Sunday, May 12, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ലെനിന്റെ പുത്തൻ സാമ്പത്തികനയം

ലെനിന്റെ പുത്തൻ സാമ്പത്തികനയം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 18

മ്പോള ശക്തികളെയും സങ്കേതങ്ങളെയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉപയോഗിക്കുന്നത് നീതികരിക്കാനാവുന്നതാണോ? ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരയുന്നവർക്കുള്ള ചരിത്ര പാഠമാണ് വിപ്ലവാനന്തര റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത പുത്തൻ സാമ്പത്തിക നയം. അതാതുകാലത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് ചെയ്യേണ്ടതെന്നും കേവലമായ വരട്ടുവാദങ്ങളിൽ ഉടക്കിക്കിടക്കുകയല്ല വേണ്ടതെന്നും എല്ലാ ഭരണകൂടങ്ങളോടും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ഒന്നാണ് 1921 മാർച്ചിൽ നടന്ന സോവിയറ്റ് യൂണിയന്റെ പത്താമത് പാർട്ടി കോൺഗ്രസിൽ ലെനിൻ അവതരിപ്പിച്ച പുത്തൻ സാമ്പത്തിക നയം.

ഉല്പാദനോപാധികൾ മുഴുവനും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വിപ്ലവാനന്തര റഷ്യയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യഘട്ടത്തിൽ ചെയ്തത്. റഷ്യയിലെ വിപ്ലവത്തിന് ശേഷമുള്ള ഏതാനും വർഷങ്ങൾ കടുത്ത ആഭ്യന്തരയുദ്ധത്തിന്റേതായിരുന്നു. സ്വത്തുവകകളുടെ നിയന്ത്രണം കൈവശം വെച്ചിരുന്ന ഭൂപ്രഭുക്കളും ധനികരും സോവിയറ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു. മറുവശത്താകട്ടെ കമ്മ്യൂണിസ്റ്റ് ആശയസംഹിതകൾക്കനുസൃതമായ കാഴ്ചപ്പാടോടെ സോവിയറ്റ് ഗവണ്മെന്റ് ശക്തമായി നിലകൊണ്ടു. ഉല്പാദനോപാധികളെല്ലാം ദേശസാൽക്കരിച്ചു. കൃഷിഭൂമി കർഷക കൂട്ടായ്മകളുടേതാക്കി മാറ്റി. നാട്ടുമ്പുറങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും ധാന്യങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്ന ചുമതല സർക്കാർ തന്നെ നേരിട്ട് ഏറ്റെടുത്തു. അതുപോലെ ചെറുതും വലുതുമായ എല്ലാ തൊഴിൽസംരംഭങ്ങളുടെയും നടത്തിപ്പും സർക്കാർ നേരിട്ട് ഏറ്റെടുത്തു. 1920 വരെ തുടർന്ന ഈ കാലഘട്ടത്തെ ലെനിൻ വിളിച്ചത് ‘യുദ്ധകാല കമ്മ്യൂണിസം’ എന്നാണ്. ഒരുഭാഗത്ത് രൂക്ഷമായ ആഭ്യന്തരയുദ്ധം, മറ്റൊരിടത്ത് പരമ്പരാഗതമായി ഉല്പാദനോപാധികൾ കൈവശം വെച്ചുകൊണ്ടിരുന്നവരും ഇപ്പോൾ ദേശസാൽക്കരണത്തെത്തുടർന്ന് അത് നഷ്ടപ്പെട്ടവരുമായവരുടെ ശക്തമായ എതിർപ്പുകൾ. ഈ പ്രതിസന്ധികളെ അതിജീവിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് സോവിയറ്റ് ഭരണകൂടത്തിനുണ്ടായിരുന്നത്. ഭക്ഷ്യോല്പന്നങ്ങളുടെ കടുത്ത ക്ഷാമമായിരുന്നു ഇതിന്റെ പ്രത്യാഘാതങ്ങളിൽ പ്രധാനം. പരമ്പരാഗത കർഷകസമൂഹത്തെ കൂടെനിർത്തുക എന്നതായിരുന്നു ഒരു പ്രധാന വെല്ലുവിളി. ഇതിനെ നേരിടാനാണ് പുത്തൻ സാമ്പത്തികനയം ലെനിൻ ആവിഷ്കരിക്കുന്നത്. 1921 ഒക്ടോബർ 17ന് പരസ്യപ്പെടുത്തിയ പുത്തൻ സാമ്പത്തിക നയത്തിൽ (New economic policy) പുതിയ നയസമീപനത്തെ ലെനിൻ വിശദീകരിച്ചത് ഇപ്രകാരമാണ്.

