ഡിസംബർ 17ന് സെർബിയയുടെ ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ അധികാരത്തിലുള്ള സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് 250 സീറ്റുകളിൽ 128 സീറ്റുകളും 47 ശതമാനം വോട്ടും ലഭിച്ചു. അലക്സാണ്ടർ വുസിക്കിന്റെ നേതൃത്വത്തിലുള്ള നിലവിലെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുടെ കൂട്ടുകക്ഷി ഭരണത്തിന് അങ്ങനെ ഭൂരിപക്ഷം ഉറപ്പായിരിക്കുന്നു. യൂറോപ്യൻ യൂണിയനെ അനുകൂലിക്കുകയും അഴിമതിക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന സെർബിയ എഗൈൻസ്റ്റ് വയലൻസ് മുന്നണിയാണ് 65 സീറ്റുകളും 24 ശതമാനം വോട്ടുകളും നേടി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് സെർബിയ നയിക്കുന്ന കൂട്ടുമുന്നണിക്ക് 18 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അതേസമയം, വലതുപക്ഷ പോപ്പുലിസ്റ്റ് സംഘങ്ങളായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിനും റഷ്യൻ അനുകൂല വിഭാഗമായ വീ – വോയിസ് ഫ്രം ദ പീപ്പിൾ വിഭാഗത്തിനും 13 സീറ്റുകൾവീതം നേടാൻ കഴിഞ്ഞു. ന്യൂ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യൂഗോസ്ലെവിയയുടെ പിന്തുണയോടുകൂടി മത്സരിച്ച റഷ്യൻ പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
തന്റെ ജനകീയതക്കുള്ള ഒരു ഹിതപരിശോധനയായി തിരഞ്ഞെടുപ്പ് ഫലം മാറിയെന്ന് പ്രസിഡൻറ് അലക്സാണ്ടർ പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷം ഇത് തിരഞ്ഞെടുപ്പ് അട്ടിമറിയാണ് എന്നാണ് ആരോപിക്കുന്നത്. ഫലത്തിൽ പ്രതിഷേധിച്ച് ഡിസംബർ 18ന് പ്രതിപക്ഷം പ്രതിഷേധം നടത്തുകയും ചെയ്തു. അലക്സാണ്ടർ ഗവൺമെൻറിൻറെ കഴിഞ്ഞ ഭരണകാലയളവിൽ മിനിമം കൂലിയുമായി ബന്ധപ്പെട്ട വിഷയത്തിലും രാജ്യത്ത് തീവ്രവlലതുപക്ഷത്തിന്റെ കടന്നാക്രമണത്തിനും എതിരായി തൊഴിലാളിവർഗ വിഭാഗങ്ങൾ ഗവൺമെന്റി നെതിരായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്തുതന്നെയായാലും ഈ തിരഞ്ഞെടുപ്പിലും പ്രോഗ്രസ്സീവ് പാർട്ടിക്ക്തന്നെ ഭൂരിപക്ഷം നേടാനായിരിക്കുന്നു. ♦