വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 13
കല്യാശ്ശേരിയിൽനിന്ന് വിപ്ലവപ്പാതയിലേക്കിറങ്ങി ത്യാഗപൂർവം പ്രവർത്തിച്ച എം.പി.നാരായണൻ നമ്പ്യാർ കെ.പി.ആർ.ഗോപാലന്റെയും രയരപ്പന്റെയും പിതൃസഹോദരപുത്രനാണ്. ഇ.കെ.നായനാരുടെ അമ്മാവന്റെ മകൻ. മൊറാഴ കേസിൽ ശിക്ഷിക്കപ്പെട്ട ഇ.നാരായണൻ നായനാരുംകൂടി ചേർന്നാൽ മുപ്പതുകളിലെയും നാല്പതുകളിലെയും കമ്മ്യൂണിസ്റ്റ്് പ്രവർത്തനനേതൃത്വത്തിൽ ഒരേ വീട്ടിൽനിന്ന് അഞ്ചുപേരായി. മൊറാഴ കേസിൽ വ്യാജമായി പ്രതിയാക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട് അഞ്ചുവർഷം തടവിൽക്കഴിഞ്ഞ നാരായണൻ നായനാർ പിന്നീട് കമ്യൂണിസ്റ്റ് പക്ഷത്തുനിൽക്കാതെ കോൺഗ്രസ്സിലേക്കുപോയി. എം.പി.നാരായണൻ നമ്പ്യാരുടെ ജ്യേഷ്ഠൻ എം.പി.ഗോവിന്ദൻ നമ്പ്യാരാകട്ടെ സ്വാതന്ത്ര്യസമരത്തിൽ കല്യാശ്ശേരി മേഖലയിലെ നായകനായിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റായില്ലെന്നുമാത്രമല്ല, പ്രദേശത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു. എം.പി.യുടെ അമ്മാവന്റെ മകനാണ് മൊറാഴ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.രാഘവൻ നമ്പ്യാർ. പിന്നെയും എത്രയോ പ്രവർത്തകരുള്ള കുടുംബം. എം.പി.നാരായണൻ നമ്പ്യാർ വിപ്ലവപ്പാതയിലെത്തുന്നതിന് കുടുംബപശ്ചാത്തലവും പ്രചോദനമായെന്ന് സൂചിപ്പിക്കാനാണ് ഇത്രയും വിശദീകരിച്ചത്.
സ്കൂൾ വിദ്യാർഥിയായിരിക്കെ ഗാന്ധിജിയെ നമസ്കരിക്കാനും അദ്ദേഹത്തിന്റെ ആശ്ലേഷമേറ്റുവാങ്ങാനും ഭാഗ്യമുണ്ടായ ബാലനാണ് എം.പി.നാരായണൻ. കല്യാശ്ശേരിയിൽ അഞ്ചാം ക്ലാസ് കഴിഞ്ഞശേഷം അമ്മാവനായ എം.പി.കൃഷ്ണൻനമ്പ്യാരോടൊപ്പം കൊല്ലംജില്ലയിലെ ചവറയിലായിരുന്നു കുറച്ചുകാലം എം.പി. അദ്ദേഹം മാത്രമല്ല കൃഷ്ണൻ നമ്പ്യാരുടെ മറ്റ് രണ്ട് അനന്തരവന്മാരും ചവറയിലെ സ്കൂളിലാണ് ചേർന്നത്. എം.പി.യുടെ അമ്മാവനായ എം.പി.കൃഷ്ണൻ നമ്പ്യാർ എം.എ, എൽ.ടി. ബിരുദംനേടി തിരുവിതാംകൂറിലെ വിദ്യാഭ്യാസവകുപ്പിൽ ചവറ ഹൈസ്കൂൾ പ്രഥമാധ്യാപകനായി ചേർന്നിരുന്നു. പിന്നീട് തിരുവിതാംകൂർ എജുക്കേഷൻ ചീഫ് ഇൻസ്പെക്ടറായി റിട്ടയർചെയ്ത കൃഷ്ണൻ നമ്പ്യാർ മരുമക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ അവരെ തന്നോടൊപ്പം കൂട്ടുകയായിരുന്നു. ചവറ ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എം.പി.യും മറ്റ് സഹോദരങ്ങളും ഗാന്ധിജിയുടെ ആശ്ലേഷപാത്രമാകുന്നത്. തിരുവിതാംകൂർ പര്യടനത്തിനെത്തിയ ഗാന്ധിജിക്ക് ചവറയിൽ സ്വീകരണം. കൃഷ്ണൻ നമ്പ്യാർ മരുമക്കളെ കുളിപ്പിച്ച് കുറിയിടുവിച്ച് ഗാന്ധിജിയുടെ സന്നിധിയിലെത്തിച്ചു. ഗാന്ധിജിയുടെ പാദങ്ങളിൽ വന്ദിച്ച എം.പി.യെ അദ്ദേഹം ആശ്ലേഷിച്ചു. ജീവിതത്തിലെ ആ മഹത്തായ അനുഭവം എം.പി.യെ ജീവിതം സാമൂഹ്യമാറ്റത്തിനായി ഉഴിഞ്ഞുവെക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ആറാം ക്ലാസ് കഴിഞ്ഞതും പഠിക്കാൻ താല്പര്യമില്ലാതെ എം.പി. നാട്ടിലേക്ക്്് മുങ്ങി. അതിന് മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. വീട്ടിന് തൊട്ടടുത്തുള്ള കല്യാശ്ശേരി എലമെന്ററി സ്കൂൾ ഹയർ എലമെന്ററിയായി ഉയർത്തി ഏഴാം ക്ലാസുവരെയാക്കിയിരുന്നു. എം.പി. അവിടെ ചേർന്നു. അപ്പോഴേക്കും കല്യാശ്ശേരി അയിത്തവിരുദ്ധ പ്രസ്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമാകാൻ തുടങ്ങിയിരുന്നു. പിതൃസഹോദരപുത്രനായ കെ.പി.ആർ. ഗോപാലൻ തന്റെ ഐതിഹാസികമായ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു. അയൽക്കാരനായ പടിഞ്ഞാറേവീട്ടിൽ നാരായണൻ നമ്പ്യാർ എന്ന ഗാന്ധി നാരായണൻ ഹരിജനോദ്ധാരണപ്രവർത്തനത്തിന്റെ ഭാഗമായി സ്വാമി ആനന്ദതീർഥരുടെ നേതൃത്വത്തിലുള്ള ഹോസ്റ്റൽ തുടങ്ങിയിരുന്നു. ഏഴാം ക്ലാസിൽചേർന്ന എം.പി. പിതൃസഹോദരപുത്രനായ കെ.പി.ആർ. രയരപ്പനടക്കമുള്ളവരുടെകൂടെ അതിന്റെയെല്ലാം പ്രവർത്തനത്തിൽ ഭാഗഭാക്കായി. ഗാന്ധിജി ആലിംഗനംചെയ്ത കുട്ടിയെന്ന പരിഗണന സഹപാഠികൾക്കും അതിന്റെ ഗമ എം.പിക്കുമുണ്ടായിരുന്നു. ഏഴാംക്ലാസ് കഴിഞ്ഞശേഷം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേരാൻ നിർബന്ധിച്ചെങ്കിലും എം.പി. മടിയനായി. പിന്നീട് ചിത്രകല പഠിക്കാൻപോയി. അതുംകഴിഞ്ഞ് കുറച്ചുകാലം ജ്യോതിഷം. അതുംകഴിഞ്ഞ് പറശ്ശിനി സ്കൂളിൽ എട്ടാം ക്ലാസ് തുടങ്ങിയതോടെ അവിടെ എട്ടാം ക്ലാസിൽ ചേർന്നു. അത് പാസായശേഷം കീച്ചേരി മാപ്പിള എൽ.പി.സ്കൂളിൽ അധ്യാപകൻ.
ഇങ്ങനെയിരിക്കെയാണ് ഉപ്പ് സത്യാഗ്രഹജാഥ കല്യാശ്ശേരിവഴി എത്തുന്നത്. സ്വീകരണം എം.പിയുടെ കാരണവരായ എം.പി.കൃഷ്ണൻ നമ്പ്യാരുടെ വീട്ടിൽ. ജാഥയെ വരവേൽക്കാനും ജാഥയെ തളിപ്പറമ്പുവരെ അനുയാത്ര ചെയ്യാനും എം.പി.യും സഹോദരങ്ങളും മച്ചുനന്മാരും.
നിയമലംഘനസമരത്തിൽ പങ്കെടുത്ത് കെ.പി.ആർ. അടക്കം അറസ്റ്റിലായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് വിദേശവസ്ത്രബഹിഷ്കരണത്തിന് തലശ്ശേരിയിൽ സത്യാഗ്രഹം നടക്കുന്നതായി മാതൃഭൂമിയിലൂടെ അറിയുന്നത്. എം.പി, പാപ്പിനിശ്ശേരി (തളിപ്പറമ്പ് റോഡ്) റെയിൽവേ സ്റ്റേഷനിലേക്കെത്തി നേരെ തലശ്ശേരിയിലേക്ക് വിട്ടു. ആകെയുള്ളത് തലശ്ശേരിയിലേക്കുള്ള ടിക്കറ്റിന്റെ പൈസമാത്രമാണ്. അവിടെനിന്ന് കോൺഗ്രസ് ഓഫീസിലെത്തി. മൂന്നാമത്തെ ദിവസത്തെ സത്യാഗ്രഹസംഘത്തിലാണ് എം.പിയ്ക്ക് അവസരം ലഭിച്ചത്. പതിനഞ്ചോ പതിനാറോ വയസ്സുള്ള ആറേഴാളുകളാണ് ആ ഗ്രൂപ്പിലുണ്ടായിരുന്നത്. ഓഫീസിൽ പാചകംചെയ്യുന്ന കഞ്ഞിയാണ് ഭക്ഷണം. വിദേശത്തുനിന്നുള്ള തുണി വിൽക്കുന്ന കട ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടേന്ന് വിരിയുംമുമ്പേ തുടങ്ങി അല്ലേടാ എന്നും പറഞ്ഞ് ഓരോ തൊഴി കൊടുത്താണ് വാനിലേക്ക് വലിച്ചെറിഞ്ഞത്. കുടകുകാരനായ ഒരു കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. വാൻ നേരെ പോയത് കൂട്ടുപുഴയിലേക്കാണ്. കൊടുംകാനനമായ അവിടെ ഇറക്കിവിട്ട് ഇനി പോയ്ക്കോ എന്നാണ് പോലീസ് പറഞ്ഞത്. മണിക്കൂറുകളോളം അവിടെത്തന്നെ നിന്ന് പിന്നീട് ഒരൂഹംവെച്ച് തലശ്ശേരി ഭാഗത്തേക്ക് നടക്കുകയായിരുന്നു. ഇരുൾ പരക്കുമ്പോഴേക്കും അവർ എത്തിയത് ഇരിട്ടിപാലത്തിനടുത്താണ്. അവിടെ ഒരു ചരക്കുലോറി നിർത്തിയിട്ടിട്ടുണ്ട്. അതിന്റെ ഡ്രൈവറുടെ അടുത്തെത്തി ആ രണ്ടു കുട്ടികൾ ചോദിക്കുകയാണ്, തലശ്ശേരിയിലെത്തിക്കുമോ. സ്വാതന്ത്ര്യസമരസേനാനികളായ കുട്ടികളാണെന്ന് മനസ്സിലാക്കിയതോടെ ഡ്രൈവർ അവർക്ക് ചായ വാങ്ങിക്കൊടുക്കുകയും തലശ്ശേരിയിലേക്ക് അവരെ കൂട്ടുകയുംചെയ്തു. തലശ്ശേരിയിൽ തിരിച്ചെത്തിയ എം.പി. ഏതാനുംദിവസംകൂടി കോൺഗ്രസ് ഓഫീസിൽ താമസിച്ച് ജാഥകളിലും യോഗങ്ങളിലും പങ്കെടുത്തു. കടപ്പുറത്ത് വൻ ജനാവലി പങ്കെടുത്ത റാലിയിൽ സർദാർ ചന്ദ്രോത്ത് നടത്തിയ പ്രസംഗം മനസ്സിനെ ഇളക്കിമറിച്ചു. ആജാനുബാഹുവായ, കപ്പടാ മീശക്കാരൻ സർദാർ വെള്ളക്കാർക്കെതിരായി നടത്തിയ പ്രസംഗത്തിൽ കൃഷിക്കാരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞിരുന്നു. പ്രസംഗിച്ചുകൊണ്ടിരിക്കെ പോലീസ് എത്തി ക്രൂരമായ ലാത്തിച്ചാർജ് തുടങ്ങി. സർദാറിനെ തല്ലിച്ചതച്ചു. ഓടുന്നതിനിടയിൽ വീണ് എം.പിക്കും പരിക്കേറ്റു.
1936ൽ പറശ്ശിനിക്കടവിൽ നടന്ന കർഷകസംഘം ചിറക്കൽ താലൂക്ക് സമ്മേളനത്തിൽ വൊളന്റിയറായി പ്രവർത്തിച്ച എം.പി. അടുത്തവർഷം കോഴിക്കോട് ചേവായൂറിൽ മലബാർ കർഷകസംഘം സമ്മേളനത്തിന്റെ ഭാഗമായി കരിവെള്ളൂരിൽ നിന്നാരംഭിച്ച പദയാത്രയിലെ സ്ഥിരാംഗമായിരുന്നു. ജാഥ നയിച്ചത് സർദാർ ചന്ദ്രോത്ത്. എം.എസ്.പി.യിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രോത്ത് ജോലി രാജിവെച്ചാണ് ദേശീയപ്രസ്ഥാനത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റെയും നേതാവായത്. സർദാർ എം.പി.യെ ആവേശംകൊള്ളിച്ചു. പിൽക്കാലത്ത് പാർട്ടിയുടെ വൊളന്റിയർ സംഘടനയുടെ നേതാവാകുന്നതിൽ മാത്രമല്ല, കൊമ്പൻമീശക്കാരനാകുന്നതിലും സർദാറിന്റെ സ്വാധീനമുണ്ടാകാം. 1938‐ൽ മാങ്ങാട്ട് പറമ്പിൽനടന്ന ബക്കളം സമ്മേളനം‐ പത്താം കേരളരാഷ്ട്രീയസമ്മേളനത്തിന്റെ വിജയം ചിറക്കൽ താലൂക്കിലാകെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകമായി. ആ സമ്മേളനത്തിന്റെ സംഘാടനത്തിൽ എം.പി. വലിയ പങ്കുവഹിച്ചു.
ചവറ ഹൈസ്കൂളിൽ ആറാംക്ലാസ് പഠിച്ച എം.പി.ക്ക് തിരുവിതാംകൂറിലെ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തിൽ ചെറുതല്ലാത്ത പങ്കുവഹിക്കാൻ കഴിഞ്ഞത് യാദൃശ്ചികമായാണ്. 1938 സെപ്റ്റംബർ പത്തിനാണ് എ.കെ.ജി.യുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ജാഥ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. ഉത്തരവാദഭരണത്തിനായി തിരുവിതാംകൂറിൽ നടക്കുന്ന സമരത്തെ സഹായിക്കുന്നതിന് മലബാറിൽനിന്ന് ജാഥ പോകണമെന്ന് തീരുമാനിച്ചത് കെ.പി.സി.സി.യാണ്. ജാഥയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അതത്് താലൂക്ക് നേതൃത്വത്തിന്റെ കത്തുമായെത്തണമെന്ന് നിർദേശിച്ചിരുന്നു. എം.പി.നാരായണൻ നമ്പ്യാർ കെ.എ. കേരളീയനെ സമീപിച്ച് കത്ത് സംഘടിപ്പിച്ചു. എന്നാൽ കത്തുമായെത്തിയവരെ ഓരോരുത്തരെയായി അടുത്തുവിളിച്ച് സംസാരിച്ച കെ.പി.സി.സി. പ്രസിഡന്റ് അബ്ദുറഹ്മാൻ സാഹിബിന് ഒരു സന്ദേഹം. മെലിഞ്ഞ് നീണ്ട്, വേണ്ടത്ര ആരോഗ്യമില്ലാത്ത എം.പിക്ക് തിരുവിതാംകൂറിലേക്ക് കൊടുംവെയിൽ സഹിച്ച് നടന്നുപോകാനാവുമോ. നിങ്ങൾ വണ്ടിയിൽപോയി ജാഥയിൽ അവിടെവെച്ച് ചേർന്നാൽമതിയെന്ന് സാഹിബ് എം.പിയോട് പറഞ്ഞു. അത് കരച്ചിലിനിടയാക്കി. ഒടുവിൽ എ.കെ.ജി.യുടെ ശുപാർശയോടെ ജാഥയിൽ അംഗമാക്കുകയായിരുന്നു. ജാഥയിലെ ഓരോ അംഗത്തിനും ഓരോ ചുമതലയുണ്ടായിരുന്നു. പ്രഥമശുശ്രൂഷയുടെ ചുമതലയാണ് എം.പിക്ക്. പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും പരുത്തിയും തുണികളുമെല്ലാമുള്ള വലിയ സഞ്ചിയും സ്വന്തം വസ്ത്രസഞ്ചിയും പേറി എം.പി. നടന്നു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാലീഡറായ എ.കെ.ജിക്കുപുറമെ ഒന്നോ രണ്ടോ അംഗങ്ങളുടെ പ്രസംഗംകൂടിയുണ്ടാവും. അതിനാൽ ഓരോരുത്തരും പ്രസംഗം പഠിക്കണമെന്ന് എ.കെ.ജി.യുടെ നിർദേശമുണ്ട്. എം.പിയെ പ്രാസംഗികനാക്കിയത് ആ ജാഥയിലെ അനുഭവമാണ്. ജാഥ തീരുമ്പോഴേക്കും മറ്റു പലരെയുമെന്നപോലെ എം.പി.യെയും മികച്ച പ്രാസംഗികനാക്കി. ജാഥ തിരുവിതാംകൂർ അതിർത്തിയിലെത്തിയപ്പോൾ അവിടുത്തെ വൻ പോലീസ് സംഘമാണ് എതിരേറ്റത്. വലിയ സംഘർഷാന്തരീക്ഷം. എം.പി.യുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ആദ്യം അതിർത്തി കടക്കേണ്ടത്. പോലീസിന്റെ വലയത്തിലേക്ക് ഇരച്ചുകയറി മുന്നോട്ടുനീങ്ങാനുള്ള ശ്രമം. പിടിവലി, മർദനം. നിലത്തുകിടന്ന് മുന്നോട്ടുനീങ്ങാൻ ശ്രമിച്ച എം.പിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്ററിലായ ഏഴുപേരെയും കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലാക്കി. ഏഴുദിവസം അവിടെ നരകജീവിതം. ഇട്ട കാക്കി ട്രൗസറും ഖാദി കുപ്പായവും മാത്രമാണുള്ളത്. ഒരു ചെറിയ ലോക്കപ്പ് മുറിയിൽ നാറുന്ന വേഷത്തോടെ ഏഴുപേർ. എട്ടാംദിവസം അർധരാത്രി എം.പി.യെയും കൂട്ടരെയും പോലീസ് ബലംപ്രയോഗിച്ച് ലോക്കപ്പിൽനിന്ന് പുറത്തിറക്കി ഒരു വാനിൽ കയറ്റി. അർധരാത്രിയിലാണ് ഈ അസാധാരണസംഭവമെന്നതിനാലാണ് പ്രതിഷേധം. കൊല്ലാനോ മറ്റേതെങ്കിലും തരത്തിൽ ഉപദ്രവിക്കാനോ ആവണം കൊണ്ടുപോകുന്നതെന്നാണ് ധരിച്ചത്. എന്നാൽ അങ്കമാലി റെയിൽവേസ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നു പോലീസ്. ടിക്കറ്റെടുക്കാൻ കാൽകാശില്ല. എം.പി.യും സംഘവും പുലരുംവരെ സ്റ്റേഷനിൽ കഴിച്ചുകൂട്ടി അതിരാവിലെ എങ്ങോട്ടെന്നില്ലാതെ നടന്നു. എത്തിയത് ചാലക്കുടി പുഴക്കടവിൽ. കോൺഗ്രസ് അനുഭാവിയായ കടത്തുകാരൻ സൗജന്യമായി കടവുകടത്തിക്കൊടുത്തു. പക്ഷേ എത്തിയത് ചാലക്കുടി പോലീസ് സ്്റ്റേഷനുമുന്നിൽ. മുഷിഞ്ഞ വേഷവുമായി അസ്വാഭാവികമായി ഏഴുപേർ നടന്നുനീങ്ങുന്നത് കണ്ടതും പോലീസ് വിളിപ്പിക്കുന്നു. അവിടെനിന്ന് രക്ഷപ്പെട്ട്് മുന്നോട്ടുകടന്ന അവർ ചാലക്കുടി ബീഡിത്തൊഴിലാളി ഓഫീസിന് മുന്നിലാണെത്തിയത്. ഓഫീസിലുണ്ടായിരുന്നവർ മാറാൻ പകരം വസ്ത്രങ്ങൾ സംഘടിപ്പിച്ചുകൊടുക്കുകയും കുളിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. വയറുനിറയെ ഭക്ഷണവും. ആ ഓഫീസിൽ ഒരുദിവസത്തെ താമസം. പിറ്റേന്ന് ഉണർന്നപ്പോൾ എം.പി.കണികണ്ടത് വലിയ വാൾപോസ്റ്ററാണ്. മലബാർ ജാഥാംഗം എം.പി.നാരായണൻ നമ്പ്യാർ ചാലക്കുടി പോട്ടറീസ് മൈതാനത്ത് പ്രസംഗിക്കുന്നു. ചോദിക്കാതെതന്നെ ചാലക്കുടിയിലെ സഖാക്കൾ ഒപ്പിച്ച പണി. നൂറുകണക്കിനാളുകൾ പങ്കെടുത്ത പൊതുയോഗത്തിൽ ഉത്തരവാദഭരണത്തിനായുള്ള സമരത്തെയും അതിന് പിന്തുണനൽകാൻ എ.കെ.ജി. നയിച്ച മലബാർ ജാഥയെയുംകുറിച്ച് വിശദീകരിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. മലബാർ ജാഥയിലെ സഖാക്കൾ രണ്ടുദിവസംകൂടി തൃശൂരിൽ പ്രവർത്തിക്കണമെന്ന് നിർദേശമെത്തി. അടുത്തദിവസം. എം.പി. തൃശൂർ മണികണ്ഠൻ ആൽത്തറയിൽ പ്രസംഗിച്ചു. മറ്റുള്ളവരോട് നാട്ടിലേക്ക് മടങ്ങാനും എം.പി.യോട് ആലപ്പുഴയിലേക്ക് പോകാനുമാണ് അന്ന് ലഭിച്ച നിർദേശം. ആലപ്പുഴ ബോട്ടുജെട്ടിയിൽ ഇറങ്ങിയ എം.പിയെ സ്വീകരിക്കാൻ അവിടെ ആളുണ്ടായിരുന്നു. അവിടെ ഒരു രഹസ്യകേന്ദ്രത്തിലെത്തിയപ്പോൾ മലബാർ ജാഥാംഗമായ വി.പി.ചിണ്ടൻ (പിൽക്കാലത്ത് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ്) അവിടെ നിൽക്കുന്നു. ‘പ്രഭാതം’ പത്രത്തിന്റെ ഒരു കെട്ടേൽപ്പിച്ച് തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് എം.പി.ക്ക് ചിണ്ടൻ നൽകിയ നിർദേശം. തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഒരു പ്രസ്സിലേക്കാണ് രഹസ്യദൂതൻ നയിച്ചത്. അവിടെ ടി.കെ.രാജു (കൂത്തുപറമ്പ് സ്വദേശി. തിരുവിതാംകൂറിൽ വിദ്യാർഥിപ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ രാജു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളുമാണ്) ഇരിക്കുന്നു. ഉടനെ ചെങ്ങന്നൂരിൽപോയി പ്രവർത്തിക്കാനാണ് രാജു നിർദേശിച്ചത്. ചെങ്ങന്നൂരിൽ ഏതാനും മാസക്കാലം ഒളിവിൽകഴിഞ്ഞുകൊണ്ട് പ്രവർത്തനം. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം അവസാനിച്ചശേഷമാണ് എം.പി.നാട്ടിലേക്ക് മടങ്ങിയത്. ചെങ്ങന്നൂരിൽ വാദ്യാഘോഷത്തോടെയുള്ള യാത്രയയപ്പാണ് എം.പി.ക്ക് ലഭിച്ചത്.
നാട്ടിൽ എത്തിയപ്പോഴേക്കും അവിടെ ആറോൺമിൽ സമരത്തിന് കാഹളമുയർന്നിരുന്നു. 1940 ഏപ്രിൽ 15ന് സൂചനാപണിമുടക്ക്. അതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ പേരിൽ എം.പി.യെ അറസ്റ്റുചെയ്തു. ഏതാനും ദിവസത്തിനുശേഷം ജാമ്യം ലഭിച്ചതിനെ തുടർന്ന് കെ.പി.സി.സി. നിർദേശാനുസരണം വയനാട്ടിലേക്ക് പോയി. അവിടെ ജിനചന്ദ്രഗൗഡറുടെ സംരക്ഷണയിൽ ഏതാനുംദിവസം. പിന്നീട് ഗൗഡറുടെ നിർദേശാനുസരണം തലപ്പുഴ കേന്ദ്രമാക്കി പ്രവർത്തനം. അവിടെ ഒളിവിൽകഴിയുന്ന വീട്ടിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ട് മാനാഞ്ചിറയ്ക്ക് സമീപം കൊണ്ടുവിടുകയാണ്. ഇനി ചുരം കയറിവന്നുപോകരുതെന്ന താക്കീതോടെ. നേരെ കെ.പി.സി.സി. ഓഫീസിൽപോയി അവിടെ താമസിച്ച് പ്രവർത്തനംതുടങ്ങി. ഏതാനുംദിവസത്തിനകം ആ വിവരമെത്തുന്നു‐ മൊറാഴയിൽ കലാപം. രണ്ട്് പോലീസുകാർ കൊല്ലപ്പെട്ടു. നാട്ടിൽ ഭീകരാവസ്ഥ. നാട്ടിൽ സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളും കടുത്ത യാതനയനുഭവിക്കുമ്പോൾ കെ.പി.സി.സി. ഓഫീസിൽ അടങ്ങിക്കൂടാൻ എം.പി.ക്ക് ആവുമായിരുന്നില്ല. ഒരുകാരണവശാലും കണ്ണൂർ ഭാഗത്തേക്ക് പോകരുതെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ അവരുടെയെല്ലാം കണ്ണുവെട്ടിച്ച് എം.പി. നാട്ടിലേക്ക് വണ്ടി കയറി. കണ്ണൂരിൽ ഇറങ്ങുന്നതിനുപകരം എടക്കാട് ഇറങ്ങി. അവിടെനിന്ന് നടന്ന് പരിചയക്കാരെയും ബന്ധുക്കളെയും കണ്ട് ഭക്ഷണം സംഘടിപ്പിച്ച്, കാര്യങ്ങൾ തിരക്കി രണ്ട് ദിവസത്തിനകം കണ്ണപുരം സ്റ്റേഷനിലേക്ക്. വേഷപ്രഛന്നനായി കല്യാശ്ശേരിയിലെത്തിയ എം.പിക്ക് ബന്ധുഗൃഹങ്ങളിൽ സുരക്ഷിതനായി കഴിയാനായി. ഏതാനും ദിവസം. ഒരുദിവസം പോലീസ് വീട്ടിലെത്തിയെങ്കിലും പോലീസിന്റെ വഴികാട്ടിയായ അംശം അധികാരി രക്ഷിച്ചു. അധികാരി തന്റെ മച്ചുനനായ നാരായണനെ അകത്ത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് കെ.പി.സി.സി. ഓഫീസിലേക്കുതന്നെ മടങ്ങി. പക്ഷേ അപ്പോഴേക്കും കെ.പി.സി.സി പിരിച്ചുവിട്ടിരുന്നു, മൊറാഴ സംഭവത്തിന്റെ പേരിൽ. നിരാശനായ എം.പി. അടുത്ത വണ്ടിക്കുതന്നെ തലശ്ശേരിയിലേക്കു തിരിച്ചു. കോടതിയിൽ ഹാജരായി. ഒമ്പത് മാസത്തെ ശിക്ഷ.
രണ്ടാം ലോകയുദ്ധത്തോടുള്ള നിലപാടിൽ കമ്യൂണിസ്റ്റ് പാർട്ടി നിലപാട് മാറ്റിയതോടെ അതായത് സാമ്രാജ്യത്വയുദ്ധം എന്നതിൽനിന്ന് ഫാസിസ്റ്റുവിരുദ്ധ യുദ്ധമായി മാറിയെന്ന നിലപാട്‐ എം.പി. പട്ടാളത്തിൽ ചേരാൻ തയ്യാറായി. പാർട്ടിയുടെ കല്യാശ്ശേരി സെല്ലിന്റെ തീരുമാനപ്രകാരമായിരുന്നു അത്. സിഗ്നൽ കോറിൽ നോൺ കമ്മീഷൻഡ് ഓഫീസറായാണ് നിയമനം ലഭിച്ചത്. ബംഗളൂരുവിലെ പട്ടാള ക്യാമ്പിൽ ആദ്യം വയർലസ്് ഓപ്പറേറ്ററായ എം.പി. പിന്നീട് ഡ്രിൽ ഇൻസ്പക്ടറായി. പട്ടാളത്തിനകത്തെ പരീക്ഷകളിലെല്ലാം ഒന്നാം സ്ഥാനം നേടി ഉന്നതരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും രഹസ്യമായി മറ്റൊരു പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്്് സെൽ പ്രവർത്തനം. ഒടുവിൽ അത് പിടിക്കപ്പെട്ടു. കെ.പി.ആർ. ഗോപാലന്റെ സഹോദരനാണെന്ന് പട്ടാള ക്യാമ്പ് മേധാവിക്ക് ഊമക്കത്തും ലഭിച്ചിരുന്നു. പക്ഷേ അതിലൊന്നും നടപടിയുണ്ടായില്ല. രണ്ടാം ലോകയുദ്ധം തീർന്നശേഷം വിരമിച്ച പട്ടാളക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലനം നൽകുന്ന ഒരു കേന്ദ്രം മധുരയിൽ തുടങ്ങി. അവിടത്തെ പരിശീലകനായി എം.പി. നിയോഗിക്കപ്പെട്ടു. ആറു മാസത്തെ പരിശീലനം പൂർത്തിയായശേഷം ആ കേന്ദ്രം പുനരധിവാസകേന്ദ്രംതന്നെയായി മാറി. അതിന്റെ മേധാവിയുടെ ചുമതല എം.പിക്കായി. ഈ സമയത്ത്് തമിഴ്നാട്ടിലെ പാർട്ടി നേതാക്കളായ ശങ്കരയ്യ, കെ.ടി.കെ.രമണി എന്നിവരുമായി് ബന്ധപ്പെട്ടു. പാർട്ടി യോഗങ്ങളിൽസ്ഥിരമായി സംബന്ധിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് രജനി പാമിദത്ത് തമിഴ്നാട്ടിൽ രണ്ടുദിവസത്തെ പര്യടനത്തിനെത്തിയപ്പോൾ സഹയാത്രികരുടെ കൂട്ടത്തിൽ എം.പിയുമുണ്ടായിരുന്നു. അംഗരക്ഷകനെപ്പോലെ. കമ്മീഷൻഡ് ഓഫീസറായി നിയമിക്കുന്നതിന് ശുപാർശചെയ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ എം.പി. രാജിവെക്കുകയായിരുന്നു. അവധിക്കുവന്നപ്പോൾ കോഴിക്കോട്ട് പാർട്ടി ഓഫീസിൽചെന്ന്് സി.എച്ച്.കണാരനോടും സർദാർ ചന്ദ്രോത്തിനോടും സംസാരിച്ചശേഷമാണ് രാജിവെക്കാൻ തീരുമാനമായത്. 1947 ഫെബ്രുവരിയിലാണ് രാജിവെച്ചത്.
പട്ടാളംവിട്ട് നാട്ടിലെത്തിയ എം.പി.യെ അഞ്ചാമത്തെ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കള്ളക്കേസിലായിരുന്നു അറസ്റ്റ്. മാങ്ങാട്ടുപറമ്പിൽ നാട്ടുകാർ കപ്പയും മറ്റം നട്ട്് വിളവെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. പുറമ്പോക്കുഭൂമി കയ്യേറി കൃഷിയിറക്കിയെന്ന കേസ്. അതിലാണറസ്ററ്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞു. പക്ഷേ അപ്പോഴേക്കും ഒരാഴ്ചത്തെ ലോക്കപ്പ് പീഡനം നടന്നിരുന്നു. നാട്ടിൽ തിരിച്ചെത്തിയ എം.പിക്ക് പാർട്ടി നൽകിയ ചുമതല വിരമിച്ച പട്ടാളക്കാരെ സംഘടിപ്പിക്കുകയും പ്രവർത്തകർക്ക് കായികപരിശീലനം നൽകുകയുമെന്നതാണ്. മൈസൂരു ദിവാനെതിരെ മൈസൂരുവിൽ തിരുവിതാംകൂർ ഉത്തരവാദഭരണസമരം പോലുള്ള സമരം നടക്കുന്നുണ്ടായിരുന്നു. അവിടേക്ക് പഴയ മലബാർ ജാഥാ മട്ടിൽ ഒരു ജാഥ എം.പി.നയിച്ചു. വിമുക്തഭടന്മാരായിരുന്നു ജാഥാംഗങ്ങൾ.
കൊൽക്കത്താ തീസിസിനെ തുടർന്ന് രാജ്യരക്ഷാനിയമപ്രകാരം ആദ്യമേ അറസ്റ്റുചെയ്യപ്പെട്ടവരിലൊരാളാണ് എം.പി. വെല്ലൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. കടുത്ത പീഡനമായിരുന്നു വെല്ലൂർ ജയിലിൽ. അങ്ങനെയിരിക്കെയാണ് പഴയ ആറോൺമിൽ കേസിൽ എം.പി.യെ ഹാജരാക്കാൻ തലശ്ശേരി കോടതിയുടെ വാറണ്ട് എത്തിയത്. കേസിൽ ഒമ്പത് മാസത്തെ തടവിന് വിധിച്ചു. വെല്ലൂർ ജയിലിൽനിന്ന് സേലം ജയിലിലേക്കാണ് മാറ്റിയത്. അവിടെ ഒമ്പത് മാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും അതാ പോലീസ് ജീപ്പ് മുമ്പിൽ. കൊൽക്കത്താ തീസിസിനെ തുടർന്നുള്ള രാജ്യരക്ഷാകേസിൽ വീണ്ടും അറസ്റ്റ്. പിന്നീട് വെല്ലൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. വെല്ലൂർ ജയിലിൽ അപ്പോഴും കടുത്ത പീഡനം തുടരുകയായിരുന്നു. രാഷ്ട്രീയ തടവുകാർ നിരാഹാരസമരം നടത്തുകയായിരുന്നു. എം.പിക്ക് മൂന്നുദിവസമേ നിരാഹാരമനുഷ്ഠിക്കാനായുള്ളൂ. സമരം വിജയിച്ചില്ല. ജയിലിനകത്ത് പാർട്ടിപ്രവർത്തകരായ തടവുകാർക്ക് ആയുധ പരിശീലനം നൽകുന്നതിനുള്ള ചുമതല എം.പിക്കായിരുന്നു. വിറകുകൊള്ളിയെടുത്ത് 303 റൈഫിളായി സങ്കല്പിച്ച് പരിശീലനം. ജയിലിലുണ്ടായിരുന്ന എ.കെ.ജി.യാണ് പരിശീലനത്തിന്റെയും അച്ചടക്കലംഘനത്തിന്റെയും പിന്നിലെന്ന് സംശയിച്ച് എ.കെ.ജി.യെ രാജമുണ്ട്രി ജയിലിലേക്ക് മാറ്റി. അതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. എന്നാൽ ജയിലിനകത്ത് പോലീസ് കയറി അടിച്ചമർത്തലായിരുന്നു അടുത്തപടി. ജയിൽ ജീവനക്കാരും പോലീസും ഒരു ഭാഗത്തും തടവുകാർ മറുഭാഗത്തുമായി രൂക്ഷമായ സംഘട്ടനം നടന്നു. പ്രതിരോധത്തിൽ എം.പി.യും തനതായ പങ്കുവഹിച്ചു.
1951 ഒടുവിലാണ് എം.പി. ജയിൽമോചിതനായത്. ഗാന്ധിജിയുടെ ആശ്ലേഷം ലഭിച്ച അഭിമാനബോധത്തോടെ ജീവിച്ച എം.പിക്ക് പിൽക്കാലത്തും അതുപോലൊരു സൗഭാഗ്യം ലഭിച്ചു. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളുടെ ആവേശമായ പാബ്ലോ നെരൂദയെ ഹാരമണിയിക്കാനുള്ള അവസരം. എഴുപതുകളുടെ ആദ്യാണത്. ലോകസമാധാനപ്രസ്ഥാനത്തിന്റെ ഭാഗമായി മുംബൈയിൽ നടന്ന സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു വിപ്ലവകവി നെരൂദ. ആ സമ്മേളനത്തിൽ കേരളപ്രതിനിധി സംഘത്തിൽ അംഗമായ എം.പി, നെരൂദയെ ഹാരമണിയിച്ചു. ♦