Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിനവകേരള സദസ്സും വിമർശനങ്ങളും

നവകേരള സദസ്സും വിമർശനങ്ങളും

ജി വിജയകുമാർ

വകേരള സൃഷ്ടിക്കായുള്ള ജനങ്ങളുടെ അഭിപ്രായം തേടിയുള്ള കേരള സർക്കാരിന്റെ യാത്രയായി വേണം നവകേരള യാത്രയെയും നവകേരള സദസ്സുകളെയും കാണേണ്ടത്. ഒപ്പം ജനങ്ങളുടെ നാനാവിധത്തിലുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര പരിഹാരം കാണേണ്ടവയ്ക്ക് അങ്ങനെയും നയപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടേണ്ടവയ്ക്ക് അങ്ങനെയും പരിഹാരം സാധ്യമാക്കാനുള്ള, അതുവഴി ജനങ്ങൾക്ക് ആശ്വാസമേകുന്നതിന് ഭരണസംവിധാനമാകെ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന പുതുമയാർന്ന ഒരു പരിപാടിയുമാണിത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കേരളത്തിന്റെ വികസന പദ്ധതികൾക്ക് അള്ളുവെയ്ക്കുകയും ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടത്തുന്നതിനുവേണ്ട ധനസമാഹരണമാർഗങ്ങളെയാകെ തുരങ്കംവെയ്ക്കുകയും കേരളത്തിന് നിയമാനുസരണം ലഭിക്കേണ്ട ധനവിഹിതങ്ങൾ നിഷേധിക്കുകയും ചെയ്ത് കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ തുറന്നുകാണിക്കലും കൂടിയാണിത് എന്നതാണ്.

ഈ നടപടികളാകെ കേരളത്തിന്റെ ഭരണ പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിന്ന് നടപ്പാക്കേണ്ടവയാണ്. അതു മനസ്സിലാക്കി തന്നെയാണ് സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫിനെയുംകൂടി പങ്കാളികളാക്കത്തക്കവിധം പരിപാടി മുന്നോട്ടുവെച്ചത്. എന്നാൽ ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ മുന്നോട്ടുവെച്ച പരിപാടിയെ തിരസ്കരിച്ച് യുഡിഎഫ് പുറംതിരിഞ്ഞു നിൽക്കുകയാണുണ്ടായത്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് കേരള സമൂഹത്തോട് മറുപടി പറയാനും അവർ തയ്യാറായിട്ടില്ല. സൃഷ്ടിപരമായ സമീപനം സ്വീകരിച്ച് പ്രതിപക്ഷം നവകേരള സദസ്സ് എന്ന സർക്കാർ പരിപാടിയുമായി സഹകരിച്ചിരുന്നെങ്കിൽ അവർക്കും ഇതിൽ ഇടപെടാനുള്ള അവസരം ലഭിക്കുമായിരുന്നു. പക്ഷേ, അപ്പോൾ അന്ധമായി സർക്കാരിന്റെ എല്ലാ പദ്ധതികളെയും എതിർക്കുന്ന നിലവിലെ സമീപനം തുടരാനാവില്ല. മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയുടെ തോളിൽ കെെയിട്ട് മുന്നോട്ടുനീങ്ങുന്ന കള്ളക്കളി കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തുന്നതോടെ പൊളിഞ്ഞു പോവുകയും ചെയ്യും. ഇതുകൊണ്ടൊക്കെ ആയിരിക്കണം നവകേരള സദസ്സ് ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

നവകേരള സദസ്സുമായി മുന്നോട്ടുപോകാനുള്ള മന്ത്രിസഭയുടെ, എൽഡിഎഫിന്റെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതുമുതൽ അതിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നുവരാൻ തുടങ്ങി. കോൺഗ്രസിന്റെ ബഹിഷ്കരണ തീരുമാനത്തിനൊപ്പം നവകേരള സദസ്സിനെതിരായ ആക്രമണങ്ങളും ആരോപണങ്ങളും ഉയർന്നുവരാൻ തുടങ്ങി. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾക്കൊപ്പം നിന്നു മാത്രമല്ല, അവർക്കുമുന്നിൽനിന്നും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ നവകേരള സദസ്സിനുനേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആരോപണങ്ങളിലും വിമർശനങ്ങളിലും തുടങ്ങിയ ആക്രമണങ്ങൾ ഇപ്പോൾ ചെരിപ്പേറുപോലുള്ള പ്രത്യക്ഷമായ കടന്നാക്രമണങ്ങളിൽ എത്തിനിൽക്കുകയാണ്.

ബസ് വിവാദം
മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നവകേരള സദസ്സിലെത്തുന്നതിനുവേണ്ടി സഞ്ചരിക്കുന്ന ബസ്സിനെ ചുറ്റിപ്പറ്റിയാണ് മനോരമാദി പത്ര – ദൃശ്യ മാധ്യമങ്ങൾ ധൂർത്തിന്റെ കഥ മെനയാൻ തുടങ്ങിയത്. കറങ്ങുന്ന കസേരകൾ, നീന്തൽക്കുളം, ബസ്സിൽ കയറാനും ഇറങ്ങാനുമുള്ള ലിഫ്റ്റ് സംവിധാനം എന്നിങ്ങനെ നുണകളുടെ കൂമ്പാരംതന്നെ ചമയ്ക്കപ്പെട്ടു. എന്നാൽ ബസ്, യാത്ര തുടങ്ങിയതോടെ ഇവയെല്ലാം കെട്ടുകഥകളാണെന്ന് തെളിയിക്കപ്പെട്ടു. മാധ്യമ പ്രവർത്തകരെ ബസ്സിനുള്ളിലേക്ക് ക്ഷണിച്ച് ഇതിനകത്ത് എന്ത് ആഡംബരമാണുള്ളതെന്ന് നോക്കി റിപ്പോർട്ടു ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ തെറ്റുതിരുത്താൻ പല മാധ്യമങ്ങളും തയ്യാറായില്ല. ബസ്സുമായി ബന്ധപ്പെട്ട് യുഡിഎഫ് മുഖപത്രമായ മനോരമ പിന്നീട് പ്രചരിപ്പിച്ചത് മുഖ്യമന്ത്രിക്ക് പുറത്തുള്ളവരെ കാണാനും വഴിയിൽ നിൽക്കുന്നവർക്ക് അദ്ദേഹത്തെ കാണാനും സൗകര്യമുണ്ടാക്കാനായി ബസ്സിന്റെ ഗ്ലാസുകൾ കോഴിക്കോട് നടക്കാവിലെ വർക്ക്ഷോപ്പിൽ പാതിരാത്രിയിൽ കൊണ്ടുപോയി മാറ്റി എന്നായിരുന്നു. അതും പെരുംനുണയാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും (തുടക്കത്തിലുണ്ടായിരുന്ന ഗ്ലാസുകൾ മാറ്റിയിരുന്നില്ല) മനോരമയ്ക്ക് തെല്ലും കൂസലുണ്ടായില്ല.

ജനസമ്പർക്കവും നവകേരള സദസ്സും
ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ അനുകരണമാണ് നവകേരള സദസ്സ് എന്നും അന്നതിനെ എതിർത്തവർ പുതിയ പേരിൽ ഇറങ്ങിയിരിക്കുകയാണെന്നുമായിരുന്നു ഒരു വിമർശനം. എന്താണ് വാസ്തവം? ജനസമ്പർക്ക പരിപാടി എന്ന പേരിൽ ഉമ്മൻചാണ്ടി നടത്തിയത്, വ്യക്തികൾക്കുള്ള ചികിത്സാ സഹായം പോലെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും നൽകേണ്ട തുകകൾ, ബന്ധപ്പെട്ടവരെ ജില്ലാ കേന്ദ്രങ്ങളിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നേരിട്ട് ആ തുക കെെമാറലായിരുന്നു അന്ന് ജനസമ്പർക്കത്തിന്റെ പേരിൽ നടന്നത്. ആശുപത്രി കിടക്കകളിൽനിന്ന് സ്ട്രെച്ചറിൽവരെ ആളുകളെ കൊണ്ടുവരുന്ന സ്ഥിതി പോലും അന്നുണ്ടായി. അങ്ങനെ ദുരിതം സഹിച്ച് ഉമ്മൻചാണ്ടിയെ മുഖംകാണിച്ച് സഹായം സ്വീകരിക്കാൻ പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തുനിന്ന പലർക്കും വെറുംകയ്യോടെ മടങ്ങേണ്ടതായി വന്ന ഒട്ടേറെ അനുഭവങ്ങൾ അന്നുണ്ടായത് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നതുമാണ്. ഉമ്മൻചാണ്ടി ഭരണകാലത്ത് നടത്തിയ ഈ അഭ്യാസം മൂലം ആളുകൾക്ക് സഹായം നേരത്തെ ലഭിക്കുകയായിരുന്നില്ല, മറിച്ച് ഏറെ പേർക്കും അതു ലഭിക്കുന്നതിന് കാലതാമസം വരുകയാണുണ്ടായത്. മുൻകൂട്ടി കൊടുത്ത അപേക്ഷകൾ പരിശോധിച്ച്, തീർപ്പാക്കിയവ മാത്രമാണ് ഉമ്മൻചാണ്ടി വിതരണം ചെയ്ത ആനുകൂല്യങ്ങൾ. മാത്രമല്ല, ഉമ്മൻചാണ്ടി ഭരണകാലത്ത് ജനസമ്പർക്കപരിപാടിയിലൂടെ വിതരണം ചെയ്യപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള മൊത്തം ആനുകൂല്യങ്ങളുടെ എത്രയോ മടങ്ങ് അധികം തുക ഈ അഭ്യാസമൊന്നും കൂടാതെ തന്നെ പിണറായി സർക്കാരിന്റെ ആദ്യത്തെ ഏതാനും വർഷങ്ങൾക്കുള്ളിൽ നൽകപ്പെട്ടുവെന്നത് നിയമസഭാ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെയ്ക്കുകയാണ് ഇപ്പോൾ ജനസമ്പർക്ക പരിപാടിയെ വാഴ്ത്തുകയും നവകേരള സദസ്സിനെ എതിർക്കുകയും ചെയ്യുന്നവർ.

നവകേര‍ള സദസ്സ് വ്യക്തിഗത ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ളതോ പരാതി പരിഹാര നടപടികളെടുക്കുന്നതിനോ ഉള്ളതല്ല. എന്നാൽ, ഓരോ വ്യക്തിക്കും സ്വന്തം പ്രശ്നങ്ങളും നാടിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംബന്ധിച്ച പരാതികൾ നേരിട്ട് മന്ത്രിമാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള അവസരം നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്. അതിലുപരി കേരളത്തിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ടും അതാത് ജില്ലയുടെയും നിയോജക മണ്ഡലത്തിന്റെയും വികസനം സംബന്ധിച്ചും നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നവകേരള സദസ്സിന്റെ ഭാഗമായുള്ള ഓരോ ദിവസത്തെയും പ്രഭാത പരിപാടിയിൽ നൽകുന്നുണ്ട്. നിയോജകമണ്ഡലങ്ങളിലെ കൗണ്ടറുകളിൽ നൽകപ്പെടുന്ന പരാതികൾതന്നെ നാടിന്റെ ക്ഷേമ വികസന പ്രശ്നങ്ങളുടെ പരിച്ഛേദങ്ങളാണ്. അവയിൽ പലതിനും പരിഹാരം കാണുന്നതിലൂടെ അതുന്നയിച്ച വ്യക്തികൾക്കു മാത്രമല്ല, സമൂഹത്തിനാകെ നേട്ടമുണ്ടാകുകയാണ്. നവകേരള സദസ്സ് പകുതി കഴിയും മുൻപു തന്നെ അഞ്ച് ലക്ഷത്തോളം പരാതികൾ ലഭിക്കുകയും അവയിൽ ഒരു ലക്ഷത്തോളം പരാതികൾക്ക് പരിഹാരം ഉറപ്പാക്കപ്പെടുകയും ചെയ്തതായാണ് ഇതിനകം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെ വികസന – ക്ഷേമ കാര്യങ്ങൾക്കായി ജനപങ്കാളിത്തത്തിലൂടെ നടപ്പാക്കപ്പെടുന്ന, തികച്ചും നൂതനമായ സംവിധാനമാണ് നവകേരള സദസ്സ്. പല പദ്ധതികളും ലക്ഷ്യമിടുന്ന വേഗത്തിൽ എന്തുകൊണ്ടു നടപ്പാക്കാനാവുന്നില്ല എന്നതിനെക്കുറിച്ച് സർക്കാരിനു പറയാനുള്ള കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിയുന്നു.

ഇടതുപക്ഷത്തിന്റെ 
രാഷ്ട്രീയ പ്രചരണ പരിപാടിയോ?
ഖജനാവിലെ പണമുപയോഗിച്ച് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചരണം, പാർലമെന്റ് തിരഞ്ഞെടുപ്പ് ലാക്കാക്കി നടത്തുകയാണെന്ന ആരോപണം അപഹാസ്യവും അസംബന്ധവുമാണ്. ഒന്നാമത്തെ കാര്യം ഈ പരിപാടി ആസൂത്രണം ചെയ്യപ്പെട്ടത് പ്രതിപക്ഷത്തിനുകൂടി ഇടം നൽകുന്ന വിധത്തിലാണ്. പ്രതിപക്ഷം ബഹിഷ്കരിക്കാതിരുന്നെങ്കിൽ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമെല്ലാം ഈ സദസ്സുകളിൽ സ്വാഭാവികമായും ഉയരുമായിരുന്നു. അങ്ങനെ ഈ പരിപാടി കേരളത്തിന്റെ വികസനത്തിനായുള്ള പൊതുവായ സംവാദ സദസ്സുകളായി മാറുമായിരുന്നു. കേരള വികസനത്തിനും കേരള ജനതയുടെ ക്ഷേമത്തിനും തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പിനുള്ള അവസരമായും ഇതു മാറുമായിരുന്നു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണ തീരുമാനമാണ് ആ അവസരം ഇല്ലാതാക്കിയത്. സ്വാഭാവികമായും പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെക്കുറിച്ചും പ്രതിപക്ഷവും അവർക്കുവേണ്ടി പ്രചരണം നടത്തുന്ന മാധ്യമങ്ങളും നിത്യേന നടത്തുന്ന വിമർശനങ്ങളെക്കുറിച്ചും മറുപടി പറയാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ബാധ്യസ്ഥമാകുന്നു. ആ മറുപടി പറച്ചിലിനെയാണ് രാഷ്ട്രീയ പ്രചരണമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ അത്തരമൊരവസ്ഥ സൃഷ്ടിക്കപ്പെട്ടത് പ്രതിപക്ഷത്തിന്റെ നിലപാടുമൂലമാണെന്നത് ഇക്കൂട്ടർ മറക്കുകയാണ്.

പരാതി പരിഹാര സെല്ലും നവകേരള സദസ്സും
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് ഓൺലെെനായി ഏതൊരാൾക്കും തങ്ങളുടെ പരാതികൾ അയക്കാമെന്നിരിക്കെ പിന്നെന്തിനാണ് ഇത്തരമൊരഭ്യാസം എന്നതാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്ന മറ്റൊരു വിമർശനം. എന്നാൽ നവകേരള സദസ്സ് നവംബർ 18ന് ആരംഭിച്ചതിനെക്കുറിച്ച് നവംബർ 19ന്റെ മലയാള മനോരമ ദിനപത്രം തന്നെ റിപ്പോർട്ടു ചെയ്യുന്നത്, ‘‘സർക്കാർ പടിവാതിൽക്കൽ. ജനകീയ ഉത്സവത്തിനു തുടക്കം’’ എന്ന നിലയിലാണ്. ഭരണസംവിധാനമൊന്നാകെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പരാതികൾ എന്തെന്ന് ആരായുകയും അവ സ്വീകരിച്ച് പരിഹാരം കാണുകയും ചെയ്യുന്നതിനെ പരാതി പരിഹാര സെല്ലിലേക്ക് ഓൺലെെനായി പരാതികൾ അയക്കുന്ന പതിവ് സംവിധാനവുമായി താരതമ്യം ചെയ്യുന്നതുതന്നെ അപ്രസക്തമാണ്. ഇവിടെ പരാതി നൽകുമ്പോൾതന്നെ അവ കയ്യോടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുന്നതിനുള്ള വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിൽ നൽകുന്ന പരാതികളിൽ സാധാരണഗതിയിൽ പരിഹരിക്കാനാവുന്നവയ്ക്ക് പരമാവധി 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. നിയമഭേദഗതിയോ നയപരമായ തീരുമാനങ്ങളോ വേണ്ടതാണെങ്കിൽ അതിനുള്ള നടപടികൾ സത്വരമായി സ്വീകരിച്ച് പരിഹാരം കാണാനും ഇതിൽ സംവിധാനമുണ്ട്.

നവകേരള സദസ്സ് ഭരണസ്തംഭനമുണ്ടാക്കുന്നുണ്ടോ?
സെക്രട്ടേറിയറ്റുമുതൽ താഴോട്ടുള്ള ഭരണസംവിധാനം ഒരു മുടക്കവുമില്ലാതെ പ്രവർത്തനക്ഷമമായിരിക്കുന്നുവെന്നതാണ് വസ്തുത. മന്ത്രിമാർ പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്യേണ്ട ഫയലുകൾ കാലതാമസം കൂടാതെ അതാത് ദിവസംതന്നെ തീർപ്പാക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. അതിലെന്തെങ്കിലും വീഴ്ചയുണ്ടായതായി ഇതേവരെ ഒരു വിമർശനവും ഒരു പരാതിയും ഒരു ഭാഗത്തുനിന്നും ഉയർന്നിട്ടുമില്ല. മാത്രമല്ല, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയും പരിഹാരം ഉണ്ടാക്കേണ്ട വിഷയങ്ങളിൽ അതിവേഗം പരിഹാരം ഉണ്ടാക്കുന്നുമുണ്ട്. മന്ത്രിസഭായോഗം ഉൾപ്പെടെയുള്ള ഭരണനിർവഹണ സംവിധാനങ്ങളും മുടക്കംകൂടാതെ നടക്കുന്നതായാണ് ഇതേവരെയുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ധൂർത്തല്ല
ക്ഷേമ–വികസന പ്രവർത്തനങ്ങൾക്കുപോലും പണത്തിനായി ബുദ്ധിമുട്ടുന്ന അവസരത്തിൽ എന്തിനാണ് ഇത്തരമൊരു ധൂർത്ത് എന്നതാണ് മറ്റൊരു വിമർശനം. ജനാധിപത്യംതന്നെ ധൂർത്താണ്, അതുകൊണ്ട് തിരഞ്ഞെടുപ്പുകൾക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന പണം ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നവർക്കു മാത്രമേ ഇത്തരമൊരു ജനകീയ പരിപാടിയെ ധൂർത്തായി വിശേഷിപ്പിക്കാനാകൂ. ഇതിനു ചെലവിടുന്ന തുകയാകെ വിവിധ സർക്കാർ സംവിധാനങ്ങളിൽനിന്നുമാത്രം സമാഹരിക്കപ്പെടുകയല്ല. സ്പോൺസർഷിപ്പിലൂടെയാണ് ചെലവിൽ വലിയൊരു ഭാഗവും നിർവഹിക്കുന്നത്. മാത്രമല്ല, ഈ പരിപാടിക്കായി സർക്കാർ ഏജൻസികളിൽനിന്നും സ്പോൺസർമാരിൽനിന്നുമാകെ സമാഹരിക്കുകയും ചെലവാക്കുകയും ചെയ്യുന്ന തുകകൊണ്ട് ഒരു മാസത്തെ ക്ഷേമപെൻഷൻ പോലും കൊടുക്കാൻ തികയില്ലെന്നതാണ് മറ്റൊരു വസ്തുത. പിന്നെങ്ങനെയാണ് ക്ഷേമ പെൻഷനുകൾ കൊടുത്തിട്ടു പോരെ നവകേരള സദസ്സ് എന്ന് ചോദിക്കാനാവുക. മാത്രമല്ല, സംസ്ഥാന സർക്കാർ ക്ഷേമപെൻഷനുകൾ മുടങ്ങാതെ അതാതുമാസം തന്നെ നൽകാനായി രൂപീകരിച്ച പെൻഷൻ കമ്പനി സമാഹരിക്കുന്ന തുകയെപോലും സംസ്ഥാനത്തിന്റെ കടബാധ്യതയായി നിശ്ചയിച്ച് കേരളത്തിന്റെ ക്ഷേമ പദ്ധതിയെയും തടസ്സപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഇങ്ങനെ പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണു വാരിയിടുന്ന മോദി സർക്കാരിന്റെ നടപടികളെ തുറന്നുകാണിക്കുകയും കൂടിയാണ് നവകേരള സദസ്സ്.

‘‘പിള്ളേരെപ്പിടുത്തമോ?’’
ഡിസംബർ 11ന്റെ മലയാള മനോരമയുടെ എഡിറ്റ് പേജിലെ വിമതന്റെ സ്ഥിരം പംക്തിയുടെ തലവാചകമാണിത്. നവകേരള സദസ്സിനായുള്ള പ്രയാണം ആരംഭിച്ചതുമുതൽ ചില മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഒരു വിമർശനമാണ് എൽപി – യുപി സ്കൂളുകളിലെ കുട്ടികളെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യുന്നതിന് വഴിയോരത്ത് പൊരിവെയിലത്ത് നിർത്തിയെന്നത്. വളരെ അപൂർവം ചില സ്കൂളുകളിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. സ്കൂൾ പിടിഎകളോ അധ്യാപകരോ മുൻകയ്യെടുത്താണ് ചില സ്കൂളുകളുടെ നടയിൽ ഇങ്ങനെ കുട്ടികളെ നിർത്തിയത്. സർക്കാർ ഉത്തരവിറക്കിയോ സ്കൂളുകൾക്കുമേൽ സമ്മർദം ചെലുത്തിയോ ആണ് ഇങ്ങനെ നടന്നത് എന്ന പരാതിയും ഉണ്ടായിട്ടില്ല. അങ്ങനെയായിരുന്നെങ്കിൽ എല്ലായിടത്തും അതുണ്ടാകുമായിരുന്നല്ലോ.

ഇന്നേവരെ ഈ സംസ്ഥാനത്ത് നടന്നിട്ടില്ലാത്ത അത്യപൂർവ സംഭവം പോലെയാണ് മാധ്യമങ്ങൾ ഇത് അവതരിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്? 2016 വരെ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ കുട്ടികളെ താലപ്പൊലിയുമായി പൊരിവെയിലത്ത് നിർത്തുന്ന പതിവ് നിർത്തലാക്കിയത് പിണറായി സർക്കാരായിരുന്നുവെന്നത് വിമർശകർ വിസ്മരിക്കുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒന്നിച്ച് കേരളത്തിന്റെ തെക്കുമുതൽ വടക്കേ അറ്റം വരെ യാത്ര ചെയ്ത് ജനങ്ങളോട് സംവദിക്കുന്ന പരിപാടി ചരിത്രത്തിലിതാദ്യമായാണ്; അതുകൊണ്ടുതന്നെ അത്യപൂർവമായ ഈ കാഴ്ച കാണാൻ കുട്ടികൾക്ക് അവസരമൊരുക്കേണ്ടതാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അധ്യാപകർ കുട്ടികളെ എത്തിച്ചത്. എന്നാൽ അതിനെയും സർക്കാരിനെ വിമർശിക്കാനുള്ള അവസരമാക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. സ്വാതന്ത്ര്യാനന്തരകാലം മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ സംസ്ഥാനത്ത് എന്തെങ്കിലും പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുമ്പോൾ സ്കൂൾ കുട്ടികളെ (മറ്റുള്ളവരും) വഴിയോരത്ത് ഇറക്കി നിർത്തുന്ന പതിവുള്ളതാണ്. പണ്ഡിറ്റ് നെഹ്രു കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം സെന്ററിന്റെയോ ഐഎസ്ആർഒയുടെ തറകല്ലിടൽ പരിപാടിക്ക് വന്നപ്പോൾ പാതയോരത്ത് വരിയായി കാത്തുനിന്ന ഓർമകൾ തിരുവനന്തപുരത്തെ പഴയ തലമുറക്കാർക്ക് ഉണ്ടാകുമല്ലോ. അടിയന്തരാവസ്ഥയ്ക്കുമുൻപ് ഇന്ദിരാഗാന്ധിയെ കാത്തും ഇങ്ങനെ കുട്ടികൾ നിന്നിട്ടുണ്ട്. പിൽക്കാലത്ത് സുരക്ഷാ കാരണങ്ങളാൽ യാത്രയുടെ വേഗത വർധിപ്പിച്ചതാണ് വഴിയോരങ്ങളിലെ അഭിവാദ്യങ്ങൾ ഒഴിവാക്കപ്പെട്ടത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റുവിരുദ്ധ മുഖമാണ് നവകേരള യാത്രക്കെതിരായ വിമർശനങ്ങളിലും കാണുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular