Sunday, April 28, 2024

ad

Homeവിശകലനംരാജ്യം തൊഴിലില്ലായ്മയുടെ പടുകുഴിയിലേക്ക്

രാജ്യം തൊഴിലില്ലായ്മയുടെ പടുകുഴിയിലേക്ക്

ഡോ. വി ശിവദാസൻ

പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്നിപഥ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തിയ ദിവസം, അതായത് 2022 ജൂൺ 14ന് രാജ്യത്തോടായി നടത്തിയ വാഗ്ദാനമാണ് പതിനെട്ട് മാസംകൊണ്ട് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്. അതിൽ പത്ത് ലക്ഷം പേർക്ക് ഈ കാലയളവിൽ കേന്ദ്ര സർക്കാർ നേരിട്ട് ഗവൺമെന്റ് സർവ്വീസിൽ തൊഴിലവസരം നൽകുമെന്നുമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലിയ ആഘോഷത്തോടെയാണ് ബിജെപി-–ആർഎസ്എസ് നേതാക്കൾ കൊണ്ടാടിയത്. രാഷ്ട്രീയനേട്ടത്തിനായി കപടവാഗ്ദാനങ്ങളുടെ പെരുമ്പറകൊട്ടാൻ യാതൊരുമടിയുമില്ലാത്തയാളാണ് മോദിയെന്നത് മുൻപും നമ്മൾ മനസിലാക്കിയതാണ്. അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യത്തുയർന്നുവന്ന പ്രതിഷേധത്തെ വഴിതിരിച്ചുവിടാനുള്ള സൂത്രവിദ്യമാത്രമായിരുന്നു മോദിയുടെ തൊഴിൽ വാഗ്ദാനമെന്നത് അന്നുതന്നെ വ്യക്തമായിരുന്നു. ജനവഞ്ചനയുടെ ക്രൂരഫലിതമായി അത് മാറുകയായിരുന്നു. മോദിയുടെ ഇത്തരം സമീപനങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. വഞ്ചനക്കായുള്ള വായ്-പാ-ട്ടുകൾ മോദിയുടെ ജീവിതത്തിന്റെ ഭാഗമാണ്. അധികാരകസേരകളേറാനുള്ള സൂത്രവിദ്യയായാണ് അതിനെ ബിജെപി-–ആർഎസ്എസ് നേതൃത്വം കാണുന്നത്. ഇത്തരം നിരവധി അനുഭവങ്ങളുണ്ടായിട്ടും വലതുപക്ഷത്തെയും മോദിയുടെ സമീപനത്തെയും മനസിലാക്കാൻ കഴിയാതെപോയ വലിയൊരുകൂട്ടം ഇന്ത്യയിലുണ്ടെന്നത് യാഥാർത്ഥ്യമാണ്.

രാജ്യത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ സുപ്രധാന ചുമതലയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനപാതയെക്കുറിച്ച് ദേശീയ സ്വതന്ത്ര്യ സമര നായകരും ജനാധിപത്യ – മതനിരപേക്ഷ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാടുമതായിരുന്നു. അതുകൊണ്ടുതന്നെയാണ് രണ്ടുകോടി തൊഴിലവസരങ്ങളെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ജനമനസ്സുകളിലുണ്ടാക്കാൻ കഴിഞ്ഞത്. തൊഴിൽ മേഖലയോട് മോദിസർക്കാരിന്റെ സമീപനമെന്താണെന്നത് നാം കണ്ടു കഴിഞ്ഞകാര്യമാണ്. ലോകത്ത് സർക്കാർ മേഖലയിലും പൊതു മേഖലയിലും ഏറ്റവും കുറഞ്ഞതൊഴിലുകൾ നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്ക, കാനഡ, ചൈന, ഇംഗ്ലണ്ട്, തുടങ്ങിയ രാജ്യങ്ങളിലെല്ലാം അവിടങ്ങളിലെ സർക്കാർ നൽകുന്ന തൊഴിലുകൾ ഇന്ത്യയിലേതിനേക്കാൾ വളരെകൂടുതലാണ്. അതിന്റെയൊരു താരതമ്യം ഇന്ത്യയുടെ പരിതാപകരമായ സ്ഥിതിവിശേഷത്തെയാണ് അടയാളപ്പെടുത്തുക. പബ്ലിക് എംപ്ലോയ്മെന്റ് സംബന്ധിച്ച് ഐഎൽഒയുടെ കണക്കുകൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. നോർവെ 32.2%, സ്വീഡൻ 29.3%, ഓസ്ട്രേലിയ 28.9%, യുകെ 22.5%, യുഎസ്എ 13.6% എന്ന നിലയിലും ഇന്ത്യയുടേത് 3.8. ശതമാനം മാത്രവുമാണ്. ബിജെപി-–ആർഎസ്എസ് കൂലിയെഴുത്തുകാർ പറയുന്നത്, ലോകത്തെഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്നാണ്. എന്നാൽ ഇന്ത്യയുടെ തൊഴിൽമേഖലയുടെ യഥാർത്ഥ ചിത്രമെന്താണെന്ന് അവർ സംസാരിക്കുന്നില്ല. അത്തരമൊരു പരിശോധന നടത്തുകയാണെങ്കിൽ തൊഴിലില്ലായ്മയുടെ ഭീകരതയും അതിന്റെ കാരണവും അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങളും മനസിലാക്കാനാകും.

യൂണിയൻ സർക്കാർ നിയമനങ്ങൾ
ഇന്ത്യയിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് കേന്ദ്ര സർക്കാർ സർവ്വീസുകളിലെ നിയമനങ്ങൾ. അതിനൊപ്പം പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും. ഈ രണ്ട് മേഖലകളിലും തൊഴിലവസരങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ സർവ്വീസിൽ നിലവിൽ 9,64,354 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. അതുപ്രകാരം ഗ്രൂപ്പ് എ (30,606), ഗ്രൂപ്പ് ബി (111,814), ഗ്രൂപ്പ് സി (821,934) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. പത്തു ലക്ഷത്തോളം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ഈ കണക്കുകളിൽ നിന്നു വ്യക്തമാണ്. എന്നാൽ അതിനൊപ്പം സർക്കാർ പറഞ്ഞ മറ്റൊരു കാര്യംകൂടി ചേർത്ത് വായിക്കണം. രണ്ടുവർഷത്തിലധികം കാലം നിയമനം നടത്താതെയിരിക്കുന്ന തസ്തികകൾ ഇല്ലാതായതായി കണക്കാക്കുമെന്നാണ്. അതിനർത്ഥം ഈ സർക്കാരിന്റെ കാലത്ത് ലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കിയെന്നാണ്. എത്ര തസ്തികകൾ റദ്ദാക്കപ്പെട്ടു എന്ന ചോദ്യത്തിന് , ‘രണ്ടോ മൂന്നോ വർഷം ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ റദ്ദ് ചെയ്യപ്പെട്ടതായി കണക്കാക്കു’മെന്നു മാത്രമാണ് മറുപടി. അതിന്റെ കണക്കുകളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭ്യമല്ല എന്നാണ് മറുപടിയിൽനിന്ന് വ്യക്തമാകുന്നത്. മൂന്നു വർഷം നിയമനം നടത്താതെയിരുന്നാൽ , തസ്തികകൾ തന്നെ റദ്ദാക്കപ്പെടുമെന്നത് യുവാക്കളോട് മോദി സർക്കാർ ചെയ്യുന്ന കൊടുംക്രൂരതയാണ്. സർക്കാർ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിൽ സൃഷ്‌ടിക്കുമെന്ന നരേന്ദ്രമോദിയുടെ വമ്പൻ പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ് മറുപടിയിൽനിന്ന് വെളിപ്പെടുന്നത്.

നിലവിൽ റദ്ദ് ചെയ്യപ്പെട്ട അനേകായിരം പോസ്റ്റുകൾക്കു ശേഷമുള്ള ഒഴിവാണിത്. ഒരോവർഷവും ആയിരക്കണക്കായ തസ്തികകളാണ് റദ്ദാക്കപ്പെടുന്നത്. അതിനർത്ഥം സർക്കാർ സർവ്വീസിൽ എത്ര ഒഴിവുകളുണ്ടെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരത്തിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഉൾപ്പെടില്ലെന്നാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് ഒരു വർഷത്തിലേറെ പിന്നിട്ടുകഴിഞ്ഞു. എന്നാൽ അതിനുശേഷം എത്ര തസ്തികകൾ പുതിയതായി സൃഷ്ടിച്ചുവെന്നതിന് സർക്കാരിന് ഉത്തരമില്ല. എത്ര പേർക്ക് കേന്ദ്രസർക്കാർ സർവ്വീസിൽ നിയമനം നൽകി എന്നതിനും മറുപടി നൽകുന്നില്ല. അതൊക്കെ പ്രത്യേകവകുപ്പുകളുടെ ചുമതലയാണ് എന്നുപറഞ്ഞ് തടിതപ്പുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. അതിനർത്ഥം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ്. രാജ്യത്തെ ജനങ്ങൾ വഞ്ചിക്കപ്പെട്ടതിന്റെ അധ്യായങ്ങളിലൊന്നായത് മാറിയിരിക്കുകയാണ്. 2022 ജൂൺ 14 ന് ശേഷം, എത്ര തസ്തികകൾ പുതുതായി സൃഷ്ടിച്ചു , എത്ര തസ്തികകൾ നിർത്തലാക്കി , എത്ര നിയമനങ്ങൾ നടത്തി എന്ന് നിരന്തരം നിരീക്ഷിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടിയിരുന്നത് പ്രധാനമന്ത്രിയുടെ കടമയാണ്. എന്നാൽ അദ്ദേഹം നയിക്കുന്ന മന്ത്രാലയം കണക്കുകൾപോലും ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ്.

കേന്ദ്ര സായുധസേനകൾ
ഇന്ത്യൻ സെെന്യത്തിലെ ഒഴിവുകളെക്കുറിച്ച് നേരത്തെയുള്ള ലേഖനത്തിൽ വിശദീകരിച്ചതാണ്. സെെന്യത്തിൽ സ്ഥിരം തൊഴിലുതന്നെയില്ലാതാകുന്ന യൂണിയൻ സർക്കാർ പാരമിലിട്ടറി ഫോഴ്സിലും സമാനമായ നയമാണ് അടിച്ചേൽപ്പിക്കുന്നത്. അർദ്ധസൈനികരെന്നു വിളിച്ചിരുന്ന വിഭാഗത്തെയിപ്പോൾ കേന്ദ്ര സായുധ പോലീസെന്നാണ് വിളിക്കുന്നത്. കേന്ദ്ര സായുധ പോലീസ് സേനയിൽ നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും 22 ശതമാനത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. യൂണിയൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെയാണിത് അറിയിച്ചത്. ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർമാരുടെ തസ്തികകൾ 10 ശതമാനത്തിലധികം വരും. അസ്സം റൈഫിൾസ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി തുടങ്ങിയ സായുധ സേനയിൽ 10 ശതമാനത്തോളം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ആസ്സം റൈഫിൾസ് – – 3706 , ബി.എസ്.എഫ് – – 19,987, സി.ഐ.എസ്.എഫ് –- 19,475, സി.ആർ.പി.എഫ്–- 29,283, ഐ.ടി.ബി.പി – 4142 ,എസ്.എസ്.ബി -– 8273 എന്നിങ്ങനെയാണ് വിവിധ കേന്ദ്ര സായുധ പോലീസിലെ ഒഴിവുകൾ.

സി.ആർ.പി.എഫിൽ മാത്രം നഴ്സുമാരുടേയും മറ്റ് മെഡിക്കൽ ജീവനക്കാരുടേതുമായി നിലവിൽ 1330 ഒഴിവുകളാണുള്ളത്. അതാകട്ടെ നിലവിൽ നിശ്ചയിച്ചിട്ടുള്ള തസ്തികകളുടെ 31 ശതമാനത്തിലധികമുള്ള ഒഴിവുകളാണ്. ബി.എസ്.എഫ് -– 317 , സി.ഐ.എസ്.എഫ് – – 81 , ഐ.ടി.ബി.പി – – 169 , എസ്.എസ്‌.ബി – – 228 , എ.ആർ -– 229 എന്നിങ്ങനെയും ഒഴിവുകൾ നിലനിൽക്കുകയാണ്. അതേസമയം ഡോക്ടർമാരുടെ ഒഴിവുകൾ പരിശോധിക്കുകയാണെങ്കിൽ സി.ഐ.എസ്.എഫിൽ നിലവിൽ 28 ഡോക്ടർമാരുടെ ഒഴിവുകളുണ്ടെന്ന് വകുപ്പുതന്നെ പറയുകയാണ്. അതാകട്ടെ, ആവശ്യമായതെന്ന വകുപ്പിന്റെതന്നെ കണക്കുകൂട്ടലിനെക്കാൾ 34 ശതമാനത്തോളമുള്ള ഒഴിവുകളാണ്. സി.ആർ.പി.എഫ് – – 34 , ബി.എസ്.എഫ് -– 54 , ഐ.ടി.ബി.പി – – 81, എസ്.എസ്.ബി – – 45 , എ.ആർ -– 05 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ.

ഇന്ത്യൻ സേനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് യൂണിയൻ സർക്കാരിന് നേതൃത്വം നൽകുന്നത്. എന്നാൽ ആ സേനാംഗങ്ങളുടെ നേരെ കാണിക്കുന്ന കടുത്ത അവഗണനയ്ക്കുള്ള വ്യക്തമായ തെളിവുകളാണ് നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകൾ. സേനാംഗങ്ങളെ പരിചരിക്കാനും ചികിത്സിക്കാനും നിലവിൽ ആവശ്യമുള്ളതിന്റെ 70 ശതമാനംപോലും ഡോക്ടർമാർ സർവ്വീസിലില്ല. സായുധ സേനാംഗങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കു തള്ളിവിടുന്ന വസ്തുതയാണിത്. ഇന്ത്യൻ സൈന്യത്തെയും സായുധ സേനയെയുംകുറിച്ച് കപടസ്നേഹപ്രകടനത്തിനപ്പുറത്ത് മറ്റൊന്നും ബിജപി-–ആർഎസ്എസ് കൂടാരത്തിൽ നിന്നും ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള ഒഴിവുകൾ നികത്തി സേനയെ ശക്തമാക്കി അവർക്കു മാനസിക സമ്മർദ്ദം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യമാണ് സർക്കാരുണ്ടാക്കേണ്ടത്.

റോസ്ഗാർ മേളകളെന്ന തട്ടിപ്പ്
പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവുകൾ നൽകുന്ന റോസ്‌ഗാർ മേളകൾ രാജ്യത്ത് നടക്കുകയുണ്ടായി. രാജ്യത്താദ്യമായി സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിയമന ഉത്തരവുകൾ വലിയ വാർത്തകളായിമാറി. എന്നാൽ എത്ര പേർക്കാണ് മേളകളിലൂടെ പുതിയതായി തൊഴിൽ കൊടുത്തതെന്ന് വെളിപ്പെടുത്തുന്നില്ല. കാരണം അത്രമേൽ നിയമനരാഹിത്യവും തസ്തികകളുടെ ഉന്മൂലനവുമാണ് ഈ കാലയളവിൽ നടന്നിരിക്കുന്നത്. മോദി സർക്കാർ പുതിയതായി തൊഴിൽ സൃഷ്ടിക്കുകയാണെന്ന പ്രതീതിയുണ്ടാക്കാനായി റോസ്ഗാർ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. അതിനായ് കോടിക്കണക്കിന് രൂപ പരസ്യത്തിനും മറ്റുമായി ചെലവഴിക്കുന്നുമുണ്ട്. പൊതുമേഖലാബാങ്കുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം നിയമനഉത്തരവുകൾ അതാത് സ്ഥാപനങ്ങൾ മുൻപ് നേരിട്ട് അയക്കാറാണ് പതിവ്. തപാൽ ജീവനക്കാരാണവയൊക്കെ വീടുകളിലെത്തിച്ചുകൊടുത്തിരുന്നത്. എന്നാലിപ്പോൾ പ്രധാനമന്ത്രി ഇത്തരം നിയമന ഉത്തരവുകളുടെ വിതരണപരിപാടി സംഘടിപ്പിക്കുകയാണ്. വലിയ പ്രചരണ മാമാങ്കത്തോടെയാണ് വിതരണ പരിപാടികളൊരുക്കിയത്. എന്നാലതിന്റെ ഭാഗമായി പുതിയതായൊരു തൊഴിലവസരംപോലും സൃഷ്ടിക്കപ്പെടുന്നില്ല. ഇത്തരം റോസ്ഗാർ മേളകളുടെ പ്രഹസനങ്ങൾ തുടരുന്ന ഘട്ടത്തിൽ തന്നെയാണ് യൂണിയൻ സർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ നിയമനങ്ങൾ സംബന്ധിച്ച് കണക്ക് നൽകിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്താതിരിക്കുന്നതിന്റെയും തസ്തികകൾ വെട്ടിക്കുറയ്-ക്കുന്നതിന്റെയും പ്രത്യക്ഷ ഉദാഹരണംതന്നെയാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥിതി. 23,000 തസ്തികകളാണവിടെ വെട്ടിക്കുറയ്-ക്കപ്പെട്ടത്. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ തോതിൽ തൊഴിലവസരങ്ങൾ കുറയുന്നുവെന്നത് അടിവരയിടുന്നതാണിത്. സ്റ്റീൽ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം 2017 ൽ 82,964 പേരാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ(സെയിൽ) ജീവനക്കാരായി ഉണ്ടായിരുന്നത്. എന്നാൽ ഈ സംഖ്യ 2023 ആയപ്പോൾ 59,602 ആയി കുറഞ്ഞു. 23,362 പേരുടെ കുറവാണ് വന്നത് . സെയിലിന്റെ എല്ലാ വിഭാഗങ്ങളിലും ഈ കുറവ് ദൃശ്യമാണ്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ 12,840 പേരുണ്ടായിരുന്നു . അത് 9,979 ആയി കുറഞ്ഞു. നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ 70,124 പേരിൽ നിന്നുമാണ് കുറഞ്ഞ് 49,623 ആയത് . എന്നാൽ ഈ കമ്പനിയിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണം , വെറും 1549 ആണ് എന്നാണ് മന്ത്രാലയം നൽകിയ കണക്കുകളിൽ പറയുന്നത്. ഇതിനർത്ഥം വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു എന്നാണ്. സർക്കാർ മേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽപോലും തൊഴിലവസരങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്യുന്നത്.

വ്യവസായങ്ങൾ
വ്യാവസായിക മേഖലയിലും തൊഴിലവസരങ്ങൾ പരിതാപകരമായ നിലയിൽ പിറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വ്യവസായസൗഹൃദസൂചികയിൽ മുന്നേറ്റം കൈവരിച്ചുവെന്ന അവകാശവാദങ്ങൾ നിരന്തരം കേൾക്കാറുണ്ട്. എന്നാൽ 559 കമ്പനികൾ ഇന്ത്യ വിട്ടുവെന്നാണ് കണക്കുകൾ. രാജ്യസഭയിൽ യൂണിയൻ സർക്കാർതന്നെ നൽകിയ മറുപടിയാണിതെന്നത് വിസ്മരിക്കരുത്. 2018 മുതൽ ഇത്രയും വിദേശ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചതായി വെളിപ്പെടുത്തിയത് കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയമാണ്. 2019 ൽ മാത്രം 137 കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു. 2018ൽ 102, 2019ൽ 137, 2020ൽ 90, 2021ൽ 75, 2022ൽ 64 എന്നിങ്ങനെയാണ് പ്രവർത്തനം അവസാനിപ്പിച്ച കമ്പനികളുടെ എണ്ണം. ഇന്ത്യയിലേയ്ക്ക് വരുന്നതിനേക്കാൾ കൂടുതൽ കമ്പനികൾ, ഇന്ത്യ വിട്ടു പോകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേവലം 469 കമ്പനികൾ മാത്രമാണ് ഈ കാലയളവിൽ പുതിയതായി ഇന്ത്യയിലേക്ക് വന്നത്. മുൻകാലങ്ങളിലേതിനേക്കാൾ പുറകോട്ടുപോയെന്നാണിത് കാണിക്കുന്നത്.

വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കുമെന്നും അതുവഴി ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള വാഗ്‌ദാനങ്ങളുടെ അർത്ഥശൂന്യതയാണിത് വ്യക്തമാക്കുന്നത്. നിലവിലുള്ള കമ്പനികൾ പോലും പ്രവർത്തനം അവസാനിപ്പിക്കുകയും ഇപ്പോഴുള്ള തൊഴിലുകൾ പോലും ഇല്ലാതാവുകയുമാണ് ചെയ്യുന്നത്. രണ്ടരക്കോടി തൊഴിലവസരങ്ങൾ ഒരു വർഷം പുതിയതായി സൃഷ്ടിക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വ്യാവസായിക മേഖലയിലെ നിലവിലുള്ള തൊഴിലുകൾ പോലും നഷ്ടപ്പെടുകയാണ്. ആർ എസ് എസിന് വേണ്ടപ്പെട്ട കമ്പനികൾക്ക് നൽകുന്ന വഴിവിട്ട സഹായങ്ങൾ, നിയമവിധേയമായി പ്രവർത്തിക്കാൻ താത്‌പര്യപ്പെടുന്ന കമ്പനികൾക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേക വിഭാഗത്തിന് മാത്രം ബാങ്ക് വായ്പകൾ നൽകുക, സർക്കാർ കരാറുകൾ എല്ലാം അവർക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നിവയൊക്കെ ഇന്ത്യയുടെ വ്യവസായ സൗഹൃദ സൂചികയെ തകർക്കുന്നതാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്-ക്ക് സമൂഹത്തിൽ സൗഹാർദ്ദവും സമാധാനവും നിലനിൽക്കണം. മോദി സർക്കാരിനെ നിയന്ത്രിക്കുന്ന ആർ എസ് എസ് നടത്തുന്ന വിദ്വേഷപ്രചാരണം വ്യവസായ– -തൊഴിൽ മേഖലകളിലെ പ്രതിസന്ധികളെ രൂക്ഷമാക്കി മാറ്റുകയാണ്.

ഗ്രാമീണ ജനത
വ്യാവസായിക മേഖലയിൽ മാത്രമല്ല ഗ്രാമങ്ങളിലും തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ ദാരിദ്ര്യ നിർമാർജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പിന്തുണയായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ അതിനെതകർക്കുകയെന്ന അപ്രഖ്യാപിതനിലപാടുമായാണ് ബിജെപി ഭരണം നടത്തുന്നത്. അത് വെളിപ്പെടുത്തുന്നതാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകൾ. 2021-–22 വർഷത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ആകെ 26 കോടി തൊഴിൽ ദിനങ്ങളുടെ കുറവ് വന്നതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകുകയുണ്ടായി. 2020-–21 ൽ 389 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-–22 ൽ 363 കോടി ആയി കുറഞ്ഞു. ഉത്തർപ്രദേശിൽ മാത്രം 6.87 കോടി തൊഴിൽ ദിനങ്ങൾ കുറഞ്ഞു. ബിഹാർ (4.65 കോടി ) , മധ്യപ്രദേശ് (4.2 കോടി ), രാജസ്താൻ (3.62 കോടി ), ഛത്തീസ്‌ഗഢ് (1.48 കോടി ) എന്നിങ്ങനെയാണ് വലിയ കുറവ് വന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ. മൊത്തം 18 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളും കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി , ദാമൻ ആൻഡ് ഡിയു എന്നിവിടങ്ങളിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല.

എന്നാൽ ദേശീയ ചിത്രത്തിൽ നിന്നും വ്യത്യസ്‍തമായി കേരളത്തിൽ തൊഴിൽ ദിനങ്ങൾ കൂടി. 2020–-21 ൽ 10.23 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-–22 ൽ 10.56 കോടി ആയി ഉയർന്നു. എന്നാൽ കേരളത്തിന് അനുവദിച്ച ധനവിഹിതത്തിൽ 822 കോടി രൂപയുടെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം നൽകാതെ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. തൊഴിൽ ദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറഞ്ഞു എന്നത് ബിജെപി സർക്കാരിന്റെ കേരളത്തെ ദ്രോഹിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണ്. തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ യാതൊരുതാൽപര്യവും കാണിക്കാതിരിക്കുകയാണ് യൂണിയൻ സർക്കാർ. അതിനായി ശ്രമിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ മോദി സർക്കാർ വിദ്വേഷ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular