Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറിലിംഗതുല്യത ആശങ്കയും പ്രതീക്ഷയും

ലിംഗതുല്യത ആശങ്കയും പ്രതീക്ഷയും

കെ ആർ മായ

യുഎൻ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയ യുഎൻ വിമനും യുഎൻ ഡിപ്പാർട്ട്-മെന്റ് ഓഫ് സോഷ്യൽ അഫയേഴ്-സും (UNDESA) ചേർന്നു പുറത്തിറക്കിയ പുതിയ പതിപ്പിന്റെ തലക്കെട്ട്, ‘‘സുസ്ഥിരവികസനലക്ഷ്യങ്ങളിലെ പുരോഗതി: ജൻഡർ സംക്ഷിപ്തം 2023’’ എന്നാണ്.

ജൻഡർ സ്നാപ്പ്ഷോട്ട് 2023 നൽകുന്ന മുന്നറിയിപ്പ് ഗൗരവമേറിയ ചില ആശങ്കകൾ മുന്നോട്ടുവയ്ക്കുന്നു. ലിംഗതുല്യത കെെവരിക്കുന്നതിനായുള്ള മുന്നോട്ടുപോക്കിൽ ലോകമാകെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു ആശങ്ക. മറ്റൊന്ന് സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ കൂടുതൽ തീവ്രമായിരിക്കുന്നു എന്നതാണ്. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ 2030 ഒാടെ ലോകത്തെ 34 കോടി സ്ത്രീകൾ (ലോകത്തിലെ മൊത്തം സ്ത്രീ ജനസംഖ്യയുടെ 8%) കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വരുമെന്നാണ്. നാലിലൊരു സ്ത്രീ മിതമോ കഠിനമോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടതായി വരും. പുരുഷന്മാരെ അപേക്ഷിച്ച്, അടുത്ത തലമുറയിലെ സ്ത്രീകൾക്ക് വേതനമില്ലാത്ത പരിചരണ–ഗാർഹിക വൃത്തിക്കായി പ്രതിദിനം ശരാശരി രണ്ട് മൂന്നു മണിക്കൂർ അധികം ചെലവഴിക്കേണ്ടതായി വരും. ലിംഗതുല്യത സംബന്ധിച്ച വാർഷികറിപ്പോർട്ടിൽ ഇതാദ്യമായാണ് കാലാവസ്ഥാ വൃതിയാനം ഉൾപ്പെടുത്തുന്നത്. ഇതനുസരിച്ച് 15.83 കോടിയിലേറെ സ്ത്രീകൾ കൊടുംദാരിദ്ര്യത്തിലേക്കു തള്ളപ്പെടും. അതായത്, ഇക്കാര്യത്തിൽ പുരുഷന്മാരുടെ മൊത്തം എണ്ണത്തേക്കാൾ 1.6 കോടി കൂടുതൽ. മാത്രവുമല്ല, പ്രായമായ സ്ത്രീകൾക്ക് ഇതേ ഗണത്തിൽപെട്ട പുരുഷന്മാരെക്കാൾ ഉയർന്ന ദാരിദ്ര്യവും അക്രമങ്ങളും നേരിടേണ്ടതായി വരുമെന്നും റിപ്പോർട്ടുപറയുന്നു. ലഭ്യമായ ഡാറ്റപ്രകാരം 116 രാജ്യങ്ങളിൽ വെറും 28 രാജ്യങ്ങളിൽ മാത്രമാണ് വൃദ്ധരായ സ്ത്രീകൾക്ക് പെൻഷൻ നൽകുന്നത്. അതും പകുതിപേർക്കു മാത്രം. 2030 ഓടെ ലിംഗതുല്യതയും സ്ത്രീശാക്തീകരണവും കെെവരിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് പ്രതിവർഷം 360 ലക്ഷം കോടി ഡോളറിന്റെ അധികനിക്ഷേപത്തിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.

2030 ഓടെ, ലിംഗതുല്യത കെെവരിക്കുന്നതിലേക്കെത്തിച്ചേരുന്നതിന് മൂർത്തമായ ശ്രമങ്ങളുടെ അടിയന്തര ആവശ്യകത ‘ദി ജൻഡർ സ്നാപ്പ്ഷോട്ട് 2023’ അടിവരയിടുന്നു.

റിപ്പോർട്ടു മുന്നോട്ടുവയ്ക്കുന്ന കൂടുതൽ വസ്തുതകളെ ഇങ്ങനെ ചുരുക്കാം: ലോകത്ത് സ്ത്രീകൾ അവരുടെ ഏറ്റവും അടുത്തവരിൽ നിന്നോ പങ്കാളിയിൽനിന്നോ നേരിടുന്ന ലെെംഗികാതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരു രാജ്യത്തിനും കഴിയുന്നില്ല; 27 രാജ്യങ്ങളിൽ മാത്രമാണ് ലിംഗതുല്യതയ്ക്കും സ്ത്രീശാക്തീകരണത്തിനുമായുള്ള ബജറ്റ് വകയിരുത്തൽ ഉള്ളത്. സംഘർഷങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം 2017 ലേതിൽനിന്നും 2022ൽ ഇരട്ടിയായി (61.4 കോടി) വർധിച്ചു; 2030 ആകുമ്പോഴേക്കും 11 കോടി പെൺകുട്ടികളും യുവതികളും വിദ്യാഭ്യാസത്തിൽ നിന്നും പുറത്താകും. തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തിലും സ്ത്രീ–പുരുഷവ്യത്യാസം സ്ഥിരമായി ഉയർന്നുനിൽക്കുന്നു. പുരുഷന്മാർക്ക് 100സെന്റ് (1 ഡോളർ) ലഭിക്കുമ്പോൾ അതേ ജോലിചെയ്യുന്ന സ്ത്രീകൾക്ക് 51 സെന്റ് മാതത്രമേ ലഭിക്കുന്നള്ളൂ. പ്രധാനപ്പെട്ട തൊഴിലുകൾ 90 ശതമാനവും പുരുഷന്മാർക്കു ലഭിക്കുമ്പോൾ 61.4 ശതമാനം സ്ത്രീകൾക്കു മാത്രമേ അത്തരം തൊഴിലുകൾ ലഭിക്കുന്നുള്ളൂ.

യുഎൻ വിമനിലെ മൂന്നാമത് കമ്മിറ്റി പൗരത്വം, വിദ്യാഭ്യാസം, തൊഴിൽ, നീതി എന്നിവ ലഭ്യമാകുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. സായുധസംഘർഷങ്ങളും കാലാവസ്ഥാവ്യതിയാനവും ലോകത്തിന്റെ പകുതി ജനസംഖ്യയായ സ്ത്രീകളുടെ പൗരർ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാക്കി. ഇന്ന് ലോകത്ത് 50 രാജ്യങ്ങളിൽ ലിംഗ വിവേചനപരമായ വ്യവസ്ഥകളടങ്ങുന്ന ദേശീയത സംബന്ധിച്ച നിയമങ്ങൾ (Nationality Laws) ഇപ്പോഴും നിലനിൽക്കുന്നു. അതിൽ 24 രാജ്യങ്ങളിൽ പുരുഷന്മാർക്കുള്ളതിനു സമാനമായി സ്ത്രീക്ക് തങ്ങളുടെ കുട്ടികളുടെ ദേശീയത തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. ‘‘ലിംഗവിവേചനപരമായ ദേശീയതാനിയമങ്ങൾ സ്ത്രീകൾക്കു നേരെയുള്ള അക്രമത്തിനു തുല്യമാണ്. അവ വിവേചനത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ്’’ എന്നാണ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ സംബന്ധിച്ച പ്രത്യേക കമ്മിറ്റി റിപ്പോർട്ടർ റിം അൽസലേം പറയുന്നത്.

പൗരത്വമില്ലായ്മയും വിവേചനപരമായ പൗരത്വനിയമങ്ങളും സ്ത്രീകൾ നേരിടുന്ന പ്രത്യേക വെല്ലുവിളിയാണ്. രാഷ്ട്രരഹിതരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള ലെെംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമനിർമാണം നടത്തുക, ഗാർഹിക പീഡനം നിരോധിക്കുന്ന നിയമനിർമാണം, രാജ്യമില്ലായ്മയും ദേശീയതയുമായും ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുക എന്നിവയും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട് സ്ത്രീകളനുഭവിക്കന്ന ദുരിതങ്ങൾക്കു ഉത്തമദൃഷ്ടാന്തമായി അഫ്ഗാനിസ്ഥാൻ ഉയർത്തിക്കാട്ടപ്പെട്ടു. അഫ്ഗാനിസ്ഥാനെപ്പോലെ, സ്ഥാപനവൽക്കരിക്കപ്പെട്ട അസമത്വത്തിനും ലിംഗാധിഷ്ഠിത വിവേചനത്തിനും ലോകത്തെവിടെയും സമാനതകളില്ല എന്ന്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വിവേചനം സംബന്ധിച്ച വർക്കിങ് ഗ്രൂപ്പിന്റെ ചെയർമാനായ ദൊറോത്തി എസ്ട്രാദ അടിവരയിടുന്നു. 2021 ആഗസ്തിൽ അധികാരത്തിൽവന്ന താലിബാൻ ഭരണകൂടം സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, നീതി എന്നിവയുൾപ്പെടെയുള്ള ഭൂരിപക്ഷം പേർക്കും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യത്തലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വരെ നിയമംമൂലം നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അറബ് എമിറേറ്റസിന്റെ പ്രതിനിധി ചൂണ്ടിക്കാണിച്ചത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന ലെെംഗികാതിക്രമങ്ങളെക്കുറിച്ചാണ്. പാർക്കുകളും പൊതുഇടങ്ങളും സ്ത്രീക്ക് വിലക്കിയിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നു. ഇത് അവിടത്തെ സ്ത്രീകളുടെ ഉപജീവനവും ഭാവിയെത്തന്നെയും ഇല്ലാതാക്കുന്നതാണ്.

ലോകമെമ്പാടും നടക്കുന്ന സായുധകലാപങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലെെംഗികാതിക്രമത്തെ യുദ്ധത്തിലെ ഒരു ആക്രമണമാർഗമായി ഉപയോഗിക്കുന്നത് തുടരുന്നതിൽ സിഇഡിഡബ്ല്യു ചെയർമാൻ അനാപെലസ് നെർവേസ് അതിയായ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. റഷ്യ–ഉക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥയെപ്പറ്റി സമിതി നിരീക്ഷിച്ചശേഷം സംഘർഷബാധിത പ്രദേശങ്ങളിൽനിന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ശുപാർശകൾ 2022 ഒക്ടോബറിൽ ഉക്രൈൻ ഭരണകക്ഷിക്ക് കെെമാറുകയുണ്ടായി.

സംഘർഷമേഖലകളിലെ വൃദ്ധരായ സ്ത്രീകളുടെയും പലായനം ചെയ്യേണ്ടിവന്ന സ്ത്രീകളുടെയും പരിതാപകരമായ അവസ്ഥയും ചൂണ്ടിക്കാട്ടപ്പെട്ടു. റഷ്യ–ഉക്രൈൻ യുദ്ധം 60 ലക്ഷം അഭയാർഥികളെ സൃഷ്ടിച്ചു. അതിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. മനുഷ്യക്കടത്ത്, ലെെംഗികാതിക്രമങ്ങൾ, ലെെംഗികചൂഷണം, നിർബന്ധിതതൊഴിൽ എന്നിവയ്ക്ക് സ്ത്രീകൾ വിധേയരാക്കപ്പെട്ടു. ഉക്രൈനിൽ സ്ത്രീകളും പെൺകുട്ടികളും കടുത്ത ലെെംഗികാതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ പ്രതിനിധി പറയുകയുണ്ടായി.

ഏറ്റവും ഞെട്ടലുളവാക്കുന്നത്, കരീബിയൻ കമ്യൂണിറ്റിയുടെ പ്രതിനിധി ബ്രയാൻ ക്രിസ്റ്റഫർ മാൻലിയുടെ പ്രസ്താവനയാണ്. അതിങ്ങനെയാണ്. 2030ഓടെ ലോകം ലിംഗതുല്യത കെെവരിക്കില്ലെന്നു മാത്രമല്ല ആ ലക്ഷ്യത്തിന് അടുത്തുപോലും എത്തില്ല; നിലവിലെ സ്ഥിതിവച്ചുനോക്കിയാൽ വിവേചനപരമായ നിയമങ്ങൾ ഇല്ലാതാക്കുന്നതിനും നിലവിലുള്ള നിയമ പരിരക്ഷക്കകത്തുനിന്നുകൊണ്ട് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും ഇനിയും 286 വർഷമെടുക്കും; അതിശയോക്തിപരമെന്നു തോന്നാമെങ്കിലും നിലവിൽ സുസ്ഥിരവികസനലക്ഷ്യങ്ങളുടെ മുന്നോട്ടുപോക്കിന്റെ രീതി ഇതിനെ ശരിവയ്ക്കുന്നതാണെന്നു കാണാം. ഇക്കാലത്തിനുള്ളിൽ ലോകമെമ്പാടുമുള്ള വനിതാ പാർലമെന്ററിയന്മാരുടെ ആകെ എണ്ണം 26 ശതമാനം മാത്രമാണെന്നതുമായി ഈ വാദത്തെ കൂട്ടിവായിച്ചാൽ മേൽപ്പറഞ്ഞത് ശരിയായിത്തീരുമെന്നത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ്.

പെൺകുട്ടികളിൽ ബാല്യത്തിലും കൗമാരത്തിലുമുള്ള ഗർഭാധാരണങ്ങളുടെ വർധന ഏറ്റവും ആശങ്കാജനകമായ പ്രശ്നങ്ങളിലൊന്നാണ്. ലെെംഗിക, പ്രത്യുൽപ്പാദന, ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്ന സ്ത്രീകൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കി ഭാവി വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയും. തൊഴിൽ വിപണിയിൽ പുരുഷന്മാരുടെ അതേപങ്കാളിത്തം സ്ത്രീക്കുമുണ്ടായിരുന്നെങ്കിൽ 2025ൽ ആഗോളമൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 28 ലക്ഷം കോടി ഡോളർ അധികം കൂട്ടിച്ചേർക്കപ്പെടുമായിരുന്നേനെ.

ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽനിന്നും സ്ത്രീ സമൂഹത്തിന്റെ ഭാവി സംബന്ധിച്ച ആകുലതകളും ആശങ്കകളും നിലനിൽക്കുമ്പോഴും ചിലയിടങ്ങൾ പ്രത്യാശ നൽകുന്നുണ്ട്. അതിലൊന്ന് അറബ് രാജ്യങ്ങൾ സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കായി കെെക്കൊണ്ട നടപടികളാണ്. സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമേ രാജ്യത്തിന് ഉന്നതിയുണ്ടാകൂ എന്ന തിരിച്ചറിവാണ് അതിന്റെ നിദാനം. സ്ത്രീകളുടെ അവകാശങ്ങൾ, ശാക്തീകരണം എന്നിവയിൽ തങ്ങൾ ഏറെ മുന്നോട്ടുപോയതായി സൗദി അറേബ്യൻ പ്രതിനിധി സുലഫ ഹമീദ് ഐ മൗസ്രേഷ്യ സാക്ഷ്യപ്പെടുത്തുന്നു. പൊതു–സ്വകാര്യ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നിരവധി നിയമചട്ടക്കൂടുകളുണ്ടാക്കുകയും നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു. സ്ത്രീകൾ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. ആദ്യത്തെ അറബ് മുസ്ലീം ബഹിരാകാശസഞ്ചാരി ഒരു സ്ത്രീയാണെന്നത് വെെകിയാണെങ്കിലും അവിടെ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയതിന്റെ സൂചന തന്നെയാണ്.

റുവാണ്ട, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ സ്ത്രീ പ്രശ്നത്തെ വളരെ ഗൗരവമായിത്തന്നെ അഭിസംബോധന ചെയ്യുന്നു. തീരുമാനങ്ങളെടുക്കുന്നതിലും നയരൂപീകരണത്തിലും സ്ത്രീകൾ അധികമായുൾപ്പെടുത്തപ്പെടണം; അസമത്വത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്ന നൂതനമായ പ്രതിരോധതന്ത്രങ്ങൾ നടപ്പാക്കുന്നതിനായുള്ള നിക്ഷേപം തുടരുകയാണ്.

സ്ത്രീകളുടെ ലെെംഗികവും പ്രത്യുൽപ്പാദനപരവുമായ അവകാശങ്ങളെ സാധൂകരിക്കുന്നതിൽ ആവശ്യമെങ്കിൽ ഗർഭഛിദ്രം നടത്തുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള മെക്സിക്കോ സുപ്രീംകോടതി വിധി ശ്രദ്ധേയമായി മാറി.

ചെെന സ്ത്രീ സമൂഹത്തിന്റെ പുരോഗതിയിലും ലിംഗതുല്യതയ്ക്കായുള്ള നടപടികളിലും ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇതിലേക്കായി 100 നിയമങ്ങൾ നിർമിക്കപ്പെട്ടു. ദാരിദ്ര്യനിർമാർജനം, ശുചിത്വം, ആരോഗ്യം, ഡിജിറ്റൽ കണക്ടിവിറ്റി എന്നിവയിൽ കൂടുതൽ തുല്യത കെെവരിക്കുന്നതിനായുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സമഗ്രമായി ഉറപ്പാക്കുന്നതിനായി നിയമസംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും ചെെന ശ്രമിക്കുന്നു.

സമ്പൂർണവും അടിസ്ഥാനപരവുമായ സമത്വത്തിലേക്കു നീങ്ങാൻ ചിലി പ്രതിജ്ഞാബദ്ധമാണെന്നാണ് ചിലിയൻ പ്രതിനിധി ക്ലോഡിയോ ഏണസ്റ്റോ ഗാരിഡോ മെലോ പറഞ്ഞത്. ‘‘ഞങ്ങൾ ഒരു ഫെമിനിസ്റ്റ് നയം’’ രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സമത്വം, സാമ്പത്തികമായ ശാക്തീകരണം, ലെെംഗികവും പ്രത്യുൽപ്പാദനപരവുമായ അവകാശങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും ചിലി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കൂലിയില്ലാ വേലയ്ക്കും അതുവഴി സ്ത്രീകൾ ചുമക്കേണ്ടതായിവരുന്ന അധികഭാരത്തിനും പരിഹാരം കാണുന്നതിൽ പരാജയപ്പെടുക വഴി സാമൂഹികനീതിയും സുസ്ഥിരവികസനവും കെെവരിക്കാനുള്ള ഒരു സുപ്രധാന അവസരമാണ് ലോകത്തിനു നഷ്ടമാവുകയെന്ന വർഗപരമായ, ലിംഗതുല്യതയുടെ ആണിക്കല്ലായ കാഴ്ചപ്പാടാണ് ചിലി മുന്നോട്ടുവയ്-ക്കുന്നത്. ഈ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ടല്ലാതെയുള്ള ഒരു സുസ്ഥിരവികസന ലക്ഷ്യവും, ലിംഗതുല്യത കെെവരിക്കുന്നതിനായുള്ള പ്രയാണവും അതിന്റെ ഫലപ്രാപ്തിയിൽ എത്തുകയില്ല. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ അത്തരമൊന്നാണ് യുഎൻ വിമൻ മുന്നോട്ടുവയ്ക്കുന്ന ‘‘ദി ജൻഡർ സ്നാപ്പ്ഷോട്ട് 2023.’’

ഇന്ത്യ: ലിംഗതുല്യതയിൽ പിന്നിൽ
ലെെംഗികാതിക്രമങ്ങളിൽ മുന്നിൽ
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് (NCRB- 2022) അനുസരിച്ച് സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ 4% വർധനയുണ്ടായി. 2020ൽ ഇത്തരം കേസുകളുടെ എണ്ണം 3,71,503 ആയിരുന്നത് 2022ൽ 4,45,256 ആയി ഉയർന്നു. പങ്കാളിയിൽനിന്നോ അയാളുടെ ബന്ധുക്കളിൽനിന്നോ ഉള്ള ക്രൂരത 31.4% വർധിച്ചു. കുട്ടികൾ, മുതിർന്ന പൗരർ, പട്ടികജാതി–പട്ടികവർഗക്കാർ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളിൽ യഥാക്രമം 8.7%, 9.3%, 13.1%, 14.3% എന്നിങ്ങനെ വർധനവുണ്ടായി. സെെബർ കുറ്റകൃത്യങ്ങളിൽ 24.4% ത്തിന്റെ വർധനയുണ്ടായി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ഉത്തർപ്രദേശിലാണ്. രണ്ടാമത് മഹാരാഷ്ട്രയും മൂന്നാമത് രാജസ്താനുമാണ്.

ലിംഗതുല്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഗ്ലോബൽ ജൻഡർ ഗ്യാപ് ഇൻഡക്സിൽ 146 രാജ്യങ്ങളിൽ ഇന്ത്യ 127–ാംസ്ഥാനത്താണ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുതൽ പത്തോളം സ്ത്രീ ശാക്തീകരണ പദ്ധതികളുള്ള ഇന്ത്യയാണ് ജൻഡർ ഗ്യാപ്പിൽ ഇത്രത്തോളം താഴേക്കുപോയത്. മോദി സർക്കാരിനുകീഴിൽ അവയൊന്നും തന്നെ സ്ത്രീ സമൂഹത്തിലേക്ക് എത്തുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. സ്ത്രീകളെ രണ്ടാം തരം പൗരരായി കണക്കാക്കുന്ന ആർഎസ്-എസിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽനിന്നു പ്രവർത്തിക്കുന്ന മോദി സർക്കാരിൽനിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.

അധികാരസ്ഥാനങ്ങളിലെ 
സ്ത്രീ പ്രാതിനിധ്യം
2023 ന്, സ്ത്രീകൾ ഏറ്റവും കൂടുതലായി അധികാരസ്ഥാനങ്ങളിലെത്തിയ വർഷം എന്ന പ്രത്യേകതയുണ്ട്. ഐപിയു (Inter Parliamentary Union) യുഎൻ വിമൻ ഓഫ് പൊളിറ്റിക്സിന്റെ 2023 പതിപ്പുപ്രകാരം, സർക്കാരിലും പാർലമെന്റിലും രാഷ്ട്രീയമായി നേതൃത്വം വഹിക്കുന്ന സ്ത്രീകളുടെ എണ്ണം മൊത്തത്തിൽ വർധിച്ചിരിക്കുന്നു. 2023 ജനുവരി 1 പ്രകാരമുള്ള കണക്കനുസരിച്ച് 151 രാജ്യങ്ങളിൽ 17 രാജ്യങ്ങളിൽ, അതായത് 11.3% രാജ്യങ്ങളിൽ ഭരണകൂടത്തിന്റെ നേതൃത്വം വഹിക്കുന്നത് സ്ത്രീകളാണ്. 193 രാജ്യങ്ങളിൽ 19 (9.8%) എണ്ണത്തിൽ ഗവൺമെന്റിന് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. ഒരു ദശാബ്ദത്തിനു മുമ്പ് ഇത് യഥാക്രമം 5.3 ശതമാനവും 7.3 ശതമാനവുമായിരുന്നു. ക്യാബിനറ്റ് മന്ത്രിമാരിൽ 22.8 ശതമാനം സ്ത്രീകളാണ്. വടക്കേ അമേരിക്കയിൽ 31.6%വും യൂറോപ്പിലും ലാറ്റിനമേരിക്കയിലും കരീബിയൻ മേഖലയിലും 30.1% വും സ്ത്രീകൾ മന്ത്രി പദവിയിലുള്ളവരാണ്. 2021ലെ 20.9 ശതമാനത്തെ അപേക്ഷിച്ച് 2023ൽ പാർലമെന്റുകളിലെ വനിതാ സ്പീക്കർമാരുടെ എണ്ണം 22.7 ശതമാനമായി വർധിച്ചു. 50 ശതമാനമോ അതിലേറെയോ വനിതകൾ മന്ത്രിമാരാകുന്നത്. ഇടതുപക്ഷം അധികാരത്തിലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ്. സ്പെയിൻ (63.6%), നിക്കരാഗ്വ (62.5%), ചിലി (58.3%), ബെൽജിയം (55%) എന്നിവ വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷമോ ഇടതുപക്ഷ പിന്തുണയുള്ള ഗവൺമെന്റുകളോ ആണ് ഭരിക്കുന്നതെന്നതുകൊണ്ടുതന്നെ ലിംഗതുല്യതയും ലിംഗനീതിയും നടപ്പാക്കുന്നതിന് പ്രഥമപരിഗണന നൽകുന്നു. അതായത് മാർക്സ് പറഞ്ഞതുപോലെ ‘‘സ്ത്രീകളുടെ സാമൂഹ്യനില വച്ച് ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാൻ കഴിയും’’ എന്നത് തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയുടെ പ്രത്യയശാസ്ത്ര അടിത്തറയാക്കി ലിംഗതുല്യത പ്രാവർത്തികമാക്കിയ രാജ്യങ്ങളാണിവ. ലിംഗതുല്യതയിലേക്കും സ്ത്രീകളുടെ ശാക്തീകരണത്തിലേക്കുമുള്ള പ്രയാണത്തിനായുള്ള ദീപ്തപാതയിലേക്കുള്ള മാതൃകകളാണ് ഈ രാജ്യങ്ങൾ.

ഒരുവശത്ത് ഇത് പ്രതീക്ഷയേകുമ്പോൾ മറുവശത്ത്, നിലവിലുള്ള അധികാരശ്രേണികളെ ശാശ്വതമാക്കുന്ന പുരുഷാധിപത്യ, കോർപറേറ്റ് ശക്തികളുടെ പ്രബലമായ രൂപങ്ങൾക്ക് മുൻഗണന നൽകപ്പെടുകയും സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളും സ്ത്രീ പ്രശ്നം തന്നെയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നതെന്ന യാഥാർഥ്യം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular