Thursday, May 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്പശ്ചിമ ബംഗാൾ: സാമ്പത്തിക പരിണാമങ്ങളും സാമൂഹിക സാഹചര്യങ്ങളും‐ -1

പശ്ചിമ ബംഗാൾ: സാമ്പത്തിക പരിണാമങ്ങളും സാമൂഹിക സാഹചര്യങ്ങളും‐ -1

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 20

വിക്കിപീഡിയ പശ്ചിമ ബംഗാളിനെക്കുറിച്ച് നടത്തുന്ന ഒരു പരാമർശമുണ്ട്.

“… the state underwent political violence and economic stagnation after the beginning of communist rule in 1977…” “1977ൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയതിനുശേഷം സംസ്ഥാനം രാഷ്ട്രീയ സംഘർഷങ്ങളിലേക്കും സാമ്പത്തിക മുരടിപ്പിലേക്കും നീങ്ങി”. ഇതിനു സമാനമായ ആഖ്യാനങ്ങൾ, സ്വാതന്ത്ര്യ പൂർവകാലത്ത് ഇന്ത്യയിലെ സാമ്പത്തിക തലസ്ഥാനമായിരുന്ന കൊൽക്കൊത്ത നഗരത്തിന് ആ സ്ഥാനം നഷ്ടപ്പെട്ടതിനു കാരണം മൂന്നു പതിറ്റാണ്ടുകാലം അവിടം ഭരിച്ച കമ്മ്യൂണിസ്റ്റ് സർക്കാരാണ് എന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, വളരെ വ്യാപകമായി നടക്കുന്നുണ്ട്. പശ്ചിമ ബംഗാളിന്റെ സാമൂഹിക ചരിത്രവും സാമ്പത്തിക ചരിത്രവും പാടെ മറച്ചു വെച്ചുകൊണ്ട്, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, വളരെ ഭാഗികമായ ചില വസ്തുതകൾ ഉപയോഗപ്പെടുത്തി നടത്തുന്ന ഈ പ്രചാരണങ്ങൾ ശുദ്ധഗതിക്കാർ പലരും പങ്കുവെക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിന്റെ സാമ്പത്തിക പരിണാമങ്ങളെയും അതുമായി ബന്ധപ്പെട്ട സാമൂഹിക മാറ്റങ്ങളെയുംകുറിച്ച് വസ്തുതകൾ മാത്രം മുൻനിർത്തിയുള്ള ഇത്തരമൊരു ഹ്രസ്വ പരിശോധന.

ഇന്ത്യയുടെ കിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അതീവ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. 2023ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 10 കോടിയിലധികം വരും. 2011 ലെ സെൻസസ് പ്രകാരം ജനസാന്ദ്രത 1028 ആണ്. ഇന്ത്യൻ ശരാശരിയാകട്ടെ കേവലം 382 മാത്രവും. ഭൂപ്രദേശത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 13‐ാം സ്ഥാനത്താണെങ്കിലും, ജനസംഘ്യയിൽ നാലാം സ്ഥാനത്താണ്. ലോകത്തിൽ ഏറ്റവും ജനസാന്ദ്രമായ രാജ്യസംസ്ഥാനങ്ങളിൽ 8‐ാമതാണ് പശ്ചിമബംഗാളിന്റെ സ്ഥാനം എന്നുകൂടിയോർക്കുക. വളരെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളാണ് പശ്ചിമബംഗാളിന്റെ മറ്റൊരു സവിശേഷത . ഡാർജിലിംഗ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശങ്ങളും, ഗംഗാ തടങ്ങളുൾക്കൊള്ളുന്ന സമതലങ്ങളും, ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന തീരങ്ങളും, സുന്ദർബൻ വനസ്ഥലികളും എല്ലാം ഉൾച്ചേരുന്ന ഒരു പ്രദേശമാണ് പശ്ചിമബംഗാൾ. ഭൂപ്രദേശത്തിന്റെ സവിശേഷത കൊണ്ടുതന്നെ ചരിത്രപരമായും സാംസ്കാരികമായും വളരെ വ്യത്യസ്തരായ ജനപദങ്ങളുടെ ഒരു സഞ്ചയമാണ് പശ്ചിമബംഗാൾ. ഒരു തരത്തിലുമുള്ള ഏകീകൃത സ്വഭാവവുമില്ലാത്ത ഒരു സംസ്ഥാനമായി പശ്ചിമബംഗാൾ രൂപപ്പെടുന്നതിന് കാരണം സ്വാതന്ത്ര്യപ്രാപ്തിയുടെ കാലഘട്ടത്തിലെ വിഭജനത്തിന്റെ സമ്മർദങ്ങളാണ്.

1576ൽ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയ അവിഭജിത ബംഗാളിലെ ഭൂരിപക്ഷം പ്രദേശവും 1700കളുടെ ആദ്യനാളുകൾ വരെ, ഔറംഗസേബിന്റെ കാലശേഷം വരെ, മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് നവാബുമാരുടെ ഭരണത്തിൻ കീഴിലായി. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും, കരകൗശല വസ്തുക്കളുടെ ഉല്പാദനവും പുഷ്ടിപ്പെട്ട ബംഗാൾ, ബ്രിട്ടീഷ് കാലഘട്ടത്തിനു മുൻപ് ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഉല്പാദന വാണിജ്യ കേന്ദ്രങ്ങളിലൊന്നായി പരിണമിച്ചിരുന്നു. 1764ലെ ബക്സർ യുദ്ധത്തിൽ നവാബിന്റെയും സഖ്യ രാജാക്കന്മാരുടെയും സേനകളെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ബംഗാൾ പ്രവിശ്യയിൽ കൊളോണിയൽ ഭരണയുഗത്തിനു തുടക്കമിട്ടു. 1772 മുതൽ 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കൊത്ത. ശക്തമായ അന്താരാഷ്ട്ര വാണിജ്യകേന്ദ്രമായി കൊൽക്കൊത്തയും സമീപപ്രദേശങ്ങളും മാറുന്നത് ഈ കാലഘട്ടത്തിലാണ്. അതേസമയം ബംഗാളിലെ പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കും കൊളോണിയൽ ഭരണം തുടക്കം കുറിച്ചു. കൊളോണിയൽ ഭരണം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും അസംസ്കൃതവസ്തുക്കൾ കുറഞ്ഞവിലയ്ക്ക് വാങ്ങുകയും നിർമിതവസ്തുക്കൾ അവിടേയ്ക്ക് കൊണ്ടുവന്ന് വിൽക്കുകയും ചെയ്യുക എന്നതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വതന്ത്രം. ഉല്പാദന കേന്ദ്രങ്ങളുടെ തകർച്ചയ്ക്കും തൊഴിൽനഷ്ടത്തിനും ഇത് വഴി തെളിച്ചു. കയറ്റുമതി ലക്ഷ്യമാക്കി വാണിജ്യവിളകൾ പ്രോത്സാഹിപ്പിക്കപ്പെട്ടത് ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കി. ബ്രിട്ടീഷുകാരുടെ നയവൈകല്യങ്ങളും കൊളോണിയൽ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സമീപനങ്ങളും വലിയ ഭക്ഷ്യ ക്ഷാമങ്ങളിലേക്ക് ബംഗാളിനെ നയിച്ചു. 1770ലും 1943ലും അതിരൂക്ഷമായ ഭക്ഷ്യക്ഷാമങ്ങളിൽപെട്ട് ദശലക്ഷക്കണക്കിന് ബംഗാളികൾ പട്ടിണി മരണങ്ങൾക്കിരയായി (ബംഗാൾ ക്ഷാമം ഇക്കണോമിക് നോട്ട്ബുക്കിന്റെ മുൻ അധ്യായങ്ങളിലൊന്നിൽ വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്). ഇന്ത്യയിലെ കൊളോണിയൽ ഭരണം അവസാനിക്കുന്ന കാലമാകുമ്പോഴേക്കും കൊൽക്കൊത്തയുടെയും ബംഗാളിന്റെയും സുവർണ കാലഘട്ടത്തിനു ഏതാണ്ട് അന്ത്യമായിരുന്നു. കൊളോണിയലിസം അധീന ദേശങ്ങളെ എങ്ങനെ തകർത്തെറിഞ്ഞു എന്നത് പഠിക്കാൻ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് ബംഗാളായിരിക്കും.

ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളുടെ കേന്ദ്രമായും ബംഗാൾ പരിണമിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതിന്റെ ഒരു കാരണവും (ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ കൂടുതൽ മധ്യത്തോടടുത്തു നില്കുന്നുവെന്നത് തലസ്ഥാന നഗരമെന്ന നിലയിൽ ഡൽഹിയുടെ മറ്റൊരു അനുകൂല ഘടകമായിരുന്നു) ഇവിടെ ഉയർന്നുവന്നിരുന്ന പ്രക്ഷോഭങ്ങളായിരുന്നു. ഈ തലസ്ഥാന മാറ്റം ബംഗാളിന് കൂടുതൽ ആഘാതങ്ങളേൽപ്പിച്ചു. സ്വാതന്ത്ര്യപൂർവ കാലത്തുതന്നെ ബംഗാളിന്റെ സാമ്പത്തിക പുരോഗതി നേർരേഖയിലൂടെ മുകളിലേക്ക് തന്നെ ആയിരുന്നില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ നയസമീപനങ്ങൾ വലിയ മാറ്റങ്ങളാണ് ബംഗാളിൽ സൃഷ്ടിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയുടെ കാലത്തെ ബംഗാൾ ഇന്നത്തെ പല ആഖ്യാനങ്ങളിലും പറയപ്പെടുന്നതുപോലെ വ്യാവസായികമായും സാമൂഹികമായും ഇന്ത്യയുടെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ ഉയരത്തിൽ പറന്നിരുന്ന ഒരു പക്ഷിയായിരുന്നില്ല. തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വ്യാവസായികലോകവും, അതീവദരിദ്രരായിരുന്ന, മഹാഭൂരിപക്ഷവും നിരക്ഷരരായിരുന്ന ജനങ്ങളുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കാലൂന്നുന്ന വേളയിൽ ബംഗാളിൽ പൊതുവെ ഉണ്ടായിരുന്നത്. കൊൽക്കൊത്ത നഗരത്തിലെ സമ്പന്നരായ ചെറിയ ഒരു വിഭാഗവും നാട്ടിൻപുറങ്ങളിലെ സവർണ ഭൂപ്രഭുക്കളുമായിരുന്നില്ല യഥാർത്ഥ ബംഗാൾ . ഭദ്രലോക് എന്ന് പൊതുവെ വിളിക്കപ്പെടുന്ന, സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന ഈ വിഭാഗങ്ങളാണ് ബംഗാൾ ആഖ്യാനങ്ങളിൽ ഉയർന്നു നിൽക്കുന്നത് എന്നുമാത്രം.

വിഭജനം ഇത്രയേറെ പരിക്കുകൾ ഏൽപ്പിച്ച മറ്റൊരു ഇന്ത്യൻ പ്രദേശവും വേറെ ഉണ്ടായിരുന്നില്ല. മതാടിസ്ഥാനത്തിൽ ബംഗാളിനെ നടുവേ പിളർത്തിക്കൊണ്ട് കിഴക്കൻ പാക്കിസ്ഥാൻ രൂപപ്പെടുന്നതിനോടൊപ്പം പൊട്ടിപ്പുറപ്പെട്ട വർഗീയസംഘർഷങ്ങൾ പതിറ്റാണ്ടുകളോളം തുടർന്നു. ചെറുകിട ഭൂപ്രഭുക്കളുടെ നിയന്ത്രണത്തിലായിരുന്നു ഗ്രാമീണ ബംഗാൾ മുഴുവനും. ബ്രിട്ടീഷുകാർ സ്ഥലം കാലിയാക്കി പോയപ്പോൾ കിട്ടിയ ഫാക്ടറികളിൽ ഉത്പാദനം നടത്താനാവശ്യമായ വൈദഗ്ധ്യമുള്ള മുതലാളിത്തവർഗം ബംഗാളിൽ അന്ന് രൂപംകൊണ്ടിരുന്നില്ല. അതേസമയം കൊൽക്കൊത്ത ഇന്ത്യയിലെ പ്രധാന വ്യവസായ നഗരങ്ങളിലൊന്നായി നിലകൊണ്ടിരുന്നു. പഴയ വ്യവസായ സംരംഭങ്ങളാണ് കൊൽക്കൊത്തയിലേക്ക് തൊഴിൽ തേടി പോകാൻ ഒരു കാലത്ത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ളവരെ പ്രേരിപ്പിച്ചിരുന്നത്.

വ്യവസായിക രംഗത്തെ പിന്നോക്കമുള്ള പ്രയാണം
സ്വാതന്ത്ര്യപ്രാപ്തിയുടെ സമയത്ത് 1950‐51 കാലയളവിൽ ഇന്ത്യയിലെ വ്യാവസായികോല്പാദനത്തിലെ 73 ശതമാനവും ബോംബെ,കൽക്കട്ട, മദ്രാസ് എന്നീ മൂന്ന് തുറമുഖനഗരങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നായിരുന്നു- ബോംബെ 33%, പശ്ചിമ ബംഗാൾ 27%, മദ്രാസ് 12%. ഇന്നത്തെ ഗുജറാത്ത് അന്ന് ബോംബെയുടെ ഭാഗമായിരുന്നു. പശ്ചിമ ബംഗാളിന്റെ വ്യവസായത്തിനേറ്റ വലിയൊരാഘാതമായിരുന്നു ബംഗാൾ വിഭജനം. ഇത് വലിയതോതിൽ പശ്ചിമബംഗാളിലെ വ്യവസായങ്ങളെ ബാധിച്ചിരുന്നു. ഏകീകൃത ബംഗാൾ കിഴക്കൻ ബംഗാളും (കിഴക്കൻ പാക്കിസ്ഥാൻ, പിൽകാലത്ത് ബംഗ്ലാദേശ്) പടിഞ്ഞാറൻ ബംഗാളുമായി വിഭജിക്കപ്പെട്ടത് ബംഗാളിലെ ചണവ്യവസായത്തെ കാര്യമായി ബാധിച്ചു. ഇന്നത്തെ പശ്ചിമ ബംഗാളിൽ സ്ഥിതിചെയ്തിരുന്ന വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ വിഭജിതമായിക്കഴിഞ്ഞിരുന്ന കിഴക്കൻ ബംഗാളിൽ നിന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെട്ടു. മാത്രവുമല്ല കിഴക്കൻ ബംഗാളിലെ കമ്പോളങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. അസ്സാമുമായി നടന്നുവന്നിരുന്ന തേയിലവ്യാപാരത്തെയും ഇത് ദോഷകരമായി ബാധിച്ചു. കൊൽക്കൊത്ത നഗരത്തിലെ ഉല്പാദനകേന്ദ്രങ്ങളിൽ ഒരു പണി ലഭിക്കുകയായിരുന്നു സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ ഇന്ത്യയുടെ ഏതൊരു പ്രദേശത്തുമുള്ള ചെറുപ്പക്കാരുടെ സ്വപ്നം. എന്നാൽ മേൽപ്പറഞ്ഞ കാരണങ്ങൾ ഈ അവസ്ഥയെ ദോഷകരമായി ബാധിച്ചു. തൊഴിലുകളുടെ ഉല്പാദനത്തിൽ ബംഗാൾ മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നോക്കം പോയി. പൊതുമേഖലയിൽ കേന്ദ്രം മുടക്കുന്ന തുകയായിരുന്നു സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള നാളുകളിൽ ആദ്യ ഘട്ടത്തിൽ പശ്ചിമബംഗാളിലെ വ്യാവസായികോല്പാദനത്തെ മുന്നോട്ടു നയിച്ചിരുന്നത്. എന്നാൽ ക്രമേണ അതിലും ഗണ്യമായ കുറവ് വന്നു. ഇത് ബംഗാളിലെ തൊഴിൽശേഷിയെ കാര്യമായി ബാധിച്ചു. 1951ൽ ഇന്ത്യയിൽ ആകെ ഫാക്ടറികളിൽ പണിയെടുത്തുകൊണ്ടിരുന്നവർ 29,14,312 ആയിരുന്നപ്പോൾ അതിൽ 6,54,901 പേർ ബംഗാളിൽ മാത്രം പണിയെടുത്തിരുന്നു. 1961ൽ ഇത് യഥാക്രമം 46,16,407 ഉം 8,87,019 ഉം ആയി മാറി . തൊഴിലുല്പാദനത്തിൽ ബംഗാളിന്റെ പങ്ക് 22.47 ശതമാനത്തിൽ നിന്നും 19.21 ശതമാനമായി കുറഞ്ഞു. വ്യാവസായിക കേന്ദ്രമെന്ന നിലയിലുള്ള ബംഗാളിന്റെ തകർച്ച സ്വാതന്ത്ര്യ പ്രാപ്തിയുടെ ആദ്യനാളുകളിൽ തന്നെ തുടങ്ങിയിരുന്നു എന്നുവേണം കരുതാൻ.

1955‐-56ൽ ഇന്ത്യയിലെ ഇതര പ്രദേശങ്ങളുമായി താരതമ്യം ചെയുമ്പോൾ ബംഗാളിലെ വ്യവസായിക നില താഴെപ്പറയുന്ന പട്ടികയിൽ കൊടുത്തിരിക്കുന്നു.

സംസ്ഥാനം വ്യവസായികോല്പാദനം (%)  തൊഴിൽ (%)
മദ്രാസ് 8.00 9.00
ഉത്തർ പ്രദേശ് 10.00 10.00
പശ്ചിമ ബംഗാൾ  24.00 27.00
ബോംബെ 31.00 31.00

1950‐-51ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റം 1955‐56ൽ ഉണ്ടായിട്ടില്ല എന്ന് കാണാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന സമീപനങ്ങളിൽ വന്ന നയപരമായ മാറ്റം പശ്ചിമബംഗാളിന്റെ പ്രതാപം അസ്തമിക്കാൻ ഇടയാക്കി. വിവിധ സംസ്ഥാനങ്ങൾ വികസനം കാംക്ഷിച്ച് ശക്തമായി മുന്നോട്ടുവന്നു. വികസനകാര്യങ്ങളിൽ കഴിയുന്നത്ര തുലനം പാലിക്കുന്ന സമീപനം ഫെഡറൽ ഇന്ത്യയിലെ കേന്ദ്ര ഭരണകൂടവും കൈക്കൊണ്ടു. മറ്റു പ്രദേശങ്ങൾ ക്രമേണ മുന്നോട്ടുവന്നത് വ്യാവസായികവികസനത്തിൽ ബംഗാളിന്റെ പൂർവ്വകാല മേൽകൈ നഷ്ടപ്പെടുത്താൻ ഇടയാക്കി .

സാക്ഷരത
സാക്ഷരതാ നിരക്കിൽ ഇന്ത്യയിലെ പൊതുസ്ഥിതി തന്നെയായിരുന്നു ബംഗാളിലും. കേരളവുമായി ഏറെ വ്യത്യാസം ഇക്കാര്യത്തിൽ ബംഗാളിനുണ്ട്. 1951ൽ ബംഗാളിലെ സാക്ഷരത 24 ശതമാനമായിരുന്നപ്പോൾ കേരളത്തിൽ 40.7 ശതമാനമായിരുന്നു. അതെ കാലഘട്ടത്തിൽ ഗുജറാത്തിലെ സാക്ഷരതാനിരക്ക് 23.1 ശതമാനവും മഹാരാഷ്ട്രയിലേത് മഹാരാഷ്ട്രയിൽ 20 .9 ശതമാനവും മദ്രാസിൽ 20.8 ശതമാനവും ആയിരുന്നു. എന്നാൽ 1961ൽ ഈ മൂന്നു സംസ്ഥാങ്ങളും ബംഗാളിനെക്കാളും മുന്നിലെത്തി. പശ്ചിമ ബംഗാളിലെ സാക്ഷരതാ നിരക്കിലെ പരിണാമം ഇപ്രകാരമാണ്.

വർഷം സാക്ഷരതാനിരക്ക്‌
 1950 24.6
1960 34.4
1970 38.8
1980 48.6
1990 57.7
2000 68.6
2010 76.3

ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള മൂന്നു ദശകങ്ങളിൽ സാക്ഷരതാനിരക്കിലുണ്ടായ വളർച്ച ശ്രദ്ധേയമാണ്. എങ്കിലും ഏറെക്കുറെ ഇന്ത്യയുടെ സാക്ഷരതാ നിരക്കിലെ വളർച്ചയ്ക്കൊപ്പമാണ് പശ്ചിമബംഗാളിലെ സാക്ഷരതാ നിരക്കിലെയും വളർച്ചാനിരക്കുകൾ. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവും തുടർന്നുണ്ടായ വലിയ അഭയാർത്ഥി പ്രവാഹവും ഇതിന് മറ്റൊരു പ്രധാന കാരണമാണ്.

(തുടരും)

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + ten =

Most Popular