Saturday, November 23, 2024

ad

Homeഇവർ നയിച്ചവർപികെസി: പുന്നപ്ര‐വയലാറിൽനിന്ന് കരുത്താർജിച്ച നേതാവ്

പികെസി: പുന്നപ്ര‐വയലാറിൽനിന്ന് കരുത്താർജിച്ച നേതാവ്

ഗിരീഷ്‌ ചേനപ്പാടി

പുന്നപ്ര‐വയലാർ സമരനേതാക്കളിലൊരാളായിരുന്ന പി കെ ചന്ദ്രാനന്ദൻ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും സിപിഐ എമ്മിന്റെയും സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയിലെ ഗുഡേക്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിയിൽ തൊഴിലാളിയായി അദ്ദേഹം ചേർന്നു. 1938ൽ തന്നെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം ആലപ്പുഴയിൽ വളരെ ശക്തിപ്രാപിച്ചിരുന്നുവല്ലോ. കുട്ടിക്കാലം മുതൽ തൊഴിലാളിവർഗ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലർത്തിയ അദ്ദേഹം വളരെവേഗം ട്രേഡ്‌ യൂണിയന്റെ പ്രവർത്തകനായി. ഗുഡേക്കർ കന്പനിയിലെ സഹപ്രവർത്തകരെ സംഘടിപ്പിച്ച്‌ ട്രേഡ്‌ യൂണിയനു പിന്നിൽ അണിനിരത്തുന്നതിൽ അസാധാരണമായ വൈഭവം തന്നെ അദ്ദേഹം പ്രകടിപ്പിച്ചു.

പി കൃഷ്‌ണപിള്ളയുൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യകാല നേതാക്കളുമായുള്ള അടുപ്പം ചന്ദ്രാനന്ദനെ വളരെവേഗം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനാക്കി മാറ്റി. ദിവാൻ ഭരണത്തിനെതിരെ ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ഏറ്റവും ശക്തമായ സ്ഥലമായിരുന്നല്ലോ ആലപ്പുഴ. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരും അനുഭാവികളും ഭരണാധികാരികളുടെയും പൊലീസിന്റെയും മുതലാളിമാരുടെ ഗുണ്ടകളുടെയും ഭീഷണികളെയും മർദനങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ്‌ പി കെ ചന്ദ്രാനന്ദനെന്ന നേതാവിനെ വാർത്തെടുത്തത്‌. പി കെ സി എന്ന മൂന്നക്ഷരത്തിലറിയപ്പെട്ട അദ്ദേഹം മരണംവരെയും ലാളിത്യവിശുദ്ധിയുടെയും ആദർശത്തിന്റെയും ആൾരൂപമായിരുന്നു.

1925 ആഗസ്‌ത്‌ 26ന്‌ വാടയ്‌ക്കൽ പുളിക്കപ്പറന്പിൽ കുഞ്ഞച്ചന്റെയും പാർവതിയുടെയും രണ്ടാമത്തെ മകനായി ആലപ്പുഴയിലാണ്‌ ചന്ദ്രാനന്ദൻ ജനിച്ചത്‌. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുഡേക്കർ കന്പനിയിൽ തൊഴിലാളിയായി അദ്ദേഹം ചേർന്നു. പുന്നപ്ര‐വയലാർ സമരം നടക്കുന്ന കാലത്ത്‌ പി കെ സിക്ക്‌ ഇരുപത്തൊന്ന്‌ വയസ്സേ ഉണ്ടായിരുന്നുള്ളൂ. സമരത്തെക്കുറിച്ച്‌ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി 1971ൽ പ്രസിദ്ധീകരിച്ച സിൽവർ ജൂബിലി പതിപ്പിൽ പി കെ സി ഇങ്ങനെ അനുസ്‌മരിക്കുന്നു:

‘‘പുന്നപ്ര പൊലീസ്‌ ക്യാന്പിലേക്കുള്ള ജാഥകൾ പുറപ്പെട്ട്‌ ഒരേ സമയത്തുതന്നെ ക്യാന്പിന്റെ നാലുഭാഗത്തും രണ്ടരമണിക്ക്‌ വന്നുചേർന്നു. പൊലീസ്‌ സബ്‌ ഇൻസ്‌പെക്ടർ വേലായുധൻ നാടാരുടെ നേതൃത്വത്തിൽ ക്യാന്പ്‌ കെട്ടിടത്തിന്‌ ചുറ്റുമായി തയ്യാറെടുത്തു നിന്നിരുന്നു. ഇൻസ്‌പെക്ടർ നാടാർ പ്രകടനം പിരിഞ്ഞുപോകണമെന്ന്‌ ബ്യൂഗിൾ ഉപയോഗിച്ച്‌ ആജ്ഞാപിച്ചു. തങ്ങൾ പിരിഞ്ഞുപോകുവാൻ വന്നതല്ലെന്നും കാക്കി ഉടുപ്പുകൾ വലിച്ചെറിഞ്ഞ്‌ തങ്ങളോടൊപ്പം പോരണമെന്നും ജനക്കൂട്ടത്തിൽനിന്നും മറുപടിയായി അറിയിച്ചു. ഇൻസ്‌പെക്ടർ വെടിവെക്കുന്നതിന്‌ നിർദേശം നൽകിയതും ആ ജനക്കൂട്ടം ഒട്ടാകെ ഭൂമിയോട്‌ ചേർന്നുകിടന്ന്‌ മുന്നോട്ടു നീങ്ങിയതും ഒരുമിച്ചു കഴിഞ്ഞു. പൊലീസ്‌ മൂന്ന്‌ പ്രാവശ്യം ആകാശത്തേക്ക്‌ നിറയൊഴിച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ പൊലീസിന്‌ അടുത്ത്‌ എത്തിക്കഴിഞ്ഞു. ഇൻസ്‌പെക്ടർ വേലായുധൻ നാടാർക്ക്‌ വാരിക്കുന്തത്തിന്റെ ഏറുകൊണ്ടു. ജനങ്ങൾ വേഗതയിൽ മുന്നോട്ട്‌ അടുക്കുകയാണ്‌. വെടിയുണ്ടകൾ ചീറിപ്പാഞ്ഞു.

