ഭാരതീയ ചുവർചിത്രകലാപാരന്പര്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് അജന്തയിലെ ചുവർചിത്രങ്ങൾ. BC 1‐AD 2 ശതവാഹന‐ഗുപ്‌ത കാലഘട്ടത്തിൽ വരച്ചതെന്ന് കരുതുന്ന ഈ ചിത്രങ്ങളുടെ നിർമിതിയിലും ഭിത്തി സംസ്‌കരണത്തിലും ഏറെ പ്രത്യേകതയുണ്ട്. അവയൊക്കെ നിരന്തരമായ പഠനങ്ങൾക്ക് വിധേയവുമാണ്. കണ്ണിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഓരോ രൂപവും വർണവും കാഴ്‌ചയുടെ തലത്തിലേക്ക് പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന രീതി അന്നുമുതലേ നിലനിന്നു വരുന്നു. കൈമുദ്ര, ശരീരഘടന എന്നിവയിലൂടെയുള്ള ഭാവപ്രകടനരീതി എക്കാലവും പ്രസക്തവുമാണ്. അതിവൈകാരികത പ്രകടമാക്കുന്ന ചിത്രണരീതി അക്കാല ചുവർചിത്രകലയിൽ കാണാനാവില്ല. കാലഘട്ടത്തിനനുസരിച്ചുള്ള വികാസപരിണാമദശകൾ ചുവർചിത്രകലയിൽ ദൃശ്യമാകുന്നുണ്ടെങ്കിലും ഏകീകൃത സ്വഭാവത്തിന് മാറ്റമില്ല. ഇവിടെ ചിത്രരചന പോലെ പ്രാധാന്യമുള്ളതാണ് വരയ്‌ക്കേണ്ട പ്രതലമായ ഭിത്തിനിർമാണം. മനുഷ്യരൂപങ്ങളും (ദേവീദേവന്മാർ) സസ്യ‐മൃഗ‐പക്ഷിരൂപങ്ങളും തളിർത്തുനിൽക്കുന്ന മരങ്ങളും മരങ്ങളിൽ ചുറ്റിയ വള്ളിച്ചെടികളും പൂക്കളുമൊക്കെ രേഖകളാൽ തന്നെ രൂപനിർമിതി നടത്തി, മനുഷ്യരൂപങ്ങളിലെ ശരീരവടിവ്, മുഖഭാവം എന്നിവയടക്കം സൂചിപ്പിക്കാൻ കഴിയുന്ന രേഖാചിത്രസാധ്യതയും ഇവിടെ ദൃശ്യമാകുന്നു. നിറങ്ങളിലൂടെ രൂപവൈവിധ്യവും അവയെ സജീവമാക്കുകയും ചെയ്യുന്ന പ്രക്രിയയും ഒപ്പം ചേരുന്നു. അജന്തയിൽനിന്ന് പ്രചാരം സിദ്ധിച്ച ചുവർചിത്രരചനാ ശൈലിയാണ് നൂറ്റാണ്ടുകളോളം നിലനിന്നുപോന്നത്.
ഭാരതീയ ചുവർചിത്രകലയിൽ 6‐7 നൂറ്റാണ്ടുമുതൽ അവയുടെ രചനയിലും പ്രയോഗത്തിലും വർണരീതികളിലും നേരിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് കാണുന്ന മഞ്ഞ, ചുവപ്പ്, നീല, പച്ച, കറുപ്പ് എന്നിവയുടെ സാന്നിധ്യം ചുവർചിത്രരചനയെ വർണസന്പന്നമാക്കുന്നതോടൊപ്പം പശ്ചാത്തലമാകുന്ന ഭിത്തിയുടെ വെളുപ്പും ഒരു നിറമായി മാറുന്നു. ഭാരതത്തിലെ ചുവർചിത്ര പാരന്പര്യത്തിൽ അജന്തയ്‌ക്ക് പിന്നാലെ രാഷ്‌ട്രകൂട രാജാക്കന്മാരുടെയും വിജയനഗര രാജാക്കന്മാരുടെയും ഈ രംഗത്തെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. 8‐ാം നൂറ്റാണ്ടിൽ രാഷ്‌ട്രകൂട രാജാവ് കൃഷ്‌ണൻ രണ്ടാമന്റെ കാലത്ത് കരിങ്കല്ലിൽ തീർത്ത കലാവിസ്‌മയമാണ് എല്ലോറ. എല്ലോറയിലുണ്ടായിരുന്ന ചുവർചിത്രങ്ങൾ പലതും പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
അജന്ത ചുവർചിത്രങ്ങളോട് സ്വാധീനമുള്ള രചനാശൈലി സ്വീകരിച്ച പാരന്പര്യമാണ് കേരളത്തിലെ ചുവർചിത്രത്തിനുള്ളത്. അതിന്റെ തുടക്കംകൂടിയാണ് 8‐ാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ചുവർചിത്രങ്ങൾ. കേരളത്തിന്റെ രംഗകലകളായ കൃഷ്‌ണനാട്ടം, കഥകളി, കൂടിയാട്ടം എന്നിവയും ധൂളീചിത്രങ്ങൾ, തോൽപാവക്കൂത്ത് എന്നിവയുമായുള്ള രൂപവേഷപരമായ സ്വാധീനവും കേരളീയ ചുവർചിത്രങ്ങളിൽ കാണാം. ആഭരണങ്ങൾ, വേഷവിധാനങ്ങൾ, കിരീടം, മുഖരൂപങ്ങളിലെ അർധനിമീലിതമായ കണ്ണുകൾ,ശാന്തഭാവം, ശൈലീകൃതമായ പുരികങ്ങൾ ഇവയൊക്കെ അജന്ത ചിത്രങ്ങളെയും ഓർമിപ്പിക്കുന്നു. പ്രകൃതിദൃശ്യ രചന പരിമിതമാണെങ്കിലും ഇലകളും പൂക്കളും വൃക്ഷങ്ങളും വടിവൊത്ത പുരുഷരൂപങ്ങളും താളാത്മകമായ സ്‌ത്രീശരീരവുമൊക്കെ ശൈലീകൃതമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. കഥാസന്ദർഭംകൊണ്ടും അപൂർവ ചാരുതകൊണ്ടും കേരളത്തിലെ ചുവർചിത്രങ്ങൾക്ക് ദേശീയ‐അന്തർദേശീയ തലത്തിൽ മികച്ച സ്ഥാനമാണുള്ളത്. കേരളീയ ചുവർചിത്രകലാ പാരന്പര്യത്തോടൊപ്പം 1989ൽ ആരംഭിച്ച ഗുരുവായൂർ ചുവർചിത്ര പഠനകേന്ദ്രവും ചിത്രകാരൻ മമ്മിയൂർ കൃഷ്‌ണൻകുട്ടിനായരുമൊക്കെ പിൽക്കാലത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. തുടർന്ന് വാസ്‌തുവിദ്യാ ഗുരുകുലത്തിൽ ചുവർചിത്രപഠനം ആരംഭിച്ചു. അങ്ങനെ ചുവർചിത്രകലാ പഠനത്തിലൂടെ ശ്രദ്ധേയരായ കലാകാരരും അവരുടെ നിരവധി ശിഷ്യഗണങ്ങളുമാണ് ചിത്രകലയെ സന്പന്നമാക്കുന്നത്. അക്കൂട്ടത്തിലെ രണ്ട് ചിത്രകാരികളാണ് സൂര്യ ഫെസ്റ്റിന്റെ ആർട്ട് ഗേറ്റിൽ പങ്കെടുക്കുന്ന രാഗിണി കൃഷ്‌ണനും മായാ രാജുവും. രണ്ടുപേരും ചുവർചിത്രരചനാ സങ്കേതങ്ങളിലൂന്നിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു വിഷയം തിരഞ്ഞെടുത്തുകൊണ്ടുള്ള ചുവർചിത്രരചനാ സങ്കേതവുമായാണ് രാഗിണി കൃഷ്‌ണൻ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അഭിജ്ഞാന ശാകുന്തളത്തിന്റെ പ്രധാന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പതിനേഴ് ചിത്രങ്ങളാണ് ആർട്ട് ഗേറ്റ് ഗ്യാലറിയിൽ പ്രദർശിപ്പിച്ചത്. ശാകുന്തളം കഥയെ ചിത്രതലത്തിലേക്കുള്ള ആശയങ്ങളായി ക്രമപ്പെടുത്തി നൽകിയത് ഭർത്താവ് മുൻ ദുരദർശൻ ഡയറക്ടറുമായ കുഞ്ഞികൃഷ്‌ണനാണെന്ന് ചിത്രകാരി പറയുന്നു. 2013ൽ ഹൈദരാബാദിലെ സലാർജങ് മ്യൂസിയത്തിൽ രാഗിണി കൃഷ്‌ണന്റെ ആദ്യ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നു. ചുവർചിത്രരചനാ സങ്കേതങ്ങളിൽ പ്രകടമാകുന്ന നിറച്ചേരുവകളേക്കാൾ നിറക്കടുപ്പം രാഗിണി കൃഷ്‌ണന്റെ ചിത്രങ്ങളിൽ കാണാമെങ്കിലും ചിത്രതലങ്ങൾ സൗന്ദര്യമുള്ളതാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശാകുന്തളത്തിലെ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ചുകൊണ്ടുള്ള കോമ്പോസിഷൻ പ്രത്യേകം ശ്രദ്ധേയമാകുന്നു.
ദുബായിൽ താമസമാക്കിയ മായാരാജുവാണ് ആർട്ട് ഗേറ്റിൽ പങ്കെടുക്കുന്ന മറ്റൊരു ചുവർചിത്രകാരി. ഗണപതി രൂപങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മായാരാജു കൂടുതലും പ്രദർശിപ്പിച്ചിട്ടുള്ളത്. ദേവീദേവന്മാരടക്കമുള്ള ചിത്രങ്ങളിൽ ചുവർചിത്രരചനാ ശൈലിയിലെ പരീക്ഷണവഴികളിലേക്കും സഞ്ചരിച്ചിട്ടുള്ളത് കാണാം. നിറങ്ങളിലും രൂപങ്ങളിലുമത് ദൃശ്യമാണ്. ചുവർചിത്രരചനാ സങ്കേതങ്ങളിലെ രൂപനിർമിതിയോട് ചേർന്നുനിൽക്കുന്നില്ലെങ്കിലും ശൈലീകൃതമായ ലാവണ്യബോധം ഈ ചിത്രങ്ങളിൽ തെളിയുന്നു. ദുബായ് ഇൻഷ്വറൻസ് കന്പനിയിൽ ജോലിചെയ്‌തിരുന്ന ഇവർ വിരമിച്ചതോടെയാണ് നിറങ്ങളുടെ ലോകത്തേക്ക് സജീവമാകുന്നത്. കുടുംബവും ഒപ്പമുണ്ട്.
ചിത്രകലയോടുള്ള ആത്മാർപ്പണം ഈ രണ്ടു ചിത്രകാരികളുടെ രചനകളിലും കാണാമെങ്കിലും ചുവർചിത്രരചനയിലെ സാങ്കേതികമായ പരിശീലനങ്ങൾ അവരുടെ ചിത്രങ്ങളെ കൂടുതൽ മികവുറ്റതാക്കും എന്ന കാര്യത്തിൽ തർക്കമില്ല. ♦