നവലിബറൽ സാമ്പത്തികനയങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടുകൊണ്ട്, രാജ്യത്ത് ചില പ്രത്യേക വിഭാഗങ്ങളെക്കൂടി സൃഷ്ടിച്ചിരിക്കുന്നു. തൊഴിൽ-സംരംഭ മേഖലയിൽ പ്രവർത്തിക്കുന്നവർ, നഗരകേന്ദ്രിതമായ ഒരു മധ്യവർഗം, വികസിതരാജ്യങ്ങളിലുൾപ്പെടെ ചേക്കേറിയിരിക്കുന്ന പ്രൊഫഷണലുകൾ തുടങ്ങിയവയാണ് അവ. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറച്ചുവയ്ക്കാൻ ഈ വിഭാഗങ്ങൾക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും തീവ്ര പിന്നാക്ക വിഭാഗത്തിൽ പെടുന്നുവെന്നും അവർ രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നുവെന്നതുമാണ് മറച്ചുവച്ചിരിക്കുന്ന ഒരു യാഥാർഥ്യം. പത്തുവർഷത്തിലൊരിക്കൽ രാജ്യത്ത് നടത്തിവന്ന സെൻസസ് നടത്താതെ ഒളിച്ചുകളിക്കുന്ന കേന്ദ്രസർക്കാർ, ഈ യാഥാർഥ്യം പുറത്തുവരരുതെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനേറ്റ കനത്ത ആഘാതമാണ് ബീഹാർ സർക്കാർ നടത്തിയ ജാതിസർവെ.
വ്യത്യസ്ത ജാതികളും ഉപജാതികളുമുള്ള ഇന്ത്യയെ സംബന്ധിച്ച് ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് വളരെ പ്രധാനമാണ്. ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് സർക്കാർ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അനിവാര്യമായ ഒന്നായാണ് സെൻസസിനെ കാണുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് 1951 ലാണ് നടന്നത്. 2011 വരെ തുടർച്ചയായി നടന്നുവന്ന സെൻസസ് 2021 ൽ നടത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ സെൻസസ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ഇതുവരെയും സെൻസസ് നടത്താനുള്ള മുന്നൊരുക്കങ്ങൾ പോലും നടത്തിയിട്ടില്ല എന്നത് രാജ്യത്തിന്റെ വികസനകാര്യത്തിലുള്ള സർക്കാരിന്റെ താല്പര്യമില്ലായ്മയെയാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിക്കുന്ന വളരെ ശ്രദ്ധേയമായ ചർച്ചകൾക്ക് ഇന്നും ആധാരമാകുന്ന ഒന്നാണ്, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വ്യക്തമായിപ്പറഞ്ഞ ഒരു കാര്യം, രാജ്യത്ത് 52 ശതമാനം ജനങ്ങൾ മറ്റു പിന്നാക്ക വിഭാഗം എന്ന ഗണത്തിൽ പെടുന്നുവെന്നും അതേസമയം, ഇവരിൽ 12.5 ശതമാനം മാത്രമേ കേന്ദ്രസർക്കാർ സർവീസിലെ വിവിധ ജോലികളിൽ നിലവിലുള്ളൂ എന്നുമാണ്. രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിനു കമ്മീഷനെ നിയോഗിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം പ്രസിഡന്റിന് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് 1978 ൽ ബി പി മണ്ഡൽ അധ്യക്ഷനായുള്ള കമ്മീഷനെ പ്രസിഡന്റ് നിയമിച്ചത്. സർക്കാർ ജോലികളിൽ പിന്നാക്കവിഭാഗത്തിന്റെ ആനുപാതിക പ്രാതിനിധ്യം ഇല്ലായെങ്കിൽ, അത് പരിഹരിക്കുന്നതിന് സംവരണത്തിന്റെ സാധ്യത പരിഗണിക്കുന്നതും കമ്മീഷന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നു.
