Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിചരിത്രം തിരുത്തിക്കുറിക്കുന്ന നവകേരള സദസ്സ്

ചരിത്രം തിരുത്തിക്കുറിക്കുന്ന നവകേരള സദസ്സ്

എസ് സുദീപ്

വനവോന്മേഷശാലീ പ്രജ്ഞാ പ്രതിഭ എന്നാണ് പ്രതിഭ വിശേഷിപ്പിക്കപ്പെടുന്നത്. നവനവോന്മേഷശാലിയായ പ്രജ്ഞയാണ് പ്രതിഭ എന്നർത്ഥം. അത്തരമൊരു പ്രജ്ഞയുടെ പ്രതിഭയിൽ രൂപം കൊണ്ടതാണ് നവകേരള സദസ് എന്ന ആശയം.

ഒരു മന്ത്രിസഭ ഒന്നടങ്കം ഒരു നാടിനെ മൊത്തമായി തേടി വരുന്ന അനുഭവം ഇന്നലെ വരെ ജനാധിപത്യ ലോകത്തിനു തീർത്തും അന്യമായിരുന്നു. അങ്ങനെയൊരു പരീക്ഷണത്തെക്കുറിച്ച് ആരും ചിന്തിച്ചിരുന്നതേയില്ലെന്നതാണു സത്യം. തീർത്തും നവമായി ചിന്തിക്കാൻ ഉന്മേഷശാലിയായ പ്രജ്ഞയും പ്രതിഭയുമുള്ള ഒരു ജനാധിപത്യ ഭരണകൂടം തയ്യാറാവുകയായിരുന്നു. ആ ചിന്തയെ പ്രാവർത്തികമാക്കാനുള്ള ആർജ്ജവവും സർക്കാരിനുണ്ടായി.

എന്നും ഒരേ വഴികളിലൂടെ മാത്രം സഞ്ചരിക്കുക വളരെ ആയാസരഹിതമാണ്. കണ്ണുകെട്ടിയാലും നടക്കാൻ കഴിഞ്ഞെന്നിരിക്കും. തടസങ്ങളൊക്കെയും മുൻകൂട്ടി കാണാനും സാധിക്കും.

പണ്ടെങ്ങോ ആരോ തെളിച്ച വഴികളിൽ നിന്നും പുതിയ വഴികൾ വെട്ടിത്തെളിക്കുക ഏറെ ശ്രമകരമാണ്. എന്തിനിത്ര അദ്ധ്വാനിച്ചും സമയം ചെലവഴിച്ചും പുതിയ വഴികൾ വെട്ടുന്നതെന്തിനെന്ന ചോദ്യങ്ങളും വിമർശനങ്ങളുമായി ദോഷൈകദൃക്കുകൾ ഓടിയെത്തും. പഴമയിൽ, കടുകിട തെറ്റാൻ പാടില്ലെന്നു സ്വയം ശഠിക്കുന്ന സ്വയംകൃതമായ ആചാരങ്ങളിൽ അഭിരമിക്കുന്ന വിമർശനപടുക്കളാണവർ. അവർ എല്ലാ പരീക്ഷണങ്ങളെയും പുതിയതിനെയും നല്ലതിനെയുമൊക്കെ എതിർത്തുകൊണ്ടേയിരിക്കും. അവരെയെല്ലാം മറികടന്നാണ് ദുരാചാരങ്ങളുടെയും തീണ്ടലിന്റെയും തൊടീലിന്റെയും ജന്മി-മാടമ്പിത്തരങ്ങളുടെയും ഇരുണ്ടതും പഴയതും പരിചയിച്ചതുമായ വഴികളിലൂടെ മാത്രം നടന്നിരുന്ന ഒരു ജനത പുതിയ പന്ഥാവുകൾ വെട്ടിത്തെളിച്ചതും ആ വഴികളിലൂടെ ഇടതോരം ചേർന്നു നടന്ന് നവകേരളം സൃഷ്ടിച്ചതും കൂടുതൽ തിളങ്ങുന്ന ഒരു അഭിനവ കേരളത്തിനായി തുടർന്നും അഹോരാത്രം പണിപ്പെട്ടുകൊണ്ടേയിരിക്കുന്നതും.

ഭൂപരിഷ്കരണം മുതൽ എത്രയെത്ര വഴികൾ! അതിൽ ഏറ്റവും പുതിയതാണ് നവകേരള സദസ് എന്ന ആശയവും അതിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന നവകേരളമെന്ന ഇടവും. ഒരു ജനതയും അവരാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും നേരിട്ടു കണ്ടുമുട്ടുകയാണിവിടെ. വെറുതെ കണ്ടുമുട്ടുകയല്ല. വ്യക്തികളുടെയും സമൂഹത്തിന്റെയും നാടിന്റെയും സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പ്രശ്നങ്ങളും പരിഹാര സാദ്ധ്യതകളുമെല്ലാം ഭരണകൂടമൊന്നാകെയെത്തുന്ന വേളയിൽ അവർക്കു മുമ്പാകെ അവതരിപ്പിക്കപ്പെടുകയാണ്. ഭരണകൂടം അവരെ കേൾക്കുകയും സാദ്ധ്യതകൾ ആരായുകയും പ്രശ്നങ്ങൾ കൂട്ടായി ചർച്ചചെയ്യുകയും വീക്ഷണങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അതിബൃഹത്തായ വേദികളാണ് നവകേരള സദസിടങ്ങൾ.

ജനാധിപത്യ കേരളത്തിലെ പോയകാല നാടുവാഴികൾ ചിലർ ജില്ലാ തലസ്ഥാനങ്ങളിൽ തനിച്ചു മാത്രം വരികയും വ്യക്തിഗത പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന മാദ്ധ്യമ സൃഷ്ടങ്ങളായ സമ്പർക്ക മാമാങ്കങ്ങളുടെ നേർവിപരീതമാണ് നവകേരള സദസുകൾ. നമ്മൾ നേരത്തേ പറഞ്ഞതുപോലെ ഒരു ജനാധിപത്യ ഭരണകൂടം ഒന്നടങ്കം ജനങ്ങളിലേയ്ക്കും നൂറ്റിനാല്പതു നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും എത്തുകയാണ്. വ്യക്തിഗത വിഷയങ്ങൾ കേൾക്കുകയും പരിഹരിക്കുകയും മാത്രമല്ല ലക്ഷ്യം. മറിച്ച് കേരള സമൂഹത്തെ സമഗ്രമായും നേരിട്ടും അറിയുകയും കേൾക്കുകയുമാണ്. വ്യക്തിഗത പരാതികൾ ഏറ്റുവാങ്ങുകയും നിശ്ചിത കാലാവധിക്കകം പരിഹാരം ഉറപ്പിക്കുകയും ചെയ്യുമ്പോൾ, നാടിനെയും ജനതയെയും ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളും ചിന്തകളും വീക്ഷണങ്ങളുമൊക്കെ ജനതതിയുടെ നേർപരിഛേദമായ പ്രഭാത സദസുകളിൽ പങ്കുവയ്ക്കപ്പെടുന്നു. പൗരന്റെ പ്രാമുഖ്യം പദവിയിലല്ല, ചിന്തയിലും പ്രവൃത്തിയിലുമാണെന്ന മാനവിക കാഴ്ചപ്പാടിന്റെ കണ്ണാടികളായ പ്രഭാത സദസുകളിൽ ഭരണകൂടം അതിനെ തിരഞ്ഞെടുത്ത പൗരന്മാരുടെ പരിഛേദത്തെ സശ്രദ്ധം കേൾക്കുകയാണ്. ഓരോ പൗരനും, പ്രമുഖനും പ്രമുഖയുമാണെന്ന സന്ദേശം ഉൾക്കൊള്ളുന്ന ആ സദസുകളിലും പുറത്തും ഭാഗ്യക്കുറി വില്പനക്കാരും മന്ത്രിമാരുമെല്ലാം തുല്യരാണ്. അവരെയെല്ലാം സാകൂതം കേൾക്കുന്ന ജനാധിപത്യ ഭരണകൂടം തുടർന്നു തങ്ങളുടെ വീക്ഷണങ്ങൾ അതിവിശാലമായ പൊതു സദസിൽ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാം പിണറായി സർക്കാർ അതിന്റെ പകുതി പിന്നിട്ടിരിക്കുന്നു. പോയ പാതിയുടെ കണക്കെടുപ്പാണ്. ബാക്കി പാതി എന്തായിരിക്കണം എന്നതിന്റെ കൂട്ടായ ആലോചനകളാണ്. നമ്മളും ഭരണകൂടവും ഒരുമിച്ചു ചിന്തിക്കുന്ന വേദികൾ. നാമും സർക്കാരും ഒന്നാണെന്ന ബോധവും സന്ദേശവും പകർന്നു നൽകുന്ന ഇടങ്ങൾ.

ഓരോ സദസിനും ശേഷം ഒരു മന്ത്രിസഭ ഒരുമിച്ച് ഒരു വാഹനത്തിൽ അടുത്തയിടത്തേയ്ക്കു പോകുന്നതു വെറുമൊരു യാത്രയല്ല. കണ്ടതും കേട്ടതുമായ എല്ലാ പ്രശ്നങ്ങളും അറിവുകളും വീക്ഷണങ്ങളും സാദ്ധ്യതകളും ഒരു മന്ത്രിസഭ ഒന്നാകെ ഉടനടി പങ്കുവയ്ക്കുകയാണ്. നൂറ്റി നാല്പതല്ല, അതിലുമധികം ബസ് യാത്രകൾ, അത്രയും (അനൗദ്യോഗിക) മന്ത്രിസഭാ യോഗങ്ങൾ.

ഈ യാത്രകളിൽ, സദസുകളിൽ രാഷ്ട്രീയമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നു തന്നെയാണുത്തരം. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ അതേ ഉത്തരം തന്നെ. രാഷ്ട്രീയമെന്നാൽ കക്ഷി രാഷ്ട്രീയമല്ല. രാഷ്ട്ര വ്യവഹാരത്തെ, ഭരണത്തെ സംബന്ധിക്കുന്ന എന്തും രാഷ്ട്രീയം തന്നെയാണ്. വിശാലാർത്ഥത്തിലുള്ള ആ രാഷ്ട്രീയമാണ് നവകേരള സദസിന്റെ രാഷ്ട്രീയം.

വിശാലാർത്ഥ നിർമ്മിതിയായതും രാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാനമായതുമായ രാഷ്ട്രീയത്തെ വെറുക്കുന്ന, അരാഷ്ട്രീയവാദികളായ ഒരു തലമുറയെ കെട്ടിപ്പടുക്കാൻ അഹോരാത്രം പണിപ്പെടുകയും അർത്ഥരഹിതമായി ദിനേന ആഞ്ഞടിക്കുന്ന മാദ്ധ്യമ സൃഷ്ടികൾ മാത്രമായ അഭിനവ മാടമ്പിമാരും, കക്ഷിരാഷ്ട്രീയത്തിന്റെയും വലതു പിന്തിരിപ്പൻ ചിന്താഗതിയുടെയും തടവുകാരായ പ്രതിലോമ ശക്തികളും, വലതു രാഷ്ട്രീയ ജിഹ്വകൾ മാത്രമായി അധ:പതിച്ച ഒരു കൂട്ടം മാദ്ധ്യമങ്ങളും ചേർന്ന് അഹോരാത്രം പണിപ്പെട്ടിട്ടും അവർ സ്വയം അപഹാസ്യരാകുമെന്നതല്ലാതെ, നവകേരള സൃഷ്ടിയെ തടയാൻ കഴിയില്ല. മുൻപറഞ്ഞ ജനശത്രുക്കൾ മഴുവെറിഞ്ഞുണ്ടായതല്ല ഇന്നു കാണുന്ന കേരളം.

കവി കുരീപ്പുഴ ശ്രീകുമാർ കുറിച്ചതു പോലെ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ മലയാളിക്കു കഴിഞ്ഞത് സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടത്തിയ സമരം മൂലമാണ്. അധ:സ്ഥിത സ്ത്രീകൾക്കു കനകക്കമ്മലിടാൻ സാധിച്ചത്, കൊലചെയ്യപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലത്തിനു ശേഷമാണ്. സ്ത്രീശരീരം നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ചേർത്തലയിലെ നങ്ങേലി മുല മുറിച്ചു നിലവിളക്കിനു മുമ്പിൽ വച്ച് മറിഞ്ഞു വീണു മരിച്ച ശേഷമാണ്. സ്ത്രീകൾക്കു മേലുടിപ്പിടാൻ കഴിഞ്ഞത് അഷ്ടമുടിക്കായലോരത്തു നടന്ന സമരവും അതിന്റെ സംഘാടകനായിരുന്ന ഗോപാലഭാസിന്റെ തിരോധാനവും മൂലമാണ്. പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞത് ഇ. വി രാമസ്വാമിയും ടി. കെ മാധവനും ആമചാടി തേവനും മറ്റും ജീവിതം സമർപ്പിച്ചതുകൊണ്ടാണ്. അമ്പലത്തിൽ കയറാൻ കഴിഞ്ഞത് ദൈവം ക്ഷണിച്ചിട്ടല്ല, കേളപ്പനും എ. കെ ഗോപാലനും പി. കൃഷ്ണപിള്ളയും മറ്റും പട്ടിണി കിടന്നിട്ടാണ്.

ചരിത്രം പേരുകൾ രേഖപ്പെടുത്താതെ പോയ ഒരുപാടു മനുഷ്യരും കൂടി ചേർന്നാണ് നവകേരളം സൃഷ്ടിച്ചത്. നവകേരള സൃഷ്ടി അവസാനിക്കുന്ന ഒന്നല്ല, തുടർപ്രക്രിയയാണ്. അതിന്റെ ഭാഗമാണ് നവകേരള സദസ്. നാളത്തെ ചരിത്രത്തിന്റെ ഭാഗവും കൂടിയാണത്.

ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന്റെ സാക്ഷികളും ഭാഗവുമാകുന്നതിലേയ്ക്കു നാളത്തെ തലമുറയെ കൈപിടിച്ച് എത്തിക്കേണ്ടതു നമ്മുടെ ചുമതലയാണ്. അരാഷ്ട്രീയ വാദികളെയും വലതുപക്ഷ പ്രഭുക്കളെയും സൃഷ്ടിക്കാൻ ഒരു കൂട്ടം അഭിനവ മാടമ്പിമാർ ചേർന്നു പാടുപെടുമ്പോൾ, അവരെ അവഗണിച്ച്, ചോര തുടിക്കും ചെറുകൈകളിൽ മുറുകെപ്പിടിച്ച് ഇടതോരം ചേർന്നു നമുക്കു മുന്നോട്ടു നടക്കാം.

നമുക്കൊപ്പം ഇടതോരം ചേർന്നു മുന്നോട്ടു പോകുന്നതു തിരുവനന്തപുരത്തേയ്ക്കുള്ള വെറുമൊരു ബസല്ല, തീർത്തും പുതിയൊരു കേരളത്തിലേയ്ക്കു യാത്രയാകുന്ന നമ്മളാം ജനത തന്നെയാണത്. നമ്മളൊന്നിച്ചു ചരിത്രമെഴുതുകയും ചരിത്രത്തെ തിരുത്തിക്കുറിക്കുകയുന്ന ഇടമാണ് നവകേരള സദസ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + eighteen =

Most Popular