സിപിഐ എം പ്രവർത്തകർ നേതൃത്വം നൽകുന്ന യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ പശ്ചിമബംഗാൾ സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന ലോങ് മാർച്ച് അവസാനിച്ചു. ഈ മാർച്ച് വലിയ പൊതുശ്രദ്ധനേടി. നിരവധി ഗ്രാമങ്ങളിലൂടെ ജാഥ കടന്നുപോകുമ്പോൾ വലിയ യോഗങ്ങളും ബഹുജനകൂട്ടായ്മകളും സംഘടിപ്പിക്കപ്പെടുന്നതു കാണാമായിരുന്നു. യുവജനങ്ങൾ ജാഥയോട് പ്രത്യക തൽപര്യം കാണിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഡിവൈഎഫ്ഐ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്ഐ നേതാക്കളും എത്തുകയുണ്ടായി. അഭാസ് റോയി ചൗധരി തുടങ്ങിയ സിപിഐ എമ്മിന്റെ സംസ്ഥാനതല നേതാക്കളും ജാഥയ്ക്കൊപ്പമുണ്ട്. എസ്എഫ്ഐ നേതാക്കളായ മയൂഖ് ബിശ്വാസ് (അഖിലേന്ത്യ ജനറൽ സെക്രട്ടറി), എസ്എഫ്ഐ പശ്ചിമമംഗാൾ സംസ്ഥാന പ്രസിഡന്റ് പ്രതികുർ രഹ്മാൻ വെസ്റ്റ് ബർദ്വാനിലെ ബങ്കുറയിൽ ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം ജാഥയിൽ കൈകോർത്തു. 13 ജില്ലകൾ കടന്നാണ് മാർച്ച് കൊൽക്കത്തയിലെത്തിയത്. 1300 കിലോമീറ്ററിലധികമാണ് ജാഥ അവസനിച്ചത്.
ദിവസങ്ങൾ പിന്നിടുന്തോറും പൊതുയോഗങ്ങളും വലിപ്പം വർധിച്ചുകൊണ്ടിരുന്നു. സർക്കാർ മേഖലയിലെ തൊഴിൽ നിയമനത്തിന്റെ അഴിമതിയ്ക്കെതിരെ യുവാക്കൾ തെരുവിലിറങ്ങി നടത്തിയ സമരം ബംഗാൾ കണ്ടതാണ്. കഴിഞ്ഞ 12-13 വർഷത്തിന്നിടയ്ക്ക് ഇവിടെ പുതിയ വ്യവസായങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. നേരത്തേ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് സർക്കാർ സ്കൂളുകളിലും മറ്റു മേഖലകളിലും നിയമനം തടസ്സംകൂടാതെ നടന്നിരുന്നു. എന്നാൽ ഇന്ന് തൃണമൂൽ ഭരണത്തിൻ കീഴിൽ നിയമനം ക്രമവിരുദ്ധവും അഴിമതി നിറഞ്ഞതുമായിരുന്നു.
ജാഥയുടെ ആദ്യദിവസം മുതൽ പ്രവർത്തകരെ വഴിമധ്യേ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. ഹാരങ്ങളും പൂക്കളും, മൊമെന്റോകളും ഭക്ഷണവുമൊക്കെ നൽകി അവരെ വരവേറ്റു. ജാഥയ്ക്കിടെ സഖാക്കൾ പ്രദേശത്തെ ഇടതുപക്ഷ അനുഭവികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും വീടുകളിൽ തങ്ങി. അവരോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ചു. യുദ്ധക്കളത്തിൽ യോദ്ധാക്കൾ പോരാടുകയും ഒത്തുചേരുകയും ചെയ്യുന്നതു പോലെയായിരുന്നു അത്. പ്രദേശവാസികൾ ആവേശഭരിതരായിരുന്നു. പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിനു കടന്നുചെല്ലാൻ കഴിയാതിരുന്ന ഇടങ്ങളിൽ, ഗ്രാമങ്ങളിൽ ജാഥയ്ക്ക് അനായാസേന കടന്നുചെല്ലാൻ കഴിഞ്ഞു. ഇടതുമുന്നണിയെ പിന്തുണച്ചതിന്റെ പേരിൽ മിക്കയിടങ്ങളിലും ആക്രമിക്കപ്പെട്ട് ഗ്രാമങ്ങളിലേക്ക് ഒതുക്കപ്പെട്ട ഇടതുപക്ഷ അനുഭാവികളായവർ പുറത്തുവരികയും ചെയ്തത് അവർക്കിടയിൽ സന്തോഷമുളവാക്കി. പോരാട്ടം ശക്തമാവുകയും സാധാരണക്കാർ അതിൽ ഭാഗഭാക്കാവുകയുമാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനത്തെ തൃണമൂൽകോൺഗ്രസും തങ്ങളുടെ ജീവിതം ഇല്ലാതാക്കുകയാണെന്ന് അവർ മനസ്സിലാക്കുന്നു.
ഈ യാത്ര മുഖ്യധാരാ മാധ്യമങ്ങളിൽ ഇടംപിടിക്കില്ല. കാരണം ഇടതുപക്ഷം വാർത്തകളിലോ ചർച്ചകളിലോ ഉണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളും വിവിധ പ്രാദേശിക പോർട്ടലുകളും ജനങ്ങളുടെ ശബ്ദവുമാണ് നീതിയ്ക്കായുള്ള ഡിവൈഎഫ്ഐയുടെ പദയാത്രയെ ജനകീയമാക്കിയത്. ♦