“നാം ആവിഷ്കരിച്ചിരിക്കുന്ന ഈ പുതിയ നയം, വിപ്ലവാനന്തരം നാം കൈക്കൊണ്ട സമീപനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തവും അതിനു മുൻപുണ്ടായിരുന്ന സമീപനങ്ങളോട് കൂടുതൽ അടുത്തു നില്കുന്നതുമാണ്.

പഴയ റഷ്യൻ സമ്പദ്‌വ്യസ്ഥയെ, കമ്മ്യൂണിസ്റ്റ് സ്വഭാവത്തിൽ ഉല്പാദനവും വിതരണവും നടക്കുന്ന, സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഒന്നായി നേരിട്ട് പരിണമിപ്പിക്കുക എന്നതായിരുന്നു നാം ആദ്യം കൈക്കൊണ്ട നയത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ 1918ന്റെ ഉത്തരാർദ്ധത്തോടെ ഇതിന്റെ പ്രശ്നങ്ങൾ നമുക്ക് അനുഭവപ്പെട്ടു തുടങ്ങി. 1920കളോടെ നാം സ്വീകരിച്ച സാമ്പത്തിക സമീപനങ്ങളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചു.

കമ്മ്യൂണിസ്റ്റ് ഉല്പാദന വിതരണ സമ്പ്രദായത്തിലേക്ക് നേരിട്ടു പ്രവേശിച്ചതാണ് നമുക്ക് പറ്റിയ പാളിച്ച. കർഷകർ നൽകുന്ന അധിക ഉല്പാദനം ഉപയോഗിച്ച് ഫാക്ടറികളിലെ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാനാവും എന്നാണ് നാം കരുതിയത്. അതുവഴി കമ്മ്യൂണിസ്റ്റ് രീതിയിലുള്ള ഉല്പാദന വിതരണം കാര്യക്ഷമമായി നടത്താനാവും എന്നും നാം വിചാരിച്ചു.

ഇത് വളരെ നിശ്ചിതമായും നടപ്പിലാക്കാനാവും എന്നാണ് നാം കരുതിയത്. എന്നാൽ നിർഭാഗ്യവശാൽ ഇതായിരുന്നില്ല യാഥാർഥ്യം. നമ്മുടെ പരിമിതമായ കാലത്തെ അനുഭവം തെളിയിക്കുന്നത് ആ ലൈൻ തെറ്റായിരുന്നു എന്നാണ്. മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റി നാം വിചാരിച്ചതിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നത്. സോഷ്യലിസ്റ്റ് അക്കൗണ്ടിങ്ങിനും നിയന്ത്രണങ്ങൾക്കും വിധേയമായി, നീണ്ടുനിൽക്കുന്ന സങ്കീർണമായ ഒന്നാണ് മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം.

അതിനാൽ നാം തന്ത്രപരമായ ഒരു ചുവടുമാറ്റം, പിന്തിരിയൽ നടത്തുകയാണ്. ഒരടി കിട്ടിയ മനുഷ്യൻ ഒരടിയും ഇനിയും കിട്ടാത്ത രണ്ടു പേരേക്കാൾ മെച്ചപ്പെട്ടവനാണ് എന്ന പഴഞ്ചൊല്ല് ഇവിടെ നാം ഓർക്കണം.

ഗ്രാമങ്ങളിലെ അധിക ഉത്പാദനത്തെ ഉപയോഗപ്പെടുത്തിയുള്ള നഗരവികസനത്തെ സംബന്ധിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് ഉല്പാദനശക്തികളുടെ വികാസത്തെ തടഞ്ഞു. 1921 വസന്തകാലത്ത് നാം നേരിട്ട സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ കാരണം അതാണ്.

പുത്തൻ സാമ്പത്തികനയം ഒരർത്ഥത്തിൽ മുതലാളിത്ത രീതികളിലേക്കുള്ള ഭാഗികമായ തിരിച്ചുപോക്കാണ്. ഇത് ഏത് പരിധിവരെ പോകുമെന്ന് നമുക്കറിയില്ല. വിദേശ മുതലാളിമാർക്ക് നാം നൽകുന്ന സൗജന്യങ്ങളും (അധികം പേർ അത് സ്വീകരിച്ചിട്ടില്ല), മുതലാളിമാർക്ക് സ്ഥാപനങ്ങൾ പാട്ടത്തിന് നൽകുന്നതും തീർച്ചയായും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനമാണ്. ഇത് പുത്തൻ സാമ്പത്തികനയത്തിന്റെ ഭാഗമാണ്. അധിക ഉത്പാദനം സർക്കാർ കൈവശപ്പെടുത്താതെ കർഷകർക്ക് തുറന്ന കമ്പോളത്തിൽ വിൽക്കാൻ അനുമതി നൽകുന്നത് ഈ നയത്തിന്റെ ഭാഗമാണ്.

ഇതിൽ അന്തിമമായി ആര് വിജയിക്കും എന്നത് പ്രവചനാതീതമാണ്: നാം വാതിലുകൾ തുറന്നുകൊടുത്തുകൊണ്ട് കടന്നുവരുന്ന മുതലാളിമാരാണോ? അതോ നമ്മുടെ സ്റ്റേറ്റിന്റെ അധികാരം കയ്യാളുന്ന തൊഴിലാളി വർഗമാണോ?

ആരാണ് നേതൃത്വം കയ്യാളുക എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. മുതലാളിമാർ ആദ്യം സംഘടിതരായി കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്തിയാൽ അത് എല്ലാത്തിന്റെയും അവസാനമാകും. തൊഴിലാളിവർഗ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന കർഷകരും കൂടി ഈ മുതലാളിമാരെ കടിഞ്ഞാണിട്ട് നിർത്തുന്നതിൽ വിജയിച്ചാൽ, സ്റ്റേറ്റ് ആവശ്യപ്പെടുന്ന രീതിയിൽ അവരെ നയിക്കുന്നതിൽ വിജയിച്ചാൽ കാര്യങ്ങൾ മറിച്ചാകും.

പോരാട്ടങ്ങൾ കൂടുതൽ രൂക്ഷമാകും
അരാജകമായ മുതലാളിത്തത്തിന്റെ അപകടങ്ങളെക്കുറിച്ചും നിയന്ത്രങ്ങളൊന്നുമില്ലാത്ത ചരക്കു കൈമാറ്റത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. മഹാഭൂരിപക്ഷം ജനങ്ങളെയും തൊഴിലാളികളെയും ഇത് ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ലെനിന്റെ പുത്തൻ സാമ്പത്തിക നയങ്ങൾക്കായി എന്ന കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 1920കളുടെ മധ്യത്തോടെ ഒന്നാംലോകയുദ്ധ പൂർവകാലത്തെ സ്ഥിതിയിലേക്ക് റഷ്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചെത്തി. 1913ൽ 80 ദശലക്ഷം ടൺ ധാന്യങ്ങളാണ് റഷ്യ ഉൽപാദിച്ചിരുന്നത് 1920ൽ ഇത് 50 ദശലക്ഷം ടണ്ണുമായി കുറഞ്ഞു. എന്നാൽ നാല് വർഷത്തെ പുത്തൻ സാമ്പത്തികനയങ്ങൾക്ക് ശേഷം ഇത് 73 ടണ്ണായി വർദ്ധിച്ചു. വ്യവസായികോല്പാദനവും തൊഴിലാളികളുടെ വേതനവും വൻതോതിൽ വർധിച്ചു. 1921നും 1924നുമിടയിൽ ഇത് ഇരട്ടിയായി. ഇതിന്റെ ആരോഗ്യകരമായ ചലനങ്ങൾ തുടർന്നുമുണ്ടായി. ഒരു പക്ഷെ 1930കളിലെ മഹാമാന്ദ്യത്തിന്റെ ചുഴലിയിൽ ലോക മുതലാളിത്തം തകർന്നടിഞ്ഞപ്പോഴും സോവിയറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായി മുന്നേറാനുള്ള കരുത്തു നൽകിയത് ലെനിന്റെ ഈ വിപ്ലവകരമായ സമീപനമായിരുന്നു. ബോൾഷെവിക്കുകളിൽ തന്നെ ഒരു വിഭാഗം ഈ നയങ്ങളെ സൈദ്ധാന്തികമായി എതിർത്തിരുന്നു.

സാമ്പത്തിക വികസനത്തിന്റെ പാതകളെക്കുറിച്ച് വരട്ടുവാദത്തിന്റെ ഒരുവിധ സമീപനവും ലെനിൻ എന്ന മഹാനായ വിപ്ലവകാരി പുലർത്തിയിരുന്നില്ല എന്ന് ബോധ്യമാകാൻ ഈ സാമ്പത്തിക നയരേഖ മാത്രം മതി. എല്ലാത്തിനും വടിപോലെ ഉത്തരം പോക്കറ്റിൽ നിന്നും എടുത്തുനൽകുന്നതല്ല ശരിയായ കമ്മ്യൂണിസ്റ്റ് സമീപനമെന്നും ലെനിൻ വരച്ചുകാട്ടുന്നു. ഈ പുതിയ സാമ്പത്തിക സമീപനങ്ങൾ സ്വീകരിച്ചാൽ സ്റ്റേറ്റിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ചു പോലും സുവ്യക്തമായ ഉത്തരമല്ല ലെനിൻ നൽകുന്നത്. കവിടി നിരത്തി ഭാവി പ്രവചിക്കുന്ന ജ്യോതിഷികളല്ല കമ്മ്യൂണിസ്റ്റുകാർ എന്നും അത് ഉരുത്തിരിഞ്ഞു വരുന്ന വൈരുധ്യങ്ങളാൽ തീരുമാനിക്കപ്പെടുമെന്നും പുത്തൻ സാമ്പത്തിക സമീപനം വിശദീകരിച്ചുകൊണ്ട് ലെനിൻ വ്യക്തമാക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിന് എളുപ്പവഴികളില്ല എന്നും ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കുക എന്നതാണെന്നും ഈ രേഖയിലൂടെ ലെനിൻ അടിവരയിട്ടു പറയുന്നു.

സ്റ്റേറ്റിന്റെ നിയന്ത്രണത്തിലേക്ക് കമ്പോളശക്തികളെ കൊണ്ടുവരിക എന്ന ഈ ലെനിനിസ്റ്റ് കാഴ്ചപ്പാട് സമകാലിക ലോകത്തും അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കമ്മ്യൂണിസത്തിലേക്ക് ചുവടു വെയ്ക്കാൻ ശ്രമിക്കുന്ന സോഷ്യലിസ്റ്റ് സമൂഹങ്ങൾക്ക് വഴികാട്ടിയാണ്. ചൈനയിൽ ഇന്ന് കമ്പോള ശക്തികളെ ഉപയോഗപ്പെടുത്തി മുന്നേറുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രവൃത്തികൾക്ക് ഇത് സൈദ്ധാന്തിക സാധൂകരണം നൽകുന്നു. അതോടൊപ്പം ഇത്തരം പരീക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അപായ സാധ്യതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്താലും കൂടിയാണിത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular