Saturday, May 18, 2024

ad

Homeഇവർ നയിച്ചവർവി ആർ ഭാസ്‌കരൻ: എല്ലാവരുടെയും വി ആർ ബി

വി ആർ ഭാസ്‌കരൻ: എല്ലാവരുടെയും വി ആർ ബി

ഗിരീഷ്‌ ചേനപ്പാടി

സ്വാതന്ത്ര്യസമരസേനാനിയും സമുന്നതനായ കമ്യൂണിസ്റ്റും ട്രേഡ്‌ യൂണിയൻ നേതാവുമായിരുന്ന വി ആർ ഭാസ്‌കരൻ എന്നും ലാളിത്യത്തിന്റെ ആൾരൂപമായിരുന്നുു. വി ആർ ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഏഴര പതിറ്റാണ്ടുകാലത്തോളം പൊതുപ്രവർത്തനരംഗത്ത്‌ നിറഞ്ഞുനിന്നു. സംശുദ്ധമായ പൊതുജീവിതത്തിനുടമയായ അദ്ദേഹം എതിർ രാഷ്‌ട്രീയക്കാരുടെ പോലും ആദരവ്‌ പിടിച്ചുവാങ്ങി.

1926ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിനു സമീപം നെടുംകുന്നത്താണ്‌ വി ആർ ഭാസ്‌കരൻ ജനിച്ചത്‌. വടക്കേവീട്ടിൽ അയ്യപ്പനാണ്‌ പിതാവ്‌. അമ്മയുടെ പേര്‌ രുദ്രമ്മ. മാതാപിതാക്കളുടെ മൂന്നാമത്തെ മകനായിരുന്നു ഭാസ്‌കരൻ. നെടുംകുന്നം മലയാളം സ്‌കൂളിൽ ഏഴാംക്ലാസ്‌ വരെ പഠിച്ചു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചതിനാൽ എട്ടുമക്കളും അമ്മയുമടങ്ങിയ ആ കുടുംബം സാന്പത്തികമായി നന്നേ കഷ്ടപ്പെട്ടു. അതുമൂലം പഠിത്തം ഉപേക്ഷിക്കാൻ ഭാസ്‌കരൻ നിർബന്ധിതനായി.

പിന്നീട്‌ ഇത്തിത്താനംകാരൻ ദാമോദരന്റെ കീഴിൽ തയ്യൽ അഭ്യസിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തയ്യൽതൊഴിലിൽ അഗ്രഗണ്യനായി ഭാസ്‌കരൻ മാറി. നല്ല നിലയിൽ തയ്യൽജോലി ചെയ്യുകയും സൗമ്യമായി എല്ലാവരോടും പെരുമാറുകയും ചെയ്‌ത ഭാസ്‌കരൻ വളരെ വേഗം സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായി.

ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും നാട്ടിൽ പടരുന്ന കാലം. ജനമനസ്സുകളിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയുമുള്ള അഭിനിവേശം ആളിക്കത്തിയ സമയം. കൗമാരപ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമരത്തിൽ ആവേശത്തോടെ അദ്ദേഹം പങ്കെടുത്തു. തയ്യൽതൊഴിലാളികൾ, കശുവണ്ടിത്തൊഴിലാളികൾ, ബീഡിതെറുപ്പുകാർ, ബാർബർ തൊഴിലാളികൾ എന്നിങ്ങനെ ഇതരമേഖലകളിലെ തൊഴിലാളികൾക്കൊപ്പം ഭാസ്‌കരനും സ്വാതന്ത്ര്യസമരത്തിൽ അണിനിരന്നു; പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പതിവായി പങ്കെടുത്തു. മറ്റുള്ളവവരെ സംഘടിപ്പിച്ച്‌ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിലും അദ്ദേഹം മികവു പുലർത്തി. സ്റ്റേറ്റ്‌ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി വളരെവേഗം മാറിയ ഭാസ്‌കരൻ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും പ്രവർത്തകനായി.

1942ൽ പതിനാറാം വയസ്സിൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. 1944ൽ കറുകച്ചാൽ സ്‌റ്റേഷനിൽ പൊലീസിന്റെ ക്രൂരമായ മർദനങ്ങൾക്ക്‌ വിധേയനായി. മർദനങ്ങൾക്കോ ഭീഷണികൾക്കോ ഒന്നും ഭാസ്‌കരൻ എന്ന കമ്യൂണിസ്റ്റിനെ പിന്തിരിപ്പിക്കാനായില്ല. പരന്ന വായനയ്‌ക്ക്‌ ഉടമയായ അദ്ദേഹം മാർക്‌സിസം‐ലെനിനിസത്തിൽ വളരെവേഗം അവഗാഹം നേടി.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്ന്‌ പൊലീസ്‌ കമ്യൂണിസ്റ്റ്‌ വേട്ട ശക്തിപ്പെടുത്തി. പാർട്ടി നേതാക്കളായ ഇ എം എസും പി ടി പുന്നൂസും സി എസ്‌ ഗോപാലപിള്ളയും ഒളിവിൽ കഴിയാൻ സാധ്യതയുള്ള പ്രദേശമെന്ന നിലയിൽ നെടുംകുന്നത്ത്‌ പൊലീസ്‌ അന്വേഷിച്ചെത്തി. സ്ഥലത്തെ പാർട്ടിയുടെ പ്രധാന പ്രവർത്തകനായ ഭാസ്‌കരന്റെ വീട്ടിൽ ഒരുദിവസം പൊലീസ്‌ പാഞ്ഞെത്തി. നേതാക്കൾ ഓരോരുത്തരും ഒളിവിൽ കഴിയുന്നത്‌ എവിടെയാണെന്ന്‌ അവർക്കറിയണം. പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കു മുന്പിൽ ആ യുവാവ്‌ പതറിയില്ല. ‘‘എനിക്കറിയില്ല’’ എന്ന ഒരേയൊരു ഉത്തരമേ ആ യുവാവിൽനിന്ന്‌ പൊലീസിന്‌ കിട്ടിയുള്ളൂ. ഭാസ്‌കരനെ അറസ്റ്റ്‌ ചെയ്‌ത്‌ സ്‌റ്റേഷനിൽ കൊണ്ടുപോയി നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഭാസ്‌കരനിൽനിന്ന്‌ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. പൊലീസ്‌ സ്‌റ്റേഷനിൽനിന്ന്‌ ജാമ്യത്തിൽ വിട്ടു.

1952 മുതൽ ഭാസ്‌കരന്റെ പ്രവർത്തനകേന്ദ്രം താലൂക്ക്‌ ആസ്ഥാനമായ ചങ്ങനാശ്ശേരിയിലേക്ക്‌ മാറ്റി. മൂന്നാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ലോക്കൽ കമ്മിറ്റികളും സെല്ലുകളും (ബ്രാഞ്ചുകൾ) രൂപീകരിക്കുന്നതിനുള്ള ചുമതല പാർട്ടി ഏൽപിച്ചത്‌ ഭാസ്‌കരനെയാണ്‌. 1953ൽ ചങ്ങനാശ്ശേരി താലൂക്ക്‌ കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ചെത്തുതൊഴിലാളിൾ, ബീഡി തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ എല്ലാ രംഗത്തും പ്രവർത്തിക്കുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം അഹോരാത്രം മുഴുകി. 1956ൽ വി ആർ ബി പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

പറാൽ സമരം
പറാൽ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വി ആർ ബി. പ്രതിലോമശക്തികൾ അഴിഞ്ഞാടിയ സമരമായിരുന്നല്ലോ. 1959ലെ വിമോചനസമരം. പറാലിൽനിന്ന്‌ ചങ്ങനാശ്ശേരി മാർക്കറ്റിലെത്തുന്ന കർഷകത്തൊഴിലാളികളെ ജാതീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുക എന്നത് കോൺഗ്രസ്‌ ഗുണ്ടകളുടെ സ്ഥിരം പതിവായിരുന്നു. അതിനെതിരെ വി ആർ ബി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്‌ സംഘടിപ്പിച്ചു. ഗുണ്ടാസംഘം പറാലിൽ കർഷകത്തൊഴിലാളികൾ താമസിക്കുന്ന 96 കുടിലുകൾക്ക്‌ തീവെച്ചു. വി ആർ ബിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികളെ സംരക്ഷിക്കുകയും പുതിയ കുടിലുകൾ കെട്ടിക്കൊടുക്കുകയും ചെയ്‌തു. അക്രമികളെ തുരത്തുന്നതിലും ചെറുത്തുനിൽപ്‌ നടത്തുന്നതിലും കമ്യൂണിസ്റ്റുകാരുടെ ഉശിരു കണ്ട ഗുണ്ടകൾ പിന്നീട്‌ ആക്രമണത്തിനു മുതിർന്നില്ല. അടിച്ചാൽ തിരിച്ചടി കിട്ടുമെന്ന്‌ അവർക്ക്‌ ബോധ്യപ്പെട്ടു.

തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറായിരുന്ന വി ആർ ബി എഐടിയുസിക്കാരുടെ ജില്ലയിലെ എണ്ണംപറഞ്ഞ നേതാവായിരുന്നു. സിഐടിയുവിന്റെ രൂപീകരണസമ്മേളനത്തിൽ പങ്കെടുത്ത വി ആർ ബി ആദ്യംമുതലേ അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗമായിരുന്നു. സിഐടിയുവിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച വി ആർ ബി ഒട്ടനവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. എല്ലാ തൊഴിൽരംഗങ്ങളിലെയും സവിശേഷതകൾ സൂക്ഷ്‌മമായി അദ്ദേഹം വിലയിരുത്തിയിരുന്നു. ആഴത്തിലുള്ള ആ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം തൊഴിൽസമരങ്ങളെ മുൻനിരയിൽനിന്ന്‌ നയിച്ചത്‌. സിഐടിയുവിനെ ജില്ലയിലെ മികച്ച സംഘടനയായി വളർത്തുന്നതിൽ വി ആർ ബി വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌.

നെടുംകുന്നം പഞ്ചായത്ത്‌ അംഗമായി ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പ്രവർത്തിച്ചു. മികച്ച സഹകാരി കൂടിയായിരുന്ന വി ആർ ബി നെടുംകുന്നം റീജണൽ സർവീസ്‌ സഹകരണ ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ അംഗമായും ദീർഘകാലം പ്രവർത്തിച്ചു. മൂന്നുവർഷക്കാലം അദ്ദേഹം ആ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ അംഗമായും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു.

1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന്‌ ഒളിവുജീവിതം ആരംഭിച്ച വി ആർ ബി താമസിയാതെ പൊലീസിന്റെ പിടിയിലായി. പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്‌ക്കപ്പെട്ട വി ആർ ബിക്ക്‌ ഇരുപത്‌ മാസക്കാലം അവിടെ കഴിയേണ്ടിവന്നു. ജയിലിൽ എസ്‌ രാമചന്ദ്രൻപിള്ള വി ആർ ബിയുടെ സഹതടവുകാരനായിരുന്നു. എസ്‌ ആർ പിയുമായുള്ള നിരന്തര സംസർഗം വി ആർ ബിക്ക്‌ ഇംഗ്ലീഷിൽ പരിജ്ഞാനം ലഭിക്കാൻ സഹായിച്ചു. അങ്ങനെ ജയിലിനെയും പാഠശാലയാക്കി മാറ്റാൻ അദ്ദേഹത്തിന്‌ സാധിച്ചു.

ചങ്ങനാശ്ശേരി നഗരമധ്യത്തിൽ എട്ട്‌ സെന്റ്‌ സ്ഥലം വാങ്ങാനും അതിൽ ഏരിയകമ്മിറ്റി ഓഫീസ്‌ 1974ൽ തന്നെ പണിയാൻ കഴിഞ്ഞതും വി ആർ ബിയുടെ ഉത്സാഹവും ഇച്ഛശക്തിയും ഒന്നുകൊണ്ടുമാത്രമാണ്‌.

ചങ്ങനാശ്ശേരി ചെത്തുതൊഴിലാളി യുണിയൻ സ്ഥാപകനേതാവായിരുന്ന വി ആർ ബി ദീർഘകാലം ആ സംഘടനയുടെ താലൂക്ക്‌ സെക്രട്ടറിയായിരുന്നു. കള്ളുചെത്ത്‌ ക്ഷേമനിധി ബോർഡ്‌ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

1987ൽ ചങ്ങനാശ്ശേരിയിൽ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിക്കാൻ പാർട്ടി അദ്ദേഹത്തെയാണ്‌ നിയോഗിച്ചത്‌.

ദീർഘകാലം എൽഡിഎഫിന്റെ ജില്ലാ കൺവീനറായി അദ്ദേഹം പ്രവർത്തിച്ചു. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കുമെന്ന പോലെ വി ആർ ബി ഘടകകക്ഷി നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകാര്യനായിരുന്നു. അതുകൊണ്ടുതന്നെ ഘടകകക്ഷികൾ തമ്മിൽ കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുന്നണിയെ നയിക്കുന്നതിന്‌ അദ്ദേഹത്തിന്‌ സാധിച്ചു. അതുപോലെ ആഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷൻ ഡയറക്ടർ ബോർഡംഗമായ കാലയളവിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു.

തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ ഊർജസ്വലമായി പ്രവർത്തിച്ച വി ആർ ബിക്ക്‌ പല മണ്ഡലങ്ങളിലെയും സവിശേഷതകൾ നന്നായി അറിയാമായിരുന്നു. പ്രവർത്തിക്കുന്ന സഖാക്കളുടെ കഴിവുകൾ കണ്ടെത്തി അവർക്ക്‌ അനുയോജ്യമായ ചുമതല ഏൽപിക്കുന്നതിൽ അദ്ദേഹം പ്രത്യേക സാമർഥ്യം പുലർത്തി.

വിദ്യാർഥി‐യുവജന സംഘടനകളിലെ പ്രവർത്തകരോട്‌ അദ്ദേഹം എന്നും പിതൃതുല്യമായ വാത്സല്യം പ്രകടിപ്പിച്ചിരുന്നതായി പലരും അനുസ്‌മരിക്കുന്നു. കൂടുതൽ വായിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം പലപ്പോഴും അടിയവരയിട്ട്‌ പറയുമായിരുന്നു.

ഇ എം എസ്‌, എ കെ ജി, സി എച്ച്‌ കണാരൻ, ഇ കെ നായനാർ തുടങ്ങിയ സമുന്നത നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയ നേതാവായിരുന്നു വി ആർ ബി. അഖിലേന്ത്യാ നേതാക്കളായ ഹർകിഷൻസിങ്‌ സുർജിത്, പി രാമമുർത്തി, ആർ ഉമാനാഥ്‌ തുടങ്ങിയവരുമായും വളരെ അടുത്ത ബന്ധമായിരുന്നു വി ആർ ബിക്കുണ്ടായിരുന്നത്‌.

ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച വി ആർ ബി 1991 മുതൽ 2018 വരെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായും ഈ കാലയളവിൽ പ്രവർത്തിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവായെങ്കിലും മരണവരെയും പാർട്ടി കാര്യങ്ങൾ ശ്രദ്ധിക്കുകയും സഖാക്കളുടെ പ്രവർത്തനങ്ങൾക്ക്‌ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്‌തു. ജീവിതാവസാനം വരെ കമ്യൂണിസ്റ്റ്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വി ആർ ബി പുതുതലമുറയ്‌ക്ക്‌ എന്നും മാതൃകയായിരുന്നു. അവിവാഹിതനായിരുന്ന വി ആർ ബിക്ക്‌ പാർട്ടിയായിരുന്നു എല്ലാം.

2018 ആഗസ്‌ത്‌ 9ന്‌ 93‐ാം വയസ്സിൽ വി ആർ ബി അന്ത്യശ്വാസം വലിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular