വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയം കൈയാളുന്ന എല്ലാ യുവജന സംഘടനകൾക്കും അത്യധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നുതന്നെ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്തിലെ യുവജനങ്ങളുടെ ഈ എണ്ണമാണ്. യുവജനങ്ങളാൽ സമ്പന്നമായ ഈ രാജ്യം പക്ഷേ, അതേ യുവതയ്ക്ക് ഏറ്റവും പരിതാപകരമായ ജീവിത സാഹചര്യം നൽകിക്കൊണ്ട് ഉത്പാദനക്ഷമതയില്ലാത്ത, സ്വന്തം അതിജീവനത്തിനായി പോരാടേണ്ടി വരുന്ന ജനസാമാന്യത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷം എന്ന് പറയപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർടിയുടെ യുവജന വിഭാഗമായ ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്.
ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പോലും വിരൽചൂണ്ടുന്നത്, രാജ്യത്തെ ബിജെപി ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്പൂർണ്ണ കോർപ്പറേറ്റനുകൂല – ഹിന്ദുത്വ ഗവൺമെന്റുകൾ രാജ്യം പതിറ്റാണ്ടുകൾകൊണ്ട് നിർമ്മിച്ചെടുത്ത എല്ലാ മൂല്യങ്ങളുടെയും നേട്ടങ്ങളുടെയും അസ്ഥിവാരം തോണ്ടുകയാണ് എന്നണ്. മതനിരപേക്ഷ – സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന മുഖംപോലും തകർത്തുകൊണ്ട് ഒരു സമ്പൂർണ്ണ ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിലേക്ക് ബിജെപി അടുത്തു കൊണ്ടിരിക്കുന്നു. അപ്പോഴും രാമക്ഷേത്രവും സീത ക്ഷേത്രവും, പശുക്കൾക്ക് ആശുപത്രികളും അമ്പലവുമൊക്കെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നൽകിക്കൊണ്ട് ബിജെപിയേക്കാൾ വലിയ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് പാർടിയെ നമ്മൾ കണ്ടു. രാജ്യത്തെ കോൺഗ്രസ് ബിജെപിയോട് ഹിന്ദുത്വ രാഷ്ട്രീയംതന്നെ പകരംവച്ച് മത്സരിക്കുമ്പോൾ അവരുടെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസ് രാമക്ഷേത്രത്തിനായി ഫണ്ട് പിരിക്കുകയും, വെള്ളി ഇഷ്ടിക അയച്ചു കൊടുക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു.
കേരളത്തിലെ യൂത്ത് കോൺഗ്രസ്: ജീർണ്ണതയിലൂടെ
രൂപാന്തരം പ്രാപിക്കുന്ന
ക്രിമിനൽ സംഘം
കേരളത്തിന് പുറത്തുള്ള യൂത്ത് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനവും, രാമക്ഷേത്രവുമൊക്കെയായി സമയം ചെലവഴിക്കുകയാണെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഇക്കാലത്തിനിടെ ലക്ഷണമൊത്ത ഒരു ക്രിമിനൽ സംഘമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. യൂത്ത് കോൺഗ്രസ് അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ജീർണ്ണതയിലൂടെ കടന്നു പോകുകയാണ്.
ഏറെക്കാലത്തെ ഇടവേള കഴിഞ്ഞ് നിരവധി ഗ്രൂപ്പ് തർക്കങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന്റെ ഏതൊരു വകഭേദത്തിനൊപ്പവും തിരഞ്ഞെടുപ്പ് എന്ന വാക്ക് വളരെ വിരളമായേ ഉപയോഗിക്കാൻ സാധിക്കാറുള്ളൂ. സാധാരണ നിലയിൽ ഗ്രൂപ്പടിസ്ഥാനത്തിൽ അമ്പത് പേരടങ്ങുന്ന ലിസ്റ്റ് സംസ്ഥാന നേതൃത്വം ഹൈക്കമാന്റ് എന്നറിയപ്പെടുന്ന രാഹുൽ – സോണിയാ ഗാന്ധിമാർക്ക് സമർപ്പിക്കുകയും, അവർ അതിൽ ചില പേരുകൾ തെരഞ്ഞെടുത്ത് തിരിച്ചയക്കുകയുമാണ് പതിവ്. ഇവിടെ തിരഞ്ഞെടുപ്പ് നടത്തി, പക്ഷേ ഒരു സംഘടനയുടെ തീർത്തും ആഭ്യന്തരമായ തിരഞ്ഞെടുപ്പിലെ സ്ഥാനങ്ങൾ നേടാൻ പോലും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഇലക്ഷൻ ഐഡി കാർഡ് ലക്ഷക്കണക്കിന് എണ്ണം വ്യാജമായി നിർമ്മിക്കുകയും, അതുപയോഗിച്ച് വോട്ടുചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ചെയ്ത വാർത്ത കേട്ടാണ് നാം ഞെട്ടിയത്. മണ്ഡലം പ്രസിഡന്റ് മുതൽ സംസ്ഥാന അധ്യക്ഷൻ വരെ ഇത്തരത്തിൽ വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് ചെയ്ത വോട്ടുകൾ കൊണ്ടാണ് ജയിച്ചത് എന്ന് തെളിയിക്കുന്ന വീഡിയോയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിരിക്കുന്നു. പൊലീസന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റം സമ്മതിക്കുകയും ആയിരവും പതിനായിരവും കടന്ന് രണ്ടര ലക്ഷത്തോളം വ്യാജ ഐഡി കാർഡുകൾ സൃഷ്ടിക്കുകയും ചെയ്തെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
രാജ്യത്തിന്റെ തിരഞ്ഞെടുപ്പിനെയും അതുവഴി ജനാധിപത്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കുന്ന അതിഗൗരവകരമായ ഈ ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അടങ്ങിയ നേതാക്കൾ വളരെ ലാഘവത്തോടെയാണ് അതിനോട് പ്രതികരിച്ചത് എന്നു മാത്രമല്ല, എന്നത്തേയുംപോലെ മലയാള മാധ്യമങ്ങൾ ഈ ക്രിമിനൽ കൂട്ടങ്ങളെയും പരിലാളനയോടെ വരവേറ്റു. ഇത്തരത്തിൽ വ്യാജ വോട്ടുകൾ വാങ്ങി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള നേതാക്കൾ ഏതു നിലയിലാണ് കേരളത്തിന്റെ പൊതു സാമൂഹിക വ്യവസ്ഥിതിയിൽ ഇടപെടാൻ പോകുന്നത് എന്നുള്ള ചോദ്യം പോലും ഇവിടെയുള്ള മാധ്യമങ്ങളെ അലട്ടുന്നില്ല.
ഇതേ കാലയളവിലാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് രണ്ടര കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ആ വാർത്തയും മനഃപൂർവമായ മാധ്യമ തിരസ്കരണത്തിൽ വാർത്തയല്ലാതായി.
അതിനും അൽപ്പ മാസങ്ങൾക്ക് മുമ്പാണ് മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് നേതാവും കുടുംബവും ചേർന്ന് യുവതിയെ കൊന്ന് സ്വന്തം വീട്ടുവളപ്പിൽ കുഴിച്ചു മൂടിയ വാർത്ത നമ്മൾ ഞെട്ടലോടെ കേട്ടത്. യുവതിയുടെ കൈയ്യിൽനിന്ന് കടം വാങ്ങിയ പണം അവർ തിരിച്ചു ചോദിച്ച വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശേഷം യുവതിയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്തത് ഒരു പൊതു പ്രവർത്തകന്റെ നേതൃത്വത്തിലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ കൊലപാതകത്തിനു ശേഷം ഇതേ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രതികളെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ചിനുപോലും ആഹ്വാനം ചെയ്തു. അയാൾ അതിനുമുമ്പേ അറസ്റ്റു ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ കൊലപാതകിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷൻ മാർച്ചും നമ്മൾ കാണേണ്ടിവന്നേനെ.
ഇടുക്കിയിൽ ധീരജ് എന്ന പത്തൊൻപത് വയസ്സുകാരനായ എസ്.എഫ്.ഐ പ്രവർത്തകന്റെ ഇടനെഞ്ചിൽ കത്തി കയറ്റി കൊന്ന ക്രൂരത കേരളത്തിന് മറക്കാനാവില്ല. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖിൽ പൈലിയാണ് ധീരജ് കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത ഒന്നാം പ്രതി. കേസിൽ ജാമ്യത്തിലിറങ്ങിയ നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കിക്കൊണ്ടാണ് യൂത്ത് കോൺഗ്രസ് ആദരിച്ചത്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാൻ ആയാണ് ചുമതല നൽകിയത്. പ്രസ്തുത കേസിൽപെട്ട മറ്റ് കെ.എസ്.യു നേതാക്കൾക്കും മറ്റ് പല സംഘടനാ ചുമതലകളും യൂത്ത് കോൺഗ്രസ് നൽകി. ഓർക്കണം, ഒരു കൊലക്കേസിലെ ഒന്നാം പ്രതിയായ പ്രാദേശിക നേതാവിനെ ആ ഒറ്റക്കാരണത്താൽ സംസ്ഥാന നേതാവാക്കി യൂത്ത് കോൺഗ്രസ് ഉയർത്തി. കണ്ണൂരിൽ മുഖ്യമന്ത്രിയെ വിമാനത്തിൽവച്ച് ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളും ആഴ്ചകൾക്കുള്ളിൽ ജില്ലാ നേതാക്കളായി ഉയർത്തപ്പെട്ടത് ഈ അവസരത്തിൽ ഓർക്കണം. ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നതും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും സംഘടനാ സ്ഥാനം ലഭിക്കാനുള്ള എളുപ്പവഴിയായി യൂത്ത് കോൺഗ്രസിൽ മാറി.
ഇതിനുപുറമെ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ പ്രണയ വിവാഹം ചെയ്ത കമിതാക്കളെ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോകുന്നതും നമ്മൾ കണ്ടു. പരസ്യമായ ക്വട്ടേഷൻ പ്രവർത്തനം പോലും ഏറ്റെടുക്കാൻ മടിയില്ലാത്ത സംഘമാണ് തങ്ങളെന്ന് യൂത്ത് കോൺഗ്രസ് കേരളത്തിലെ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞു. പഴക്കടയുടെ മറവിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കച്ചവടം നടത്തിയതും യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തകനായ പിതാവും കൂടിയായിരുന്നു. വ്യാജ രേഖ ചമച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി അതുവച്ച്- ഹൈക്കോടതിയിൽ എൻറോൾ ചെയ്ത യൂത്ത് കോൺഗ്രസ് –- കെ.എസ്.യു നേതാക്കളുടെ വാർത്ത വായിച്ച് നമ്മൾ മൂക്കത്ത് വിരൽ വെച്ചു. എണ്ണിയെണ്ണി പറയാനാണെങ്കിൽ ഈ കാലയളവിൽ ക്വട്ടേഷൻ, മയക്കുമരുന്ന് കടത്ത്, സ്ത്രീ പീഡനം, വ്യാജരേഖ ചമച്ച് ജോലി നേടൽ, വ്യാജ ഐഡി കാർഡ് നിർമ്മാണം, കൊലപാതകം തുടങ്ങി യൂത്ത് കോൺഗ്രസ് എന്ന സംഘടന അങ്ങേയറ്റം ജീർണ്ണമായ തരത്തിൽ ക്രിമിനലുകളുടെ താവളമായി മാറിയത് കാണാം.
ബിജെപിയോടുള്ള
യൂത്ത് കോൺഗ്രസ് സമീപനം
അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദേശീയ സാഹചര്യത്തിൽ തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിക്കുന്നു. രാജ്യം രൂപീകൃതമായിട്ട് ഇന്നേവരെയില്ലാത്തവണ്ണം രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങളിലും ഒരൊറ്റ പുതിയ സ്ഥിരം റിക്രൂട്ട്മെന്റ് പോലുമില്ലാത്ത ഒരു വർഷം എന്ന സാഹചര്യമുണ്ടാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ നിയമന നിരോധനമേർപ്പെടുത്തുന്നു. രാജ്യത്തെ യുവതയുടെ സർവ്വ പ്രതീക്ഷകളും അടിച്ചമർത്തിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നു. തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നു. സ്ഥിരം തൊഴിലുകൾ കരാർ തൊഴിലുകളാക്കി മാറ്റുന്നു. പെൻഷൻ, പി.എഫ് തുടങ്ങിയ അവകാശങ്ങൾ പോലും ഇല്ലാതാക്കുന്നു. രാജ്യത്തെ യുവതയ്ക്ക് ഇത്രയും രൂക്ഷമായ ജീവിത സാഹചര്യമുണ്ടാക്കുന്ന യൂണിയൻ ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെ ചെറുവിരലനക്കം കൊണ്ടുപോലും പ്രധാന പ്രതിപക്ഷ കക്ഷിയുടെ യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് പ്രതിരോധം സൃഷ്ടിക്കുന്നില്ല. യൂത്ത് കോൺഗ്രസ് മോഡി സർക്കാരിനെതിരെ ഒരു സമരം നയിച്ചതായി ആ സംഘടനപോലും അവകാശപ്പെടുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോജോ യാത്രയുടെ ദിനേനയുള്ള ബഹുവർണ്ണ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്യുകയല്ലാതെ ഇന്നേ വരെ രാജ്യത്ത് നടന്ന രാഷ്ട്രീയ സംഭവങ്ങളോട് യാതൊരു നിലപാടും യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ കോൺഗ്രസ് അതിലും പരിതാപകരമാണ്. സംഘപരിവാറിന് വേണ്ടി കുഴലൂത്ത് നടത്തുന്ന കേരള ഗവർണ്ണറുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായ സർവ്വകലാശാലകളിൽ കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ.എസ്.എസ് ക്രിമിനലിന്റെ ഭാര്യയെ അടക്കമുള്ള സംഘപരിവാറുകാരെ നോമിനിയായി കൊണ്ടിരുത്താൻ ശ്രമിക്കുമ്പോൾ യൂത്ത് കോൺഗ്രസ് ഗവർണ്ണർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള സർക്കാരിനെതിരെ സമരം ചെയ്യുകയാണ്. രാജ്യത്തുതന്നെ ഒരു ബിജെപി ഗവർണ്ണർക്കുവേണ്ടി കോൺഗ്രസിന്റെ ഏതെങ്കിലുമൊരു ഘടകം സംസാരിക്കുന്നത് കേരളത്തിൽ മാത്രമാകും. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നതും ഭരിക്കുന്നതുമായ ഇതര സംസ്ഥാനങ്ങളിൽ അവർ ഗവർണർക്കെതിരെ പ്രമേയം പാസാക്കുകയും നിലപാടെടുക്കുകയും ചെയ്യുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പരിപൂർണ്ണമായും ഗവർണ്ണർക്കൊപ്പമാണ്; ആ കോൺഗ്രസിന്റെ നാവായി നിൽക്കുക മാത്രമാണ് യൂത്ത് കോൺഗ്രസ് ചെയ്യുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ പാഠ്യപദ്ധതി പരിഷ്കരണം നടത്തി സിലബസ് മുഴുവൻ കാവി പൂശൽ നടക്കുകയാണ്. എൻ.സി.ഇ.ആർ.ടി സിലബസ്സിൽ നിന്ന് ഗാന്ധി വധവും നെഹ്രുവും മുഗൾ ചരിത്രവും മുതൽ പരിണാമ സിദ്ധാന്തം വരെ പുറത്തായി. സ്വന്തം നേതാക്കളുടെ ചരിത്രം തിരുത്തിക്കുറിക്കുന്നത് കണ്ടിട്ടുപോലും കെ.എസ്.യു –യൂത്ത് കോൺഗ്രസ് സംഘടനകൾക്ക് അതിനോടൊന്നും പ്രശ്നങ്ങളില്ല. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമ്പോൾ എസ്.എഫ്.ഐ മാർച്ച് തടഞ്ഞു നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടത് അന്ന് കോൺഗ്രസ് ഭരിച്ച രാജസ്താനിൽ കൂടിയാണ്. സത്യത്തിൽ രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങളെ സംഘടിപ്പിച്ചു ബിജെപി ഗവണ്മെന്റിനെതിരായ സമരത്തിന്റെ മുൻനിരയിൽ നിൽക്കേണ്ട കൂട്ടരാണ് രാമന് മാത്രമല്ല സീതയ്-ക്കുകൂടി അമ്പലം പണിയണമെന്ന കാമ്പയിൻ പോസ്റ്ററുകൾ ഷെയർ ചെയ്ത് സായൂജ്യമടയുന്നത്.
ഛത്തീസ്ഗഢിൽ സംഘപരിവാർ നേതൃത്വത്തിൽ നടത്തിയ ക്രിസ്ത്യൻ വിരുദ്ധ കലാപങ്ങൾ തടയുകയോ ഇരകൾക്ക് പിന്തുണ നൽകുകയോ ചെയ്യാത്തതുകൊണ്ടാണ് അവിടെ കോൺഗ്രസിന് പരാജയം സംഭവിച്ചതെന്ന് പാർടിപോലും വിലയിരുത്തിയിട്ടും കേരളത്തിലടക്കം എവിടെയും ഈ വർഗ്ഗീയകളി നിർത്താൻ കോൺഗ്രസോ യൂത്ത് കോൺഗ്രസോ ശ്രമിക്കുന്നില്ല. ഏറ്റവും ഒടുവിൽ കേരളത്തിൽ ശബരിമലയെ മുൻനിർത്തി വർഗ്ഗീയ മുതലെടുപ്പ് നടത്തി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാർ വീണ്ടും ശ്രമിക്കുമ്പോൾ കേരള ഗവണ്മെന്റിനെതിരെ ശബരിമലയുടെ പേരിൽ സമരത്തിനിറങ്ങുന്ന യൂത്ത് കോൺഗ്രസ് നേതൃത്വത്തെയാണ് നമ്മൾ കാണുന്നത്. ഇന്നേവരെ യൂണിയൻ ഗവണ്മെന്റിനെതിരെയോ ബിജെപിക്കെതിരെയോ ഒരക്ഷരം മിണ്ടാത്ത, ഒരു സമരവും ചെയ്യാതെ യൂത്ത് കോൺഗ്രസ് വർഗ്ഗീയ മുതലെടുപ്പിനായി തെരുവിൽ ഇറങ്ങുന്ന കാഴ്ച വീണ്ടും കാണുകയാണ്.
എന്താവരുത് ഒരു യുവജന സംഘടന എന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഒരു സംഘടനയുണ്ടെങ്കിൽ അത് ഇന്നത്തെ യൂത്ത് കോൺഗ്രസാണ്. കോൺഗ്രസിനെ ബിജെപിയുടെ ബി ടീം എന്നു പറയാറുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് യുവമോർച്ചയുടെ എ ടീമാണ്. രാജ്യത്തെയോ കേരളത്തിലെയോ യുവതയുടെ ആവശ്യങ്ങളെയോ താല്പര്യങ്ങളെയോ തുലോം പ്രതിനിധീകരിക്കാത്ത ഒരു ജീർണ്ണിച്ച ക്രിമിനൽ സംഘം മാത്രമായി അത് അധഃപതിച്ചു. ♦