നവലിബറൽ കാലത്തെ ശക്തമായ അടിച്ചമർത്തലിൽ ദുർബലമായിത്തീർന്ന ട്രേഡ് യൂണിയനുകളും തൊഴിലാളിവർഗത്തിന്റെ സംഘടിത സമരങ്ങളും തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് 2020കളുടെ സവിശേഷത. അതിൽ നിർണായകമായ വർഷമാണ് 2023. സേ-്വച്ഛാധിപത്യവാഴ്ചകൾക്കും, ജീവിതപ്രതിസന്ധിയുടെ ഉത്തരവാദിത്തം തൊഴിലാളിവർഗത്തിനുമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയും ചൂഷണാധിഷ്ഠിത ലാഭം കൊയ്യൽ തുടരുകയും ചെയ്യുന്ന മുതലാളിമാർക്കുമെതിരെ തൊഴിലാളിവർഗവും ട്രേഡ് യൂണിയനുകളും ശക്തമായി പ്രതികരിച്ച വർഷമായി 2023 മാറി. പൊരുതിനേടിയ പരിമിതമായ അവകാശങ്ങൾകൂടി കവർന്നെടുക്കാനുള്ള ബൂർഷ്വാസിയുടെയും ഭരണകൂടങ്ങളുടെയും ശ്രമങ്ങൾക്കും നിയമനിർമാണങ്ങൾക്കുമെതിരെ ശക്തമായ ചെറുത്തുനിൽപ്പുയർത്തി ലോകത്തൊട്ടൊകെയുള്ള തൊഴിലാളിവർഗം സമരോത്സുകമായ തിരിച്ചുവരവ് നടത്തിയ വർഷമായും 2023 അടയാളപ്പെടുത്തപ്പെടും. ലോകത്തെല്ലായിടത്തും, അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ഏറിയും കുറഞ്ഞും ഉശിരൻ സമരങ്ങൾക്ക് പിന്നിട്ട വർഷം സാക്ഷ്യംവഹിച്ചു എന്നത് പ്രത്യാശ നൽകുന്നതാണ്.
ലോകസാമ്രാജ്യത്വത്തിന്റെ നായകസ്ഥാനത്തുള്ള അമേരിക്കയിൽ 2023ൽ നടന്നത് ശക്തമായ ട്രേഡ് യൂണിയൻ സമരങ്ങളാണ്. ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും, ഓട്ടോമൊബെെൽ തൊഴിലാളികൾ, നഴ്സുമാർ, അധ്യാപകർ, ആമസോൺ,–സ്റ്റാർ ബക്ക് തൊഴിലാളികൾ അങ്ങനെ വ്യത്യസ്ത തൊഴിൽ മേഖലകളിലായി വമ്പിച്ച പണിമുടക്കുകൾക്കും പുതിയ യൂണിയനുകളുടെ രൂപീകരണത്തിനുമാണ് ലോകത്തിലെ ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യം 2023ൽ സാക്ഷ്യംവഹിച്ചത്. മികച്ച പങ്കാളിത്തത്തോടുകൂടി നടത്തപ്പെട്ട ഈ പണിമുടക്ക് പ്രക്ഷോഭങ്ങളിലെല്ലാംതന്നെ തൊഴിലാളികൾ പൂർണമായല്ലെങ്കിലും വിജയിക്കുകയും ചെയ്തു എന്നുകൂടി പറയട്ടെ. അതിൽ ഏറ്റവും വലിയ പ്രക്ഷോഭം SAG- – AFTRA എന്ന സംഘടനയുടെ നേതൃത്വത്തിൽ 1,60,000 പേർ പങ്കെടുത്തുകൊണ്ട് നടത്തിയ പണിമുടക്കായിരുന്നു. ഹോളിവുഡ് വാഴുന്ന വമ്പൻ കോർപറേറ്റ് അധിപതികളെ വിറപ്പിച്ചുകൊണ്ട് ടെലിവിഷൻ പ്രോഗ്രാമുകൾ, വീഡിയോ ഗേറ്റുകൾ, ബ്രോഡ്കാസ്റ്റ് കേന്ദ്ര ങ്ങൾ, സോഷ്യൽ മീഡിയ–ടെലിവിഷൻ–റേഡിയോ രംഗങ്ങൾ തുടങ്ങിയവയിൽ പണിയെടുക്കുന്നവരും അഭിനേതാക്കളും എഴുത്തുകാരും ഒന്നിച്ചുനടത്തിയ പണിമുടക്ക് 4 മാസത്തോളം നീണ്ടു; ഒടുവിൽ ശമ്പളവർധനവ് കൂടുതൽ ജീവനക്കാർ തുടങ്ങിയ ഡിമാന്റുകൾ അംഗീകരിക്കപ്പെട്ടതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്.
2023ൽ അമേരിക്കയിൽ നടന്ന മറ്റൊരു ഉശിരൻ സമരമായിരുന്നു യുണെെറ്റഡ് ഓട്ടോ വർക്കേഴ്സിന്റെ (UAW) നു നേതൃത്വത്തിൽ ജനറൽ മോട്ടേഴ്സ്, ഫോർഡ്, സ്റ്റെലാന്റിസ് എന്നീ മൂന്ന് വമ്പൻ കോർപറേറ്റ് കമ്പനികളിൽ പണിയെടുക്കുന്ന ഓട്ടോമൊബെെൽ തൊഴിലാളികൾ നടത്തിയ പണിമുടക്ക്. ഒന്നരലക്ഷത്തോളം തൊഴിലാളികൾ പങ്കെടുത്ത ഈ പണിമുടക്ക് വമ്പൻ വിജയമായി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. താൽക്കാലിക ജീവനക്കാർക്കുൾപ്പെടെ 25% വരെ കൂലി വർധനവ്, താൽക്കാലിക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തൽ, മെച്ചപ്പെട്ട റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, ജീവിത ചെലവിന്റെ വർധനയ്ക്കനുസൃതമായ ക്രമീകരണങ്ങൾ, കമ്പനി അടച്ചുപൂട്ടലുകൾക്കെതിരെ പണിമുടക്കുവാനുള്ള അവകാശം തുടങ്ങിയവ നേടിയെടുക്കുവാൻ അമേരിക്കയിൽ ഒന്നരമാസം നീണ്ടുനിന്ന ഈ സമരത്തിന് സാധിച്ചു. 3,40,000 അംഗങ്ങളുള്ള യുണെെറ്റഡ് പാഴ്സൽ സർവീസിലെ തൊഴിലാളികൾ ആഹ്വാനംചെയ്ത പണിമുടക്ക് വാൾമാർട്ടിനെയും ആമസോണിനെയും പിടിച്ചുകുലുക്കി. ഒടുവിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ ഡെലിവറി കമ്പനി മുട്ടുമടക്കി; പാർട്ട് ടെെം ഡ്രൈവർമാർക്ക് കൂലിവർധനവടക്കം അനുവദിക്കപ്പെട്ടു.
ഇതിനുപുറമെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും ശമ്പളത്തിനുംവേണ്ടി ആരോഗ്യ പ്രവർത്തകരും നഴ്സുമാരും നടത്തിയ പണിമുടക്ക്, ലോസ് ഏഞ്ചലസിൽ നടന്ന ഹോട്ടൽ തൊഴിലാളികളുടെ പ്രക്ഷോഭം, പെൻസിൽവാനിയയിൽ പണിമുടക്കവകാശങ്ങൾക്കുവേണ്ടി നടത്തപ്പെട്ട സമരം എന്നിവയെല്ലാം 2023ൽ അമേരിക്കയിൽ നടന്ന തൊഴിലാളിവർഗ മുന്നേറ്റങ്ങളുടെ പട്ടികയിൽപ്പെടുന്നതാണ്. കൂടാതെ സ്റ്റാർബക്ക്സും ആമസോണും ഉൾപ്പെടെയുള്ള അമേരിക്കയിലെ ഭീമൻ കോർപറേഷനുകളിൽ മേലാളന്മാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് യൂണിയനുകളുടെ രൂപീകരണവും 2023ൽ വ്യാപകമായി നടക്കുകയുണ്ടായി.
മറ്റൊന്ന് അമേരിക്കയുടെ തൊട്ടയൽ രാജ്യമായ കാനഡയിലെ ക്യുബക്കിൽ നടന്നുവരുന്ന പണിമുടക്കാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസേവനം എന്നീ സർക്കാർ മേഖലകളിൽ പണിയെടുക്കുന്ന അധ്യാപകരും നഴ്സുമാരും ജീവനക്കാരും വിദഗ്ധരുമടക്കമുള്ള വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന യൂണിയനുകൾ ഒന്നിച്ചുനടത്തുന്ന ഈ പണിമുടക്കിൽ 6 ലക്ഷത്തോളം പേരാണ് പങ്കെടുക്കുന്നത്. ക്യുബക്കിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പണിമുടക്കാണിത്.
ഇനി യൂറോപ്പിലേക്കു വരികയാണെങ്കിൽ ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ 2023ൽ നടന്നത് നിരന്തരമായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളും തൊഴിലാളി പണിമുടക്കുകളുമാണ്. ചെറുതും വലുതുമായ ഈ സമരങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെടുന്നതാണ് 2023ലെ യൂറോപ്പിലെ ഓരോ രാജ്യങ്ങളും. ടോറി ഗവൺമെന്റിന്റെ ജനവിരുദ്ധമായ നടപടികൾക്കെതിരെ ബ്രിട്ടനിൽ ഗംഭീരസമരങ്ങളാണ് പിന്നിട്ട വർഷം നടന്നത്. ഈ ലേഖനമെഴുതുമ്പോൾപോലും റിഷി സുനകിന്റെ നേതൃത്വത്തിലുള്ള ടോറി ഗവൺമെന്റിന്റെ പണിമുടക്കുവിരുദ്ധ നിയമത്തിനെതിരായ പ്രക്ഷോഭത്തിലാണ് ബ്രിട്ടനിലെ തൊഴിലാളികൾ.
ജർമനിയിൽ 2023 മാർച്ച് 27നു നടന്ന സർവീസ് തൊഴിലാളികളുടെ സംഘടനയായ Ver.diയും റെയിൽവേ, ഗതാഗത തൊഴിലാളി യൂണിയനായ ഇവിജിയും ചേർന്ന് നടത്തിയ സംയുക്ത പണിമുടക്ക് പ്രക്ഷോഭം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഒന്നായി മാറി. അതുപോലെതന്നെ നാസിസം അടക്കമുള്ള ചോരക്കൊതിയൻ ആശയങ്ങൾ തിരിച്ചുവരുന്ന പ്രവണത രേഖപ്പെടുത്തിയ ജർമനിയിൽ 2023ൽ നടന്ന ശക്തമായ ഫാസിസ്റ്റുവിരുദ്ധ പ്രക്ഷോഭവും ശ്രദ്ധിക്കപ്പെട്ടു.
മക്രോണിന്റെ പെൻഷൻ പരിഷ്ക-ാരങ്ങൾക്കും മറ്റ് സേ-്വച്ഛാധിപത്യനയങ്ങൾക്കുമെതിരായി ഫ്രഞ്ച് ജനത നടത്തിയ തുടർച്ചയായ പ്രക്ഷോഭവും 2023 മാർച്ച് 7ന്റെ പൊതുപണിമുടക്കും ചരിത്രത്തിലിടംപിടിച്ച ഒന്നാണ്. ലോകത്താകെയുള്ള തൊഴിലാളിസമൂഹത്തിന് മാതൃകയായി അത് മാറി. ഗ്രീസിൽ യാഥാസ്ഥിതിക വലതുപക്ഷ ഗവൺമെന്റായ ന്യൂ ഡെമോക്രസി ഗവൺമെന്റിനെതിരെ നടന്ന കുപ്രസിദ്ധമായ തൊഴിലാളിവിരുദ്ധ ബില്ലിനെതിരെ സെപ്തംബർ 21ന് നടന്ന ദേശീയ പണിമുടക്ക് അഭൂതപൂർവമായ തൊഴിലാളിപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 8 മണിക്കൂർ തൊഴിൽ സമയം 13 മണിക്കൂറായി നീട്ടുകയും തൊഴിൽദാതാക്കൾക്ക് എല്ലാ വിധത്തിലും തൊഴിലാളികളെ ചൂഷണം ചെയ്യുവാനും അടിച്ചമർത്താനും വ്യവസ്ഥ ചെയ്യുന്ന ഈ ബില്ലിനെതിരായി തൊഴിലാളി വിഭാഗങ്ങളുടെ വലിയ തോതിലുള്ള അണിനിരക്കലിന് വഴിയൊരുക്കി. ഗ്രീക്ക് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 10 ആയി വർധിച്ചതിൽ ഈ ജനകീയമുന്നേറ്റത്തിന്റെ സ്വാധീനമുണ്ട് എന്നു കാണുന്നതിൽ തെറ്റില്ല.
ഭരണകൂടവും മുതലാളിവർഗവും ചേർന്ന് രൂപംകൊടുത്ത സാമൂഹ്യപങ്കാളിത്ത കരാറുകൾ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ തലയറുത്ത സ്വീഡനിൽ ഏപ്രിൽ 17 മുതൽ 19 വരെയുള്ള തീയതികളിൽ ലോക്കോ പെെലറ്റുമാർ നടത്തിയ ത്രിദ്രിന പണിമുടക്കും 2023ലെ ഉശിരൻ സമരങ്ങളുടെ പട്ടികയിൽപ്പെടുന്ന ഒന്നാണ്. പ്രകടനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും തടയിട്ടുകൊണ്ടുള്ള ബെൽജിയം ഗവൺമെന്റിന്റെ ബില്ലിനെതിരെ ഇടതുപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും തൊഴിലാളിവർഗ വിഭാഗങ്ങളും ഒക്ടോബർ 5ന് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. പ്രക്ഷോഭകരെ, പണിമുടക്കുന്നവരെ, ‘കലാപകാരികൾ’ എന്ന് അഭിസംബോധന ചെയ്യുന്ന ബില്ല് വ്യവസ്ഥിതിക്കോ ഭരണകൂടത്തിനോ എതിരായ എല്ലാവിധ പ്രതിഷേധങ്ങൾക്കും തടയിടുന്നതാണ്.
തൊഴിലാളിവർഗ മുന്നേറ്റങ്ങളും ജനകീയ സമരങ്ങളും കാലങ്ങളായി ദുർബലമാക്കപ്പെട്ടുകിടന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ തൊഴിലാളിവർഗം തിരിച്ചുവരവ് അടയാളപ്പെടുത്തിയ വർഷംകൂടിയായി 2023. സ്വാസിലാൻഡിൽ രാജവാഴ്ച അവസാനിപ്പിക്കുന്നതിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജനകീയപ്രക്ഷോഭം അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആ പോരാട്ടത്തിന്റെ നേതൃനിരയിൽനിന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മുവുസെലേലോ എംഖബേലയടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്നതിനുവേണ്ടി അവിടെ നടന്ന ഉശിരൻ ‘ചങ്ങല പൊട്ടിക്കൽ പ്രക്ഷോഭ’വും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. സ്വാസിലാൻഡിലെ ജനങ്ങൾ രാജവാഴ്ചയ്ക്കെതിരായി നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുന്നു. ആർത്തവകാല ശുചിത്വോത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള നികുതി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഘാനയിലെ സ്ത്രീകൾ നടത്തിയ വമ്പിച്ച പ്രക്ഷോഭം അതുയർത്തിയ മുദ്രാവാക്യത്തിലെ വ്യത്യസ്തതകൊണ്ടുതന്നെ സുപ്രധാനമാണ്. സ്ത്രീകളുടെ മാത്രം സ്വകാര്യമായ വിഷയം എന്ന നിലയ്ക്ക് ആർത്തവത്തെ കാണുന്ന പ്രവണതയ്ക്കെതിരായ സമരം കൂടിയായി ഇത് മാറിയിരുന്നു. കെനിയയിൽ പ്രസിഡന്റ് വില്യം റൂട്ടോയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അവതരിപ്പിച്ച ഫിനാൻസ് ആക്ട് 2023ന് എതിരായ രാജ്യവ്യാപക പ്രക്ഷോഭം ആഴ്ചകളോളം നീണ്ടുനിൽക്കുകയും ജൂലെെ മാസം നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ നിഷ്ഠുരമായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തു. ഭരണകൂട അടിച്ചമർത്തലിനെതിരായ പോരാട്ടം ശക്തമായി നടന്ന മറ്റൊരു രാജ്യം സാംബിയയാണ്.
ലാറ്റിനമേരിക്കയിലും പിന്നിട്ട വർഷം ശക്തമായ സമരങ്ങളുടെ സാന്നിധ്യമുണ്ടായി. പെറുവിൽ പ്രസിഡന്റ് ദിന ബൊലുവാർത്തെയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരായി വിവിധ സാമൂഹ്യസംഘടനകളും കർഷകപ്രസ്ഥാനങ്ങളും തദ്ദേശീയ ജനങ്ങളും ട്രേഡ് യൂണിയനുകളും ചേർന്നു നടത്തിയ പത്തുദിന പ്രക്ഷോഭം നിർണായകമായി. ഭരണകൂട അടിച്ചമർത്തലിനെതിരായി ബൊലുവാർത്തെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജിടിപി ട്രേഡ് യൂണിയൻ ഫെഡറേഷൻ ഡിസംബർ 7ന് പൊതുപണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പെദ്രൊ കാസ്റ്റിയോയുടെ ഭരണത്തെ അട്ടിമറിക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തതിനുശേഷമാണല്ലോ ബൊലുവാർത്തെ അധികാരം പിടിച്ചടക്കിയത്; കാസ്റ്റിയോയുടെ തിരിച്ചുവരവിനുവേണ്ടി നിരന്തരമായി നടന്നുവരുന്ന സമരങ്ങളും പെറുവിനെ ജനകീയ സമരങ്ങളുടെ കേന്ദ്രമാക്കി തീർത്തു. സ്ത്രീകൾക്കെതിരായ ചൂഷണവും അടിച്ചമർത്തലും ശക്തമായിട്ടുള്ള അർജന്റീനയിൽ 2015 ൽ രൂപംകൊണ്ട ‘നീ ഉനാ മെനോസ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ചെറുത്തുനിൽപ്പാണ് മറ്റൊന്ന്.
ട്രേഡ് യൂണിയനുകളും തൊഴിലാളിവർഗ്ഗ സംഘടനകളും അടിച്ചമർത്തപ്പെട്ട് പണിമുടക്കുകളും സമരങ്ങളും വിരളമായി തീർന്ന ജപ്പാനിൽ 61 വർഷങ്ങൾക്കുശേഷം തൊഴിലാളികൾ സംഘടിച്ച് പണിമുടക്കുന്ന കാഴ്ചയും 2023ന്റെ സവിശേഷതയായി. ജപ്പാനിലെ ചില്ലറ വ്യാപാര കമ്പനിയായ Seven & i Holding കമ്പനി അവരുടെ സ്റ്റോർ ശൃംഖലയായ Soyo & Seibu കമ്പനിയെ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചതാണ് തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്രാജ്യത്വ സഖ്യശക്തിയായി എല്ലാ അർത്ഥത്തിലും നിലകൊള്ളുന്ന ദക്ഷിണകൊറിയയിൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കു വേണ്ടി ആരോഗ്യ പ്രവർത്തകർ നടത്തിയ ദേശീയ പണിമുടക്കിൽ 145 കേന്ദ്രങ്ങളിലായി 45,000 പേരാണ് പങ്കെടുത്തത്. കൊറിയൻ ഹെൽത്ത് ആൻഡ് മെഡിക്കൽ വർക്കേഴ്സ് യൂണിയൻ (KHMU) ആണ് ഈ പണിമുടക്ക് സംഘടിപ്പിച്ചത്.
അതുപോലെതന്നെ, 2023 മാർച്ച് അവസാനം ഇസ്രയേലിൽനടന്ന ‘‘നിയമവിരുദ്ധമായ’’ പൊതുപണിമുടക്ക്, വളരെ ശക്തമായി നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന ജുഡീഷ്യൽ അട്ടിമറിയിൽനിന്നും താൽക്കാലികമായാണെങ്കിലും പിന്മാറാൻ നെതന്യാഹുവിനെ നിർബന്ധിതനാക്കി.
ട്രേഡ് യൂണിയനുകളുടെയും തൊഴിലാളിവർഗ്ഗ സംഘടനകളുടെയും സമരങ്ങളുടെ പ്രാധാന്യം വീണ്ടും വർദ്ധിക്കുകയും ജനകീയത കൈവരിക്കുകയും ചെയ്ത വർഷം എന്നതിനൊപ്പം ഇവയെല്ലാംതന്നെ ശക്തമായി അടിച്ചമർത്തൽ നേരിട്ട വർഷം കൂടിയാണ് 2023. ബ്രിട്ടണിൽ വ്യാവസായിക രംഗത്ത് ഉണ്ടായ ശക്തമായ സമരോത്സുകത രംഗത്തെ റിഷി സുനക് നേരിട്ടത് ട്രേഡ് യൂണിയൻ വിരുദ്ധ നിയമനിർമ്മാണം കൊണ്ടുവന്നുകൊണ്ടാണ്. പെൻഷൻവിരുദ്ധ ചെറുത്തുനിൽപ്പിനെ മക്രോൺ നേരിട്ടത് ഭരണകൂടത്തിന്റെ മർദ്ദനസംവിധാനങ്ങളെയാകെ ഉപയോഗിച്ചുകൊണ്ടാണ്. സമാനമായി, പണിമുടക്കുകളും പ്രക്ഷോഭസമരങ്ങളും വർദ്ധിച്ചുവരുന്നുവെന്ന് കണ്ട ബൂർഷ്വാ ഭരണകൂടങ്ങൾ പലതും ട്രേഡ് യൂണിയൻവിരുദ്ധ, പണിമുടക്കു വിരുദ്ധ നിയമനിർമാണങ്ങൾ നടത്തുന്നതും നടത്താൻ ശ്രമിക്കുന്നതും അതിനെതിരായ ജനകീയ ചെറുത്തുനിൽപ്പുയരുന്നതും 2023ന്റെ കാഴ്ചയാണ്.
