക്തിയായി പിന്തുണയ്ക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലായി. ഇതിനുവേണ്ടി അദാനി സഹോദരന്മാരിലൊളായ വിനോദ് അദാനി നടത്തിയ അന്താരാഷ്ട്ര പണമിടപാടുകളിലുണ്ടായ പരസ്യമായ നിയമലംഘനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ഭരണകൂടം പടിപടിയായി സമാഹരിച്ച പൊതു ആസ്തികൾ മുഴുവനും അതീവ സമ്പന്നവർഗ്ഗത്തിന് പരസ്യമായി ചാർത്തിക്കൊടുക്കാൻ കേന്ദ്ര ഭരണകൂടം കാണിക്കുന്ന വ്യഗ്രതയും ഏറെ ചർച്ചാവിഷയമാണ്.
കോർപ്പറേറ്റുവൽക്കരണത്തോളം തന്നെ ത്രീവമായ ഹിന്ദുത്വ വർഗീയതയുടെ ആശയസംഹിത ഉപയോഗിച്ചുള്ള അമിതാധികാരത്തിന്റെ പ്രയോഗവും ജനാധിപത്യ ധ്വംസനവും വലതുപക്ഷ വ്യതിയാനത്തിന്റെ മറ്റൊരു മുഖമാണ്. മോദി ഗവൺമെന്റിന്റെ സാമ്പത്തിക രാഷ്ട്രീയനയങ്ങളാൽ പൊറുതിമുട്ടിയ ഭഗത്-സിങ്ങിന്റെ ആരാധകരായ ഏതാനും ചെറുപ്പക്കാർ പാർലമെന്റിൽ നടത്തിയ പുകബോംബാക്രമണത്തിന്റെ മറവിൽ നിലവിലുള്ള പാർലമെന്ററി പ്രതിപക്ഷത്തിന്റെ ഭൂരിഭാഗത്തെയും സസ്പെൻഡ് ചെയ്യാൻ ഭരണകൂടം കാണിച്ച വ്യഗ്രത ജനാധിപത്യ ധ്വംസനത്തിന്റെ ബീഭത്സമുഖമാണ്. പ്രതിഷേധങ്ങളാൽ സ്തംഭിച്ച പാർലമെന്റിൽതന്നെ ഒരുവിധ ജനാധിപത്യ മര്യാദകളും കാണിക്കാതെയാണ് നിരവധി ബില്ലുകൾ സർക്കാർ പാസാക്കിയെടുത്തത്. പാർലമെന്റ് നിയമമാക്കിയാലും ഇല്ലെങ്കിലും നിരവധി മാറ്റങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പിലാക്കുന്ന രീതിയും പിന്തുടരുന്നു. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ മുഴുവനും ലെജിസ്ലേറ്റീവ് നിയമങ്ങളുടെ പിൻബലമില്ലാതെ ഉത്തരവുകൾ വഴിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന ഗവൺമെന്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഒരു നടപടിപോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല.
ഈ അമിതാധികാര പ്രവണതയുടെ ഏറ്റവും ശക്തമായ പ്രയോഗരീതിയും സാമൂഹ്യരൂപവുമായാണ് ഹിന്ദുത്വ വർഗീയത വളരുന്നത്. ഹിന്ദു എന്ന സംജ്ഞയ്ക്ക് ഇന്ത്യൻ ജനസംഖ്യയിലുള്ള ഭൂരിപക്ഷത്തെ, ജനാധിപത്യത്തെത്തന്നെ ഭൂരിപക്ഷാധിപത്യമായി വ്യാഖ്യാനിക്കാനും അതുവഴി ഹിന്ദുത്വ വർഗീയതയ്ക്ക് ജനാധിപത്യ മുഖംമൂടി നൽകാനും സഹായിക്കുന്നു. ന്യൂനപക്ഷങ്ങളടക്കമുള്ള ഇന്ത്യൻ ജനതയെ ഭൂരിപക്ഷാധിപത്യത്തിന്റെ കീഴിൽ കൊണ്ടുവരുമെന്ന അവകാശവാദം ഉന്നയിക്കാനും കാരണമാകുന്നു. നരേന്ദ്രമോദി 140 കോടി ഇന്ത്യക്കാരുടെ പ്രതീകമാണെന്ന വാചകകസർത്ത് ഇതിന്റെ ഭാഗമാണ്. ഈ ഹിന്ദു ഭൂരിപക്ഷത്തിന്റെ സിംഹഭാഗവും നരേന്ദ്രമോദിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്തുണിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം മൂടിവയ്ക്കാനും ഇത് വഴിയൊരുക്കുന്നു. അതിനുവേണ്ടി ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച്, മുസ്ലിം ജനസാമാന്യത്തിനെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഫലമായി ഇന്ത്യൻ സമൂഹത്തിൽ നടക്കുന്ന മതവർഗീയമായ ധ്രുവീകരണം ഇന്ത്യൻ ഭരണകൂട സംവിധാനങ്ങളെത്തന്നെ ഹിന്ദുവൽക്കരിക്കാനുള്ള നീക്കങ്ങളിലേക്ക് നയിക്കുന്നു.
ഈ ഹിന്ദുവൽക്കരണം ഒരു മറയുമില്ലാതെ, പരസ്യമായാണ് നടക്കുന്നത്. ഇന്ത്യയെ ‘‘ഭാരതം’’ എന്ന് പാഠപുസ്തകങ്ങളിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശം ഇതിന്റെ ഭാഗമാണ്. നിരവധി നഗരങ്ങൾക്കും റോഡുകൾക്കു മുള്ള പേരുമാറ്റങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് നടത്തിയ ഹൈന്ദവ ‘ഗൃഹപ്രവേശ്’ ചടങ്ങുകളും പ്രധാനമന്ത്രിയുടെ ചെങ്കോൽ ധാരണവും ഹൈന്ദവ അനുഷ്ഠാനങ്ങളെ ജനാധിപത്യ പ്രക്രിയയുമായി ബന്ധിപ്പിക്കുന്ന നീക്കമാണ്. ഇന്ത്യൻ ആരോഗ്യ കേന്ദ്രങ്ങളുടെ മുമ്പിൽ ധന്വന്തരിയെ ചിത്രീകരിക്കാനുള്ള നീക്കവും വേറൊന്നല്ല. ഏറ്റവും പ്രധാനമായി, 2024 ആദ്യം അയോധ്യയിലെ പുതിയ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഹൈന്ദവവൽക്കരണത്തിന് ശക്തമായ ഉപാധിയായിരിക്കും ലഭിക്കുക.
കോർപ്പറേറ്റ് –വർഗീയകൂട്ടുകെട്ട് എങ്ങനെ ത്രീവ്രവലതുപക്ഷവൽക്കരണത്തിലേക്ക് നയിക്കാമെന്നതിന് ആഗോളതലത്തിൽതന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇസ്രയേലിലെ നെതന്യാഹു, തുർക്കിയിലെ യെർദൊഗാൻ, നരേന്ദ്രമോദി എന്നിവർ അംഗീകരിക്കപ്പെടുന്ന ഉദാഹരണങ്ങളാണ്. സോഷ്യൽ ഡെമോക്രാറ്റിക് ആയിരുന്ന സ്വീഡനിലടക്കം വലതുപക്ഷം പടർന്നുപിടിക്കുന്നതും അർജന്റീനയിൽ വലതുപക്ഷം ആധിപത്യമുറപ്പിച്ചതും ഇതേ പ്രവണതയെ കാണിക്കുന്നു. അതുകൊണ്ട് വലതുപക്ഷവൽക്കരണം താൽക്കാലികമായ ഒരു ദിശാഭ്രംശത്തെയല്ലാ, മുതലാളിത്ത വ്യവസ്ഥിതിയുടെ വികാസത്തിൽതന്നെ സംഭവിച്ചുകൊണ്ടിരുന്ന മാറ്റത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞവർഷത്തെ പ്രവണതകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് കൂടുതൽ പ്രകടമാകും.
വിദേശനയം
സാമ്രാജ്യത്വത്തോടുള്ള
കീഴടങ്ങൽ
കോവിഡ് കാലത്തും അതിനുശേഷവും വന്ന സാമ്പത്തികമുരടിപ്പിനെ മറികടക്കാനും വളർന്നുവരുന്ന ചൈന–ഇന്ത്യ, സൗഹൃദത്തെ തകർക്കാനുമായി സാമ്രാജ്യത്വം വീണ്ടും യുദ്ധമുറകളിലേക്ക് നീങ്ങുന്ന കാലത്തിലാണ് നമ്മളിപ്പോൾ. 2022ൽ ആരംഭിച്ച ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുകയാണ്. പലസ്തീനെ പൂർണമായി തകർക്കാനുള്ള ഇസ്രയേൽ ആക്രമണവും തുടരുന്നു. ചൈനയോടുള്ള സാമ്പത്തിക രാഷ്ട്രീയ ഉപരോധം ശക്തിപ്പെടുത്താൻ അമേരിക്ക എല്ലാ അടവുകളും പയറ്റുകയാണ്. ഇപ്പോൾ ദക്ഷിണകൊറിയ കേന്ദ്രീകരിച്ച് ഉത്തരകൊറിയയെയും അതുവഴി ചൈനയെയും ഉപരോധിക്കാൻ അമേരിക്ക വട്ടംകൂട്ടുന്നു. ഇത്തരം യുദ്ധങ്ങളെയും യുദ്ധസന്നാഹങ്ങളെയും എതിർക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല എന്നു മാത്രമല്ല, അമേരിക്കൻ നിലപാടുകളെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിലെയും പെസഫിക് സമുദ്രത്തിലെയും രാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സഖ്യത്തിൽ ഇന്ത്യ ഭാഗമാണ്. റഷ്യയെ ഉപരോധിക്കാനായി അമേരിക്ക മുൻകൈയെടുത്ത് രൂപീകരിക്കുന്ന ഇന്ത്യ–പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴിക്കും ഇന്ത്യയുടെ പങ്കാളിത്തമുണ്ട്. അതേസമയം ഉപരോധത്തെ മറികടക്കാൻ റഷ്യ ഏർപ്പെട്ട വാണിജ്യകരാറുകളിലും ഇന്ത്യയുണ്ട്. എങ്കിലും യുദ്ധം നിലനിർത്തുന്ന നാറ്റോസഖ്യത്തിന്റെ തന്ത്രങ്ങളെ അപലപിക്കാനോ എതിർക്കാനോ ഇന്ത്യ തയ്യാറായിട്ടില്ല. ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തിന് പൂർണ്ണമായ പിന്തുണയാണ് ഇന്ത്യ നൽകുന്നത്. ഹമാസിനെതിരായാണ് ഇസ്രയേലിന്റെ യുദ്ധം എന്ന സാമ്രാജ്യത്വ പ്രചരണം ഇന്ത്യ അതേപടി ആവർത്തിക്കുന്നു.
ജി 20ന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചത് ന്യൂഡൽഹിയിൽ വച്ച് ഉച്ചകോടി നടക്കാനിടയാക്കി. അധ്യക്ഷ പദവിയിൽ വന്നുവെന്നല്ലാതെ, ചർച്ചകളിൽ ഏതെങ്കിലും വിധത്തിലുള്ള ശക്തമായ ഇടപെടൽ നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. രാഷ്ട്രങ്ങൾ തമ്മിലും അമേരിക്കയും വിവിധ രാഷ്ട്രങ്ങൾ തമ്മിലുമുള്ള ചർച്ചകൾക്കുള്ള വേദിയായി ഉച്ചകോടി മാറി. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ അമേരിക്കയുടെ വിധേയത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നത്. അതേസമയം ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളുടെ സംഘടനയായ സാർക്ക് (SAARC) ദുർബലപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ആഭ്യന്തര സംഭവവികാസങ്ങൾ:
മണിപ്പൂർ
കഴിഞ്ഞവർഷത്തിൽ ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. മുഖ്യമായും ഹിന്ദു വിഭാഗത്തിൽപെട്ട മെയ-്ത്തികളും ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കുക്കികളും തമ്മിലുള്ള സംഘർഷം കേവലമൊരു വംശീയ സംഘർഷമെന്നതിലുപരി ഇന്ത്യയുടെ സാമ്പത്തികരാഷ്ട്രീയ നയങ്ങളെ സ്ഥാപിക്കുന്ന നിരവധി പ്രശ്നങ്ങൾ അടങ്ങുന്നതായിരുന്നു. മണിപ്പൂരിലെ അധീശസമുദായമായ മെയ്-ത്തികൾക്ക് പട്ടികവർഗ്ഗ പദവി നൽകുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ഉണ്ടായ പ്രതിഷേധമാണ് സംഘർഷത്തിലെത്തിച്ചത്. കുക്കികളെ ദേശദ്രോഹികളായും മ്യാൻമറിൽനിന്നുള്ള നുഴഞ്ഞു കയറ്റക്കാരായും വിശേഷിപ്പിക്കാൻ മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രിയായ എൻ ബിരേൻ സിങ് തയ്യാറായത് സംഘർഷത്തെ വളർത്താനാണ് സഹായിച്ചത്. കുക്കികൾക്കെതിരെ മെയ‍്-ത്തി സായുധ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിനുപകരം പൊലീസും അസം റൈഫിൾസും അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു. നിരവധി ഗ്രാമങ്ങളിൽനിന്നും ജനങ്ങൾ ആട്ടിയോടിക്കപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സംഘർഷം തുടരുകയാണ്.
കലാപമാരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിതപ്രദേശങ്ങൾ സന്ദർശിക്കുവാനോ പാർലമെന്റിൽ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പ്രസ്താവന നടത്താൻപോലുമോ തയ്യാറായില്ല. ഇന്റർനെറ്റ് പോലും നിരോധിക്കപ്പെട്ട സാഹചര്യത്തിൽ സംഘർഷത്തിന്റെ ഭീകരതയെക്കുറിച്ച് പുറംലോകം അറിഞ്ഞത് വെെകിയാണ്. സംഘർഷം കെെകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുയർന്നിട്ടും കേന്ദ്ര ഗവൺമെന്റ് അതിനും തയ്യാറായില്ല. കുക്കികൾ നുഴഞ്ഞുകയറ്റക്കാരാണെന്ന വാർത്ത അംഗീകരിക്കുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടായത്. കേന്ദ്ര ഗവൺമെന്റിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളിലൊന്നാണ് മണിപ്പൂർ.
വിദ്വേഷത്തിന്റെ രാഷ്ട്രീയം
മണിപ്പൂരിൽ സംഘർഷം പടർന്നുപിടിക്കുമ്പോൾ തന്നെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയിൽ രാജസ്താനിൽ നിന്ന് പശുക്കളെ വിൽക്കാൻ കൊണ്ടുവന്ന ജുനെെദ്, നാസർ എന്നി യുവാക്കൾ നിഷ്കരുണം കൊല്ലപ്പെട്ടത്. മോനുമനേസർ എന്ന ബജ്-റംഗ്-ദൾ നേതാവ് നയിച്ച യാത്ര ഗുഡ്ഗാവിനടുത്ത് മുസ്ലീങ്ങൾ താമസിക്കുന്ന തെരുവിൽ എത്തി ആക്രമണങ്ങൾ അഴിച്ചുവിട്ടതും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതും ഹരിയാനയിലാണ്. ഹരിയാന ഗവൺമെന്റ് അനേ-്വഷണത്തിന് ഉത്തരവിട്ടുവെങ്കിലും ആക്രമണത്തിനുത്തരവാദികൾ മുസ്ലീങ്ങളാണ് എന്ന നിഗമനത്തിൽ ഗവൺമെന്റ് എത്തിച്ചേരുകയും ആം ആദ്മി പാർട്ടിയുടെ ഒരു മുൻ ഡൽഹി സാമാജികനടക്കം നിരവധി പേരെ അറസ്റ്റു ചെയ്യുകയുമാണ് ഉണ്ടായത്. ഇതേ രീതിയിൽ മുസ്ലീംവിരുദ്ധ സായുധ സംഘങ്ങളുടെ പ്രവർത്തനം ഇന്ത്യയാകെ തുടരുകയാണ്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രകളിൽ സായുധസംഘങ്ങൾ കയറിപ്പറ്റി മുസ്ലീം വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾക്ക് അറസ്റ്റു ചെയ്യപ്പെട്ട മുസ്ലീങ്ങളെ പൊലീസ് നോക്കിനിൽക്കെ സായുധസംഘങ്ങൾ വെടിവച്ചുകൊല്ലുന്ന സ്ഥിതിവരെയുണ്ടായി. ഉത്തർപ്രദേശിലെ ബിജെപി സർക്കാർ സായുധസംഘങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ന്യൂനപക്ഷങ്ങളെ കരുതിയിരുന്നോളാൻ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെ ഉണ്ടായി.
യുപിയിലെ മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലീംവിദ്യാർഥിയെ ശിക്ഷിക്കാനായി സഹപാഠികളായ ഹിന്ദുവിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത് വിദേ-്വഷത്തിന്റെ രാഷ്ട്രീയം വിദ്യാലയങ്ങളിൽ വ്യാപിക്കുന്നതിന്റെ സൂചനയായിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ചേതൻസിങ് തന്നെ മേലുദ്ദ്യോഗസ്ഥരായ മുസ്ലീം നാമധാരി വെടിവച്ചുകൊന്നതും ഇൗ വികാരത്തിന്റെ തീവ്രത എത്രമാത്രമുണ്ടെന്നു കാണിക്കുന്നു. ഹിന്ദുത്വ വർഗീയത പ്രചരിപ്പിച്ച മുസ്ലീം വിദേ-്വഷം ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്.
വിദേ-്വഷത്തിന്റെ രാഷ്ട്രീയം കലാകായികരംഗങ്ങളെയും സ്വാധീനിച്ചു. കശ്മീരി മുസ്ലീങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന ‘‘കശ്മീർ ഫയൽസ്’’ എന്ന സിനിമയും കേരളത്തെ ഐഎസ് എന്ന മുസ്ലീം തീവ്രവാദി സെെന്യത്തിലേക്ക് സന്നദ്ധ ഭടന്മാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി ചിത്രീകരിക്കുന്ന ‘‘കേരള സ്റ്റോറി’’യും ഏറെ ചർച്ചകൾക്ക് വിഷയമായി. കേരളത്തിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട 32000 സന്നദ്ധഭടന്മാരുടെ തെളിവുണ്ടെന്ന് വാദിച്ച സിനിമ സംവിധായകന് ഏറെ പ്രതിഷേധത്തിനുശേഷം താൻ മൂന്നുപേരെ കുറിച്ചു മാത്രമാണ് പറയുന്നത് എന്ന് സമ്മതിക്കേണ്ടിവന്നു. കായികരംഗത്ത് റെസ-്ലിങ് ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിന്റെ ലെെംഗികാതിക്രമങ്ങൾക്കെതിരായി ഒളിംപിക് മെഡൽ ജേതാക്കളടക്കം ഉപവാസമനുഷ്ഠിച്ചത് രാജ്യമാസകലം അനുകൂലമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ റെസ്-ലിങ് ഫെഡറേഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺന്റെ അനുയായിയായ സഞ്ജയ് സിങ്ങാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഒളിമ്പിക് മെഡൽ ജേതാവായ സാക്ഷി മാലിക് റെസ്-ലിങ്ങിൽനിന്ന് സ്വയം വിരമിച്ചിരിക്കുന്നു. മറ്റൊരു മെഡൽ ജേതാവായ ബജ്-റംഗ് പുനിയയും വിരേന്ദർസിങ് യാദവും അവരവരുടെ പത്മശ്രീ പുരസ്കാരം തിരികെ ഏൽപ്പിച്ചിരിക്കുകയാണ്; വിനേഷ് ഫോഗട്ട് ഖേൽരത്നയും അർജുന പുരസ്കാരവും തിരികെ നലകി. ഈ സമ്മർദത്തിന്റെ ഫലമായി ഗുസ്തി ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരിക്കുന്നു.
കാശ്മീർ
ജമ്മു കാശ്മീർ സംസ്ഥാനത്തെ മൂന്നായി വിഭജിച്ചു നടത്തിയ ജനാധിപത്യ ധ്വംസനം ഇപ്പോഴും തുടരുകയാണ്. സൈനിക നടപടികൾവഴി ഭീകരവാദം അമർച്ചചെയ്തുവെന്ന് അധികാരികൾ അവകാശപ്പെടുന്നുവെങ്കിലും സംഘർഷം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാശ്മീരിൽ നിലവിലുള്ള നിരോധനാജ്ഞ ഇതുവരെ പിൻവലിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് തുടരുന്നു. ഈയിടെ കാശ്മീരിനു സവിശേഷ പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദുചെയ്ത നടപടി സുപ്രീംകോടതി അംഗീകരിച്ചു. അതേസമയം കാശ്മീരിൽ ഉടൻതന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കാശ്മീരിനെ രണ്ടായി വിഭജിച്ച നടപടിയിലേക്ക് പോകാൻ കോടതി തയ്യാറായിട്ടില്ല. അതേസമയം ലഡാക്കിനെ യൂണിയൻ ടെറിട്ടറി ആക്കിയ നടപടി അംഗീകരിക്കുകയും ചെയ്തു. ലഡാക്കിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ശക്തമായ സമ്മർദ്ദം നിലനിൽക്കെയാണ് കോടതി വിധിവരുന്നത്. സുപ്രീംകോടതി വിധി ഒരളവുവരെ കേന്ദ്ര ഗവൺമെന്റ് നടപടിയെ സാധൂകരിക്കുകയാണ്. എന്നാൽ അതിനനുസരിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമോ എന്നത് ഇപ്പോഴും സംശയത്തിലാണ്.
ഗവർണർമാരും ഫെഡറലിസവും
ബിജെപിയുടെ അമിതാധികാര പ്രവണതയുടെ ഏറ്റവും പ്രകടമായ സൂചനകളിലൊന്നാണ് ഗവർണർമാർക്ക് നൽകപ്പെട്ട സ്വാതന്ത്ര്യം. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണർമാർക്ക് പ്രത്യേകിച്ച്, ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഏതാണ്ട് സമാന്തര ഭരണകൂടങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്. ഗവർണർക്ക് ഏറെ അധികാരങ്ങളുള്ള ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി ഗവൺമെന്റും ഗവർണറും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുകയാണ്. കെജ്-രിവാൾ ഗവൺമെന്റിന്റെ രണ്ടു മന്ത്രിമാർ ഇപ്പോൾ വിവിധ അഴിമതി ആരോപണങ്ങളുടെ പേരിൽ ജയിലിലാണ്. എഎപി ഭരിക്കുന്ന പഞ്ചാബിലും ഗവർണറും മന്ത്രിസഭയും എറ്റുമുട്ടലിന്റെ പാതയിലാണ്. ഇതേ അവസ്ഥതന്നെയാണ് ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലുമുള്ളത്. ബംഗാളിൽ കേന്ദ്ര ഗവൺമെന്റുമായുള്ള വിലപേശൽവഴി ഗവർണറുമായുള്ള സംഘർഷത്തിന്റെ തോത് കുറയ്ക്കാൻ തൃണമൂൽ കോൺഗ്രസിന് കഴിയുന്നുണ്ട്. എന്നാൽ തികഞ്ഞ ബിജെപി വിരുദ്ധ ഗവൺമെന്റുകളായ തമിഴ്നാട്ടിലും കേരളത്തിലും ഗവർണർമാർ ഭരണത്തെത്തന്നെ സ്തംഭിപ്പിക്കുന്ന വിധത്തിൽ വെല്ലുവിളികൾ ഉയർത്തുകയാണ്.
സംസ്ഥാനങ്ങളുടെ തലവനാണ് ഗവർണർ എന്നാണ് ഭരണഘടന എഴുതിയിട്ടുള്ളതെങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ ഗവർണർക്ക് പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. സാധാരണനിലയിൽ ജനപ്രതിനിധി സഭകളുടെയും മന്ത്രിസഭകളുടെയും എക്സിക്യൂട്ടീവ് സ്ഥാപനങ്ങളുടെയും പൂർണ്ണ സഹകരണത്തോടെ മാത്രമേ ഗവർണർ പ്രവർത്തിക്കാറുള്ളൂ. സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർമാർ വഹിക്കുന്നുണ്ടെങ്കിലും നിർവഹണോദ്യോഗസ്ഥർ അവരല്ല. സംസ്ഥാനങ്ങളിൽ സാധാരണ നിലയിൽ ജനാധിപത്യ നിർവഹണ സമിതികളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകുന്നതിലാണ് ഗവർണറുടെ ഇടപെടൽ സാധ്യതയുള്ളത്. അതുതന്നെ പുനഃപരിശോധനയ്ക്കായി തിരികെ നൽകാമെന്നല്ലാതെ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല. എന്നാൽ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ നിരസിക്കുകയോ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കുകയോ ആണ് ഗവർണർമാർ ചെയ്യുന്നത്. ചിലപ്പോൾ അവരുടേതായ ഉത്തരവുകൾ നൽകുന്നതുവഴി സമാന്തര സർക്കാരുകളിലേക്ക് നീങ്ങുന്ന അവസ്ഥയുമുണ്ട്. കേരളത്തിൽ സർവ്വകലാശാലകളുടെമേൽ ഗവർണർ സമാന്തരഭരണം ഏർപ്പെടുത്തുന്ന രീതി ഉദാഹരണമാണ്. ബില്ലുകൾ തിരികെ കൊടുക്കാൻ സമ്മർദ്ദത്തിലായാൽ പ്രസിഡന്റിന് ബില്ലുകൾ സമർപ്പിക്കുന്ന രീതിയും വന്നിട്ടുണ്ട്.
ഈയിടെ ഗവർണർമാരുടെ അധികാര രീതികൾക്കെതിരെ കോടതികൾ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പഞ്ചാബ് ഗവർണറുടെ നടപടികൾക്കെതിരെ സുപ്രീംകോടതി രംഗത്തുവന്നത് ഉദാഹരണമാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലം കയ്യടക്കിവയ്ക്കാൻ പാടുള്ളതല്ലെന്നും തിരികെ നൽകിയ ബില്ല് വീണ്ടും സമർപ്പിച്ചാൽ അത് ഒപ്പിട്ടുകൊടുക്കേണ്ടതാണെന്നും കോടതി പ്രസ്താവിച്ചിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ മുൻ സുപ്രീംകോടതി ജഡ്ജിയായ രോഹിൻടൻ നരിമാൻ പരസ്യമായി രംഗത്ത് വന്നത് ജുഡീഷ്യറിയുടെ ഇടയിലുള്ള അഭിപ്രായ രൂപീകരണത്തെ കാണിക്കുന്നു.
ഫെഡറലിസത്തിനെതിരായ ആക്രമണവും ഗവർണർമാരുടെ നടപടികളിൽ അവസാനിക്കുന്നില്ല. സാമ്പത്തിക രംഗത്ത് കേന്ദ്രത്തിന്റെ നവലിബറൽ തീട്ടൂരങ്ങൾ സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന രീതി തുടരുകയാണ്. ജിഎസ്ടി വിഹിതമായും വ്യത്യസ്ത ജനരക്ഷാ പദ്ധതികളുടെ അടിസ്ഥാനത്തിലും സംസ്ഥാന ഗവൺമെന്റുകൾക്ക് നൽകാനുള്ള പണം ഇതുവരെ മുഴുവൻ നൽകിയിട്ടില്ല. സംസ്ഥാനങ്ങളുടെ വായ്പാവകാശം വെട്ടിക്കുറച്ചതുകൂടാതെ കടമെടുപ്പ്, ബജറ്റ് നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കുമെന്ന് നിബന്ധന വന്നതോടെ കടമെടുക്കാനുള്ള സാധ്യതകളും ചുരുങ്ങിയിരിക്കുന്നു. ബജറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് കടമെടുക്കാനുള്ള പരിധിവരെ വെട്ടിച്ചുരുക്കിയിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി സംസ്ഥാന ഗവൺമെന്റുകൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ഇതിനെതിരായി കേരള സംസ്ഥാനമടക്കം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഭരണഘടനാബദ്ധമായ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കുവാനുള്ള ബാധ്യത സുപ്രീം കോടതിക്കുണ്ട്.
കാരണം, കേവലം നികുതിപിരിവിലും സാമ്പത്തിക സഹായത്തിലും ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇന്നത്തെ ഫെഡറൽവിരുദ്ധ പ്രവണത. സംസ്ഥാന ലിസ്റ്റിലും കൺകറണ്ട് ലിസ്റ്റിലുംപെട്ട വിഷയങ്ങളിലെല്ലാം കേന്ദ്ര ഗവൺമെന്റ് കൈകടത്തുകയാണ്; ഇതിന്റെ പ്രകടമായ ഉദാഹരണമാണ് വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ഒരുപോലെ കേന്ദ്ര ഗവൺമെന്റ് നയങ്ങൾ നേരിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. തുല്യതയുടെയും പൊതു പരീക്ഷാഫലങ്ങളുടെ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ബോധന പഠനരൂപങ്ങൾ ഏകോപിപ്പിക്കുകയും, അവയിൽ ഹിന്ദുത്വ വർഗീയതയുടെയും കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും ആശയസംവേദനങ്ങൾ നേരിട്ട് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയുമാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഇതനുസരിച്ച് പാഠ്യപദ്ധതിയിലും ബോധന സമ്പ്രദായത്തിനും മാറ്റം വരുത്താൻ സംസ്ഥാന സ്കൂൾ ബോർഡുകളും സർവകലാശാലകളും നിർബന്ധിക്കപ്പെടുന്നു. ഇതിനുവേണ്ടിയുള്ള നിരവധി നിബന്ധനകളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എൻസിഇആർടിയും യുജിസിയും പുറത്തിറക്കിയത്. ഇതേ വിധത്തിൽ സംസ്ഥാന ഗവൺമെന്റുകളെ അട്ടിമറിച്ചുകൊണ്ടുള്ള നിബന്ധനകൾ എല്ലാ മേഖലകളിലും വ്യാപിക്കുകയാണ്. ഇവയ്ക്കെതിരായി സംസ്ഥാന ഗവൺമെന്റ് നയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ശക്തമായ പ്രചരണമാണ് നവംബർ 18 മുതൽ ഡിസംബർ 23 വരെ കേരളമൊട്ടാകെ നടന്ന നവകേരള സദസ്സുകളിൽ നടന്നത്. നവ കേരള സദസ്സുകളോടുള്ള യുഡിഎഫ് – ബിജെപി പ്രതികരണവും അവർ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയവും ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയായി മാറുകയാണ്.
ഇന്ത്യ കൂട്ടായ്മ
2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും വോട്ടിംഗ് ശതമാനത്തിനു മേൽക്കെെനേടാനായില്ല. അതുകൊണ്ടുതന്നെ ബിജെപിക്ക് എതിരായ വിശാല പ്രതിപക്ഷത്തിന്റെ സാധ്യതകൾ നിലവിലുണ്ടായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ ശിവസേന–എൻസിപി സഖ്യത്തെ അട്ടിമറിച്ച് ബിജെപി സഖ്യം അധികാരത്തിൽ വന്നതും ബീഹാറിൽ നിതീഷ്-കുമാറുമായുള്ള സഖ്യം വേർപെടുത്തി അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിച്ചതും ഈ പൊതുസഖ്യത്തെക്കുറിച്ചുള്ള ആലോചനകൾ ശക്തിപ്പെടുത്തി. പ്രതിപക്ഷ പാർട്ടികൾ ആദ്യം പാട്നയിൽ യോഗം ചേർന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. തുടർന്ന് കർണാടകത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുമേൽ കോൺഗ്രസിന് നേടാൻ കഴിഞ്ഞ വിജയം സഖ്യശ്രമങ്ങളെ ഊർജിതപ്പെടുത്തി. ബംഗളൂരുവിലും പിന്നീട് മുംബൈയിലും യോഗം ചേർന്നു. ബാംഗ്ലൂർ യോഗത്തിലാണ് ഇന്ത്യ (INDIA – Indian National Development Inclusive Alliance ). ഇടതുപക്ഷ കക്ഷികളുടെ അഭിപ്രായഭിന്നതയോടെ അല്ല ‘കൂട്ടായ്മ’യായി മാറിയത് ( Alternative എന്ന പദമാണ് സിപിഐ എം അടക്കമുള്ള ഇടതു പാർട്ടികൾ ഉപയോഗിക്കുന്നത്).
ബിജെപിയോട് എതിർപ്പുള്ള ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചു കൊണ്ടുവന്നെങ്കിലും ഒരു സംയോജിത പ്രതിപക്ഷമായി പ്രവർത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ കൂട്ടായ്മയിൽപെട്ട കക്ഷികളെപോലും അകറ്റി നിർത്തിക്കൊണ്ട് കോൺഗ്രസ് ഏകപക്ഷീയമായി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്. സിപിഐ എം, എസ്-പി, ബിഎസ്-പി മുതലായവരെപോലും ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറായില്ല. ഇതിന്റെ ഫലമായി വളർന്നുവന്ന ഭിന്നിപ്പിനെ ഉപയോഗപ്പെടുത്തി ബിജെപി മധ്യപ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാന നിയമസഭകൾ പിടിച്ചെടുത്തു. തെലങ്കാനയിൽ ഇന്ത്യയുടെ ഭാഗമായ കോൺഗ്രസും ബിആർഎസും പരസ്പരം മത്സരിക്കുന്ന സ്ഥിതിവന്നു. കോൺഗ്രസ് വിജയിച്ചു എങ്കിലും പ്രതിപക്ഷത്തിലെ ഭിന്നിപ്പ് പ്രകടമായി.
ഇതിനോടൊപ്പം ഗൗരവമുള്ള മറ്റൊരു പ്രവണതയും പ്രകടമായിരുന്നു. ഇടതു പാർട്ടികൾ, ഡിഎംകെ പോലുള്ള ചില കക്ഷികൾ എന്നിവരെ മാറ്റി നിർത്തിയാൽ ഹിന്ദുത്വ വർഗീയതയെ മതനിരപേക്ഷ ജനാധിപത്യ വേദിയിൽ നിന്നുകൊണ്ട് നേരിടാൻ മുഖ്യ കക്ഷിയായ കോൺഗ്രസ് തയ്യാറായില്ല. പലയിടങ്ങളിലും രാമക്ഷേത്രം അടക്കമുള്ള മുദ്രാവാക്യങ്ങൾ കോൺഗ്രസ് ആവർത്തിക്കുന്ന സ്ഥിതി വന്നു. ബിജെപിയുടെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെയും ഏകോപിതമായ സമീപനം വളർന്നുവന്നില്ല. അതായത്, ബിജെപിയുടെ ശക്തമായ വർഗ്ഗ നയങ്ങളെ ചെറുക്കാനുള്ള ഇച്ഛാശക്തി പ്രതിപക്ഷ ബൂർഷ്വാ കക്ഷികൾക്ക് ഉണ്ടാകാതിരുന്നത് ബിജെപിയുടെ ദൗത്യം കൂടുതൽ എളുപ്പമാക്കി.
2024ലെ തിരഞ്ഞെടുപ്പിന്റെ
രാഷ്ട്രീയ പ്രാധാന്യം
2023ലെ സംഭവവികാസങ്ങളെ വിലയിരുത്തേണ്ടത് 2024 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽകൂടിയാണ്. കോർപ്പറേറ്റ് – ഹിന്ദുത്വ വർഗീയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ സംവിധാനമായി ബിജെപി സഖ്യം മാറിയിരിക്കുന്നു. അവരുടെ ആശയസംഹിത സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണ്. എങ്കിലും സമ്പൂർണ്ണമായ മേധാവിത്വം തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനുണ്ടെന്ന് പറയാറായിട്ടില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി പിന്തുടർന്നു വന്നതും ബിജെപി സർക്കാർ പലമടങ്ങ് ശക്തിപ്പെടുത്തിയതുമായ കോർപ്പറേറ്റ് ഉദാരവൽക്കരണ നയങ്ങൾ വേരോടെ പിഴുതെറിഞ്ഞ ജനകോടികൾ ഇന്ത്യയിലുണ്ട്. ഹിന്ദുത്വ വർഗീയത വേട്ടയാടുന്ന ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും പുറന്തള്ളപ്പെട്ടവരുമായ വിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. ഇവിടെ വലതുപക്ഷ ആശയസംഹിതകളുമായി പൊരുത്തപ്പെടാൻ കഴിയാത്ത മധ്യവർഗ ധെെഷണിക വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങൾ ഇപ്പോൾ ശക്തമായി അരങ്ങേറുന്നുണ്ട്. ഇവയെയെല്ലാം ഏകോപിപ്പിച്ച് കോർപ്പറേറ്റ് – വർഗീയ കൂട്ടുകെട്ടിനെ ജനാധിപത്യ സംവിധാനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും, കീഴാള ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും കർഷകരുടെയും അവകാശ പോരാട്ടങ്ങളുടെയും, ഭരണഘടനാബദ്ധമായ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് വരുന്ന തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കപ്പെടുക. തീവ്ര വലതുപക്ഷം ഒരു തവണകൂടി അധികാരത്തിൽ വന്നാൽ സ്വതന്ത്ര ഇന്ത്യയിൽ വളർന്നുവന്ന ജനാധിപത്യ ഭരണസംവിധാനവും നീതി നിർവഹണവും സമ്പൂർണ്ണമായി അട്ടിമറിക്കപ്പെടും എന്നതിൽ സംശയമില്ല. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും തീവ്രമായ വെല്ലുവിളിയെ മറികടക്കാനുള്ള നിശ്ചയദാർഢ്യമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രകടമാക്കേണ്ടത്. ♦