പി കെ പാറക്കടവിന്റെ ‘പെരുവിരൽക്കഥകൾ’ ഏതാനും മാസങ്ങൾക്ക് മുന്പ് കലിക്കറ്റ് ബുക്ക് ക്ലബിന്റെ ഒരു പ്രതിമാസ പുസ്‌തക ചർച്ചയ്‌ക്കുവേണ്ടിയാണ് വായിച്ചത്. ആ വായന ഉളവാക്കിയ അനുഭൂതിവിശേഷം അന്നത്തെ അതേ തീക്ഷ്‌ണതയിൽ ഇന്നും അനുഭവവേദ്യമാകുന്നു.
പാറക്കടവിന്റെ കഥകളിൽ സാധാരണ ഏതാനും വരികളേ കാണാറുള്ളൂ. എന്നാൽ, ‘പെരുവിരൽക്കഥകളി’ൽ അത് ഏതാനും വാക്കുകളായി പിന്നെയും കുറുകിയിരിക്കുന്നു. മിനിക്കഥകൾ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തന്റെ രചനകൾക്ക് പാറക്കടവ് ഇഷ്ടപ്പെടുന്ന മിന്നൽക്കഥകൾ എന്ന വിശേഷണം ഏറ്റവും ചേരുന്ന രചനകളാണ്. ‘പെരുവിരൽക്കഥകളി’ൽ അടങ്ങിയിട്ടുള്ളത്. കുറച്ചു വാക്കുകൾകൊണ്ട് കുറെയേറെ പറഞ്ഞുവെയ്‌ക്കുന്ന വാഗ്‌വിസ്‌മയം. വിരലിലെണ്ണാവുന്ന വാക്കുകൾകൊണ്ട് കഥാകാരൻ സാക്ഷാത്‌കരിക്കുന്ന മാന്ത്രികത സൂചിപ്പിക്കാൻ വാഗ്‌വിലാസം എന്ന വാക്ക് പോരെന്നു തോന്നിയതിനാലാണ് വാക്കുകൾ കൊണ്ട് തീർത്ത വിസ്‌മയം എന്ന അർഥത്തിൽ വാഗ് വിസ്‌മയം (കന്പ്യൂട്ടർ ലിപിവിന്യാസത്തിൽ ഈ പദം അവിചാരിതമായി അരോചകരൂപം പ്രാപിക്കുന്നു എന്നത് മറ്റൊരു പ്രശ്‌നം) എന്നുപയോഗിച്ചത്.
ഈ സമാഹാരത്തിലെ മിക്ക രചനകളും ഒറ്റ വാക്യത്തിൽ ഒതുങ്ങുന്നു. അന്പതിലേറെ രചനകളടങ്ങിയ ‘പെരുവിരൽക്കഥകളി’ൽ ആരെയും പിടിച്ചുലയ്‌ക്കുന്ന ഒന്നാണ് ‘ശ്‌മശാനത്തിലെ പൂ’.
അത്ര മനോഹരമെന്നൊന്നും അവകാശപ്പെടാനില്ലാത്ത ഒരൊറ്റ വാക്യത്തിലാണ് കഥ. വിചാരിച്ചാൽ പലർക്കും ആ വാക്യം ഇനിയും മനോഹരമാക്കിത്തീർക്കാനും കഴിഞ്ഞേക്കും. എന്നാൽ അതിന്റെ അന്തഃസത്ത ആവാഹിക്കാൻ കഴിയുമോ എന്നറിയില്ല. കഥ ഏതാണ്ടിപ്രകാരം ആണെന്നു പറയാം.
മരിച്ചുപോയ ഒരു മനുഷ്യനെപ്പറ്റി ജീവിച്ചിരിപ്പുള്ള ആരോ എന്തോ നല്ല വാക്കു പറഞ്ഞു. അപ്പോൾ ശ്‌മശാനത്തിലെ മണ്ണിന്നടിയിൽ പരേതന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അയാളുടെ തലക്കുംഭാഗത്തെ ചെടിയിൽ ഒരു പൂവും വിരിഞ്ഞു.
ഈ കഥ വായിച്ചു കഴിയുമ്പോൾ ആരും ഒരു മനനത്തിലേക്ക് ‘ഇൻട്രോസ്‌പെക്‌ഷനി’ലേക്ക് വഴുതി വീണുപോകും. എത്ര നിർവികാരവും നിഷ്‌ഠുരവുമായാണ് നാം ഈ ഭൂമിയിൽ ചരിക്കുന്നത് എന്ന് കുറ്റബോധത്തോടെ വീണ്ടുവിചാരത്തിലാഴും.
ഒരുകണക്കിന്, ഓസ്‌കാർ വൈൽഡിന്റെ ‘ദ ഹാപ്പി പ്രിൻസ്’ എന്ന വിഖ്യാത കൃതിയുടെ ഭാവതലത്തിലാണ് ‘ശ്‌മശാനത്തിലെ പൂ’ അനുവാചകനോട് സംവദിക്കുന്നത്. പാറക്കടവിന്റെ ഈ മനോഹര രചന ആസ്വാദകഹൃദയത്തെ എന്നെന്നും മഥിച്ചുകൊണ്ടിരിക്കും. ♦