Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിചരിത്രത്തിന്റെയും 
ജീവിതത്തിന്റെയും 
ദര്‍ശനദീപ്തികള്‍

ചരിത്രത്തിന്റെയും 
ജീവിതത്തിന്റെയും 
ദര്‍ശനദീപ്തികള്‍

സി പി അബൂബക്കർ

ഒന്ന്
ന്താണ് നമ്മുടെ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രശ്നം? കവികള്‍ക്ക്, പ്രകൃതത്തില്‍ നോവലിസ്റ്റുകള്‍ക്ക്, ഭാവിയെ ഭാവനചെയ്യാനാവും. പക്ഷേ, അതു നാം ചെയ്തുതുടങ്ങുന്നതോടെ, നമുക്കതില്‍നിന്ന് രക്ഷയില്ലാത്ത വിധം ഭാവി നമ്മെ ആവേശിച്ചുകൊണ്ടിരിക്കും. ചരിത്രവും സാഹിത്യപ്രതിഭയും അന്യാദൃശമായി സമന്വയിക്കപ്പെടുന്ന ഒരു സാഹിത്യയുഗമാണ് നമ്മുടേത്. ഏറെ പരാധീനതകളുണ്ടാവാം. പക്ഷേ, ചരിത്രത്തില്‍നിന്നോ പാരമ്പര്യത്തില്‍ നിന്നോ നമുക്ക് എങ്ങോട്ടും ഒളിച്ചോടാനാവില്ല. അതുകൊണ്ടാണ് നവോമി ആള്‍ഡര്‍മാന്റെ ഫ്യൂച്ചറിലെന്നതുപോലെ നമ്മുടെ മലയാളനോവലുകളിലും ചരിത്രവും പോരാട്ടവും സമരവും നിരന്തരം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. ഒരുപക്ഷേ നാം മുമ്പു പറഞ്ഞതുപോലുള്ള വിമോചനഗാഥകളാവില്ല, ഇന്നു പ്രത്യക്ഷപ്പെടുന്നത്. കണ്‍മുമ്പിലെ അനുഭവങ്ങളുമാവില്ല. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒരുതരം സാര്‍വ്വലൗകികതയുണ്ടെന്ന് പുതിയനോവലുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

രണ്ട്
2022 ലാണ് ഹരിതസാവിത്രിയുടെ സിന്‍ എന്ന നോവല്‍ ആദ്യമായി പുറത്തുവന്നതെങ്കിലും 2023ലാണ് ഈ കൃതി സഹൃദയരുടെ നിതാന്തമായ ശ്രദ്ധയില്‍ വന്നത്. തുര്‍ക്കി കേന്ദ്രീകരിച്ചാണ് സിന്‍ രചിക്കപ്പെട്ടിരിക്കുന്നത്. കുര്‍ദ് ഭാഷകളില്‍ പ്രധാനപ്പെട്ട കുര്‍മാഞ്ചിയിലെ ഒരു പദമാണ് സിന്‍. ജീനി എന്നാണ് അതിന്റെ അര്‍ത്ഥം. ജീനിയില്‍ കാലുറപ്പിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പോരാളികളുടെ ആവേശമാണ് ഈ നോവല്‍ വായനക്കാരിലേക്ക് പകരുന്നത്. യുദ്ധങ്ങള്‍ക്കും ഏകാധിപത്യത്തിനുമെതിരായ ഏറ്റവും ശക്തമായ രചനകളിലൊന്നാണ് ഹരിതസാവിത്രിയുടെ ഈ നോവല്‍. അവതാരികയില്‍ എന്‍ എസ് മാധവന്‍ പറയുന്നതുപോലെ ‘നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്’. എന്നാല്‍ സ്വതസിദ്ധമായ ഭാവനയുടെയും പ്രതിഭയുടെയും അന്യാദൃശമായ ഒരു സങ്കലനം ഈ നോവലിലെ ആദ്യപുറം മുതല്‍ അവസാനപുറം വരെ കാണാനാവും. സ്ത്രീയുടെ വളരെ സമ്പന്നമായ ഒരു സമരപങ്കാളിത്തം ഈ നോവലിലുടനീളമുണ്ട്. ഏതുവാതിലില്‍ സഹായത്തിനുവേണ്ടി മുട്ടുമ്പോഴും അതു തുറക്കുന്നത് സ്ത്രീകളാണ്. മരണത്തിനു താഴ്ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമുയര്‍ത്തിപ്പിടിക്കുന്നു ഈ നോവല്‍. ഈ മാതൃഭൂമി പ്രസിദ്ധീകരണം കാലദേശങ്ങള്‍ക്കപ്പുറം എവിടെയുമുള്ള മനുഷ്യാവസ്ഥയെ സമീകരിക്കുകയാണ് ചെയ്യുന്നത്.

2022–ല്‍ തന്നെയാണ് അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവ് പ്രസിദ്ധീകൃതമായത്. ദേശമെഴുത്തിന്റെ അനന്യമായ മാതൃകയായി നോവല്‍ ഇതിനകം വാഴ്ത്തപ്പെട്ടിട്ടുണ്ട്. സത്യവും സങ്കല്പവും മുറുകിപ്പിണയുന്ന അസാധാരണമായ ഒരു രചനാശില്പം കാട്ടൂര്‍ക്കടവിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കെ യെന്നും ഡി യെന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളുടെ സംഘട്ടനവും ഐക്യവുമാണ് ഈ നോവലിലെ പ്രതിപാദ്യം. ഇതാണ് നോവലിന്റെ വൈരുദ്ധ്യശാസ്ത്രം. പക്ഷേ, അവരുടെ വേരുകളിലേക്കു കൂടി നോവലിസ്റ്റിന്റെ രചനാകൗശലം ചെന്നെത്തുന്നു. അതോടെയാണ് നോവല്‍ ഇതിഹാസമാനമുള്ളതായിത്തീരുന്നത്. ഒരു ദേശം ലോകമായി വികസിക്കുകയും ഒരു ലോകം ഒരു ദേശമായി സങ്കോചിക്കുകയും ചെയ്യുന്നു. ഡി യുടെ രോഷത്തിനുള്ള മറുമരുന്നൊന്നും കെ യുടെ സ്നേഹത്തിലില്ല. സംഘര്‍ഷത്തിന്റേതായ ഈ പാരസ്പര്യമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. നോവലിന്റെ അനേകം പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

ഷീലാ ടോമിയുടെ പലസ്തീന്‍നോവലും 2022þലെ ലബ്ധികളിലുണ്ട്. ആ നദിയോട് പേരു ചോദിക്കരുത് എന്നാണ് ആ നോവലിന്റെ തലക്കെട്ട്. കാരണം, ആ നദിക്ക് വല്ലാത്ത ആഴമുണ്ട്. പലസ്തീനിലെ മണ്ണില്ലാത്ത മഹാചരിത്രത്തില്‍ നിവസിക്കുന്ന ജനങ്ങളുടെ കഥയാണതിലുള്ളത്. ലോകമുതലാളിത്തവും സാമ്രാജ്യത്വവും കടുത്ത വഞ്ചനയ്ക്ക് വിധേയമാക്കിയ ഒരു ജനതയാണ് പലസ്തീൻകാർ. ദീര്‍ഘകാലമായി ഓരോ പലസ്തീനിയും കേവലമായ ഒരു ഐഡന്റിറ്റി കാര്‍ഡാണ്. നിരന്തരം പലായനം ചെയ്യുന്ന പലസ്തീനികളുടെ ചിത്രമാണ് ഷീല നോവലില്‍ വരച്ചിട്ടിരിക്കുന്നത്. ഇപ്പോള്‍ പലായനത്തെ സ്വന്തം അധിവാസകേന്ദ്രമായി സ്വീകരിക്കേണ്ടിവന്ന ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരു ജനതയുടെ കഥകൂടിയാണിത്. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവേണ്ടിവന്ന ഒരു മഹാജനതയുടെ ദീനചിത്രം വരയുകയല്ല നോവലിസ്റ്റെന്ന് ഞാന്‍ പറയും. അവരുടെ സഹനവും സ്ഥൈര്യവും ആവിഷ്കരിക്കുകയാണ് ഷീലചെയ്യുന്നത്.

മൂന്ന്
ഡോ എം എ സിദ്ദീഖിന്റെ പ്രഥമനോവല്‍ ഭാഷയ്ക്ക് ലഭിച്ചത് ഈ വര്‍ഷമാണ്. ദേശാഭിമാനി വാരിക പത്രാധിപരായിരിക്കെ നോവലിന്റെ ആദ്യരൂപത്തിലൂടെ കടന്നുപോവാനെനിക്ക് കഴിഞ്ഞിട്ടുണ്ട്. 2023ല്‍ പാപ്പാത്തി ബുക്സ് ആ നോവല്‍ പ്രസിദ്ധം ചെയ്തിരിക്കുന്നു. കുമാരനാശാന്റെ ദുരന്തപൂര്‍ണ്ണമായ മൃതിയുടെ പശ്ചാത്തലമാണ് ഈ നോവലിനുള്ളത്. കുമാരു 26 മണിക്കൂര്‍ എന്നാണ് നോവലിന്റെ ശീര്‍ഷകം. സ്വന്തം കവിതകളില്‍ ഏറ്റവും വലിയ അസംസ്കൃതവസ്തുവായി മഹാകവികണ്ടിരുന്നത് മൃതിയെയായിരുന്നു. വീണപൂവുമുതല്‍ തുടങ്ങുന്നുണ്ട് ഈ മരണാഭിമുഖ്യം. ലീലയിലും നളിനിയിലുമെല്ലാം ഇതുണ്ട്. മൃതിക്കടുത്തുനില്ക്കുന്ന മറ്റനേകം പ്രമേയങ്ങളും കവി സ്വീകരിച്ചിട്ടുണ്ട്. കുമാരു എന്നനോവലില്‍ കുമാരനാശാനെ വധിക്കുവാനൊരുമ്പെട്ടിറങ്ങിയിരിക്കുന്ന ഒരു സംഘത്തിന്റെ കഥയാണ് സിദ്ദീഖ് മാഷ് ആവിഷ്കരിക്കുന്നത്. കൊലചെയ്യാന്‍ നിയോഗിക്കപ്പെടുന്ന കൊലയാളിക്ക് ചില ധര്‍മ്മങ്ങളുണ്ട്. ആരെയാണ് കൊല്ലേണ്ടത്, അയാള്‍ ആരായിരുന്നു തുടങ്ങി കവിയെ ആഴത്തിലറിയാന്‍ നോവലിലെ കൊലയാളി ശ്രമിക്കുകയാണ്. മൃതിയുടെ മുഖാവരണമണിഞ്ഞ ഭാഷയുടെ പ്രതലങ്ങളെ ഉടച്ച് അമര്‍ത്ത്യതയുടെ കവിഭാഷ സൃഷ്ടിച്ച മഹാകവിയാണ് കുമാരനാശാന്‍. ഒരു കൊലയാളിക്കും എത്രപിന്തുടര്‍ന്നാലും തൊടാനാവാത്ത മേധാശക്തിയും പ്രതിഭയുമുണ്ടായിരുന്നു കുമാരനാശാന്. വളരെ സവിശേഷമായ ഒരു സങ്കേതമാണ് നോവലിസ്റ്റ് അവലംബിക്കുന്നത്. ഈ പാപ്പാത്തി പുസ്തകം 2023ലെ പ്രധാനമായ ഒരു ലബ്ധിയാണെന്നതില്‍ സംശയമില്ല.

ചരിത്രമെഴുതുന്നവര്‍ ദര്‍ശനമെഴുതുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രരചനകളെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ടാവുന്നത്. നോവലുകള്‍ ചരിത്രത്തെ ആധാരമാക്കുമ്പോള്‍ അവ പുതിയൊരു ചരിത്രനിര്‍മ്മാണം കൂടി നടത്തുകയാണ് ചെയ്യുന്നത്. ചരിത്രത്തെയും ജീവിതത്തെയും രൂപപ്പെടുത്തുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന പുതിയൊരുഭൗതികശക്തിയായിത്തീരുകയാണ് ഈ നോവലുകളില്‍ ചരിത്രം. വി ഷിനിലാലിന്റെ ‘ഇരു’ എന്നനോവല്‍ പുതിയ ചരിത്രനോവലാണ്. തിരുവിതാംകൂര്‍ പ്രദേശത്ത് ജീവിച്ചുമരിച്ചുപോയ മനുഷ്യരുടെ മുന്നൂറുവര്‍ഷത്തെ കഥയാണ് ഈ നോവലിലാവിഷ്കൃതമാവുന്നത്. സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ കണ്ടെത്തിയ ഒരു വിള്ളലില്‍നിന്നത്രേ ‘ഇരു’ ആരംഭിക്കുന്നത്. സഹ്യപര്‍വ്വതത്തിന്റെ അധിത്യകകളിലും ഉപത്യകകളിലുമുണ്ടായിരുന്ന ഗോത്രജീവിതമാണ് ഈ നോവലിലുള്ളത്. ഗോത്രജനവിഭാഗങ്ങള്‍ മുമ്പും മലയാളനോവലില്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും ഹിംസയില്‍ വേരൂന്നിനില്‍ക്കുന്ന ആവാസവ്യവസ്ഥകളെ അവതരിപ്പിക്കാനാണ് ഷിനിലാല്‍ശ്രമിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയിലെ ‘രണ്ടാമധ്യായത്തിലെ കഥാദിവസത്തിനും മൂന്നും നാലും അദ്ധ്യായങ്ങളിലെ കഥാദിവസത്തിനുമിടയിലുള്ള മൂന്നനാലുദിവസങ്ങളില്‍ ഒരു സംഭവവും നടക്കുന്നില്ല. രാമവര്‍മ്മരാജാവിന് ദീനം കൂടിയതറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവ്. ചാരോട്ട് കൊട്ടാരത്തില്‍വിശ്രമിക്കുകയായിരുന്ന അയാളെ തമ്പിമാരുടെ വിശ്വസ്ത അനുചരരായ വേലുക്കുറുപ്പും പടയാളികളും കൂടി ആക്രമിക്കുന്നു. അയാള്‍ കാടുമേടുകളിലൂടെ ഓടി രക്ഷപ്പെടുന്നു. വഴിയില്‍ ഒരു ചാന്നാന്‍ അയാളെ അമ്മച്ചിപ്ലാവിന്റെ പോടിനകത്ത് കയറി ഒളിക്കാന്‍ സഹായിക്കുന്നു. അതിനുശേഷമുള്ള ദിവസങ്ങളാണ് മഹാനായ സി വി എനിക്കായി ഒഴിച്ചിട്ടിരിക്കുന്നത്'(ഷിനിലാല്‍).അങ്ങനെ ചരിത്രത്തിന്റേയും ഒരു ചരിത്രനോവലിന്റേയും പശ്ചാത്തലമാണ് ഇരുവിനുള്ളത്. ഡി സി ബുക്സാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കക്രാന്തിയുടെ രചയിതാവായ ഷിനിലാല്‍ പുതിയൊരു മേച്ചില്‍പ്പുറമാണ് തന്റെ ബൃഹത്തായ നോവലിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്.

ചരിത്രമോ ഇതിഹാസമോ പുരാണമോ ഖനനം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശക്തമായ രചനകള്‍ക്കുള്ള അസംസ്കൃവസ്തുക്കള്‍ കണ്ടെത്താന്‍ കഴിയും. സാറാ ജോസഫിന്റെ ‘കറ’എന്നനോവലും ഇതുപോലൊരു ഖനനത്തില്‍നിന്നു കിട്ടിയതാണ്. ഇവിടെ പര്യവേക്ഷണത്തിനു വിധേയമായ കൃതി ബൈബിളാണ്. ബൈബിളില്‍നിന്ന് അസംഖ്യം സാഹിത്യകൃതികള്‍ ലോകഭാഷകളിലുണ്ടായിട്ടുണ്ട്. അബ്രഹാമില്‍നിന്ന് പിരിഞ്ഞ് സ്വന്തമായ യാത്രനടത്തിയ ലോത്തിന്റെ കഥയാണ് കറയിലാവിഷ്കൃതമാവുന്നത്. സോദോമിലെത്തിച്ചേരുന്ന ലോത്ത് നേരിടുന്ന അനീതിയും ആക്രമണവും നോവലില്‍ വരയ്ക്കപ്പെടുന്നു. ശത്രുതയും സ്നേഹമില്ലായ്മയും അനാചാരങ്ങളും കുത്തഴിഞ്ഞ ലൈംഗികതയും ആസക്തികളും നിറഞ്ഞ ഒരു ലോകത്തെയാണ് ലോത്ത് മാറ്റത്തിനു വിധേയമാക്കാന്‍ ശ്രമിക്കുന്നത്. സൊദോമിന്റെ വിനാശത്തോടെ ലോത്തും മക്കളും അനാഥവും നിസ്സഹായവുമായ ഒരു ജീവിതത്തിലേക്ക് തള്ളപ്പെടുന്നു. ലോത്ത് വംശാവലികളെ തന്റെ ദര്‍ശനങ്ങളില്‍ കണ്ടെത്തുകയായിരുന്നു. കാലവും ഭൂപ്രകൃതിയും മനുഷ്യസംസ്കൃതിയും മാറിമാറി വരുന്നതായി ലോത്തിന് മനസ്സിലാവുന്നു. പഴയ ക്രൂരനിയമങ്ങളുടെ സ്ഥാനത്താണ് സ്നേഹത്തിന്റെ പ്രവാചകന്‍ പ്രത്യക്ഷമാവുന്നത്.

‘കണ്ണിനുപകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു നിങ്ങള്‍ഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ പറയുന്നു, അതു തള്ളിക്കളയുക…. സ്നേഹിക്കുവിന്‍. ശത്രുവിനെയും സ്നേഹിക്കുവിന്‍…. ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാന്‍ ആര്‍ക്കു കഴിയും?’ ഉള്ളിന്റെയുള്ളില്‍ ലോത്ത് ആഗ്രഹിച്ചിരുന്നത് ഇതായിരുന്നു. തൃശ്ശൂര്‍ കറന്റ് ബുക്സിന്റെ പ്രസിദ്ധീകരണമാണ് സാറ ടീച്ചറുടെ ഏറ്റവും പുതിയ ഈ നോവല്‍.

എന്റെ കൈയില്‍ പുസ്തകമായി കിട്ടിയില്ലെങ്കിലും ഇന്ദുഗോപന്റെ ‘ആനോ’ എന്ന കൃതിയെക്കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് എഴുതുന്നത് ന്യായമല്ല. ഒരാനയുടെ കഥയാണത്. പോപ്പ് തിരുമേനിക്കായി സമ്മാനം നൽകാനായി മലയാളദേശത്തുനിന്നും കൊണ്ടുപോയ ഒരാനക്കുട്ടിയുടെ ദുരന്തപര്യവസായിയായ കഥ. നവോത്ഥാനകാലത്തെ പശ്ചിമയൂറോപ്പിന്റെയും അതുമായി ബന്ധപ്പെട്ട ഇതരരാജ്യങ്ങളുടെയും മലയാളദേശത്തിന്റെയും ചരിത്രമാണ് ഈ നോവലില്‍ വിവരിക്കപ്പെടുന്നത്. ഇന്ദുഗോപന്റെ സവിശേഷമായ രചനാകൗശലം വഴി ആനക്കുട്ടിയും ആനക്കാരനും പോപ്പും പോര്‍ച്ചുഗീസ് രാജാവും മറ്റനേകം കഥാപാത്രങ്ങളും ജീവനുള്ള സാന്നിധ്യമായി ഈ നോവലിലുണ്ട്. സീരിയലൈസ് ചെയ്ത നോവല്‍ വായിച്ച ഓര്‍മ്മയില്‍നിന്നാണിതു പറയുന്നത്. ചരിത്രത്തെ സര്‍ഗ്ഗാത്മക കൃതിയാക്കുമ്പോള്‍ പാലിക്കാവുന്ന മര്യാദകളെല്ലാം ഇന്ദുഗോപന്‍ പാലിച്ചിരിക്കുന്നുവെന്ന് മാത്രം പറയാം.

നാല്
പുതിയകാലം ക്രൂരതകളുടേതെന്നല്ല, അതെല്ലാം പദ്ധതികളായിട്ടാണ് വ്യവഹരിക്കപ്പെടുന്നത്. അവിടെ ആര് ആരെ കൊല്ലാനിറങ്ങുന്നു, എന്തിന് അത് ചെയ്യുന്നു എന്നു തുടങ്ങിയുള്ള നൈതികപ്രശ്നങ്ങളൊന്നുമില്ല. വിജയിക്കുമോ, അതിനായി ക്രമീകരിക്കപ്പെട്ട സംവിധാനങ്ങളുടെ ഫലപ്രാപ്തി എത്രമാത്രം സുനിശ്ചിതമാണ് എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിപ്പോകുന്നത്. ഇത്തരം ലോകക്രമങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് വി കെ കെ രമേശിന്റെ പിശാചിന്റെ വാരി എന്ന നോവല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒട്ടൊക്കെ വിരുദ്ധഗതിപിടിക്കുന്ന ആഖ്യാനമാണ് നോവലിസ്റ്റ് കൈക്കൊണ്ടിട്ടുള്ളത്. ഒരര്‍ത്ഥത്തില്‍ ഇന്‍സെന്‍സിറ്റീവായ പ്രത്യേകതരം അനുഭവങ്ങള്‍. അതിന്റെ കറുപ്പ് വ്യാപിക്കാത്ത മറ്റൊരിനം ആഖ്യാനവും.

തിരശ്ചീനമായ ജീവിതത്തിനു പകരമായി ലംബമായ ജീവിതമാണ് ഇതിലെ കഥാപാത്രങ്ങള്‍ നയിക്കുന്നത്. അതായത് ഫ്ളാറ്റ് ജീവിതം. സര്‍വ്വീസില്‍നിന്ന് പിരിഞ്ഞ കേണല്‍, അദ്ദേഹത്തിന്റെ മകള്‍, മകളുടെ ജാരന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. കേണലിനെ ലാഭകരമായി കൊല്ലാന്‍ മകളും ജാരനും തീരുമാനിക്കുന്നതില്‍നിന്ന് ആരംഭിക്കുന്ന കഥ അതിലേക്കായി അവതരിക്കപ്പെടുന്ന വിചിത്രമായ പ്രയോഗരീതികളിലൂടെ വികസിക്കുകയാണ്. ഇതത്രയും തികച്ചും നൂതനമാണെന്ന് പറയാതെവയ്യ. എക്സിക്യൂഷന്‍കൊലപാതകം നടത്താന്‍ കൊലയാളിക്ക് ഏവിയേഷന്‍ സൈ ക്കോളജിസ്റ്റിന്റെ കൗണ്‍സിലിങ്, കൊലപാതകത്തിന്റെ ക്വട്ടേഷന്‍പോകുന്നത് ഇവെന്റ് മാനേജ്മെന്റ് ടീമിന്. ഇത്തരം പാതികിറുക്കിന്റെ സഫലയുക്തികള്‍ ഇതില്‍ എമ്പാടും കാണാം. ഇതിനൊത്ത ആഖ്യാനരീതികൂടിയാകുമ്പോള്‍ വായനക്കാരന്‍ നോവലിസ്റ്റിന്റെ കഥനമനസ്സിന്റെ ഭാഗമായിത്തീരും. തലകീഴായ യുക്തികൊണ്ട് നടത്തിയെടുക്കുന്ന അനവധി കീഴ്മേല്‍മറിച്ചിലുകള്‍, അത്തരം അട്ടിമറി നരേഷനില്‍ ഉടനീളം കാണാം. കാഥാപാത്രങ്ങളും അവരുടെ തൊഴിലുകളും അതിനെത്തന്നെ പാരഡിവത്കരിച്ചുകൊണ്ട് നടത്തുന്ന കൂത്തുകളുമെല്ലാം വായനാവസരത്തില്‍ നമ്മെ നന്നായി രസിപ്പിക്കും. നമുക്ക് കേട്ടുകേള്‍വിയുള്ള ഒരു ലോകത്തെ അതിന്റെ സഹജക്രമങ്ങളുടെ മേഖലയിലൂടെയും, അതിന് ഉചിതമായ സാങ്കേതികതയിലൂടെയും, സംഭവപരമ്പരകളിലൂടെയും നിയതമായി അടയാളപ്പെടുത്തുന്നു, ഈ കൃതി. നിലവിലെ സാഹിത്യനിര്‍മ്മിതിയുടെ ഭാവക്രമങ്ങളെയെല്ലാം നിസ്സാരമായി അട്ടിമറിച്ചുകൊണ്ട് സുന്ദരമായി, രസികത്വത്തോടെ ഈ നോവല്‍ നമുക്കു മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്നു.

തമസ്സിനെതിരെ പ്രകാശത്തെയും തിന്മയ്ക്കെതിരെ നന്മയെയും ഉയര്‍ത്തിപ്പിടിക്കുകയാണ് അപസര്‍പ്പകകഥകള്‍ ചെയ്യുന്നതെന്ന് സാമാന്യമായി പറയാം. ദൈനംദിനജീവിതത്തില്‍ മനുഷ്യന് കാണാനും അനുഭവിക്കാനുമാവാത്ത സംഭവങ്ങളുടെ ഒരു ഭാവാനുഭവം അവ നമുക്ക് നല്‍കുന്നു. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിന് അപസര്‍പ്പകകഥകളില്‍ നിന്ന് നല്ല പ്രചോദനവും ഉത്തേജനവും ലഭിക്കുന്നു. മനുഷ്യവംശത്തിന്റെ ഇരുളാണ്ടവശങ്ങളെപ്പറ്റിയുള്ള ജിജ്ഞാസയെ അത്തരം കഥകള്‍ തൃപ്തിവരുത്തുന്നു. ഈ ഗുണവിശേഷങ്ങളുള്ളതുകൊണ്ടാണ് സർ ആര്‍തര്‍ കോനന്‍ ഡോയലും അഗതാക്രിസ്റ്റിയും അലിസ്റ്റര്‍ മാക്ലീന്‍സുമെല്ലാം നമ്മുടെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത്. അന്‍വര്‍ അബ്ദുള്ളയുടെ ത്രില്ലര്‍സീരീസിലെ കൃതിയാണ് ഡി.സി. ബുക്സ് പ്രസാധനം ചെയ്തിട്ടുള്ള വണ്‍ ബൈ വണ്‍ എന്ന നോവല്‍. പലതരത്തിലും ഷെര്‍ലക്ക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന ജിബ്രീല്‍ അലിയും സഹോദരനായ ജിബ്രീല്‍ അബുവുമാണ് നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. സദാസമയവും മദ്യപിക്കുകയും കഞ്ചാവുപോലുള്ള മരുന്നുകള്‍ സേവിക്കുകയും ചെയ്യുന്ന ഷെര്‍ലക്കിയന്‍ സ്വഭാവവിശേഷങ്ങളുള്ള ജിബ്രീല്‍ അലി കുറ്റകൃത്യങ്ങളെ വിശകലനം ചെയ്ത് സ്വന്തം നിഗമനങ്ങള്‍ യു ട്യൂബ് വഴി പ്രസിദ്ധീകരിക്കുകയാണ്. ഇത് പൊലീസിനുപോലും അസ്വാസ്ഥ്യമുണ്ടാക്കാറുണ്ട്. അന്‍വറിന്റെ രചനയില്‍ പലേടത്തും കവിതയും ഗൗരവമേറിയ ജീവിതനിരീക്ഷണങ്ങളും കടന്നുവരുന്നുണ്ട്. ഗവിയിലെ വനപാലകനായ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകനായ രാജാസ്വാമിയുടെ ആത്മഹത്യ, എഞ്ചിനീയര്‍ വിനോദിന്റെ കൊലപാതകം എന്നിവ അന്വേഷിക്കാമോ എന്നചോദ്യത്തില്‍ നിന്ന് ഈ കൃതിയിലെ കുറ്റാന്വേഷണം സമാരംഭിക്കുന്നു. ഈ കൃതിയിലെ ശില്പദീക്ഷ അനിതരസാധാരണമാണ്. കുറ്റാന്വേഷണത്തിന് സമാശ്വാസകരവും ശുഭാപ്തിവിശ്വാസപരവുമായ ഒരു ഡിക്റ്റം, ഒരു പ്രമാണവാക്യം, ഈ നോവലിനെയും കുറ്റാന്വേഷകനെയും കഥാകൃത്തിനെയും നയിക്കുന്നുണ്ട്: ‘ഏതുമീനിനും ഒന്നു പൊങ്ങിവന്ന് വെള്ളത്തിന്റെ മീതെ തലകാണിക്കാതെ വെള്ളത്തിനടീത്തന്നെ കിടക്കാന്‍ പറ്റില്ല’ എന്നതാണ് ജിബ്രീല്‍ അലിയുടെ പ്രമാണവാക്യം.

അഞ്ച്
വി ജി തമ്പിയുടെ ‘ഇദം പാരമിതം’ എന്നനോവല്‍ വളരെ സവിശേഷമായ രീതിയിലെഴുതപ്പെട്ടിരിക്കുന്ന ഒരു കൃതിയാണ്. രണ്ട് അവതാരികകള്‍, നാല് പിന്‍കുറിപ്പുകള്‍ ഈ കൃതിയോടൊപ്പം യാത്രചെയ്യുന്നുണ്ട്. അവ്യക്തമോഹനമായ ഒരു ഗന്ധത്തിന്റെ അടരുകള്‍ പുസ്തകത്തിന്റെ ഓരോ അനുച്ഛേദത്തിലും വിടര്‍ന്നുവരുന്നുണ്ട്. പ്രവാചകന്മാരുടെയും ദാര്‍ശനികരുടെയും ചിന്തകളുടെ വഴിയിലാണ് കൃതിയുടെ സഞ്ചാരം. നിലയ്ക്കാത്തൊരന്വേഷണത്തിന്റെ ഫലശ്രുതിയാണ് നോവലിലുടീളം അനുഭവവേദ്യമാവുന്നത്. ചരിത്രവും ദര്‍ശനവും പരിസ്ഥിതിയും പരിസരവും പ്രകൃതിയുമെല്ലാം നോവലിന്റെ ഓരോ താളിലും ഇതള്‍വിരിയിക്കുന്നുണ്ട്. പാരമിതമായ ലോകമെന്ന ദര്‍ശനത്തിന്റെ ആവിഷ്കാരമാകാം ഈ രചന. ആഷാമേനോനും ബോബിജോസ് കട്ടികാടുമാണ് നോവലിന് അവതാരികയെഴുതിയിരിക്കുന്നത്. അപാരതയിലേക്ക് ഒരു ക്ഷണം എന്നപേരില്‍ ധ്യാന്‍ ദര്‍പ്പണും നേരമായി നേരമായി എന്നപേരില്‍ ജെനി ആന്‍ഡ്രൂസും മൗനത്തിന്റെ മുക്തി പദങ്ങള്‍ എന്നപേരില്‍ ശ്രീകാന്ത് കോട്ടക്കലും യാത്രകളുടെ പുസ്തകം എന്നപേരില്‍ സി എഫ് ജോണും പിന്‍കുറിപ്പുകളെഴുതിയിരിക്കുന്നു. നോവലിസ്റ്റിന്റെ വിസ്തരിച്ച ആമുഖവുമുണ്ട്. കൃതിയുടെ നന്മതിന്മകള്‍ വിലയിരുത്തുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. മാതൃഭൂമിയാണ് വി ജി തമ്പിയുടെ ഈ ആദ്യനോവല്‍ പ്രസാധനം ചെയ്തത്.

ആറ്
പ്രളയം മുഖ്യകഥാപാത്രമായി അവതരിപ്പിക്കപ്പെടുന്ന നോവലാണ് അനീഷ് ഫ്രാന്‍സിസിന്റെ ‘തക്കക്കേട് ’. ഏതു വലിയദുരന്തത്തെയും അതിജീവിക്കാന്‍ മനുഷ്യസ്നേഹത്തിനു കഴിയും എന്നത് 2018ലെ മഹാപ്രളയം കേരളീയര്‍ക്ക് നല്‍കിയ മഹത്തായ പാഠമാണ്. കഥയെന്ന പ്രിസത്തിലൂടെ ഓര്‍മ്മകള്‍ കടത്തിവിട്ട് മഹാപ്രളയത്തിനും അതിജീവനത്തിനും പുനരാഖ്യാനം നല്‍കുകയാണ് നോവലിസ്റ്റ്. നോവലില്‍ നിയതമായ കഥയൊന്നുമില്ല. 140 രൂപ വിലയുള്ള ഈ നോവല്‍ ഡി സി ബുക്സാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

വിഷ്ണുപ്രിയയുടെ കണ്ണുകളിലൂടെ ഗാന്ധിജിയും അദ്ദേഹത്തിന്റെ ജീവിതവും കണ്ടെത്താനുള്ള നല്ല പരിശ്രമമാണ് പിന്നോട്ടുപായുന്ന തീവണ്ടി എന്ന നോവല്‍. ഗാന്ധിജി സഞ്ചരിച്ചവഴികളിലൂടെ അന്‍സാരി സാഹിബിനൊപ്പം വായനക്കാരും യാത്രതുടങ്ങുകയായി. ദരിദ്രനാരായണന്മാരുടെ കണ്ണീരിന്റെ പുഴകടന്ന്, മതവൈരത്താല്‍ വിഭജിക്കപ്പെട്ട മനുഷ്യരുടെ ഭീതിയുടെ തുരങ്കങ്ങള്‍ നൂണ്ട്, പ്രത്യാശയുടെ ഏതോ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കുകയാണ് ഈ തീവണ്ടി. ഈ ഗാന്ധി നോവല്‍ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. ഗാന്ധിജി എന്ന മഹാഗ്രന്ഥത്തിന്റെ പാരായണത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കാനുള്ള ശ്രമമാണ് ഈ കൃതി. നാസര്‍ കക്കട്ടിലാണ് നോവലിസ്റ്റ്. ഈ കൃതി കറന്റ് ബുക്സിന്റെ പ്രസിദ്ധീകരണമാണ്.

ഏഴ്
മിനി പി സി യുടെ ഏറ്റവും പുതിയനോവല്‍, ‘വേര്’ പുറത്തിറങ്ങിയതും 2023 ലാണ്. ഒരു ചെറുഗ്രാമത്തിന്റെ വര്‍ത്തമാനത്തില്‍ നിന്ന് , അവതാരികാകാരന്‍ സുനില്‍ പി ഇളയിടം വിവരിക്കുന്നതുപോലെ ‘ചരിത്രപരവും അനുഭൂതിപരവുമായ – സവിശേഷതകളെ അഭിസംബോധന ചെയ്തുകൊണ്ടും ആഖ്യാനത്തില്‍ അവയെ സാന്ദ്രമായി സന്നിവേശിപ്പിച്ചുകൊണ്ടുമാണ് മിനി തന്റെ നോവല്‍ വികസിപ്പിക്കുന്നത്. ഒരു ഭാഗത്ത് അത് കാരോത്ത് പറമ്പെന്ന ചെറിയപ്രദേശത്തിന്റെ ഇത്തിരിവട്ടംപോന്ന നാലതിരുകളില്‍നിന്ന് ചുറ്റിലേക്കും പടരുന്നു; നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള പറങ്കിപ്പടയോട്ടങ്ങളിലേക്കും പുതിയകാലത്തിന്റെ തൊഴിലിടങ്ങളിലേക്കും വരെ ചിതറിപ്പരക്കുന്നു…..’. നാനാജാതിമതങ്ങളുടെ അടയാളങ്ങള്‍ സമൃദ്ധമാണ് ഗ്രാമത്തില്‍. നോവലില്‍ എണ്ണമറ്റ ജീവിതസന്ദര്‍ഭങ്ങളുണ്ട്. ഐതിഹ്യപടലങ്ങളുണ്ട്. ചരിത്രത്തിന്റെ അങ്ങേത്തലയില്‍ നിന്ന് വര്‍ത്തമാനജീവിതത്തിന്റെ തിളക്കവും മയക്കവുമുള്ള ഏടുകളായി നോവല്‍ മാറിയും മറിഞ്ഞും വരുന്നുണ്ട്. വായനയുടെ സമാപനഘട്ടമെത്തുന്നതിനു മുമ്പ്, നോവല്‍ ഒരുതരം ഭ്രമാത്മകതയില്‍ കടന്നുചെല്ലുന്നു. വിശദാംശങ്ങളുടെ ധാരാളിത്തമുണ്ടാവും നോവലില്‍ എന്നു കേട്ടറിഞ്ഞ ചില നോവലിസ്റ്റുകള്‍ ചെയ്യാറുള്ളതുപോലെ അസംബന്ധവിശദാംശങ്ങളല്ല മിനി ഈ നോവലിലവതരിപ്പിക്കുന്നത്. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ ഒരിന്ദ്രജാലം നോവലിലുടനീളം കാണാനാവുന്നുണ്ട്. 430 പേജുകളിലായി പരന്നു നില്ക്കുന്നത് കാമ്പുള്ള ജീവിതവും ഗരിമയാര്‍ന്ന ചരിത്രബോധവുമാണെന്ന കാര്യത്തില്‍ സംശയമില്ല. മാതൃഭൂമി ബുക്സാണ് വേരു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2023 ലേതായി പരിശോധനയ്ക്കു വിധേയമാക്കിയ അവസാനത്തെ നോവല്‍ വിനോയ് തോമസിന്റെ ‘മുതല്‍’ ആണ്. മുതല്‍ എന്നാല്‍ ഇംഗ്ലീഷില്‍ കാപിറ്റല്‍ എന്നു പറയുന്ന ആ സാധനം തന്നെയാണ്. എന്താണ് മുതലെന്ന അന്വേഷണത്തില്‍ വലിയപരിശ്രമം നോവലിസ്റ്റ് നടത്തിയിട്ടുണ്ട്. ‘മുതലിന് അനേകം രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിന്റെ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ അങ്ങനെയല്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. ‘മുതലിനെപ്പറ്റിയുള്ള ചിന്ത അനേകം ദാര്‍ശനികമാനങ്ങളിലേക്ക് നോവലിസ്റ്റിനെ നയിക്കുന്നുണ്ട്. അതോടൊപ്പം കാമ്പുള്ള ഈ വിഷയത്തെ രസിപ്പിക്കുന്നൊരു കഥപറച്ചിലായി രൂപപ്പെടുത്താന്‍ വിനോയ് തോമസിനു കഴിഞ്ഞിട്ടുണ്ട്, ഹരോള്‍ഡ് റോബിന്‍സിനെയും ആര്‍തര്‍ ഹെയ്ലിയെയും പോലെ. ഡി സി ബുക്സിന്റെ പ്രസിദ്ധീകരണമാണ് ഈ നോവല്‍.

ചരിത്രവീക്ഷണവും വൈവിദ്ധ്യപൂര്‍ണ്ണമായ ദര്‍ശനദീപ്തികളും മലയാളനോവലിനെ സമ്പന്നമാക്കിയ ഒരു വര്‍ഷമാണു കടന്നുപോയത്. മനുഷ്യാനുഭവങ്ങളുടെ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ആവിഷ്കാരങ്ങളാകുന്നതിനൊപ്പം, കാലത്തെ പ്രമേയമായും രചനാരൂപമായും സ്വീകരിക്കുകയും ചെയ്യുന്നു അവ. കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളില്‍നിന്ന്, ഇടശ്ശേരിക്കവിതയിലെന്ന പോലെ, എവിടെയെല്ലാം മനുഷ്യര്‍ ആര്‍ത്തരാകുന്നുവോ, അവിടേക്കെല്ലാം നോവലിസ്റ്റിന്റെ കണ്ണും ഹൃദയവും സഞ്ചരിക്കുന്നു. സാങ്കേതികതയുടെ പുതുപാതകള്‍ ഈ യാത്രകളെ അനായാസമാക്കുന്നുണ്ടാവാം. പക്ഷേ, ചരിത്രത്തെയും വര്‍ത്തമാനകാലത്തെയും നേര്‍ക്കുനേര്‍ നിന്നും, ആഴത്തില്‍ പഠിച്ചുമല്ലാതെ ഈ യാത്രകളെ പൂര്‍ത്തിയാക്കാനാവില്ല. അങ്ങനെ നോക്കുമ്പോള്‍ മലയാള നോവല്‍ അതിന്റെ പരിപക്വമായ ഒരു കാലത്തിലാണിപ്പോള്‍ എന്നു നിസ്സംശയം പറയാം. മനുഷ്യനെന്ന പദത്തെ, കാലദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി അത് നിരന്തരം വലുതാക്കിക്കൊണ്ടേയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 7 =

Most Popular