പിന്നാക്കവിഭാഗത്തിന്റെ അവസ്ഥ സംബന്ധിച്ച് പഠിച്ചു നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ആദ്യത്തെ കമ്മീഷൻ ഇന്ത്യയിൽ നിലവിൽ വന്നത് 1953 ലാണ്. കാക കലേക്കറുടെ നേതൃത്വത്തിലായിരുന്നു ആ കമ്മീഷൻ. 1955 ൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ പരിഗണിക്കാൻ നാലു മാനദണ്ഡങ്ങളാണ് നിർദ്ദേശിച്ചത് : ഹിന്ദു സമൂഹത്തിലെ ജാതിശ്രേണിയിൽ താഴെത്തട്ടിൽ നിൽക്കുന്നവർ, പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാകാത്ത സ്ഥിതിയിൽ തുടരുന്ന ജാതിവിഭാഗങ്ങൾ, സർക്കാർ സർവ്വീസിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങൾ, പര്യാപ്തമായ പ്രാതിനിധ്യം വാണിജ്യ വ്യവസായ മേഖലയിൽ ഇല്ലാത്ത വിഭാഗങ്ങൾ. 2399 പിന്നാക്ക ജാതികളെ കമ്മീഷൻ രേഖപ്പെടുത്തുകയും അവരുടെ നില ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1961 ലെ സെൻസസിൽ ജാതിയടിസ്ഥാനത്തിലുള്ള സ്ഥിതിവിവരം രേഖപ്പെടുത്തുന്ന രീതി സ്വീകരിച്ചിരുന്നു. സ്ത്രീകളെ പൊതുവിൽ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി. കലേക്കർ കമ്മീഷന്റെ നിർദ്ദേശങ്ങളിലെ രണ്ടാമത്തെ മാനദണ്ഡത്തിൽ ഉയർന്നുവന്ന അഭിപ്രായഭിന്നതകൾ കാരണം, റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കിയില്ല.
1961 ഒക്ടോബറിൽ, പിന്നാക്കവിഭാഗങ്ങളെ തീരുമാനിക്കാനുള്ള മാനദണ്ഡം സാമ്പത്തികസ്ഥിതിയായി പരിഗണിക്കുകയും അക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
മണ്ഡൽ കമ്മീഷൻ 1980 ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും ഇന്ദിരാഗാന്ധി സർക്കാർ കമ്മീഷന്റെ കാലാവധി മൂന്നുതവണ വീണ്ടും നീട്ടിനൽകുകയാണ് ചെയ്തത്. പിന്നാക്കവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം കേന്ദ്രസർക്കാർ സർവ്വീസിൽ കമ്മീഷൻ നിർദ്ദേശിക്കുകയുണ്ടായി. ഇന്ദിരാഗാന്ധിഗവണ്മെന്റും പിന്നീട് രാജീവ്ഗാന്ധി ഗവണ്മെന്റും അത് നടപ്പിലാക്കാൻ തയാറായില്ല. 1989 ൽ അധികാരത്തിൽ വന്ന വി പി സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ ശുപാർശകൾ അംഗീകരിക്കുകയും കേന്ദ്രസർക്കാർ സർവ്വീസിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നടപ്പിലാക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായഭിന്നതകൾ ഉയർത്തുകയും പലതരത്തിലുള്ള ചർച്ചകൾ രാജ്യത്ത് രൂപപ്പെടുകയും ചെയ്തു. അതിന്റെയൊക്കെ ഭാഗമായി ഭരണഘടനയുടെ 102–ാം ഭേദഗതിയിലൂടെ സംസ്ഥാനങ്ങൾക്ക് പിന്നാക്കവിഭാഗങ്ങളെ തീരുമാനിക്കാനുള്ള അവകാശം എടുത്തുമാറ്റിയെങ്കിലും 127 ആം ഭേദഗതിയിലൂടെ അത് പുനഃസ്ഥാപിച്ചു.
ബിഹാറിൽ ജാതി സർവ്വേ നടന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. 127–ാം ഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ആ സർവ്വേ നടന്നത്. കാക കലേക്കർ കമ്മീഷൻ 1961 ലെ സെൻസസിൽ തന്നെ ജാതി അടിസ്ഥാനത്തിലുള്ള വിവരശേഖരണം നടത്താൻ നിർദ്ദേശിച്ചതും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്. ബിഹാറിലെ ജാതി സെൻസസിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളുകയുണ്ടായി. കേന്ദ്രസർക്കാറിനാണ് സെൻസസ് നടത്താനുള്ള അധികാരമെന്നായിരുന്ന ഹർജിയിലെ വാദം. എന്നാൽ, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജി എന്ന് വിശേഷിപ്പിച്ചാണ് സുപ്രീം കോടതി ആ ഹർജി തള്ളിക്കളഞ്ഞത്.
ബീഹാർ സർക്കാർ രണ്ടുതരത്തിലാണ് കേന്ദ്രസർക്കാരിനെ പിന്നിലാക്കിക്കൊണ്ടുള്ള ചരിത്രപരമായ ചുവടുവയ്പ് നടത്തിയിരിക്കുന്നത്. ജാതിസർവ്വേ നടത്തി എന്നതാണ് ഒന്ന്. മറ്റൊന്ന്, സർവ്വേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ജാതിവിഭാഗങ്ങളെയും അതിലുൾപ്പെടുന്ന ജനസംഖ്യയും പരസ്യപ്പെടുത്തി എന്നതാണ്. ഹിന്ദുത്വവാദത്തിന്റെ തീവ്രമായ മുഖം കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, ഉത്തരേന്ത്യൻ സവർണ്ണ ഹിന്ദുത്വത്തിന്റെ മേധാവിത്തം വളരെ പ്രകടമാണ്. അത്തരമൊരു സാഹചര്യത്തിൽ ബീഹാർ സർക്കാർ ജാതിസർവ്വേയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ കേന്ദ്രസർക്കാരിന്റെ കാപട്യത്തിനുനേരെ വെളിച്ചം വീശുകയാണുണ്ടായത്. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന പ്രതിലോമസമീപനം പുറത്തുകൊണ്ടുവരുന്നതായിരുന്നു ജാതിസർവ്വേ സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രതികരണങ്ങൾ.
ജാതികൾക്കുള്ളിൽ തന്നെ സാമ്പത്തികാടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ നിലവിലുണ്ട് എന്ന വസ്തുത നിരാകരിക്കാനാവില്ല. സവർണ്ണ മേധാവിത്തം നിലനിൽക്കുന്ന സമൂഹത്തിൽ സവർണ്ണ ജാതികളിലെ ദരിദ്രരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നത്, മറ്റു ജാതികളിലെ സമാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ എളുപ്പമായേക്കും. എന്നാൽ, സമ്പന്ന-–ദരിദ്ര വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജാതികൾക്കുള്ളിൽ ശക്തമായി ഉയർന്നുവരുന്നുണ്ടെന്നത് യാഥാർഥ്യമാണ്. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ ജാതിരാഷ്ട്രീയവുമായി മാത്രം ചേർത്തുവച്ച് കാണാനും ആവില്ല. ജാതിരാഷ്ട്രീയമെന്നാൽ താഴ്ന്ന ജാതി എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട പ്രശ്‍നം മാത്രമാണെന്ന ധാരണയ്ക്ക് മാറ്റം വന്നിട്ടുമുണ്ട്. അതേസമയം, സാമൂഹ്യനീതിയുമായി ബന്ധപ്പെടുത്തിയല്ലെങ്കിൽ പോലും പിന്നാക്കജാതിരാഷ്ട്രീയം ഉന്നയിക്കപ്പെടുന്നത്, ഇന്ന്, രാജ്യത്തുയർന്നുവരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ ഭാഗമായ സവർണ്ണ – നവ വരേണ്യ മേധാവിത്തത്തിനും വെല്ലുവിളിയാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.
സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നയങ്ങളിൽ കാര്യമായ മാറ്റം വേണമെന്നാണ് ബിഹാർ സംസ്ഥാനം നടത്തിയ ജാതിസർവെ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ റിപ്പോർട്ട് പ്രകാരം, പട്ടികജാതി വിഭാഗത്തിൽപെടുന്ന തൊഴിലാളികളിൽ 38.3 ശതമാനം കാഷ്വൽ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. 12.2 ശതമാനം മാത്രമാണ് സ്ഥിരവരുമാനമുള്ള തൊഴിൽമേഖലയിൽ ഉള്ളത്. 2021 ലെ കണക്കുകൾ പ്രകാരം കേന്ദ്രസർക്കാർ സർവ്വീസിൽ 17 .5 ശതമാനം പട്ടികജാതിക്കാരും 7.7 ശതമാനം പട്ടികവർഗ്ഗവിഭാഗക്കാരും 22.1 ശതമാനം മറ്റു പിന്നാക്കവിഭാഗക്കാരും മാത്രമാണ് ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ്, രാജ്യത്ത് ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് നടത്തി, എല്ലാ പൗരർക്കും ഭരണഘടനാപരമായ സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ഗൗരവമുള്ള ഉത്തരവാദിത്തത്തിൽ നിന്ന്, സെൻസസിനെ കുറിച്ചുള്ള ചർച്ചയ്ക്ക് പോലും തയ്യാറാവാതെ കേന്ദ്രസർക്കാർ ഒളിച്ചുകളിക്കുന്നത്. ♦