Saturday, September 21, 2024

ad

Homeരാജ്യങ്ങളിലൂടെജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാനായി ബ്രസ്സൽസിൽ പ്രക്ഷോഭം

ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാനായി ബ്രസ്സൽസിൽ പ്രക്ഷോഭം

ആര്യ ജിനദേവൻ

യുഎഇയിൽ നവംബർ 30ന്‌ ആരംഭിച്ച്‌ ഡിസംബർ 11ന്‌ അവസാനിച്ച കാലാവസ്ഥാ ഉച്ചകോടി (സിഒപി 28)യുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസ്സൽസിൽ (ബൽജിയത്തിന്റെ തലസ്ഥാനം) 25,000ത്തിലധികം ആളുകൾ പങ്കെടുത്ത പ്രകടനം സംഘടിപ്പിക്കപ്പെട്ടു. സമഗ്രമായ കാലാവസ്ഥാനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ്‌ ഡിസംബർ മൂന്നിന്‌ വർക്കേഴ്‌സ്‌ പാർട്ടി ഓഫ്‌ ബൽജിയവും യുവജന വിദ്യാർഥി സംഘടനകളും വിവിധ ട്രേഡ്‌ യൂണിയനുകളും സംയുക്തമായി ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്‌. ബഹുരാഷ്‌ട്ര കുത്തക കോർപറേഷനുകളുടെ കൊള്ളലാഭമടിക്കലിനേക്കാൾ ഉപരിജനങ്ങളുടെയും ഭൂമിയുടെയും താൽപര്യങ്ങളാണ്‌ സംരക്ഷിക്കപ്പെടേണ്ടത്‌ എന്നാണ്‌ പ്രകടനക്കാർ വ്യക്തമാക്കിയത്‌.

വർക്കേഴ്‌സ്‌ പാർട്ടി ഓഫ്‌ ബൽജിയത്തിന്റെ പ്രസ്‌താവനയിൽ ഇങ്ങനെ പറയുന്നു: ‘‘ഓരോ വർഷം പിന്നിടുന്തോറും കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി വരികയാണ്‌; എന്നാൽ അതേസമയം തന്നെ ഭീമൻ എണ്ണക്കന്പനികൾ ഫോസിൽ ഇന്ധനങ്ങൾക്കായി വൻതോതിൽ നിക്ഷേപം നടത്തുന്നത്‌ തുടരുന്നു; അവ ആവർത്തിച്ചുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഇന്ധന ഉൽപാദനത്തിന്റെ കാര്യത്തിൽ താൽപര്യമെടുക്കുന്നുമില്ല’’.

‘‘കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കുന്നതിന്‌ സുസ്ഥിര ഊർജസംവിധാനങ്ങളിലേക്ക്‌ മാറേണ്ടത്‌ അനിവാര്യമാണ്‌… എൻജിയും മറ്റ്‌ ഊർജ്ജ കുത്തകഭീമന്മാരും തങ്ങളുടെ ലാഭം പെരുപ്പിക്കുന്നതിൽ മാത്രമാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. എത്രമാത്രം അന്തരീക്ഷ മലിനീകരണം ഉണ്ടായാലും അവയൊന്നും അക്കാര്യം പ്രസക്തമായി കരുതുന്നതേയില്ല. ഹരിത ഊർജ്ജത്തിനായി പണം മുടക്കുന്നതിനോട്‌ കുത്തക കന്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നില്ല… ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നത്‌, ലോകത്ത്‌ ഏറ്റവുമധികം എണ്ണയും പ്രകൃതിവാതകവും ഉൽപാദിപ്പിക്കുന്ന രാജ്യം ഇപ്പോഴും അമേരിക്കയാണെന്നാണ്‌; കയറ്റുമതിക്കായി അവയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കത്തിലുമാണ്‌ അമേരിക്ക. യൂറോപ്പും ബൽജിയവുമാകട്ടെ എണ്ണക്കന്പനികൾക്ക്‌ കൂടുതൽ സബ്‌സിഡികൾ നൽകുന്നതിലും തൊഴിലാളികളെ ഞെക്കിപ്പിഴിഞ്ഞ്‌ നികുതി ഈടാക്കുന്നതിലുമാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌’’.

ഉക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ എണ്ണയ്‌ക്കും പ്രകൃതിവാതകത്തിനുംമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നടപടി അമേരിക്കയിൽനിന്ന്‌ കൂടുതൽ വിലകൊടുത്ത്‌ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനുവേണ്ടിയാണെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ പല യൂറോപ്യൻ രാജ്യങ്ങളും കൽക്കരിഖനികൾ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു; ഹരിത ഊർജസ്രോതസ്സുകളിലേക്ക്‌ മാറുന്നതിനായി അടച്ചുപൂട്ടപ്പെട്ടവയാണ്‌ അവയെല്ലാം. സ്‌കോട്ട്‌ലൻഡ്‌ സമുദ്രതീരത്തെ റോസ്‌ബാങ്ക്‌ എണ്ണ‐പ്രകൃതിവാതക പാടം വികസിപ്പിക്കുന്നതിന്‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അനുമതി നൽകിയതിനെതിരെയും ശക്തമായ വിമർശനവും പ്രതിഷേധവും ഉയരുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 8 =

Most Popular