ചിലിയിൽ ഭരണഘടന തയ്യാറാക്കുവാൻ അവസരം ലഭിച്ച വലതുപക്ഷം തയ്യാറാക്കിയ തീവ്ര വലതുപക്ഷ ഭരണഘടനയെ ജനഹിത പരിശോധനയിൽ ചിലിയൻ ജനത പാടെ തള്ളിക്കളഞ്ഞു. ഒക്ടോബർ 17ന് നടന്ന ജനഹിത പരിശോധനയിൽ 55.76 ശതമാനം പേർ ഈ വലതുപക്ഷ ഭരണഘടനക്കെതിരായി വോട്ട് ചെയ്തപ്പോൾ 44.24 ശതമാനം പേർ അതിന് അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്തു. ചിലിയൻ ഇലക്ട്രൽ സർവീസിന്റെ (സർവൽ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 99.78% പോളിങ് സ്റ്റേഷനുകളും എണ്ണി കഴിയവേ 68,88,475 പേർ കടുത്ത വലതുപക്ഷ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഈ ഭരണഘടനയെ പാടെ തള്ളിക്കളഞ്ഞപ്പോൾ 54,64,739 പേർ മാത്രമാണ് അതിന് അനുകൂലമായി വോട്ട് ചെയ്തത്.
അബോർഷനും സ്വവർഗ്ഗ വിവാഹത്തിനും എതിരായുള്ള വ്യവസ്ഥകളുള്ള ഈ ഭരണഘടന, പിനോഷെ കാലത്ത് തയ്യാറാക്കപ്പെട്ട നിലവിലെ ഭരണഘടനയേക്കാൾ കൂടുതൽ യാഥാസ്ഥിതികമായ ഒന്നാണ്. അത് തയ്യാറാക്കാൻ അവസരം ലഭിച്ച ചിലിയിലെ വലതുപക്ഷം തയ്യാറാക്കിയ ഈ ഭരണഘടന, സാധാരണ ജനങ്ങളെയും തൊഴിലാളികളെയും ഒന്നും പ്രതിനിധീകരിക്കുന്നില്ലാത്ത, വലതുപക്ഷത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ ഒന്നാണ് എന്ന് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡൻറ് ആയ പൗലിന വോദനോവിക് പറയുന്നതിങ്ങനെ, “സ്വന്തം അവകാശങ്ങളും സാംസ്കാരികമായ മുന്നേറ്റങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് സ്ത്രീകൾ ഉറക്കെ പറഞ്ഞ ദിവസമാണിന്ന്. ദശകങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതൊന്നും തിരിച്ചുനൽകാൻ ഞങ്ങൾ തയ്യാറല്ല.” കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായ ലൗതാരോ കാർമണ, ഈ വോട്ടെടുപ്പ് വലതുപക്ഷത്തിന്റെ പദ്ധതിയെ പരാജയപ്പെടുത്തിയ ഒന്നായി മാറിയെന്ന് പ്രസ്താവിച്ചു. രാജ്യത്തിനുവേണ്ടി ഒരു പുതിയ മാഗ്ന കാർട്ട എഴുതി തയ്യാറാക്കാൻ അവസരം ലഭിച്ചവർ പക്ഷേ തങ്ങളുടെ വിഭാഗത്തിനുവേണ്ടിമാത്രം സംസാരിക്കുന്ന ഒരു ഭരണഘടനയ്ക്കാണ് രൂപം കൊടുത്തത് എന്നും കാർമണ പറയുന്നു. തികച്ചും തീവ്ര വലതുപക്ഷ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും അതിനനുസൃതമായ അവകാശങ്ങളും നിയമങ്ങളും വ്യവസ്ഥ ചെയ്യുകയും ചെയ്ത ഈ ഭൂരിപക്ഷജനവിരുദ്ധ ഭരണഘടനയെ ഹിതപരിശോധനയിലൂടെ തള്ളികളഞ്ഞതിൽ ചിലിയിലെ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ♦