അംബാവ നഗരം ഒരു വ്യത്യസ്തമായ സമരത്തിന് ഈയിടെ സാക്ഷ്യം വഹിക്കുകയുണ്ടായി. മുപ്പതോളം ട്രാക്ടറുകളിലായി ഇരുന്നൂറിലധികംവരുന്ന അലഞ്ഞുതിരിയുന്ന കന്നുകാലികളുമായി അംബാല സിറ്റി എംഎൽഎ അസിം ഗോയലിന്റെ വീട്ടുപടിക്കൽ കർഷകർ നടത്തിയ സമരമായിരുന്നു അത്. തുടർന്ന് അംബാല ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളും കന്നുകാലികളുമായി നഗരത്തിലെ ധാന്യച്ചന്തയിലേക്ക് സർക്കാരിനെ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധ മാർച്ചും നടത്തി.
ദീർഘകാലമായി കർഷകരും പൊതുജനങ്ങളും റോഡിലും കൃഷിയിടങ്ങളിലും അലഞ്ഞു തിരിയുന്ന പശുക്കളെക്കൊണ്ട് പൊറുതിമുട്ടുകയാണ്. അവ വിളകളാകെ തിന്നും മെതിച്ചും നശിപ്പിക്കുന്നു; തെരുവിലും റോഡിലും അലഞ്ഞുനടന്ന് മനുഷ്യർക്ക് അപകടങ്ങളുണ്ടാക്കുന്നു. ചിലവ മനുഷ്യരെ കുത്തിമലർത്തുന്നു. ഇങ്ങനെ നിരവധി വിനകളാണ് ഈ വിശുദ്ധ പശുക്കൾ സൃഷ്ടിക്കുന്നത്. പൊതുജനങ്ങൾ, പ്രത്യേകിച്ച് കർഷകർ, ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഭരണകൂടവും സർക്കാരും ഈ ഭീഷണി തടയുന്നതിൽ പരാജയപ്പെട്ടു. കർഷകർ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വിളകൾ സംരക്ഷിക്കാൻ പാടുപെടുകയാണ്. 2023 വർഷത്തിന്റെ തുടക്കത്തിലും ഇതുപോലൊരു പ്രതിഷേധം നടന്നിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിരുന്നു. പക്ഷേ അതൊന്നും പാലിക്കപ്പെട്ടില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണ്.
അംബാലിൽ ഗോക്കാളെ സംരക്ഷിക്കുന്നതിനായി 11 നന്ദിശാലകളുണ്ട്. എന്നാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ യഥാസമയം അവിടെ എത്തിക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നില്ല. ഗോശാലകളിലെത്തിക്കുന്നവയെപ്പോലും ശരിയായ രീതിയിൽ സംരക്ഷിക്കുന്നുമില്ല. ഈ നാൽക്കാലികളെ ദൈവതുല്യമെന്നാണ് കരുതിപ്പോരുന്നതെങ്കിലും ഫലത്തിൽ ഇവയ്ക്കായി ഉത്തരവാദപ്പെട്ടവർ യാതൊന്നും ചെയ്യുന്നില്ല. അതായത് പ്രവൃത്തിയിലൊന്നുമില്ലെന്നു സാരം.
എന്തായാലും ഈ കന്നുകാലികളെക്കൊണ്ടു കർഷകർ നേരിടുന്ന ദുരിതത്തിനറുതിവരണം. ഭരണകൂടവും കൈവിട്ടപ്പോഴാണ് കർഷകർ ഇങ്ങനെ വ്യത്യസ്തമായ സമരമുറയുമായി തെരുവിലിറങ്ങിയത്. താൽക്കാലികമായ ഉറപ്പുലഭിച്ചെങ്കിലും പഴയതുപോലെ നിസ്സംഗതപുലർത്താനാണു ഭാവമെങ്കിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ തന്നെയാണ് കർഷകരുടെ തീരുമാനം. ♦