ആർഭാടങ്ങളും ആഡംബരങ്ങളും കൂടാതെയായിരിക്കണം 2023 ലെ ക്രിസ്-മസ് ആഘോഷിക്കേണ്ടത് എന്നാണ് ഫ്രാൻസിസ് മാർപാപ്പ ക്രിസ്-മസ് സന്ദേശത്തിൽ ലോകമെങ്ങുമുള്ള ക്രിസ്തീയ സമൂഹത്തോട് ആഹ്വാനം ചെയ്തത്. ഉണ്ണിയേശു പിറന്നു വീണതായി വിശ്വസിക്കപ്പെടുന്ന പലസ്തീനിലെ വെസ്റ്റ് ബാങ്കിലെ, ഇസ്രയേൽ കയ്യടക്കി വച്ചിട്ടുള്ള വെസ്റ്റ് ബാങ്കിലെ ബത്ലഹേമിൽ ഈ വർഷം പതിവുള്ള ആഘോഷങ്ങൾ ഉണ്ടായില്ല. സാധാരണ എല്ലാ വർഷവും ക്രിസ്-മസ് നാളുകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളും ഒപ്പം സഞ്ചാരികളും ബത്ലഹേമിൽ എത്തുമായിരുന്നു. എന്നാൽ ഈ വർഷം വളരെ കുറച്ചാളുകൾ മാത്രമാണവിടെ എത്തിയത്. മുഖ്യാതിഥിയായി പതിവായി എത്താറുള്ള പലസ്തീൻ അതോറിറ്റി പ്രസിഡന്റും ഈ വർഷം എത്തിയില്ല. ബത്ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ പള്ളിയുടെ മുഖ്യ പുരോഹിതൻ റവ. മുന്തേർ ഐസക് ചോദിച്ചത്. ഗാസയിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ കൊന്നൊടുക്കപ്പെടുമ്പോൾ എങ്ങനെയാണ് ആ ചോരപ്പുഴയുടെ നടുവിൽനിന്ന് ഞങ്ങൾക്ക് ക്രിസ്-മസ് പതിവുപോലെ ആഹ്ലാദത്തോടെ ആഘോഷിക്കാനാവുക എന്നാണ്. ഗാസയിൽ മരിച്ചു വീഴുന്ന ഓരോ കുഞ്ഞിലും ഞങ്ങൾ ഉണ്ണിയേശുവിനെയാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബത്‌ലഹേമിൽ യേശു പിറന്നതായി അറിഞ്ഞ്, ആ കുട്ടിയെ കണ്ടെത്താനാകാത്തതുകൊണ്ട് ബത്ലഹേമിലെയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങളെയാകെ കൊന്നൊടുക്കിയ ഹെറോദോസ് രാജാവിനെയാണ് ഇന്ന് ഇസ്രയേൽ വാഴുന്ന സയണിസ്റ്റ് ഭീകരൻ നെതന്യാഹുവും ആ ഭീകരതയ്ക്ക് പിന്തുണ നൽകുന്ന ലോകസാമ്രാജ്യത്വത്തിന്റെ ഇന്നത്തെ നായകനായ അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡനും നമ്മെ ഓർമിപ്പിക്കുന്നത്. ഗാസയിൽ ഇസ്രയേൽ ഭരണകൂടം വംശഹത്യ തുടങ്ങിയിട്ട് മൂന്നു മാസത്തോടടുക്കുന്നു.
ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം എന്നൊരാഖ്യാനമാണ് ലോകമെങ്ങുമുള്ള സാമ്രാജ്യത്വാനുകൂല മുഖ്യധാരാ മാധ്യമങ്ങളും ഭരണാധികാരികളും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ച് നടത്തുന്നത്. 2023 ഡിസംബർ 22ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഗാസയിൽ ഇസ്രയേലിന്റെ ഇപ്പോഴത്തെ ആക്രമണത്തിൽ 20,057 പേർ കൊല്ലപ്പെട്ടതായാണ്. അതിൽ 70 ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും ആ വാർത്ത ഏജൻസി നമ്മെ ഓർമിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണം, ഏതാനും ദിവസത്തെ താൽക്കാലിക വെടിനിർത്തലിനു ശേഷം ഇപ്പോൾ ഇടവേളകളില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ എത്രയെന്ന് കണ്ടെത്തുന്നതുപോലും അസാധ്യമായിരിക്കുന്നുവെന്നാണ് റോയ്ട്ടേഴ്സ് റിപ്പോർട്ടുചെയ്യുന്നത്.
ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന മരണസംഖ്യയിൽ ഈ ആക്രമണവേളയിൽ കാണാതായവരുടെ എണ്ണം വരുന്നില്ല. അവരിൽ ഏറെപ്പേരും ഇസ്രയേൽ ബോംബാക്രമണങ്ങളിൽ തകർന്നടിഞ്ഞ ആശുപത്രികൾ ഉൾപ്പെടെയുള്ള കെട്ടിടാവിശിഷ്ടങ്ങൾക്കടിയിൽ, കൽക്കൂമ്പാരങ്ങൾക്കിടയിൽപെട്ട് പിടഞ്ഞ് മരിച്ചിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനും പുറമെയാണ് ഇസ്രയേൽ ഉപരോധംമൂലം ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ, ചികിത്സ കിട്ടാതെ പലസ്തീനിലെ മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നത്. വെള്ളവും വെളിച്ചവും മരുന്നും നിഷേധിക്കപ്പെട്ട ഒരു ജനതയായി പലസ്തീൻകാർ മാറ്റപ്പെട്ടിരിക്കുന്നു. ആശുപത്രികളും വിദ്യാലയങ്ങളും പാർപ്പിടങ്ങളും മാത്രമല്ല, ക്രിസ്തീയ ദേവാലയങ്ങളുൾപ്പെടെ ആരാധനാലയങ്ങളും ആക്രമണ ലക്ഷ്യമാക്കിയിരിക്കുകയാണ് ഇസ്രയേൽ. തങ്ങൾ ആക്രമിക്കുന്നതെല്ലാം ഭീകരരുടെ ഒളിത്താവളങ്ങളാണെന്നാണ്, കൊല്ലപ്പെടുന്നവരെല്ലാം ഭീകരരാണെന്നാണ് ഇപ്പോഴും ഇസ്രയേലിലെ സയണിസ്റ്റ് ഭരണാധികാരികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പലസ്തീൻ എന്ന പേരിൽ ഒരു ഭൂവിഭാഗത്തെയും ഒരു ജനതയെയും അവശേഷിപ്പിക്കില്ലെന്ന കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലമായുള്ള സയണിസ്റ്റ് വംശീയവാദികളുടെ അജൻഡ നടപ്പാക്കുകയാണ് ഇസ്രയേൽ. അതിന് കൂട്ടുനിൽക്കുകയാണ് സാമ്രാജ്യത്വശക്തികൾ.
യഥാർഥത്തിൽ സയണിസമെന്ന ജൂത മതവിഭാഗത്തിന് പ്രത്യേക രാഷ്ട്രമെന്ന ആശയം തിയഡോർ ഹെർസൽ മുന്നോട്ടുവയ്ക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപുതന്നെ അറബ് മേഖലയിൽ അറബികളുടേതല്ലാത്ത ഒരു രാഷ്ട്രം എന്ന ആശയം സാമ്രാജ്യത്വദശയിൽ എത്തുന്നതിനു മുൻപ് ആഗോളമുതലാളിത്ത ശക്തികൾ മുന്നോട്ടുവച്ചിരുന്നു. അതുകൊണ്ടാണ് 18–ാം നൂറ്റാണ്ടിന്റെ അവസാനദശകംമുതൽ, സയണിസ്റ്റ് സംഘടനയുടെ രൂപീകരണം മുതൽ ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന് കയ്യയച്ച് സഹായം നൽകിയത്. 1917ൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബാൽഫോർ പ്രഭു പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയതും യൂറോപ്പിൽനിന്ന്, നൂറ്റാണ്ടുകളായി അവിടങ്ങളിൽ പാർപ്പുറപ്പിച്ചിരുന്ന ജൂതസമൂഹങ്ങളെ പലസ്തീനിൽ മുസ്ലീം –ക്രിസ്ത്യൻ –ജൂതഭേദമെനേ-്യ അറബികൾ കൃഷി ചെയ്ത് പാർപ്പുറപ്പിച്ചിരുന്ന പലസ്തീനിലെ പ്രദേശങ്ങളിലേക്ക് എത്തിച്ച് കുടിയേറ്റത്തിന് പ്രേരിപ്പിച്ചതും ഇതിനെ ത്തുടർന്നാണ് ഒന്നാം ലോകയുദ്ധാനന്തരം ബ്രിട്ടനും ഫ്രാൻസുമായി പലസ്തീനും ലബനനും സിറിയയും ജോർദാനും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ വീതിച്ചെടുത്ത് സ്വന്തമാക്കിയതോടെ അനായാസം തങ്ങളുടെ പദ്ധതി നടപ്പാക്കാനുമായി. അതോടെ തുടങ്ങിയതാണ് കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ടുമുൻപ്, തുടങ്ങിയതാണ് പലസ്തീൻ പ്രശ്നം. അക്കാലംമുതൽ തന്നെ കുടിയേറ്റക്കാരായ സയണിസ്റ്റ് തീവ്രവാദികൾ അറബികളെ പൂർണമായും തുടച്ചുനീക്കിക്കൊണ്ടുള്ള ഇസ്രയേൽ എന്ന രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു. സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ അന്നുമുതൽ അവർ അതിനുള്ള കരുനീക്കത്തിലുമായിരുന്നു. 1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചതിനൊപ്പം കൃത്യമായ അതിർത്തികളോടെ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതിരുന്നതുതന്നെ ഈ സാമ്രാജ്യത്വ ഗൂഢാലോചനയുടെ പ്രതിഫലനമാണ്. പലസ്തീനിലേക്ക് ഓരോ ജൂത കുടുംബവും കുടിയേറുമ്പോൾ അവിടെ നിന്ന് അറബികൾ ആട്ടിയോടിക്കപ്പെടുകയായിരുന്നു.
ഇപ്പോഴത്തെ ഗാസ ആക്രമണത്തിലൂടെ അവസാനത്തെ പലസ്തീൻ കുടുംബത്തെയും ആ പ്രദേശത്തുനിന്ന് പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നീങ്ങുന്നത്. അതിനാണ് സാമ്രാജ്യത്വം സർവവിധ പിന്തുണയും നൽകുന്നത്. 1967 ലെ ആറുദിന യുദ്ധാനന്തരം ഇതിനകം ഐക്യരാഷ്ട്ര സഭ നിരവധി പ്രമേയങ്ങളിലൂടെ യുദ്ധത്തിനുമുൻപുള്ള അതിർത്തിയിലേക്ക് പിൻവാങ്ങണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടപ്പാക്കപ്പെടാതിരുന്നത് അമേരിക്ക ആ പ്രമേയങ്ങളെ വീറ്റോ ചെയ്തതുകൊണ്ടാണ്. ഐക്യരാഷ്ട്ര സഭ നിരവധി ഘട്ടങ്ങളിൽ നിയോഗിച്ച ട്രൂത്ത് കമ്മീഷനുകൾ (സത്യം കണ്ടെത്താനുള്ള കമ്മീഷനുകൾ) ഇസ്രയേൽ ഭരണാധികാരികളുടെ യുദ്ധ കുറ്റകൃത്യങ്ങൾ അക്കമിട്ട് നിരത്തി റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നെങ്കിലും അതുപ്രകാരം നടപടിയെടുക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയാതിരിക്കുന്നതും അമേരിക്ക ഇസ്രയേലിനു പിന്തുണ നൽകുന്നതുമൂലമാണ്. എന്തിന് അമേരിക്കൻ മധ്യസ്ഥതയിലൂടെ ഒപ്പുവയ്ക്കപ്പെട്ട ഓസ്ലോ ഉടമ്പടിപോലും ഇസ്രയേൽ നടപ്പാക്കാതിരിക്കുമ്പോഴും അമേരിക്ക അതിനെ പിന്തുണയ്ക്കുകയും അതിലുപരി ഇസ്രയേലിനുവേണ്ട ആയുധങ്ങളും പണവും നൽകുകയുമാണ്. ഇപ്പോൾ ഗാസയ‍്ക്കുനേരെ മൂന്ന് മാസത്തോളമായി ഇസ്രയേൽ ആക്രമണം തുടരുമ്പോഴും, വെടിനിർത്തലിനും കൂടിയാലോചനകൾക്കും ആ രാജ്യത്തെ നിർബന്ധിതമാക്കാൻ അമേരിക്കയോ മറ്റു സാമ്രാജ്യത്വശക്തികളോ തയ്യാറാകുന്നുമില്ല. അതാണ് ഗാസയിലെ വംശഹത്യയ്ക്ക് ഇസ്രയേലിനൊപ്പം അമേരിക്കയും സാമ്രാജ്യത്വചേരിയാകെയും ഉത്തരവാദികളാണെന്ന് പറയേണ്ടതായിവരുന്നത്.
ഹമാസ് ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം നടത്തിയതിനെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കുകയായിരുന്നുവെന്നതും നിരർഥകമാണ്. 2023ൽ ആഗസ്ത് മാസത്തിനകം ഇസ്രയേൽ സെെന്യവും സയണിസ്റ്റ് ഭീകരസംഘങ്ങളും ശരാശരി ഒരു ദിവസം ഒരു പലസ്തീൻകാരനെ വീതം കൊലപ്പെടുത്തിയിരുന്നു. ആഗസ്ത് ആദ്യം വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമിച്ച രണ്ടുദിവസം നീണ്ട സെെനിക നടപടിയിലൂടെ 200ലധികം പലസ്തീൻകാരെയാണ് ഇസ്രയേൽ സെെന്യവും ഭീകരസംഘങ്ങളും ചേർന്ന് കൊന്നൊടുക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇസ്രയേൽ നിതേ-്യന വെസ്റ്റ് ബാങ്കിലും ഗാസയിലും ആക്രമണം തുടർന്ന്, കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരത്തിലേറെ ആളുകളെ കൊലപ്പെടുത്തി. ഈ സംഭവങ്ങളെയാകെ തമസ്-ക്കരിച്ചാണ് ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അമേരിക്കയും ശിങ്കിടികളും വാഴ്-ത്തുന്നത്. ഇതിനകം വ്യക്തമാക്കപ്പെട്ടതുപോലെ പലസ്തീനിൽ നടക്കുന്നത് മുസ്ലീങ്ങളും ജൂതരും തമ്മിലുള്ള വംശീയവുമായ സംഘട്ടനമല്ല, മറിച്ച് സാമ്രാജ്യത്വ മൂലധനശക്തികൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ആക്രമണമാണ്. എന്നാൽ, ഇപ്പോൾ ഇസ്രയേൽ സേന പലസ്തീൻ പോരാളികളിൽ നിന്നു ശക്തമായ ചെറുത്തുനിൽപ്പാണ് നേരിടുന്നത്. ഇസ്രയേലും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന മുന്നേറ്റങ്ങളും ശ്രദ്ധേയമാണ്.
ഉക്രൈൻ യുദ്ധം
2022 ആദ്യം ആരംഭിച്ച് ഇനിയും അവസാനിക്കാതെ തുടരുന്ന ഉക്രൈൻ യുദ്ധവും ലോക മേധാവിത്വം സ്ഥാപിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ത്വരയുടെ പ്രതിഫലനമാണ്. യഥാർഥത്തിൽ അത് ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധമായി കാണാനാവില്ല. മറിച്ച് ഉക്രൈൻ കേന്ദ്രീകരിച്ച് അമേരിക്കയും നാറ്റോയും ചേർന്ന് റഷ്യയുമായി നടത്തുന്ന യുദ്ധമാണ്. റഷ്യയെ വലയം ചെയ്യാനുള്ള സാമ്രാജ്യത്വ നീക്കത്തിനെതിരായ പ്രത്യാക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ യുദ്ധത്തിൽ ഉക്രൈൻ ജനത ബലിയാക്കപ്പെടുകയാണ്.
അമേരിക്കയുടെയും നാറ്റോയുടെയും ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഉക്രൈൻ ഭരണകൂടത്തിന് ഇത്രയും നീണ്ട യുദ്ധവുമായി മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല; എന്നു മാത്രമല്ല, സമാധാന ചർച്ചകളെ ല്ലാം അമേരിക്കയും ബ്രിട്ടനും ഇടപെട്ട് തകർക്കുകയും ചെയ്ത അനുഭവവും ഉണ്ട്. ചെെന നടത്തിയ മധ്യസ്ഥ ശ്രമത്തിനോട് സഹകരിക്കാൻ ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി തയ്യാറായെങ്കിലും അമേരിക്കൻ സമ്മർദത്തെ തുടർന്ന് അദ്ദേഹം അതിൽനിന്നു പിന്മാറാൻ നിർബന്ധിതനായി.
അമേരിക്കൻ ഭരണകൂടം അതിനകം തന്നെ നൽകിയ 3800 കോടി ഡോളറിന്റെ സഹായധനത്തിനു പുറമെ 2023 ആഗസ്തിൽ വീണ്ടും 130 കോടി ഡോളർ കൂടി നൽകി. അമേരിക്കയ്ക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ 600 കോടി (662.17 കോടി ഡോളർ) യൂറോയും ബ്രിട്ടൻ 500 കോടി പൗണ്ടും (635.35 കോടി ഡോളർ) ഉക്രൈന് അത്യാധുനിക ആയുധങ്ങളും പടക്കോപ്പുകളും വാങ്ങാനായി നൽകിയിട്ടുണ്ട്. അമേരിക്കയുടെയും നാറ്റോയുടെയും ശക്തമായ സെെനിക–സാമ്പത്തിക സഹായങ്ങൾക്കു പുറമെ അവയുടെ രഹസ്യാ-നേ-്വഷണ ഏജൻസികളുടെ സഹായവുമെല്ലാമുണ്ടായിട്ടും റഷ്യൻ സേനയെ ഉക്രൈനിൽ നിന്ന് പിന്നോട്ടടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. റഷ്യൻ സേന ശക്തമായ ചെറുത്തുനിൽപ്പു തുടരുകയാണ്. ഐക്യരാഷ്ട്ര സഭാപ്രമേയങ്ങളിലൂടെ നിരോധിക്കപ്പെട്ട മാരകമായ ക്ലസ്റ്റർ ബോംബുകളും ആണവാവശിഷ്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ആയുധങ്ങളും പ്രയോഗിച്ചിട്ടും റഷ്യയെ തിരിച്ചോടിക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് കഴിയുന്നില്ല. പ്രധാനമായും ഉക്രൈൻ നാറ്റോയിൽ ചേരില്ല എന്ന ഒരൊറ്റ ഉറപ്പ് മാത്രം മതി, ഒപ്പം ഡോൺബാസ് മേഖലയിലെ റഷ്യൻ പൗരർക്ക് നേരെ ഉക്രൈൻ ഭരണകൂടത്തിന്റെ പിന്തുണയോടെ നവനാസികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ റഷ്യ ഉക്രൈനിൽ നിന്ന് പിൻവാങ്ങാൻ തയ്യാറാണെന്ന് പലവട്ടം വ്യക്തമാക്കിയതാണ്. എന്നാൽ അതിനൊന്നും അമേരിക്കയോ കൂട്ടുകക്ഷികളോ ഉക്രൈൻ ഭരണാധികാരികളോ തയ്യാറാകുന്നില്ല.
റഷ്യയിൽനിന്നുള്ള ഗോതമ്പും രാസവളങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള നിർണായകമായ നാവികപാത കരിങ്കടലിലൂടെയാണ്; അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധം കരിങ്കടലിലൂടെയുള്ള റഷ്യൻ കപ്പലുകളുടെ സഞ്ചാരം അസാധ്യമാക്കിയിരിക്കുന്നു. എന്നാൽ ഉക്രൈന് ഗോതമ്പ് കയറ്റി അയക്കാൻ നാറ്റോ രാജ്യങ്ങളായ റൊമാനിയയുടെയും ബൾഗേറിയയുടെയും തുർക്കിയുടെയും തീരത്തുകൂടെ കരിങ്കടലിൽ ഒരു പുതിയ നാവിക പാത തുറക്കുകയും ചെയ്തു. ഇതിലൂടെ ഉക്രൈനെ സംബന്ധിച്ചിടത്തോളം ഒരു ബദൽ വ്യാപാരപാത എന്നതിലുപരി റഷ്യയുടെ കെെവശമുള്ള തുറമുഖ നഗരമായ ക്രിമിയ ആക്രമിക്കാനുള്ള ശേഷി വർധിക്കുകയും ചെയ്തു. അങ്ങനെ റഷ്യൻ നേവി നാറ്റോ അംഗരാജ്യങ്ങളാൽ ചുറ്റപ്പെട്ട് ബാൾട്ടിക് സമുദ്രത്തിലും വടക്കൻ സമുദ്രത്തിലുമായി ബന്ധിക്കപ്പെട്ട അവസ്ഥയിലാണ്. ഇത് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉക്രൈനിൽ റഷ്യയുടെ സമ്പൂർണ പരാജയവും അതിലൂടെ റഷ്യക്കുള്ളിൽ പുടിനെതിരെ ആഭ്യന്തരകലാപത്തിന് അവസരമൊരുക്കുകയുമെന്ന ലക്ഷ്യമാണ് അമേരിക്കയും റഷ്യയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതത്ര എളുപ്പമല്ലെന്നു മാത്രമല്ല, അസാധ്യവുമാണ്. കാരണം റഷ്യയുടെ സെെനികബലത്തെയും സാമ്പത്തികസ്ഥിതിയെയും കുറച്ചുകാണലാകുമത്. അമേരിക്കയുടെയും നാറ്റോയുടെയും സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ വലിയൊരു പരിധിവരെ ചെെനയുടെ സഹായത്തോടെ റഷ്യയ്ക്ക് കഴിയുന്നുണ്ട്. മാത്രമല്ല, അമേരിക്കൻ തീട്ടൂരം കണക്കിലെടുക്കാതെ അമേരിക്കയുടെ സുഹൃത്തുക്കളായ പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇന്ത്യയുമെല്ലാം റഷ്യയിൽനിന്നുള്ള, വിലക്കുറവുള്ള ക്രൂഡ് ഓയിൽ വാങ്ങുകയുമാണ്. അമേരിക്കയ്ക്കൊപ്പം നിൽക്കാറുള്ള സൗദി അറേബ്യയാകട്ടെ അമേരിക്കൻ തീട്ടൂരപ്രകാരം എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനും അങ്ങനെ ലോകവിപണിയിൽ എണ്ണയുടെ വില കുത്തനെ ഇടിച്ച് റഷ്യയെ ശ്വാസംമുട്ടിക്കാനും കൂട്ടുനിൽക്കാൻ തയ്യാറാകുന്നുമില്ല.
നാറ്റോ ഉച്ചകോടി
അമേരിക്ക നാറ്റോയെ കൂടുതൽ വിപുലപ്പെടുത്തി റഷ്യയെയും ചെെനയേയും ഒറ്റപ്പെടുത്താനും വളഞ്ഞുവയ്ക്കാനുമുള്ള നീക്കത്തിലാണ്. സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് അമേരിക്ക റഷ്യയ്ക്കു നൽകിയ വാഗ്ദാനം നാറ്റോയെ ഒരിഞ്ചുപോലും വികസിപ്പിക്കില്ലെന്നാണ്. എന്നാൽ ഇതിനു വിരുദ്ധമായി കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയാകെ നാറ്റോയിൽ ഉൾപ്പെടുത്തി റഷ്യയുടെ പടിവാതിക്കൽ വരെ അമേരിക്കയുടെയും നാറ്റോയുടെയും സെെനിക കേന്ദ്രീകരണം നടത്തിയിരിക്കുന്നു. അതിനുപുറമെയാണ് ഉക്രൈനെക്കൂടി നാറ്റോയിൽ ചേർത്ത് റഷ്യയെ വലയം ചെയ്യാൻ നടത്തുന്ന നീക്കം. 2023ലെ നാറ്റോ ഉച്ചകോടി മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ലിത്ത്വാനയുടെ തലസ്ഥാനമായ വിൽനിയസിൽ ചേർന്നപ്പോൾ ഫിൻലാൻഡും സ്വീഡനും കൂടി നാറ്റോയിൽ ചേർന്നതോടെ നാറ്റോയെ റഷ്യയുടെ കൂടുതൽ അടുത്തെത്തിച്ചിരിക്കുന്നു. നാറ്റോയെ ആഗോള സെെനിക സഖ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഈ ഉച്ചകോടിയിൽ ജപ്പാൻ, ദക്ഷിണകൊറിയ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളെക്കൂടി അംഗരാജ്യങ്ങൾക്കു പുറമെ പങ്കെടുപ്പിക്കുകയുണ്ടായി. ഏഷ്യാ–പസഫിക് മേഖലയിലേക്കു കൂടി ലക്ഷ്യമിട്ടുള്ള ഈ നീക്കം ചെെനയെ ഒറ്റപ്പെടുത്തുകയും അമേരിക്കൻ സാമ്രാജ്യത്വാധീശാധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നതിനാണ്. ഉത്തര അറ്റ്ലാന്റിക് മേഖലയിൽ യൂറോപ്പ് കേന്ദ്രീകരിച്ചുള്ള നാറ്റോയുടെ പ്രാധാന്യം യൂറോപ്പും അമേരിക്കയും തമ്മിലുണ്ടാകുന്ന ചേരിപ്പോരുമൂലം കുറയുന്നതിന്റെ കൂടി ഫ-ലമാണ് അമേരിക്കയുടെ ഈ പുതിയ നീക്കം. എന്നാൽ ഇതേവരെ അത് വേണ്ടത്ര ഫലം കണ്ടതായി തോന്നുന്നില്ല.
രണ്ടാം ശീതയുദ്ധം
ചെെനയെയാണ് അമേരിക്ക തങ്ങളുടെ മുഖ്യശത്രുവായി കരുതുന്നത്. സാമ്പത്തികരംഗത്തും സാങ്കേതികവിദ്യയുടെ കാര്യത്തിലും ചെെനയുടെ മുന്നേറ്റം അമേരിക്കയുടെ സമനില തെറ്റിക്കുകയാണ്. ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ASPI) പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം സുപ്രധാനമായി 44 സാങ്കേതികവിദ്യകളിൽ 37 എണ്ണത്തിലും ചെെനയാണ് ഒന്നാമത‍് നിൽക്കുന്നത്.– ഡിഫെൻസ് ബഹിരാകാശം, റോബോട്ടിക്സ്, ഊർജം, പരിസ്ഥിതി, ക്വാണ്ടം ടെക്-നോളജി, നിർമിത ബുദ്ധി എന്നീ രംഗങ്ങളിലെല്ലാം പാശ്ചാത്യരാജ്യങ്ങളെക്കാൾ ചെെന ബഹുദൂരം മുന്നിലാണ്. ഈ രംഗങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങളിലും ഉൽപ്പാദനത്തിലും ചെെനയാണ് ഒന്നാമത്. ഇത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളെ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളെയും ചെെനയ്ക്കൊപ്പം നിൽക്കാൻ നിർബന്ധിതമാക്കുന്നുണ്ട്. ബെൽറ്റ് ആന്റ് റോഡ് ഇനിഷേ-്യറ്റീവ് എന്ന പേരിലുള്ള ചെെനയുടെ പശ്ചാത്തല വികസന പദ്ധതിയിൽ ഏഷ്യൻ– ആഫ്രിക്കൻ രാജ്യങ്ങൾക്കുപുറമെ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട 17 രാജ്യങ്ങളും ചേർന്നിട്ടുണ്ട്. ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും 22 രാജ്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിലൂടെ അമേരിക്കയുടെ പടിവാതിൽക്കൽ വരെ ഈ പശ്ചാത്തല വികസനപദ്ധതി എത്തിനിൽക്കുന്നുണ്ട്. അതുപോലെതന്നെ ഐഎംഎഫിനു ബദലായി ചെെന രൂപം നൽകിയ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിലും 26 യൂറോപ്യൻ രാജ്യങ്ങളും 22 ആഫ്രിക്കൻ രാജ്യങ്ങളും വടക്കേ അമേരിക്കയിലെ കാനഡയും 8 ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും ഉൾപ്പെടെ 109 രാജ്യങ്ങളാണ് ചേർന്നിട്ടുള്ളത്. ഉപാധികളില്ലാതെയും അംഗരാജ്യങ്ങൾക്കെല്ലാം തുല്യ അവകാശം ഉറപ്പാക്കിയുമാണ് ഈ ബാങ്കിന്റെ പ്രവർത്തനമെന്നതാണ് ഏറെ രാജ്യങ്ങളെയും ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാങ്കിനെ സ്വീകാര്യമാക്കുന്നത്.
ഇതിനും പുറമെയാണ് ചെെനയുടെ നയതന്ത്രരംഗത്തെ ഇടപെടലുകൾ. സൗദി അറേബ്യയെയും ഇറാനെയും പരസ്പര വെെരം ഉപേക്ഷിച്ച് നയതന്ത്രപരമായ ചർച്ചകളിലേക്ക് കൊണ്ടുവന്നത് ഈ രംഗത്തെ ചെെനയുടെ വലിയൊരുനേട്ടമായി കരുതപ്പെടുന്നു. ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലാകെ ചെെനയുടെ സ്വാധീനം വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു. അമേരിക്ക സെെനിക സഖ്യങ്ങൾക്ക് രൂപം നൽകുമ്പോൾ ചെെന വികസനത്തിൽ ഊന്നിയുള്ള സാമ്പത്തിക സഖ്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഷാങ്ഹായ് സഹകരണസംഘടനയിലേക്ക് (SCO) കൂടുതൽ രാജ്യങ്ങൾ അടുക്കുന്നതും കാണാം. ഇതേവരെ നിരീക്ഷക പദവിയിലായിരുന്ന ഇറാനുകൂടി അംഗത്വം നൽകിയതോടെ കൂട്ടായ്മയിൽ 10 രാജ്യങ്ങൾ അംഗങ്ങളായിരിക്കുന്നു. നേപ്പാൾ, ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്താൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളും സാർക്കിനുപകരമായി എസ്-സിഒയുമായി അടുക്കുന്നു. ഗൾഫ് രാജ്യങ്ങളും ഈജിപ്തും തുർക്കിയും ഉൾപ്പെടെ ഈ കൂട്ടായ്മയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
ഇതെല്ലാം തന്നെ അമേരിക്കയെ ചെെനയ്ക്കെതിരായ നീക്കങ്ങളിലേക്ക് നയിക്കുന്നു. നാറ്റോയെ ഏഷ്യാ–പെസഫിക് മേഖലയിലേക്കു കൂടി വികസിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം പുതിയ ശീതയുദ്ധ പദ്ധതിയുടെ ഭാഗമാണ്. ചെെനയുടെ ഭാഗമായി ചരിത്രപരമായി കരുതപ്പെടുന്ന തായ്-വാനുമായി നയതന്ത്രബന്ധമോ സാമ്പത്തികവും സെെനികവുമായ സഹായങ്ങളോ ഉണ്ടാക്കുകയില്ലെന്ന വാക്കു ലംഘിച്ച് അമേരിക്ക തായ്-വാനുമായി സാമ്പത്തികവും സെെനികവുമായ സഹകരണം തുടരുന്നത് പ്രകോപനപരമായ നിലപാടാണ്. 2023ൽ തായ്-വാന് അമേരിക്ക 3.45 കോടി ഡോളറിന്റെ സെെനിക സഹായം നൽകുകയുണ്ടായി. തായ്-വാനെ സഹായിക്കാൻ അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ച 100 കോടി ഡോളറിന്റെ ഫണ്ടിൽനിന്നാണ് ഈ സഹായം നൽകിയത്. ഇതിനുപുറമെയാണ് അമേരിക്കൻ പ്രതിനിധി സഭയുടെ അധ്യക്ഷ നാൻസി പെലോസി സ്വകാര്യസന്ദർശനം എന്ന പേരിൽ നടത്തിയ തായ്-വാൻ സന്ദർശനം. അമേരിക്കൻ വേ-്യാമസേനാ വിമാനത്തിൽ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ തായ്-പെയിൽ അവരിറങ്ങിയത് സ്വകാര്യസന്ദർശനമാണെന്ന വാദം തന്നെ ശരിയല്ല. ചെെനയെ പ്രകോപിപ്പിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സന്ദർശനം. എന്നാൽ തന്ത്രപരമായ സമീപനത്തിലൂടെ സംഘട്ടനം ഒഴിവാക്കുകയാണ് ചെെന ചെയ്തത്.
ചെെനയെ വലയം ചെയ്യുന്നതിനായി ദക്ഷിണ ചെെന സമുദ്രമേഖലയിൽ അമേരിക്ക നടത്തുന്ന സെെനിക കേന്ദ്രീകരണം ഈ രണ്ടാം ശീതയുദ്ധത്തെ അപകടകരമായ അവസ്ഥയിലേക്കാണ് അമേരിക്ക കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കുന്നു.
സാമ്പത്തികരംഗത്തും ശാസ്ത്ര–സാങ്കേതികരംഗങ്ങളിലും ചെെന കെെവരിച്ച നേട്ടങ്ങളിൽ അസ്വസ്ഥരായ അമേരിക്കൻ ഭരണാധികാരികൾ അമേരിക്കയിൽ പ്രവർത്തിക്കുന്ന ചെെനീസ് സ്ഥാപനങ്ങളെ നിയമനടപടികൾക്ക് വിധേയമാക്കുന്നതും അമേരിക്കയിലേക്കുള്ള ചെെനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ച് ചെെനയെ സാമ്പത്തികമായി ഞെരുക്കുന്നതും ശീതയുദ്ധത്തിന്റെ ഭാഗമായുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെയെല്ലാം അതേ നാണയത്തിൽ ചെെന തിരിച്ചടിക്കുകയും അതിജീവിക്കുകയും ചെയ്തു. ഇപ്പോഴും ചെെനയെ വലയം ചെയ്ത് ആഗോളാധിപത്യം സ്ഥാപിക്കുന്നതിനുള്ള നീക്കം അമേരിക്ക തുടരുകയാണ്.
ധനമൂലധനശക്തികൾ ആധിപത്യമുറപ്പിക്കാൻ ഒരുവശത്ത് ലോകത്താകെ ചോരപ്പുഴ ഒഴുക്കാൻ ശ്രമിക്കുമ്പോൾ തന്നെ അതിനെതിരായ ചെറുത്തുനിൽപ്പും ശക്തിപ്പെടുന്നതിനാണ് 2023ൽ ലോകം സാക്ഷ്യം വഹിച്ചത്. ♦