Friday, November 22, 2024

ad

Homeലേഖനങ്ങൾ‘ഇത്‌ താൻഡാ പൊലീസ്‌’

‘ഇത്‌ താൻഡാ പൊലീസ്‌’

റഷീദ്‌ ആനപ്പുറം

‘മൃദുഭാവേ ദൃഢ കൃത്യേ’ എന്നാണ്‌ കേരള പൊലീസിന്റെ ആപ്തവാക്യം. മൃദുത്വം എന്നത്‌ പൊലീസിന്റെ കർമ്മത്തിൽ പ്രധാനമാണെങ്കിലും പലപ്പോഴും അവ പ്രവർത്തനത്തിൽ കാണാറില്ല. ബ്രിട്ടീഷുകാർ അവരുടെ പാദസേവക്കായി അടിമ തുല്ല്യമായി രൂപംനൽകിയ ഒരു സേന എന്ന നിലയിൽ പലപ്പോഴും അതിന്റെ അംശങ്ങൾ പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഇന്നും നമ്മുടെ രാജ്യത്ത്‌ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്‌. ഫ്യൂഡൽ–-കൊളോണിയൽ ചട്ടക്കൂട്‌ സൃഷ്‌ടിച്ച നീതിനിർവഹണ സംവിധാനം പൂർണമായും പൊലീസ്‌ സേനയിൽനിന്ന്‌ മാഞ്ഞിട്ടില്ല. ഒരു സേന എന്ന നിലയിൽ പൊലീസ്‌ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും മായാതെ പലപ്പോഴായി തെളിഞ്ഞുവരുന്ന ഈ കറയാണ്‌.

യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ പൊലീസ്‌ സേനയിൽ വർഗീയവൽക്കരണവും ശക്തമാണ്‌. എന്നാൽ ഇതിൽനിന്നും തികച്ചും ഭിന്നമാണ്‌ കേരള പൊലീസ്‌.

നിയമവാഴ്‌ച ഉറപ്പുവരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്‌ പൊലീസിന്റെ പ്രഥമ കടമ. ഇതിൽ മികച്ച ട്രാക്ക്‌ റെക്കൊർഡാണ്‌ കേരള പൊലീസിന്റേത്‌. ക്രമസമാധാനപാലനത്തിലും കുറ്റന്വേഷണത്തിലും കേരള പൊലീസ്‌ രാജ്യത്തിനുതന്നെ മാതൃകയാണ്‌. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ കൊല്ലത്ത്‌ തട്ടികൊണ്ടുപോയ കുട്ടിയെ അതിവേഗം കണ്ടെത്തിയതും പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തതും.

മികച്ച ക്രമസമാധാനമാണ്‌ ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അതിപ്രധാന ഘടകം. ജനങ്ങളുടെ സ്വൈര ജീവിതത്തിൽ എന്ന പോലെ വ്യാവസായ വാണിജ്യ വികാസത്തിലും ക്രമസമാധന പാലനത്തിന്‌ വലിയ പങ്കുണ്ട്‌. ഇതിൽ കേരള പൊലീസ്‌ മികവുറ്റതാണ്‌. രാജ്യത്ത്‌ വർഷവും ആയിരത്തിലധികം ചെറുതും വലുതുമായ വർഗീയ കലാപങ്ങൾ അരങ്ങുവാഴുമ്പോൾ കേരളത്തിൽ അത്തരം ഒന്ന്‌ കേട്ടുകേൾവി പോലുമില്ല.

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും നിതാന്ത ജാഗ്രതയുമാണ്‌ ഇതിന്‌ പ്രധാന കാരണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ ആക്രമണ സമരത്തെ അതിശക്തമായാണ്‌ പൊലീസ്‌ നേരിട്ടത്‌. സമരത്തിന്‌ നേതൃത്വം നൽകിയ പുരോഹിതർ ഉൾപ്പെടെ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ചു. എസ്‌ഡിപിഐ നടത്തിയ മിന്നൽ ഹർത്താലും ശബരിമല സ്‌ത്രീ പ്രവേശനത്തിന്റെ മറവിൽ വർഗീയകലാപത്തിന്‌ ആർഎസ്‌എസ്‌ നടത്തിയ ഗൂഢനീക്കവും പൊലീസ്‌ നിഷ്‌പ്രഭമാക്കി.

കുറ്റകൃത്യങ്ങൾ തടയുന്നതിലും അന്വേഷിച്ച്‌ കുറ്റവാളികൾക്ക്‌ ശിക്ഷ വാങ്ങി കൊടുക്കുന്നതിലും നമ്മുടെ പൊലീസ്‌ മുമ്പിലാണ്‌. ഹൈടെക്‌ കുറ്റകൃത്യങ്ങളുടെ ഈ കാലത്ത്‌ കുറ്റാന്വേഷണവും ഹൈടെക്കായി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വിവാദമായ പെരുമ്പാവൂരിലെ അഭിഭാഷക വിദ്യാർത്ഥി ജിഷയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ റെക്കൊർഡിട്ട പൊലീസ്‌ ആ മേന്മ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ജിഷ കൊല്ലപ്പെടുമ്പോൾ യുഡിഎഫാണ്‌ കേരളം ഭരിച്ചത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയും. അന്വേഷണത്തിൽ ഇരുട്ടിൽതപ്പിയ പൊലീസ്‌ ജനങ്ങളെ പറ്റിക്കാൻ കേസിൽ ഡമ്മി പ്രതികളെ ഹാജരാക്കി. ഈ ഡമ്മി നാടകം പൊളിഞ്ഞപ്പോൾ പ്രതിയുടെ എന്ന കഥ മെനഞ്ഞ്‌ ചെരുപ്പുകൾ തൂക്കി പ്രദർശിപ്പിച്ച്‌ പരിഹാസ്യരായി ചെന്നിത്തലയുടെ പൊലീസ്‌. എന്നാൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നതോടെ (ആദ്യ പിണറായി സർക്കാർ) ആഴ്‌ചകൾക്കകമാണ്‌ പ്രതി ഖമറുൾ ഇസ്ലാമിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. സർക്കാരിന്റെ ആദ്യ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനം തന്നെ ജിഷ കേസിൽ പ്രതിയെ പിടികൂടുമെന്നതായിരുന്നു. അതിനായി പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. അവിടെനിന്ന്‌ തുടങ്ങി കൊല്ലം സംഭവത്തിൽ എത്തിനിൽക്കുകയാണ്‌ കേരള പൊലീസിന്റെ കുറ്റന്വേഷണ മികവിന്റെ ജൈത്രയാത്ര.

ഒരു തെളിവും ബാക്കിവെക്കാതെ വളരെ ആസൂത്രിതമായാണ്‌ പ്രതികൾ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്‌. എന്നാൽ ദിവസങ്ങൾക്കകം ഒന്നാംപ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്‌റ്റ്‌ വൈകുന്നു എന്ന്‌ പറഞ്ഞ്‌ പ്രതിപക്ഷ നേതാക്കൾ അടക്കം പൊലീസിനെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്‌ ലഭിക്കുന്ന വലിയ പിന്തുണയിൽ അസഹിഷ്‌ണുത പൂണ്ടാണ്‌ പ്രതിപക്ഷം പൊലീസിനെ കുറ്റപ്പെടുത്തിയത്‌. ചില മാധ്യമങ്ങളും സമാന രീതിയിൽ വാർത്തകൾ പടച്ചു. എന്നാൽ അതൊന്നും പൊലീസിനെ ബാധിച്ചില്ല. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ക്യാമ്പ്‌ ചെയ്‌ത്‌ നേതൃത്വം നൽകിയ പഴുതടച്ച അന്വേഷണത്തിൽ രണ്ട്‌ ദിവസം കൊണ്ട്‌ പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കേരള പൊലീസ് ക്രമസമാധാനപാലനത്തിലും അന്വേഷണ മികവിലും നല്ല യശസ്സു നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന സേനയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 110 ദിവസത്തിനുളളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായത് ഒരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്ററിന്‌ നേരെയുണ്ടായ ബോംബേറിലെ പ്രതി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസിൽ ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികളെയും പൊലീസ്‌ പിടികൂടി. ഇലന്തൂർ നരബലി കേസിൽ പൊലീസ്‌ നടത്തിയ അന്വേഷണം എടുത്തു പറയേണ്ടതാണ്‌. രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസ് തെളിയിക്കുന്നതിൽ എത്തിച്ചത്‌. കോഴിക്കോട്‌ കൂടത്തായി കേസന്വേഷണവും കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽലാണ്‌.

ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി എലത്തൂരിൽ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടി. ഇങ്ങനെ ചെറുതും വലുതുമായ നിരവധി കേസുകളാണ്‌ പൊലീസ്‌ തെളിയിച്ചത്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പൊലീസ്‌ തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തുമുള്ളത്‌. എന്നിട്ടും എന്തുകൊണ്ട്‌ ഈ മാറ്റം? ഈ ചോദ്യത്തിന്‌ ഉത്തരം ലളിതമാണ്‌. പൊലീസിനെ നയിക്കുന്നവരുടെ നിലപാടാണ്‌ പ്രധാനം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ (2001–-06) കാലത്ത്‌ ജീർണാവസ്ഥയിലായിരുന്നു കേരള പൊലീസ്‌. ഈ സേനയെയാണ്‌ പിന്നീട്‌ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ മനുഷ്യ പൊലീസ്‌ ആക്കിയത്‌. 2006–-2021ലെ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്‌ രാജ്യത്തെ മികച്ച സേനയായി കേരള പൊലീസ്‌. ആ മേന്മ ഇന്നും തുടരുകയായണ്‌. സർക്കാരിന്റെ തുടർച്ച എന്ന നിലയിൽ പൊലീസ്‌ പ്രവർത്തനങ്ങളിലും ഈ ഗുണപരമായ തുടർച്ച കാണാം. അതിന്റെ ഫലമാണ്‌ കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ നമ്മൾ കണ്ടത്‌. ഈ നേട്ടം തൊട്ടറിയുന്നവരാണ്‌ കേരളീയർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − seven =

Most Popular