Sunday, April 28, 2024

ad

Homeവിശകലനംമഹുവ മൊയ്ത്രയെ പുറത്താക്കിയത് 
ജനാധിപത്യവിരുദ്ധം

മഹുവ മൊയ്ത്രയെ പുറത്താക്കിയത് 
ജനാധിപത്യവിരുദ്ധം

സി പി നാരായണൻ

തിനേഴാമത് ലോക്സഭയിൽ നിന്നും ആദ്യമായി പുറത്താക്കപ്പെടുന്ന അംഗമാണ് മഹുവ മൊയ്ത്ര. അവർ പശ്ചിമബംഗാളിലെ കൃഷ്ണനഗർ നിയോജകമണ്ഡലത്തിൽനിന്നു തൃണമൂൽ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഡിസംബർ 8നാണ് അവർ ലോക്സഭയിൽ നിന്നു പുറത്താക്കപ്പെട്ടത്. എൻഡിഎക്ക് ഭൂരിപക്ഷമുള്ള ലോക്സഭയുടെ നെെതിക (എതിക്സ്) കമ്മിറ്റിയുടെ തീർപ്പ് അനുസരിച്ചാണ് അവർ പുറത്താക്കപ്പെട്ടത്. കോൺഗ്രസ്സിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരു എംപി ആ കമ്മിറ്റിയിൽ അംഗമാണ്. അദ്ദേഹംകൂടി അവരെ പുറത്താക്കുന്നതിനെ അനുകൂലിച്ചതായാണ് വാർത്ത. കോൺഗ്രസ്സിൽ കാവി പൂശിയവരാണ് അധികവും എന്നു ഒരിക്കൽകൂടി തെളിയുന്നു. നെെതിക കമ്മിറ്റി മഹുവയുടെ മേൽ ചാർത്തിയ കുറ്റങ്ങൾ അധാർമികമായ പെരുമാറ്റം, അവകാശലംഘനം, സഭയോടുള്ള അനാദരവ് എന്നിവയായിരുന്നു. ഇവ ആരോപിച്ചത് ഒരു ബിജെപി എംപിയായിരുന്നു. അദ്ദേഹം അത് ചെയ്തതാകട്ടെ, മഹുവ മൊയ്-ത്രയുടെ തെറ്റിപ്പിരിഞ്ഞ ജീവിതപങ്കാളി അവരെക്കുറിച്ച് ചെയ്ത ഒരു പ്രസ്താവനയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലും. വികാരപരമാണ്, വിവേകപൂർവമല്ല ഈ വിധി എന്നാണ് ഇത് സ്പഷ്ടമാക്കുന്നത്.

മഹുവയെ പുറത്താക്കുന്നതിന് നെെതിക കമ്മിറ്റി അതിന്റെ കുറ്റാനേ-്വഷണ റിപ്പോർട്ടിൽ സമാനസംഭവമായി ചൂണ്ടിക്കാട്ടിയത് 2005ൽ 11 എംപിമാരെ ലോക്-സഭയിൽ നിന്നു പുറത്താക്കിയ സംഭവമായിരുന്നു. ഒരു വാർത്താ ഏജൻസി ചോദ്യം ചോദിക്കുന്നതിനു പ്രതിഫലമായി അവർക്കു പണം നൽകുന്നതിന്റെ തെളിവ് സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ ശേഖരിച്ച് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ നടപടി. ആ സംഭവത്തിനു വീഡിയോയിലൂടെയും മറ്റും വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. എന്നാൽ മഹുവമൊയ‍-്-ത്രയുമായി ബന്ധപ്പെട്ട സംഭവത്തിൽ അത്തരം തെളിവൊന്നും ലഭ്യമല്ല. ഇന്റർനെറ്റിലൂടെ ചോദ്യങ്ങൾ പാർലമെന്റ് സെക്രട്ടറിയറ്റിലേക്ക് അയക്കുന്നതിനുള്ള ലോഗിൻ വിവരം അവർ ദർശൻ ഹിരാനന്ദാനി എന്ന ബിസിനസ്സുകാരനു കെെമാറിയിരുന്നു. മഹുവ തന്നെ സമ്മതിച്ചതാണ് ഇക്കാര്യം. ഇതിനു പ്രതിഫലമായി ഹിരാനന്ദാനി പണം നൽകി എന്നതിനു ഒരു തെളിവും തങ്ങൾക്കു ലഭിച്ചിട്ടില്ല എന്നു നെെതിക സമിതി തന്നെ അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ‘‘നിയമപരമായും ശക്തമായും സ്ഥാപനപരമായും സമയബന്ധിതമായുമുള്ള അ-നേ-്വഷണം’’ നടത്തണം എന്നു സമിതി നിർദേശിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, മഹുവ മൊയ്-ത്രയെ പുറത്താക്കണം എന്നു അവസാനം കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു. മഹുവാ പാർലമെന്റിന്റെ സെെറ്റിൽ കയറുന്നതിനുള്ള ലോഗിൻ വിവരം ഹിരനന്ദാനിയുമായി പങ്കുവച്ചത് കുറ്റകരമായ നടപടിയായി കമ്മിറ്റി വ്യാഖ്യാനിച്ചു.

