അമേരിക്കയിലെ മാത്രമല്ല, ലോകത്തെ തന്നെ പ്രമുഖ പത്രങ്ങളിലൊന്നാണ് വാഷിങ്‌ടൺ പോസ്റ്റ്. ഇപ്പോൾ അതിന്റെ ഉടമ പ്രമുഖ ഓൺലൈൻ വിൽപന പ്ലാറ്റ്‌ഫോമായ ആമസോണിന്റെ സ്ഥാപകനായ, ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ ജെഫ് ബസോസാണ്. ആമസോൺ തൊഴിലാളികൾക്ക് സംഘടനാസ്വാതന്ത്ര്യവും കൂട്ടായി വിലപേശാനുള്ള അവകാശവും നിഷേധിക്കുന്ന തൊഴിലാളി സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്‌ടൺ പോസ്റ്റ് പത്രത്തിലെ ജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ഡിസംബർ 7ന് ഒരുദിവസത്തെ പണിമുടക്ക് നടത്തി.
18 മാസമായി കാലാവധി കഴിഞ്ഞ വേതന കരാർ പുതുക്കുന്നതിനായുള്ള ചർച്ചകളിൽ തീർത്തും നിഷേധാത്മകമായ നിലപാടിൽ നിൽക്കുന്ന, തൊഴിലാളികൾക്ക് വേതനവർധനവിന് തയ്യാറാകാത്ത മാനേജ്‌മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കാൻ നിർബന്ധിതമായത്. വാഷിങ്‌ടൺ ബാൾട്ടിമോർ ന്യൂസ് ഗിൽഡിന്റെ ആഹ്വാനപ്രകാരമാണ് വാഷിങ്‌ടൺ പോസ്റ്റിലെ 700 തൊഴിലാളികൾ ഡിസംബർ 7ന് പണിമുടക്കിയത്.
Democracy Dies in Darkness (ഇരുളിൽ ജനാധിപത്യം മരിക്കുന്നു) എന്നാണ് പത്രത്തിന്റെ മാസ്റ്റർ ഹെഡിനൊപ്പം കുറിച്ചുവെച്ചിട്ടുള്ള ആപ്‌തവാക്യം. അതായത് ജനാധിപത്യം പുലരണമെങ്കിൽ ഇരുൾ മാറണം, അറിവിന്റെ വെളിച്ചം കടന്നുവരണം. സമൂഹത്തിൽ അറിവിന്റെ വെളിച്ചമെത്തിച്ച് ജനാധിപത്യം സുസ്ഥിരമാക്കുകയെന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നതായി കൊട്ടിഘോഷിക്കുന്ന ഈ പത്രമാണ് അമേരിക്കയിൽ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ച് കൊല്ലാൻ കച്ചകെട്ടിയിറങ്ങിയ ട്രമ്പിന് പിന്തുണ നൽകുന്നത്. മാത്രമല്ല, സമൂഹത്തിൽ അറിവിന്റെ വെളിച്ചം പകരാൻ അഹോരാത്രം പണിയെടുക്കുന്ന സ്വന്തം തൊഴിലാളികളുടെ ജീവിതം ഇരുളിലാകാതെ നിൽക്കാൻ വേണ്ട കൂലി നിഷേധിക്കുകയുമാണ് ഈ പത്രത്തിന്റെ മുതലാളിമാർ.
കുതിച്ചുയരുന്ന വിലക്കയറ്റത്തിനാനുപാതികമായി ശമ്പളത്തിൽ വർധന വേണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. ശമ്പളത്തിൽ വർധന വേണമെങ്കിൽ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കണം എന്നാണ് മാനേജ്‌മെന്റ് നിലപാട്. കഴിഞ്ഞ വർഷം 40 തൊഴിലാളികൾക്ക് വാഷിങ്‌ടൺ പോസ്റ്റിൽ ജോലി നഷ്ടപ്പെട്ടിരുന്നു. ഇനിയും 240 പേരെ കൂടി ഒഴിവാക്കണമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. അതായത് തൊഴിലാളികൾ കൂലിക്കൂടുതൽ ചോദിക്കുമ്പോൾ, ഫലത്തിൽ കൂലി വെട്ടിക്കുറയ്‌ക്കാനുള്ള (ശമ്പളത്തിൽ ചെറിയ വർധന വരുത്തി കുറച്ച് തൊഴിലാളികളെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുക, അങ്ങനെ കൂലിച്ചെലവ് കുറയ്‌ക്കുക) നീക്കത്തിലാണ് മാനേജ്‌മെന്റ്. ഈ നീക്കത്തെ ചെറുക്കാനാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി ഡിസംബർ 7ന് പണിമുടക്കിയത്. ♦