Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഇ ഡിയുടെ അമിതാധികാര പ്രയോഗം നിയന്ത്രിക്കപ്പെടണം

ഇ ഡിയുടെ അമിതാധികാര പ്രയോഗം നിയന്ത്രിക്കപ്പെടണം

കെ ജെ ജേക്കബ്‌

കുറച്ചുകാലം മുൻപുവരെ നമ്മുടെ നാട്ടിൽ ഒരു അസാധാരണ കുറ്റകൃത്യം നടന്നാൽ ഉടനെ അന്വേഷണം സി ബി ഐ യെ ഏൽപ്പിക്കണം എന്നൊരാവശ്യം ഉയർന്നുവന്നിരുന്നു. ഇപ്പോൾ നാട്ടിൽ ഒരു മാതിരി അഴിമതിയാരോപണം ഉണ്ടായാൽ ഉടനെ എൻഫോഴ്-സ്-മെന്റ് ഡയറക്ടറേറ്റിനെ (ഇ ഡി) ഏൽപ്പിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

കള്ളപ്പണ നിരോധനനിയമം (The Prevention of Money Laundering Act, 2002), വിദേശനാണയ വിനിമയ നിയമം (The Foreign Exchange Management Act, 1999), നാടുവിട്ട സാമ്പത്തിക കുറ്റവാളികളുടെ സ്വത്തു കണ്ടുകെട്ടാനുള്ള നിയമം (The Fugitive Economic Offenders Act, 2018 FEOA) എന്നിങ്ങനെ മൂന്നു നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഒരു പ്രത്യേക അന്വേഷണ ഏജൻസിയാണ് ഇ ഡി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഇ ഡി പ്രവർത്തിക്കുന്നത്. ഇതിൽ കള്ളപ്പണ നിരോധന നിയമം അനുസരിച്ചു നടത്തുന്ന അന്വേഷണങ്ങളാണ് നമ്മുടെ നാട്ടിൽ അഴിമതി അന്വേഷണമായി രൂപംമാറി വരുന്നത്.

നിയമപ്രകാരം ഇ ഡി അന്വേഷിക്കേണ്ട കേസ് ഏതാണ്? കള്ളപ്പണ നിരോധന നിയമത്തിന്റെ സെക്ഷൻ 3 ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്.

ഒരു കുറ്റകൃത്യത്തിൽനിന്നു ലഭിക്കുന്ന സ്വത്ത് (proceeds of crime) ഒളിച്ചുവയ്ക്കുകയോ സ്വന്തമാക്കുകയോ സമ്പാദിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുകയും അത് നേരായ വഴിയിൽനിന്നു കിട്ടിയതാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നയാൾ ഈ നിയമം അനുസരിച്ച് കുറ്റം ചെയ്യുകയാണ്. (കുറ്റകൃത്യങ്ങളുടെ ലിസ്റ്റ് പ്രത്യേകം ഉണ്ട്)

(Whosoever directly or indirectly attempts to indulge or knowingly assists or knowingly is a party or is actually involved in any process or activity connected with the proceeds of crime including its concealment, possession, acquisition or use and projecting or claiming it as untainted property shall be guilty of offence of money-laundering.)

ഇതിൽനിന്നു സ്പഷ്ടമാകുന്ന കാര്യം, അഴിമതി അന്വേഷിക്കുക എന്നത് ഇ ഡി യുടെ ഉത്തരവാദിത്തമല്ല, അതിനു ആ ഏജൻസിയെയല്ല നിയമം ഏൽപ്പിച്ചിരിക്കുന്നത് എന്നതാണ്. ഒരാൾ അഴിമതി കാണിച്ചു സ്വത്തുണ്ടാക്കുകയും അത് ഒളിപ്പിച്ചുവയ്ക്കുകയും നേരായ പണമാണെന്ന് അവകാശപ്പെടുകയും ചെയ്താൽ അക്കാര്യം അന്വേഷിച്ചു കണ്ടുപിടിക്കുക എന്നതാണ് ആ ഏജൻസിയുടെ ഉത്തരവാദിത്തം. എന്നുവച്ചാൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരിക; അല്ലാതെ അഴിമതിയന്വേഷണമല്ല അതിന്റെ ജോലി എന്നർത്ഥം.

ഇനി വിദേശ നാണ്യ നിയമ പ്രകാരം എന്താണ് ഇ ഡി യുടെ ചുമതല? ഇ ഡി യുടെ തന്നെ നിർവചന പ്രകാരം വിദേശനാണ്യവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനം സംശയിക്കുന്ന കേസുകളിൽ അന്വേഷണം നടത്തുകയും ലംഘനമുണ്ടെങ്കിൽ പിഴ ഈടാക്കുകയും ചെയ്യുക (The ED has been given the responsibility to conduct investigation into suspected contraventions of foreign exchange laws and regulations, to adjudicate and impose penalties on those adjudged to have contravened the law.)

കള്ളപ്പണം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ പ്രമേയത്തിനും അതിൽനിന്നുള്ള തീരുമാനങ്ങൾക്കും അനുസൃതമായുണ്ടാക്കിയ നിയമമാണ് കള്ളപ്പണ നിരോധന നിയമം എന്ന് ആ നിയമത്തിന്റെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്.

ചുരുക്കത്തിൽ, നാട്ടിലോ പുറത്തോ കള്ളപ്പണം നിയന്ത്രിക്കാനും അത് പുറത്തുകൊണ്ടുവരുവാനുമുള്ള ഏജൻസിയാണ് ഇ ഡി; അഴിമതി അന്വേഷണം പൊലീസ്, വിജിലൻസ്, സി ബി ഐ തുടങ്ങിയ ഏജൻസികളുടെ ഉത്തരവാദിത്തമാണ്.

എന്തുകൊണ്ട് ഇ ഡി യുടെ ദുരുപയോഗം?
കുറ്റകൃത്യത്തിൽനിന്നുളവാകുന്ന കള്ളപ്പണം കണ്ടുപിടിക്കാനുള്ള പ്രത്യേക സംവിധാനം എന്ന നിലയിൽ സാധാരണ കുറ്റാന്വേഷണ ഏജൻസികൾക്കില്ലാത്ത ചില അവകാശങ്ങൾ നിയമപ്രകാരം ഇ ഡി യ്ക്കുണ്ട്. ആവശ്യമായ ധാരണയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് ആളുകൾ വെള്ളക്കോളർ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നതിനാൽ മറ്റു കുറ്റാരോപിതർക്കുകിട്ടുന്ന പല പരിരക്ഷയും കള്ളപ്പണ നിരോധന നിയമപ്രകാരം ഈ നിയമത്തിൽപ്പെടുന്നവർക്കു കിട്ടില്ല.

ഉദാഹരണത്തിന്, അസിസ്റ്റന്റ് ഡയറക്ടറോ അതിനു മുകളിലോ ഉള്ള ഒരു ഇ ഡി ഉദ്യോഗസ്ഥനു മുൻപാകെ നൽകുന്ന മൊഴി കോടതി തെളിവായി സ്വീകരിക്കും. ഇന്ത്യയിലെ പൊലീസിനോ സി ബി ഐ യ്ക്കോ എൻ ഐ എ യ്ക്കോ ഇത്തരം ഒരു ആനുകൂല്യമില്ല; പൊലീസിന് കൊടുക്കുന്ന മൊഴി കോടതിയിൽ സ്വീകരിക്കില്ല.

മറ്റൊന്ന് ഒരാളുടെ പക്കൽനിന്നും പണം കണ്ടെടുത്താൽ അത് കള്ളപ്പണമല്ലെന്നു തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ് എന്ന വ്യവസ്‌ഥയാണ്; ആ ബാധ്യത ഏജൻസിയുടേതല്ല.

ഭരണഘടനാവിരുദ്ധമെന്ന് കോടതികളും നിയമജ്ഞരും അവകാശപ്പെട്ട ഒരു വ്യവസ്‌ഥ ഈ നിയമത്തിലുണ്ട്. അത് കുറ്റാരോപിതന് പ്രായോഗികമായി ജാമ്യം നിഷേധിക്കുന്ന നിയമത്തിലെ സെക്ഷൻ 45 ആണ്. അതുപ്രകാരം ജാമ്യാപേക്ഷയിൽ കോടതി നിർബന്ധമായും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേൾക്കണമെന്നും അയാൾ ജാമ്യം നൽകുന്നതിനെ എതിർത്താൽ രണ്ടു കർശന നിബന്ധനകളോടെ മാത്രമേ ജാമ്യം നൽകാവൂ എന്നും നിഷ്കർഷിന്നു. നിബന്ധനകൾ ഇവയാണ്: പ്രതി കുറ്റം ചെയ്തിട്ടില്ല എന്നും ജാമ്യത്തിൽ വിട്ടാൽ പ്രതി ഒരു കുറ്റകൃത്യവും ചെയ്യാൻ സാധ്യതയില്ല എന്നും കോടതിയ്ക്ക് സാമാന്യമായി ബോധ്യം വരണം.

(Where the Public Prosecutor opposes the application, the court is satisfied that there are reasonable grounds for believing that he is not guilty of such offence and that he is not likely to commit any offence while on bail)

വിചാരണ ചെയ്യപ്പെടാത്ത ഒരു പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട് അയാൾ ഇനിയൊരു കുറ്റവും ചെയ്യില്ല എന്ന് അനുമാനിച്ചു ജാമ്യം നൽകുക ഏതു കോടതിയ്ക്കും ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുന്നു.

നിയമത്തിലെ ഈ പഴുത് ദുരുപയോഗിച്ചാണ് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷി നേതാക്കളെ കേന്ദ്ര സർക്കാർ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഏകദേശം ഒരു വർഷത്തിലേറെയായി ദൽഹി തിഹാർ ജയിലിൽ കഴിയുന്ന ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കേട്ട സുപ്രീം കോടതി ഇ ഡി യോട് ചോദിച്ചത് നിങ്ങളുടെ കുറ്റാരോപണമല്ലാതെ മറ്റൊരു തെളിവും അയാളുടെ പേരിൽ കാണുന്നില്ലല്ലോ എന്നാണ്. ഇത്ര കൃത്യമായ നിലപാട് കോടതി എടുത്തിട്ടും അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ല എന്നുകൂടി കാണണം.

അറസ്റ്റ് ചെയ്തു ജയിലിലിട്ടാൽ പിന്നെ ആളുകൾക്ക് പുറം ലോകം കാണാൻ വിഷമമായ വിധത്തിലുള്ള ഒരു നിയമത്തിന്റെ ദുരുപയോഗസാധ്യത കേന്ദ്ര സർക്കാർ കണ്ടറിഞ്ഞതുകൊണ്ടാണ് അഴിമതിയന്വേഷണം എന്ന പുകമറയും കൊണ്ട് നാടുനീളെ ഇ ഡി നടക്കുന്നത്.

മാറുന്ന കോടതി നിലപാടുകൾ
നിയമത്തിന്റെ നഗ്നമായ ദുരുപയോഗത്തിന്റെ ഡസൻ കണക്കിന് കഥകൾ ഇന്ത്യയിലെ പല സംസ്‌ഥാനത്തുനിന്നും വരുന്നതിനിടയിലാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിന്റെ മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ തോമസ് ഐസക്കിന് ഇ ഡി നൽകിയ സമൻസ് ചർച്ചയാകുന്നത്. കിഫ്ബിയുടെ വൈസ് ചെയർമാൻ ആയെങ്കിലും നിയമപരമായ ബാധ്യതകൾ ധനമന്ത്രിയ്ക്കില്ല. എന്നിട്ടും ഡോ. ഐസക്കിന്റെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കണം എന്നായിരുന്നു സമൻസിൽ ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യ സർക്കാരിന്റെ ഒരു സ്കീമനുസരിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടുകൂടി ഒരു സർക്കാർ സ്‌ഥാപനം നടത്തിയ കടപ്പത്രവില്പനയിലും ധനസമാഹരണത്തിലും അതിന്റെ ഉപയോഗത്തിലും സാധാരണ ഗതിയിൽ ഒരേജൻസിയ്ക്കും സംശയം തോന്നേണ്ട കാര്യമില്ല. ഉണ്ടെങ്കിൽത്തന്നെ അത് വരേണ്ടിയിരുന്നത് റിസർവ് ബാങ്കിൽനിന്നാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുള്ള റിസർവ് ബാങ്കിനില്ലാത്ത പരാതിയും കൊണ്ട് ഇ ഡി പുറപ്പെട്ടുവരുന്നതിന്റെ ലക്‌ഷ്യം അതുകൊണ്ടുതന്നെ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഇ ഡിയുടെ സമൻസിനെ ചോദ്യംചെയ്ത് ഡോ. ഐസക് നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതി വളരെ ലളിതമായ ഒരു ചോദ്യം ഇ ഡി യോട് ചോദിച്ചു: നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്? അതിനടിസ്‌ഥാനമായ കേസെന്താണ്?

ഒന്നര വർഷമായി കോടതി ഈ ചോദ്യം ചോദിച്ചിട്ട്. ഇന്നും ആ ചോദ്യത്തിന് ഇ ഡി ഉത്തരം നൽകിയിട്ടില്ല.

അതുകൊണ്ടാണ് തങ്ങളയച്ച സമൻസുകൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഇ ഡി പറഞ്ഞത്. അതംഗീകരിച്ചു കോടതി ഒരു കാര്യം കൂടി ഇ ഡി യോട് പറഞ്ഞു: ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം നടത്താൻ പാടില്ല. എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോ എന്ന അന്വേഷണം നടത്താൻ നിങ്ങൾക്കവകാശമില്ല. നിയമപ്രകാരമുള്ള അന്വേഷണം മാത്രമേ നടത്താവൂ.

ഇത് കൃത്യമായ നിലപാടാണ്; നിയമത്തിന്റെ ദുരുപയോഗം തടയാൻ ഈ നിലപാട് സഹായകമാകേണ്ടതാണ്.

കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയും സമാനമായ ഒരുത്തരവ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‍നാട്ടിലെ ഡി എം കെ സർക്കാരിലെ മന്ത്രിമാരെ ലക്ഷ്യമിട്ട് തുടങ്ങിയ അന്വേഷണമാണ് അവിടുത്തെ നദികളിൽനിന്നു മണൽ വാരുന്നതിൽ അഴിമതിയുണ്ട് എന്ന ആരോപണത്തിന്റെ പേരിൽ ഇ ഡി നടത്താൻ ഒരുമ്പെട്ടത്. മണൽവാരലുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജാരാകാൻ അഞ്ചു ജില്ലകളിലെ കളക്ടർമാർക്ക് ഏജൻസി സമൻസയച്ചു.

നോട്ടീസ് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. സർക്കാരിന്റെ ഹർജി പരിഗണിച്ച് ഇ ഡി സമൻസ് റദ്ദാക്കിയ കോടതി രൂക്ഷമായ ചില നിരീക്ഷണങ്ങൾ നടത്തി. അഴിമതി ഉണ്ടോയെന്നുള്ള ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം ഏജൻസിയുടെ അധികാര പരിധിയിൽ വരുന്നില്ല എന്നതായിരുന്നു കോടതിവിധിയുടെ ഉള്ളടക്കം.

ഇനിയെന്ത്?
അഴിമതിയും കുറ്റകൃത്യങ്ങളും നടത്തി പണമുണ്ടാക്കുന്നവർക്കും അത് സൂക്ഷിക്കുന്നവർക്കും അതുപയോഗിച്ച് ആഡംബരമായി ജീവിക്കുന്നവർക്കും നമ്മുടെ നാട്ടിൽ കുറവൊന്നുമില്ല; അവരെയൊക്കെ പിടികൂടുകയും നാട്ടുകാരുടെ മുൻപിൽ തുറന്നുകാട്ടുകയും അവരുണ്ടാക്കിയ പണം സർക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്യേണ്ടത് ആവശ്യമാണ്; അതിനായി പ്രത്യേക വൈദഗ്ധ്യമുള്ള ഉദ്യോഗസ്‌ഥരും ഏജൻസിയും ആവശ്യമാണ്; അവരെ സഹായിക്കാനാവശ്യമായ നിയമങ്ങളും നാട്ടിൽ ഉണ്ടാകണം.

പക്ഷേ ആ നിയമം രാഷ്ട്രീയ നേതാക്കളെ കുടുക്കാനുള്ളതായിക്കൂടാ. പ്രത്യേക ഉദ്ദേശ്യത്തോടെ രൂപീകരിച്ച ഒരു പ്രൊഫഷണൽ ഏജൻസി എന്ന നിലയിൽ ഇ ഡി അതിന്റെ നിയമപരമായ ചുമതലകൾ നിറവേറ്റണം. രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി നടത്തുന്ന നിയമത്തിന്റെ നഗ്നമായ ദുരുപയോഗത്തിൽനിന്നു പിന്മാറണം. ഇത്തരം ദുരുപയോഗം തുടരാനാണ് സർക്കാരിന്റെയും ഏജൻസികളുടെയും തീരുമാനമെങ്കിൽ അതനുവദിക്കില്ല എന്ന ശക്തമായ നിലപാട് കോടതികളും സ്വീകരിക്കേണ്ടതുണ്ട്.

സാധാരണ ആളുകളെ സംബന്ധിച്ച് സാധാരണ ഗതിയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമപോരാട്ടം നടത്തുക എന്നത് എളുപ്പമായ കാര്യമല്ല. മാത്രമല്ല, ചമയം ലഭിക്കുക പ്രായേണ ദുസ്സഹമായ ഒരു നിയമത്തിന്റെ ദുരുപയോഗമാണ് പലരെയും ഇരുമ്പഴികൾക്കുള്ളിലാക്കുന്നത് എന്നതുകൂടി ഓർക്കണം. സർക്കാർ അതിന്റെ രാഷ്ട്രീയ എതിരാളികളെ അടയാളപ്പെടുത്തുകയും ഇതുപോലെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യാൻ തീരുമാനിച്ചാൽ അത് ജനാധിപത്യത്തിന്റെ മരണമൊഴി ആയിരിക്കും. അത് നേരിടാൻ കോടതികൾ തയ്യാറാകണം. നിയമത്തിന്റെ ഒരു വിധത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ല എന്ന കർശന നിലപാട് കോടതികൾ സ്വീകരിക്കണം.

ഭരണഘടനയും നിയമവുമൊക്കെ അത് കൈകാര്യം ചെയ്യുന്നവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കും എന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മൾ അടുത്ത കാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. കോടതികൾക്കും പാർലമെന്റിനും പോലും ചെറുത്തുനില്പിന് പരിധിയുണ്ട്. അടിസ്‌ഥാനപരമായി നമ്മൾ ഒരു ജനാധിപത്യ രാഷ്ട്രമാണ്; രാഷ്ട്രീയ നയങ്ങളാണ് ഭരണകൂടത്തിന്റെ എല്ലാ രൂപങ്ങളെയും നിയന്ത്രിക്കുന്നത്. മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിന് മേൽക്കെെയുണ്ടാക്കാനുള്ള പോരാട്ടം കൂടി ജനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 6 =

Most Popular