നിശ്ചിത അകലത്തിൽ കൂടുതൽ ദൂരത്തിൽ വച്ചു തലയുയർത്തിയ ചില സഖാക്കൾക്ക്‌ വെടിയേറ്റു. മറ്റുള്ളവരുടെ ചെവിക്ക്‌ മുകളിൽകൂടി ഉണ്ടകൾ കടന്നുപോയി. ഈ ലേഖകന്റെ ഇടതുവശം തൊട്ടുകിടന്ന കാക്കരിയിൽ കരുണാകരൻ വെടികൊണ്ട്‌ മരിച്ചു. കുത്തേറ്റ വേലായുധൻ നാടാർ നിന്നു പുളയുകയാണ്‌. തെങ്ങുകയറ്റത്തൊഴിലാളിയായ കുഞ്ഞുണ്ണി പരവൻ തന്റെ പണിയായുധവുമായി വേലായുധൻ നാടാരുടെ മുന്പിൽ നിമിഷനേരം സ്‌തംഭിച്ചുനിന്നതും വെട്ടടാ എന്നു പറഞ്ഞുകൊണ്ടുള്ള അടിയും കുഞ്ഞുണ്ണി പരവൻ ഇൻസ്‌പെക്ടറെ വെട്ടി താഴത്തിട്ടതും ഒരുമിച്ചു കഴിഞ്ഞു. അപ്ലോനറൗജിന്റെ കൈയ്‌ക്ക്‌ സ്വാധീനമില്ലാത്ത ഒരു മകൻ കെട്ടിടത്തിനുള്ളിൽ നിന്നും തോക്കുകൾ നിറച്ചു കൈമാറിക്കൊണ്ടിരുന്നു. ജനങ്ങളുമായുള്ള ഏറ്റുമുട്ടലിൽ സംഭ്രാന്തരായ പൊലീസ്‌ സൈന്യത്തിന്റെ അണികൾ ഭേദിക്കപ്പെട്ടു. അവർ വെടിവെയ്‌ക്കുകയും ബയണറ്റ്‌ ചാർജ്‌ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. പൊലീസുകാരും ജനങ്ങളുമായി തോക്കുകൾക്കുവേണ്ടി മൽപ്പിടുത്തം നടത്തുകയാണ്‌. ജോൺകുട്ടി തോക്കോടുകൂടി ഒരു പൊലീസുകാരനെ തെങ്ങിലടിക്കുന്നതിനുവേണ്ടി ഉയർത്തി. മറ്റൊരു പൊലീസുകാരന്റെ ബയണറ്റ്‌ ചാർജ്‌ ജോൺകുട്ടിയുടെ പുറത്തേൽക്കുന്നതിനുമുന്പ്‌ ലൂയിസ്‌ പ്രമാണി തോക്കുധാരിയായ ഒരു പൊലീസുകാരനെ ഉയർത്തി അയാളെ അടിച്ചു. മൂന്ന്‌ പൊലീസുകാർ നിലംപതിച്ചു. പൊലീസുകാർ പലരും വാവിട്ട്‌ കരഞ്ഞു. വെടിയുണ്ടകളും ബയണറ്റുകളും കൊണ്ട്‌ ചീറ്റിയ രക്തം ആ ചൊരിമണലിൽ തളംകെട്ടി. ഇരുപതിൽപരം പൊലീസുകാർ മൃതരായി നിലത്തുവീണു. എട്ട്‌ തൊഴിലാളി സഖാക്കളും മരിച്ചുവീണു. കൈയിലുള്ള വെടിയുണ്ടകൾ തീർന്നതിനാൽ പൊലീസുകാർ ക്യാന്പിനുള്ളിൽ ഓടിക്കയറുകയും വാതിലുകൾ അടയ്‌ക്കുകയും ചെയ്‌തു. ഇവരുടെ വെടിയുണ്ടകൾ പൂർണമായും തീർന്നിരുന്നു. ക്യാന്പ്‌ പിടിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ക്യാന്പ്‌ കെട്ടിടത്തിന്റെ നാലുവശവുമുള്ള ജനലുകളിൽ കൂടി മറഞ്ഞുനിന്നുകൊണ്ട്‌ വച്ച വെടികളേറ്റ്‌ 12 ഓളം സഖാക്കൾ നിലത്തുവീണു. ഇതേത്തുടർന്ന്‌ സഖാക്കൾ പിന്മാറാൻ ആവശ്യപ്പെടുകയും കിട്ടിയ അത്രയും തോക്കുകളും വെടികൊണ്ടും ബയണറ്റ്‌ ചാർജുകൊണ്ടും മാരകമായി മുറിവേറ്റ സഖാക്കളെ എടുത്തുകൊണ്ടും നാല്‌ മണിക്ക്‌ പിരിഞ്ഞ്‌ പോരുകയും ചെയ്‌തു. ആലിശ്ശേരി രാഘവൻ, ക്യാപ്‌റ്റൻ ചാക്കോ, സഖാവ്‌ രാമൻകുട്ടി തുടങ്ങിയവരെ ഞങ്ങൾ കൊണ്ടുപോന്നതിൽ പെടും. പോർട്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി ടി സി പത്മനാഭൻ അവിടെവച്ച്‌ നടന്ന പോരാട്ടത്തിൽ മരിച്ച പ്രധാനപ്പെട്ട സഖാക്കളിൽ ഒരാളാണ്‌. ഈ ക്യാന്പ്‌ ആക്രമണത്തിന്റെ പ്രായോഗികതയിലുള്ള നേതൃത്വപരമായ പങ്ക്‌ കുതിരപന്തിയിലുള്ള കുമാരനാശാൻ സ്‌മാരക വായനശാലയിൽ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന വട്ടയാൽ ട്രേഡ്‌ കൗൺസിലിനായിരുന്നു. ക്യന്പ്‌ ആക്രമണം കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോൾ ഏഴ്‌ തോക്കുകൾ പിടിച്ചെടുത്തത്‌ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. രണ്ട്‌ തോക്കുകൾ ഒളോത്തറ കൃഷ്‌ണൻകുഞ്ഞിന്റെ പക്കലും.

രാത്രി പത്തര മണിയോടുകൂടി ഡിഎസ്‌പി വൈദ്യനാഥയ്യരും പട്ടാളവും പെട്രോമാക്‌സുമായി പുന്നപ്ര ക്യാന്പിലെത്തുകയും വെടികൊണ്ട്‌ മരിക്കാതെ കിടന്ന തൊഴിലാളി സഖാക്കളെ ഓരോരുത്തരെ ഓരോരുത്തരെയായി തോക്കിന്റെ പാത്തിക്ക്‌ ഇടിച്ചുകൊല്ലുകയാണ്‌ ചെയ്‌തത്‌. ഇപ്രകാരം കൊല്ലപ്പെട്ടതിൽ സി സി അച്ചോയുടെ മരുമകൻ വാവരും പുളിക്കൽ ഗ്രിഗരിയും മറ്റും ഉൾപ്പെടും. അച്ചോ വെടികൊണ്ടിട്ടും ബോധം തെളിഞ്ഞപ്പോൾ അവിടെനിന്നും ഇഴഞ്ഞിഴഞ്ഞ്‌ പോയി രക്ഷപ്പെടുകയാണുണ്ടായത്‌. പൊലീസിൽനിന്നും പിടിച്ചെടുത്ത ഏഴ്‌ 303 റൈഫിളുകൾ നിർദേശാനുസരണം ഞങ്ങൾ സി എ ഭരതനെ ഏൽപിച്ചു. പട്ടാളത്തിന്റെ സാർവത്രികമായ തെരച്ചിൽ കാരണം അത്‌ നിർദ്ദിഷ്ട സ്ഥാനത്ത്‌ എത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട്‌ അത്‌ യാദൃച്ഛികമായി ഒരു വീട്ടിൽ കണ്ടെത്തുകയും ഗത്യന്തരമില്ലാതെ പള്ളാത്തുരിത്തിയാറ്റിൽ, പണ്ട്‌ വേലുത്തന്പി വെള്ളക്കാരെ കെട്ടിത്താഴ്‌ത്തി എന്നു പറയുന്ന കരിന്പാറ വളവിൽ കൊണ്ടിടുകയുമാണുണ്ടായത്‌. അവിടെനിന്നാണ്‌ പൊലീസ്‌ പിന്നീടത്‌ കണ്ടെടുത്തത്‌’’.

അന്നത്തെ വെടിവെയ്‌പിൽ മരണത്തെ മുഖാമുഖം കണ്ട പി കെ സി നേരെ കോഴിക്കോട്ടെത്തുകയായിരുന്നു. അവിടെനിന്ന്‌ പി കൃഷ്‌ണപിള്ളയുടെ സഹായത്തോടെയും നിർദേശത്തോടെയും ഒളിവുജീവിതം ആരംഭിച്ചു. ഒളിവിൽ അദ്ദേഹം വിവിധ പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി.

ഭാസ്‌കരൻനായർ എന്ന വ്യാജനാമത്തിലാണ്‌ അദ്ദേഹം തിരുവല്ല മേഖലയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയും ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കാൻ രാപ്പകൽ ഭേദമില്ലാതെ കഠിനാധ്വാനം ചെയ്‌തത്‌. 1950കളുടെ മധ്യത്തിൽ പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചതിനെത്തുടർന്നാണ്‌ പി കെ സി തന്റെ ഒളിവുജീവിതം അവസാനിപ്പിച്ചത്‌. പല തവണകളായി പതിമൂന്നര വർഷക്കാലത്തെ ഒളിവു ജീവിതമാണ്‌ പി കെ സി നയിച്ചത്‌. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ കാലം ഒളിവു ജീവിതം നയിച്ച നേതാക്കളിലൊരാളാണ്‌ പി കെ സി.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി കെ സി ജില്ലയിലൊട്ടാകെ പാർട്ടിയെ വളർത്തുന്നതിൽ നിസ്‌തുലമായ പങ്കാണ്‌ വഹിച്ചത്‌. വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം എല്ലാക്കാലത്തും മുൻനിന്നു പ്രവർത്തിച്ചു. കയർ തൊഴിലാളികൾ, കശുവണ്ടിത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, നെയ്‌ത്തുകാർ, തീപ്പെട്ടി തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ… ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്‌ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കേഡർമാരെ നാർത്തെടുക്കുന്നതിലും ഓരോരുത്തരുടെയും കഴിവുകൾക്കനുസരിച്ചുള്ള പാർട്ടി പ്രവർത്തനങ്ങളുടെ ചുമതലകൾ ഏൽപിക്കുന്നതിലും പി കെ സി സവിശേഷ ശ്രദ്ധ പതിപ്പിച്ചു.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അദ്ദേഹം അടിയുറച്ചുനിന്നു. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അസാധാരണമായ മികവാണ്‌ പി കെ സി പ്രകടിപ്പിച്ചത്‌. 1967ലെ ഇ എം എസ്‌ സർക്കാരിന്റെ കാലത്ത്‌ അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗമായി പ്രവർത്തിച്ചു. ഈ കാലയളവിൽ പി കെ സിയുടെ ശ്രമഫലമായി ശബരിമലയിൽ പുതിയ റോഡ്‌ വെട്ടാൻ സാധിച്ചത്‌ ഏറെ പ്രശംസിക്കപ്പെട്ടു. നിരവധിപേരുടെ സൗജന്യമായ കായികാധ്വാനം കൊണ്ടാണ്‌ ആ റോഡ്‌ പൂർത്തീകരിക്കാൻ കഴിഞ്ഞത്‌. അതുപോലെ ദേവസ്വം ബോർഡിന്റെ ഭൂമി സ്വകാര്യവ്യക്തികൾ കൈയടക്കിയതിനെ ചെറുത്തുതോൽപിക്കാനും പി കെ സിക്ക്‌ കഴിഞ്ഞു. പി കെ സിയുടെ കഠിനാധ്വാനവും നിരന്തരമായ ഉത്സാഹവും മൂലം നിർമിക്കപ്പെട്ട റോഡിന്‌ ചന്ദ്രാനന്ദൻ റോഡ്‌ എന്നാണ്‌ നാമകരണം ചെയ്യപ്പെട്ടത്‌.

1970ൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പി കെ സി തിരഞ്ഞെടുക്കപ്പെട്ടു. മിച്ചഭൂമി സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക്‌ ഈ കാലയളവിൽ അദ്ദേഹം നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത്‌ മിസ തടവുകാരനായി അറസ്റ്റ്‌ ചെയ്യപ്പെട്ടതിനെത്തുടർന്ന്‌ പി കെ സിക്ക്‌ ഇരുപതുമാസക്കാലം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ശക്തവും ധീരവുമായ നേതൃത്വം നൽകിയ പി കെ സി 1980 വരെ സിപിഐ എമ്മിന്റെ ജില്ലയിലെ അമരക്കാരനായി തുടർന്നു.

1980ൽ അദ്ദേഹം അന്പലപ്പുഴയിൽനിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ നിയമസഭ 1982ൽ പിരിച്ചുവിടപ്പെട്ടു. സാമാജികനെന്ന നിലയിൽ മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സജീവമായി ശ്രദ്ധിക്കാനും ഇടപെടാനും ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെങ്കിലും അദ്ദേഹത്തിന്‌ സാധിച്ചു.

1989ൽ തിരുവനന്തപുരത്ത്‌ ദേശാഭിമാനിക്ക്‌ എഡിഷൻ ആരംഭിച്ചപ്പോൾ യൂണിറ്റ്‌ മാനേജരായി പി കെ സിയെയാണ്‌ പാർട്ടി നിയോഗിച്ചത്‌. ദേശാഭിമാനിയുടെയും ചിന്ത പബ്ലിഷേഴ്‌സിന്റെയും മാനേജരായി അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.
1992‐95 കാലയളവിലും പി കെ സി സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1995 മുതൽ 98 വരെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ചു.

1996ൽ പി കെ സി വീണ്ടും സിപിഐ എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2009ൽ ആരോഗ്യപരമായ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ ഒഴിവായി. എങ്കിലും പാർട്ടി പ്രവർത്തനരംഗത്ത്‌ സജീവമായിരുന്ന അദ്ദേഹം മരണംവരെ സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു.

‘‘എല്ലാ വേഷപ്പകർച്ചകളിലും പി കെ സി കറയില്ലാത്ത കമ്യൂണിസ്റ്റായിരുന്നു. വലിയവലിയ പദവികളിലിരിക്കുമ്പോഴും ഒരു കാലൻകുടയുമേന്തി കെഎസ്‌ആർടിസി ബസുകളിലാണ്‌ അദ്ദേഹം സഞ്ചരിച്ചത്‌. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും വീട്ടിൽനിന്ന്‌ ബാഗിൽ കൊണ്ടുവരുന്ന പൊതിച്ചോറിൽ മാത്രം വിശപ്പടക്കിയിരുന്ന കമ്യൂണിസ്റ്റാണ്‌ അദ്ദേഹം. പുതുതലമുറയ്‌ക്ക്‌ പാഠമാക്കാൻ പലതുമുണ്ട്‌ പി കെ സിയിൽ. ആലപ്പുഴയിൽ ദേശാഭിമാനി ലേഖകനായി ഞാൻ പ്രവർത്തിച്ച കാലത്ത്‌ അദ്ദേഹവുമായി അടുത്തിടപഴകാൻ കഴിഞ്ഞ നാളുകൾ ജീവിതത്തിൽ വലിയ പാഠമാണിന്നും. പിതൃനിർവിശേഷമായ സ്‌നേഹലാളനങ്ങൾ കൊണ്ടുമാത്രമല്ല, ശാസനകൾകൊണ്ടും എന്റെ തലതുറയിൽപെട്ടവരുടെ കണ്ണും ചിന്തയും തെളിച്ച കമ്യൂണിസ്റ്റ്‌ നേതാവാണ്‌ പി കെ സി’’. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ വി സുധാകരൻ അനുസ്‌മരിക്കുന്നു.

2014 ജൂലൈ രണ്ടിന്‌ 89‐ാം വയസ്സിൽ പി കെ സി അന്ത്യശ്വാസം വലിച്ചു. അധ്യാപികയായിരുന്ന ഭദ്രാമ്മയാണ്‌ ജീവിതപങ്കാളി. രണ്ട്‌ മക്കൾ‐ ഉഷയും ബിന്ദുവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + thirteen =

Most Popular