Saturday, April 27, 2024

ad

Homeഅനുസ്മരണംപകരക്കാരനില്ലാത്ത കാനം

പകരക്കാരനില്ലാത്ത കാനം

കെ ജെ തോമസ്‌

സിപിഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രന്റെ വിയോഗം ആ പാർട്ടിക്കും എൽ ഡി എഫിനും മാത്രമല്ല, പൊതുസമൂഹത്തിനാകെ തീരാനഷ്ടമാണ്. തെളിഞ്ഞ പ്രവർത്തനത്തിലൂടെ സ്ഫുടപാകം ചെയ്തെടുത്ത നേതാവാണ് കാനം. അപ്രതീക്ഷിതമായിരുന്നു ആ വേർപാട്. വൈകാതെ സുഖമായി ആശുപത്രി വിടാനാകുമെന്ന ശുഭ പ്രതീക്ഷയും ആത്മവിശ്വാസവും തന്നെ സന്ദർശിച്ച വേളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററോട് അദ്ദേഹം പങ്കുവച്ചിരുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആഗ്രഹവും പ്രതീക്ഷയും അതുതന്നെയായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും പ്രമുഖരായ നേതാക്കളായ ഒരാളായിരുന്നു കാനം.

യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം 21–ാം വയസ്സിൽ സിപിഐ സംസ്ഥാന കൗൺസിലിലും 25–ാം വയസ്സിൽ സംസ്ഥാന സെക്രട്ടറിയറ്റിലും അംഗമായി എന്നത്‌ അപൂർവ ബഹുമതിയാണ്‌. ഇത്രയും ചെറുപ്പത്തിൽ ഒരു പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഘടകത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞവർ വേറാരുമുണ്ടാകില്ല. നിലപാടുകളിലെ വ്യക്തതയും തെളിച്ചവുമാണ്‌ ഒരു മികച്ച നേതാവിനെ വാർത്തെടുക്കുന്നത്‌. ധീരമായ നിലപാടുകൾതന്നെയാണ്‌ കാനത്തെയും വ്യത്യസ്‌തനും ശ്രദ്ധേയനുമാക്കിയത്‌. ഏതു വിഷയമുണ്ടായാലും മാധ്യമങ്ങൾ അദ്ദേഹത്തെ വളയുക പതിവാണ്‌. എന്നാൽ, സ്വന്തം പാർട്ടിക്കോ മുന്നണിക്കോ പ്രയാസമുണ്ടാക്കുന്ന ഒരു വാക്കും കിണഞ്ഞുപരിശ്രമിച്ചിട്ടും അദ്ദേഹത്തിൽനിന്ന് മാധ്യമങ്ങൾക്ക്‌ ലഭിച്ചിട്ടില്ല. ‘എല്ലാ ദിവസവും രാവിലെ മുഖ്യമന്ത്രിക്കെതിരെ ഞാൻ എന്തെങ്കിലും പറയണമല്ലേ. അതിനുവേണ്ടിയുള്ള വെള്ളം വാങ്ങിവച്ചാൽ മതി’ എന്ന്‌ മാധ്യമപ്രവർത്തകരോട്‌ ഒരു വേള അദ്ദേഹത്തിന്‌ പറയേണ്ടിവന്നതും തന്റെ നിലപാടുകളിലെ കൃത്യത ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു. എൽഡിഎഫിന്റെ കെട്ടുറപ്പ്‌ കാത്തുസൂക്ഷിക്കുന്നതിലും ജനകീയ പാതയിൽ മുന്നോട്ടുനയിക്കുന്നതിലും അദ്ദേഹം കാണിച്ച അസാധാരണ പാടവം ഇടതുപക്ഷത്തേയ്‌ക്ക്‌ പുതിയതായി വരുന്ന ഏതൊരാൾക്കുമുള്ള പാഠമാണ്‌. മുന്നണിരാഷ്ട്രീയത്തിന്റെ നേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഭരണത്തുടർച്ചയുണ്ടാക്കുന്നതിലും വലിയ പങ്കുവഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നിലനിർത്തുന്നതിലും ഘടകകക്ഷികളോട്‌ സൗഹാർദം പുലർത്തുന്നതിലും പ്രത്യേക ശ്രദ്ധപുലർത്തി. വിയോജിപ്പുകൾ ഉള്ളവരെപ്പോലും യോജിപ്പിന്റെ വഴികളിലൂടെ മുന്നോട്ടുനയിക്കുന്നതിനുള്ള ആജ്ഞാശക്തിയായിരുന്നു കൈമുതൽ.

