ദളിത്പക്ഷത്തുനിന്നുകൊണ്ട് കേരളവികസന ചിന്തയിലും പ്രയോഗത്തിലും ഇടപെട്ട ഒരു ധിഷണാശാലിയായിരുന്നു പ്രൊഫ. എം. കുഞ്ഞാമൻ. എകെജി പഠനഗവേഷണ കേന്ദ്രത്തിൽ 1980-കളുടെ ആദ്യം നടന്നിരുന്ന പ്രതിവാര ചർച്ചകളിലും സെമിനാറുകളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അത്തരം സെമിനാറുകളിൽ ചില ഇടതുപക്ഷ നിലപാടുകളോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നതിനു മടിയും കാണിച്ചിരുന്നില്ല. ഇഎംഎസിനോടുപോലും കലഹിക്കാൻ മടിച്ചിരുന്നില്ല. ഈ നിലപാടിനോടു തുറന്നസമീപനമാണ് ഞങ്ങളും കൈക്കൊണ്ടിരുന്നത്. ഇത്തരമൊരു യോജിപ്പും എതിർപ്പും കുഞ്ഞാമൻ തിരുവനന്തപുരം വിടുന്നതുവരെ തുടർന്നു.
ഇങ്ങനെ ചർച്ച ചെയ്യുന്നതിനു മാത്രമല്ല, ചില മേഖലകളിൽ യോജിച്ചു പ്രവർത്തിക്കുന്നതിനും ഒരു മടിയും കാണിച്ചിരുന്നില്ല. ജനകീയാസൂത്രണത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമാണ് അതിനൊരു ഉദാഹരണം. ഭൂപരിഷ്കരണം അജൻഡയല്ലാത്ത ജനകീയാസൂത്രണത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. എങ്കിലും ജനകീയാസൂത്രണ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശ രേഖകൾ തയ്യാറാക്കുന്നതിനും ജനപ്രതിനിധികളുടെ പദ്ധതി അവലോകന സെമിനാറുകളിലും പിന്നീട് എസ്.സി/എസ്.റ്റി പ്രമോട്ടർമാരുടെ പരിശീലനത്തിലും ഒരുദിവസംപോലും മുടക്കമില്ലാതെ അദ്ദേഹം പങ്കെടുത്തു. അക്കാലമായപ്പോഴേക്കും ഭാര്യ രോഹിണിയെ ജനകീയാസൂത്രണസെല്ലിൽ വർക്ക് അറേഞ്ച്മെന്റിൽ എടുത്തിരുന്നു. സ്കൂൾ കഴിഞ്ഞാൽ കുട്ടികളും പ്ലാനിംഗ് ബോർഡിലോ പരിശീലന സ്ഥലത്തോ ഉണ്ടാകും. രണ്ടിൽ ഒരാൾ രാത്രി പോകുമ്പോഴാണ് കുട്ടികളെയും കൂട്ടി പോവുക.
ഞാൻ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഉള്ളപ്പോഴാണ് കുഞ്ഞാമൻ അവിടെ എം.ഫിൽ ചെയ്യുന്നതിനു ചേർന്നത്. അക്കാലം മുതലേ അടുത്ത പരിചയമുണ്ട്. പിന്നീട് കാര്യവട്ടത്ത് അധ്യാപകനായി. അപ്പോഴും സിഡിഎസുമായുള്ള ബന്ധം പുലർത്തിവന്നു. പലതരം തർക്കങ്ങൾകൊണ്ടു സംഭവബഹുലമായിരുന്നു ഇക്കാലം.
ജനകീയാസൂത്രണം ദളിതരുടെ അടിസ്ഥാനപ്രശ്നമായ ഭൂപ്രശ്നത്തെ വിസ്മരിക്കുന്നുവെന്ന വിമർശകനായിരുന്നു തുടക്കം മുതൽ എം. കുഞ്ഞാമൻ. സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്ഘാടനത്തിനുമുമ്പു നടത്തുന്ന വിദഗ്ധരുമായുള്ള ചർച്ചാവേദിയിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചു.
കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. “കാരണം ഇതു പുതിയതാണ്. ഇതുവരെ ഉണ്ടായിരുന്നത് മേൽത്തട്ടിൽ നിന്നുള്ള വികസനമാണ്. ജനങ്ങൾക്ക് അതിൽ പങ്കുണ്ടായിരുന്നില്ല. ജനങ്ങൾക്കുവേണ്ടി നേതാക്കൾ ചിന്തിക്കുന്നു. നയം രൂപീകരിക്കുന്നു. ഉദ്യോഗസ്ഥർ ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്നു. പ്രാദേശികതലത്തിൽ വികസനപ്രശ്നം ചർച്ച ചെയ്യാനും, മുൻഗണനാക്രമം തീരുമാനിക്കാനും ജനകീയാസൂത്രണത്തിൽ ജനങ്ങൾക്ക് അവസരം കിട്ടുകയാണ്. അതുകൊണ്ട് അതിനെ പിൻതാങ്ങുന്നു.”
ജനകീയാസൂത്രണത്തെ തുടർന്നു പട്ടികവിഭാഗ ഫണ്ടുകൾ ഗണ്യമായി വർദ്ധിച്ചു. അതിൽ നല്ലൊരു ഭാഗം താഴെത്തട്ടിൽ ആ സമുദായങ്ങളിലുള്ളവർക്കു നേരിട്ട് ഇടപെട്ട് തീരുമാനിക്കുന്നതിനുള്ള അവസരവും ഒരുങ്ങി. എന്നാൽ ആദ്യവർഷം കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലായെന്നു ബോധ്യമുണ്ടായതിനെ തുടർന്നു മുഴുവൻ പഞ്ചായത്തുകളെയും നഗരസഭകളെയും പട്ടികവിഭാഗ ഫണ്ട് വിനിയോഗം സംബന്ധിച്ചു മാത്രം ഈരണ്ടു ദിവസം വീതമുള്ള അവലോകനം നടത്തുന്നതിനു വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. ബാർട്ടൺഹില്ലിൽ പ്രത്യേക പന്തലു കെട്ടിയായിരുന്നു ഈ അവലോകന യോഗങ്ങൾ. എല്ലാ ക്യാമ്പിലും മന്ത്രി കെ. രാധാകൃഷ്ണൻ പങ്കെടുത്തു. മറ്റൊരു അനിവാര്യ സാന്നിദ്ധ്യമായിരുന്നു എം. കുഞ്ഞാമൻ.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ പദ്ധതിയിലെ പ്രോജക്ടുകൾ എടുക്കുകയും, പ്രോജക്ടിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. നടത്തിപ്പുരീതിയെയും വിമർശനകരമായി പരിശോധിച്ചു. അങ്ങനെ അടുത്ത വർഷത്തെ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഈ സമ്മേളനങ്ങൾ ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിലെ ക്ലാസ് കഴിഞ്ഞാൽ കുഞ്ഞാമൻ ബാർട്ടൺഹില്ലിൽ വരും. രാത്രി ഏറെ വൈകിയായിരിക്കും തിരിച്ചുപോവുക.
ഈ അവലോകന സമ്മേളനങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. പട്ടികജാതിക്കാരുടെ പദ്ധതി രൂപീകരണത്തിൽ സമുദായാംഗങ്ങളെ സജീവമായി പങ്കാളിയാക്കുന്നതിന് ആ സമുദായത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായ ഒരു യുവാവിനെയോ യുവതിയെയോ പ്രൊമോട്ടറായി ഓണറേറിയം നൽകി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിശ്ചയിക്കുവാൻ തീരുമാനിച്ചു. പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ ഓരോ ഊരിനും ഒന്നുവീതം പ്രൊമോട്ടറായി നിശ്ചയിക്കാനായിരുന്നു തീരുമാനം. ഇവർക്കു സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്നാണു പേരു നൽകിയത്. അങ്ങനെ 1200 പട്ടികജാതി സോഷ്യൽ ആക്ടിവിസ്റ്റുകളെയും 2000-ത്തോളം പട്ടികവർഗ്ഗ സോഷ്യൽ ആക്ടിവിസ്റ്റുകളെയും തെരഞ്ഞെടുത്തു. ഇവർക്ക് മാർ ഇവാനിയോസ് കോളേജിൽ വച്ച് പരിശീലനം നൽകുന്നതിനു തീരുമാനിച്ചു.
പട്ടികജാതി ആക്ടിവിസ്റ്റുകൾക്കു മൂന്നു ദിവസത്തെയും പട്ടികവർഗ്ഗ ആക്ടിവിസ്റ്റുകൾക്ക് അഞ്ചു ദിവസത്തെയുമായിരുന്നു പരിശീലനം. ജനകീയാസൂത്രണം എന്തെന്നു പഠിപ്പിക്കുക. ഉദ്യോഗസ്ഥരോടും ജനപ്രതിനികളോടും ഇടപെടുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ഈ പരിശീലനത്തിൽ എം. കുഞ്ഞാമന് ഒരു പ്രത്യേക റോൾ ഉണ്ടായിരുന്നു. കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നതിനു ഏതാനും റോൾ മോഡലുകൾ വേണ്ടിയിരുന്നു. അതിൽ ഒന്നാമൻ മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ. അതു കഴിഞ്ഞാൽ പിന്നെ ഈ ചുമതല എം. കുഞ്ഞാമനായിരുന്നു. ഈ പരിശീലനങ്ങളും ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാറ്റിലും കുഞ്ഞാമൻ സജീവമായി പങ്കെടുത്തു. ക്ലാസ് എടുക്കുക മാത്രമല്ല, കുട്ടികളോടു ദീർഘനേരം സംസാരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.
സോഷ്യൽ ആക്ടിവിസ്റ്റുകളുടെ പ്രവർത്തനം പട്ടികവിഭാഗ ഫണ്ട് വിനിയോഗത്തിൽ ഗുണപരമായ മാറ്റം വരുത്തി. എന്നാൽ ഭരണമാറ്റത്തിനുശേഷം ഇവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുന്നതിനോ പരിശീലനം നൽകുന്നതിനോ ശ്രമം ഉണ്ടായില്ല. അതുകൊണ്ട് ക്രമേണ ഇവർ ഔദ്യോഗിക സംവിധാനത്തിന്റെ മറ്റൊരു ഭാഗമായി മാറി.
കുഞ്ഞാമൻ മാത്രമല്ല, ഭാര്യ രോഹിണിയും ഇക്കാലത്ത് ജനകീയാസൂത്രണത്തിൽ സജീവമായിരുന്നു. ചുരുക്കത്തിൽ ഒരാൾ വീട്ടിൽ പോകുന്നതുവരെ കുട്ടികളും ക്യാമ്പിൽ ഉണ്ടാവുമായിരുന്നു. രോഹിണിയെ താൽക്കാലികമായി പ്ലാനിംഗ് ബോർഡിലേയ്ക്ക് വർക്ക് അറേഞ്ച്മെന്റിൽ എടുത്തിരുന്നു. ഡിപ്പാർട്ട്മെന്റുതല കണക്കുകൾ ക്രോഡീകരിക്കുകയായിരുന്നു ഇവരുടെ ചുമതല. എന്നാൽ അതോടൊപ്പം അവർ പരിശീലന പരിപാടികളിലും സജീവമായിരുന്നു.
നിർഭയമായി അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരിക്കലും മടിക്കാതിരുന്ന ആ ധിഷണാശാലിയുടെ അകാല വിയോഗം കേരളീയ പൊതു സമൂഹത്തിനും അക്കാഡമിക് സമൂഹത്തിനും നികത്താനാവാത്ത വിടവ് തന്നെയാണ്. ♦
അസമത്വങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ധിഷണാശാലി എം കുഞ്ഞാമൻ എന്ന ധിഷണാശാലിയുടെ ജീവിതം കേരളീയ സമൂഹത്തിന് നേരെ ഉയർത്തിയ ചോദ്യങ്ങൾ എന്തൊക്കെയാണ്? അകാലത്തിൽ അപ്രതീക്ഷിതമായി സ്വന്തം’ജീവിതത്തിനു തിരശീലയിട്ട് പിന്മടങ്ങിയ ആ ജീവിതം നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? അദ്ദേഹത്തിന്റെ ചിന്തകൾ നാം അടയാളപ്പെടുത്തുന്നതെവിടെയാണ് ? ഈ സന്ദേഹങ്ങൾക്കുള്ള ഉത്തരം തേടലായിരുന്നു എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡിസംബർ 8 ന് സംഘടിപ്പിച്ച കുഞ്ഞാമൻ അനുസ്മരണം . കേരളത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി സാമൂഹിക ശാസ്ത്രജ്ഞരും ചിന്തകരും യോഗത്തിൽ പങ്കാളികളായി. ഡോ തോമസ് ഐസക് അധ്യക്ഷനായി ചേർന്ന യോഗം സഖാവ് എം വി ഗോവിന്ദൻ മാഷ് ഉത്‌ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ദളിത് ചിന്തകരിലൊളായ ഡോ ഗോപാൽ ഗുരുവും യോഗത്തിൽ സംബന്ധിച്ച് കുഞ്ഞാമന്റെ സംഭാവനകളെ അനുസ്മരിച്ചു . വർഗ്ഗവും ജാതിയും തമ്മിലുള്ള സംഘർഷങ്ങൾ കുഞ്ഞാമന്റെ ചിന്തകളെ എങ്ങിനെയാണ് സ്വാധീനിച്ചത് എന്നത് അദ്ദേഹം വിശദീകരിച്ചു . വർഗ രഹിതവും ജാതിരഹിതവുമായ ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം . ഇന്ത്യൻ സാമൂഹിക ശാസ്ത്രത്തിനും ,വിശേഷിച്ച് പൊളിറ്റിക്കൽ എക്കണോമിയിലൂന്നിയുള്ള ചിന്തധാധാരകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനെതിരായി നിൽക്കുന്ന എല്ലാത്തിനോടും ജീവിതകാലം മുഴുവൻ കലഹിച്ചയാളായിരുന്നു കുഞ്ഞാമൻ എന്ന് സി ഡി എസിലെ മുൻ അധ്യാപകനായ ഡോ ശിവാനന്ദൻ സൂചിപ്പിച്ചു . ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയ പ്രദേശമാണ് കേരളം . എങ്കിലും അതിന്റെ അപാകതകൾ ചൂണ്ടിക്കാട്ടാനും ,അധസ്ഥിത വിഭാഗങ്ങൾക്കിടയിൽ അതിന്റെ നേട്ടങ്ങൾ വേണ്ടത്ര എത്തിച്ചേരാത്തത് എടുത്തു കാട്ടാനും കുഞ്ഞാമൻ ശ്രമിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഭൂമിയും ഉന്നത വിദ്യാഭ്യാസവും നൽകി അവരെ ഉയർത്തണം എന്ന കാഴ്ചപ്പാട് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു .അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ച വിഭാഗങ്ങൾക്ക് മാത്രമായി വികസനത്തിന്റെ നേട്ടങ്ങൾ പരിമിതപ്പെട്ടു പോകുന്നതിന്റെ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി ഡോ. ശിവാനന്ദൻ പറഞ്ഞു. ലേഖ ചക്രവർത്തി, മീര വേലായുധൻ, വി കെ രാമചന്ദ്രൻ ,പ്രൊഫ അബ്ദുൽ ഷബാൻ,ഡോ സുരേഷ് മാധവൻ ,ഡോ മനോജ് ജോസഫ്, ഡോ സനൽ മോഹൻ കെ എൻ ഹരിലാൽ, കെ എസ് രഞ്ജിത്ത് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. |