Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിപിഎംഎൽഎ 
നിയമത്തിന്റെ ചരിത്രം

പിഎംഎൽഎ 
നിയമത്തിന്റെ ചരിത്രം

അഡ്വ. കെ എസ്‌ അരുൺകുമാർ

2002ലെ കള്ളപ്പണം വെളുപ്പിയ്ക്കൽ നിരോധന നിയമവും (പിഎംഎൽഎ) 1999 ലെ വിദേശ നാണയവിനിമയ നിയമവും നടപ്പാക്കുന്ന അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സ്വാതന്ത്ര്യാനന്തര കാലത്ത് 1956-ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച എൻഫോഴ്സ്-മെന്റ് യൂണിറ്റ് 1957-ൽ ഇ ഡി എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ക്രമേണ രാജ്യമാകെ വ്യാപിപ്പിയ്ക്കുകയുമായിരുന്നു. 1973-ലെ വിദേശ വിനിമയ നിയന്ത്രണ നിയമം (FERA) നടപ്പാക്കുകയായിരുന്നു പ്രധാന ചുമതല. കർക്കശമായ ഫെറ നിയമം ഒരു ക്രിമിനൽ നിയമം ആകയാൽ രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ നിയന്ത്രണാതീതമായ ശോഷണം സംഭവിയ്ക്കുകയും ഇന്ത്യയുടെ സ്വർണ്ണശേഖരം യൂറോപ്പിൽ കൊണ്ടുപോയി പണയം വെച്ച് വിദേശ വ്യാപാരത്തിനുള്ള വിദേശനാണ്യം സ്വരൂപിക്കേണ്ടി വരികയും ചെയ്തത് ചരിത്രം. ഫെറ നിയമത്തിന്റെ ക്രിമിനൽ സ്വഭാവം ലഘൂകരിച്ച് രാജ്യത്തേക്കുള്ള വിദേശനാണ്യശേഖരം വർദ്ധിപ്പിക്കേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ സാമ്പത്തിക വിദഗ്ധർ ഫെറ നിയമം ലഘൂകരിച്ച് സിവിൽ നിയമം എഴുതി ഉണ്ടാക്കാനുറച്ചതിന്റെ ഫലമായാണ് ഫെമ നിയമം, – 1999 നിലവിൽ വന്നത്.

1980കളിൽ ഇന്ത്യയിലാകമാനം രൂപംകൊണ്ട തീവ്രവാദ – വിഘടനവാദ പ്രവർത്തനങ്ങൾ 1984-ലെഇന്ത്യൻ പ്രധാനമന്ത്രിയുടെ വധത്തിൽ കലാശിച്ചെങ്കിലും തീവ്രവാദം അന്തർദേശീയ സുരക്ഷയെയും ആഗോള സാമ്പത്തിക ക്രമങ്ങളെയും ബാധിയ്ക്കുമെന്നുള്ള തിരിച്ചറിവ് ലോകരാജ്യങ്ങൾക്കുണ്ടാവാൻ പിന്നെയും കാലമെടുത്തു. 1988 ജൂൺ 8 മുതൽ 10 വരെ കൂടിയ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം ലോകത്ത് വിധ്വംസക പ്രവർത്തനങ്ങൾക്കും മത തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി വന്നുമറിയുന്ന അനേകം ബില്യൺ ഡോളറുകളുടെ ഉറവിടം കൊക്കെയിൻ, ഓപ്പിയം തുടങ്ങിയ മയക്കുമരുന്നു വ്യാപാരവും വിപണനവുമാണെന്ന് കണ്ടെത്തലിൽ എത്തിച്ചേർന്നു. ഇത്തരത്തിലുള്ള കള്ളപ്പണവും അതിന്റെ വെളുപ്പിക്കലും അതാതു രാജ്യങ്ങളുടെ സാമ്പത്തികക്രമത്തെയെന്നപോലെ ഐക്യവും പരമാധികാരത്തെയും അപകടത്തിലാക്കുമെന്നും തിരിച്ചറിഞ്ഞു. തുടർന്നു 1989- ജൂലെെ 14 മുതൽ 16 വരെ പാരീസിൽ കൂടിയ ഏഴു വികസിത രാജ്യങ്ങളുടെ സമ്മേളനം FATF (ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) ന് രൂപം കൊടുത്തു. FATF രൂപം കൊടുത്ത 40 നിർദേശങ്ങളാണ് ലോകത്ത് കള്ളപ്പണം (Dirty Money)വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ ആധാരശിലയെന്ന് പറയാം.

