യമനിൽ മൊത്തം മൂന്ന് കോടിയിലേറെ ജനങ്ങളുള്ളതിൽ 1.7 കോടിയോളം പേരും പട്ടിണി ഒഴിവാക്കാൻ വിദേശ ഭക്ഷ്യസഹായത്തെയാണ് ആശ്രയിക്കുന്നത്. ഡിസംബർ 5ന് ലോക ഭക്ഷണ പരിപാടി (WFP) പ്രഖ്യാപിച്ചത് യമൻ തലസ്ഥാനമായ സനയിലെ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇനിമുതൽ ഭക്ഷണവിതരണം ഉണ്ടായിരിക്കില്ല എന്നാണ്. വടക്കൻ യമനിലെ ഭൂരിപക്ഷം പ്രദേശത്തെ ജനങ്ങളെയും ഈ തീരുമാനം പട്ടിണിയിലാക്കും. ഹൂത്തി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. ഇവിടെയുണ്ടായിരുന്ന ഭക്ഷ്യശേഖരം ഏറെക്കുറെ പൂർണമായും തീർന്നിരിക്കുന്നുവെന്നും ഡബ്ല്യുഎഫ്‌പിയുടെ പ്രസ്‌താവനയിൽ പറയുന്നുണ്ട്.
2015 മുതൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഒത്താശയോടെ സൗദി അറേബ്യ നടപ്പാക്കിവരുന്ന ഉപരോധമാണ് യമനിലെ ജനങ്ങളെ പട്ടിണിയിലാക്കിയത്. ചൈനയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിനും അനുഞ്‌ജന സംഭാഷണത്തിനും സൗദി അറേബ്യ തയ്യാറായെങ്കിലും ഭക്ഷണസാധനങ്ങളും മറ്റത്യാവശ്യവസ്‌തുക്കളും ഇറക്കുമതി ചെയ്യുന്നതിനെതിരായ ഉപരോധം സൗദി അറേബ്യ ഇപ്പോഴും തുടരുകയാണ്. യമനിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള വരുമാനവിഹിതം ഹൂത്തി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കൻ യമനിലെ ഗവൺമെന്റിനു നൽകാനും സൗദി അറേബ്യൻ ഗവൺമെന്റ് തയ്യാറാകുന്നില്ല. ഡബ്ല്യുഎഫ്‌പിയുടെ ഇപ്പോഴത്തെ തീരുമാനം മഹാഭൂരിപക്ഷം വരുന്ന യമൻ ജനതയെ കൊടുംപട്ടിണിയിലേക്ക് തള്ളിനീക്കുകയാണ്. ഡബ്ല്യുഎഫ്‌പിയുടെ ഈ തീരുമാനത്തിനു പിന്നിൽ അമേരിക്കൻ സമ്മർദമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നത്. ♦