ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ മൂന്നുമാസം പിന്നിടുമ്പോഴും അവസാനിപ്പിക്കാതെ തുടരുന്ന പശ്ചാത്തലത്തിൽ ഡിസംബർ 11ന് ലോകം പലസ്തീൻ ജനതയ്ക്കായി പൊതുപണിമുടക്ക് നടത്തി. പലസ്തീൻ പൗരസമൂഹത്തിന്റെ ആഹ്വാനപ്രകാരം ലോകത്തിലെ പ്രമുഖ നഗരങ്ങളിലാകെ നടന്ന പൊതുപണിമുടക്കിൽ ദശലക്ഷക്കണക്കിനാളുകളാണ് അണിനിരന്നത്. അന്നേ ദിവസം ലോക ത്തിലെ പ്രധാന നഗരകേന്ദ്രങ്ങളിലാകെ കടകമ്പോളങ്ങളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വൻപ്രതിഷേധ റാലികളും നടന്നു.
ഇസ്താംബുൾ മുതൽ ബ്രസൽസ് വരെ യൂറോപ്പിലാകെ പ്രധാന നഗരങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ ഏറെക്കുറെ നിശ്ചലമായി. വെസ്റ്റ് ബാങ്കിൽ പൊതുപണിമുടക്ക് പൊതുഗതാഗതത്തെയും സർവ്വകലാശാലകളെയും എല്ലാം നിശ്ചലമാക്കി.
ന്യുയോർക്ക് ടൈംസ് പത്രം പിന്തുടരുന്ന സയണിസ്റ്റനുകൂല നിലപാടിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകൾ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഓഫീസ് പിക്കറ്റ് ചെയ്തു. “മാധ്യമ നുണകൾ ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നു’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഉയർത്തപ്പെട്ടത്. ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ മിഷന്റെ ഓഫീസും ജൂവിഷ് നാഷണൽ ഫണ്ട് എന്ന ഇസ്രയേലിനായി ധനസമാഹരണം നടത്തുന്ന പ്രധാന സ്ഥാപനത്തിന്റെ ഓഫീസും നൂറുകണക്കിനാളുകൾ അണിനിരന്ന പിക്കറ്റ് ചെയ്തു. അമേരിക്കൻ സെനറ്റിലേക്ക് മാർച്ച് ചെയ്ത നൂറിലേറെ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഇസ്രയേലിനായി 10600 കോടി ഡോളർ സഹായം അനുവദിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് സെനറ്റിൽ ചർച്ച ചെയ്യവേയാണ് ഈ പ്രകടനം നടന്നത്.
ഇരുപതിനായിരത്തിലേറെ ആളുകളാണ് ഇതിനകം പലസ്തീനിൽ കൊല്ലപ്പെട്ടത്. ഇപ്പോഴും മനുഷ്യക്കുരുതി അവസാനിപ്പിക്കാനുള്ള നീക്കത്തിലല്ല ഇസ്രയേൽ. അമേരിക്കയും സഖ്യശക്തികളും ഇസ്രയേലിന്റെ ഈ നിഷ്ഠൂരതയ്ക്ക് കൂട്ടുനിൽക്കുകയാണ്. ഇസ്രയേലിനെ പിന്താങ്ങുന്ന കാനഡയിലും ഡിസംബർ 11ന് വമ്പിച്ച റാലി കളാണ് നടന്നത്. ഇസ്രയേലിൽപോലും നെതന്യാഹു ഗവൺമെന്റിന്റെ ക്രൂരതകൾക്കെതിരെ, കടുത്ത മർദ്ദന നടപടികൾ നേരിട്ടുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങുന്നതായി കാണാവുന്നതാണ്. ♦