യുഎൻ പൊതുസഭയുടെ 1990 ഫെബ്രുവരി 23–ാം തിയതിയിലെ S – 17/2-0 നമ്പർ പ്രമേയ പ്രകാരം അംഗ രാഷ്-ട്രങ്ങളെല്ലാം അതാതു രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും കള്ളപ്പണം വെളുപ്പിയ്ക്കാതിരിയ്ക്കുന്നതിനുതകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അതിനുപയുക്തമായ നിയമനിർമ്മാണം നടത്താനുള്ള ആഗോള ബാദ്ധ്യത ഏറ്റെടുക്കണമെന്നും നിഷ-്കർഷിച്ചതിനെ തുടർന്നാണ് ഇന്ത്യയിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 2002 രൂപംകൊണ്ടത്. 2005 ജൂലെെ 1–-ാം തിയതി മുതൽ നിയമം ഇന്ത്യയിൽ പ്രാബല്യത്തിലുണ്ട്.

നിയമത്തെ ദുരുപയോഗം ചെയ്യാതിരിയ്ക്കാനുള്ള നിരവധി കരുതലുകൾ/ചെക്ക് പോയിന്റുകൾ നിയമത്തിൽ നിഷ്-കർഷിച്ചിട്ടുണ്ട്. അതിൽ പ്രധാനം Police,Narcotics, customs, Forest, CBI തുടങ്ങിയ Law Enforcement ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന FIR Report ഉണ്ടെങ്കിൽ മാത്രമേ ED യ്ക്കും ഒരു കേസ്സ് രജിസ്റ്റർ ചെയ്യുവാൻ കഴിയൂ. IPC, NDPS,UAPA, PCA തുടങ്ങി 29 നിയമങ്ങളിലെ 159 ക്രിമിനൽ കുറ്റങ്ങളിലൂടെ സമ്പാദിയ്ക്കുന്ന പണത്തിനെയാണ് proceeds of crime എന്ന് പറയുന്നത്. അത് വഞ്ചനയിലൂടെയാവാം കൈക്കൂലിയാവാം മയക്കുമരുന്ന് നിർമ്മാണവും വിപണനവുമാകാം ഗൂഢാലോചനയും കൊള്ളയുമാകാം.

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും ഉത്തരവാദിത്വമുള്ള ആഭ്യന്തര നിയമനിർവ്വഹണ ഏജൻസിയാണ് എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി). ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് പ്രകാരം എക്സ്ചേഞ്ച് കൺട്രോൾ നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു എൻഫോഴ്സ്-മെന്റ് യൂണിറ്റ് 1956 മെയ് 1ന് ആരംഭിച്ചത്.1957-ൽ ഈ എൻഫോഴ്സ്മെന്റ് യൂണിറ്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്ന് പുനർനാമകരണം ചെയ്തു.

ഇന്ത്യാ ഗവൺമെന്റിന്റെ ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാഗമായ ഇ.ഡി ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ്. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ ലംഘനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും ഇ ഡിക്കാണ് അധികാരം. കള്ളപ്പണത്തിന്റെ ഉല്പാദനവും വിനിമയവും തടയുക എന്നതാണ് ഈ നിയമത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. എന്നാൽ ഇ ഡിക്ക് ഒരു കേസ് നേരിട്ട് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അധികാരമില്ല. ഈ നിയമപ്രകാരമുള്ള ഏതെങ്കിലും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ ഭാഗമായി കള്ളപ്പണം വെളിപ്പിക്കപ്പെട്ടു എന്ന ആരോപണം ഉണ്ടെങ്കിൽ മാത്രമേ ഇ ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയൂ. ആദ്യം ഒരു കുറ്റകൃത്യം നടക്കണം. ആ കുറ്റകൃത്യത്തിന്റെ പരിണത ഫലമായി ഒരു proceeds of Crime ആയി കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിക്ക് അന്വേഷിക്കാം. എന്നാൽ ഇന്ന് ഇ ഡി ഒരു പ്രഡിക്കേറ്റ് ആരോപിക്കപ്പെട്ട കുറ്റകൃത്യം എന്ന നിലയിലല്ലാതെ നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കും പുരോഗമനവാദികൾക്കും ആക്ടിവിസ്റ്റുകൾക്കും പണ്ഡിതർക്കും എതിരെ കള്ളക്കേ സുകൾ രജിസ്റ്റർ ചെയ്ത് അധികാര ദുർവിനിയോഗം നടത്തുന്ന ഒരു ഏജൻസിയായി ഇ ഡി തരംതാണിരിക്കുന്നു.

ഇന്ന് നമ്മുടെ രാജ്യത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി നടത്തുന്നത് സെലക്ടീവ് (വിവേചനപരമായ)പ്രോസിക്യൂഷൻ ആണ്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ഭരണപക്ഷ നയങ്ങളോട് എതിർപ്പ് രേഖപ്പെടുത്തുന്നവരെയും തെരഞ്ഞുപിടിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്ത് മനഃപൂർവ്വം പീഡിപ്പിക്കുകയാണ്.

രാജ്യത്ത് ഇക്കാലത്ത് പ്രധാന രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത 121 കേസുകളിൽ 116 കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരായാണ്. അതായത് മൊത്തത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. മാത്രമല്ല കള്ളപ്പണം എന്ന് ഇ ഡി കണ്ടുകെട്ടിയ പണത്തിൽ 1% പണം പോലും കള്ളപ്പണമാണെന്ന് തെളിയിക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടുമില്ല.

പി.എം.എൽ.എ കേസുകളുടെ രജിസ്ട്രേഷനും വിചാരണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ ഈ ഏജൻസിയുടെ ദയനീയ പ്രകടനം ചൂണ്ടിക്കാണിക്കുന്നതാണ്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ പി.എം.എൽ എ ആക്ട് പ്രകാരം ഇ ഡി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 5422 ആണ്.

ടി കേസുകളിൽ ആകെ – 23 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് – 0.54 % ശിക്ഷാ നിരക്ക്. ഈ കാലയളവിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ദേശീയ ശിക്ഷാ നിരക്ക് 57 % ആണ്. 1 % പോലും ശിക്ഷാനിരക്ക് ഇല്ലാത്ത ലോകത്തെ ഏക ഏജൻസിയായി ഇ ഡി അധഃപതിച്ചിരിക്കുകയാണ്.

ഒരു സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണ ഏജൻസിയായ ഇ ഡി ‘സെലക്ടീവ് പ്രോസിക്യൂഷ’നു ശേഷം “സെലക്ടീവ് ലീക്കേജ്’ നടത്തുന്നു. അന്വേഷണ വിവരങ്ങൾ അതാത് ദിവസം തന്നെ പത്ര ദൃശ്യമാധ്യമങ്ങൾക്ക് ചോർത്തിനൽകി കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിലവാരം തകർത്തുകളഞ്ഞു. മുൻ കാലങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ സി.ബി.ഐയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്തതുപോലെ ഇന്ന് ബി ജെ പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഇ ഡിയെ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ടുതന്നെയാണ് വരുന്ന ലോക്-സഭ തിരഞ്ഞെടുപ്പിൽ മത്സരം ബി.ജെ.പിക്കെതിരെ മാത്രമല്ല ഇ ഡി, സി.ബി.ഐ, ഐടി വകുപ്പുകൾക്ക് എതിരെയാണ് എന്ന് പ്രതിപക്ഷ നേതാക്കൾക്ക് പറയേണ്ടി വരുന്നത്.

ബി ജെ പി ഇതര ഗവൺമെന്റുകളെ തകർക്കാനും പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക എന്നത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മഹാരാഷ്ട്രയിൽ എൻ സി.പിയെയും ശിവസേനയെയും പിളർത്തിയതും നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെ ഭയപ്പെടുത്തി ബി.ജെ.പിയിൽ എത്തിച്ചതും അടുത്തകാലത്ത് നാം കണ്ടു. ആസാമിലെ ഹേമന്ദ വിശ്വ ശർമ്മയും മഹാരാഷ്ട്രയിലെ നാരായണ നാണയുമടക്കം എത്രയോ കോൺഗ്രസ് നേതാക്കളും മറ്റു പ്രതിപക്ഷ നേതാക്കളുമാണ് അടുത്തകാലത്ത് ബി.ജെ.പി കൂടാരത്തിൽ എത്തിയത്. അടുത്ത കാലത്ത് കോൺഗ്രസിന്റെ 10 മുൻ മുഖ്യമന്ത്രിമാരും നിരവധി മുൻ കേന്ദ്ര മന്ത്രിമാരും ബി.ജെ.പിയിൽ ചേർന്നതിന്റെ പിന്നിൽ ഇ ഡി വഹിച്ച പങ്ക് ചെറുതല്ല.

ഗവേഷകനായ നവ് ശരൺ സിംഗിനെ ഇ ഡി അറസ്റ്റ് ചെയ്തത് അടുത്ത കാലത്താണ്. സർക്കാരിനോട് വിയോജിപ്പുള്ളവരെ നിശബ്ദരാക്കാൻ പി.എം.എൽ.എ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്.

കേന്ദ്ര ഗവൺമെന്റ് രാജ്യത്തെ എല്ലാ നിയമങ്ങളെയും പരമോന്നത കോടതി വിധികളെയും കാറ്റിൽ പറത്തി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ട തുടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിൽ കിഫ്ബിക്കെതിരെ ഇ ഡി സ്വീകരിച്ച നിയമ നടപടികൾ. കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെയും കിഫ്ബിക്കെതിരെയും ഇ ഡി അന്വേഷണം പ്രഖ്യാപിക്കുകയും രേഖകൾ ഹാജരാക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശിച്ച് സമൻസ് അയക്കുകയും ചെയ്തു. കേരളത്തിന്റെ ധനകാര്യമന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ വൈസ് ചെയർമാൻ പദവി വഹിച്ച തോമസ് ഐസക്കിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കഴിഞ്ഞ പതിനഞ്ച് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഇൻകം ടാക്സ് വിവരങ്ങളും വിദേശയാത്രാ വിവരങ്ങളും മറ്റ് വ്യക്തിവിവരങ്ങളുമായി ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചായിരുന്നു സമൻസ്. എന്നാൽ കിഫ്ബിക്കെതിരെ ഏന്തെങ്കിലും പരാതിയുണ്ടോ എന്നോ എന്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നോ ഏതു തരത്തിലുള്ള നിയമലംഘനമാണ് കിഫ്ബിയും തോമസ് ഐസക്കും നടത്തിയതെന്നോ ഇ ഡി നൽകിയ സമൻസിൽ പ്രതിപാദിച്ചിട്ടില്ല.

തുടർന്ന് നിയമവിരുദ്ധമായ ഈ സമൻസിനെ ചോദ്യംചെയ്ത് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.തങ്ങൾക്ക് സമൻസ് അയക്കാനുള്ള കാരണം തേടിയാണ് അവർ ഹൈക്കോടതിയിൽ എത്തിയത്.

30.11.2017-ൽ ചേർന്ന കിഫ്ബിയുടെ 31- –ാമത് ജനറൽ ബോഡി യോഗമാണ് പശ്ചാത്തല വികസന പദ്ധതികൾക്കായി മസാല ബോണ്ടുകൾ ( Rupee Denominated Bonds) സ്വീകരിക്കാൻ തീരുമാനിച്ചത്. മേൽ പ്രവർത്തനങ്ങൾക്കായി ആക്സിസ് ബാങ്കിനെയാണ് അഡ്വൈസറായി കിഫ്ബി ചുമതലപ്പെടുത്തിയത്. തുടർന്ന് 22.05.2018 ന് 2672.80 കോടി രൂപയുടെ മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് അനുവാദത്തിനായി ആക്സിസ് ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്ത് നൽകി. 01.06.2018 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്കിന് മസാല ബോണ്ട് ശേഖരണത്തിലുള്ള എൻ.ഒ.സി ( No Objection Certificate) നൽകുകയും ലോൺ രജിസ്ട്രേഷൻ നമ്പർ നൽകുകയും ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോൺ രജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ 26.03.2019, 27.03.2019 തിയതികളിൽ മസാല ബോണ്ടുകൾ ശേഖരിക്കുകയും അത് ലണ്ടൻ, സിംഗപ്പൂർ എക്സ‍്ചേഞ്ചുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

കിഫ്ബി മസല ബോണ്ട് ഇറക്കിയത് റിസർവ്വ് ബാങ്കിന്റെ മുൻകൂർ അനുവാദത്തോടുകൂടിയാണ്. നിയമപരമായ എല്ലാ ഉത്തരവാദിത്വവും നിർവ്വഹിച്ച് വിദേശനാണ്യ വിനിമയ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. ഏതു പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇ ഡി ആരംഭിച്ചതെന്നും എന്തൊക്കെ വസ്തുതകളാണ് കിഫ്ബിയോടും തോമസ് ഐസക്കിനോടും ചോദിച്ചറിയേണ്ടത് എന്നും അതിന്റെ അടിസ്ഥാനമെന്തെന്നും ഹൈക്കോടതി നിരന്തരം ചോദിച്ചിട്ടും ഇ ഡിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല.

സാധാരണ ഇ ഡി സമൻസ് അയക്കുകയോ കേസന്വേഷണം ആരംഭിക്കുകയോ ചെയ്താൽ ഒന്നുകിൽ ബി.ജെ.പി ആയി മാറുകയോ അല്ലെങ്കിൽ ജയിലിൽ പോകുകയോ ആണ് പ്രതിപക്ഷ പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും ചെയ്യുന്ന പതിവ്. എന്നാൽ ഇ ഡി ക്കു മുന്നിൽ ഒട്ടും പതറാതെ അതിശക്തമായ നിയമപോരാട്ടത്തിനാണ് തോമസ് ഐസക്കും കിഫ്ബിയും തയ്യാറായത്. ഹൈക്കോടതി സിംഗിൾ ബഞ്ച് വിശദമായി പ്രതിപാദിച്ചുകൊണ്ട് പാസാക്കിയ ഇടക്കാല ഉത്തരവും സ്റ്റേയും പിൻവലിക്കാൻ മറ്റൊരു സിംഗിൾ ബഞ്ച് തയ്യാറായപ്പോൾ വളരെ പെട്ടെന്നുതന്നെ ഡിവിഷൻ ബഞ്ചിനെ സമീപിച്ച് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കുവാൻ തോമസ് ഐസക്കിനും കിഫ്ബിക്കും കഴിഞ്ഞു. അവസാനം ഇ ഡിക്കുതന്നെ എല്ലാ സമൻസുകളും പിൻവലിച്ച് സുല്ലു പറഞ്ഞ് പോകേണ്ടി വന്നു. കള്ളത്തെളിവുകൾ സൃഷ്ടിക്കുന്നതും വ്യാജ രേഖകൾ ചമയ്ക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണകൾ വൈകിപ്പിക്കുന്നതുമെല്ലാം സമീപകാലത്ത് ഇ ഡിയുടെ വിശ്വസ്തത ഇടിച്ചുകൊണ്ടിരിക്കുകയാണ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ 2023 ഏപ്രിൽ മാസത്തിൽ 14 പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അന്ന് ആ ഹർജി നിഷേധിച്ചു. എന്നാൽ ഇ ഡിയുടെ അമിതാധികാര പ്രവണതകൾ നിരന്തരം കൂടിക്കൂടി വന്നപ്പോൾ മേൽ കേസ് റിവ്യൂ ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുകയാണ്. ഇ ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 20 (3) , 22 (1) എന്നീ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നിരവധി പുറത്തുവരുകയാണ്. മാത്രമല്ല, പാർലമെന്റിൽ വെച്ച് “നിശ്ശബ്ദത പാലിച്ചില്ലെങ്കിൽ ഇ ഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം’ എന്ന് ബി.ജെ.പിയിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി മീനാക്ഷി ലേഖി പ്രതിപക്ഷ നേതാവിനോട് പറഞ്ഞത് അന്വേഷണ എജൻസികളെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നതിന്റെ പ്രധാന ഉദാഹരണമാണ്. ഇ ഡി അന്വേഷണത്തെ ഭയപ്പെട്ട് സ്വന്തം പാർട്ടി വിട്ട് ബി.ജെ.പി ആയി മാറിയതിനു ശേഷം സമാധാനമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നുണ്ട് എന്ന് തുറന്നു പറയുന്ന നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെയും നാം അടുത്ത കാലത്ത് കണ്ടു.

എന്തായാലും കേരള ഹൈക്കോടതിയിൽ നിന്നും ഇ ഡി ക്കു ലഭിച്ച തിരിച്ചടി അവരുടെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ്. സത്യസന്ധമായ പൊതുപ്രവർത്തനം നടത്തുന്ന ഇടതു നേതാക്കൾക്കെതിരെയും ഗവൺമെന്റ് സംവിധാനത്തിനെതിരെയും ‘‘ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണവുമായി’’ ഇ ഡി ഇനി വാളയാർ ചെക്ക് പോസ്റ്റ് കടന്ന് ഇങ്ങ് വരില്ലെന്ന് പ്രതീക്ഷിക്കാം.

ഇ ഡി നേതൃത്വത്തിൽ വടക്കാഞ്ചേരി ലൈഫ് പദ്ധതിയെ തകർക്കാൻ നോക്കിയതും സ്വർണ്ണ കള്ളക്കടത്തിന്റെ പേരിൽ നടത്തിയ അന്വേഷണ പ്രഹസനവും നുണപ്രചാരണങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചതും എല്ലാം നാം കണ്ടതാണ്. ഇ ഡിയുടെ “ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണങ്ങളുടെ പേരിൽ’ കേരളത്തിൽ വലിയ സ്വപ്നങ്ങൾ കണ്ട ബി ജെ പിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ഇപ്പോൾ സ്വയം ചുറ്റിത്തിരിയുന്നതാണ് നാം കാണുന്നത്. ഇ ഡിക്കെതിരെ ചരിത്രപരമായ നിയമപോരാട്ടം നടത്തിയ തോമസ് ഐസക്കും കിഫ്ബിയും രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 13 =

Most Popular