Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഡൽഹിയിൽ ദളിത് സംഘടനകളുടെ റാലി

ഡൽഹിയിൽ ദളിത് സംഘടനകളുടെ റാലി

കെ ആർ മായ

സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പിന്നിടുമ്പോഴും ഇന്ത്യയിലെ ദളിതരുടെ ജീവിതം പരിതാപകരമായിത്തുടരുകയാണെന്നു മാത്രമല്ല നവലിബറലിസം കൊണ്ടുവന്ന പുത്തൻ സാമ്പത്തികനയങ്ങളും സംഘപരിവാരിന്റെയും ബിജെപിയുടെയും വളർച്ച സൃഷ്ടിച്ച വർഗീയ രാഷ്ട്രീയവും ജനങ്ങളുടെയാകെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ദളിത് വിഭാഗങ്ങളുടെ ജീവിതദുരിതങ്ങൾ കൂടുതൽ തീവ്രമാക്കുകയും ചെയ്തു. ബീഹാറിൽ നടത്തിയ ജാതിസെൻസസ് ഇത് കുറച്ചൊക്കെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തതാണ്. ദലിതർക്കുനേരെയുള്ള അക്രമങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2005 ലെ സർക്കാരിന്റെ തന്നെ റിപ്പോർട്ടു പ്രകാരം ഓരോ ഇരുപത് മിനിട്ടിലും ദലിത് വിഭാഗത്തിൽപെട്ട ഒരാൾ ആക്രമിക്കപ്പെടുമ്പോൾ 2022 ആയപ്പോഴേക്കും അത്‌ രണ്ടുമിനിട്ടിൽ ഒരാൾ എന്ന നിലയിൽ വലിയ മാറ്റമുണ്ടായി.

ജാതിവ്യവസ്ഥ സൃഷ്ടിച്ച, തൊഴിലിലെ വിവേചനവും ചൂഷണവും ഇന്നും വലിയതോതിൽ നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആയിരക്കണക്കിനു ദളിതർ പ്രതിഷേധവുമായി ഒത്തുചേർന്നത്. ഭൂമിവിതരണം, അരികുവൽക്കരിക്കപ്പെട്ടവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ജോലികൾ ഇല്ലാതാക്കുന്ന കരാർ, താൽക്കാലിക ജോലികൾ അവസാനിപ്പിക്കുക, എസ് സി/എസ് ടി നിയമം ശരിയായ രീതിയിൽ നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുഖ്യമായും ഉന്നയിക്കുന്നത്. അതോടൊപ്പം പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടൽ നിയമം ഫലപ്രദമായി നടപ്പാക്കുക. ഭൂരഹിതർക്ക് ഭൂമിവിതരണം ചെയ്യുക. ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു. ആയിരക്കണക്കിന് തസ്തികകൾ റദ്ദാക്കുകയും പകരം താൽക്കാലിക/കരാർ ജോലികൾ കൊണ്ടുവന്നതിനാൽ സംവരണം അട്ടിമറിക്കപ്പെട്ടു. സംവരണത്തിനെതിരായ മറ്റൊരാക്രമണം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണമാണ്. അതുകൊണ്ട് സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ദളിത് ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് തങ്ങൾ വിവേചനം നേരിടുന്നതായി പറയുന്നു. എത്ര ഉയർന്ന ഉദ്യോഗം നേടിയായാലും ആ പദവിയല്ല, അവരുടെ ജാതിയാണ് ഐഡന്റിറ്റി എന്ന സ്ഥിതിയാണ്. ദളിത് വിഭാഗത്തിൽപ്പെട്ട പൊലീസ് സൂപ്രണ്ടിന് തന്റെ വിവാഹദിനത്തിൽ കുതിരപ്പുറത്ത് കയറാൻ അനുവാദമില്ലാതിരുന്നത് ഇതിനൊരുദാഹരണമാണ്.

ജാതീയമായ വിവേചനത്തിന്നെതിരെ നീണ്ട പോരാട്ടങ്ങൾ നടന്ന ചരിത്രം മധ്യപ്രദേശിനുണ്ട്. എന്നാൽ ഇപ്പോഴും സവർണരുടെ അടുക്കളകളിൽ വീട്ടുജൊലിക്കാരായ ദളിത് സ്ത്രീകളെ കയറ്റില്ല. ഗാർഹികത്തൊഴിലാളികളായ ദളിത് സ്ത്രീകളുടെ സംഘടനകളും ഈ പ്രതിഷേധറാലിയിൽ അണിനിരന്നു.
ദളിതർക്കുനേരെയുള്ള കടന്നാക്രണങ്ങൾ വലിയതോതിൽ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഹൈദ്രബാദിൽ ദളിത് സംഘടനകൾ യോഗം ചേർന്ന് ബിജെപിയ്ക്കെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ തുടക്കമാണ് രാജ്യതലസ്ഥാനത്ത് ദളിത് ശോഷൺ മുക്തി മഞ്ചിന്റെ നേതൃത്വത്തിൽ വിവിധ ദളിത് സംഘടനകളെ അണിനിരത്തിക്കൊണ്ടു നടന്ന അഖിലേന്ത്യാ റാലി. ഇതിന്റെ തുടർച്ചയായി വരുംനാളുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − nine =

Most Popular