മഹുവാ മൊയ്ത്ര പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളും ഹിരാനന്ദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടവയായി ചൂണ്ടിക്കാണിക്കപ്പെട്ടവയും തമ്മിലുള്ള ബന്ധം നിസ്സാരമാണ്. ഉരുക്കിന്റെയോ എണ്ണയുടെയോ മറ്റോ വിലകളുമായും ബംഗ്ലാദേശോ മറ്റ് ഏതെങ്കിലും അയൽരാജ്യമോ ആയും ബന്ധപ്പെട്ട ചോദ്യങ്ങൾ പല ബിസിനസ് ഗ്രൂപ്പുകൾക്കും ഉപഭോക്താക്കൾക്കും വിലപ്പെട്ടതായിരിക്കും. പല എംപിമാരും അവരുടെ ലോഗിൻ വിവരങ്ങൾ വ്യവസായികളടക്കം മറ്റു പലരുമായും പങ്കുവയ്ക്കാറുണ്ട് എന്ന വസ്തുത കമ്മിറ്റി തന്നെ എടുത്തുപറയുന്നുണ്ട്. അവരുടെ പേരിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. അവരുടെ മേൽ ആരും പരാതി ഉന്നയിച്ചിട്ടുമില്ല.

എന്നിട്ട് നീട്ടിപ്പരത്തി കമ്മിറ്റി പറയുന്നത് മഹുവ ദേശീയ സുരക്ഷ അപകടത്തിലാക്കി എന്നാണ്. പൊതുമണ്ഡലത്തിൽ ലഭ്യമല്ലാത്ത പല വിവരങ്ങളും പാർലമെന്റിന്റെ പോർട്ടലിൽ എംപിമാർക്ക് ലഭ്യമാണ് എന്ന വാദത്തിൽ വലിയ കഴമ്പില്ല. കരടുബില്ലുകൾ രഹസ്യമാക്കി വയ്ക്കണമെന്നു പറയുന്നതിൽ യുക്തിയൊന്നുമില്ല. കരടുബില്ലുകൾ പരസ്യമാക്കിയും പൊതുചർച്ചയ്ക്കു വിധേയമാക്കിയും ജനങ്ങളുടെ പരിഗണനക്ക് വിഷയമാക്കുന്നത് അഭികാമ്യമാണ് എന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനുശേഷമാണ് നിയമസഭയിലോ പാർലമെന്റിലോ അവ ചർച്ചക്ക് വിധേയമാക്കേണ്ടത്.

എന്നാൽ, പുതിയ ബില്ലുകൾ ഇത്തരത്തിൽ സഭയിൽ ചർച്ചക്ക് അവതരിപ്പിക്കുന്നതിനുമുമ്പ് ജനങ്ങൾക്കിടയിൽ ചർച്ചക്കായി അവതരിപ്പിക്കുന്ന പതിവ് നമ്മുടെ നാട്ടിലില്ല. അത് ഇവിടെ ഇന്നു നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രത്യേകതയാണ് എന്നു പറയാം. പാർലമെന്ററി ജനാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ പലതിലും പുതിയ നിയമനിർമാണത്തിനുള്ള കരടുബില്ലുകൾ, പ്രത്യേകിച്ചും പ്രധാനപ്പെട്ടവ, ജനങ്ങൾക്കിടയിലും മാധ്യമങ്ങളിലും വിപുലമായ ചർച്ചക്ക് വിധേയമാക്കിയശേഷമാണ് സഭയിൽ ചർച്ചക്കായി അവതരിപ്പിക്കുക. അതെല്ലാം വച്ചുനോക്കുമ്പോൾ മഹുവ മൊയ്-ത്ര പാർലമെന്റ് അംഗത്തിന്റെ ഏത് അവകാശമാണ് ദുരുപയോഗം ചെയ്തത് എന്ന ചോദ്യം ഉയർന്നുവരുന്നു. പാർലമെന്റ് അംഗങ്ങളുടെ പോർട്ടലിൽ കയറാൻ പാർലമെന്റ് അംഗമല്ലാത്ത ഒരു ബിസിനസ്സുകാരനെ അനുവദിച്ചു എന്നതാണ് അവരുടെമേൽ ആരോപിക്കപ്പെട്ട കുറ്റം. അതുവഴി പാർലമെന്റിന്റെ സുപ്രധാന രേഖകളോ വിവരമോ ദർശൻ ഹിരാനന്ദാനി എന്ന ബിസിനസുകാരന് ലഭ്യമാക്കി എന്ന് നെെതിക സമിതി നടത്തിയ അനേ-്വഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനു പ്രതിഫലമായി മഹുവ മൊയ്-ത്ര ഹിരാനന്ദാനിയിൽ നിന്നു പണം കെെപ്പറ്റി എന്നതിനും ഒരു തെളിവും അവർക്ക് ലഭിച്ചില്ല. അതിനാൽ നെെതിക കമ്മിറ്റി അവരുടെ റിപ്പോർട്ടിൽ നിർദേശിച്ചത് ‘‘നിയമപരവും തീവ്രവും സ്ഥാപനാധിഷ-്ഠിതവുമായ സമയബന്ധിത അനേ-്വഷണം’’ ഇതു സംബന്ധിച്ച് നടത്തിക്കണം എന്നാണ്. അതേ സമയം സെെറ്റിൽ കയറുന്നതിനു മഹുവ മൊയ്ത്ര ഹിരാനന്ദാനിയെ അനുവദിച്ചത് ശിക്ഷാർഹമായ കുറ്റമാണ് എന്നു ബിജെപിക്കാർക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. ഒരു ഭാഗത്ത് അനേ-്വഷണ വിഷയത്തിൽ അസന്ദിഗ്ധമായ തെളിവ് ലഭിച്ചിട്ടില്ല എന്നു പറയുക; അതേസമയം അവർ നിർദേശിച്ച തരത്തിലുള്ള അനേ-്വഷണം നടത്തി വസ്തുത കണ്ടെത്തുന്നതിനുമുമ്പു തന്നെ ശിക്ഷ വിധിക്കുകയും ചെയ്യുക എന്ന തീർത്തും നീതിപൂർവമല്ലാത്തതും തലതിരിഞ്ഞതുമായ നിലപാടാണ് പാർലമെന്റിന്റെ നെെതിക സമിതി കെെക്കൊണ്ടിരിക്കുന്നത്. അത് വെളിവാക്കുന്നത് ബിജെപി നേതൃത്വം ഈ വിഷയത്തിൽ ശിക്ഷ വേണമെന്നും അത് എന്തെന്നു തീരുമാനിച്ച ശേഷമാണ് നെെതിക സമിതിയെക്കൊണ്ടുള്ള അനേ–്വഷണപ്രഹസനത്തിനു തീരുമാനിച്ചത് എന്നുമാണ്. ബിജെപി നേതൃത്വത്തിന്റെ അന്യായമായ ഈ വേട്ടക്ക് ഇരയായിരിക്കുകയാണ് വനിതാ എംപിയായ മഹുവ മൊയ്-ത്ര.

അതുമാത്രം പറഞ്ഞാൽ പോര. നെെതിക സമിതിയുടെ റിപ്പോർട്ട് ലോക്-സഭയുടെ മുമ്പാകെ സമർപ്പിച്ചു. അതിന്റെ ലക്ഷ്യമായി പറഞ്ഞത് അംഗങ്ങൾക്ക് ആവശ്യമെങ്കിൽ അത് പരിശോധിക്കാൻ അവസരം ലഭിക്കണമെന്നായിരുന്നു. 495 പേജ് ഉള്ളതാണ് ആ റിപ്പോർട്ട്. ലോക്-സഭയിൽ അത് അവതരിപ്പിച്ച ഉടനെ അതിന്മേൽ ചർച്ച നടത്തിയതായി കാട്ടികൂട്ടി മഹുവ മൊയ്-ത്രയെ ലോക്-സഭയിൽ നിന്നുപുറത്താക്കണം എന്നു പ്രമേയം അവതരിപ്പിക്കുകയാണ് ഭരണപക്ഷം ചെയ്തത്. തങ്ങൾക്ക് ആ റിപ്പോർട്ട് വായിച്ച് ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകണം എന്ന പ്രതിപക്ഷാംഗങ്ങളുടെ അഭ്യർഥനപോലും സ്പീക്കർ അംഗീകരിച്ചില്ല. ഭരണപക്ഷം അത് ശരിവയ്ക്കുകയും ചെയ്തു. ആരോപണ വിധേയയായ മഹുവ മൊയ്ത്രക്കു പോലും റിപ്പോർട്ട് വായിച്ച് അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയശേഷം തനിയ്ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റത്തെയും അതിനു നിർദേശിക്കപ്പെട്ട ശിക്ഷാനടപടിയെയും കുറിച്ച് അഭിപ്രായ പ്രകടനം നടത്തി സ്വയം ന്യായീകരിക്കാൻപോലും അവസരം നൽകിയില്ല. കോടതികളിൽ പ്രതിക്കു നൽകപ്പെടുന്ന അവകാശമാണ് തന്റെ പേരിൽ ചാർത്തപ്പെട്ട കുറ്റത്തിന്റെ വ്യാപ്തിയും സ്വഭാവവും മനസ്സിലാക്കി അതിനോട് പ്രതികരിക്കുക എന്നത്. അതുപോലും പാർലമെന്റ് അതിലെ ഒരംഗത്തിനു നിഷേധിച്ചു. ഭരണപക്ഷത്തുനിന്നു ഒരു പ്രതിപക്ഷാംഗത്തിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റത്തിനു ന്യായമായ അടിത്തറയോ തെളിവോ നീതികരണമോ ഇല്ലാത്തതുകൊണ്ടും ആ അംഗത്തെ ഏതു വിധേനയും ലോക്-സഭയിൽനിന്നു പുറത്താക്കണം എന്നും മുൻകൂട്ടി നിശ്ചയിച്ചതുകൊണ്ടാണ് അവരുടെ മേൽ ആരോപിച്ച കുറ്റത്തെക്കുറിച്ചുള്ള അനേ-്വഷണവും വിചാരണയും വിധിയെഴുത്തും ഇത്തരത്തിലുള്ള അസംബന്ധനാടകം ആയത്.

ലോക്-സഭയിൽ ബിജെപിക്ക് വലിയ ഭൂരിപക്ഷം ഉള്ളതിനാൽ അവർ ആഗ്രഹിച്ചതുപോലെ ഏത് കുറ്റവും ആരുടെമേലും ആരോപിക്കാം, അനേ-്വഷണം നടത്താം, ശിക്ഷ വിധിച്ചു നടപ്പാക്കാം. പക്ഷേ രാജ്യത്ത് ജനാധിപത്യ സംവിധാനവും നീതിന്യായ വ്യവസ്ഥയും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനാൽ മഹുവ മൊയ്ത്രക്ക് ലോക്-സഭ തന്റെ മേൽ അടിച്ചേൽപ്പിച്ച അംഗത്വത്തിൽ നിന്നു പുറത്താക്കൽ എന്ന വിധി സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ കഴിയും. നീതി നിഷേധിക്കപ്പെട്ടാൽ (അത് ലോക്-സഭയിൽ ആയാൽപോലും) അതിനു പ്രതിവിധി തേടാൻ ഇന്നും ഇന്ത്യാമഹാരാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനം ഏത് പൗരനും അവസരം നൽകുന്നുണ്ട്.

ലോക്-സഭയിൽ തന്റെ ഭാഗത്തുനിന്നുള്ള ന്യായീകരണം അവതരിപ്പിക്കുന്നതിനു മഹുവ മൊയ്ത്രക്ക് അവസരം നിഷേധിക്കപ്പെട്ടു. അത് പറഞ്ഞുകൊണ്ടുതന്നെ സുപ്രീംകോടതിയെ സമീപിക്കാൻ അവർക്ക് കഴിയും. അവർ അങ്ങനെ ചെയ്യുന്ന പക്ഷം ലോക്-സഭ തിടുക്കത്തിൽ മഹുവക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ട് വിധി നടത്തിയത് നീതിപൂർവമാണോ എന്നു പുനഃ പരിശോധിക്കപ്പെടും. അതോടൊപ്പം അവരുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച് അവർക്കു പറയാനുള്ള വാദങ്ങൾ പരിഗണിക്കപ്പെടേണ്ടി വരും. നെെതിക സമിതിയും ലോക്-സഭയും യഥാർഥത്തിൽ ചെയ്തത് ഏതാണ്ട് ഏകപക്ഷീയമായി അവരുടെ മേൽകുറ്റം ആരോപിച്ച് ശിക്ഷിക്കുകയായിരുന്നു. അത് രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെ നിഷേധമാണ്.

ബിജെപി സർക്കാരിന്റെ ജനാധിപത്യ നടപടികൾക്കും നയങ്ങൾക്കുമെതിരെ ലോക്-സഭയിൽ നിരന്തരം ശബ്ദമുയർത്തിയിരുന്നു മഹുവ മൊയ്ത്ര . ആ ശബ്ദം പാർലമെന്റിൽ ഇനി ഉയർന്നു കേൾക്കേണ്ട എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിജെപി തങ്ങളുടെ ഭൂരിപക്ഷമുപയോഗിച്ച് മഹുവ മൊയ്-ത്രയെ പാർലമെന്റിൽ നിന്നും പുറത്താക്കിയത്. എതിർശബ്ദങ്ങളെയെല്ലാം നിശ്ശബ്ദമാക്കുക എന്ന സംഘപരിവാർ അജൻഡയാണ് ഇതിലൂടെ നടപ്പിലാക്കപ്പെട്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular