ഇരുനൂറില്‍ പരം സിനിമകള്‍ തിയേറ്ററുകളിലും ഒ ടി ടിയിലും ആയി പ്രദര്‍ശിപ്പിച്ച് മലയാള സിനിമ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച വര്‍ഷമാണ് 2023. ഡിജിറ്റല്‍ ആധിക്യത്തിന്റെ പുതുകാലത്ത് ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പി ആര്‍ ബോംബിങ്ങിലൂടെ ഈ സിനിമകളെക്കുറിച്ചുള്ള ‘തള്ളലുകള്‍’ സിനിമാപ്രേമികള്‍ക്കിടയില്‍ വ്യാപിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ മിക്കപ്പോഴും പരാജയപ്പെടുകയും തിരിച്ചടിക്കുകയുമാണ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സജീവമായ സിനിമാഭിപ്രായങ്ങളെ നിയന്ത്രിക്കണമെന്ന പരിഹാസ്യമായ അരക്ഷിതത്വ ബോധമൊക്കെ ചിലരെ ബാധിച്ചത് ഇതിന്റെ പ്രത്യാഘാതമാണ്. മേളകളിലും മറ്റുമായി പ്രദര്‍ശിപ്പിച്ചതും അല്ലാത്തതുമായ നിരവധി സിനിമകളിലൂടെ പുതുതലമുറ മലയാളത്തില്‍ മാറ്റങ്ങള്‍ക്കായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലം മലയാള സിനിമയ്ക്ക് സാമാന്യമായി നഷ്ടപ്പെട്ടോ എന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നത് ഈ കാലത്താണ്.
മുഖ്യധാരയില്‍, അതായത് തിയേറ്ററുകളിലും ഒ ടി ടിയിലുമായി പ്രദര്‍ശിപ്പിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയങ്ങളായ സിനിമകളില്‍ നിന്ന് ശ്രദ്ധേയമായ പത്തു സിനിമകള്‍ തെരഞ്ഞെടുത്ത് അവയെക്കുറിച്ചുള്ള ആലോചനകള്‍ പങ്കുവെക്കുകയാണിവിടെ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, സമ്പൂർണമായും ഒരു മലയാള ചിത്രവും തമിഴ്നാടിന്റെ ദേശ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ടതുമായ സിനിമയാണ്. ഭൂരിഭാഗവും തമിഴ് സംഭാഷണങ്ങളിലൂടെ, തമിഴ് പാട്ടുകളിലൂടെ, തമിഴ് സിനിമാ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കുന്നു എന്നത് കാലത്തിനും പ്രദേശത്തിനും ചരിത്രത്തിനും ഇടയിലൂടെ നടത്തുന്ന ഒരു കണ്ണുക്കെട്ടിക്കളിയാണ്. യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഇടയിലെ മതിൽപാളികൾ വളരെ നേർത്ത, ഒരുപക്ഷേ തീർത്തും അയഥാർത്ഥ(unreal)മായ ഒരു അനുഭൂതിതലം ഈ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട്. കുപ്പായം മാറുന്നതു പോലെ ഒരു മനുഷ്യനെ മറ്റൊരാൾ തന്നിലേക്ക് എടുത്തണിയുന്നു. ജീവിതത്തിന്റെ അറിയാത്ത കരകളിലുള്ള രണ്ടു മനുഷ്യർ ഒരു ശരീരത്തിൽ ഏറ്റുമുട്ടുന്നു, താദാത്മ്യപ്പെടുന്നു. സുന്ദരത്തെ ജെയിംസ് തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതിന്റെ തത്വദീക്ഷ തിരുവള്ളുവറിന്റെ തിരുക്കുറൽ ആണ്. ഉറക്കം മരണത്തെപ്പോലെയെന്നും, ഉണർവ് ജനനമെന്നും നിനയ്ക്കുന്നു. ഈ രണ്ടു വരികളിൽ ജീവിതത്തിന്റെ ദ്വന്ദ്വത്തിനെ ഒരു മനുഷ്യ ശരീരത്തിൽ രണ്ടായി പിളർത്തിയിരിക്കുന്നു. സിനിമയാകട്ടെ സത്യമെന്നോ മിഥ്യയെന്നോ ഇഴപിരിക്കാനാവാതെ, അദ്യശ്യമായി അവതമ്മിൽ നിർമ്മിക്കപ്പെട്ട പാലത്തിലൂടെ ദൃശ്യസഞ്ചാരം നടത്തുന്നു. സ്വപ്നം എന്നത് ജാഗരത്തിന്റെ മറുലോകം അഥവാ അതേ ലോകം തന്നെയാണെന്ന ഭാവനാസങ്കൽപ്പത്തിലാണ് ഈ ആഖ്യാനം സാധ്യമാകുന്നത്.ജെയിംസിനെ തിരികെക്കിട്ടുമോ എന്ന ജെയിംസിന്റെ ഭാര്യയുടെ ആശങ്കയും, ഉടൽ മറ്റൊന്നായ, ഉയിരു സാമ്യമുള്ള തന്റെ പുരുഷനെന്ന സുന്ദരത്തിന്റെ ഭാര്യയുടെ നിസ്സംഗതയും തമ്മിലുള്ള സംഘർഷ ഭൂമി കൂടിയാവുന്നുണ്ട് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം. തമിഴ് സിനിമയുടെ(മലയാള സിനിമയുടെയും) നീണ്ട ചരിത്രം തമിഴ് മലയാളം മക്കളുടെ ഓർമകളുടെയും സാംസ്കാരികബോധരൂപീകരണത്തിന്റെയും ചരിത്രം കൂടിയാണ്. അതാണ് ഈ ചിത്രത്തിലൂടെ രേഖപ്പെടുത്തുന്നത്. വൈവിധ്യങ്ങളിലും വിഷമങ്ങളിലും നിസ്സംശയം കടന്നുചെല്ലുന്ന കഥാപാത്ര സ്വഭാവങ്ങളിലൂടെ മമ്മൂട്ടി എന്ന പൊതുവിഗ്രഹ വ്യക്തിത്വം അസാമാന്യമായ തലങ്ങളിലേയ്ക്ക് പടരുന്നതിന്റെയും നിദാനങ്ങളിലൊന്നായി നന്‍പകലിനെ കാണാവുന്നതാണ്.
ഉറക്കെ പറഞ്ഞും ചിലപ്പോൾ പറയാതെ പറഞ്ഞുമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ (ആദില്‍ എം അഷ്‌റഫ്) എന്ന സിനിമ പല ആശയങ്ങളും ആവിഷ്കരിക്കുന്നത്. ഫീൽഗുഡ് സിനിമയുടെ മുഖരൂപത്തിലെടുത്തിട്ടുള്ള ഈ സിനിമ, ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ് എന്നീ പല കാരണങ്ങളാൽ സുപ്രധാനമായ ഒരു ചരിത്ര നിർമ്മിതിയെ ആഘോഷിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ഉയർത്തിപ്പിടിക്കേണ്ട സംരംഭമാണ്. എന്നാൽ, അതോടൊപ്പം ചിലപ്പോഴൊക്കെ അതിലേറെ, സുവ്യക്തമായ ഒരു ഇതിവൃത്തം പ്രസന്നമായ ആഖ്യാനത്തിലൂടെ അവതരിപ്പിച്ചുകൊണ്ട് മാറുന്ന സാമാന്യമലയാളിയെ ചേർത്തു നിർത്തുന്ന ചിത്രത്തിന്റെ മികവും എടുത്തു പറയേണ്ടിയിരിക്കുന്നു.മുസ്ലിം സോഷ്യൽ എന്ന് ആദ്യകാലത്ത് വിളിക്കപ്പെട്ടിരുന്ന മുഖ്യധാരാ സിനിമാഗണത്തിന്റെ അനുഭവലോകമാണ് സിനിമയുടെ പരിസരത്തിൽ പ്രാഥമികമായി ഉള്ളത്. എന്നാൽ, നായികയായ നിത്യ(ഭാവന)യുടെ മതവും കുടുംബപശ്ചാത്തലവും ഹിന്ദു മധ്യവർഗത്തിന്റേതാണ്. ആ നിലയ്ക്ക് നിഷ്ഠുരമായി കേരള സമൂഹത്തെ കടന്നാക്രമിക്കുന്നതിന് ഫാസിസ്റ്റുകൾ നിലനിർത്തിയ ലൗ ജിഹാദ് ആരോപണപ്പുകമറയെയും ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ അഭിമുഖീകരിക്കുന്നുണ്ട്. അതായത്, രാഷ്ട്രീയ ശരി ചേറിക്കൊഴിച്ചെടുക്കുന്ന പുതുമുറക്കാരെ ഉൾവിമർശകരായി നിലനിർത്തിക്കൊണ്ടാണ് സംവിധായകൻ സിനിമയെ സങ്കല്പനം ചെയ്യുന്നതും നിർവഹിക്കുന്നതും എന്നു ചുരുക്കം. ‘കിളിച്ചുണ്ടൻ മാമ്പഴം’ പോലുള്ള ശ്രീനിവാസൻ/പ്രിയദർശൻ നിർമിതികളുടെ കടുത്ത മുസ്ലിം അവമതിപ്പിനെയും പരിഹാസത്തെയും തുറന്നു കാണിച്ച മലയാള സിനിമാ നിരൂപണത്തിന്റെ കൂടി ബാക്കിപത്രങ്ങളായി ഈ സിനിമയടക്കമുള്ളവയുടെ തുറന്ന/മുതിർന്ന സമീപനത്തെ വിലയിരുത്തണം.ബന്ധങ്ങൾ എന്നത് വിഷമയ(ടോക്സിക്ക്)മായി മാറുമ്പോൾ അതിൽ പെട്ട് ഉഴലുന്ന വ്യക്തിയുടെ ശാരീരിക–-മാനസിക അവസ്ഥകളാണ് ഈ സിനിമയുടെ മുഖ്യപ്രമേയം. സ്നേഹബന്ധങ്ങൾ, രക്തബന്ധങ്ങൾ, സുഹൃദ് ബന്ധങ്ങൾ, വിവാഹം പോലുള്ള നിയമാനുസൃതവും മുറിയ്ക്കാൻ പാടില്ലാത്ത വിധത്തിൽ പരിശുദ്ധമെന്ന് നിജപ്പെടുത്തുന്നതുമായ പ്രത്യക്ഷബന്ധങ്ങൾ, തൊഴിലിടത്തോ സംഘടനയിലോ ആവശ്യമായി വരുന്ന ബന്ധങ്ങൾ എന്നിങ്ങനെ ഏതും ദുരധികാരത്തിന്റെയും സ്വാതന്ത്ര്യനിഷേധത്തിന്റെയും പരപീഡനത്തിന്റെയും വിളനിലങ്ങളായി പരിണമിച്ചിരിക്കുന്നത് ആധുനിക മനുഷ്യ ജീവിതത്തെ അങ്ങേയറ്റം ദുഷ്കരമാക്കിയിരിക്കുന്നു. നിത്യ(ഭാവന)യും നേരിടുന്നത് മറ്റൊന്നല്ല. പ്രസരിപ്പോടെയും തലയെടുപ്പോടെയും സൗന്ദര്യമികവോടെയും ഭാവന എന്ന അഭിനേത്രി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്ക് സധൈര്യം തിരിച്ചുവന്നിരിക്കുന്നു. വിമർശകരും സ്ത്രീ പോരാളികളും സാമൂഹ്യമാധ്യമങ്ങളും അതീവശ്രദ്ധയോടെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിനാൽ പഴയതു പോലെ ആൺതേരോട്ടങ്ങൾ മാത്രമായി, ഒരു രാവണൻ കോട്ടയായി മലയാള സിനിമയെ ഇനിയും നിലനിർത്താനാവില്ല എന്ന യാഥാർത്ഥ്യവും കൂടിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പോലുള്ള സിനിമകളെ സാധ്യമാക്കുന്നത്.
മുഖ്യധാരയിലെ പുതുതലമുറ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന രാജീവ് രവിയുടെ തുറമുഖം; ഇതിവൃത്തത്തിന്റെ കാലത്തോടും ആവിഷ്‌കാരത്തിന്റെ കാലത്തോടും ഒരുപോലെ നീതി പുലര്‍ത്തുന്നു. 1968ല്‍ കെ എം ചിദംബരന്‍ എഴുതിയ നാടകത്തെ അവലംബമാക്കി, അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരം തയ്യാറാക്കിയ തിരക്കഥയാണ് ഈ സിനിമയ്ക്കുള്ളത്. തൊഴിലാളി മുന്നേറ്റത്തിന്റെ നേര്‍രേഖയാണ് തുറമുഖം എന്ന സിനിമ. ഇന്ത്യന്‍ സിനിമയിലെ വര്‍ഗസമരപ്പാതയില്‍, തൊഴിലാളിവര്‍ഗ പക്ഷം നിസ്സങ്കോചം സ്വീകരിക്കുന്ന സിനിമയാണ് തുറമുഖം. ട്രേഡ് യൂണിയനുകളെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും നേതൃത്വം കൊടുക്കുന്ന പൊതുരാഷ്ട്രീയത്തെക്കുറിച്ചും അവഹേളനവും കടന്നാക്രമണവും കടുത്ത പരിഹാസവുമാണ് എണ്‍പതുകള്‍ക്കു ശേഷമുള്ള മലയാള സിനിമ നടത്തിക്കൊണ്ടിരുന്നത്. സന്ദേശം, വരവേല്‍പ്പ് തുടങ്ങിയവ പോലുള്ള ജനപ്രിയ-വലതുപക്ഷ സിനിമകള്‍ പൊതുബോധത്തെ നിര്‍ണയിക്കുന്ന വിധത്തില്‍ വ്യാപകപ്രചാരം നേടിയെടുത്ത സിനിമകളാണ്. വിമോചനസമരാനന്തര കേരളത്തിന്റെ വലതു പൊതുബോധത്തെയാണ് ഇക്കൂട്ടര്‍ മുതലെടുത്തത്. ഐക്യകേരളം നിവര്‍ന്നു നിന്നതെങ്ങനെ? കേരളീയര്‍ അഭിമാനബോധത്തോടെ തലയുയര്‍ത്തിയതെങ്ങനെ? എന്നിങ്ങനെയുള്ള ചരിത്രപരമായ ചോദ്യങ്ങള്‍ ബോധപൂര്‍വ്വം മലയാള സിനിമ അവഗണിക്കുകയായിരുന്നു. ആ അവഗണനയില്‍ ഒലിച്ചുപോയ ചരിത്രത്തിന്റെ വീണ്ടെടുപ്പാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം.
മുലകളെ വലയം ചെയ്തു നിൽക്കുന്ന ചില കാഴ്ചപ്പാടുകളെ തുറന്നുകാട്ടിക്കൊണ്ട്, ശരീരത്തിന്റെയും ലിംഗപരതയുടെയും സമകാലികവും ചരിത്രപരവുമായ രാഷ്ട്രീയമാണ് ബി 32 മുതൽ 44 വരെ എന്ന സിനിമയിൽ സംവിധായിക ശ്രുതി ശരണ്യം ചർച്ച ചെയ്യുന്നത്. കേരള സര്‍ക്കാര്‍, സ്ത്രീ ശാക്തീകരണത്തിനായി നിര്‍മ്മാണച്ചെലവ് നല്‍കി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സിനിമയാണ് ബി 32 മുതല്‍ 44 വരെ.മലയാള സിനിമയില്‍ ഈ പ്രമേയം ഇത്ര വ്യക്തമായി ഇതിനു മുമ്പ് ഉന്നയിക്കപ്പെട്ടിട്ടില്ല. കെ ജി ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലില്‍ വ്യത്യസ്ത വര്‍ഗനിലകളിലുള്ള സ്ത്രീകളുടെ അവസ്ഥകളും അതിജീവനങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, മുലയെന്ന ഏറ്റവുമധികം കാണപ്പെടുന്നതും നോക്കപ്പെടുന്നതുമായ സ്‌ത്രൈണാവയവത്തെ മുന്‍നിര്‍ത്തി ആറു സ്ത്രീകളുടെ അവസ്ഥകളും അതിജീവനങ്ങളുമാണ് ബി 32 മുതല്‍ 44 വരെയില്‍ അന്വേഷിക്കുന്നത് എന്ന കാര്യമാണ് പ്രധാനം.മുലകളെക്കുറിച്ച്, ദാമ്പത്യത്തിനകത്തും പുറത്തുമുള്ള ആൺ വിചാരങ്ങൾ വ്യക്ത്യാധിഷ്ഠിതവും മുതലാളിത്ത വര്‍ഗവീക്ഷണത്തോടു കൂടിയതും പവിത്ര കുടുംബ സദാചാര സങ്കല്പത്തെ പുനര്‍നിര്‍മ്മിക്കുന്നതും ലൈംഗികാക്രമണോത്സുകവുമെല്ലാമാണ്. കേരളത്തിന്റെ സവിശേഷ സൂക്ഷ്മ പരിസരത്തില്‍ ഇക്കാര്യം എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നതും സാധൂകരിക്കപ്പെടുന്നതും എന്നാണ് സിനിമ അന്വേഷിക്കുന്നത്.ലൈംഗികാകര്‍ഷണം എന്ന പ്രവര്‍ത്തനം, സാമ്പത്തികവും സാംസ്‌കാരികവും ജാതിപരവും മതപരവും ലിംഗപരവുമായ മാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനം കാഴ്ചയുടെ അധികാരം തന്നെയാണ്. നോക്കാന്‍ ‘ആണി’നധികാര’മുള്ള സ്ത്രീശരീരങ്ങളെല്ലാം ഉപഭോഗവസ്തുക്കളായും പരിഗണിക്കപ്പെടുന്നു. ഈ കാഴ്ചാധികാരവാഴ്ചയില്‍, ആണ്‍നോട്ടത്തിന് കീഴ്‌പ്പെടുന്ന അല്ലെങ്കില്‍ ഇരയാക്കപ്പെടുന്ന സ്ത്രീശരീരത്തെ ചരക്ക് എന്നാണ് സാമാന്യമലയാള ഭാഷ നിര്‍വചിക്കുന്നത്. ചരക്ക് എന്ന പദത്തിന് തമിഴില്‍ മദ്യം എന്നാണ് അര്‍ത്ഥം. ഈ രണ്ട് അര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു ഘടകം ലഹരിയുടേതാണ്. അതായത്, സ്ത്രീശരീരം പുരുഷന്റെ ലഹരിക്കായി വിനിയോഗിക്കേണ്ട ചരക്കാണ് എന്നാണ് സാമാന്യമായി സങ്കല്പിക്കപ്പെടുന്നത്.ആണ്‍നോട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കാഴ്ചാധികാരം മുതലാളിത്തത്തിന്റെ വര്‍ഗനിയമങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, വസ്ത്രം അഥവാ ശരീരത്തെ മറയ്ക്കല്‍ എന്ന പ്രക്രിയ അശ്ലീലം പോലുള്ള സാധാരണ വിവക്ഷകളില്‍ നിന്ന് മാറി ലൈംഗികാകര്‍ഷണത്തെ കൃത്രിമമായി വര്‍ദ്ധിപ്പിക്കുന്ന ഉപാധിയായി പരിണമിക്കുന്നു. ബ്രേസിയര്‍ അഥവാ ബ്രാ എന്ന പെണ്‍മുലക്കച്ചയുടെ കാര്യത്തിലിത് സ്പഷ്ടമാണ്. നമ്മുടെ സൈസുകള്‍ കമ്പനികളാണ് തീരുമാനിക്കുന്നത് എന്ന വില്‍പ്പനക്കാരിയുടെ പ്രസ്താവന ഇക്കാര്യം ഏറ്റവും ലളിതമായി ഉന്നയിക്കുന്നു.
വനിതാ സംവിധായകരുടെ സിനിമാസംരംഭങ്ങൾ അർത്ഥപൂർണമായി പ്രാവർത്തികമാക്കുക എന്ന കേരള സർക്കാരിന്റെ ദിശാബോധപരമായ സമീപനം എത്രമാത്രം പ്രസക്തമാണെന്നും കാലികമാണെന്നും സാക്ഷ്യപ്പെടുത്തുന്ന മറ്റൊരുജ്വലമായ ചലച്ചിത്രമാണ് ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത നിള. ക്ലീഷേ ആയി തോന്നാവുന്ന, മകനെ നോക്കാൻ സാവകാശമില്ലാതെ ജോലിയിൽ മുഴുകുന്ന ഭിഷഗ്വരയായ അമ്മ; അവരെ മുഴുവൻ സമയം ശുശ്രൂഷിക്കാനാവാതെ അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് നടത്തുന്ന ഏക മകൻ, ദേഷ്യക്കാരിയായ വീട്ടുനഴ്സ്, കാരുണ്യം ഏറ്റുവാങ്ങി പഴം റേഡിയോ നേരെയാക്കുന്ന നൊസ്റ്റാൽജിക് വൃദ്ധൻ-. ഈ കഥാപാത്രങ്ങൾക്കായി പ്രത്യേക കാസ്റ്റിംഗ് ഡിസൈൻ ആവശ്യമില്ലാതെ തന്നെ നിയോഗിക്കാവുന്ന ശാന്തികൃഷ്ണ, വിനീത്, മിനി ഐ ജി, മാമുക്കോയ എന്നീ അഭിനേതാക്കൾ. ഈ വിഷമവൃത്തരൂപത്തിനുള്ളിലാണ് ഇന്ദുലക്ഷ്മി, വിസ്മയകരമായ ഒരു ആഖ്യാനം നെയ്തുചേർക്കുന്നത്. കുടുംബം അല്ലെങ്കിൽ വീട് എന്നത് അബോളിഷ് ചെയ്യപ്പെട്ടാലും പ്രതിരോധിക്കേണ്ടതില്ല, എന്നാൽ മനുഷ്യൻ/മനുഷ്യത്വം എന്നീ പ്രതിഭാസങ്ങൾ സുപ്രധാനമാണെന്നും അവയുടെ അടിസ്ഥാനപരമായ സ്നേഹ-സൗമ്യ രക്ഷാ പ്രവർത്തനങ്ങൾ ഭൂമിയെ മാത്രമല്ല പ്രപഞ്ചത്തെത്തന്നെ നിർവചിക്കുന്നുവെന്നുമുള്ള പ്രമേയമാണ് നിള എന്ന സിനിമയുടെ കരുത്ത്. പുറം ജീവിതങ്ങളെയും അതിന്റെ ബഹുത്വാകർഷണങ്ങളെയും കൊണ്ടാടിയ പതിനായിരക്കണക്കിന് ആൺ സിനിമകൾ കൊണ്ട് നാം ആനന്ദിച്ചു കഴിഞ്ഞു. അകം പ്രപഞ്ചങ്ങളുടെ മനുഷ്യാന്തരികതകളിലേയ്ക്ക് ചൂഴ്ന്നു ചൂഴ്ന്നു ചെല്ലാനുള്ള പെൺ പരിശ്രമങ്ങൾക്ക് നല്ലൊരു മാതൃകയാണ് നിള.അമ്മ, മാതൃബിംബം എന്നെല്ലാം വാഴ്ത്തിപ്പാടി, സ്‌ത്രൈണ വ്യക്തിത്വത്തെയും ജീവിതത്തെയും തടവിലിടുന്ന യാഥാസ്ഥിതികത്വത്തെയും ഗതാനുഗതമായ പാരമ്പര്യത്തെയും ചോദ്യം ചെയ്തു എന്നതു തന്നെയാണ് നിളയുടെ പ്രസക്തി. മാത്രമല്ല, സ്ത്രീയുടെ തൊഴില്‍ ജീവിതത്തെ ഏറ്റവും പ്രസക്തം എന്ന രീതിയില്‍ സാധൂകരിക്കാനും നിളയുടെ ആഖ്യാനം ഉദ്ദേശിക്കുന്നുണ്ട്. സാധാരണ സ്ത്രീയുടെ കുടുംബാന്തര ജീവിതത്തെ മഹത്വവത്കരിക്കുകയാണ് സിനിമ ചെയ്തുപോരുന്നത്. ഇത് സമൂഹത്തിലും കുടുംബത്തിനകത്തും സ്ത്രീയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നു. ഈ കുറ്റത്തില്‍ നിന്നുള്ള ഒരു വേര്‍പെടല്‍ അല്ലെങ്കില്‍ മറുപടിയാണ് നിളയിലെ ഡോക്ടര്‍ മാലതി എന്ന കഥാപാത്രത്തിന്റെ ഭാവുകത്വം. ഈ സിനിമയിലെ ഒരു മുഖ്യ കഥാപാത്രത്തിന്റെ ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളൂ. ആ ശബ്ദത്തിലൂടെ അവരുടെ ജീവിത വീക്ഷണം, പ്രായോഗികമായ അവസ്ഥ, അതിനെക്കുറിച്ചെല്ലാം ഡോക്ടര്‍ മാലതി എന്ന മുഖ്യ കഥാപാത്രത്തിന്റെ നിലപാട് എന്നിവയെല്ലാം നാം തിരിച്ചറിയുന്നു. സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല ശബ്ദത്തിന്റെ കൂടി കലയാണെന്ന വാസ്തവം മികച്ച രീതിയില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. കിടപ്പുരോഗികള്‍ കേരള സമൂഹത്തിലും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ പ്രയാസകരമായ നിത്യജീവിതമാണ് അവര്‍ അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍, ആ ജീവിതത്തിലും ഭാവനയുടെയും ഓര്‍മ്മയുടെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും സാമീപ്യത്തിന്റെയും ഉദാരതയുടെയുമെല്ലാം നൂറുനൂറാകാശങ്ങള്‍ തുറക്കാനുണ്ടെന്ന ആഹ്ലാദകരമായ യാഥാര്‍ത്ഥ്യം കൂടി നിള സമര്‍ത്ഥിക്കുന്നു.
പൊലീസ് സംവിധാനത്തെ മഹത്വവത്കരിക്കുന്ന നിരവധി പൊലീസ് നടപടിക്രമ സിനിമകള്‍, ആക്ഷന്‍ ഹീറോ ബിജുവിന്റെ ചുവടുപിടിച്ച് മലയാളത്തിലിറങ്ങുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് ആണ് ഏറ്റവും അവസാനമിറങ്ങിയ പൊലീസ് നടപടിക്രമ സിനിമാഗണത്തില്‍ വന്‍ ഹിറ്റായത്.ഇരട്ട, തങ്കം, കൊറോണ പേപ്പേഴ്‌സ്, പുലിമട തുടങ്ങി നിരവധി സിനിമകളാണ് ഈ ഗണത്തില്‍ പെടുത്താവുന്ന, ഈ വര്‍ഷം ഇറങ്ങിയ മറ്റു ചില സിനിമകള്‍. ഈ പശ്ചാത്തലത്തില്‍, പൊലീസിനെ ഡീഗ്ലോറിഫൈ ചെയ്യുന്ന പുരുഷപ്രേതം (കൃഷാന്ദ്) എന്ന സിനിമ ഏറെ പ്രസക്തി കൈവരിച്ചു. ഏതു വിഷമാവസ്ഥയിലും നമ്മെ ആശ്വസിപ്പിക്കുന്ന നാരങ്ങവെള്ളം എന്ന പാനീയത്തെ ശുണ്ഠി പിടിപ്പിക്കുന്ന (ഇറിറ്റേറ്റിംഗ്) ഒന്നാക്കി ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിലേയ്ക്ക് ചോദിക്കാതെ തന്നെ കടന്നു വരുന്ന ഒരു ശല്യമായി അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയില്‍. ജയ ജയ ജയ ജയ ഹേ (വിപിന്‍ ദാസ്/2022) എന്ന സിനിമയില്‍ നൂല്‍പ്പുട്ട് അഥവാ ഇടിയപ്പത്തെ കുടുംബം കലക്കിയും സ്ത്രീ ജീവിതത്തെ പിഴിഞ്ഞെടുക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥമായി അവതരിപ്പിച്ചതിന്റെ ഓര്‍മ്മ വന്നു ഈ നാരങ്ങവെള്ളങ്ങള്‍ കണ്ടപ്പോള്‍. കമ്മീഷണര്‍ (1994) എന്ന പൊലീസ് വാഴ്ത്ത്/അതിഭൗതിക നായകന്‍ സിനിമയിലെ സുരേഷ്‌ഗോപി അവതരിക്കുന്ന പശ്ചാത്തല സംഗീതമാണ് പുരുഷപ്രേതത്തിലെ സൂപ്പര്‍ സെബാസ്റ്റ്യന്‍ (പ്രശാന്ത് അലക്‌സാണ്ടര്‍) എന്ന പൊലീസിന്‍സ്‌പെക്ടറുടെ ഫോണിന്റെ റിങ് ടോണായി സെറ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ സെ ബാസ്റ്റ്യന്‍ ത ന്നെത്തന്നെ സങ്കല്പിച്ചെടുക്കുന്നതെങ്ങനെയെന്നും, സബ് ഇന്‍സ്‌പെക്ടര്‍ എന്ന വളരെ സാധാരണമായ ഒരു പൊലീസ് ജോലിയെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതിലൂടെ പരിഹാസ്യമാകുന്നതെന്തെന്നും ഈ റിങ്ടോണ്‍ തെരഞ്ഞെടുപ്പിലൂടെ തുറന്നുകാട്ടപ്പെടുന്നതായി ഫിലിം കമ്പാനിയനിലെഴുതിയ നിരൂപണത്തില്‍ വിശാല്‍ മേനോന്‍ നിരീക്ഷിക്കുന്നുണ്ട്. പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും അതിന്റെ നിയമാവലികളും നടത്തിപ്പുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും പാരമ്പര്യവും കീഴ് വഴക്കങ്ങളും എല്ലാം ചേര്‍ന്ന് മനുഷ്യ ജീവിതത്തെ ദുസ്സാധ്യവും അപ്രസക്തവുമാക്കുന്നതെങ്ങനെയെന്നതാണ് പുരുഷപ്രേതം അന്വേഷിക്കുന്നത്.
പാരമ്പര്യത്തിനും പരിഷ്‌കാരത്തിനും ഒരേപോലെ സ്ഥാനം കൊടുക്കുന്ന മുസ്ലിം സാമുദായികതയുടെ പ്രതിനിധാനയാഥാര്‍ത്ഥ്യം ആണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍. കല്ല്യാണപ്പടം എന്ന നിലയ്ക്കിറങ്ങിയ തല്ലുമാലയിലെ ആണക്രമപ്പേക്കൂത്തും ബൗദ്ധികതയോടുള്ള കേവലവിരോധവും പൗരോഹിത്യവാഴ്ത്തും എല്ലാം മാറ്റിനിര്‍ത്തി മലബാര്‍ മുസ്ലിമിനെ സമകാലികവത്കരിക്കുന്ന സിനിമയാണിത്. ഇന്ത്യന്‍ ഫാസിസത്തിന്, ഇരവത്കരിക്കുന്നതിലൂടെ ജനപ്രിയാഹ്ലാദം സമ്മാനിക്കുന്ന മുസ്ലിം ജീവിതത്തില്‍ വന്‍ സന്തോഷം നിലനിര്‍ത്താന്‍ മലബാറിനും കേരളത്തിനും സാധിക്കുന്നുണ്ടെന്ന പ്രത്യക്ഷ രാഷ്ട്രീയ പ്രസ്താവനയായും സുലൈഖ മന്‍സിലിനെ വായിച്ചെടുക്കാം.
മലയാള മുഖ്യധാരാ സിനിമയുടെ ന്യൂവേവ്, മാധ്യമ പക്വതയും ചരിത്രപരമായ ജാഗ്രതയും ആർജ്ജിച്ചു എന്നതിന്റെ കൃത്യമായ സാക്ഷ്യമാണ് കാതൽ ദ് കോർ എന്ന അതീവ കാലികപ്രസക്തമായ സിനിമ. ഈ സിനിമ വാസ്തവത്തിൽ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ഫാസിസം ലോകത്തേറ്റവും ജനപ്രിയമായ മോഡുകളിൽ പ്രവർത്തനക്ഷമമായ ഇന്ത്യ എന്ന രാജ്യത്ത് സമൂഹം എന്നത് എത്രമാത്രം സമൂഹ വിരുദ്ധമായി തുടരുന്നു എന്നാണ് കാതൽ ദ് കോർ തുറന്നുകാട്ടുന്നത്. പ്രകടനാത്മകതയും നാടകീയതയും എല്ലാമുള്ള ഈ പോസ്റ്റ് മോഡേൺ നിർമ്മിതി ഏറെ സന്തോഷവും അഭിമാനവും പകർന്നു നൽകി. വിമർശകർ മുറുകെപ്പിടിച്ച ചരിത്ര ബോധ്യവും നൈതികതയും അതേ ആർജ്ജവത്തോടെ ഈ ചിത്രത്തിലൂടെ ജിയോ ബേബി ഉയർത്തിപ്പിടിച്ചു.ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സവർണ-സംതൃപ്ത -ആൺവാഴ്ചയുടെ മറുപേരായ കുടുംബത്തിൽ നിന്നാണ് പേരില്ലാത്ത നായിക(നിമിഷ സജയന്‍) ഇറങ്ങിപ്പോന്നതെങ്കിൽ, ഇവിടെ സമൂഹം എന്ന ആധുനികതാ വിരുദ്ധവും നവോത്ഥാന വിരുദ്ധവും സർവോപരി മനുഷ്യത്വ വിരുദ്ധവുമായ അധികാര പദ്ധതിയിൽ നിന്നാണ് ഓമന(ജ്യോതിക) സ്വയം വിമോചിതയാവാൻ ഇറങ്ങിപ്പോരുന്നത്.നിലനില്ക്കുന്ന ഇടതുപക്ഷ മുഖ്യധാരയെക്കുറിച്ചുള്ള സംവിധായകന്റെ ഭാവനയും പ്രതീക്ഷയും പ്രത്യാശയുമാണ് കാതല്‍ ദ് കോറിലുള്ളത്. ആരംഭ ടൈറ്റിലിലുള്ള നിര്‍ബന്ധിത ഡിസ്‌ക്ലെയിമറിലൂടെയും കമ്മീഷനംഗീകരിക്കാത്ത പാര്‍ടി ചുരുക്കപ്പേരിലൂടെയുമെല്ലാം ഇത് ഭാവനയാണെന്നത് സ്പഷ്ടമാണ്. പക്ഷേ ഈ ഭാവന എന്നത് സംവിധായകന്റെ സൗകര്യാര്‍ത്ഥം, അദ്ദേഹത്തിന്റെ സങ്കല്പനങ്ങള്‍ കെട്ടിവെക്കാവുന്ന ഒരു കീറച്ചാക്കല്ല. ജനാധിപത്യ സാധ്യതകളുടെ തുറന്നിട്ട വഴികളിലാണ് തന്റെ ഭാവനാവകാശം സ്ഥാപിച്ചുകൊണ്ട് ജിയോ ബേബി സഹയാത്രയ്‌ക്കൊരുങ്ങുന്നത്. അതായത്; ഇന്ത്യന്‍ ഫാസിസത്തെ തുറന്നെതിര്‍ക്കുന്നതിനാല്‍ ഫാസിസ്റ്റ് കാപാലികര്‍ നിര്‍ദയം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പരിശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ ആശയ-പ്രയോഗ ഭൂമികയിലാണ് ഈ രാജ്യത്തെ അവഗണിക്കപ്പെട്ടവരും അരികിലേയ്ക്ക് മാറ്റിനിര്‍ത്തപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സകല ന്യൂനപക്ഷങ്ങള്‍ക്കും സഹയാത്ര തേടാനാകുക അല്ലെങ്കില്‍ തേടേണ്ടത് എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രമേയം.ജനപ്രിയ സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമായ ലളിതമായ പരിചരണരീതിയാണ് ജിയോബേബി കാതല്‍ ദ് കോറില്‍ സ്വീകരിക്കുന്നത്. ഗാഢമായ ഒരു രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുമ്പോഴും നാട്യങ്ങളും ജാടകളുമില്ലാതെ സാധാരണ മട്ടില്‍ താരങ്ങളെയും അല്ലാത്തവരെയും നിയോഗിച്ചുകൊണ്ട് ഈ സിനിമ ജനങ്ങളിലേക്കെത്തിച്ചു എന്നത് പ്രശംസനീയമായ കാര്യമാണ്. സ്വവര്‍ഗാനുരാഗത്തെയും സ്വവര്‍ഗാനുരാഗികളെയും കാണിക്കുമ്പോള്‍ സാധാരണ സിനിമ, വിശേഷിച്ചും മലയാള സിനിമ സ്വീകരിക്കാറുള്ള വാര്‍പ്പു മാതൃകകള്‍ ഈ സിനിമയിലില്ല. അതായത്, സ്വവര്‍ഗാനുരാഗം എന്നത് തികച്ചും സാധാരണവും ശരിയായതുമായ ഒരു മനോഭാവവും വൈകാരികനിലയും മനുഷ്യാനുഭവവും അനുഭൂതിയും ആണെന്ന നിലപാടാണ് കാതല്‍ ദ് കോര്‍ ഉറപ്പിക്കുന്നത്. വൈകാരികവും രാഷ്ട്രീയവും മാധ്യമപരവുമായ പാകതയും പക്വതയും കൈവരിച്ച സംവിധായകന്‍, സാങ്കേതികപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവരുടെ സംയുക്തമായ വിജയമാണ് കാതല്‍ ദ് കോര്‍.
വിധു വിന്‍സന്റ് സംവിധാനം ചെയ്ത വൈറല്‍ സെബിയിലുള്ളത് യാദൃച്ഛികമായി സൗഹാര്‍ദ്ദത്തിലാവുന്ന ഒരു ടാക്‌സി ഡ്രൈവറുടെയും യാത്രക്കാരിയുടെയും കഥയാണ്. പാട്ടുകളൊക്കെ പാടിയും കൊച്ചു കൊച്ചു കൗതുകങ്ങള്‍ പറഞ്ഞും യുട്യൂബില്‍ ലൈക്കും ഷെയറും കമന്റും സബ്‌സക്രിപ്ഷനും പ്രതീക്ഷിച്ച് ജീവിക്കുന്ന ഡ്രൈവറാണ് സെബി എന്ന സെബാസ്റ്റ്യന്‍. ശരാശരി മലയാളിക്കുള്ള എല്ലാ പ്രശ്‌നങ്ങളും അയാളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജിലെ കോഴ്‌സ് അഥവാ തീരാത്ത അരിയേഴ്‌സുകള്‍ എന്ന വിഷമവൃത്തം, തകര്‍ന്ന ദാമ്പത്യം, സാമ്പത്തിക പ്രശ്‌നം, സദാചാരക്കുരു പൊട്ടല്‍ എന്നിങ്ങനെ ഏതൊരു മലയാളി ആണും അനുഭവിക്കുന്ന പരിമിതമായ ജീവിതാതിരുകള്‍ക്കകത്തു തന്നെയാണയാള്‍. അതിനിടയിലാണ് പലസ്തീനി അഭയാര്‍ത്ഥിയായ അഫ്ര ബംഗളൂര്‍ക്ക് പോകാനായി അയാളുടെ കാറില്‍ കയറുന്നത്. സാധാരണമെന്നു കരുതാവുന്ന കേരളീയ ജീവിതത്തിലേയ്ക്ക് പൊടുന്നനെ ലോകരാഷ്ട്രീയവും അതിന്റെ അതിസങ്കീര്‍ണമായ മനുഷ്യാനുഭവങ്ങളും ചേര്‍ത്തുവെക്കുന്ന വൈറല്‍ സെബി നീറുന്ന ഒരു കാഴ്ചയാണ്.
നിരവധി മലയാള സിനിമകളിലൂടെ നിര്‍മ്മിക്കപ്പെട്ട മുസ്ലിമിനും മലപ്പുറത്തിനും, സ്ത്രീകള്‍ക്കും എതിരായ പ്രതിനിധാനങ്ങളെ നര്‍മ്മമധുരമായ ആഖ്യാനത്തിലൂടെ തകിടംമറിക്കുന്ന സിനിമയാണ് മനു സി കുമാര്‍ സംവിധാനം ചെയ്ത ‘ശേഷം മൈക്കിൾ ഫാത്തിമ’. ഫാത്തിമ നൂര്‍ജഹാന്‍ എന്ന നായികാ വേഷത്തില്‍ കല്യാണി പ്രിയദര്‍ശന്റെ പ്രസരിപ്പും അര്‍പ്പണനിറവുമുള്ള അഭിനയം കാണികളെ ആഹ്ലാദിപ്പിക്കുകയും നായികയോട് താദാത്മ്യം പ്രാപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഫുട്‌ബോള്‍ ദൃക്‌സാക്ഷി വിവരണം (കമന്ററി) എന്ന ആവിഷ്‌കാരത്തിന്റെ ചരിത്രപരവും അക്കാദമിക്കും ആയ ഉള്‍ക്കാതലും ഭാഷാപരമായ ആഖ്യാനമികവും എല്ലാം വിനിമയം ചെയ്യാന്‍ സാധിക്കുന്നു എന്നതിനാല്‍ പതിവ് കായികാഖ്യാന സിനിമകളില്‍ നിന്ന് ശേഷം മൈക്കില്‍ ഫാത്തിമ ഏറെ മുന്തി നില്‍ക്കുകയും ചെയ്യുന്നു. മുസ്ലിം സമുദായത്തിനകത്തെ ആണഹങ്കാര പരിസരങ്ങളെ പിളര്‍ക്കുന്ന ചാട്ടുളികള്‍, ഭൂരിപക്ഷ വര്‍ഗീയതയുടെ എടുപ്പാനുകൂല്യങ്ങളില്ലാതെ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്.
ഏറ്റവും ശ്രദ്ധേയമായി തോന്നിയ പത്തു സിനിമകള്‍ക്കു പുറമെ മൂന്നു സിനിമകളുടെ കാര്യം കൂടി ചില വ്യക്തമായ കാരണങ്ങളാല്‍ പരാമര്‍ശിക്കേണ്ടതുണ്ട്. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുരമനോഹര മോഹം (കേരളത്തിന്റെ ആധുനികവത്കരണത്തെയും ജനാധിപത്യവത്കരണത്തെയും തടഞ്ഞുനിര്‍ത്തുന്ന ജാത്യഹങ്കാരത്തെ പരിഹസിക്കുന്ന സിനിമ), ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങള്‍(അമിതാധികാരത്തിനും യുദ്ധത്തിനുമെതിരെ വ്യക്തമായ സന്ദേശം), നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി(നര്‍മ്മത്തിനും വൈകാരികതയ്ക്കും ഇടയിലുള്ള ആഖ്യാനത്തിലൂടെ യാത്രയെയും തിരിച്ചുവരവിനെയും എന്ന പോലെ കുടുംബത്തിന്റെ പ്രസക്തിയും അപ്രസക്തിയും വിവരിക്കുന്നു) എന്നിവയാണവ.
വാണിജ്യ വിജയം നേടിയ 2018, ആര്‍ഡിഎക്‌സ്, രോമാഞ്ചം തുടങ്ങിയ സിനിമകളെല്ലാം തന്നെ വലതുപക്ഷമൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ളവയാണ്. ഇവയെ അനുകരിച്ചെത്തിയ മറ്റനവധി സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതും രേഖപ്പെടുത്തേണ്ടതാണ്. ♦