കേരളത്തിലെ ജനങ്ങളുടെ നിലപാടുകൾക്കും ശരികൾക്കുമൊപ്പമായിരുന്നു കാനം എപ്പോഴും. അടിയുറച്ച തൊഴിലാളിവർഗ പോരാളി. കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ ഐക്യത്തിനും സൗഹാർദത്തിനും മുന്നിൽനിന്ന്‌ പ്രവർത്തിച്ച നേതാവ്‌. സ്വന്തം പാർട്ടിയുടെ അഭിപ്രായം പരസ്യമായി പറയുമ്പോഴും അത്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾ തമ്മിലുള്ള ഐക്യത്തിന്‌ തടസമാകാതിരിക്കാനുള്ള ജാഗ്രത എപ്പോഴും പുലർത്തിയിരുന്നു.

സ്വന്തം നാടിനെ പേരിനൊപ്പം ചേർത്ത്‌ നാടിന്റെ പേരിൽ അറിയപ്പെട്ട നേതാവാണ്‌ അദ്ദേഹം. അച്ഛൻ പരമേശ്വരൻനായർ തോട്ടം മാനേജരായിരുന്നതിനാൽ ചെറുപ്പംമുതൽ തൊഴിലാളികളുമായിട്ടായിരുന്നു സഹവാസം. തോട്ടം തൊഴിലാളികളുടെ മക്കൾക്കായി പ്രവർത്തിച്ചിരുന്ന ഒളയനാട്‌ ഗാന്ധി മെമ്മോറിയൽ യു പി സ്‌കൂളിലാണ്‌ കാനം പഠിച്ചത്‌. എന്റെ പ്രവർത്തന മേഖലയായിരുന്നു അവിടമെങ്കിലും അന്ന്‌ ഞങ്ങൾ പരിചയക്കാരായിരുന്നില്ല. 1980 മുതലാണ്‌ ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ദൃഢവും ഊഷ്‌മളവുമാകുന്നത്‌. ഇടതുപക്ഷ മുന്നണിയുടെ രൂപീകരണവും തുടർന്നുള്ള സംയുക്ത പരിപാടികളിലേയ്‌ക്ക്‌ ഒന്നിച്ചുള്ള യാത്രയും ഞങ്ങളെ പരസ്‌പരം അടുപ്പിച്ചു. ഏന്തയാറിലടക്കം നിരവധി സ്ഥലങ്ങളിൽ പരിപാടികൾക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിച്ച്‌ കൊണ്ടുപോയിട്ടുണ്ട്‌. മരണം വരെയും നല്ല സുഹൃത് ബന്ധം കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 1982ലും 1987ലും വാഴൂരിൽനിന്ന് കാനം അസംബ്ലിയിലെത്തി. അദ്ദേഹത്തിന്റെ രണ്ടാം ടേമിൽ ഞാനും കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽനിന്ന്‌ നിയമസഭാംഗമായി. തൊട്ടടുത്ത മണ്ഡലത്തിൽനിന്നുള്ളവർ എന്ന നിലയിൽ കൂടുതൽ അടുത്തിടപഴകാനും ഞങ്ങളുടെ പ്രദേശത്തിന്റെ വികസനകാര്യങ്ങളിൽ ഒന്നിച്ചുനിന്നു പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്‌. കാനത്തിന്റെ വാക്‌ചാതുരി പണ്ടേ പ്രശസ്‌തമാണ്‌; നിയമസഭയിലും പുറത്തും. സഹൃദയത്വമാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. നിയമസഭ പലപ്പോഴും ചൂടേറിയ വാഗ്വാദങ്ങൾക്ക്‌ വേദിയാകാറുണ്ട്‌. സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിലേയ്‌ക്ക്‌ നർമംകലർത്തിയുള്ള കാനത്തിന്റെ മനോഹരമായ ചാട്ടുളിപ്രയോഗങ്ങൾ എതിരാളികളെ പ്രകോപിപ്പിക്കുമെങ്കിലും കാറുംകോളും മായ്‌ച്ചുകളയാൻ അത്‌ ധാരാളമായിരുന്നു. നിർമാണ തൊഴിലാളികളുടെ ജീവിതസുരക്ഷയ്‌ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ്‌ പിന്നീട്‌ നിർമാണ തൊഴിലാളി നിയമം നിലവിൽവന്നത്‌. 1984–-85 കാലത്ത്‌ നടന്ന വാഴൂർ കാഞ്ഞിരംപാറയിലെ സാലി വധക്കേസ്‌ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്‌. കേസന്വേഷണം ഇഴയുന്ന ഘട്ടത്തിൽ കാനം നടത്തിയ രണ്ടാഴ്‌ചയോളം നീണ്ട നിരാഹാര സത്യഗ്രഹത്തിനു മുന്നിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‌ മുട്ടുമടക്കേണ്ടി വന്നതും നിയമസഭാംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ എടുത്തുപറയാവുന്ന സംഭവമാണ്‌.

ഏറ്റവും അവസാനം കർഷകർ നേരിടുന്ന പ്രയാസവും അതിനുള്ള പരിഹാരവുമായി ബന്ധപ്പെട്ട വിഷയമാണ് അടുത്തിടെ കാനവുമായി സംസാരിച്ചത്. റബ്ബർ വില ക്രമാതീതമായി ഇടിഞ്ഞതിനെതുടർന്നു കർഷകർ വലിയ പ്രയാസം നേരിടുകയാണ്‌. കൃഷിയിടത്തിൽ റബറിന് പകരം ഫലവൃക്ഷങ്ങൾ വിളയിക്കണമെന്ന അഭിപ്രായം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലെയും കർഷകർക്കിടയിൽ പൊതുവേ ഉയർന്നുവന്നു. റബ്ബറിനേക്കാൾ നാലഞ്ചിരട്ടി കൂടുതൽ ആദായംകിട്ടുന്ന റംബൂട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷ കൃഷിയെക്കുറിച്ചായിരുന്നു ചർച്ച. വളരെ അനുകൂലമായാണ് ഈ നിർദേശത്തോട് കാനം പ്രതികരിച്ചത്.

അവിശ്വസനീയ ആഘാതമാണ്‌ കാനത്തിന്റെ വിയോഗം. 43 വർഷത്തെ ദൃഢബന്ധമാണ്‌ ആ വേർപിരിയലോടെ അസ്‌തമിച്ചത്‌. കേരളത്തിൽ കമ്യൂണിസ്റ്റ്‌–തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വിലപ്പെട്ട സംഭാവന നൽകിയയാളിനെയാണ്‌ നമുക്ക്‌ നഷ്‌ടമായത്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എൽഡിഎഫിനെ നയിച്ച നേതാവാണ്‌ കാനം.

ടി കെ ഹംസ, കെ ജെ തോമസ്,
കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

ഏത്‌ സങ്കീർണമായ പ്രശ്‌നവും കാനത്തിന്റെ മുമ്പിലെത്തിയാൽ അയത്നലളിതമായ പരിഹാരം ഉണ്ടാകുമെന്നത്‌ ഇടതുവേദികളിലെ പൊതുചിത്രമായിരുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നൽകിയ നേതാവാണ്‌ അദ്ദേഹം. സിപിഐ എമ്മും സിപിഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന്‌ നേതൃപരമായ പങ്കാണ്‌ കാനം വഹിച്ചത്‌. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമർശങ്ങളെ നേരിടുന്നതിലും കാനം മുൻപന്തിയിലുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃപരമായ പങ്കു വഹിച്ചു. ഹൃദ്യമായ പെരുമാറ്റമായിരുന്നു കാനത്തിന്റെ പ്രധാന സവിശേഷത. യുവജന സംഘടനാ നേതാവായി സംസ്ഥാനമൊട്ടാകെ തിളങ്ങാൻ അദ്ദേഹത്തിനായി. മോസ്‌കോയിലെ ജീവിതമാണ്‌ അദ്ദേഹത്തിലെ കമ്യൂണിസ്റ്റിനെ പരുവപ്പെടുത്തിയത്‌. മികച്ച ട്രേഡ്‌ യൂണിയൻ പ്രവർത്തകനും നേതാവുമായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും ജീവനക്കാരുടെയും താൽപ്പര്യം സംരക്ഷിക്കാൻ ശക്തമായ പോരാട്ടത്തിന്റെ മുൻനിരയിൽ എന്നുമുണ്ടായി. എഐടിയുസി നേതാവെന്ന നിലയിൽ സംസ്ഥാനമാകെ നിറഞ്ഞു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2016ൽ കേരളത്തിൽ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ടാം പാർട്ടിയെന്ന നിലയിൽ സിപിഐയുടെ ഉറച്ച പിന്തുണയും സഹകരണവും സർക്കാരിന്റെ പ്രവർത്തനത്തിൽ സുപ്രധാനമായിരുന്നു. അക്കാര്യത്തിൽ സംയമനത്തോടെയുള്ള വാക്കും പ്രവൃത്തിയുംകൊണ്ട്‌ മുന്നണിക്കും സർക്കാരിനും കരുത്തുപകരാൻ കഴിഞ്ഞത്‌ കാനത്തിന്റെ രാഷ്‌ട്രീയ പ്രബുദ്ധതയുടെയും അചഞ്ചല വ്യക്തിത്വത്തിന്റെയും ദൃഷ്‌ടാന്തമായി.

ഒരു സർക്കാരിനോട്‌ എന്തൊക്കെ ഒരു ഗവർണർ ചെയ്‌തുകൂട എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ സംസ്ഥാന ഗവർണർ. ഇപ്പോൾ ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ– മാധ്യമ–ഗവർണർ കൂട്ടുകെട്ട്‌ അരങ്ങ്‌ തകർക്കുകയാണ്‌. ഈ മുക്കൂട്ടുമുന്നണിക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച നേതാവാണ്‌ കാനം. വിമോചന സമരകാലത്തെ ഭാഷയിലാണ്‌ പ്രതിപക്ഷവും ഗവർണറും സംസാരിക്കുന്നത്‌.

മതനിരപേക്ഷത എക്കാലവും ഉയർത്തിപ്പിടിക്കുന്ന സീപനമാണ്‌ എൽഡിഎഫന്റേത്‌. അക്കാര്യത്തിലും കാനം നിർവഹിച്ചത്‌ മാതൃകാ പ്രവർത്തനമാണ്‌. 1957 മുതലിങ്ങോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾക്ക്‌ കീഴിൽ കേരളം അസൂയാവഹമായ പുരോഗതി നേടി. കഴിഞ്ഞ ഏഴുവർമായി സംസ്ഥാനം അഭൂതപൂർവമായ നേട്ടമാണ്‌ വിവിധ മേഖലകളിൽ കൈവരിച്ചത്‌.

ആരോഗ്യം–ക്രമസമാധാനം–ഐടി– വ്യവസായം –വിദ്യാഭ്യാസം തുടങ്ങിയ അനേകം മേഖലകളിൽ രാജ്യത്തിന്‌ ഇന്നും മാതൃകയാണ്‌ കേരളം. ഇത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടമാണ്‌. ആ സർക്കാരിന്‌ ദിശാബോധം നൽകുന്നതിൽ മൻപന്തിയിലാണ്‌ കാനത്തിന്റെ സ്ഥാനം. ആ വേർപാട്‌ കേരളത്തിന്റെ നഷ്‌ടമാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular