Sunday, May 19, 2024

ad

Homeരാജ്യങ്ങളിലൂടെകൊളംബിയയിൽ ആഗോള കർഷക കൂട്ടായ്‌മ

കൊളംബിയയിൽ ആഗോള കർഷക കൂട്ടായ്‌മ

ടിനു ജോർജ്‌

കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടൊയിലാണ്‌ ഈവർഷത്തെ ലാ വയ കോന്പസിനയുടെ അന്താരാഷ്‌ട്രസമ്മേളനം ചേർന്നത്‌. 1993 മുതൽ പ്രവർത്തിക്കുന്ന സംഘടനയിൽ 82 രാജ്യങ്ങളിൽനിന്നുള്ള കർഷകപ്രസ്ഥാനങ്ങളാണുള്ളത്‌. ഇപ്പോൾ ബൊഗോട്ടൊയിൽ ചേർന്ന സംഘടനയുടെ എട്ടാമത്‌ സമ്മേളനത്തിൽ 180ലധികം കർഷകസംഘടനകളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. 20 കോടിയിലധികം ഗ്രാമീണ തൊഴിലാളികളെയാണ്‌ ഈ പ്രസ്ഥാനം പ്രതിനിധീകരിക്കുന്നതെന്നും ഇത്‌ മുൻപെന്നത്തെയുംകാൾ ശക്തമാണ്‌ എന്നുമാണ്‌ ഈ വേദിയുടെ ജനറൽ കോ‐ഓർഡിനേറ്റർ മോർഗൻ ഓഡി പറഞ്ഞത്‌. ഭക്ഷ്യ സുരക്ഷാരാഹിത്യത്തെ ചെറുക്കാനും ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കാനും കർഷക പ്രസ്ഥാനങ്ങൾക്കിടയിൽ അന്താരാഷ്‌ട്ര സമവായമുണ്ടാക്കുന്നതിനു പുറമെ കാർഷിക ബിസിനസ്സ്‌ കുത്തകകളുടെ കൊള്ളകളെ ചെറുക്കലും ഈ പ്രസ്ഥാനത്തിന്റെ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ സമ്മേളനം കൊളംബിയയിൽ ചേർന്നതാണ്‌ അതിനെ കൂടുതൽ പ്രസക്തമാക്കുന്നത്‌. കർഷക പ്രക്ഷോഭങ്ങൾക്കും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും പ്രസിദ്ധമായ ഒരു രാജ്യമാണ്‌ കൊളംബിയ. അത്തരം പോരാട്ടങ്ങളിലൂടെ കരുത്താർജിച്ച പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണ്‌ ഇപ്പോൾ കൊളംബിയയിൽ അധികാരത്തിലെത്തിയിരിക്കുന്നത്‌.

പ്രസിഡന്റ്‌ ഗുസ്‌താവൊ പെത്രോയുടെ ഭരണനേതൃത്വത്തിൽ കൊളംബിയയിൽ ഇന്ന്‌ വളരെ വലിയൊരു പരിവർത്തനമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. രാജ്യത്തുടനീളം നടക്കുന്ന സാമൂഹ്യമുന്നേറ്റങ്ങൾ എത്രത്തോളം ശക്തമാകുന്നോ അത്രത്തോളം അത്‌ നയരൂപീകരണത്തിൽ സ്വാധീനംചെലുത്തുന്നുണ്ടെന്നാണ്‌ ലാ വയ കോന്പസിനയുടെ ജനറൽ കോ‐ഓർഡിനേറ്ററായ മോർഗൻ ഓഡി പറയുന്നത്‌.

കൊളംബിയൻ ഗവൺമെന്റിലെ കൃഷിമന്ത്രി ജെനിഫർ മോജികയാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനപ്രസംഗത്തിൽ ‘‘കർഷകസമരങ്ങളിലൂടെ ഉയർത്തപ്പെടുന്ന ആവശ്യങ്ങൾ നടപ്പാക്കാൻ പ്രതിബദ്ധതയുള്ളതാണ്‌ ഇപ്പോഴത്തെ കൊളംബിയൻ ഗവൺമെന്റ്‌’’ എന്ന്‌ വ്യക്തമാക്കുകയുണ്ടായി. കാർഷിക പരിഷ്‌കരണവും ഭൂമിയുടെ പുനർ വിതരണവും യാഥാർഥ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കിവരുകയാണെന്നാണ്‌ ജെനിഫർ പ്രസ്താവിച്ചത്‌. എന്നാൽ ‘‘കൊളംബിയയിൽ ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിനെ ശക്തമായി എതിർക്കുന്നവർ ഏറെയാണ്‌’’ എന്നും അത്തരക്കാർ‐ ഭൂപ്രഭുക്കളും അവരുടെ വക്താക്കളും‐ ഈ ഭരണത്തിന്റെ ശത്രുക്കളാണെന്നും അവർ പറഞ്ഞു. ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടാണ്‌ ഈ നയങ്ങൾ സർക്കാർ നടപ്പാക്കുന്നത്‌.

ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി കർഷകപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഈ അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുത്ത്‌ അഭിപ്രായപ്രകടനങ്ങൾ നടത്തി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 7 =

Most Popular