2023 പിറന്നത് രൂക്ഷമായ സാമ്പത്തിക തകർച്ചയുടെ പ്രവചനങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഏതെങ്കിലും ഇടതുപക്ഷ വിമർശകന്റേതായിരുന്നില്ല ഈ പ്രവചനം. സാക്ഷാൽ ലോകബാങ്കാണ് പറഞ്ഞത്. 2023-ൽ ലോകം മുൻവർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം മാത്രമാണ് വളരുക. അമേരിക്കയിൽ 0.5 ശതമാനമായിരിക്കും വളർച്ച. യൂറോപ്പിൽ വളർച്ചയേ ഉണ്ടാവില്ല. ചൈനയും ഇന്ത്യയും മറ്റുമായിരിക്കും ലോകത്തെ താങ്ങിനിർത്തുക.
എന്നാൽ 2023 വർഷം അവസാനിക്കുമ്പോൾ ഈ പ്രവചനങ്ങളെല്ലാം പൊളിഞ്ഞെന്ന് ആശ്വസിക്കാം. ഐഎംഎഫിന്റെ ലോകസാമ്പത്തിക കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള (ഒക്ടോബർ 2023) റിപ്പോർട്ടു പ്രകാരം ആഗോള സമ്പദ്ഘടന 3 ശതമാനം വളർന്നു. കോവിഡിനു മുമ്പ് 2000–-2019 കാലത്ത് ആഗോള സമ്പദ്ഘടന 3.8 ശതമാനം വളർന്നിരുന്നു. അതിനേക്കാൾ താഴെയാണ് ഇപ്പോൾ വളർച്ചയെന്ന പോരായ്മയുണ്ട്. പക്ഷേ, സാമ്പത്തിക തകർച്ച സംബന്ധിച്ച പ്രവചനങ്ങൾ പൊളിഞ്ഞു.
2023-ലെ സാമ്പത്തിക സംഭവവികാസങ്ങൾ സംബന്ധിച്ച് അവലോകനം ചെയ്യുമ്പോൾ ആദ്യം പരിശോധിക്കേണ്ട രണ്ട് കാര്യങ്ങൾ ഇവയാണ്: ഒന്ന്, എന്തുകൊണ്ട് ലോകബാങ്ക് അടക്കം വിദഗ്ധർ, സാമ്പത്തിക തകർച്ച പ്രവചിച്ചു? അതിന്റെ എന്തെങ്കിലും സൂചനകൾ 2023-ൽ ഉണ്ടായോ? രണ്ട്, എങ്ങനെ ലോകം ഈ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു?
രൂക്ഷമായ വിലക്കയറ്റം
2023 പിറന്നപ്പോൾ എല്ലാ സാമ്പത്തികവിദഗ്ധരെയും അലട്ടിയിരുന്നത് ആഗോള വിലക്കയറ്റമായിരുന്നു. വിലയുടെ ഗതി , ചിത്രം 1-ലെ വിലക്കയറ്റ സൂചികയിൽ വളരെ വ്യക്തമായി തിരിച്ചറിയാനാകും.
ചിത്രം 1
കോവിഡിനു മുമ്പുതന്നെ ആഗോളമായി വിലകൾ 2–-3 ശതമാനം നിരക്കിലേക്ക് താഴ്ന്നു കഴിഞ്ഞിരുന്നു. കോവിഡുകാലത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നിശ്ചലമായപ്പോൾ വിലക്കയറ്റം ഈ താഴ്ന്ന നിരക്കിൽതന്നെ തുടർന്നു. എന്നാൽ 2021-ൽ സാമ്പത്തിക വീണ്ടെടുപ്പ് ആരംഭിച്ചതോടെ വിലകൾ ഉയരാൻ തുടങ്ങി. 2022 ഫെബ്രുവരിയിൽ റഷ്യ -– യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ വിലകളുടെ കയറുപൊട്ടി. കാരണം റഷ്യൻ ഗോതമ്പും സൂര്യകാന്തി എണ്ണയും ലോകകമ്പോളത്തിൽ വരാതായത് ഭക്ഷ്യവിലക്കയറ്റത്തിനു വഴിതെളിച്ചു. റഷ്യൻ എണ്ണയുടെയും ഗ്യാസിന്റെയുംമേൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ധന വിലയ്ക്കും വഴിതെളിച്ചു. 2022-ൽ വിലക്കയറ്റം ശരാശരി 8.5 ശതമാനമായി.
വിലക്കയറ്റംമൂലം തങ്ങളുടെ യഥാർത്ഥകൂലി കുറയാതിരിക്കാൻ വികസ്വരരാജ്യങ്ങളിലെമ്പാടും തൊഴിലാളികൾ സമരങ്ങളിലേക്കു നീങ്ങി. ഇത്തരത്തിൽ കൂലി വർദ്ധിക്കാൻ ഇടയായാൽ വിലക്കയറ്റത്തിന് ആക്കം കൂടുമെന്നും വിലക്കയറ്റവും കൂലിയും തമ്മിൽ ക്രമേണ ഒരു ഓട്ടമത്സരം തന്നെ സൃഷ്ടിക്കപ്പെടാമെന്നും മുതലാളിത്ത നേതാക്കന്മാർ ഭയപ്പെട്ടു. വിലക്കയറ്റത്തിനു കടിഞ്ഞാൺ ഇടണമെങ്കിൽ കൂലി വർധിക്കാതെ പിടിച്ചു നിർത്തണം. അതിനു തൊഴിലില്ലായ്മ വർദ്ധിക്കണം. ഇതിനായി ചെറിയൊരു മാന്ദ്യം സൃഷ്ടിച്ചാലും കുഴപ്പമില്ല. ഇങ്ങനെയായിരുന്നു ഇവരുടെ ചിന്ത.
പലിശനിരക്ക് ഉയർത്തൽ
ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്ത് പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ ആയിരുന്നത് പടിപടിയായി ഉയർത്താൻ തുടങ്ങി. അമേരിക്കയിൽ പലിശ നിരക്ക് 0.5 ശതമാനം ആയിരുന്നത് 5 ശതമാനത്തിലേറെയായി ഉയർന്നു. എന്നു മാത്രമല്ല, പണലഭ്യത കുറയ്ക്കാൻ മറ്റു നടപടികളും സ്വീകരിച്ചു. കോവിഡ് കാലത്ത് അമേരിക്കയിലും മറ്റും സ്വകാര്യ കമ്പനികളും മറ്റും ഇറക്കുന്ന ബോണ്ടുകൾ സർക്കാർ വാങ്ങി സമ്പദ്ഘടനയിലേയ്ക്ക് പണം പമ്പ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇത്തരം ബോണ്ടുകൾ ഇറക്കുന്നില്ലായെന്നു മാത്രമല്ല, കൈയിലുള്ള ബോണ്ടുകൾ സർക്കാരുകൾ കൈയൊഴിയുകയുമാണ്. അതിന്റെ ഫലമായി പണലഭ്യതയും കുറഞ്ഞു.
ചിത്രം 2
ആഗോള പലിശനിരക്ക്
ഇത്തരം നടപടികൾ അമേരിക്ക മാത്രമല്ല ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളും സ്വീകരിച്ചു. അമേരിക്ക പലിശനിരക്ക് ഉയർത്തുമ്പോൾ ആരെങ്കിലും പലിശനിരക്ക് ഉയർത്തിയില്ലെങ്കിൽ അവരുടെ ഡോളർ സമ്പാദ്യങ്ങൾ പുറത്തേയ്ക്ക് ഒഴുകും. ചിത്രം 2-ൽ കാണുന്നതുപോലെ, കോവിഡ് കാലത്ത് ആഗോള പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിന് അടുത്തായിരുന്നു. എന്നാൽ 2021-നുശേഷം അവ പതുക്കെ ഉയരാൻ തുടങ്ങി. 2022-ൽ അത് മൂർദ്ധന്യത്തിലെത്തി. ഇന്ത്യയിലും പലിശനിരക്ക് തുടർച്ചയായി ഉയർത്തി. ഇന്ത്യയിൽ 2020-ൽ 4 ശതമാനം ആയിരുന്ന റിപ്പോ നിരക്ക് 6.5 ശതമാനമായി.
ബാങ്കുകളുടെ തകർച്ച
പലിശ നിരക്കുകൾ ഉയർന്നത് അപ്രതീക്ഷിതമായ ഒരു പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ബാങ്കുകൾ തകരാൻ തുടങ്ങി. പലിശനിരക്ക് ഉയരുന്നത് ബാങ്കിനു ഗുണകരമല്ലേ എന്നായിരിക്കും പലരും സാമാന്യബുദ്ധിയിൽ ചിന്തിക്കുക. എന്നാൽ അങ്ങനെ ആകണമെന്നില്ല. ബാങ്കുകൾ വായ്പ കൊടുത്തതിനുശേഷം ബാക്കി വരുന്ന പണം ക്യാഷായി ബാങ്കുകളിൽ സൂക്ഷിച്ചാൽ അതിൽ നിന്നു വരുമാനമൊന്നും ലഭിക്കില്ല. കോവിഡ് കാലത്തും തുടർന്നുള്ള വർഷങ്ങളിലും സർക്കാരുകൾ ഉദാരമായ പണനയം സ്വീകരിച്ചപ്പോൾ സമ്പാദ്യം ഉയർന്നു. അവയെല്ലാം ബാങ്കുകളിൽ നിക്ഷേപിച്ചപ്പോൾ ബാങ്കുകളുടെ കൈയിൽ വായ്പ കൊടുത്തിട്ടും ബാക്കിവന്ന മിച്ചതുക വീർത്തു. ഈ മിച്ചപണം അവർ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചു. സിലിക്കൺ ബാങ്കിന്റെ ആസ്തികളിൽ 60 ശതമാനവും ബോണ്ടുകൾ ആയിരുന്നു.
പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടിന്റെ വില താഴും. ബോണ്ടിന്റെ വില താഴ്ന്നാൽ ബാങ്കിന്റെ ആസ്തികൾ ശുഷ്കിക്കും. ഈ നഷ്ടം നികത്താൻ മൂലധനത്തിൽ നിന്ന് പണം വകയിരുത്തേണ്ടിവരും. ഇത്തരത്തിൽ മൂലധനം ചോരുമ്പോൾ ബാങ്കിന്റെ ഭാവിയെക്കുറിച്ച് ഇടപാടുകാർക്ക് സ്വാഭാവികമായും സംശയമുണ്ടാകും. അവരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ബാങ്കിനു പിന്നെ നിലനിൽപ്പ് ഉണ്ടാകില്ല.
11 ദിവസം 4 ബാങ്ക് തകർച്ച
ആദ്യ തകർച്ച മാർച്ച് 8-ന് സിൽവർഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്ക് ആയിരുന്നു. അത്ര അറിയപ്പെടാത്ത ബാങ്ക് ആയിരുന്നതുകൊണ്ട് ഇതു വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എന്നാൽ മാർച്ച് 10-ന് സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ എല്ലാവർക്കും ആശങ്കയായി. സ്റ്റാർട്ട് അപ്പ് മേഖലയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ബാങ്കാണ് ഇത്. മാർച്ച് 12-ന് ക്രിപ്റ്റോ കറൻസി മേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കിന്റെ ഊഴമായി. ഇതോടെ സിൽവർഗേറ്റിനെ തകരാൻ അനുവദിച്ച അമേരിക്കൻ സർക്കാർ സടകുടഞ്ഞ് എഴുന്നേറ്റു. പൊളിഞ്ഞ ബാങ്കുകളിലെ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് തുക സർക്കാർ നൽകുമെന്നു പ്രഖ്യാപിച്ചു. പ്രതിസന്ധിയിലാകുന്ന ബാങ്കുകളുടെ ബോണ്ടുകളും മറ്റും മുഖവിലയ്ക്ക് ഈടായി സ്വീകരിച്ച് പണം നൽകുമെന്നു പ്രഖ്യാപിച്ചു.
നാലാമത്തെ ബാങ്ക് സ്വിറ്റ്സർലന്റിലെ 166 വർഷം പഴക്കമുള്ള ക്രെഡിറ്റ് സ്വീസ് എന്ന ഭീമനായിരുന്നു. മാർച്ച് 19-ന് യുബിഎസ് എന്നു പറയുന്ന മറ്റൊരു സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തു. ബാങ്കിംഗ് മേഖലയിൽ പരിഭ്രാന്തി പടരാതിരിക്കാൻ വാരാന്ത്യം മുഴുവൻ സെൻട്രൽ ബാങ്കും വിദഗ്ധരും രാപകൽ പണിയെടുത്താണ് ഈ വിൽപ്പന ഉറപ്പാക്കിയത്. ജർമ്മനിയിലെ ഡോഷേ ബാങ്കും ആടിത്തുടങ്ങി. അതോടെ ബാങ്ക് പ്രതിസന്ധി നേരിടാനുള്ള നടപടികൾക്കായി മുൻഗണന.
സാമ്പത്തിക തകർച്ച
എങ്ങനെ ഒഴിവാക്കി?
പുതിയ സാഹചര്യത്തിൽ മുതലാളിത്ത മേധാവികൾ നയപരമായ പുതിയൊരു നിലപാടെടുത്തു. വിലക്കയറ്റം പൂർണ്ണമായും തുടച്ചുനീക്കാൻ ശ്രമിക്കേണ്ടതില്ല. നിയന്ത്രിച്ചു നിർത്തിയാൽ മതി. അതായത്, പലിശ നിരക്ക് വർദ്ധനയ്ക്ക് അവർ വിരാമമിട്ടു.
പലിശ നിരക്ക് തുടർന്നു വർദ്ധിപ്പിക്കാതെ തന്നെ വിലക്കയറ്റം താഴ്ന്നു. കാരണം റഷ്യൻ എണ്ണയ്ക്കും മറ്റ് ഉല്പന്നങ്ങൾക്കുംമേൽ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ റഷ്യയ്ക്കു കഴിഞ്ഞതാണ്. റഷ്യൻ എണ്ണയും മറ്റു സാമഗ്രികളും ഡോളർ വിദേശ നാണയത്തിനു വിൽക്കുന്നതിനു പകരം വാങ്ങുന്ന രാജ്യങ്ങളുടെ നാണയത്തിൽ തന്നെ കൈമാറുന്നതിനു കരാറുകളുണ്ടാക്കി. അവർക്കു ചില ഡിസ്-കൗണ്ടുകളും നൽകി. ചൈനയും ഇന്ത്യയും വലിയ തോതിൽ റഷ്യൻ എണ്ണയും മറ്റും വാങ്ങി. ഇന്ത്യ ആവട്ടെ ഈ എണ്ണ സംസ്കരിച്ചു പാശ്ചാത്യരാജ്യങ്ങൾക്കു വിൽക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം എണ്ണയുടെ ലഭ്യത ലോക കമ്പോളത്തിൽ ഉയർന്നു. എണ്ണ വില താഴാൻ തുടങ്ങി. ചിത്രം 3-ൽ ഇതുകാണാം. എണ്ണവില ബാരലിന് 80 ഡോളറിൽ പിടിച്ചു നിർത്താൻ ഒപ്പക് രാജ്യങ്ങൾ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ചിത്രം 3
ക്രൂഡോയിലിന്റെ ആഗോള വിലയിൽ വന്ന മാറ്റം
(ഒരു ബാരൽ എണ്ണയ്ക്ക് ഡോളറിലെ വില)
വിലക്കയറ്റവും ജനങ്ങളുടെ അവസ്ഥയും
ഐഎംഎഫിന്റെ കണക്കുകൂട്ടൽ പ്രകാരം ആഗോള വിലക്കയറ്റം 2023-ൽ 6.6 ശതമാനമായിരിക്കും. വിവിധ രാജ്യങ്ങൾ തമ്മിൽ വിലക്കയറ്റ നിരക്കിൽ അജഗജാന്തരം ഉണ്ട്. സിംബാവേയിൽ 204-ഉം വെനസേ-്വലയിൽ 195-ഉം അർജന്റീനയിൽ 76 ഉം ശതമാനം വീതമാണ് വിലക്കയറ്റം. അമേരിക്കയിൽ 3.5-ഉം ഇന്ത്യയിൽ 5.1-ഉം ശതമാനം വീതമാണ്. അതേ സമയം ചൈനയിൽ 2.2 ശതമാനം മാത്രമാണ് വിലക്കയറ്റം. ഈ ആഗോള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി വിഷ്വൽ ക്യാപിറ്റലിസ്റ്റ് എന്ന ഗ്രാഫിക് നിർമ്മാണ സ്ഥാപനത്തിന്റെ ഇതുസംബന്ധിച്ച ഭൂപടം ചിത്രം 4-ൽ നൽകിയിരിക്കുന്നു.
ചിത്രം 4
2023-ലെ ആഗോള വിലക്കയറ്റത്തിന്റെ
രാജ്യാടിസ്ഥാനത്തിലുള്ള ചിത്രം
മുൻകാലത്തേക്കാൾ ജനങ്ങളുടെ ജീവിതനിലവാരത്തെ അതിഗുരുതരമായി ബാധിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ വിലക്കയറ്റം. കാരണം കോവിഡുകാലത്തെ രൂക്ഷമായ സാമ്പത്തിക തകർച്ചയിൽ നിന്ന് സാധാരണക്കാർ ഇതുവരെ കരകയറിയിട്ടില്ല. വാങ്ങിയിട്ടുള്ള കടം തിരിച്ചടയ്ക്കാനുള്ള ബാധ്യതയും എല്ലാവർക്കുമുണ്ട്. തൊഴിലില്ലായ്മ രൂക്ഷമാണ്. തൊഴിൽദിനങ്ങളും ഗണ്യമായി കുറഞ്ഞു. ഇതൊക്കെമൂലം ഇന്നത്തെ വിലക്കയറ്റം താങ്ങാനാവാതെ ജനങ്ങൾ നട്ടംതിരിയുകയാണ്.
ഐഎൽഒയുടെ റിപ്പോർട്ടു പ്രകാരം 2022-ൽ വിലക്കയറ്റംമൂലം ആഗോള യഥാർത്ഥ കൂലിയിൽ 0.9 ശതമാനം ഇടിവുണ്ടായി. യഥാർത്ഥ കൂലി വർദ്ധിച്ച ചൈനയെ മാറ്റിനിർത്തിയാൽ യഥാർത്ഥ ആഗോള കൂലിയിൽ 1.9 ശതമാനം കുറവുണ്ടായി. ഒഇസിഡിയുടെ റിപ്പോർട്ടുപ്രകാരം 2023-ൽ അവരുടെ 34 രാജ്യങ്ങളിൽ യഥാർത്ഥകൂലിയിൽ 3.4 ശതമാനം കുറവുണ്ടായി. ലോകത്തെ തൊഴിലാളികളുടെ 33700 കോടി ഡോളർ കൂലി വിലക്കയറ്റംമൂലം നഷ്ടപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ലോകത്ത് 70 കോടി ആളുകൾ പ്രതിദിനം 2.15 ഡോളർ വരുമാനം ലഭിക്കാത്ത അതിദരിദ്രരാണ്. ഇവരിൽ പകുതിയിലേറെ കുട്ടികളാണ്. അതിദാരിദ്ര്യം 2030-നുള്ളിൽ നിർമാർജ്ജനം ചെയ്യണമെന്നുള്ള ലക്ഷ്യം കൈവരിക്കാനാകില്ലായെന്നു വ്യക്തമായിരിക്കുകയാണ്.
ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം ലോകത്തെ പട്ടിണി വർദ്ധിപ്പിച്ചിരിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ഇല്ലാത്ത ജനങ്ങളുടെ എണ്ണം 57.2 കോടിയിൽ നിന്ന് 2023-ൽ 73.5 കോടിയായി ഉയർന്നിരിക്കുന്നു.
സമ്പന്നരുടെ വളർച്ച
വിലക്കയറ്റംകൊണ്ട് സമ്പന്നർക്കു നഷ്ടമില്ല. നേട്ടമേയുള്ളൂ. അധ്വാനിക്കുന്നവരുടെ മേലാണ് ഭാരം മുഴുവൻ. അവരുടെ വരുമാനത്തിൽ ഒരു ഭാഗം സമ്പന്നർക്ക് അനുകൂലമായി പുനർവിതരണം ചെയ്യപ്പെടുന്നു. “വേദനയിൽ നിന്നു ലാഭം കൊയ്യുന്നവർ” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ഓക്സ്ഫാം ശതകോടീശ്വരന്മാരുടെ ഡാവോസ് സമ്മേളനത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പറയുന്നത് കോവിഡുകാലത്തും അതിനുശേഷമുള്ള കാലത്തും ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ പിറവികൊള്ളുന്നു എന്നാണ്. അതേസമയം ഓരോ 30 മണിക്കൂറിലും ഒരു ദശലക്ഷം സാധാരണക്കാർ അതിദരിദ്രരുടെ അണികളിലേക്കു തള്ളപ്പെടുന്നു എന്നുമാണ്. ഈ ധനികവൽക്കരണവും ദരിദ്രവൽക്കരണവും ഒരേ പ്രക്രിയയുടെ രണ്ടു വശങ്ങളാണ്. കോവിഡുകാലത്തെ മാന്ദ്യമാണെങ്കിലും കോവിഡിനുശേഷമുള്ള വിലക്കയറ്റമാണെങ്കിലും സമ്പന്നർ നേട്ടം കൊയ്യുന്നു, പാവങ്ങൾ നഷ്ടം ഏറ്റുവാങ്ങുന്നു.
“സമ്പന്നരുടെ അതിജീവനം” എന്ന ഓക്സ്ഫാമിന്റെ 2023-ലെ റിപ്പോർട്ടു പ്രകാരം കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ ബാക്കിയുള്ള 99 ശതമാനം ആളുകൾ നേടിയതിന്റെ ഇരട്ടി സ്വത്ത് സമ്പാദിക്കുകയുണ്ടായി. 2020-നുശേഷം സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ മൂന്നിൽരണ്ട് ഭാഗം വരുന്ന 42 ലക്ഷം കോടി ഡോളർ ശതകോടീശ്വരർക്കാണ് കിട്ടിയത്.
ജനകീയ പ്രതിഷേധം
മേൽപ്പറഞ്ഞ സാഹചര്യം ആഗോളമായി പല രാജ്യങ്ങളിലെയും തൊഴിലാളികളെ സമരരംഗത്തേക്കു കൊണ്ടുവന്നിരിക്കുകയാണ്. 2023 പുതുവർഷം ആരംഭിച്ചതുതന്നെ ഫ്രാൻസിലെ ദേശീയ പണിമുടക്കോടെയാണ്. ജനുവരി 19-ന്റെ പണിമുടക്കിനുശേഷം ഏപ്രിൽ 20-നും 22-നും രാജ്യവ്യാപകമായ പണിമുടക്ക് നടന്നു. മാക്രോൺ സർക്കാർ പെൻഷൻ പ്രായം ഉയർത്തുന്നതടക്കം കൊണ്ടുവന്ന പെൻഷൻ പരിഷ്കാരങ്ങൾക്കെതിരായിട്ടാണ് ഈ സമരം. വിദ്യാർത്ഥികളും യുവജനങ്ങളും വലിയ തോതിൽ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു.
പോർച്ചുഗലിൽ ഫ്രാൻസിനു സമാനമായ പണിമുടക്ക് സമരമാണ് നടന്നത്. എല്ലാ അധ്വാനിക്കുന്ന വിഭാഗങ്ങളും സമരത്തിൽ പങ്കെടുത്തു. ബൽജിയത്തിലെയും നെതർലാൻസിലെയും ഗ്രീസിലെയും സമരങ്ങളുടെ പ്രത്യേകത വലിയ തോതിലുള്ള കർഷകപങ്കാളിത്തമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയിടുന്നതിനുവേണ്ടി നഷ്ടപരിഹാരമില്ലാതെ കൃഷിയുടെമേൽ അതിരുകവിഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു കർഷക സമരങ്ങൾ. ഇംഗ്ലണ്ടിലെ നഴ്സുമാർ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായി പണിമുടക്കി. അമേരിക്കയിൽ കാർ നിർമ്മാണ തൊഴിലാളികളുടെ സമരം ഡെട്രോയിട്ട് നഗരത്തെ സ്തംഭിപ്പിച്ചു. ആമസോൺ തുടങ്ങിയവയിലെ ഗിഗ് തൊഴിലാളികളും സ്വമേധയാ വ്യാപകമായി സമരത്തിനിറങ്ങുന്ന അനുഭവവും ഉണ്ടായി.
എന്നാൽ നെതർലാൻസിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും തീവ്രവലതുപക്ഷം ശക്തിപ്പെടുന്ന അവസ്ഥയുണ്ടായി. അമേരിക്കയിൽ യാഥാസ്ഥിതികർക്കാണ് മുൻകൈ. അർജന്റീനയിൽ തീവ്രവലതുപക്ഷ ശക്തികൾ അവസാന റൗണ്ടിൽ അധികാരത്തിലേറിയത് ഏവരെയും ഞെട്ടിക്കുകയുണ്ടായി.
ഇന്നത്തെ മുതലാളിത്ത പ്രതിസന്ധിക്കു വലതുപക്ഷ പരിഹാരവും ശക്തമായി മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. 2023-നെ മൊത്തത്തിൽ എടുത്താൽ ഒരു വലതുപക്ഷ ചായ്-വ് പ്രകടമാണ്. ഗ്രീസിൽപ്പോലും അവർക്കാണു മുൻകൈ നേടാൻ കഴിഞ്ഞത്. നിയോലിബറൽ അജൻഡ ഫലപ്രദമായി നടപ്പാക്കി, വീണ്ടും ജനകീയ അംഗീകാരം നേടിയ ഗ്രീസിനെ ഇക്കണോമിസ്റ്റ് വാരിക 2023-ലെ വിജയരാജ്യമായി പുതിയ ലക്കത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയ്ക്കെതിരെ അമേരിക്ക
അമേരിക്കയുടെ മുഖ്യശത്രു ആര് എന്നതു സംബന്ധിച്ച് ഗാലപ്പ് പോൾ എല്ലാവർഷവും അഭിപ്രായ വോട്ടെടുപ്പുകൾ നടത്താറുണ്ട്. കഴിഞ്ഞ രണ്ട് വർഷംപോലെ തന്നെ 2023-ലും അമേരിക്കക്കാർ ചൈനയെയാണ് ഏറ്റവും പ്രധാന ശത്രുവായിട്ട് കാണുന്നത്. ഈ വോട്ടെടുപ്പിന്റെ കണക്ക് ചിത്രം 5-ൽ കൊടുത്തിട്ടുണ്ട്.
ചിത്രം 5
ഗാലപ്പ് പോൾ പ്രകാരം അമേരിക്കക്കാരുടെ മുഖ്യശത്രു
50 ശതമാനം അമേരിക്കക്കാർ ചൈനയെയാണ് മുഖ്യശത്രുവായി കാണുന്നത്. റിപ്പബ്ലിക്കൻ കക്ഷിക്കാർക്കിടയിൽ ഇവരുടെ തോത് 76 ശതമാനം വരും. ചൈന കഴിഞ്ഞാണ് റഷ്യയുടെ ശത്രുസ്ഥാനം. കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുടെ സ്ഥാനം വളരെ പിന്നിലാണ്. ഈ ശത്രുതയ്ക്കു മുഖ്യകാരണം ചൈനയുടെ സൈനികശക്തിയാണ്. ചൈനയ്ക്കേ അമേരിക്കയെ വെല്ലുവിളിക്കാൻ കഴിയൂവെന്നാണ് അവരിൽ പലരും കരുതുന്നത്. പക്ഷേ, ശ്രദ്ധേയമായ കാര്യം സൈനിക ശക്തിപോലെ അത്രതന്നെ പ്രാധാന്യം ചൈനയുടെ സാമ്പത്തികശേഷിക്കും നൽകുന്നുണ്ടെന്നുള്ളതാണ്.
ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും മുഖ്യമായി സാമ്പത്തിക മേഖലയിലാണ്. അമേരിക്കൻ കമ്പനികളിൽ നല്ലൊരുപങ്ക് ചൈനീസ് കമ്പനികളോടു സഹകരിച്ചുകൊണ്ടോ ചൈനയിൽ സ്വന്തം കമ്പനികൾ സ്ഥാപിച്ചുകൊണ്ടോ ആണ് പ്രവർത്തിക്കുന്നത്. ഇത് അവസാനിപ്പിക്കുന്നതിന് അമേരിക്ക മുൻകൈയെടുത്തുകൊണ്ടിരിക്കുകയാണ്. ഡീകപ്പിളിംഗ് എന്നാണ് ഈ നടപടിയെ അവർ വിളിക്കുന്നത്. വിയറ്റ്നാം, മറ്റു തെക്കു-കിഴക്കൻ-ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാറുന്നതിന് അമേരിക്കൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ അത് അത്ര എളുപ്പമല്ലായെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ചൈനയും റഷ്യയും സ്വീകരിച്ച ഡീഡോളറൈസേഷൻ പോലുള്ള ചില പുതിയ നടപടികൾ 2023-ൽ ലോകശ്രദ്ധ പിടിച്ചുപറ്റി.
ഡോളറിന്റെ തളർച്ച
ലോകവ്യാപാരത്തിന് മറ്റു രാജ്യങ്ങൾക്കുകൂടി സ്വീകാര്യമായ വിദേശനാണയം കൂടിയേ തീരൂ. ഡോളറാണ് ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള ലോകനാണയം. ഇന്ന് ആഗോള വിദേശനാണയ കരുതൽശേഖരത്തിന്റെ 60 ശതമാനവും ഡോളറിലാണ്. യൂറോപ്പ്യൻ രാജ്യങ്ങളെല്ലാം ചേർന്നു രൂപം നൽകിയ യൂറോ നാണയമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ലോക നാണയം. ആഗോള കരുതൽ ശേഖരത്തിന്റെ 21 ശതമാനം യൂറോയാണ്. 6 ശതമാനം ജപ്പാന്റെ യെൻ ആണ്. 5 ശതമാനം പൗണ്ട് ആണ്. ശ്രദ്ധിക്കേണ്ട കാര്യം 2–-3 ശതമാനം മാത്രമായിരുന്ന മറ്റു നാണയങ്ങളുടെ വിഹിതം 10 ശതമാനമായി ഇപ്പോൾ ഉയർന്നിട്ടുണ്ട് എന്നതാണ്.
ഇതിൽ പ്രധാനപ്പെട്ട ഒന്ന് ചൈനയുടെ യുവാൻ ആണ്. ചൈനയാണല്ലോ ഇന്നത്തെ രണ്ടാമത്തെ ആഗോള സാമ്പത്തിക ശക്തി. ആഗോള ജിഡിപിയിൽ അമേരിക്കയുടെ വിഹിതം 25.11 ശതമാനമാണെങ്കിൽ ചൈനയുടേത് 17.51 ശതമാനമായി ഉയർന്നിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ലോകനാണയ പദവി യുവാന് ലഭിക്കില്ല.
കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ട കാരണം ചൈനയുടെ യുവാൻ സ്വതന്ത്ര നാണയം അല്ല. ചൈനയിൽ നിന്ന് പണം കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും കർശനമായ നിയന്ത്രണങ്ങളുണ്ട്. സ്വതന്ത്ര നാണയ വ്യാപാരം അനുവദിച്ചല്ലാതെ മറ്റു രാജ്യങ്ങൾക്ക് യുവാനിൽ പൂർണ്ണ വിശ്വാസം ഒരിക്കലും വരില്ല. ഇതു കണക്കിലെടുത്ത് ചൈന ഇപ്പോൾ ഹോംകോങ് പോലുള്ള പണമിടപാട് കേന്ദ്രങ്ങളിൽ യുവാൻ സ്വതന്ത്ര ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ട് ആവില്ല.
രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു കാരണം, ചൈനയുടെ വിദേശ നാണയ ശേഖരമാണ് ലോകത്തെ ഏറ്റവും വലുത്. മൂന്നുലക്ഷത്തിൽപ്പരം കോടി ഡോളർ. ഇതിന്റെ 58 ശതമാനം ഡോളറാണ്. ഡോളർ തകരുകയാണെങ്കിൽ ഏറ്റവും വലിയ തിരിച്ചടി ചൈനയ്ക്കു തന്നെയായിരിക്കും. പുലിവാല് പിടിക്കുകയെന്നു പറഞ്ഞാൽ ഇതാണ്. പുലിയുടെ വാല് വിടണം. എന്നാൽ പറ്റില്ല. പിടിവിട്ടാൽ നമ്മളെ പുലി പിടിച്ചു തിന്നും. ഈയൊരു അവസ്ഥയിലാണ് ചൈന. അതുകൊണ്ട് ചൈന വളരെ കരുതലോടെയാണ് നീങ്ങുന്നത്.
റോഡ് ബെൽറ്റ് പ്രോഗ്രാം
ചൈനയുടെ കൈയിലുള്ള വിദേശനാണയ ശേഖരത്തിൽ നിന്നും മറ്റു രാജ്യങ്ങൾക്ക് വായ്പ കൊടുക്കുക. പണമായിട്ടല്ല. ആ രാജ്യങ്ങളിൽ റോഡുകൾ, തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ വമ്പൻ പശ്ചാത്തലസൗകര്യങ്ങൾ പണിയാനാണ്. റോഡ് ബെൽറ്റ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. പണിയുന്നതു ചൈനക്കാർ. നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും ചൈനയുടേത്. ചൈനയ്ക്ക് രണ്ടുണ്ട് നേട്ടം. കൈയിലിരക്കുന്ന ഡോളറുകൾ മറ്റു രാജ്യങ്ങളുടെ ബാധ്യതകളായി മാറുന്നു. ഇവ വെറും വായ്പകളായി നൽകാതെ നിർമ്മാണ പ്രൊജക്ടായി നൽകുമ്പോൾ ചൈനീസ് സമ്പദ്ഘടനയ്ക്ക് അവ ഉത്തേജകമാകും. കരാറിൽ എത്തിയ രാജ്യങ്ങളിൽ വികസനവും വേഗത്തിലാകും. ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ ചൈന ഇതു നടപ്പിലാക്കുകയാണ്. ഏതായാലും ഡോളർ വാങ്ങി കുന്നുകൂട്ടുന്ന പരിപാടി ചൈന അവസാനിപ്പിച്ചു.
റൂബിളിന്റെ തിരിച്ചുവരവ്
പുതിയൊരു മാറ്റവുംകൂടി ലോകത്ത് സംഭവിച്ചു തുടങ്ങി. അതോടെയാണ് ഡോളറിന്റെ പതനത്തെക്കുറിച്ചുള്ള കഥകൾ പരക്കാൻ തുടങ്ങിയത്. തുടക്കമിട്ടത് റഷ്യയാണ്. റഷ്യ – ഉക്രൈയിൻ യുദ്ധത്തെത്തുടർന്ന് റഷ്യയുടെമേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യയുടെ റൂബിൾ തകർന്നു. എന്നാൽ 2023-ൽ റൂബിൾ തകർച്ചയിൽ നിന്നും റഷ്യ കരകയറിയെന്നു മാത്രമല്ല, ശക്തമായ നിലയിലുമായി.
ഇതിന്റെ സൂത്രം രസാവഹമാണ്. റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസും യൂറോപ്പുകാർക്കു കൂടിയേതീരൂ. പക്ഷേ, അവ വേണമെങ്കിൽ ഡോളറിൽ വില തന്നാൽ പോരാ, റൂബിളിൽ തന്നെ വില നൽകണമെന്നായി റഷ്യയുടെ ശാഠ്യം. റൂബിളിന്റെ മൂല്യമാണെങ്കിൽ ഡോളറിൽ നിന്ന് വിടുതൽ ചെയ്ത് സ്വർണ്ണവുമായി റഷ്യ ബന്ധിപ്പിച്ചു, പണ്ട് അമേരിക്ക ചെയ്തതുപോലെ. ഇതിന് ഇത്രയും സ്വർണ്ണശേഖരം റഷ്യയുടെ കൈയിൽ ഉണ്ടാകുമോ എന്നായിരിക്കും സംശയം. ഒരു സംശയവുംവേണ്ട റഷ്യയാണ് സ്വർണ്ണം ഉല്പാദിപ്പിക്കുന്നതിൽ ലോകത്തിലെ രണ്ടാമത്തെ പ്രധാന രാജ്യം. റഷ്യയിലെ ബാങ്കുകളുടെ കൈയിലുള്ള സ്വർണ്ണവും നാട്ടുകാരുടെ കൈയിലുള്ള സ്വർണ്ണവും സർക്കാർ ശേഖരത്തിന്റെ ഭാഗമാക്കി. അതോടെ റൂബിളിന്റെ വിശ്വാസ്യതയേറി. റഷ്യയിൽനിന്നും സാധനം വാങ്ങാൻ താൽപ്പര്യമുള്ളവർ റൂബിൾ വായ്പയ്ക്കായി ശ്രമിച്ചു തുടങ്ങി. അതോടെ റൂബിളിന്റെ വിലയും ഉയർന്നു.
വ്യാപാരത്തിന്റെ
ഡീ-ഡോളറൈസേഷൻ
മറ്റു രാജ്യങ്ങളുമായിട്ട് ഡോളർ ഒഴിവാക്കി കച്ചവടബന്ധം സ്ഥാപിക്കാൻ റഷ്യ ആരംഭിച്ചു. ഇന്ത്യയാണ് ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യൻ രൂപയും റൂബിളും തമ്മിൽ ഒരു മാറ്റനിരക്ക് നിശ്ചയിച്ചു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണ അടക്കമുള്ള സാധനങ്ങൾക്കെല്ലാമുള്ള വില രൂപയിൽ റഷ്യയുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്താൽ മതി. അതുപോലെ റഷ്യ വാങ്ങുന്ന സാധനങ്ങളുടെ വില റൂബിളിൽ ഇന്ത്യയുടെ അക്കൗണ്ടിലും ഇട്ടുകൊടുക്കും. പക്ഷേ, ഇന്ത്യയുടെ ഇറക്കുമതിയാണ് വളരെ കൂടുതൽ. അത് റൂബിളിൽ റഷ്യക്കുള്ള കടമായിത്തീരും. ഭാവിയിൽ റഷ്യ ഇന്ത്യയിൽ നിന്ന് ചരക്കുകൾ ഈ തുകയ്ക്കുള്ളതു വാങ്ങിച്ചുകൊള്ളും. ഏതായാലും ഇന്ത്യ-–റഷ്യ വ്യാപാരത്തിൽ ഡോളറിന് ഇനിമേൽ സ്ഥാനമില്ല. ഇതുപോലെ മറ്റു പല രാജ്യങ്ങളുമായി റഷ്യ കരാർ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഇറാനും റഷ്യയുമായി പുതിയൊരു നാണയംതന്നെ ഉണ്ടാക്കാൻ ആലോചിക്കുകയാണ്. 2023 അവസാനം നടന്ന സുപ്രധാന സാമ്പത്തിക നടപടി ഇന്ത്യയും യുഎഇയും ഡോളർ ഒഴിവാക്കിയതാണ്.
ചൈനീസ് പ്രസിഡന്റ് ഷിയുടെ റഷ്യൻ സന്ദർശനത്തിൽ പ്രധാനപ്പെട്ടൊരു ചർച്ചാവിഷയം ഡീ-ഡോളറൈസേഷൻ ആയിരുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരം പൂർണ്ണമായും ഡോളർ ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. അതിലുപരി ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ബ്രിക്സ്. അതായത് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക. ഈ രാജ്യങ്ങൾ ആരംഭിച്ച ബാങ്കിന്റെ അധ്യക്ഷയായി 2023-ൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബ്രസീലിന്റെ മുൻ ഇടതുപക്ഷ പ്രസിഡന്റാണ്. ലോകവ്യാപാരത്തിന് ഈ രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യത്തോടു ബന്ധപ്പെടുത്തി ഒരു പുതിയ ലോക നാണയം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച തുടങ്ങി.
ഇതിനിടയിലാണ് ബ്രസീൽ സുർ അഥവാ തെക്ക് എന്ന നാണയം സംബന്ധിച്ച് മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി ചർച്ച തുടങ്ങിയത്. ഇക്വഡോർ ഇതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഇപ്പോൾ ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലെ 96 ശതമാനം വ്യാപാരവും ഡോളറിലാണ്. ഇതിൽ വലിയൊരു മാറ്റം വരാനുള്ള തുടക്കം 2023-ൽ ഉണ്ടായി.
രാഷ്ട്രീയ കോളിളക്കം
ഇതെല്ലാം വലിയ കോളിളക്കങ്ങളാണ് ലോക നാണയ വ്യവസ്ഥയിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. എതെ ങ്കിലും ലോകനാണയ പദവിയിൽ നിന്ന് സമീപഭാവിയിലൊന്നും ഡോളറിനെ നിഷ്കാസനം ചെയ്യിക്കാനാവില്ല. എന്നാൽ ഡോളറിന്റെ പ്രാധാന്യം കുറയാമെന്നുള്ള സൂചനയാണ് 2023 നൽകുന്നത്.
ഈ തർക്കങ്ങൾ രാഷ്ട്രീയമാനങ്ങളും കൈക്കൊണ്ടു തുടങ്ങി. എണ്ണയെ നിയന്ത്രിക്കുന്നതിനുവേണ്ടി അറബ് രാജ്യങ്ങളെ തമ്മിൽ യുദ്ധം ചെയ്യിച്ചും സൈനികമായി കടന്നാക്രമിച്ചും കൊണ്ടുള്ള വിദേശനയമാണ് അമേരിക്ക പിന്തുടർന്നു വന്നിട്ടുള്ളത്. അമേരിക്കയെ ചോദ്യം ചെയ്ത ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ തകർത്തു തരിപ്പണമാക്കി. പക്ഷേ, പുതിയ സാമ്പത്തിക ഒഴുക്കുകൾ അമേരിക്കൻ വിദേശനയങ്ങളെ വെല്ലുവിളിക്കുന്നതിലേക്ക് എത്തി.
സൗദി അറേബ്യയും യമനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകൾ ആരംഭിച്ചു. പുടിന് രാജകീയമായ സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. സൗദിയുടെ പുതിയ നീക്കങ്ങൾ അമേരിക്കയെ അറിയിക്കാതെയാണ് നടത്തിയത്. ഇതിൽ കുപിതരായ അമേരിക്ക അവരുടെ രഹസ്യാന്വേഷണ മേധാവിയെത്തന്നെ സൗദി അറേബ്യയിലേക്ക് അയച്ചു. അവർ ഈ സന്ദർശനത്തെ ഗൗനിച്ചില്ല. യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടു പോയി.
ഇതൊക്കെകണ്ട് അമേരിക്കയ്ക്കു വെപ്രാളമായി. ആഫ്രിക്കൻ രാജ്യങ്ങളെ സ്വാധനീക്കാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് നേരിട്ട് ഇറങ്ങി. ചൈനയുടെ കൊളോണിയൽ ഉന്നങ്ങളെക്കുറിച്ച് ജാഗ്രതപ്പെടുത്തിയ അവർക്ക് ഘാന പ്രസിഡന്റ് നൽകുന്ന മറുപടി ട്വിറ്ററിൽ കേൾക്കുകയുണ്ടായി. കമല ഹാരിസിനെ നിർത്തിക്കൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു – : ‘‘വെള്ളക്കാർ ആഫ്രിക്കയിൽ വന്നത് ഞങ്ങളെ കൊള്ളയടിക്കാനാണ്. സ്വത്ത് മാത്രമല്ല, മനുഷ്യരെയും. ചൈന അതൊന്നും ചെയ്യുന്നില്ല. ഞങ്ങൾക്ക് ആവശ്യമായ റോഡും പാലങ്ങളും തുറമുഖങ്ങളും നിർമ്മിക്കാൻ സഹായിക്കുകയാണ്. അതിന് എന്തിന് മറ്റാരെങ്കിലും കെറുവിക്കണം?’’
അമേരിക്കയുടെ മേധാവിത്വം ഇന്ന് സൈനിക കരുത്തിലാണ്. അത് ലോകത്തെ ബോധ്യപ്പെടുത്താനുള്ള യുദ്ധമാണ് ഉക്രയിൻ യുദ്ധം. ഇറാൻ-–സൗദി തർക്കത്തിലെന്നപോലെ ഉക്രെയിൻ യുദ്ധത്തിലും സമാധാനത്തിനായി ഇടപെടാനാണ് ചൈന ശ്രമിക്കുന്നത്. അമേരിക്കയ്ക്ക് ഇത് എത്രയേറെ അലോസരവും ജാള്യതയുമാണ് സൃഷ്ടിക്കുന്നതെന്ന് ചൈനയോടുള്ള അവരുടെ ഹാലിളക്കം കണ്ടാൽ ഏതൊരാൾക്കും മനസ്സിലാകും. പലസ്തീനിലെ ഇസ്രയേൽ അധിനിവേശവും 2023-ൽ ആരംഭിച്ച ഗാസയ‍്ക്കുമേലുള്ള ആക്രമണ യുദ്ധവും പരിഹാരമില്ലാതെ തുടരുകയാണ്. ചെങ്കടൽ മേഖലയിൽ ഹൂതി കടന്നാക്രമണം കപ്പൽ ഗതാഗതത്തിനു തടസ്സമായിരിക്കുന്നു. ചുരുക്കത്തിൽ, ഏകധ്രുവലോകം അതിവേഗത്തിൽ ദുർബലപ്പെടുകയാണ്. അമേരിക്കൻ ആധിപത്യം സാമ്പത്തികമായി ചോദ്യം ചെയ്യപ്പെടുന്നു. ♦
(ദേശീയ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള വാർഷിക അവലോകനം അടുത്ത ലക്കത്തിൽ)