Thursday, November 21, 2024

ad

Homeസിനിമഗുഡ്ബൈ ജൂലിയ സ്ത്രീജീവിതത്തിന്റെ അദൃശ്യ ഭൂപടങ്ങൾ

ഗുഡ്ബൈ ജൂലിയ സ്ത്രീജീവിതത്തിന്റെ അദൃശ്യ ഭൂപടങ്ങൾ

അഖിൽ എം എസ്‌

Pain and suffering are always inevitable for a large intelligence and a deep heart.
Fyodor Dostoyevsky,

ത്തവണ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു സുഡാനീസ് സംവിധായകൻ മൊഹമ്മദ് കോർഡോഫനിയുടെ ‘ഗുഡ് ബൈ ജൂലിയ’. തന്റെ സിനിമാജീവിതത്തിലെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളും യുദ്ധവും ഒരു സമൂഹമെന്ന നിലയിൽ സുഡാനിലെ വ്യത്യസ്ത വിഭാഗം ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്കാണ് ഗുഡ്ബൈ ജൂലിയ പ്രവേശിക്കുന്നത്. തന്റെ ജീവിതത്തിൽ പറ്റിയ ഒരു കൈയബദ്ധം മോന എന്ന മുസ്ലിം സ്ത്രീയുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുകയാണ്.

തെക്കൻ സുഡാനിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശവും വടക്കൻ സുഡാനിലെ കൃസ്ത്യൻ ഭൂരിപക്ഷ പ്രദേശവും തമ്മിലുള്ള സാമ്പത്തിക അന്തരവും വംശീയ വേർതിരിവുകളും സൃഷ്ടിക്കുന്ന വിടവ് മനുഷ്യരുടെ ജീവിതത്തെ പുനർനിർണ്ണയിക്കുന്നു. മോന വിവാഹത്തിന് മുൻപ് പ്രശസ്തയായ പാട്ടുകാരിയായിരുന്നു. അക്രം എന്ന വ്യക്തി ഭർത്താവായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോട് കൂടി അവരിലെ വ്യക്തിത്വം എന്നെന്നേക്കുമായി പുരുഷന് മുന്നിൽ അടിയറവ് വയ്‌ക്കേണ്ടി വരുന്നു. ഒരു ചെറിയ കളവും അതിനെ തുടർന്നുണ്ടാകുന്ന കൊലപാതകതകവും അവളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ജൂലിയ അങ്ങനെയാണ് മോനയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ജൂലിയ എന്ന സ്ത്രീ മോനയുടെ ആ ചെറിയ കളവിന്റെ ഇരയാണ്. ഭർത്താവിനെ അന്വേഷിച്ചിറങ്ങുന്ന അവർ മോനയിലേക്ക് എത്തുകയായിരുന്നു. ഒരുപക്ഷെ തന്റെ അപക്വത കൊണ്ടുണ്ടായ ദുരന്തത്തെ മറികടക്കാൻ മോനതന്നെ കണ്ടെത്തുന്ന ഒരാശ്വാസമായിരുന്നു ജൂലിയയുമായുള്ള കൂടിച്ചേരൽ. എന്തായാലും കുറ്റവും ശിക്ഷയുമെന്ന വ്യഥ എക്കാലവും ആ സ്ത്രീയെ വേട്ടയാടുന്നു. അതിനപ്പുറം സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ ഭൗതിക യാഥാർഥ്യത്തിലേക്ക് അവർ വളരുകയായിരുന്നു. അതിനവരെ സഹായിക്കുന്നത് അതിനകം പരിചാരികയായി മാറിയ ജൂലിയയാണ്. ഭർത്താവിന്റെ കൊലപാതകം അച്ഛനെ നഷ്ടപ്പെട്ട മകന്റെ വികാരത്തിൽ നിന്നും ഒടുവിൽ വെളിപ്പെടുന്നുണ്ട്‌. അപ്പോഴും സ്ത്രീകളും പുരുഷന്മാരും രണ്ടുരീതിയിലാണ് ആ അവസ്ഥയെ സമീപിക്കുന്നതെന്ന യാഥാർഥ്യം സംവിധായകൻ വരച്ചിടുന്നുണ്ട്. ആത്മീയമായതോ വൈകാരികമായതോ എന്നറിയാത്ത ഒരു ക്ഷമ ഈ രണ്ടുസ്ത്രീകളെ ചേർത്തു നിരത്തുന്നുണ്ട്. അതിലവർ സന്ധി ചെയ്യുന്നു. എന്നാൽ പുരുഷൻ അതിന്റെ അതിർത്തികൾ കൂടുതൽ അകലത്തിലേക്ക് നീക്കിയെറിയുകയാണ് ചെയ്യുന്നതെന്ന കാഴ്ച അതിലുണ്ട്. ഒരുതരം വെറി അവരെ ഭരിക്കുന്നു. തങ്ങളുടെ ദേശത്തിന്റെ ദുരന്തം സാമൂഹികമായ ദുഃഖങ്ങൾ അഭ്യർത്ഥിത്വത്തിന്റെ ആശങ്കകൾ എല്ലാത്തിനെയും മറികടക്കുന്ന അതി ദീർഘമായ ഒരു ക്ഷമ തങ്ങളുടെ എല്ലാ ദുരന്തങ്ങൾക്കും കാരണം തങ്ങളാണ് എന്ന തിരിച്ചറിവിലും അവർ അതിനെ മറികടന്ന് മറ്റൊരു സമാധാനപൂർണമായ അനുഭവത്തെ നിർമ്മിക്കുന്നു. മോനെയും അക്രമും പിരിയുന്നത് തടവറയിൽ നിന്നും ഒരു സ്ത്രീ എന്നനിലയിലുള്ള തന്റെ വ്യക്തിത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ്. ജൂലിയയും അത്തരമൊരു സ്വാതന്ത്ര്യത്തിലേക്കുള്ള രാഷ്ട്രീയ പ്രയാണത്തിലാണ്.

രണ്ടു സ്ത്രീകളുടെ സൗഹൃദവും വൈകാരികമായ അടുപ്പവും അവരുടെ ജീവിതത്തെ പുരുഷകേന്ദ്രീകൃതമായ ഒന്നിൽ നിന്നും എത്രയോ വേറിട്ട് നിർത്തുന്നു. അതിനാൽതന്നെ സുഡാനിലെ രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷവും ജനങ്ങളുടെ ജീവിത പ്രതിസന്ധികളും ചലച്ചിത്രത്തിൽ ആഴത്തിൽ ഉൾക്കൊള്ളിക്കാൻ നവാഗത സംവിധായൻ എന്ന നിലയിൽ മൊഹമ്മദ് കോർഡോഫനിക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീജീവിതത്തിന്റെ വൈകാരിക തലങ്ങൾ അതിസങ്കീർണ്ണമാണെന്ന് തുറന്നു കാണിക്കുന്നുമുണ്ട് ഗുഡ് ബൈ ജൂലിയ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 5 =

Most Popular