Friday, November 22, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ഒളിവിൽ കഴിഞ്ഞ് നയിച്ച നായനാർ

ഒളിവിൽ കഴിഞ്ഞ് നയിച്ച നായനാർ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 12

11 വയസ്സുള്ളപ്പോൾ, 1930ൽ ഉപ്പുസത്യഗ്രഹ ജാഥയ്ക്ക് സ്വന്തംനാട്ടിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് ഏറമ്പാല കൃഷ്ണൻ രാഷ്ട്രീയപ്രവർത്തകനായത്. ഗാന്ധിത്തൊപ്പിയും ധരിച്ച് ആ ജാഥയെ പത്തുകിലോമീറ്ററോളം കാൽനടയായി പിന്തുടരുകയുംചെയ്തു. ചിറക്കൽ താലൂക്കിലെ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി സ്കൂൾകാലത്തുതന്നെ സജീവരാഷ്ട്രീയക്കാരനായ നായനാരുടെ പിൽക്കാലത്തെ പ്രവർത്തനങ്ങൾ എല്ലാവർക്കുമറിയാമെങ്കിലും അദ്ദേഹത്തിലെ വിപ്ലവകാരി വളർന്നുവന്ന കല്ലുംമുള്ളും ഇരുളുംനിറഞ്ഞ പാതയെക്കുറിച്ചറിയാത്തവരാണ് പുതിയ തലമുറക്കാർ. നാൽപതുകളിലെ കരാളകാലത്ത് ഏറെക്കുറെ പൂർണമായും ഒളിവിൽ പ്രവർത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന കെട്ടിപ്പടുത്ത അനുഭവം. സാധാരണനിലയിൽ ഒളിവിൽകഴിയാനാകുന്ന പ്രകൃതമല്ലാതിരുന്നിട്ടും നായനാർ ഒരുദശകത്തിലേറെ പിടികൊടുക്കാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. അമ്മാവന്റെ മകനായ കെ.പി.ആർ.ഗോപാലനാണ് രാഷ്ട്രീയത്തിലിറങ്ങാൻ നായനാർക്ക് പ്രചോദനമായത്. കെ.പി.ആറിനെ മാതൃകയാക്കിയായിരുന്നു ആദ്യകാലപ്രവർത്തനം.

1940ലാണ് ഇ.കെ.നായനാർക്ക് പി.കൃഷ്-ണപിള്ള പ്രത്യേകമായ ഒരു ചുമതല നൽകിയത്. ആറോൺ മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കുക, അവരുടെ തൊഴിൽസമരത്തിന് നേതൃത്വംനൽകുക. പിണറായി പാറപ്രം സമ്മേളനം കഴിഞ്ഞ്- കമ്യൂണിസ്റ്റ് പാർട്ടി രഹസ്യമായി പ്രവർത്തനം വ്യാപിപ്പിക്കുന്ന കാലമാണ്. 1938ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളിസമരം ആ മേഖലയിൽ തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന് അടിത്തറപാകി. അതുപോലെ വടക്കേ മലബാറിൽ ആറോൺമിൽ സമരത്തിന് വലിയ പ്രാധാന്യമുണ്ട്. 1940 ഏപ്രിൽ ആദ്യം തുടങ്ങിയ സമരത്തിന്റെ സമരസമിതി സെക്രട്ടറിയായി നായനാർ. ആഴ്-ചകളോളം നീണ്ട സമരം. ആദ്യം തന്നെ അറസ്-റ്റിലായി നായനാർ. മൂന്നുമാസത്തെ ജയിൽവാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോഴേക്കും സെപ്റ്റംബർ 15ന്റെ മർദനപ്രതിഷേധദിനാചരണത്തിന്റെ, വിലക്കയറ്റവിരുദ്ധസമരത്തിന്റെ സംഘാടനത്തിരക്കായി. സെപ്-റ്റംബർ 15ന് മൊറാഴയിൽ നടന്ന റാലിയുടെ സംഘാടകരിലൊരാളായിരുന്നു നായനാർ. റാലിയെ അടിച്ചുപിരിക്കാൻ പൊലീസ്- മർദനമഴിച്ചുവിട്ടു. പൊലീസും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. സംഭവത്തിൽ പൊലീസ് ചാർജ് ചെയ്ത കൊലക്കേസിൽ നായനാരും പ്രതിയാണെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ആറോൺ മിൽ സമരമാണ് മൊറാഴയിലെ പൊലീസ് നടപടിയിലേക്ക്- നയിച്ച സംഭവങ്ങളുടെ അടിസ്ഥാനം. സമരസമിതി സെക്രട്ടറിയെന്ന നിലയിൽ താനും സ്വാഭാവികമായും പ്രതിയാകുമെന്നുറപ്പായതിനാൽ നായനാർ ഹോസ്-ദുർഗിലേക്ക്- മുങ്ങി.

ഒളിച്ചുപോക്ക് നായനാരെ സംബന്ധിച്ച്- അക്കാലത്തും പുതുമയല്ല. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ സഹപാഠികളെയും കൂട്ടി കള്ളുഷാപ്പ് പിക്കറ്റ് ചെയ്തതിന് പൊലീസിന്റെയല്ല, സ്വന്തം പിതാവിന്റെ അടിയാണ് കിട്ടിയത്. അതിൽ പ്രതിഷേധിച്ചാണ് നായനാരുടെ ആദ്യത്തെ ഒളിവിൽപോക്ക്. അമ്മയുടെ പെട്ടിയിൽനിന്ന് ഒന്നര രൂപ എടുത്ത് മംഗലാപുരത്തേക്ക് നാടുവിടുകയായിരുന്നു. മംഗലാപുരത്ത് കോളേജ്‌ വിദ്യാർഥിയായ ജ്യേഷ്ഠന്റെ അടുത്തേക്കാണ് പോയത്. ഏതാനുംദിവസത്തെ അവിടുത്തെ താമസത്തന് ശേഷം പ്രതിഷേധമടങ്ങിയതോടെ വീട്ടിലേക്കുതന്നെ മടങ്ങി. ആ യാത്രയുമായി ബന്ധപ്പെട്ട് നായനാർ എഴുതിയ കവിത അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ വരുകയുണ്ടായി.

എന്തുചേലാണീ നിലാവി, നി
തെന്റെ നാടിനുറക്കുപാട്ടീ‐
വെണ്ണിലാവുമയങ്ങുമെൻ പ്രിയ‐
നാടിനെപ്പിരിയില്ല ഞാനൊരുനാളിലും
എന്റെ നാടേ വരുന്നതുണ്ടാ‐
മടിയിൽ വീണു മയങ്ങിടാൻ‐
എന്നിങ്ങനെ തുടരുന്ന കവിത.

മൊറാഴ സംഭവത്തെ തുടർന്ന് കള്ളവണ്ടി കയറി ഹോസ്‌ദുർഗിലെത്തുകയും അവിടെനിന്ന് സൗത്ത് കനറയുടെ വിവിധ ഭാഗങ്ങളിൽ പോയി ഒളിവിൽ പ്രവർത്തിക്കുകയുമായിരുന്നു. മാസങ്ങൾക്കുശേഷമാണ് താനല്ല, ജ്യേഷ്-ഠനായ ഇ.എൻ.നായനാരാണ് പ്രതിയെന്ന്. സംഭവത്തൽ പങ്കെടുക്കുകയും നേതൃപങ്കാ ളിയാവുകയും ചെയ്-ത താനല്ല, സംഭവദിവസം മംഗലാപുരത്തായിരുന്ന ജ്യേഷ്ഠനാണ് പ്രതിയെന്ന് മനസ്സിലായതോടെ നായനാർ നാട്ടിലേക്കുമടങ്ങുകയായിരുന്നു. പക്ഷേ മടങ്ങിയെത്തി ഏതാനും ദിവസത്തിനകം കൃഷ്-ണപിള്ള നായനാർക്ക് പുതിയൊരു ചുമതല നൽകി. വീട്ടിൽനിന്നും നാട്ടിൽനിന്നും മാറി വീണ്ടും ഹോസ്‌ദുർഗ് ഭാഗത്തേക്ക് പോകണം. നീലേശ്വരം മേഖലയിലെ കർഷകർ രാജാവിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ചുമതലയുമായാണ് നായനാരെ ഹോസ്‌ദുർഗ് മേഖലയിലേക്കയച്ചത്. 1941 മാർച്ച് 30നാണ് നീലേശ്വരം കോവിലകത്തേക്കുള്ള മാർച്ച്. നായനാർ മാർച്ച് 24ന് നീലേശ്വരത്തെത്തി. കയ്യൂരടക്കമുള്ള സ്ഥലങ്ങളിൽ കർഷകസംഘത്തിന്റെയും പാർട്ടിയുടെയും യോഗങ്ങളിൽ നായനാർ പങ്കെടുത്തു. നീലേശ്വരം മേഖലയിലെത്തി നാലാമത്തെ ദിവസമാണ് കയ്യൂർ സംഭവമുണ്ടായത്-. പ്രത്യക്ഷത്തിൽ കയ്യൂർ സംഭവവുമായി നായനാർക്ക് ഒരു ബന്ധവുമില്ല. കയ്യൂരിൽ കർഷകസംഘം പ്രവർത്തകരെ കള്ളക്കേസിൽകുടുക്കി അറസ്റ്റ ചെയ്തതിലും പൊലീസ് മർദനമഴിച്ചുവിട്ടതിലും പ്രതിഷേധിച്ച് നടന്ന കർഷക ജാഥയ്-ക്കിടയിൽ പെട്ടുപോയ പൊലീസുകാരനെ ചെങ്കൊടിയും പിടിപ്പിച്ച്‌ നടത്തിക്കുകയായിരുന്നു ചില പ്രവർത്തകർ. അപമാനിതനായ സുബ്ബരായൻ ഭയന്ന് പുഴയിൽചാടുകയും മരണപ്പെടുകയുമായിരുന്നു. പൊലീസുകാരനായ സുബ്ബരായൻ മരണപ്പെട്ടത്- ജനക്കൂട്ടത്തിന്റെ ആക്രമണംഭയന്ന്-്- പുഴയിൽചാടിയതിനാലാണ്. ഏതാനുംപേർ പുഴയിലേക്ക്-്-്- കല്ലേറുനടത്തിയതായും പൊലീസിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കി. അത്- നേതൃതലത്തിലോ മറ്റേതെങ്കിലും തലത്തിലോ ആലോചിച്ച്-്-്- നടത്തിയ സംഭവമായിരുന്നില്ല. യാദൃച്ഛികമായി സംഭവിച്ചതാണ്. എന്നാൽ ജാഥയിലുണ്ടായിരുന്ന ഏതാനും പേർക്കെതിരെയും നായനാർ, വി.വി.കുഞ്ഞമ്പു തുടങ്ങിയവർക്കുമെതിരെയുമായിരുന്നു കേസ്-. നായനാർ ഹോസ്-ദുർഗിലാണ് ഒളിവിലുള്ളതെന്നും കയ്യൂരിലടക്കം എത്തി കർഷകയോഗത്തിൽ പങ്കെടുത്തിരുന്നെന്നും രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരത്തിന്റെയും മറ്റും അടിസ്ഥാനത്തിലാവും കേസെടുത്തത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമായിട്ടും നായനാരെ പൊലീസിന് പിടികിട്ടിയില്ല. മൂന്നാംപ്രതിയായ നായനാരെ കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു. പ്രതിചേർത്ത കാര്യവും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ കാര്യവും 1941ൽ മാതൃഭൂമി ദിനപത്രം പ്രത്യേക വാർത്തയായി നൽകിയിരുന്നു.

കയ്യൂരിൽ പൊലീസുകാരനായ സുബ്ബരായൻ പുഴയിൽ മരിച്ച സംഭവമറിഞ്ഞ ഉടനെതന്നെ നായനാർ ഏതാനും സഖാക്കളോടൊപ്പം കയ്യൂരിനോട്- ചേർന്നുള്ള ചീമേനിയിലെ കൊടുംകാട്ടിലേക്ക് ഏതാനും പേർക്കൊപ്പം രക്ഷപ്പെട്ടു. അവിടെനിന്ന് വെസ്റ്റ്- എളേരിയിലെ നിക്ഷിപ്തവനത്തിലേക്ക്. പരന്നുകിടക്കുന്ന പാറകളിൽ അന്തിയുറക്കം. ശരീരത്തിലൂടെ പാമ്പിഴഞ്ഞുപോയിട്ടുപോലും അനക്കമില്ലാതെ കിടന്നത്‌ ഓർമിക്കുമ്പോൾപോലും ഭയപ്പെട്ട സംഭവങ്ങൾ. ഒരുനാൾ പച്ചയിറച്ചി തിന്ന്- കള്ളുംകുടിച്ച് വിശപ്പകറ്റിയ അനുഭവം. ഹൈഡ്രോസിൽ ബാധിച്ച് അവശനായപ്പോൾ മംഗലാപുരത്തെ ആശുപത്രിയിലെത്തി രഹസ-്യമായി ഓപ്പറേഷൻ നടത്തി അതുണങ്ങുന്നതിന് മുമ്പ് രക്ഷപ്പെട്ട അനുഭവവും നായനാർക്കുണ്ട്‌. മംഗലാപുരം ഗവ. ആശുപത്രിയിലെ കമ്പോണ്ടർ കല്യാശ്ശേരിയിലെ പടിഞ്ഞാറേവീട്ടിൽ കുടുംബാംഗമായ പി.വി.രാഘവൻ നമ്പ്യാരാണ്. ബന്ധുവായ രാഘവൻ നമ്പ്യാരെ രഹസ്യമായിച്ചെന്നുകണ്ട് കാര്യം പറയുകയായിരുന്നു. ആശുപത്രിയിലെ ഒരു മുറിയിൽ രണ്ടുപേർക്ക്‌ കഴിയാവുന്ന മുറിയിലാണ് നായനാരെ കിടത്തിയത്. ആ മുറിയിൽ കിടന്ന മറ്റേയാൾ കണ്ണൂർ ജില്ലക്കാരൻതന്നെയായ ഒരു എക്സൈസ് ഇൻസ്‌പെക്ടർ. താടിനീട്ടിവളർത്തിയ തന്നെകണ്ടാൽ അയാൾക്ക് തിരിച്ചറിയില്ലെങ്കിലും സംഭാഷണം കേട്ടാൽ മനസ്സിലായേക്കുമെന്ന്‌ കരുതി മിണ്ടാതെ ദിവസങ്ങളോളം ഞരങ്ങിയും മൂളിയും പ്രതികരിച്ച നായനാർ. മലബാറിൽനിന്നുള്ള കമ്യൂണിസ്റ്റുകാർ ആശുപത്രിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്‌ പൊലീസ് ഇടക്കിടെയെത്തി പരിശോധനനടത്തിയിട്ടും നായനാരെ കിട്ടിയില്ല. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് നായനാർ അവിടെനിന്ന് മുങ്ങിയത്. അപ്പോഴും മുറിവുണങ്ങിയിരുന്നില്ല.

നാല്പതുകളിൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കണ്ണിലെ കൃഷ്‌ണമണി പോലെ സംരക്ഷിച്ചത്- അമ്മമാരും കുട്ടികളുമാണെന്ന്‌ നായനാർ എക്കാലത്തും അനുസ്മരിക്കാറുണ്ടായിരുന്നു. കയ്യൂരിലെയും ചീമേനിയിലെയും പെരുമ്പളയിലെയും വെസ്റ്റ് എളേരിയിലെയും കാസർക്കോട് താലൂക്കിലെ മലയോരങ്ങളിലെയും കുടിലുകളിലും കാടുകളിലും വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുത്തതിന്റെ ഓർമകൾ നായനാർ ഒളിവുകാലസ്മൃതികളിൽ ഓർത്തെഴുതിയിട്ടുണ്ട്. മൊറാഴ സംഭവത്തെ തുടർന്ന് ഒളിവിൽപോയപ്പോൾ ഒരു കുടിലിൽ പ്രസവിച്ച് അധികം നാളായിട്ടില്ലാത്ത യുവതിയുടെയും നവജാതശിശുവിന്റെയും ഒപ്പം കിടക്കേണ്ടിവന്ന, അങ്ങനെ അറസ്റ്റിൽനിന്ന് രക്ഷപ്പെട്ട ഒരു സംഭവം. നായനാർക്ക്- താൽക്കാലികമായി സംരക്ഷണം നൽകിയ വീട്ടിലേക്ക് പൊലീസ് വന്നു. പൊലീസുകാർ വരുന്നതുകണ്ട് ഗൃഹനാഥൻ ഭാര്യയുമായി സംസാരിച്ച് ഒരു സൂത്രം പ്രയോഗിക്കുകയായിരുന്നു. നായനാരെ കുഞ്ഞിനടുത്ത് കിടത്തി അപ്പുറത്ത് ഭാര്യയെയും കിടത്തി ഗൃഹനാഥൻ മാറിനിൽക്കുകയായിരുന്നു. പൊലീസ് വീടുവളഞ്ഞ് ആരാണകത്തെന്നു ചോദിച്ചപ്പോൾ ബന്ധുവായ വൃദ്ധ പറഞ്ഞത്, ഇവിടെ പെറ്റുകിടക്കുന്ന പെണ്ണും ഓളെ പുരുഷനുമേയുള്ളു, ഓൻ പനിച്ചുകിടക്കുകയാണെന്നാണ്. വലിയ സങ്കോചത്തോടെയാണ് അന്ന് കുറേനേരം ആ അഭിനയം വേണ്ടിവന്നതെങ്കിലും ആ സ്-ത്രീകളുടെ രാഷ്ട്രീയക്കൂറിൽ നായനാർ അഭിമാനംകൊണ്ടു. മൊറാഴക്കടുത്ത് ഒരു വീട്ടിൽ പാർട്ടി രേഖ തയ്യാറാക്കുന്നതിനായി താമസിക്കുന്നതിനിടയിൽ ആ കുടിലിൽ ഒരു ജാരൻ എത്തി വിലപേശുന്നത്- കേട്ട, പിന്നെ കണ്ട അനുഭവം നായനാർക്കുണ്ടായി. ലൈംഗികത്തൊഴിലാളിയായ സ്-ത്രീ. അവരുടെ കുടിൽ. അവിടെ നായനാർ പാർട്ടി രേഖ തയ്യാറാക്കുകയാണ്. അവിടേക്കാണ് ഒരാൾ കടന്നുവന്ന് വിലപേശുന്നത്-. ആളെ നായനാർക്കും തിരിച്ചും അറിയാം. സദാചാരപോലീസുകാരായ നാട്ടുകാരാൽ പരിഹസിക്കപ്പെടുന്ന ഒരു സ്ത്രീ മാത്രം താമസിക്കുന്ന വീടാണ്. അവിടെയാണ് സുരക്ഷിതം എന്നു കണ്ട്‌ ഒളിസങ്കേതം അവിടെയാക്കുകയായിരുന്നു. സി.എച്ച്.കണാരൻ, നായനാർ, എ.വി.കുഞ്ഞമ്പു എന്നിവർ മൂന്ന് ദിവസം അവിടെ താമസിച്ച് കുറിപ്പുകൾ തയ്യാറാക്കി. സി.എച്ചും എ.വി.യും തിരിച്ചുപോയശേഷവും രേഖ പൂർത്തിയാക്കാൻ നായനാർക്ക് അവിടെ തങ്ങേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് മുകളിൽപറഞ്ഞ സംഭവമുണ്ടായത്. അറിയാവുന്ന ഒരാളെ ഇങ്ങനെ കണ്ടുമുട്ടിയപ്പോൾ ആശങ്ക തോന്നിയ നായനാർ അവിടെനിന്ന് കടലാസുകളെല്ലാമെടുത്ത്‌ രക്ഷപ്പെട്ടു. അനുഭാവികളായ സഖാക്കൾ നായനാരെ കുറച്ചകലെ ഇടിഞ്ഞുപൊളിയാറായ ഒരു പീടികക്കെട്ടിടത്തിലാണ് കൊണ്ടാക്കിയത്-. അവിടെ ഏതാനുംദിവസം. താഴെ പോലീസ് നടന്നുനീങ്ങുന്നതുകണ്ട്- ശ്വാസമടക്കി. നായനാർ ഇറങ്ങി മണിക്കൂറുകൾക്കകം ആ വീട്ടിൽ പോലീസ് എത്തി. നായനാരാണെന്ന്‌ കരുതി പോലീസ് പിടിച്ചത് മുൻ പറഞ്ഞ ആളെ. പൊതിരെ തല്ലുകിട്ടിയ അയാൾ താൻ നായനാരല്ല, കമ്യൂണിസ്റ്റല്ല, വന്ന ആവശ്യം വേറെയാണ് എന്ന് ബോധ്യപ്പെടുത്തിയാണ് മോചിതനായത്. അതോടെ വീട്ടമ്മയെ പൊലീസ് ക്രൂരമായി മർദിക്കാൻ തുടങ്ങി. എത്രയൊക്കെ മർദിച്ചിട്ടും ആ സ്-ത്രീ നായനാർ അവിടെ വന്നതായി പറഞ്ഞില്ല.

ക്ലായിക്കോട് ഗ്രാമത്തിൽ ദിവസങ്ങളോളം നായനാർ ഒളിവിൽ കഴിഞ്ഞത്- ഒരു പാറയിടുക്കിലാണ്. അതിന് കുറച്ചകലെ ഒരു കൊച്ചു കുടിൽ. അവിടെ കല്യാണിയെന്ന വീട്ടമ്മ. അവർ അലക്കുകാരിയാണ്. ഈ കുടിലിലെ കഞ്ഞിയിൽ അൽപം മിച്ചംവെച്ച് അവർ നായനാർക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അലക്കുതൊഴിലാളിയായ അവർ അലക്കിയ തുണി ആറിയിടാനാണ് എന്നും പാറപ്പുറത്തെത്തുക. അപ്പോഴാണ് കയ്യൽ കഞ്ഞി കരുതുക. പക്ഷേ അതും ചാരന്മാർവഴി പോലീസ് മണത്തറിഞ്ഞു. എന്നാൽ അവരിൽനിന്നും രഹസ്യം ചോർത്താൻ പോലീസിന് സാധിച്ചില്ല.

കാസർകോട് ജില്ലയിലെ പെരുമ്പള ഗ്രാമത്തിൽ ഒരു തെയ്യം കലാകാരന്റെ കുടിലിൽ കഴിഞ്ഞപ്പോഴുണ്ടായ ആവേശകരമായ അനുഭവം നായനാർ അയവിറക്കിയിട്ടുണ്ട്. തെയ്യക്കാരൻ പണിക്കരും ഭാര്യയും കുട്ടിയുമുള്ള ഒറ്റ മുറി വീട്. നായനാർക്കായി മുറി വിട്ടുകൊടുത്ത് പുറത്ത് ആ കുടുംബം അന്തിയുറങ്ങി. പൊലീസ് ആ വീട്ടിൽ പലതവണ എത്തിയെങ്കിലും നായനാരെ കണ്ണിലെ കൃഷ്-മണിപോലെ ആ കുടുംബം, പ്രത്യേകിച്ച് ആ വീട്ടമ്മ സംരക്ഷിച്ചു.

1940 മുതൽ 46 വരെയുള്ള ആദ്യത്തെ ഒളിവുകാലത്ത് ഒരു പ്രാവശ്യം മാത്രമാണ് നായനാർക്ക് സ്വന്തം അമ്മയെ കാണാൻ കഴിഞ്ഞത്. അമ്മയെ കാണുകയെന്ന ലക്ഷ്യത്തോടെ കുറച്ചുനാളത്തെ ഒളികേന്ദ്രം കല്യാശ്ശേരിക്കടുത്ത് ഒരു ഉൾപ്രദേശത്തേക്ക് മാറ്റുകയായിരുന്നു. അവിടെയടുത്ത് ഒരു ബന്ധുവീട്ടിൽ അമ്മയെ എത്തിച്ച് അവിടെവെച്ച് കൂടിക്കാണുകയായിരുന്നു. പിന്നീട് ഏതാനും വർഷത്തിനുശേഷം അമ്മ മരിച്ചപ്പോഴും നായനാർ സ്ഥലത്തുണ്ടായിരുന്നില്ല. പാർട്ടി പ്രവർത്തനവുമായി മലപ്പുറം മേഖലയിൽ. മരണവിവരമറിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ശവസംസ്കാരമെല്ലാം കഴിഞ്ഞിരുന്നു. നായനാർ ഒളിവിൽ കഴിയുമ്പോഴാണ് ഏകസഹോദരി ലക്ഷ്-മിക്കുട്ടി അകാലത്തിൽ മരണപ്പെട്ടത്. മരണവിവരം നായനാർ അറിഞ്ഞതുതന്നെ മാസങ്ങൾക്കു ശേഷമാണ്.
കാസർകോട്- താലൂക്കിൽ ഒളിവിൽകഴിയുമ്പോഴാണ് നായനാർ പത്രപ്രവർത്തകനാകുന്നത്-. നായനാരും കെ.മാധവനും ചേർന്ന്- ഒരു കല്ലച്ച്- സംഘടിപ്പിച്ച്- രാഷ്ട്രീയവാർത്തകൾ തയ്യാറാക്കി കോപ്പിയെടുത്ത്- വടക്കേമലബാറിൽ പ്രവർത്തകർക്ക് എത്തിക്കുകയായിരുന്നു. പ്രശസ്തമായ കാടകം വനസത്യാഗ്രഹം നടന്ന കാടകം ഗ്രമത്തിലെ ഒരു വീട്ടിൽവെച്ചായിരുന്നു പത്രം തയ്യാറാക്കിയത്. രണ്ടാഴ്ചയിലൊരിക്കലാണ് ബുള്ളറ്റിൻ തയ്യാറാക്കിയത്-. ആറുമാസത്തോളം അത്- നിലനിന്നു. രഹസ്യപ്രവർത്തകരായ ടെക്കുകൾ മുഖേന ഓരോ പ്രദേശത്തെയും ഷെൽട്ടറിൽ എത്തിച്ചാണ് വിതരണം നടത്തിയത്.

കാസർക്കോട്ടുനിന്ന് മാറി ഒളിവിലുള്ള പ്രവർത്തനം തിരുവിതാംകൂറിലേക്ക് മാറ്റിയത് 1942 ഡിസംബറിലാണ്. കുറച്ചുനാൾ ആലപ്പുഴയിൽ, തുടർന്ന് തിരുവനന്തപുരത്ത്-. കാട്ടായിക്കോണം ശ്രീധറിന്റെ വീട്ടിൽ താമസിച്ച് ആ മേഖലയിൽ ബഹുജനസംഘടനകൾ കെട്ടിപ്പടുക്കുകയായിരുന്നു. പിന്നീട് അവിടംവിട്ട് നഗരത്തിലേക്ക്.. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുുടെ പ്രസിഡന്റായ കെ.സി.ജോർജിന്റെ കൂടെ തിരുവനന്തപുരത്ത്‌ പുളിമൂട്ടിലെ ഒരു കൊച്ചുമുറിയിൽ താമസിച്ച് പ്രവർത്തനം. അതിനിടയിലാണ് 1944 ആദ്യം അപ്പോൾ സുകുമാരൻ എന്ന മറുപേര് സ്വീകരിച്ച നായനാർക്ക് കേരളകൗമുദിയിൽ ഒരു ജോലി ശരിയാകുന്നത്. കെ.സി.ജോർജാണ് അത് ശരിയാക്കുന്നത്. കേരളകൗമുദിയിൽ ആദ്യം പ്രൂഫ് റീഡറായും പിന്നീട് സബ് എഡിറ്ററായും എട്ടുമാസത്തോളം നായനാർ കൗമുദിയിൽ പ്രവർത്തിച്ചു. പത്രാധിപർ കെ.സുകുമാരന്റെ കാരുണ്യമാണതിന് കാരണമായത്. എം.കെ.കുമാരന്റെ സഹപ്രവർത്തകനായാണ് നായനാർ അവിടെ പ്രവർത്തിച്ചത്. തിരുവനന്തപുരംമുതൽ കന്യാകുമാരിവരെയുള്ള കേന്ദ്രങ്ങളിൽ രഹസ്യമായെത്തി പാർട്ടിയും കർഷകപ്രസ്ഥാനവും സംഘടിപ്പക്കുന്നതിനായി സ്വീകരിച്ച ഒരു മുഖംമൂടിയായിരുന്നു പത്രപ്രവർത്തനമെങ്കിലും നായനാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു അത്. പിൽക്കാലത്ത് ദേശാഭിമാനിയുടെ പത്രാധിപരായും വാർത്താവിമർശനപംക്തീകാരനായും ദീർഘകാലം പ്രവർത്തിച്ചതിന്റെ അടിസ്ഥാനം കേരളകൗമുദിയിലെ പരിശീലനവും പരിചയവുമാണ്. 1946ൽ ഒളിവിൽനിന്ന് കുറച്ചുകാലം പുറത്തുവന്നപ്പോൾ ദേശാഭിമാനിയുടെ പത്രാധിപസമിതിയിൽ നായനാർ അംഗമായി. തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിറക്കൽ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ കണ്ണൂരിൽനിന്ന് വികാസം എന്ന ഒരു പത്രം സ്വന്തംനിലയ്ക്ക് നായനാർ നടത്തുകയുണ്ടായി. 1948ൽ കൊൽക്കത്താ തീസിസിന്റെ കാലത്ത് ചിറക്കൽ, അഥവാ കണ്ണൂർ താലൂക്കിലെ പാർട്ടിസെക്രട്ടറിയുടെ ചുമതല വഹിച്ചത് നായനാരാണ്. പോലീസ്-ഗുണ്ടാഭീകരവാഴ്ചക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പിന് നായനാർ നേതൃത്വംനൽകി.

കേരളത്തിലെ എല്ലാ മേഖലകളിലും ജനങ്ങളുടെ കണ്ണിലുണ്ണിയായി നായനാർ മാറിയത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായ ശേഷമോ അതുകൊണ്ടോ അല്ല. നാല്പതുകളിലും അമ്പതുകളുടെ തുടക്കത്തിലുമായി ഒരു ദശകത്തിലേറെ ഒളിവിൽ കഴിഞ്ഞുകൊണ്ട് ഓരോ ഗ്രാമത്തിലുമെത്തി ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവമാണതിന് പിന്നിൽ.ആലപ്പുഴയിലും കോട്ടയത്തുമെല്ലാമുള്ള ഗ്രാമങ്ങൾ. ആലപ്പുഴയിലെ ആര്യാട് ഗ്രാമത്തിൽ ഒളിവിൽ കഴിയുമ്പോഴാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖനേതാക്കളായിത്തീർന്ന എസ്.കുമാരൻ, എസ്.ദാമോദരൻ എന്നിവരോടൊപ്പം അവിടെ ഒരു വായനശാല സ്ഥാപിക്കുന്നത്-. പൂഞ്ഞാറിലും മൂവാറ്റുപുഴയിലും ഒളിവിൽ കഴിഞ്ഞുകൊണ്ട് ആ പ്രദേശത്ത് ആദ്യമായി പാർട്ടിയുടെ ഘടകമുണ്ടാക്കിയതും നായനാരാണ്. ആര്യാട്ട് എസ്.കുമാരന്റെയും സഹോദരൻ എസ്.ദാമോദരന്റെയും വീട്ടിൽ കഴിയുമ്പോൾ അവിടെ വായനശാലയുണ്ടാക്കാൻ വേണ്ടി ഓല വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ നായനാർ ഒരു ലഘുലേഖയെഴുതി അച്ചടിപ്പിച്ചുവിറ്റു. മതവും റഷ്യയും എന്ന ലഘുലേഖ.

പൂഞ്ഞാറിൽ നായനാർ ഒളിവിൽ കഴിഞ്ഞത്- സ്വാതന്ത്യസമരസേനാനിയായ ജോസഫ്- തെള്ളിയുടെ വീട്ടിലാണ്. വീട്ടമ്മ നിത്യവും പള്ളിയിൽപോകും. പള്ളിയിലെ പ്രസംഗത്തിൽ ദൈവനിഷേധികളായ കമ്യൂണിസ്റ്റുകളെ ഒരു കാരണവശാലും സഹായിക്കരുതെന്ന നിർദേശമുണ്ട്. തെള്ളിയുടെ വീട്ടിൽ എട്ട് മാസമാണ് നായനാർ താമസിച്ചത്. വീട്ടമ്മ നായനാർക്ക് എന്നും ഭക്ഷണം മേശമേൽ എടുത്തുവെക്കും. ഒരക്ഷരം ഉരിയാടില്ല. കാരണം ചെകുത്താനാണ്. ചെകുത്താന് ഭക്ഷണം കൊടുക്കാതിരിക്കാനാവില്ല. കാരണം ഭർത്താവിന്റെ ആജ്ഞ. തെള്ളിയുടെ വീട്ടിൽ നാട്ടിലെ ഏതാനും പേരെ സംഘടിപ്പിച്ച് പൂഞ്ഞാറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുണ്ടാക്കി. എന്നാൽ യോഗത്തിനെത്തുന്നവരെല്ലാം, തെള്ളിയടക്കം കടുത്ത മദ്യപർ. യോഗം പലപ്പോഴും കലങ്ങും. പക്ഷേ പിന്നെപ്പിന്നെ യോഗത്തിൽ കുടിച്ചുവരരുതെന്ന നിർദേശം നടപ്പായി. തെള്ളിക്ക് മക്കളില്ല. മൂന്നുതവണ ഗർഭമലസി. നായനാർ അവിടെ കഴിയുമ്പോഴാണ് ഒരു സംഭവം. തെള്ളിയുടെ ഭാര്യക്ക്‌ ബ്ലീഡിങ്ങ്‌. മരുന്നിൽ അധികം വിശ്വാസമില്ലാത്തവരാണ്. പുരോഹിതർ വന്ന് അന്ത്യകൂദാശ നടത്തുന്നു. മാളികമുകളിൽ രഹസ്യമായി പാർക്കുന്ന നായനാർ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. പുരോഹിതർവരുന്നതും പോകുന്നതുമെല്ലാം കാണുന്നുണ്ട്. നായനാർ നഗരത്തിലെ ഒരു ഡോക്ടർക്ക് കത്തുകൊടുത്ത് വരുത്തിച്ചു. പാർട്ടി അനുഭാവിയായ ഡോക്ടറാണ്. മരണാസന്നയല്ല, ഗർഭം അലസുമെന്നേയുള്ളുവെന്ന്‌ ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ ചികിത്സ ഏറ്റു. തെള്ളിയുടെ പത്നി പൂർണ ആരോഗ്യവതിയായി. കമ്യൂണിസ്റ്റുകാർ ചെകുത്താന്മാരല്ലെന്ന്‌ അവർക്ക് മനസ്സിലായി. അവരും അനുഭാവിയായി. പൂഞ്ഞാറിൽനിന്ന് ഭരണങ്ങാനത്തും പിന്നെ മൂവാറ്റുപുഴയിലുമാണ് നായനാർ പോയത്. മൂവാറ്റുപുഴയിൽ നായനാർ രൂപവൽക്കരിച്ച ആദ്യ കമ്മ്യൂണിസ്റ്റ് സെല്ലിലെ അംഗമായിരുന്നു സി.ജെ.തോമസ്. പിൽക്കാലത്ത് അദ്ദേഹം കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായി.

1946ൽ ഒളിവുജീവിതം മതിയാക്കി പരസ്യപ്രവർത്തനമാരംഭിച്ച നായനാർക്ക് ലഭിച്ച ചുമതല ദേശാഭിമാനി പത്രാധിപസമിതി അംഗം എന്ന നിലയിലാണ്. 1948ൽ പാർട്ടയെ നിരോധിക്കുകയും പത്രം പൂട്ടിക്കുകയും ചെയ്‌തതോടെ വീണ്ടും ഒളിവുജീവിതത്തിന് തുടക്കമായി. ഏതാനും മാസക്കാലം കാസർകോട്, എളേരി മേഖല, പയ്യന്നൂർ ഫർക്ക എന്നിവിടങ്ങളിൽ. പക്ഷേ വെല്ലുവിളി കനത്തതോടെ നായനാരടക്കമുള്ള നേതാക്കൾ മാഹിയിലേക്കു കടന്നു. ഫ്രഞ്ച് ഭരണപ്രദേശമായതിനാൽ എം.എസ്.പി.ക്ക് അങ്ങോട്ടു കടക്കാനായില്ല. താലയമ്മ എന്ന വീട്ടമ്മ നായനാരെയും ബാലറാമിനെയും ഒ.ജെ.ജോസഫിനെയും അവരുടെ വീട്ടിൽ സംരക്ഷിച്ചു. മാഹിയിലിരുന്ന് മലബാറിലെ പ്രവർത്തനത്തിന് ഉപദേശനിർദേശങ്ങൾ നൽകിക്കൊണ്ട് ഏതാനും മാസങ്ങൾ.

1940 മുതൽ 46 വരെയും 48 മുതൽ 5122 വരെയും മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്തും ഒളിവിൽ‐ അങ്ങനെ 11 വർഷത്തോളമുള്ള ഒളിവുജീവിതം. ആ ത്യാഗോജ്ജ്വലമായ അനുഭവങ്ങളിൽ നൂറിലൊരംശംപോലും നായനാർ എഴുതിവെച്ചില്ല. സമഗ്രമായ ആത്മകഥനത്തിന് നായനാർക്ക് സമയമുണ്ടായിരുന്നില്ല. പക്ഷേ കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രരചനയ്ക്ക് വലിയ നഷ്ടമാണതുകാരണം സംഭവിച്ചത്-. നായനാർ ഒളിവിൽ കഴിഞ്ഞ മേഖലയിലെല്ലാം പുതിയ തലുറ പോലും എത്ര സ്നേഹസ്പർശത്തോടെയാണ്, ആവേശത്തോടെയാണ് ആ പേരുതന്നെ പറയുന്നതെന്നത് അനുഭവിച്ചവർക്കേ അറിയൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 8 =

Most Popular