Friday, November 22, 2024

ad

Homeശാസ്‌ത്രംശാസ്ത്രം, ചരിത്രം, സമൂഹം

ശാസ്ത്രം, ചരിത്രം, സമൂഹം

പ്രബീർ പുർകായസ്ത

16‐17 നൂറ്റാണ്ടുകാലത്ത് നടന്ന ശാസ്ത്രീയ വിപ്ലവം നവോത്ഥാനത്തിന്റെ ഉൽപന്നമായിരുന്നു. ഒട്ടേറെ ഘടകങ്ങളെ അത് ഒന്നിച്ചുകൊണ്ടുവന്നു – ഉദാഹരണത്തിന്, ഗണിതശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം കെെവേലയുടെയോ കരകൗശല വിദ്യയുടെയോ സംയോജനത്തെ അത് കൊണ്ടുവന്നു. ടെലസ്കോപ്പും ഭൂതക്കണ്ണാടിയും പോലെയുള്ള പുതിയ പുതിയ ഉപകരണങ്ങൾ വികസിപ്പിക്കപ്പെട്ടു; പുതിയ പ്രതിഭാസങ്ങളെ മനുഷ്യന്റെ കാഴ്ചയിലേക്കു കൊണ്ടുവരുവാൻ അവയ്ക്കു കഴിഞ്ഞു. ഒടുവിലായി പറയുമ്പോൾ, അച്ചടിയന്ത്രത്തിന്റെ വരവോടുകൂടി അറിവിലേക്കുള്ള വഴികൾ അതിവിശാലമായി തുറന്നിടപ്പെട്ടു. ഇതെല്ലാംതന്നെ കല അഥവാ സംസ്കാരവും ശാസ്-ത്രവും ഒന്നിച്ച് തഴച്ചുവളർന്ന നവോത്ഥാനത്തിലേക്ക് നയിച്ചു.

ശാസ്ത്ര വിപ്ലവത്തെ തുടർന്ന് സാങ്കേതിക വിദ്യാ വിപ്ലവം ഉണ്ടായി. ഉൽപാദനത്തിലെ മുതലാളിത്ത ബന്ധങ്ങളുടെ വികാസത്തോടൊപ്പം വന്നതാണ് ശാസ്ത്ര വിപ്ലവമെങ്കിൽ, മാർക്സ് യന്ത്രകേന്ദ്രിതോത്പാദനം എന്നു വിളിച്ച സാങ്കേതിക വിദ്യാ വിപ്ലവം ശരിക്കും 18–ാം നൂറ്റാണ്ടിലാണ് നടന്നത്.

ശാസ്ത്രീയ വിപ്ലവവും സാങ്കേതികവിദ്യാ വിപ്ലവവും ആദ്യമായി ഒരേ സമയത്ത് നടന്നുകണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. സയൻസ് ഇൻ ഹിസ്റ്ററി (ശാസ്ത്രം ചരിത്രത്തിൽ) എന്ന തന്റെ പുസ്തകത്തിൽ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഒരേ സമയത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ ശാസ്ത്രം വിപ്ലവത്തെക്കുറിച്ചും സാങ്കേതികവിദ്യാ വിപ്ലവത്തെക്കുറിച്ചും ബെർണൽ പറയുന്നുണ്ട്. ഉൽപാദനത്തിലേക്കു കടക്കുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയുമായുള്ള സംയോജനം വിവിധതരം ഉപകരണങ്ങളിലൂടെ സ്ഥാപനവൽകരിക്കപ്പെട്ടു – അതായത്, സർക്കാർ പണം നൽകുന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ തുടങ്ങി വ്യവസായത്തിന്റെ ഒരു ഭാഗമായ റിസർച്ച് ആന്റ് ഡവലപ്മെന്റ് ലബോറട്ടറികൾ വരെ ഈ ഉപകരണങ്ങളിൽപെടുന്നു. രാഷ്ട്രങ്ങൾക്ക് മത്സരാധിഷ്ഠിതമായ പ്രയോജനമുണ്ടാക്കുന്നു എന്ന നിലയിൽ ശാസ്ത്രത്തെ കൂടുതൽ കൂടുതൽ ഗ്രഹിക്കാൻ തുടങ്ങി. ഫ്രാൻസും ജർമനിയും അവരുടെ വിദ്യാഭ്യാസ സംവിധാനം ചിട്ടപ്പെടുത്തിയിട്ടുള്ളതുതന്നെ ബോധപൂർവം ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ്.

