Friday, November 22, 2024

ad

Homeവിശകലനംകേരളത്തിലെ റബ്ബർ കർഷകരോട് 
വിവേചനം

കേരളത്തിലെ റബ്ബർ കർഷകരോട് 
വിവേചനം

എസ് മോഹനകുമാർ

കേരളത്തിലെ റബ്ബർ കൃഷിയുടെയും കർഷകരുടെയും ഇന്നത്തെ സ്ഥിതി വിലയിരുത്തേണ്ടത് കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടോളം കേരളത്തിലെ റബ്ബർ കർഷകർ നേരിട്ട പ്രതിസന്ധിയുടെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിലാവണം. കോളനിവാഴ്ചയുടെ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ തങ്ങളുടെ ടയർ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെതായ തനത് വ്യവസായങ്ങൾ വളർന്നുവരാതിരിക്കുവാൻ വേണ്ട നയങ്ങൾ സ്വീകരിക്കുകയും ഇന്ത്യയിലെ റബ്ബർ ഉത്പാദനം കയറ്റുമതിക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. കയറ്റുമതിയെ മാത്രം ആശ്രയിച്ച് ഉത്പാദനം നടത്തുന്ന ഏതൊരു കാർഷികവിളയുടെയും വിലയിൽ ഉണ്ടാകുന്ന കമ്പോള അസ്ഥിരത ഇന്ത്യയിലെ റബ്ബർ കർഷകരും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ രണ്ട് ലോക യുദ്ധങ്ങളും ലോക സാമ്പത്തിക മാന്ദ്യവും സ്വാഭാവിക റബ്ബറിന്റെ വിലയെ വളരെയധികം സ്വാധീനിച്ചു.

ഇന്ത്യയിൽ റബ്ബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും ഭൂ പ്രകൃതിയും കേരളത്തിലാണ്. അതിനാലാണ് ഐറിഷ് പ്ലാന്ററായ ജോർജ് ജോസഫ് മുർഫി 1902 -ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ റബ്ബർ കൃഷി ആരംഭിക്കുവാൻ ആലുവയ്ക്കടുത്തുള്ള തട്ടേക്കാട് തെരഞ്ഞെടുത്തത്. പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തിരുവിതാംകൂറിലെ കാർഷിക -വ്യവസായിക രംഗങ്ങളിൽ ഉണ്ടായ മാറ്റങ്ങളും അതിൽ നിന്നുണ്ടായ മൂലധനവും കൃഷിയിലും വ്യവസായത്തിലും നിക്ഷേപിക്കുവാൻ താല്പര്യമുള്ള ഒരുവിഭാഗത്തിനെ സൃഷ്ടിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരം നേടിയ റബ്ബർ കൃഷി ഇക്കൂട്ടരെ വളരെ ആകർഷിച്ചു.

1873 മുതൽ 1896 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ പലഭാഗത്തും റബ്ബർ കൃഷി ചെയ്യുവാനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കൊൽക്കത്ത ആയിരുന്നു റബ്ബർ കൃഷിക്കായി തിരഞ്ഞെടുത്ത ആദ്യ സ്ഥലം. എന്നാൽ കൊൽക്കത്തയിലും ആസ്സാമിലും റബ്ബർ വിത്ത് വേണ്ടവിധത്തിൽ മുളയ്ക്കാത്തതിനാലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വനം വകുപ്പിന്റെ ഇൻസ്‌പെക്ടർ ജനറലായിരുന്ന ദയാട്രിക്‌ ബ്രാൻഡിസിന്റെ റിപ്പോർട്ട് പ്രകാരം മലബാർ, തിരുവിതാംകൂർ പ്രദേശങ്ങൾ റബ്ബർ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂറിൽ റബ്ബർ കൃഷി വ്യാപിപ്പിച്ചത്. 1910 ആയപ്പോഴേക്കും തിരുവിതാംകൂറിലെ റബ്ബർ കൃഷി 7390 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു. ഇതിൽത്തന്നെ 4045 ഹെക്ടറും മുണ്ടക്കയത്തായിരുന്നു. 1946 ആയപ്പോൾ കേരളത്തിലെ റബ്ബർ കൃഷിയുടെ വിസ്‌തൃതി ഒന്നരലക്ഷം ഹെക്ടർ കവിഞ്ഞു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ കൃഷി, കച്ചവടം, ധനകാര്യ ഇടപാടുകൾ എന്നിവയിൽ നിന്നുണ്ടായ മിച്ചം നിക്ഷേപിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലഭ്യമായ ഏറ്റവും നല്ല അവസരമായിരുന്നു റബ്ബർ തോട്ടത്തിലെ നിക്ഷേപം. മൂന്ന് പ്രധാന കാരണങ്ങളാണ് റബ്ബർ കൃഷിയിൽ മുതൽ മുടക്കുന്നതിന് റബ്ബർ പ്ലാന്റേഴ്‌സിനെയും ചെറുകിടക്കാരെയും പ്രേരിപ്പിച്ചത്. ഒന്ന്, തദ്ദേശീയരായ ടാപ്പിംഗ് തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ലഭ്യമായിരുന്നു. രണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ യൂറോപ്പിൽ ടയർ ഉൾപ്പടെയുള്ള റബ്ബർ ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചതിനാലും ഇന്ത്യയിൽ റബ്ബറധിഷ്ഠിത വ്യവസായങ്ങൾ ഇല്ലാതിരുന്നതുകൊണ്ടും ഉൽപാദിപ്പിച്ച റബ്ബർ മുഴുവൻ കയറ്റി അയക്കുകയായിരുന്നു. ഒരു കയറ്റുമതി വിള എന്ന നിലയിൽ കേരളത്തിലെ റബ്ബർ കർഷകർക്ക് മറ്റുവിളകളെ അപേക്ഷിച്ച് റബ്ബറിന് മതിയായ വില ലഭിച്ചു; മൂന്ന്, റബ്ബർ കൃഷിയുടെ ഗുണഭോക്താവ് ബ്രിട്ടൻ ആയിരുന്നതിനാൽ റബ്ബർ കർഷകർക്ക് വേണ്ടത്ര പ്രോത്സാഹനം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും കിട്ടിയിരുന്നു. ഇതിനുപുറമെ, 1934 മുതൽ 1942 വരെ നിലനിന്നിരുന്ന ഇന്റർനാഷണൽ റബ്ബർ റെഗുലേഷൻ എഗ്രിമെന്റും (ഐ ആർ ആർ ഐ).

1929 മുതൽ 1933 വരെ നിലനിന്നിരുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ, ഫലമായി കാർഷികോൽപ്പന്നങ്ങളുടെ വില ലോക കമ്പോളത്തിൽ കുത്തനെ ഇടിഞ്ഞു. കയറ്റുമതിവിള യായിരുന്ന റബ്ബറിന്റെ വിലയും കൂപ്പുകുത്തി. റബ്ബറിന്റെ വില നിയന്ത്രിക്കുന്നതിനുവേണ്ടി അന്നത്തെ പ്രധാനപ്പെട്ട റബ്ബർ ഉൽപാദകരായ മലയ, സിലോൺ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ കരാറായിരുന്നു ഐ ആർ ആർ ഐ. പ്രധാനപ്പെട്ട റബ്ബർ ഉത്പാദക രാജ്യങ്ങൾ റബ്ബറിന്റെ കയറ്റുമതിയിലും റബ്ബർകൃഷി വ്യാപനത്തിലും നിയന്ത്രങ്ങൾ നടപ്പിലാക്കി. അന്താരാഷ്ട്ര കമ്പോളത്തിൽ റബ്ബറിന്റെ വില പിടിച്ചുനിർത്തുകയായിരുന്നു ഐ ആർ ആർ എ യുടെ ലക്ഷ്യം. 1942 വരെ ഈ കരാർ നിലനിന്നിരുന്നു. റബ്ബർ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്രകരാർ വിജയിച്ചതിനുള്ള പ്രധാനകാരണം ആ കാലഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള റബ്ബർ ഉത്പാദക രാജ്യങ്ങളിൽ ഒന്നും തന്നെ ടയർ വ്യവസായങ്ങൾ പോലുള്ള വമ്പൻ ബഹുരാഷ്ട്ര കുത്തകകളോ റബ്ബറധിഷ്ഠിത വ്യവസങ്ങളൊ ഉണ്ടായിരുന്നില്ല എന്നതാണ്. എന്നാൽ ഇന്നത്തെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന് പ്രധാനം ദശകോടികളുടെ വിറ്റുവരവുള്ള ടയർ വ്യവസായികളാണ്. അല്ലാതെ, ഉപജീവനത്തിനായി അരഏക്കർ സ്ഥലത്ത് റബ്ബർകൃഷിചെയ്യുന്ന കർഷകരല്ല.

സ്വതന്ത്ര്യ ലബ്ധിക്കുശേഷം 
റബ്ബർക്കൃഷി
വർധിച്ചുവരുന്ന സ്വാഭാവിക റബ്ബറിന്റെ ആവശ്യം പരിഗണിച്ച് 1947 -ൽ റബ്ബർ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ആക്ട് കൊണ്ടുവന്നു. പ്രസ്തുത ആക്റ്റിന്റെ ലക്‌ഷ്യം റബ്ബർ വ്യവസായത്തിന് ആവശ്യമായ റബ്ബർ ഉല്പാദിപ്പിക്കുകയായിരുന്നു. 1947ലെ -റബ്ബർ ആക്റ്റിന്റെ ഭാഗമായി റബ്ബർ കൃഷിയുടെ വ്യാപനത്തിനുവേണ്ടി സ്ഥാപിച്ചതാണ് റബ്ബർ ബോർഡ്. 1954 -ൽ റബ്ബർ ആക്ട് ഭേദഗതി ചെയ്തു. 1994 -വരെ ഓരോ വർഷവും റബ്ബറിന്റെ ഉല്പാദന ചെലവിൽ ഉണ്ടാകുന്ന വർദ്ധനവ് പരിഗണിച്ച് റബ്ബറിന്റെ തറവില സർക്കാർ നിശ്ചയിക്കുമായിരുന്നു. റബ്ബർ വ്യവസായികൾക്ക് കുറഞ്ഞ വിലയ്ക്ക് റബ്ബർ ലഭ്യമാക്കുന്നതിനായി റബ്ബറിന് പരമാവധി വിലയും (maximum price) തീരുമാനിച്ചു. സ്റ്റേറ്റ് ട്രേഡിങ്ങ് കോർപറേഷൻ (എസ് .റ്റി .സി ) റബ്ബറിന്റെ കമ്പോളത്തെ നിയന്ത്രിച്ചിരുന്ന പ്രധാനപ്പെട്ട സർക്കാർ ഏജൻസി ആയിരുന്നു. റബ്ബറിന്റെ വില കൂടുമ്പോൾ എസ് റ്റി സി യുടെ കൈവശം ഉള്ള ശേഖരണത്തിൽ നിന്നും റബ്ബർ കമ്പോളത്തിൽ വിൽക്കുകയും റബ്ബറിന്റെ വില കുറയുമ്പോൾ കമ്പോളത്തിൽ ഇടപെടുകയും ചെയ്ത് റബ്ബറിന്റെ വില വലിയ ചാഞ്ചാട്ടം ഇല്ലാതെ 1994 വരെ നിലനിർത്തിയിരുന്നു. ഇതോടൊപ്പം റബ്ബറിന്റെ ഇറക്കുമതിക്കുമേൽ കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ടയർ കമ്പോളത്തിനും വിദേശ കമ്പോളത്തിൽ നിന്നുള്ള ഇറക്കുമതി തടയുന്നതിനുമായി ഉയർന്ന ഇറക്കുമതി തീരുവകൾ ചുമത്തി ആഭ്യന്തര കമ്പോളത്തെ സംരക്ഷിച്ചിരുന്നു.

കേന്ദ്ര സർക്കാരും 
റബ്ബർ കർഷകരും
ഇന്ത്യയിലെ സ്വാഭാവിക റബ്ബറിന്റെ ഉത്പാദനം 7.75 ലക്ഷം മെട്രിക് ടണ്ണും ഉപയോഗം 12.38 ടണ്ണും ആണ് (2021 -–22). മുൻ വർഷത്തെ അപേക്ഷിച്ച് റബ്ബറിന്റെ ഉല്പാദനത്തിൽ എട്ട് ശതമാനവും ഉപയോഗത്തിൽ 13 ശതമാനവും വളർച്ച ഉണ്ടായി. സാമ്പത്തിക ശാസ്ത്ര പ്രകാരം റബ്ബറിന്റെ ഉല്പാദനത്തേക്കാൾ (supply) അതിന്റെ ഉപയോഗം (demand) കൂടുതലായതിനാൽ റബ്ബർ കർഷകർ ചോദിക്കുന്ന വില കൊടുത്ത് ടയർ വ്യവസായികൾ സ്വാഭാവിക റബ്ബർ വാങ്ങേണ്ടതാണ്. കേന്ദ്ര സർക്കാർ അതിശക്തമായി പിന്തുടരുന്ന നവ -ലിബറൽ സാമ്പത്തിക ശാസ്ത്ര പ്രകാരം കമ്പോളത്തിൽ സാധനങ്ങളുടെ സപ്ലെെയും ഡിമാൻഡും മാത്രമാണ് വില തീരുമാനിക്കുന്നത്. സർക്കാർ ഉൾപ്പടെയുള്ള ബാഹ്യശക്തികളുടെ ഇടപെടൽ കമ്പോള പ്രവർത്തനങ്ങളെ വക്രീകരിക്കും എന്നു മാത്രമല്ല വിലയെ അനാവശ്യമായി സ്വാധീനിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സർക്കാരിന്റെ ഇടപെടൽ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കും എന്നാണ് മുതലാളിത്ത സാമ്പത്തികശാസ്ത്രം അവകാശപ്പെടുന്നത്.

എന്നാൽ യാഥാർഥ്യം എന്താണ്? ഇന്ത്യയിൽ 28 ടയർ കമ്പനികൾ ഉണ്ടെങ്കിലും ടയർ നിർമാണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് പ്രധാനപ്പെട്ട എട്ട് മൾട്ടി നാഷണൽ കമ്പനികളാണ്. ലോകത്ത് മുൻപന്തിയിലുള്ള മുപ്പത് ടയർ വ്യവസായികളിൽ അഞ്ചും ഇന്ത്യയിലാണ്. ഇവരുടെ ഒരുവർഷത്തെ വിറ്റുവരവ് 78000 കോടി രൂപ. അടുത്ത 10 വർഷത്തിനുള്ളിൽ ടയർ വ്യവസായത്തിന്റെ വിറ്റുവരവ് ഇരട്ടിയാകുമെന്നാണ് ടയർ കമ്പനികളുടെ സംഘടന അവകാശപ്പെടുന്നത്. ടയർ നിർമാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു സ്വാഭാവിക റബ്ബറാണ്. റബ്ബറിന്റെ വില കുറയുന്നതനുസരിച്ച്‌ ടയർ കമ്പനികളുടെ ലാഭം വർദ്ധിക്കും. കേന്ദ്ര സർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ടയർ വ്യവസായവും റബ്ബർ കൃഷിയും.

റബ്ബറിന്റെ വില കിലോഗ്രാമിന് 240 ആയിരുന്നപ്പോൾ ടയർ നിർമാണത്തിന്റെ 38 ശതമാനം ഉല്പാദന ചെലവും റബ്ബറിന്റെ വില വർദ്ധനവ് കൊണ്ടാണെന്ന് ടയർ വ്യവസായികൾ പറഞ്ഞിരുന്നു. ഇപ്പോൾ റബ്ബറിന് 125 രൂപയാണ് കമ്പോള വില. എന്നാൽ ടയറിന്റെ കമ്പോളവിലയിൽ എല്ലാവർഷവും അഞ്ചുമുതൽ പത്തുശതമാനം വരെ വർദ്ധനവ് വരുത്തുന്നുണ്ട് . കൂടാതെ, റബ്ബറിന്റെ വില കൂടിയിരുന്ന 2011 -ലും ടയർ വ്യവസായികളുടെ ലാഭത്തോതിൽ കുറവ് വന്നതായി അവരുടെ സംഘടന പോലും അവകാശപ്പെട്ടില്ല. എന്നിട്ടും ടയർ വ്യവസായികളെ വിദേശ രാജ്യത്തുനിന്നും റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ. കമ്പോളത്തിൽ ഇടപെടില്ല എന്ന് വാശിപിടിക്കുന്ന കേന്ദ്ര സർക്കാർ വ്യവസായികൾക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. പതിമൂന്ന് ലക്ഷം ചെറുകിട കർഷകരുടെയും റബ്ബർ തോട്ടത്തിൽ പണിയെടുക്കുന്ന മൂന്നര ലക്ഷം തൊഴിലാളികളുടെയും ഉപജീവനത്തിനേക്കാൾ വലുതാണ് കേന്ദ്ര സർക്കാരിന് എട്ട്‌ ടയർ കമ്പനികളുടെ ലാഭം. കൂടാതെ, ടയർ കമ്പനികൾ ആവശ്യപ്പെടുന്നതനുസരിച്ച് ടയറിന്റെ ഇറക്കുമതി തീരുവയും കുറച്ചുകൊടുക്കാറുണ്ട്.

കേരളത്തിലെ റബ്ബർ കർഷകർ
കേരളത്തിന്റെ സമ്പദ് ഘടനയിൽ റബ്ബർ കർഷകർക്കും കൃഷിക്കും വളരെ പ്രാധാന്യമുണ്ട്. ആലപ്പുഴ, വയനാട്, തൃശൂർ തുടങ്ങിയ മൂന്ന് ജില്ലകൾ ഒഴികെ മറ്റിടങ്ങളിലെല്ലാം റബ്ബർ ജനങ്ങളുടെ പ്രധാനപ്പെട്ട ഒരു ഉപജീവന മാർഗ്ഗമാണ്. കേരളത്തിൽ ഇപ്പോൾ അഞ്ചര ലക്ഷം ഹെക്ടർ സ്ഥലത്താണ് റബ്ബർ കൃഷി ചെയ്യുന്നത്. ഇത് കേരളത്തിന്റെ ആകെ കൃഷിഭൂമിയുടെ 22 ശതമാനം വരും. 2022 -ൽ ഇന്ത്യയിൽ ആകെ ഉത്പാദിപ്പിച്ച റബ്ബറിന്റെ 72 ശതമാനവും (5 . 57 ലക്ഷം ടൺ ) കേരളത്തിൽ നിന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ റബ്ബർ ഉല്പാദനത്തിൽ ഒരു ലക്ഷം ടണ്ണിന്റെ കുറവുണ്ടായി. റബ്ബറിന്റെ ഉല്പാദന ക്ഷമതയിൽ ഉണ്ടായ കുറവാണ് ഇതിനുള്ള പ്രധാന കാരണം. 2013 -ൽ ഒരു ഹെക്ടറിൽ നിന്നും 1628 കിലോഗ്രാം റബ്ബർ ഉല്പാദിപ്പിച്ചിരുന്നെങ്കിൽ (ഉല്പാദനക്ഷമത ) 2022 -ലെ ഉത്പാദനം 1534 കിലോഗ്രാമായി കുറഞ്ഞു. റബ്ബറിന്റെ വില കുറഞ്ഞപ്പോൾ കർഷകർ റബ്ബറിന്റെ പരിപാലനം വെട്ടിച്ചുരുക്കിയതും റബ്ബർ മരങ്ങൾ വെട്ടാതെ ഇടുന്നതുമാണ് ഉല്പാദന ക്ഷമത കുറയുവാനുള്ള പ്രധാന കാരണം. ഒരു വിളയെ ഇല്ലായ്മചെയ്യുന്നതിനുള്ള കുറുക്കുവഴിയാണ് ആ വിളയിൽ നിന്നുള്ള ആദായം കുറയ്ക്കുക എന്ന സൂത്രപ്പണി. റബ്ബർ ബോർഡിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവച്ചും കർഷകർക്ക് നല്കിവന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചും കേരളത്തിൽ റബ്ബർ കൃഷി ലാഭകരമല്ലാതെയാക്കി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് റബ്ബർ ബോർഡ് വഴി നൽകിയിരുന്ന എല്ലാ ക്ഷേമ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. കേരളത്തിൽ ഒരു ഹെക്ടറിൽ റബ്ബർ കൃഷി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ കൊടുക്കുന്ന സബ്‌സിഡി 25000 രൂപയാണ്. കേരളത്തിന്റെ പകുതിപോലും ദിവസക്കൂലി ഇല്ലാത്ത വടക്ക്‌ -കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ഹെക്ടർ റബ്ബർ കൃഷിക്ക് നൽകുന്ന സബ്‌സിഡി 40000 രൂപയും. ഇതിനുപുറമെ , കർഷകർക്കും തൊഴിലാളികൾക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ആസ്സാം, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൊടുക്കുന്നുമുണ്ട്.

ടയർ വ്യവസായികളുടെ സംഘടനയായ അറ്റ്‌മയും കേന്ദ്രവാണിജ്യമന്ത്രാലയും ചേർന്ന് അടുത്ത പത്ത് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ റബ്ബർ കൃഷിയുടെ വിസ്തൃതി ഇപ്പോഴുള്ള 1 .86 ലക്ഷം ഹെക്ടറിൽനിന്നും അഞ്ച് ലക്ഷം ഹെക്ടറായി വർധിപ്പിക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് . വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ റബ്ബർ കൃഷി വ്യാപന പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന പേര് റബ്ബർ മിത്രം എന്നാണ് . ആറായിരം കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 5000 കോടി രൂപയും ചെലവഴിക്കുന്നത് ടയർ കമ്പനികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ, നബാർഡ് തുടങ്ങിയവയാണ്. ടയർ കമ്പനികൾ ചെലവഴിക്കുന്നത് വെറും ആയിരം കോടി രൂപ മാത്രം.

കേരളം പ്രതിരോധിക്കുന്നു
കേരളത്തിലെ റബ്ബർ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയെ കേരളം പ്രതിരോധിക്കുന്നത് റബ്ബറിന് കിലോഗ്രാമിന് 170 രൂപ തറവിലയായി പ്രഖ്യാപിച്ചുകൊണ്ടാണ്. 2016 -ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ ഓരോ വർഷവുമുള്ള സംസ്ഥാന ബജറ്റിലും 500 കോടി രൂപ കർഷകരിൽ നിന്നും റബ്ബർ വാങ്ങുന്നതിനുള്ള കമ്പോള സഹായ തുകയായി മാറ്റിവച്ചിട്ടുണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാർ ഈ തുക 600 കോടി രൂപയായി വർധിപ്പിച്ചു. കൂടാതെ, റബ്ബർബോർഡ് വഴിയാണ് കേരള സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത് . കേരള സർക്കാർ കർഷകർക്ക് റബ്ബറിന്റെ കമ്പോള വിലയും (125 രൂപ ) മിനിമംവിലയും (170 രൂപ) തമ്മിലുള്ള വ്യത്യാസവും നൽകുന്നു. ഈ ഇനത്തിൽ മാത്രം കേരള സർക്കാർ ഇതുവരെ 1850 കോടി രൂപ കർഷകർക്ക് കൊടുത്തുകഴിഞ്ഞു. കേന്ദ്ര സർക്കാർ ഒരുവർഷം റബ്ബർബോർഡിന് കൊടുക്കുന്ന ആകെ തുക 150-നും 190 കോടി രൂപ മാത്രമാണ്. ഈ സന്ദർഭത്തിൽ 2014 മുതൽ 2016 ഏപ്രിൽ മാസം വരെ അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന യു ഡി എഫ് സർക്കാർ കർഷകരിൽ നിന്നും റബ്ബർ ഉയർന്നവില കൊടുത്തു വാങ്ങുന്നതിനായി അഞ്ച് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒരുപൈസപോലും ചെലവഴിച്ചില്ല എന്നതാണ് യാഥാർഥ്യം.

കേരള സർക്കാരിന്റെ കർഷക സൗഹൃദ ഇടപെടൽ നവലിബറൽ ആശയത്തിനെതിരെയുള്ള കടുത്ത പ്രതിരോധമാണ് എന്നതിലുപരി ടയർ വ്യവസായികളെ വളരെയധികം അലോസരപ്പെടുത്തുന്നുമുണ്ട് . ഇന്ത്യയിലെ ടയർ വ്യവസായികൾ പറയുന്നത് റബ്ബർവില ഇപ്പോഴത്തെ നിലയിൽ ഉയർന്നു നില്ക്കാൻ കാരണം കേരള സർക്കാർ നൽകുന്ന റബ്ബർ കമ്പോള സഹായമാണ്. അല്ലാത്ത പക്ഷം റബർ വില 100 രൂപയിലും താഴെ പോകുമായിരുന്നു. ഈ വിലയ്-ക്ക് കർഷകരിൽ നിന്നും റബ്ബർ വാങ്ങാൻ കഴിയാത്തതാണ് റബ്ബർ മേഖലയിലെ പ്രതിസന്ധിയെന്നാണ് കേന്ദ്ര സർക്കാരിന്റെയും ടയർ കമ്പനികളുടെയും വാദം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × one =

Most Popular