Saturday, May 4, 2024

ad

Homeരാജ്യങ്ങളിലൂടെപണിമുടക്കുവിരുദ്ധ നിയമത്തിനെതിരെ ബ്രിട്ടീഷ് തൊഴിലാളികൾ

പണിമുടക്കുവിരുദ്ധ നിയമത്തിനെതിരെ ബ്രിട്ടീഷ് തൊഴിലാളികൾ

ആര്യ ജിനദേവൻ

ടോറി ഗവൺമെന്റ് ബ്രിട്ടനിൽ നടപ്പാക്കിവരുന്ന പണിമുടക്കുവിരുദ്ധ നിയമങ്ങൾക്കെതിരായി ബ്രിട്ടനിലെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ വിഭാഗങ്ങളും ശക്തമായ സമരത്തിലേക്ക് കടക്കുന്നു. ഈ വർഷം ജൂലൈ 20ന് പാസാക്കിയ പണിമുടക്ക് നിയമം (മിനിമം സേവനം) 2023 -The Strikes (Minimum Service Level), 2023 ഡിസംബർ എട്ടു മുതൽ ആംബുലൻസ് സേവനം, റെയിൽ ശൃംഖല, അതിർത്തി സുരക്ഷ എന്നീ മൂന്ന് നിർണായക മേഖലകളിൽ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. മൊത്തം എട്ടു മേഖലകളിൽ ഈ നിയമം ഉടനടി നടപ്പാക്കും എന്നാണ് ഗവൺമെന്റ് പറയുന്നത്. ഈ നിയമം നടപ്പാക്കുന്നതുവഴി പണിമുടക്ക് പ്രഖ്യാപിച്ചാൽപോലും മിനിമം സേവനം ഉറപ്പാക്കിക്കൊള്ളണമെന്ന് തൊഴിലാളികൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ തൊഴിൽദാതാക്കളെ അനുവദിക്കുകയും അങ്ങനെ പണിമുടക്കുകളെ ഫലപ്രദമായിതന്നെ അട്ടിമറിക്കുകയും പണിമുടക്കുന്നവരെ കുറ്റക്കാരായി കണക്കാക്കുകയും ചെയ്യും. അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ ഈ നിയമത്തിനെതിരായും ടോറി ഗവൺമെന്റിന്റെ തുടർച്ചയായ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായും യുണൈറ്റ് യൂണിയൻ, ഫയർ ബ്രിഗേഡ്സ് യൂണിയൻ, നാഷണൽ എജുക്കേഷൻ യൂണിയൻ, പബ്ലിക് ആൻഡ് കൊമേർഷ്യൽ സർവീസസ് യൂണിയൻ, യൂണിസൻ, കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയൻ, നാഷണൽ റെയിൽ യൂണിയൻ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് എന്നീ രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ഡിസംബർ 9ന് സംഘടിപ്പിക്കപ്പെട്ട ട്രേഡ് യൂണിയൻ കോൺഗ്രസിൽ (TUC) കോൺഗ്രസിന്റെ പ്രത്യേക കോൺഫറൻസിൽ പങ്കെടുക്കുകയും പണിമുടക്കുവിരുദ്ധ നിയമത്തിനെതിരായ സമരം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 2024 ജനുവരി 27ന് ‘പണിമുടക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വമ്പിച്ച റാലി നടത്തുവാനും കോൺഫറൻസ് ആഹ്വാനം ചെയ്തു. ബ്രിട്ടനിലെ മേയർമാരും കൗൺസിൽ നേതാക്കളും അടക്കം വലിയൊരു വിഭാഗം പ്രമേയത്തോട് ഐക്യദാർഢ്യം പുലർത്തുകയും നിർദ്ദിഷ്ട മേഖലകളിൽ പണിമുടക്ക് നിരോധിക്കുവാനുള്ള നിയമം നടപ്പാക്കുന്നതിനെ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച്‌ തടയുവാൻ പ്രതിജ്ഞാബദ്ധരാവുകയും ചെയ്തിട്ടുണ്ട്.

2023 ജനുവരി 10നാണ് ടോറി ഗവൺമെന്റ് പണിമുടക്ക് ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പണിമുടക്കുകൾ നടക്കുമ്പോഴും മിനിമം സേവനം സ്ഥാപനത്തിന് ഉറപ്പാക്കുന്നതിന് തൊഴിലാളികളെ നിർബന്ധിതരാക്കാനുള്ള അവകാശം ഗവൺമെൻറ് – സ്വകാര്യ തൊഴിൽദാതാക്കൾക്ക് നൽകുന്നതാണ് ബില്ല്. ആരോഗ്യം, ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു, സുരക്ഷ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയടക്കമുള്ള രാജ്യത്തെ മർമ്മപ്രധാനമായ എട്ട് മേഖലകളിൽ ഈ നിയമം നടപ്പാക്കും എന്നാണ് പാർലമെൻറിൽ അവതരിപ്പിച്ച ബില്ലിൽ പറയുന്നത്. ബില്ല്പ്രകാരം ഈ മേഖലകളിൽ പണിമുടക്ക് നടത്തുമ്പോൾ മിനിമം സേവനം ഉറപ്പാക്കാൻ തയ്യാറാകാതെ വരുന്ന തൊഴിലാളികളെ ഉടമസ്ഥർക്ക് നിഷ്കരുണം പുറത്താക്കുവാനും പണിമുടക്കുകൾ തടയുന്നതിനുവേണ്ടി ട്രേഡ് യൂണിയനുകൾക്കെതിരായി കോടതിയിൽ പോകുവാനും ഉടമസ്‌ഥാർക്ക് അധികാരം നൽകുന്നു. പാർലമെന്റിൽ യൂണിയനുകളിൽ നിന്നും പുരോഗമന വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രതിഷേധമുണ്ടായിട്ടുകൂടി അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് ടോറി ഗവൺമെൻറ് ഈ നിയമനിർമാണം നടത്തിയത്. ഈ പശ്ചാത്തലത്തിൽ, തൊഴിലാളിവർഗ്ഗം പോരാട്ടത്തിലൂടെ നേടിയെടുത്ത പണിമുടക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയും തൊഴിലാളി വിരുദ്ധ നിയമങ്ങൾ പാസാക്കിയ ടോറി ഗവൺമെന്റിന്റെ നടപടിക്കെതിരെയും പണിമുടക്കുവിരുദ്ധ നിയമത്തിന് എതിരായും ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുവാനാണ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കോൺഫറൻസ് തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 1 =

Most Popular