വ്യാവസായിക ഉൽപാദനത്തിന് പ്രത്യക്ഷത്തിൽ പ്രാധാന്യമുള്ള ഒന്നായി ശാസ്ത്രം മനസ്സിലാക്കപ്പെടുന്നു; ശാസ്ത്രം ഉൽപാദിപ്പിക്കപ്പെടുക മാത്രമല്ല അത് പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. തുടർച്ചയായി പുതിയ ശാസ്ത്രജ്ഞരെ (അഥവാ ശാസ്ത്ര പ്രവർത്തകരെ) സൃഷ്ടിക്കുവാനുള്ള ശാസ്ത്രത്തിന്റെ ഈ പുനരുത്പാദന സംവിധാനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ സർവകലാശാലകളെയും സ്ഥാപനങ്ങളെയും റിസർച്ച് ലബോറട്ടറികളെയും സൃഷ്ടിച്ചത്.

ജെ ഡി ബർണാൽ

ദ സോഷ്യൽ ഫങ്ഷൻ ഓഫ് സയൻസ് (ശാസ്ത്രത്തിന്റെ സാമൂഹിക ദൗത്യം) എന്ന തന്റെ സുപ്രധാന ഗ്രന്ഥത്തിൽ ബെർണാൽ നൽകുന്ന ഏറ്റവും വലിയ സംഭാവന, ശാസ്ത്രത്തിന്റെ ഉൽപാദനത്തിനും അതിന്റെ പുനരുൽപാദനത്തിനും ആസൂത്രണം നിർബന്ധമായും ആവശ്യമാണ് എന്നദ്ദേഹം തിരിച്ചറിയുന്നു എന്നതാണ് – അതായത്, ഇന്ന് ശാസ്ത്രത്തിനുവേണ്ടി ആസൂത്രണം നടത്തേണ്ടതും ഫണ്ടു കണ്ടെത്തേണ്ടതും ആവശ്യമാണ്. ബ്രിട്ടണിൽ അന്ന് നടന്നിരുന്ന ശാസ്ത്രീയ ഗവേഷണത്തിന്റെ (R & D) അളവ് അദ്ദേഹം തിട്ടപ്പെടുത്തുകയും ചെയ്തു; ഓരോ വ്യവസായത്തിന്റെയും ഗവേഷണ തീവ്രത ആദ്യമായി അളന്നതും അദ്ദേഹമായിരുന്നു. അവസാനം, സോവിയറ്റ് യൂണിയനെ ഉദാഹരണമായി മുന്നോട്ടുവെച്ചുകൊണ്ട്, വ്യാവസായികോത്പാദനവും വിപുലമായ സാമൂഹികാവശ്യങ്ങളും സാധ്യമാക്കുന്നതിനുവേണ്ടി ശാസ്ത്രരംഗത്തെ ഗവേഷണ – വികസന (R & D ) ചെലവിൽ കുറഞ്ഞത് പത്തിരട്ടി വർധനവെങ്കിലും വരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ശാസ്ത്രത്തിന്റെ സാമൂഹിക ദൗത്യമെന്ന ഗ്രന്ഥത്തിൽ, പൊതുനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം എങ്ങനെയാണ് ശാസ്ത്രത്തെ യുദ്ധത്തിനും സ്വകാര്യ വിനിയോഗത്തിനും വേണ്ടി ദുരുപയോഗിക്കുന്നതെന്നും ബെർണാൽ പറഞ്ഞുവെക്കുന്നുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ബൃഹത്തായ സാധ്യത ഉപയോഗിക്കുന്നത് ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയല്ല, മറിച്ച് മുതലാളിമാരുടെ ലാഭം വർധിപ്പിക്കുന്നതിനും യുദ്ധാവശ്യങ്ങൾക്കുംവേണ്ടിയാണ്. സഹജമായ അരാജകത്വം കെെമുതലായുള്ള മുതലാളിത്തത്തിന് ഉൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തുന്നതിനുമുള്ള ശേഷിയില്ല – അതായത്, ഉൽപാദനശക്തിയെന്ന നിലയിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഒരു പ്രതിബന്ധമായിരുന്നു മുതലാളിത്തം. ശാസ്ത്രരംഗത്ത് സോവിയറ്റ് യൂണിയൻ നടത്തിയ ആസൂത്രണ സംവിധാനം മത്സരാധിഷ്ഠിതമായ ലോകത്ത് അതിന് ദീർഘകാല മുൻതൂക്കം നൽകുമെന്നും അദ്ദേഹം കണ്ടു; ആ മുൻതൂക്കം ജനങ്ങളുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മാത്രമല്ല, മറിച്ച് മുതലാളിത്ത ഉൽപാദന രീതിയിലെ അമിതോത്പാദനത്തിലും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

