1974ൽ പെരിന്തൽമണ്ണ ഹൈസ്കൂളിലെ 10‐-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഞാൻ. എന്റെ ക്ലാസിൽ അതിനു മുന്നത്തെ വർഷം ചേർന്നേയുള്ളൂവെങ്കിലും വിദ്യാർത്ഥികളുടെ സ്നേഹാദരങ്ങൾ എളുപ്പത്തിൽ പിടിച്ചുപറ്റി ക്ലാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ട കെ. അബൂബക്കർ ആയിരുന്നു അന്ന് എസ്എഫ്ഐയുടെ നേതാവ്. ഒരു ദിവസം വലിയ ഞെട്ടലോടെയാണ് ആ വാർത്ത ഞങ്ങൾ കേട്ടത്. അബൂബക്കറിന്റെ അനിയൻ സെയ്താലി എന്ന വിദ്യാർത്ഥി പട്ടാമ്പി ഗവൺമെന്റ് കോളേജിൽ എബിവിപി -കെഎസ്‌യു സംഘത്തിന്റെ കുത്തേറ്റ് മരിച്ചിരിക്കുന്നു.
ഭൂമിമലയാളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമെന്ന മട്ടിൽ മട്ടന്നൂരിലെ ഷുഹൈബ് വധത്തെ മാർക്സിസ്റ്റ് അക്രമത്തിന്റെ ഇല്ലാക്കഥകളിൽ പെരുപ്പിച്ച് നിരന്തരം രണ്ടാഴ്ചയായി ആഘോഷിച്ച് തിമിർക്കുന്ന ചാനലുകളും പത്രങ്ങളും നാല്പത്തി മൂന്ന് വർഷം മുമ്പ് ദുഃഖം ഖനീഭവിച്ച മുഖവുമായി കളിചിരി മറന്ന് ക്ലാസിൽ തൂങ്ങിയിരുന്നിരുന്ന അബൂബക്കറിനെ മനസ്സിലേക്ക് മടക്കിക്കൊണ്ടുവന്നു. സി.പി.ഐ. എം സംസ്ഥാന സമ്മേളന നഗറിൽ ജ്വലിപ്പിക്കുവാനായി കോൺഗ്രസ്സ്, ആർ.എസ്.എസ്, ലീഗ്, മതതീവ്രവാദ സംഘടനകളാൽ അരുംകൊലചെയ്യപ്പെട്ട സെയ്താലിയടക്കമുള്ള 577 സി.പി.ഐ.എം ധീരപോരാളികളുടെ ബലികുടീരങ്ങളിൽ നിന്നും കൊളുത്തി കൈമാറപ്പെട്ട ദീപശിഖകൾ കേരളത്തിന്റെ തെരുവുകളെ പ്രകാശമാനമാക്കിയപ്പോൾ സെയ്താലിയുടെ ജീവിച്ചിരിക്കുന്ന സഹോദരന്മാരിൽ രണ്ടുപേരായ കെ. അബ്ദുറഹിമാനെയും കെ. അബൂബക്കറിനെയും ചെന്നൊന്നു കാണാനും സെയ്താലിയുടെ സ്മരണ പുതുക്കാനും മനസ്സു വെന്പി.
സെയ്താലിയുടെ കട്ടുപ്പാറയിലെ പഴയ വീടെല്ലാം പൊളിച്ചുകളഞ്ഞിരിക്കുന്നു. അവിടെ ഒരു സഹോദരൻ പുതിയ വീടുവെച്ച് താമസിക്കുന്നു. മൂത്ത സഹോദരൻ കെ. അബ്ദുറഹിമാൻ കെ.എസ്.ആർ.ടി.സിയിൽ നിന്നും റിട്ടയർ ചെയ്തും കെ. അബൂബക്കർ സ്വന്തമായി ബിസിനസ്സ് നടത്തിയും പുലാമന്തോൾ ടൗണിലാണ് താമസം. സെയ്താലിയടക്കം ഏഴു മക്കളായിമൂന്നു കക്കാട്ട് മൊയ്തുണ്ണി മാഷ്ക്ക്കും, കക്കാട്ടുപറമ്പിൽ ആയിഷയ്‌ക്കും. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനിടെ ബെല്ലാരിയിലെ ജയിലിൽകിടന്നു മരിച്ച ഉപ്പൂപ്പായെക്കുറിച്ച് അഭിമാനത്തോടെ ഓർക്കുന്ന, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ശിഷ്യനായിരുന്ന മുഹമ്മദുണ്ണി മാഷെക്കുറിച്ചും എട്ടാം ക്ലാസുവരെ പഠിച്ച അന്നത്തെ അത്യപൂർവം മുസ്ലിം സ്ത്രീകളിലൊന്നായ ആയിഷയെക്കുറിച്ചും ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ പരാമർശിച്ചിട്ടുണ്ട്.
തൊണ്ണൂറ്റിയഞ്ച് ശതമാനം ലിഗ് കുടുംബങ്ങൾ മാത്രമുണ്ടായിരു ന്ന കട്ടുപ്പാറയിൽനിന്ന് ഒരു കോൺഗ്രസ്സുകാരന്റെ മകനായ കെ. അബ്ദുറഹിമാനെന്ന സെയ്താലിയുടെ ജ്യേഷ്ഠൻ പ്രീഡിഗ്രിക്ക് പട്ടാന്പി കോളേജിൽ ചേർന്നതോടെയാണ് 1970ൽ എസ്.എഫ്.ഐ ആയി മാറിയ കെ.എസ്.എഫിന്റെ സജീവപ്രവർത്തകനായത്. അതേ കോളേജിൽ മലയാളം, സംസ്കൃതം ഡബിൾ മെയിനായി ബി.എക്ക് ചേർന്നതോടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി, എം.എം. നാരായണൻ, പിൽക്കാല പ്രശസ്ത കവികളായ ഡി. വിനയചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണൻ, പി. ഗംഗാധരൻ, എസ്.എഫ്.ഐ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഹൈദ്രോസ് തോപ്പിൽ എന്നിവരുടെ ഒരു ശക്തമായ നിരതന്നെ എസ്.എഫ്.ഐക്ക് പട്ടാമ്പി കോളേജിൽ ഉണ്ടായി. കെ.എസ്.യു.വിന്റെ കോളേജിലെയും എ.ബി.വി.പി, ആർ.എസ്.എസ് സംഘങ്ങളുടെ പട്ടാമ്പി ടൗണിലേയും മേധാവിത്വത്തെ ശക്തമായി വെല്ലുവിളിക്കാനും ഏറ്റുമുട്ടി നിൽക്കാനും ഇവർക്കായി. 1973ൽ അബ്ദുറഹിമാൻ കോളേജ് പഠനം അവസാനിപ്പിച്ചതിന് ശേഷമാണ് 1974 ജൂലൈ മാസത്തിൽ സെയ്താലി പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പ് എടുത്ത് കോളേജിൽ ചേരുന്നത്. ജ്യേഷ്ഠൻ അബ്ദുറഹിമാന്റെ കാലത്ത് ഡിഗ്രി വിദ്യാർത്ഥികൾക്കിടയിൽ എസ്എഫ് ഐക്കുണ്ടായിരുന്ന സ്വീകാര്യത സെയ്താലി പ്രീഡിഗ്രിക്ക് ചേർന്നതോടെ പ്രീഡിഗ്രി മേഖലയിലേക്കും വ്യാപിപ്പിക്കാനായി. മാത്രമല്ല, പെൺകുട്ടികൾക്കിടയിൽ നിന്നും എസ്എഫ്ഐക്കു വേണ്ടി ഇറങ്ങി പ്രവർത്തിക്കാൻ നേരത്തെ ആരും സന്നദ്ധമാകാതിരുന്നിടത്ത് നിന്ന് സി പി ചിത്ര (ചെറുകാടിന്റെ മകൾ)യുടെയും മറ്റും നേതൃത്വത്തിൽ പെൺകുട്ടികളിലേക്ക് എസ്എഫ്ഐ സംഘടനാ പ്രവർത്തനം പടരാനും തുടങ്ങി. ഇത് കലാലയരാഷ്ട്രീയത്തിന്റെ കുത്തക കയ്യാളിയിരുന്ന കെ.എസ്.യുവിനെയും എബിവിപി പോലെയുള്ള വർഗീയസംഘടനകളെയും വിറളിപിടിപ്പിച്ചു.
സംഘടനാ പ്രവർത്തനത്തിനിറങ്ങിയ പെൺകുട്ടികളെ വളഞ്ഞുവെച്ച് അപമര്യാദയായി പെരുമാറുന്നിടത്തേക്ക് കാര്യങ്ങളെത്തിയപ്പോൾ സെയ്താലിയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ അത് ചോദ്യംചെയ്തു. പരസ്പരം വെല്ലുവിളി ഉയർത്തിയാണ് അന്ന് ഇരുകൂട്ടരും പിരിഞ്ഞത്. പിറ്റേന്ന്, 1974 ജൂലൈ 20 ന് പെൺകുട്ടികൾക്കെതിരായ കെഎസ്‌യു, എബിവിപിക്കാരുടെ മോശപ്പെട്ട പെരുമാറ്റത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രകടനം നടത്തിയപ്പോൾ കോളേജിന്റെ പുറത്തേക്കുള്ള മൂന്ന് കവാടങ്ങളും ബന്ധിച്ച് ആയുധങ്ങളുമായി ഒരുങ്ങിത്തന്നെയാണ് കെ.എസ്.യു, എ.ബി.വി.പി സംഘം വന്നത്. എസ്.എഫ്.ഐ പ്രകടനത്തെ നടുത്തളത്തിൽ വെച്ച് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു അവർ. കേരളത്തിലെ കലാലയങ്ങൾക്കന്ന് പൊതുവെ അപരിചിതമായിരുന്നു ആയുധം ഉപയോഗിച്ചുള്ള ആക്രമണം. ത്രിശൂലം പോലെയുള്ള ഒരായുധം സെയ്താലിയുടെ ഹൃദയഭാഗത്ത് കുത്തിയിറക്കി ആ കാപാലികർ. കുത്തിയ ഉടനെ ഒന്ന് തിരിക്കുകകൂടി ചെയ്തപ്പോൾ ഹൃദയത്തിനും ധമനികൾക്കുമേറ്റ മുറിവിൽ നിന്നും ചോരവാർന്ന് പിടയുന്ന സെയ്താലിയെയും പരിക്കേറ്റ മറ്റു രണ്ട് എസ്എഫ്ഐ പ്രവർത്തകരെയും വാരിയെടുത്ത് പട്ടാമ്പി ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സഖാവ് സെയ്താലി അന്ത്യശ്വാസം വലിച്ചിരുന്നു.
എ കെ ജിയുടെ നേതൃത്വത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഗത്യന്തരമില്ലാതെയാണ് 13 പേർക്കെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പോലീസ് കേസെടുത്തത്. എന്നാൽ അങ്ങേയറ്റം പഴുതു നിറഞ്ഞ അന്വേഷണ റിപ്പോർട്ടിന്റെ ബലത്തിൽ ആ 13 പ്രതികളും ശിക്ഷയില്ലാതെ രക്ഷപ്പെട്ടു. സെയ്താലിയുടെ രക്തസാക്ഷിത്വം വൃഥാവിലായില്ല എന്നതാണ് വാസ്തവം. സെയ്താലിയുടെ പ്രസ്ഥാനം കഴിഞ്ഞ നാലു പതിറ്റാണ്ടായി പട്ടാമ്പി കോളേജിൽ ഇന്നും അജയ്യശക്തിയായി നിലകൊള്ളന്നു. ലീഗിന്റേതല്ലാത്ത ഒരു കൊടിപോലും വെക്കാൻ കഴിയാതിരുന്ന സെയ്താലിയുടെ ജന്മനാട്ടിൽ, കട്ടുപ്പാറയിൽ സഖാവിന്റെ സ്മരണക്കായി ഒരു സ്മാരക മന്ദിരവും, വായനശാലയും സ്ഥാപിച്ചു. സെയ്താലി സ്മാരക വായനശാല എന്ന ആ സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇഎംഎസും ഉദ്ഘാടനം സിപിഐ എമ്മിന്റെ അന്നത്തെ ജനറൽ സെക്രട്ടറി സുന്ദരയ്യയുമാണ് നിർവഹിച്ചത്. “സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയതിന് എന്റെ ഉപ്പാപ്പയെ ബ്രിട്ടീഷ് ഗവൺമെന്റ് ബെല്ലാരി ജയിലിൽ അടച്ച് കൊലപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങൾ ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് അ നുഭവിക്കാൻ കഴിയണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച എന്റെ മ കനെ സ്വാതന്ത്ര്യത്തിന് ശേഷം പിന്തിരിപ്പൻ ഭരണാധികാരികളും ശിങ്കിടികളും ചേർന്നു കൊലപ്പെടുത്തി. ഈ പിന്തിരിപ്പൻ വ്യവസ്ഥി തി തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ പങ്കെടുത്തു മരിക്കാൻ ഞാ നും തയ്യാറാണ്” എന്ന് ആ ചടങ്ങിൽവെച്ച് കണ്ഠമിടറിക്കൊണ്ട് സെയ്താലിയുടെ, കോൺഗ്രസ്സുകാരനായിരുന്ന പിതാവെടുത്ത പ്രതി ജ്ഞ കട്ടുപ്പാറയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി സിപിഐ എമ്മിനെ മാറ്റിക്കൊണ്ടാണ് കട്ടുപ്പാറയിലെ ജനത നിറവേറ്റിയത്. ♦