സാമ്രാജ്യത്വ യുദ്ധവെറിയ്ക്കെതിരായി സാർവദേശീയത
2023ൽ ലോകം കണ്ട പ്രത്യാശാനിർഭരമായ മറ്റൊരു സംഭവവികാസം സാർവദേശീയമായി ഒന്നിച്ചുനിൽക്കണമെന്ന ആശയത്തിന്റെ വളർച്ചയാണ്. മനുഷ്യരെ വംശത്തിന്റെയും വർണ്ണത്തിന്റെയുമൊക്കെ പേരിൽ തമ്മിലടിപ്പിച്ച്, രാജ്യങ്ങളെ സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ച് അതുവഴിയും ലാഭംകൊയ്യുന്ന സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിയ്ക്കെതിരായ ജനവികാരം സാർവദേശീയമായിതന്നെ രൂപപ്പെട്ടിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കും അതിനു പിന്തുണ നൽകുന്ന അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ചേരിക്കുമെതിരായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും നടന്ന പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിങ്ങനെ ഇസ്രായേലിന് പിന്തുണ നൽകുന്ന എല്ലാ രാജ്യങ്ങളിലും തങ്ങളുടെ ഭരണകൂടനയത്തിനെതിരായ മുദ്രാവാക്യങ്ങളും പലസ്തീൻ ഐക്യദാർഢ്യ മുന്നേറ്റങ്ങളുമുണ്ടായി. പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം നേർന്നുകൊണ്ട് യൂറോപ്പിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഉൾപ്പെടെ ലോകത്തിന്റെ എല്ലാ കോണുകളിലും പ്രകടനങ്ങൾ നടന്നു. അമേരിക്കയിലാകട്ടെ, ശക്തമായ സമരംതന്നെ നടക്കുകയുണ്ടായി. ഇവിടങ്ങളിലെല്ലാം തൊഴിലാളി വർഗ്ഗം മുൻനിരയിലുണ്ടായി എന്നതും ശ്രദ്ധേയമാണ് . സാമ്രാജ്യത്വ അധീശാധിപത്യത്തിനും ചോരക്കൊതിക്കുമെതിരായി ഉയർന്നുവന്ന ഈ മുന്നേറ്റം സാർവദേശീയതയെന്ന ബദൽ സമീപനത്തിന്റെ സാധ്യതകളെയാണ് തുറന്നിട്ടത്.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ, പിന്നിട്ട വർഷവും ഉശിരൻ തൊഴിലാളി സമരങ്ങളുടെ അടയാളപ്പെടുത്തൽ കൊണ്ടുതന്നെ ചരിത്രത്തിലിടം നേടും എന്നതിൽ തർക്കമില്ല. ഈ സമരങ്ങളും പണിമുടക്കുകളുമെല്ലാംതന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെയുള്ള ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽമാത്രം 2023ൽ പണിമുടക്കിയത് 5 ലക്ഷം തൊഴിലാളികളാണ്. ഇത് 2022ന്റെ ഇരട്ടിയാണ്. അതേ സമയം 2021ൽ പണിമുടക്കിയ തൊഴിലാളികളുടെ ഇരട്ടിതൊഴിലാളികളാണ് അമേരിക്കയിൽ 2022ൽ പണിമുടക്കിയത്. ഇത് കാണിക്കുന്നത് മുതലാളിത്തവും നവലിബറലിസവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ത്വരിതഗതിയിൽ വർധിക്കുകയാണ് എന്നാണ്. നിയമംവഴിയും അടിച്ചമർത്തൽവഴിയും എത്രതന്നെ ബന്ധിക്കപ്പെട്ടാലും പ്രതികരിക്കാതെ, ചെറുത്തുനിൽപ്പുയർത്താതെ മുന്നോട്ടുപോകാനാവില്ലയെന്ന യാഥാർത്ഥ്യത്തിലേക്ക് ലോകത്താകെയുള്ള ഭൂരിപക്ഷജനത എത്തുന്നു എന്നാണ്.
2024 ലേക്കു നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ തൊഴിലിന്റെ ലോകത്തും ജീവിതചെലവിന്റെയും അതിജീവനത്തിന്റെയും രംഗത്തും പ്രതിസന്ധികൾ കൂടുതൽ വർധിക്കുകയാണ്. മുതലാളിത്തത്തിന്റെ കാടത്തവും ദുരന്തം വിതയ്ക്കുന്ന സമീപനവും കൂടുതൽ തീവ്രമാക്കപ്പെട്ടിരിക്കുന്നു. അനിയന്ത്രിതമായ ലാഭേച്ഛമാത്രം കെെമുതലായുള്ള, യുദ്ധവെറിപൂണ്ട മുതലാളി വർഗ്ഗത്തിന്റെ കയ്യിൽനിന്നും സമ്പദ്ഘടനയുടെ ഉത്തോലകം പിടിച്ചെടുത്തുകൊണ്ടു മാത്രമേ ബദൽ സാധ്യമാക്കുവാൻ കഴിയൂ എന്നും കാണേണ്ടിയിരിക്കുന്നു. ♦