Saturday, May 4, 2024

ad

Homeഇവർ നയിച്ചവർഎ കെ നാരായണൻ: കാസർകോടിന്റെ സമുന്നതനായ നേതാവ്‌

എ കെ നാരായണൻ: കാസർകോടിന്റെ സമുന്നതനായ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

കെ നാരായണൻ ഓർമയായതോടെ കാസർകോട്ടെ സമുന്നത സിപിഐ എം നേതാവിനെയും തൊഴിലാളിവർഗത്തിന്റെ ആരാധ്യനായ സംഘാടകനെയുമാണ്‌ നഷ്ടപ്പെട്ടത്‌. അവിഭക്ത കണ്ണൂർ ജില്ലയിലെയും കാസർകോട്‌ ജില്ല രൂപീകരിക്കപ്പെട്ടതിനു ശേഷം കാസർകോട്ടെയും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. ഊർജസ്വലനായ സംഘാകടനായിരുന്ന അദ്ദേഹം തൊഴിലാളിസമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു. എ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ത്യാഗസന്നദ്ധതയയുടെയും ലാളിത്യത്തിന്റെയും ആൾരൂപമായിരുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പരമാവധി ഭംഗിയായി നിറവേറ്റാൻ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചു.

നീലേശ്വരം പാലായിയിൽ 1939ൽ ആണ്‌ എ കെ നാരായണൻ ജനിച്ചത്‌. പിതാവ്‌ കാഞ്ഞങ്ങാട്‌ അതിയാമ്പൂർ അമ്പു. മാതാവ്‌ പാലായിയിലെ മാണിക്കം. ചെറുപ്രായത്തിൽ തന്നെ ബീഡിതെറുപ്പു തൊഴിലാളിയായി. മംഗലാപുരം ആസ്ഥാനമായി പ്രവർത്തിച്ച ഗണേശ്‌ ബീഡിയാണ്‌ കണ്ണൂർ, കാസർകോട്‌ മേഖലകളിൽ സജീവമായി പ്രവർത്തിച്ചത്‌. ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ ആ സ്ഥാപനത്തിൽ ജോലിചെയ്‌തത്‌.

തുച്ഛമായ കൂലിയും വേതനവ്യവസ്ഥകളുമാണ്‌ നിലനിന്നത്‌. 1966ൽ ബീഡി‐സിഗാർ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു. എന്നാൽ അത്‌ നടപ്പാക്കാൻ സംസ്ഥാനങ്ങളോടാവശ്യപ്പെടുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വിമുഖത കാണിച്ചു. 1967ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ എം എസ്‌ സർക്കാർ കേന്ദ്രനിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. അതനുസരിച്ചുള്ള സേവന‐വേതന വ്യവസ്ഥകൾ തൊഴിലാളികൾക്ക്‌ ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടു. 1968 ഒക്ടോബർ 15ന്‌ ഗണേശ്‌ ബീഡി കമ്പനി ഉടമകൾ, അവരുടെ കേരളത്തിലെ ഫാക്ടറികൾക്ക്‌ ലോക്ക്‌ ഔട്ട്‌ പ്രഖ്യാപിച്ചു. അതോടെ 12000ൽ ഏറെ തൊഴിലാളികളാണ്‌ കഷ്ടത്തിലായത്‌.

കർണാടക ഗവൺമെന്റുൾപ്പെടെയുള്ള സംസ്ഥാന ഗവൺമെന്റുകൾ കേന്ദ്രനിയമം നടപ്പാക്കാൻ തയ്യാറാകണമെന്നാവശ്യപ്പെടാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അതുമൂലം കേരളത്തിലെ തൊഴിലാളികൾക്കു മാത്രമാണ്‌ ലോക്ക്‌ ഔട്ടിലൂടെ ദുരിതം സഹിക്കേണ്ടിവന്നത്‌. ലോക്ക്‌ ഔട്ട്‌ പ്രഖ്യാപിക്കപ്പെട്ടതോടെ നിയമവിരുദ്ധ മാർഗത്തിലൂടെ ബീഡി തെറുപ്പ്‌ കരാറടിസ്ഥാനത്തിൽ നൽകിക്കൊണ്ട്‌ തൊഴിലാളികളുടെ ന്യായമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാണ്‌ മാനേജ്‌മെന്റ്‌ തയ്യാറായത്‌.

ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ്‌ തൊഴിലാളികൾ നടത്തിയത്‌. ഗണേശ്‌ ബീഡിയുടെ മംഗലാപുരത്തെ സ്ഥാപനങ്ങൾക്കു മുമ്പിലും സമരം നടത്താൻ തൊഴിലാളികൾ നിർബന്ധിതരായി. നിരവധി തൊഴിലാളികൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. എ കെ നാരായണൻ ഉൾപ്പെടെയുള്ള ട്രേഡ്‌ യൂണിയൻ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. എ കെ ജിയും അഴീക്കോടനും ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ തൊഴിലാളികൾക്കുണ്ടായിരുന്നു. എ കെ ജി ഉൾപ്പെടെയുള്ള നേതാക്കളെ കർണാടകത്തിൽ കയറാൻ അനുവദിക്കില്ല എന്നാണ്‌ അന്നത്തെ കോൺഗ്രസ്‌ സർക്കാർ നിലപാട്‌ സ്വീകരിച്ചത്‌. എന്നാൽ വിലക്കുകളെ ലംഘിച്ചുകൊണ്ട്‌ കർണാടകത്തിൽ പ്രവേശിക്കുമെന്ന്‌ എ കെ ജി പ്രഖ്യാപിച്ചു. പ്രതിഷേധസമരത്തിന്‌ അസാധാരണമായ ജനപിന്തുണ ലഭിച്ചതോടെ കർണാടക സർക്കാരിന്‌ നിലപാട്‌ മാറ്റേണ്ടിവന്നു.

മലബാറിൽ പ്രവർത്തിക്കുന്ന ഗണേശ്‌ ബീഡിയുടെ ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ സർക്കാർ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന്‌ ഇ എം എസ്‌ പ്രഖ്യാപിച്ചു.

ചരിത്രപ്രധാനമായ ആ പ്രഖ്യാപനത്തിനു ശേഷമാണ്‌ ദീനേശ്‌ ബീഡി സഹകരണസംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്‌. 1969ൽ രജിസ്റ്റർ ചെയ്യപ്പെട്ട ദിനേശ്‌ ബീഡി സഹകരണസംഘം നിരവധിപേർക്ക്‌ തൊഴിൽ നൽകുന്ന വലിയ സംരംഭമായി മാറി; കേരളമൊട്ടാകെ അതിന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെട്ടു. ഉൽപന്നങ്ങളുടെ വൈവിധ്യത്തിലൂടെ ഈ സഹകരണസംഘം ഇന്നും മലയാളികൾക്ക്‌ പ്രിയപ്പെട്ട ഉൽപന്നങ്ങൾ നിർമിക്കുന്നു; നിരവധിയാളുകൾക്ക്‌ തൊഴിൽ നൽകുന്നു.

ദിനേശ്‌ ബീഡി സഹകരണസംഘത്തിന്റെ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌ എ കെ നാരായണൻ ഉൾപ്പെടെയുള്ളവരുടെ പ്രക്ഷോഭത്തിന്റെയും ഇടപെടലുകളുടെയും ഫലമായാണ്‌. ബീഡിത്തൊഴിലാളി യൂണിയന്റെ സംസ്ഥാനത്തെയും അഖിലേന്ത്യയിലെയും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു എ കെ. ദിനേശ്‌ ബീഡി കേന്ദ്രസംഘം ഡയറക്ടർ, ഹോസ്‌ദുർഗ്‌ സംഘം പ്രസിഡന്റ്‌, കാസർകോട്‌ ജില്ലാ മൊത്തവ്യാപാരസംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സംഘത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ഉതകുന്ന നിരവധി ഇടപെടലുകൾ നടത്താൻ എ കെയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌.

നിരവധി തൊഴിൽസമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം പലതവണ ജയിലിലടയ്‌ക്കപ്പെട്ടു. കമ്മാടം ചുള്ളി എസ്‌റ്റേറ്റ്‌ സമരം, കാഞ്ഞങ്ങാട്ടെ കല്ലട വുഡ്‌ ഇൻഡസ്‌ട്രീസ്‌ സമരം എന്നിവയുടെ നേതൃത്വം എ കെയ്‌ക്കായിരുന്നു. ജയിൽവാസങ്ങൾ എ കെയിലെ കമ്യൂണിസ്റ്റുകാരനെ കൂടുതൽ കരുത്തനാക്കുകയായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയും ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ സജീവമായ പങ്ക്‌ അദ്ദേഹം വഹിച്ചു.

1970ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ എ കെ മിസ നിയമം അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 17 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ എ കെ ഉൾപ്പെടെയുള്ള നേതാക്കൾ അടയ്‌ക്കപ്പെട്ടു.

1984ൽ കാസർകോട്‌ ജില്ല രൂപീകരിക്കപ്പെട്ടതു മുതൽ അദ്ദേഹം സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ആ സംഘടനയുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായിരുന്നു.

1989 മുതൽ 1994 വരെയും 2005 മുതൽ 2008 വരെയും സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. 2008 മുതൽ 2011 വരെ അദ്ദേഹം കൺസ്യൂമർഫെഡ്‌ ചെയർമാനായി സേവനമനുഷ്‌ഠിച്ചു. കൺസ്യൂമർഫെഡിന്റെ പ്രവർത്തനങ്ങൾക്ക്‌ മികച്ച നേതൃത്വം നൽകാൻ ഈ കാലയളവിൽ എ കെയ്‌ക്ക്‌ സാധിച്ചു. വാർധക്യസഹജമായ അസുഖംമൂലം അഞ്ചുവർഷത്തോളമായി അദ്ദേഹം കാഞ്ഞങ്ങാട്‌ അതിയാന്പൂരിനടുത്ത്‌ കാലിക്കടവിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

2023 ഡിസംബർ 10ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഇന്ദിരയാണ്‌ ജീവിതപങ്കാളി. ലൈല, അനിത, ആശ, സീമ എന്നിവർ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 5 =

Most Popular