തിരിഞ്ഞുനോക്കുമ്പോൾ, ബെർണാൽ തന്റെ കാലത്തെ ഒട്ടുമിക്ക മാർക്സിസ്റ്റുകളെയുംപോലെ തന്നെ, മുതലാളിത്ത വ്യവസ്ഥയുടെ അതിജീവനശേഷിയെ വിലകുറച്ചു കണ്ടു എന്നു നമുക്ക് പറയേണ്ടിവരും. ‘വൻകിട’ ശാസ്ത്ര പദ്ധതികളുടെ വിജയത്തോടുകൂടി, അതായത് മാൻഹട്ടൻ പ്രോജക്ടിന്റെ വിജയത്തോടുകൂടി ബർണാൽ നിർദ്ദേശിച്ചപോലെ തന്നെ മുതലാളിത്തം ശാസ്ത്രത്തെ മികച്ച രീതിയിൽ പുനഃസംഘടിപ്പിച്ചു. തീർച്ചയായും അതിൽ ഇല്ലാതെപോയ ഒന്ന് പൊതുനന്മയായിരുന്നു. കൂടാതെ സോവിയറ്റ് യൂണിയനിലെ ശാസ്ത്രരംഗം ബ്യൂറോക്രാറ്റുവൽകരിക്കപ്പെടുകയും അത് മാറ്റത്തിന് ശേഷിയില്ലാത്തതാവുകയും ചെയ്തു – ശാസ്ത്രരംഗത്തെ ആസൂത്രണ മാതൃകയിലെ അപകടമായി ബർണാൽ താക്കീതുചെയ്ത ഒന്നാണത്.

ശാസ്ത്രരംഗത്തെ ആസൂത്രണവുമായി ബന്ധപ്പെട്ട ബെർണാലിന്റെ ആശയങ്ങളെ ശാസ്ത്രജ്ഞരിലെ ഒരു പ്രബല വിഭാഗം എതിർക്കുകയുണ്ടായി. ശാസ്ത്രം പോയേക്കാവുന്ന ദിശയേതെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയാത്തതിനാൽ തന്നെ ശാസ്ത്രരംഗത്ത് ആസൂത്രണം സാധ്യമല്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ആസൂത്രണത്തെ അവർ ഒട്ടധികവും സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ഭാഗമായിട്ടാണ് കാണുന്നത്; ആസൂത്രണത്തിനുപകരം ശാസ്ത്രരംഗത്ത് സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇക്കൂട്ടർ വാദിക്കുന്നത്.

രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടം കണ്ടത് ശാസ്ത്രരംഗത്ത് ആസൂത്രണത്തിനുവേണ്ടിയുള്ള ബർണാലിന്റെ നിർദേശങ്ങൾ, മുതലാളിത്ത സമൂഹങ്ങളിൽ പോലും വിജയം വരിക്കുന്നതാണ്. അപ്പോൾ ജിഡിപിയുടെ ശതമാനമെന്ന നിലയിൽ 10 മടങ്ങുകണ്ട് രാജ്യങ്ങൾ ശാസ്ത്രീയ ഗവേഷണം വികസിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ വാദത്തിന് എന്തുസംഭവിച്ചു? രണ്ട് ദശകങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ആ വാദം മിക്ക വികസിത സമ്പദ്ഘടനകളിലെയും മാനദണ്ഡമായി മാറി. ശീതയുദ്ധംപോലും വകവയ്ക്കാതെ ശാസ്ത്രരംഗത്ത് ആസൂത്രണ മാതൃകയെ മുതലാളിത്തം എത്ര വേഗമാണ് കെെക്കൊണ്ടത് എന്നതാണ് ഇവിടെ വിരോധാഭാസം.

