ഉത്തർപ്രദേശിലെ 24 ഗ്രാമങ്ങളിലെ കർഷകർ ഒത്തുചേർന്ന് നോയ്ഡയിൽ എൻടിപിസിയ്ക്കെതിരെ പുതിയ പോർമുഖം തുറന്നിരിയ്ക്കുകയാണ്. ഭൂമിയ്ക്ക് തുല്യവിലയും തൊഴിലും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ ദീർഘനാളായി പ്രക്ഷോഭത്തിലായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഡിസംബർ 19ന് നോയ്ഡസെക്ടർ 24 ൽ സ്ഥിതിചെയ്യുന്ന എൻ ടിപിസി ഓഫീസ് ആയിരക്കണക്കിനു വരുന്ന കർഷകർ ഉപരോധിച്ചത്.
എൻടി പിസിയുടെ പ്രധാനകവാടത്തിനു കുറച്ചുദൂരം മുമ്പേ കുത്തിയിരുപ്പ് സമരം നടത്തി. ഭാരതീയ കിസാൻ പരിഷത്ത് നേതാവ് സുഖ്ബീർ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. എൻ ടിപിസി ദാദ്രിയിൽ കർഷകർ മാസങ്ങളോളം നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു. ആ സമയത്ത് കർഷകകരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണകൂടവുമായി നിരവധി തവണ ചർച്ചകൾ നടത്തിയിലെങ്കിലും ആ അവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. അതുകൊണ്ടാണ് പുതിയ സമരമുഖം തുറന്നത്.
രാത്രിയിൽ കൊടുംതണുപ്പിൽ സമരം ചെയ്തവരിൽ സ്ത്രീകളും പ്രായം ചെന്ന കർഷകരുമുണ്ടായിരുന്നു. പലരും അസുഖബാധിതരായി. പലരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു.
എൻടിപിസി തങ്ങളെ വഞ്ചിച്ചുകൊണ്ട് തുച്ഛവിലയ്ക്ക് തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയതായി കർഷകർ പറയുന്നു. മതിയായ നഷ്ടപരിഹാരം, വികസനതൊഴിൽ എന്നിവയ്ക്കെല്ലാം കർഷകരുടെ ആവശ്യങ്ങളാണ് മതിയായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 1986 ലാണ് ദാരിദ്രമേഖലയിലെ പവർസ്റ്റേഷന്റെ നിർമാണം ആരംഭിച്ചത്. 1995 ൽ ഭൂമി ഏറ്റെടുത്തു. എന്നാൽ ഭൂമിയുടെ വിലയ്ക്ക് തുല്യമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അത് ഇനി പരിഗണിക്കാനാവില്ല എന്നാണ് അധികൃതർ പറയുന്നത്.
എന്തായാലും തങ്ങളുടെ ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല എന്നാണ് കർഷകരുടെ തീരുമാനം. വരും കാലങ്ങളിൽ കർഷകപ്രക്ഷോഭങ്ങൾക്ക് കരുത്തു പകരുന്നതാണ് നോയ്ഡയിലെ കർഷകരുടെ ഈ പ്രതിഷേധസമരം. ♦