Tuesday, May 7, 2024

ad

Homeലേഖനങ്ങൾയുദ്ധഭൂമിയിലെ കുട്ടികൾ

യുദ്ധഭൂമിയിലെ കുട്ടികൾ

മഞ്ചു ടി കെ

മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി അനാഥത്വത്തിലേക്ക് അരക്ഷിതബോധത്തിലേക്ക് അടർന്നു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് ഓരോ യുദ്ധവും ബാക്കിയാക്കുന്നത്.

ക്യാമറക്കുമുന്നിൽ ഇരു കൈ ഉയർത്തി വിതുമ്പി നിൽക്കുന്ന കുട്ടി, ദേഹമാകെ പൊള്ളിപ്പടർന്ന് നഗ്നയായി ഓടുന്ന ഒരുവൾ, ചുമലിലെ കുഞ്ഞനുജന്റെ ശവശരീരം സംസ്‌കരിക്കാൻ ഊഴം കാത്ത് ചുണ്ടുകളമർത്തിപ്പിടിച്ച് നിൽക്കുന്നവൻ, ഭയന്ന് തുറന്ന കണ്ണുകളാൽ പകച്ചുനിന്ന് ഡോക്ടറുടെ സാന്ത്വന സ്പർശത്തിൽ കരഞ്ഞ് തുടങ്ങിയവൻ… ഇങ്ങനെ കാലദേശങ്ങൾക്കതീതമായി എത്ര ചിത്രങ്ങളാണ് നമ്മുടെ ഉള്ളിൽ യുദ്ധമെന്ന വാക്കിനൊപ്പം തെളിഞ്ഞു വരുന്നത്!

യുദ്ധത്തെ/അധിനിവേശത്തെ/കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. യുദ്ധത്തിൽ ഒരു പങ്കുമില്ലാതെ തന്നെ പ്രിയപ്പെട്ടവരുടെ മരണം, പിറന്നനാടും കൂട്ടും വിട്ട പാലായനങ്ങൾ, ഭൂമിയിൽ അവകാശമില്ലാത്ത അഭയാർത്ഥി, ദാരിദ്ര്യം എല്ലാറ്റിനും ഒപ്പം അതിലൊക്കെ അധികമായി നീറുന്ന മനസ്സ്. ഈടുവെപ്പുകളൊന്നും ബാക്കിയാവാതെ തകർന്നടിയുന്ന ജനതയുടെ നിരാശയിലാണ്ട മനസ്സ് കുട്ടികളുടെ വികാസത്തെ പലരീതിയിൽ ബാധിക്കും.

കോംപ്ലക്സ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡർ
ഇമോഷൻ റഗുലേഷൻ (വികാരനിയന്ത്രണം), സെൽഫ് ഐഡന്റിറ്റി (സ്വയം വ്യക്തിത്വം), റിലേഷണൽ കപ്പാസിറ്റി (ബന്ധത്വ ശേഷി), വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും വിശ്വസിക്കുന്നതിനും ഉള്ള കഴിവ്) എന്നിവ നഷ്ടമാവും. സ്വയം നിയന്ത്രിതരാകാൻ കഴിയാത്ത പലരും ആത്മഹത്യയിലേക്കോ ഒറ്റപ്പെട്ട അക്രമണങ്ങൾ നടത്തുന്നതിലേക്കോ നയിക്കപ്പെടാൻ കാരണമാവും. ഭയവും ഉറക്കക്കുറവും ശ്രദ്ധ കിട്ടായ്കയും അവരുടെ ദിവസങ്ങളെ ദുരിതത്തിലാക്കും

സൊമാറ്റിക് ഡിസോർഡർ
മനസ്സിലെ സ്ട്രസ് (സമ്മർദങ്ങൾ) ശാരീരിക അസുഖങ്ങളുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്ന അവസ്ഥ എന്ന് സാമാന്യേനെ പറയാം.

പ്രവർത്തനനിരതരാവുന്നതിന് കഴിയാത്തവിധം ശാരീരികമായ വേദനകൾ അസുഖങ്ങളെപ്പറ്റിയുള്ള ഭയം, മരണഭയം എന്നിവ ഇവരെ പിടിമുറുക്കും

ഡിപ്രഷൻ
തന്നെ ഒന്നിനും കൊള്ളില്ല എന്നും ആരും തനിക്ക് സഹായത്തിനില്ലെന്നും തന്റെ അവസ്ഥക്ക് ഇനി ഒരു മാറ്റവും സംഭവിക്കാനില്ലെന്നും തീർത്തും നിസ്സഹായമായി ജീവിതത്തിന് അർഥമില്ലാത്ത ഈ നിലയിൽ ജീവിച്ചിരിക്കേണ്ടെന്നും കരുതിപ്പോരുന്നവർ. ഇങ്ങനെ ദുരിതങ്ങൾക്ക് മുന്നിൽ മനമിടറി ആത്മഹത്യയിൽ അഭയം തേടുന്നവർ ഏറെയാണ്.

കുട്ടികളുടെ വികാസത്തെ ബാധിക്കുന്ന ചില ഉദാഹരണങ്ങൾ
3 വയസ്സുകാരനായ ഒരു അതിജീവൻ. മാസങ്ങളോളം സംസാരിക്കാതാവുന്നു. പലതരത്തിൽ കെയർ ചെയ്യപ്പെട്ടിട്ടും മിണ്ടാനാവുന്നില്ല അവന്. 8 മാസങ്ങൾക്ക് ശേഷം അത്രയും നാൾ കൂടെ കൂട്ടിയ പാവയോട് അവൻ ബോംബ് വീഴുന്നതിനെപ്പറ്റിയും ജനാല തലയിൽ വന്ന് വീണതിനെപ്പറ്റിയും പറയുന്നു. അതിന് ശേഷമാണവൻ വിശപ്പിനെക്കുറിച്ചു പോലും പറയുന്നത്. മാസങ്ങളോളം അവൻ അനുഭവിച്ച ഭയം, മരവിപ്പ് അതെത്ര വലുതായിരിക്കും.

ഒന്നര വയസ്സുള്ള ഒരു കുഞ്ഞ് ശക്തമായ തുടർച്ചയായ അപസ്മാരം, ദുഃസ്വപ്നങ്ങൾ, ഭയം എന്നിവയാൽ സ്വാഭാവിക ജീവിതത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുന്നു. മുതിർന്നതിനുശേഷവും എഞ്ചിൻ ശബ്ദം പോലെ ശക്തമായ ശബ്ദങ്ങൾ അവനെ ഭയപ്പെടുത്തുന്നു!

ദാരിദ്ര്യം പോഷകാഹാരക്കുറവ് വൈകാരികമായ സുരക്ഷിതത്വമില്ലായ്മ പഠനാവസരങ്ങളില്ലായ്ക എന്നിവയും കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും മാനസികവുമായ വളർച്ചയെ ബാധിക്കും.

ചെറുപ്രായത്തിൽ ട്രോമ അനുഭവിച്ച മുതിർന്നവർക്ക് അവരുടെ കുട്ടികളോട് രക്ഷാകർതൃ ശേഷി കുറയുന്നു. ആഘാതത്തിന്റെ ഫലമായി മുതിർന്നവരുടെ സ്ട്രെസ് പ്രതികരണ സംവിധാനത്തിൽ സംഭവിച്ച മാറ്റങ്ങൾ ആരോഗ്യകരമായ രീതിയിൽ അധിക സമ്മർദ്ദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കുറയുന്നതിന് കാരണമാകും.

ഇത് കുട്ടികൾക്ക് ആരോഗ്യകരമായ പാരന്റിംഗിന് തടസ്സമാവും. കുഞ്ഞു മനസ്സിൽ കുടിപ്പക പോലെ പ്രതികാരത്തിന്റെ കനലെരിയുന്നതിൽ ഈ സാഹചര്യങ്ങൾക്കും പങ്കുണ്ട്.

മയക്കുമരുന്നുകളുടെ ഉപയോഗം, അക്രമ സ്വഭാവം, ഗ്യാങ്ങ് ആയി ചെയ്യുന്ന അക്രമങ്ങൾ, പ്രതികാര ബുദ്ധി തുടങ്ങി പലതരം സ്വാഭാവിക പ്രതികരണങ്ങൾ നിരാശയിലാണ്ട മുതിർന്നവരിൽ കാണാം. ഇത് കുട്ടികളിലേക്കും പടരുന്നു.

ജീനോമിലേക്ക് എപ്പിജെനെറ്റിക് മാറ്റങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ തലമുറകളിലുടനീളം പ്രതികൂല ബാല്യത്തിന്റെ തുടർച്ചയായ എക്സ്പോഷർ ശാശ്വതമാക്കുകയും ചെയ്യും.

ഇവരെ ഏത് രീതിയിൽ കൈകാര്യം ചെയ്യുന്നുവോ അതുപോലെ മാറാനിടയുണ്ട്. കുടിപ്പക പോലെ പ്രതികാരം ചെയ്യാൻ തയ്യാറാവുന്നവരും യുദ്ധവിരുദ്ധ പ്രവർത്തകരാവുന്നതും സമാധാനപരമായി എത്തുന്ന ഇടത്തിൽ പുതുജീവിതത്തോട് ഇടപെട്ട് അതിജീവിക്കുന്നവരും ആയി കുട്ടി വളർത്തപ്പെടുന്ന രീതിക്ക് വലിയ പങ്കുണ്ട്.

അമ്മമാർ/രക്ഷപ്പെട്ട മുതിർന്നവർ എല്ലാം എങ്ങനെ യുദ്ധത്തോട്, അതിന്റെ നഷ്ടങ്ങളോട് പ്രതികരിക്കുന്നു എന്നതും കുട്ടികളുടെ ട്രോമയുടെ ആഴവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

യുദ്ധങ്ങളുടെ അതിജീവനം എന്നാൽ ജീവൻ രക്ഷപ്പെടൽ മാത്രമല്ല. ആഹാരത്തിനും വിദ്യാഭ്യാസത്തിനും പൗരത്വത്തിനും മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിനും മാനസികമായ അതിജീവനത്തിനും കൂടി സാധ്യമാവണം എന്ന യുഎൻ നിർദേശങ്ങൾ പോലും സാമ്രാജത്വം അംഗീകരിക്കാത്ത ലോകത്ത് ഇത്രയൊക്കെ പ്രതീക്ഷിക്കാനാവുമോ?

ആധുനിക സമൂഹം എന്ന് നാം നമ്മെ വിളിക്കുന്ന കാലത്തും രാഷ്ട്രങ്ങൾക്ക് അതിർത്തി തീരുമാനിക്കാൻ പോലും ഗോത്ര കാലത്തെപ്പോലെ ഇരുവശത്തുനിന്നും മരിച്ചവരുടെ കണക്കു വേണം. ഓരോ യുദ്ധവും പട്ടിണിക്കും പലായനങ്ങൾക്കുമൊപ്പം മറ്റൊരു യുദ്ധത്തിന്റെ വിത്തുപാകലുമാവുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 4 =

Most Popular