ഒരു പിന്നാക്ക സമ്പദ്ഘടനയായി തുടങ്ങിയ സോവിയറ്റ് യൂണിയൻ, ശാസ്ത്രരംഗത്തെ ആസൂത്രണം നടത്തിയതും ശാസ്ത്രീയ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തതും അതിലേക്ക് വിഭവങ്ങൾ നീക്കിവച്ചതും മൂലമാണ് വികസിക്കാൻ കഴിഞ്ഞത് എന്ന് ബർണാൽ കാണിച്ചുതന്നു. സോവിയറ്റ് യൂണിയനെ ഉദാഹരണമായി കാണിച്ചതിന്റെയും വികസ്വരരാജ്യങ്ങളെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഇന്ത്യയെക്കുറിച്ചുള്ള ബർണാലിന്റെ എഴുത്തുകളുടെയും സ്വാധീനം നിർണായകമായിരുന്നു. മിക്ക വികസ്വര രാജ്യങ്ങളും ഭരണകൂടത്തെ വികസനത്തിന്റെ ഉപകരണമായി കണ്ടു; കൂടാതെ അതിൽ തന്നെ, ശാസ‍്ത്രീയവും സാങ്കേതികവിദ്യാപരവുമായ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുന്നതിനെ ഭരണകൂടത്തിന്റെ പ്രമുഖ കടമകളിലൊന്നായും കണ്ടു. ഇന്ത്യയിൽ, ശാസ്ത്രത്തിലേക്കും സാങ്കേതികവിദ്യയിലേക്കും ലക്ഷ്യംവച്ചുകൊണ്ടുള്ള നെഹ്റൂവിയൻ നയങ്ങളുടെ ഭാഗമായി സിഎസ്ഐആറും മറ്റു വിവിധ ശാസ്ത്രീയ സ്ഥാപനങ്ങളും പടുത്തുയർത്തിയതിൽ ബർണാലിന്റെ ബൃഹത്തായ സ്വാധീനം കാണാനാകും. വാസ്തവത്തിൽ, ഇന്ത്യയുടെ ശാസ്ത്രം സംബന്ധിച്ച അടിസ്ഥാനസൗകര്യം കെട്ടിപ്പടുത്തതിൽ ജെബിഎസ് ഹാൽഡേനും ബർണാലും വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.

ബർണാലിന്റെ ശാസ്ത്രത്തിന്റെ സാമൂഹിക ദൗത്യം എന്ന ഗ്രന്ഥം അദ്ദേഹം സാങ്കേതികവിദ്യയെ നോക്കിക്കാണുന്ന രീതിയുടെ കാര്യത്തെ സംബന്ധിച്ചും രസകരമാണ്. വ്യാവസായിക ഉത്പാദനത്തിൽ മാറ്റം വരുത്തുന്നതിന് സാങ്കേതികവിദ്യക്ക് ഒരു നിശ്ചിത തോതുണ്ടായിരിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യാവിജ്ഞാനവും സാർവത്രിക അധ്വാനമാകുന്നതെങ്ങനെ എന്നതിനെക്കുറിച്ച് നമ്മൾ പറഞ്ഞുകഴിഞ്ഞു. അധ്വാനം മൂലധനം ഉൽപ്പാദിപ്പിക്കുമെങ്കിൽ ഉത്പാദനത്തിനുള്ള ഒരു ശക്തിയെന്ന നിലയ്ക്ക് അത് അറിവിനെയും ഉത്പാദിപ്പിക്കും. ഈ അർഥത്തിൽ, ഈ അറിവ്, മൂലധനം എങ്ങനെയാണോ അതേപോലെ തന്നെ, ‘നിശ്ചലാധ്വാനമാണ്’. എന്താണ് അർഥവത്തായ സാങ്കേതികവിദ്യയായി മാറുന്നത് എന്നതു സംബന്ധിച്ച ബർണാലിന്റെ ആശയം, മൂലധനം സംബന്ധിച്ച മാർക്സിന്റെ ആശയത്തോട് വളരെ സാമ്യമുള്ളതാണ്. മൂലധനമാക്കി മാറ്റാൻ കഴിയുന്നതിനുമുൻപേ പണത്തിന് ഒരു നിശ്ചിത അളവുണ്ടായിരിക്കണമെന്ന് മാർക്സ് പറയുന്നു. സമാനമായ രീതിയിൽ സാങ്കേതികവിദ്യ അർഥവത്തുള്ളതായി മാറുന്നതിനു മുൻപെ അതിന് ഒരു നിശ്ചിത തോതുണ്ടായിരിക്കണമെന്ന് ബർണാൽ പറയുന്നു. വ്യക്തമായി പറഞ്ഞാൽ, പണത്തിനും സാങ്കേതികവിദ്യയ്ക്കും, ഇവ രണ്ടിനും മൂലധനത്തിന്റെ ഈ പൊതുസ്വഭാവമുണ്ട്.

എന്തുതന്നെയായാലും, മൂലധനത്തിന്റെ മറ്റു രൂപങ്ങളിൽനിന്നും ശാസ്ത്രത്തെയും സാങ്കേതികവിദ്യാ വിജ്ഞാനത്തെയും വേർതിരിച്ചുനിർത്തുന്ന ഒരു സവിശേഷ സ്വഭാവം ഇവയ്ക്കുണ്ട്; അതായത് മൂലധനമെന്ന നിലയിൽ പണമായാലും പ്രത്യക്ഷ മൂലധനമെന്ന നിലയിൽ പ്ലാന്റും യന്ത്രസംവിധാനവുമായാലും ഇവയെല്ലാം തന്നെ ഉപയോഗത്തോടെ തേയ്-മാനം സംഭവിക്കുന്നവയാണ്. അതേസമയം മൂലധനമെന്ന നിലയിൽ അറിവിന് ഒരിക്കലും തേയ്മാനം സംഭവിക്കുകയില്ല. അത് യാതൊരു ഇടിവും കൂടാതെ വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയും. യാതൊരു ഇടിവും കൂടാതെ അറിവിന്റെ ആവർത്തിച്ചുള്ള ഉപയോഗത്തിനുള്ള സാധ്യതയും പേറ്റന്റിലൂടെയും കോപ്പിറൈറ്റിലൂടെയും മൂലധനം വെച്ചു പുലർത്തുന്ന നിയമപരമായ കുത്തകയും തമ്മിലുള്ള വെെരുദ്ധ്യത്തെ സംബന്ധിച്ച് നമുക്ക് പിന്നീട് പറയാം.

ശാസ്ത്രത്തിൽനിന്നും സാങ്കേതിക വിദ്യയിൽനിന്നും ആധുനികതാവിരുദ്ധതയിലേക്കുള്ള പിൻവാങ്ങലിന് ഒന്നാം ലോകയുദ്ധം മൂലം സുപ്രധാനമായ പ്രചോദനം ലഭിച്ചിരുന്നു എന്നു തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഒന്നാം ലോക യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട, പ്രത്യക്ഷമായി തന്നെ ‘ആധുനിക’ ശാസ്ത്രത്തിന്റെ ഉൽപന്നമായ വിഷവാതകം ഹിരോഷിമയിലെയും നാഗസാക്കിയിലെയും സംഭവങ്ങൾക്ക് സമാനമായ പ്രത്യാഘാതമുണ്ടാക്കി. അങ്ങനെ ആദ്യമായി, ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും പുരോഗതിയുടെ ശക്തികളായി മാത്രമല്ല, മറിച്ച് നശീകരണത്തിന്റെ ശക്തികളായും കണ്ടു. പ്രത്യയശാസ്ത്രപരമായി പറഞ്ഞാൽ, ചില പ്രമുഖ ശാസ്ത്രജ്ഞർ തന്നെ സമൂഹത്തിലെ യുക്തിരഹിത ആശയങ്ങളുടെ പ്രചാരകരായി മാറുന്നതും ഈ കാലത്ത് കണ്ടു.

എന്നാൽ, കഴിഞ്ഞ കാലത്തിൽനിന്ന് ഇപ്പോഴത്തെ കാലത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്. അതേസമയം മുൻപ് മാനവരാശിക്ക് സമീപസ്ഥമായ ചുറ്റുപാടുകളെ അപകടപ്പെടുത്താനാകുമായിരുന്നെങ്കിലും ഒരു സംസ്കാരത്തെയാകെ നശിപ്പിക്കാൻ കഴിയുമായിരുന്നില്ല; നിലവിലുള്ള ജെെവ മണ്ഡലത്തെയും നശിപ്പിക്കുവാൻ കഴിയുമായിരുന്നില്ല. ഇന്നാണെങ്കിൽ, ആണവായുധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജെെവായുധങ്ങൾ എന്നിങ്ങനെയുള്ള നശീകരണ സാധ്യതയുള്ള സാങ്കേതിക വിദ്യക്ക് നമ്മുടെ സംസ്കാരത്തെയാകെത്തന്നെ സ്വാധീനിക്കാനോ പാടേ ഇല്ലാതാക്കാൻ പോലുമോ കഴിയും. സാങ്കേതിക വിദ്യയ്ക്കുമേൽ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുകയെന്ന പുതിയൊരു വിഷയം കൂടി ഇത് സൃഷ്ടിച്ചു; ശാസ്ത്രീയവും സാങ്കേതികവിദ്യാപരവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ജനാധിപത്യവൽകരണവും ഇത് കൊണ്ടുവന്നു. തങ്ങളുടെ വിഷയത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ശാസ്ത്രജ്ഞർക്കും സാങ്കേതികവിദ്യാ വിദഗ്ദ്ധർക്കും മാത്രമേ ശാസ്ത്രരംഗത്തെയും സാങ്കേതിക വിദ്യാ രംഗത്തെയും സംഭവവികാസങ്ങളിലെയെല്ലാം പൂർണമായി മനസ്സിലാക്കാനാവൂ എന്നതും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + seventeen =

Most Popular