Sunday, November 24, 2024

ad

Homeമുഖപ്രസംഗംസ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ ദേശീയ പ്രക്ഷോഭം ശക്തിപ്പെടുത്തുക

സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ ദേശീയ പ്രക്ഷോഭം ശക്തിപ്പെടുത്തുക

ങ്ങനെ വീണ്ടും ഇന്ത്യാ ചേരി (INDIA BLOCK) യുടെ യോഗം ഡിസംബർ 19ന് ചേർന്നു. ഈ നാലാമത്തെ യോഗം ചേരാൻ കുറച്ചൊരു കാലതാമസമുണ്ടായി എന്നുമാത്രമല്ല ഇടയ്ക്ക് കുറച്ചേറെ കല്ലുകടികളുമുണ്ടായി. ഇതിനിടയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യാ ചേരിയിലെ മറ്റു കക്ഷികളുമായൊന്നും കൂടിയാലോചിക്കാതെയും ആരെയും സഹകരിപ്പിക്കാതെയും കോൺഗ്രസ് തനിപ്പിടിയായി നീങ്ങിയതാണ് ഈ കല്ലുകടികൾക്കൊരു കാരണം. ഈ ചേരി രൂപീകരിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കോൺഗ്രസ്സിന്റെ ഈ നീക്കത്തിൽ തനിക്കുള്ള അസംതൃപ്തി തുടക്കത്തിൽതന്നെ വെളിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ എസ്-പിക്ക് നിലവിലുള്ള സീറ്റുപോലും നിഷേധിച്ച കോൺഗ്രസ്സിന്റെ നിലപാടിൽ അഖിലേഷ് യാദവും ശക്തിയായി പ്രതികരിച്ചിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവന്നയുടൻ കോൺഗ്രസ് മറ്റാരുടെയും സൗകര്യം പോലും ചോദിക്കാതെ ഏകപക്ഷീയമായി ഇന്ത്യാ യോഗം വിളിച്ചു. അതിലുള്ള അസംതൃപ്തിയുടെ കൂടി പ്രകടനമായിട്ടായിരിക്കണം കോൺഗ്രസ് നിശ്ചയിച്ച ദിവസം യോഗം ചേരാൻ കഴിയാതെ വന്നത്. വീണ്ടും എല്ലാ കക്ഷികളുടെയും സൗകര്യം പരിഗണിച്ച് ഡിസംബർ 19ന് നിശ്ചയിച്ചയോഗം 28 കക്ഷികളും പങ്കെടുത്ത് ചേർന്നുവെന്നതുതന്നെ മതനിരപേക്ഷതയും ജനാധിപത്യവും കാംക്ഷിക്കുന്ന ജനങ്ങളെയാകെ സന്തോഷിപ്പിക്കുന്നതാണ്.

നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ മറ്റു കക്ഷികളുമായി കൂടിയാലോചന നടത്താൻ കോൺഗ്രസ് തയ്യാറാകാത്തതുമാത്രമല്ല, ഇന്ത്യാ ചേരിയുടെ മൂന്നാമത്തെ യോഗം തീരുമാനിച്ചതനുസരിച്ച് ഭോപ്പാലിൽ നടത്തേണ്ടിയിരുന്ന വർഗീയതയ്ക്കെതിരായ റാലി കോൺഗ്രസ്സിന്റെ മധ്യപ്രദേശിലെ നേതാവിന്റെ തീട്ടൂരപ്രകാരം ഏകപക്ഷീയമായി റദ്ദാക്കിയതും മറ്റു കക്ഷികളെ ചൊടിപ്പിച്ച നടപടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വത്തിന്റെ പ്രയോഗത്തിലൂടെ ജയിച്ചു കയറാമെന്നും അതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രചരണങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കണമെന്നുമുള്ള കോൺഗ്രസ്സിന്റെ സംസ്ഥാന നേതാക്കളുടെ കണക്കുകൂട്ടലാണ് ഈ തിരഞ്ഞെടുപ്പിലെ ജനവിധി പൊളിച്ചടുക്കിയത്. പക്ഷേ അതിനിടയിൽ ശ്രമകരമായി കെട്ടിപ്പടുത്ത കൂട്ടായ്മയിൽ വിള്ളലുണ്ടാക്കിയെന്നതാണ് ഖേദകരം.

ഇപ്പോൾ നാലാമത് യോഗം ചേർന്നപ്പോൾ അതിലും കല്ലുകടിയുണ്ടാക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാളിനെയും പോലെയുള്ളവർ ശ്രമിച്ചത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. മുന്നണിയെ നയിക്കേണ്ടത് ആരെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയാരെന്നുമെല്ലാമുള്ള ചർച്ചകൾ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മതിയെന്ന് തുടക്കത്തിൽ തന്നെ തീരുമാനിക്കപ്പെട്ടതാണ്. എന്നാൽ ഈ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന മമതബാനർജിയുടെ നിർദേശവും അതിനെ പിന്താങ്ങിക്കൊണ്ടുള്ള അരവിന്ദ് കെജ്-രിവാളിന്റെ പ്രസ്താവനയും ദുരുദ്ദേശ്യപരമെന്നേ പറയേണ്ടൂ. കൂട്ടായ്മയിലും കോൺഗ്രസ്സിനുള്ളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമാണ് അത്തരം പ്രതികരണങ്ങൾ സഹായിക്കുക. അതുപോലെ തന്നെ, ഉടൻ സീറ്റു വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും തുടങ്ങണമെന്ന ചിലരുടെ അഭിപ്രായ പ്രകടനങ്ങളും അനവസരത്തിലുള്ളതാണ്.

മോദി സർക്കാരിന്റെ സേ-്വച്ഛാധിപത്യനീക്കങ്ങൾക്കെതിരെയും സംഘപരിവാർ നടത്തുന്ന വർഗീയചേരിതിരിവുകൾക്കും സംഘർഷങ്ങൾക്കുമെതിരെയും ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുകയും മോദി വാഴ്ചയ്ക്കെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തുകയുമാണ് ആദ്യം വേണ്ടത്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ യോഗം ചേർന്നത്. പാർലമെന്റാക്രമണം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും മോദിയോ അമിത് ഷായോ പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ച പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സഭയിൽനിന്ന് സസ്-പെൻഡ് ചെയ്തുകൊണ്ടിരിക്കവെയാണ് ഇന്ത്യാ ചേരിയുടെ നാലാമത് യോഗം ചേർന്നത്. അതുകൊണ്ടുതന്നെ അതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തണമെന്ന തീരുമാനമാണ് യോഗം കെെക്കൊണ്ടത്. ഒൗപചാരികമായി ഇൗ യോഗം ചേരുന്നതിനുമുൻപുതന്നെ പാർലമെന്റിനുള്ളിൽ ഗവൺമെന്റിന്റെ സേ–്വച്ഛാധിപത്യനീക്കത്തിനെതിരെ യോജിച്ച് നീങ്ങാനുള്ള തീരുമാനം പാർലമെന്ററി കക്ഷി നേതാക്കൾ ചേർന്ന് കെെക്കൊണ്ടിരുന്നു. പാർലമെന്റിനുള്ളിലും പുറത്തും മോദി സർക്കാരിന്റെ രാജ്യദ്രോഹപരമായ സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന തീരുമാനം ജനാധിപത്യവാദികളും രാജ്യസ്നേഹികളുമായ ജനങ്ങൾക്കാകെ ആവേശം പകരുന്നതാണ്.

മോദി വാഴ്ചയിൽ യഥാർഥത്തിൽ അതിർത്തികടന്നുള്ള ഭീകരാക്രമണങ്ങളും രാജ്യത്തിനുള്ളിൽ ഭീകരവാദികളുടെ അഴിഞ്ഞാട്ടവും വർധിച്ചിരിക്കുകയാണ്. യഥാർഥത്തിൽ ഭീകരാക്രമണങ്ങളെയും രാജ്യസുരക്ഷയെയുമെല്ലാം മോദിയും സംഘവും തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഉപാധികളാക്കി മാറ്റുകയല്ലാതെ അവ തടയാൻ ചെറുവിരലിനക്കാൻപോലും തയ്യാറായിട്ടില്ല. പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥന്, അതും ഉന്നത ഭരണാധികാരികളുമായി അടുത്ത ബന്ധമുള്ള ഒരു ഐപിഎസുകാരന്, അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. പോരെങ്കിൽ അന്നത്തെ കാശ്മീർ ഗവർണറുടെ വെളിപ്പെടുത്തലും കേന്ദ്ര ഭരണക്കാർക്ക് ആ ആക്രമണത്തിലുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ്. വീണ്ടും ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന പാർലമെന്റിനുനേരെയുള്ള ദുരൂഹമായ ആക്രമണവും അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മോദിയും അമിത്ഷായും വിസമ്മതിക്കുന്നതും സംശയാസ്പദമാണ്. ബിജെപിക്ക് എന്തോ ഒളിക്കാനുണ്ട് എന്നതാണ് പാർലമെന്റിലെ അവരുടെ അമിതാധികാരപ്രയോഗത്തിൽനിന്ന് മനസ്സിലാക്കാനാവുന്നത്.

കേന്ദ്ര ബിജെപി സർക്കാരിന്റെ ഈ അമിതാധികാര വാഴ്ചയ‍്-ക്കെതിരെ ശക്തമായ സമരത്തിനാണ് ഇന്ത്യ കൂട്ടായ്മ ഇപ്പോൾ തീരുമാനിച്ചത്. ഇത്തരം സമരങ്ങൾ ശക്തിപ്പെടുത്തിയും ജനങ്ങളെ യോജിപ്പിച്ചണിനിരത്തിയുമാണ് ഈ മുന്നണി ശക്തിപ്പെടുത്തേണ്ടത്. അതിന്റെ തുടക്കമായിരിക്കും ഡിസംബർ 22ന്റെ ദേശീയ പ്രക്ഷോഭം. ഈ കൂട്ടായ്മയുടെ മുന്നോട്ടുപോക്കിൽ സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഈ പ്രക്ഷോഭം. ഇന്ത്യാ ചേരിയെ ശക്തിപ്പെടുത്തുകയും ചലനം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ഈ രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്. മോദി സർക്കാരിന്റെ അമിതാധികാര വാഴ്ച-യ്ക്കെതിരായ ഡിസംബർ 22ന്റെ പ്രക്ഷോഭം വൻവിജയമാക്കേണ്ടത് ഈ രാജ്യത്തെ ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular