Friday, November 22, 2024

ad

Homeലേഖനങ്ങൾനവലിബറലിസവും സ്വത്വരാഷ്‌ട്രീയത്തിന്റെ വളർച്ചയും

നവലിബറലിസവും സ്വത്വരാഷ്‌ട്രീയത്തിന്റെ വളർച്ചയും

കെ എ വേണുഗോപാലൻ

ഹിന്ദി സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ അതായത് മധ്യപ്രദേശ്, രാജസ്‌താൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നിർണായകമായ വിജയമാണ് നേടിയത്. അതിന്റെ വിശദാംശങ്ങളൊക്കെ കഴിഞ്ഞലക്കം ചിന്തയിൽ നമ്മൾ ചർച്ച ചെയ്തതാണ്. എന്നാൽ പുറത്തുവന്ന വിശദാംശങ്ങളിൽ ചിലത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഗോത്രവർഗ്ഗക്കാർക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളിൽ 2018 നെ അപേക്ഷിച്ച് വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമായി പട്ടികവർഗ്ഗ സംവരണമുള്ള 76 സീറ്റുകളിൽ 19 സീറ്റ് മാത്രമാണ് ബിജെപി നേടിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 44 ആയി വർധിച്ചിട്ടുണ്ട്. ഒറ്റയ്ക്കെടുത്തു നോക്കിയാൽ ഛത്തീസ്ഗഡിൽ 29 ൽ 17 സീറ്റും മധ്യപ്രദേശിൽ 47 ൽ 27 സീറ്റും ബിജെപിയാണ് നേടിയത്. ആദിവാസി മേഖലകളിൽ തുടർച്ചയായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രവർത്തനത്തിന്റെ നേട്ടമാണ് ഇത്. ആർഎസ്എസിന്റെ പരിവാർ സംഘടനയായ വനവാസി കല്യാൺ ആശ്രം ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. മാത്രമല്ല ഹിന്ദു ആദിവാസി സ്വത്വ രൂപീകരണത്തിനായി ക്രിസ്തുമത വിശ്വാസികളായ ആദിവാസികൾക്കെതിരെ ഈ ഗവൺമെന്റുകൾ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടിരുന്നത്. മാത്രവുമല്ല ലാഡ്ലി ബെഹ്ന പോലുള്ള ക്ഷേമ പ്രവർത്തനങ്ങളെ ആദിവാസികൾക്കിടയിൽ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സൂക്ഷ്മതലത്തിൽ ജാതീയാടിസ്ഥാനത്തിലുള്ള സോഷ്യൽ എൻജിനീയറിങ്ങും ഫലപ്രദമായി അവർ നടത്തുന്നുണ്ട്.

ഇക്കാര്യം ജനാധിപത്യ മതനിരപേക്ഷവാദികൾ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. കേരളത്തിലടക്കം ചില ഇടതുപക്ഷ ബുദ്ധിജീവികൾ ബിജെപിയുടെത് ബ്രാഹ്മണിക്കൽ ഹെജിമണിയാണ് എന്നും അതിനെതിരായി ദളിത് – ആദിവാസി- ന്യൂനപക്ഷ- മറ്റു പിന്നാക്ക ജാതികളുടെ സ്വത്വാടിസ്ഥാനത്തിലുള്ള രാഷ്ട്രീയമാണ് വളർത്തിക്കൊണ്ടു വരേണ്ടത് എന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഈ സത്വരാഷ്ട്രീയ ചിന്താഗതിയെ മറികടക്കാൻ ആർഎസ്എസിന്റെ വിശാല ഹിന്ദു സ്വത്വ രാഷ്ട്രീയത്തിന് കഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നമ്മളെ പഠിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് വിശാല ഹിന്ദു സത്വബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും വളർത്തിയെടുക്കാൻ ബിജെപിക്ക് കഴിയുന്നത് ?നവലിബറൽ നയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ വർഗ്ഗങ്ങൾക്കിടയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയായി പ്രവർത്തിക്കുന്ന തൊഴിലാളിവർഗ്ഗം എണ്ണത്തിൽ വർദ്ധിക്കുകയും എന്നാൽ കൂടുതൽ കൂടുതൽ അസംഘടിത വിഭാഗമായി തീരുകയും ചെയ്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ടാമത്തേത് ഒരു പുത്തൻ കുലീന മധ്യവർഗ്ഗം വളർന്നുവന്നു എന്നതാണ്. അതിൽ കുലീനതൊഴിലാളികളിൽ ഒരു വിഭാഗവും ഉൾപ്പെടും. ഇവർ തങ്ങളുടെ ഭാവി നവലിബറൽ നയങ്ങളിൽ സുരക്ഷിതമാണ് എന്ന വ്യാമോഹം വെച്ചുപുലർത്തുന്നവരും അതിന്റെ ഗുണഭോക്താക്കളുമാണ്. ഇത്തരക്കാർ മുതലാളിത്ത വളർച്ചയുടെ ഭാഗമായി എല്ലാ ജാതികളിലും വളർന്നു വന്നിട്ടുണ്ട്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവുമൊക്കെ ഇതിന്റെ പ്രതീകങ്ങളാണ്. അത്തരം പ്രതീകങ്ങളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ഈയൊരു പാശ്ചാത്തലത്തിലാണ് ഇന്ത്യയിൽ സമകാലിക സ്വത്വ രാഷ്ട്രീയം വളർന്നുവരുന്നത്. അസംഘടിത തൊഴിലാളി,വർഗബോധം ആർജ്ജിക്കുകയോ പരമ്പരാഗതമായി ലഭിക്കുന്ന ജാതി -മതബോധങ്ങളിൽ നിന്ന് മുക്തനാവുകയോ ചെയ്യുന്നില്ല. സാമ്പത്തിക ചൂഷണത്തിന്റെ തീവ്രത ഇവരിൽനിന്ന് മറച്ചുവെക്കപ്പെടുകയും സാമൂഹ്യമായ അടിച്ചമർത്തൽ മാത്രമാണ് അവർ അനുഭവിക്കുന്ന എല്ലാ ജീവിത ദുരിതങ്ങൾക്കും കാരണം എന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥിതി കോട്ടംകൂടാതെ നിലനിൽക്കേണ്ടത് തങ്ങളുടെ കൂടി താൽപര്യമായി കാണുന്ന നവമധ്യവർഗ്ഗം ഇതിന് കൂട്ടുനിൽക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് നവലിബറൽ കാലത്ത് ഇന്ത്യയിൽ സ്വത്വ രാഷ്ട്രീയം വളർന്നുവരുന്നതിന് ഇടയാക്കിയത്.

സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയും ഇക്കാര്യത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. ചൂഷണത്തിൽ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാർവ്വദേശീയ ലക്ഷ്യവും ചൂഷണത്തിന് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായി എല്ലാ വിഭാഗങ്ങളിലും പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിനു വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുർബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു. സോഷ്യലിസത്തിനും അതിന്റെ സർവ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സത്വബോധത്തിന്റെയും സങ്കുചിത ദേശീയവാദ ചിന്താഗതികളുടെയും വളർച്ചയ്ക്ക് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ആഗോള ധനമൂലധന ശക്തികൾ പ്രോത്സാഹിപ്പിച്ചു. ബഹുദേശീയ സ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറു രാജ്യങ്ങളുടെ ഉദയവും നടക്കുന്നതിനോടൊപ്പം തന്നെ ആഗോള ധന മൂലധനം അവരുടെ വിപണികളിൽ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.

അടിച്ചമർത്തപ്പെടുന്ന ഒരു സാമൂഹ്യവിഭാഗത്തിലെ ഒരു അംഗമെന്ന നിലയിൽ ഉണ്ടാവുന്ന അടിച്ചമർത്തലിന്റെ വ്യക്തിപരമായ അനുഭവവും അത് സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന അമർഷവുമാണ് സ്വത്വരാഷ്ട്രീയക്കാർ സ്വത്വബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുപയോഗിച്ച് രൂപപ്പെടുത്തുന്ന സ്വത്വ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രത്യാഘാതം എന്ന നിലയിൽ അടിച്ചമർത്തപ്പെടുന്നവർ മാത്രമല്ല അടിച്ചമർത്തുന്നവരും സ്വത്വപരമായി സംഘടിക്കുന്നതിനിടയായിട്ടുണ്ട്. പുറത്തുള്ള ഒരു വിഭാഗത്തിനെ ശത്രുവായി ചൂണ്ടിക്കാണിച്ചുകൊണ്ട് പരസ്പരം ഏറ്റുമുട്ടുന്ന സ്വത്വ രാഷ്ട്രീയപാർട്ടികളെ സംയോജിപ്പിച്ച് വിശാല ഹിന്ദുത്വബോധ രൂപീകരണം നടക്കുന്നത് അങ്ങനെയാണ്.

സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ത്യയിലും ഉണ്ട്. ഒരുകാലത്ത് ബിഎസ്‌പി അത്തരത്തിൽ സ്വത്വവാദികളാൽ ഉയർത്തിക്കാണിക്കപ്പെട്ടിരുന്ന പാർട്ടിയാണ്. പിന്നീട് ബ്രാഹ്മണാധിപത്യത്തിന് കീഴ്പ്പെടുക എന്ന അവസ്ഥയിലേക്ക് ആ പാർട്ടി നീങ്ങി. ഈ സ്വത്വരാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ നവലിബറൽ നയങ്ങൾക്ക് ബദൽ രൂപപ്പെടുത്തുന്നതിൽ തൽപരരല്ല എന്ന് മാത്രമല്ല ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ബിജെപിയുമായി സഖ്യം ചെയ്യാൻ തയ്യാറായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വിശാല ഹിന്ദു സ്വത്വബോധ രൂപീകരണത്തിനായി വിവിധ കീഴ്ജാതി സ്വത്വങ്ങളെ അണിനിരത്തുന്നതിന് സംഘപരിവാറിന് കഴിയുന്നു. സ്വത്വരാഷ്ട്രീയത്തിൽ സമ്പന്ന മധ്യവർഗ്ഗത്തിനുള്ള സ്വാധീനവും ഒപ്പം തന്നെ അവർക്ക് ഗുണകരമായ നവലിബറൽ നയങ്ങളെ കോട്ടം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉത്തമ ചാലകശക്തി എന്ന് അവർ കരുതുന്ന ബിജെപി ഭരണത്തോടുള്ള വിധേയത്വവുമാണ് ഇതിന് ഉപോൽബലകമായി പ്രവർത്തിക്കുന്നത്.

രാംനാഥ് കോവിന്ദിനെയും ദ്രൗപതി മുർമുവിനേയും പോലുള്ള പ്രതീകങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ബിജെപിയുടെ വിശാല ഹിന്ദു സ്വത്വബോധത്തിലേക്ക് അവരെ ഉൾച്ചേർക്കാനും ബിജെപിക്ക് കഴിയുന്നു.

ഇതിനെയാണ് മൃദു ഹിന്ദുത്വവാദം കൊണ്ട് നേരിടാൻ കോൺഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം അതിനോട് പ്രതികരിച്ചുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞത്.

“പ്രത്യയശാസ്ത്രസമരം തുടരും’ എന്നാണ്. പ്രത്യശാസ്ത്ര സമരം തന്നെയാണ് തുടരേണ്ടത്. പക്ഷേ ആ പ്രത്യയശാസ്ത്രം മൃദുഹിന്ദുത്വമല്ല എന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകൾ തെളിയിച്ചിരിക്കുകയാണ്. ആ പ്രത്യയശാസ്ത്രം ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കലാണ്. അതു ഉയർത്തിപ്പിടിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആകമാനമുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികളെ അണിനിരത്താനും കോൺഗ്രസിന് കഴിയുമോ എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉയർത്തുന്ന ചോദ്യം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + eight =

Most Popular